എങ്ങോട്ടാണെന്ന അയാളുടെ ചോദ്യത്തിന് ദൂരെ കാണുന്ന പഴനിമലയിലേക്ക് വിരൽ ചൂണ്ടി…

സ്നേഹത്തെ കണ്ടിട്ടുണ്ടോ…?

Written by Ajeesh Kavungal

============

I think you are a writer…

ശബ്ദം കേട്ടപ്പോ ഞാനൊന്നു തല ചരിച്ചു നോക്കി. ശബ്ദത്തോടൊപ്പം വന്നത് വില കൂടിയ ഏതോ സി ഗരിറ്റിന്റെ മണം. ഞാൻ പുറത്തേക്ക് നോക്കി. ദൂരെയായി കാണാം പഴനിമല.

ഞാനൊന്നു ചിരിച്ചു കൊണ്ട് പറഞ്ഞു നോ സർ ഞാനൊരു ഇലക്ടീഷ്യനാണ്.

അയാളും ചെറുതായൊന്നു ചിരിച്ചു. എനിക്ക് സംഭവം മനസ്സിലായി. അല്ലെങ്കിലും മൊബൈൽ എടുത്തു നോക്കുമ്പോ എനിക്ക് പരിസരം മറക്കും. എന്റെ എഫ് ബി പേജ് ആള് കണ്ടെന്നു സാരം. ഇടക്ക് വെള്ള കലർന്ന കട്ടത്താടി. സി ഗരറ്റ് വലിച്ച് കറുത്ത ചുണ്ടുകൾ. അയാളുടെ മുഖത്തെ പ്രൗഡി കണ്ടാലറിയാം ഏതോ വലിയ മനുഷ്യനാണെന്ന്.

എങ്ങോട്ടാണെന്ന അയാളുടെ ചോദ്യത്തിന് ദൂരെ കാണുന്ന പഴനിമലയിലേക്ക് വിരൽ ചൂണ്ടി. സാർ എങ്ങോട്ടാണെന്ന എന്റെ ചോദ്യത്തിന് മധുരൈ എന്നയാൾ മറുപടി പറഞ്ഞു.

“നിങ്ങൾ ഈ എഴുത്തുകാർ എഴുതുന്നത് സ്വന്തം അനുഭവങ്ങളാണോ?”

“എല്ലാവരുടെയും എനിക്കറിയില്ല സർ. പിന്നെ എന്റെ ചില ആഗ്രഹങ്ങൾ ഞാൻ എഴുതാറുണ്ട് പിന്നെ ഇത്തിരി അനുഭവങ്ങളും..”

“അനുഭവം എന്നു പറഞ്ഞാൽ പ്രണയം, നിരാശ അങ്ങനെ ആണോ?”

“അങ്ങനെ അല്ല സാർ എനിക്ക് മനുഷ്യർക്കിടയിലെ ബന്ധങ്ങളെ പറ്റി എഴുതാൻ ഇഷ്ടമാണ്. അതു കൊണ്ട് തന്നെ പ്രണയം സ്നേഹം ഇതായിരിക്കും കുടുതൽ.”

അയാളൊന്നു ഉച്ചത്തിൽ ചിരിച്ചു.

“പ്രായം വെച്ച് പ്രണയം ഓക്കെ…പക്ഷേ സ്നേഹം അത് താൻ കണ്ടിട്ടുണ്ടോ?”

പെട്ടെന്ന് ഒരുത്തരം എനിക്ക് കിട്ടിയില്ല. എങ്കിലും ഞാൻ ചോദിച്ചു, സാർ കണ്ടിട്ടുണ്ടോ?

“സത്യം പറഞ്ഞാ ഇല്ലെടോ..ഭാര്യയും മക്കളുമുണ്ടെനിക്ക്..അവര് തരുന്നത് സ്നേഹമായെ നിക്ക് തോന്നിയിട്ടില്ല. പിന്നെ എന്തൊക്കെയോ ഒരു അഡ്ജസ്റ്റ്മെൻറ്. പത്തിൽ പഠിക്കുമ്പോ നാടുവിട്ടവനാ ഞാൻ. കുറച്ച് പൈസ ഉണ്ടാക്കി. വലിയ കഷ്ടപാടൊന്നും ഇല്ല എങ്കിലും എന്തൊക്കെയോ ഒരു പോരായ്മ. ചിലപ്പോൾ അതാവും സ്നേഹം. താൻ ഏറ്റവും കൂടുതൽ സ്നേഹം കണ്ടിട്ടുള്ളത് എവിടെയാണ്….തന്റെ എഫ് ബി പേജിൽ എഴുത്തുകൾ കണ്ടതുകൊണ്ട് മാത്രം ചോദിച്ചതാണ്.”

“സാർ എന്റെ ചെറുപ്പത്തിൽ അമ്മ പണിക്കു പോവുമായിരുന്നു. പാടത്തും ഇഷ്ടികകളത്തിലും ഒക്കെ..രാവിലെ മുതൽ വൈകുന്നേരം വരെ പണിയെടുത്ത് ഓടിപ്പാഞ്ഞുവരും. എന്റെ കുട്ടികൾ വിശന്നിരിക്കാണ്. ഞാൻ ചെന്നിട്ട് വേണം ചോറ് വെക്കാൻ എന്നു കരുതി. അന്ന് എന്റെ അമ്മ വിളമ്പി തന്ന ചോറിൽ ഞാൻ സ്നേഹത്തെ കണ്ടിട്ടുണ്ട്.

ജോലി കഴിഞ്ഞ് ആഴ്ചയിലൊരിക്കൽ വരുന്ന അച്ഛനെ കാത്തിരിക്കുന്ന ഞങ്ങളുടെ മുന്നിലേക്ക് അച്ഛൻ കുറച്ച് ബാക്കറി പലഹാരം നീട്ടും. ആഴ്ചയിലൊരിക്കൽ കിട്ടുന്ന ആ പലഹാരത്തോടൊപ്പം അച്ഛന്റെ കൈയിൽ ഞാൻ സ്നേഹത്തെ കണ്ടിട്ടുണ്ട്.

ഒരിക്കൽ ജീവിതയാത്ര ഒന്നു വഴിതെറ്റി പോയപ്പോ നിസ്സഹായതയോടെ എന്നെ ഓർത്തു പൊട്ടിക്കരഞ്ഞ എന്റെ പെങ്ങൻമാരുടെ കണ്ണിൽ ഞാൻ സ്നേഹത്തെ കണ്ടിട്ടുണ്ട്.

ന്റെ കുട്ടിന്റെ തുണിയൊക്കെ പഴയതായി പുതിയ തൊരെണ്ണം വാങ്ങിച്ചോ എന്നു പറഞ്ഞു ഒരു പാട് കാലം വെറ്റില സഞ്ചിയിൽ ചേർത്തുവെച്ച് ചുരുട്ടിക്കൂട്ടിയ നോട്ടുകൾ എനിക്കു നേരെ നീട്ടുമ്പോ എന്റെ അമ്മൂമ്മടെ മുഖത്തെ പുഞ്ചിരിയിൽ ഞാൻ സ്നേഹത്തെ കണ്ടിട്ടുണ്ട്.

ഒരു പരീക്ഷയിൽ ഫുൾ മാർക്ക് മേടിച്ചപ്പോ വലിയ സന്തോഷത്തോടെ എന്നെ ചേർത്ത് നിർത്തി എന്റെ ടീച്ചർ നെറ്റിയിൽ തന്ന ഉമ്മയിൽ ഞാൻ സ്നേഹത്തെ കണ്ടിട്ടുണ്ട്.

എന്തെങ്കിലും അത്യാവശ്യത്തിന് നൂറു രൂപ കടം ചോദിച്ചാ ഉള്ള പോക്കറ്റ് മുഴുവൻ തപ്പി അമ്പത് രൂപാ തന്ന് ബാക്കി ഞാൻ നോക്കെട്ടെടാ എന്നു പറയുന്ന കൂട്ടുകാരന്റെ വാക്കിൽ ഞാൻ കണ്ടതും സ്നേഹമായിരുന്നു.

ഒരു അപകടം പറ്റി ഹോസ്പിറ്റലിൽ കിടന്നപ്പോ പുറത്തു കാത്തു നിന്ന ബന്ധുക്കളുണ്ടെനിക്ക്. അന്ന് അവരുടെ പ്രാർത്ഥനയിലും ഞാൻ കണ്ടത് സ്നേഹത്തെ ആയിരുന്നു.

ഈ ഫേസ്ബുക്കിൽ തന്നെ വിഷമത്തിൽ ഒരു പോസ്റ്റ് ഇട്ടാൽ ഇതുവരെ നേരിൽ കണ്ടിട്ടില്ലെങ്കിലും ലൈക്കും കമൻറും മെസേജ് ഒക്കെ ആയി വരുന്ന കുറെ ചങ്കുകളുടെ രൂപത്തിലും സ്നേഹത്തെ കണ്ടിട്ടുണ്ട്.

പിന്നെ എനിക്കൊരു കാമുകി ഉണ്ട് സർ. വല്ലപ്പോഴും മാത്രമേ കാണു. കുറച്ച് നേരം കൂടെ ഇരുന്ന് യാത്ര പറയാൻ നേരം അവളുടെ മുഖമൊന്നു കാണണം. പറയാനുള്ള തൊക്കെയും ഒരു വിതുമ്പലിൽ കടിച്ചമർത്തുമ്പോ അവളുടെ മനസ്സ് ഞാനറിയും. അതിൽ മുഴുവൻ എന്നോടുള്ള സ്നേഹം ഞാൻ കണ്ടിട്ടുണ്ട് സാർ.

ഇതൊക്കെ ഇവർ എനിക്ക് വേണ്ടി ചെയ്ത വളരെ ചെറിയ കാര്യങ്ങളാണ്. പക്ഷേ ഇതിൻ ഞാൻ കണ്ടത് വളരെ വലിയ സ്നേഹമാണ്. ഇതിൽ എത്രയോ വലിയ കാര്യങ്ങൾ ഇവർ എനിക്കു വേണ്ടി ചെയ്തിട്ടുണ്ട്. അപ്പോൾ എത്രത്തോളം ഞാൻ സ്നേഹം കണ്ടിട്ടുണ്ടാവും എന്നോർത്തു നോക്ക് സാർ..

കണ്ണടച്ച് അലോചിച്ചിരിക്കുന്ന അയാളെ നോക്കി ഞാൻ തുടർന്നു.

“സാറും തീർച്ചയായും ഇതൊക്കെ അറിഞ്ഞിട്ടുണ്ടാവും. പക്ഷേ അതിലുള്ള സ്നേഹം സാർ കണ്ടില്ല. കാണാൻ ശ്രമിച്ചില്ല അതാണ് സത്യം.. “

മറുപടി പ്രതീക്ഷിച്ച എന്നെ നിരാശനാക്കി അയാൾ കുറച്ചു നേരം കണ്ണടച്ചിരുന്നു. പഴനി പഴനി എന്ന കണ്ടക്ടറുടെ ശബ്ദം കേട്ടപ്പോൾ  ഞാൻ ബാഗുമായ് എഴുന്നേറ്റു. സീറ്റിൽ നിന്നെഴുനേറ്റതും അയാളുടെ ശബ്ദം കാതിൽ വീണു.

Hey man what’s your name?

ഒരു പുഞ്ചിരിയോടെ ഞാനും തിരിച്ചു പറഞ്ഞു. Ajeeshന്ന് ആണ് സർ..Ajeesh Kavungal