Story written by Bindu Anil
================
കുളികഴിഞ്ഞ് ആറ്റീന്ന് കേറാൻ തുടങ്ങിയപ്പോഴാണ് അപ്രത്തെ കൊച്ചെറുക്കൻ ഓടിപ്പാഞ്ഞു വന്നത്…
എന്താടാ എന്ന് ചോദിച്ചപ്പൊ ചെക്കൻ വിക്കി വിക്കി കാര്യം പറഞ്ഞു….
വടക്കേ വീട്ടിലെ ചേടത്തി അന്ത്യശ്വാസം വലിക്കുന്നത്രെ….ആൾക്കാരൊക്കെ അവരടെ വീടിന്റവിടെ കൂടിനിൽക്കുന്നൂന്ന്…
ഓ, ഇതിപ്പോ ഇടയ്ക്കിടെ ചേടത്തി ഇങ്ങനാ..ഒരുമാസം മുമ്പും ഇതുപോലെ അന്ത്യശ്വാസം വലിക്കുന്നു എന്ന് ആരോ ചെന്ന് പറഞ്ഞപ്പോ പള്ളീന്ന് അച്ചൻ വന്ന് അന്ത്യകൂദാശ കൊടുത്തിട്ട് പോയതാ…രണ്ടു ദിവസം കിടന്നു…മൂന്നിന്റന്ന് ചേടത്തി ചക്ക പറിക്കാൻ തോട്ടിയും കൊണ്ട് പറമ്പിൽകൂടി നടക്കുന്നതാണ് നാട്ടുകാർ കാണുന്നത്…
അതുകൊണ്ട് ഇത്തവണേം അങ്ങനെയാരിക്കും എന്നോർത്ത് പതുക്കെയാണ് കേറിവന്നത്…അവിടവിടെ ഓരോരുത്തരായി ഒറ്റയ്ക്കും പെട്ടയ്ക്കും നില്പുണ്ട്. മരുമോളു പെണ്ണിന്റെ ഉറക്കെയുള്ള കരച്ചിൽ കേൾക്കാം..വീട്ടിൽ പോയിട്ട് വരാൻ നിന്നാൽ താമസിക്കും, എന്താണെന്ന് നോക്കീട്ട് കേറിപ്പോകാം…കൈയിലിരുന്ന അലക്കി മടക്കിയ, തുണിക്കെട്ട് കയ്യാലപ്പുറത്തോട്ട് ഒതുക്കി വെച്ചിട്ട് കുത്തുകല്ലിറങ്ങി വീട്ടിലേക്കോചെന്നു…
ചേടത്തി കട്ടിലിൽ ചുരുണ്ടുകൂടി കിടപ്പുണ്ട്, തൊട്ടരികിലിരുന്ന് മരുമോൾ എന്റമ്മച്ചിയെ ഞങ്ങളെയിട്ടേച്ച് പോയല്ലോ, ഞങ്ങൾക്കിനി ആരുണ്ടോ എന്നുചോദിച്ച് വലിയവായിൽ ഉറക്കെ പതംപറഞ്ഞു കരയുന്നുണ്ട്…മകൻ സണ്ണിക്കുട്ടി ഞെട്ടിത്തരിച്ചു നിൽക്കുന്നു…
അമ്മ മരിച്ചതിനെക്കാളേറെ സണ്ണിക്കുട്ടിയെ ഞെട്ടിച്ചത് ഭാര്യയുടെ പെട്ടെന്നുള്ള മനം മാറ്റം ആണ്..ഇന്നലെ വരെ ഈ മുതുത ള്ളേ ടെ തല പോകാതെ ഈ കുടുംബത്ത് സമാധാനം ഉണ്ടാകുവെലാ, ഇതിനെയൊന്നും കാലനും വേണ്ടല്ലോ കർത്താവെ എന്ന് പറഞ്ഞ്, തനിക്ക് സ്വൈര്യം തരാതെ നടന്നവളാണ് ഇപ്പൊ നെഞ്ചത്തടിച്ചു കരയുന്നത്..എങ്ങനെ ഞെട്ടാതിരിക്കും…
രാത്രിയിൽ തന്നെ എല്ലാരും വന്നു, തങ്കമണിയിൽ നിന്നും മോളും സീതത്തോട്ടിൽ നിന്ന് മൂത്തമോനും അവരുടെ ബന്ധുക്കളും എല്ലാരും എത്തിച്ചേർന്നു…
കഴിഞ്ഞ തവണേം മോളോട് കുറച്ച് ദിവസം എന്റടുത്ത് നീക്കെടീ എന്ന് ആവുന്നത്ര പറഞ്ഞതാ…അന്നേരം അവള് കേട്ടില്ല, എന്റെ കൊച്ചിന് ആകപ്പാടെ പ്രാരാബ്ദം ആണെന്ന് പറഞ്ഞ് ചേടത്തി സമാധാനിക്കും…
ആകുന്ന കാലത്ത് മരുമക്കടെ കണ്ണുവെട്ടിച്ച് ഷീറ്റും ഒട്ടുപാലും വിൽക്കുന്ന കാശും, കൈയിൽ കിട്ടുന്ന തേങ്ങായും, മാങ്ങായും ഒക്കെയായി ഇടയ്ക്കിടെ മോടെ വീട്ടിലൊട്ടൊരു പോക്കുണ്ടായിരുന്നു. വയ്യാണ്ടായപ്പോ അടിച്ചു മാറ്റി വെക്കുന്ന കാശൊക്കെ പാത്ത് വെച്ച് മോള് വല്ലപ്പോഴും വരുമ്പോ കൊടുത്തു വിടും..മരുമോള് എന്തേലും കുത്ത് വാക്ക് പറഞ്ഞാൽ നിന്റെ ത ന്ത കണ്ട വകയല്ല, എന്റെ കെട്ടിയോൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയിട്ടതാ എന്നാണ് മറുപടി…എന്നാലും കണ്ണ് നിറച്ച് ഒന്ന് കാണാൻ മാത്രം ആ പെണ്ണ് വന്നാൽ നിൽക്കൂല…അവൾക്ക് നേരമില്ല.
മൂത്തമോൻ ജോണി കുട്ടി പാവമാ, പക്ഷേ, അവന്റെ പെണ്ണുമ്പിള്ളയ്ക്ക് ചേടത്തിയെ കണ്ണെടുത്താൽ കണ്ടൂടാ..കെട്ടിവന്ന അന്നുമുതൽ രണ്ടും കൂടി ലോകമഹായുദ്ധം തുടങ്ങീതാ, കൈയാങ്കളി തുടങ്ങിയപ്പോ ജോണിക്കുട്ടിയെ അമ്മായിയപ്പൻ സീതത്തോട്ടിലോട്ട് ബുദ്ധിപൂർവം വലിച്ചു..അവളെന്റെ ചെക്കനെ കൂടോത്രം ചെയ്തു എന്റടുത്തൂന്ന് മാറ്റീതാ എന്ന് ചേടത്തി കാണുന്നോരോടെല്ലാം എപ്പോഴും പറയും…
ജോണിക്കുട്ടി മുടങ്ങാതെ വന്ന് തേങ്ങയും ഷീറ്റിന്റെ വീതോം എടുത്തോണ്ട് പോകും..അതിൽ പെൺപിറന്നോത്തിക്ക് മുറുമുറുപ്പ് ഉണ്ടെങ്കിലും സണ്ണിക്കുട്ടി ഒന്നും പറയാറില്ല. ചേട്ടനോട് അയാൾക്ക് വലിയ ഇഷ്ടമായിരുന്നു…അതുകൊണ്ട് തന്നെ ഭാര്യാമണി പറ്റുന്നത്ര തലയണ മന്ത്രം ഓതിയിട്ടും ഒന്നും ഏറ്റില്ല…
രാത്രി മുഴുവൻ വീടുനിറയെ അയൽക്കാരും ബന്ധുക്കളും ഉണ്ടായിരുന്നു…കുറെ പേർ ചേർന്ന് പല ഗ്രൂപ്പായി തിരിഞ്ഞ് വലിയ ഒപ്പീസും, ചെറിയ ഒപ്പീസും മാറിമാറി പാടിക്കൊണ്ടിരിപ്പുണ്ട്…
വരുന്നോർക്കും പോകുന്നോർക്കും കാപ്പീം കഞ്ഞീം കൊടുക്കാനുള്ള വക മുകളിലത്തെ നാരായണീടെ വീട്ടിൽ ആരൊക്കെയോ ചേർന്ന് ഏർപ്പാടാക്കിയിരുന്നു…
നേരം വെളുത്തപ്പോഴേക്കും ഒരുവിധം ആൾക്കാരെല്ലാം എത്തി. ഇനിയിപ്പോ മലബാറീന്ന് അന്തോണി കൊച്ചായനും കുടുംബോം വരാനുണ്ട്, പള്ളീലോട്ട് എടുക്കുന്നെന് മുമ്പ് അവരും വരുവാരിക്കും. വരുന്നൊരെല്ലാം ആദ്യത്തെ കരച്ചിലും ബഹളോം കഴിയുമ്പോ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞോണ്ട് മാറിനിൽക്കുന്നു..അവരേം കുറ്റം പറയാൻ പറ്റുവേല, ഇങ്ങനെ ഏതേലും മരണത്തിനോ കല്യാണത്തിനോ മാത്രമാണ് എല്ലാരേം ഒന്നിച്ചൊന്ന് കാണാൻ പറ്റുന്നത്…എല്ലാ വിശേഷങ്ങളും പറഞ്ഞു തീർക്കണ്ടേ…
ചേടത്തീടെ വാലായി നടന്ന പട്ടി മാത്രം ഇന്നലെ മുതൽ മുറ്റത്തിന്റെ മൂലയ്ക്ക് നിൽക്കുന്ന ചെമ്പരത്തി ചോട്ടിൽ കിടപ്പുണ്ട്. ചേടത്തി മരിച്ചപ്പോ തുടങ്ങിയ കിടപ്പാണ്..അവനിതു വരെ പച്ചവെള്ളം പോലും കുടിച്ചിട്ടില്ല…അവനെ ഒന്നാശ്വസിപ്പിക്കാൻ ആരുമില്ലല്ലോ…
കഴിഞ്ഞ ചിങ്ങത്തിൽ കല്യാണം ഉറപ്പിച്ച സിബിച്ചനും കൊച്ചുറാണിയും കണ്ണുകൾ കൊണ്ട് കഥ പറയുന്നുണ്ട്. ഇതിന്നലെ രാത്രീൽ മുതൽ കാണുന്നതാ, അപ്പനും അമ്മേം കൂടെയുള്ളത്കൊണ്ട് മനസ്സ് തുറന്നൊന്ന് മിണ്ടാനും പറ്റുവേല..ചേടത്തീടെ വകേലുള്ള ഒരു ചെക്കനാ സിബി..കൊച്ചുറാണി ഇവിടെ അടുത്ത് തന്നെയുള്ള ഒരു വീട്ടിലെയാ, ചേടത്തി മുൻകൈയെടുത്ത് നടത്തിയ ആലോചനയാ..പക്ഷേ അതിനു മുമ്പേ കൊച്ചുറാണിയും സിബിയും ഇഷ്ടത്തിലായിരുന്നു എന്നത് അവർക്ക് രണ്ടിനും മാത്രം അറിയാവുന്ന രഹസ്യം…
ഫോട്ടോ എടുക്കാറായപ്പോഴേക്കും അവിടേം ഇവിടേം ചിരിച്ച് വർത്താനം പറഞ്ഞോണ്ടിരുന്നവരെല്ലാം അതീവ ദുഖിതരായി ഫോട്ടോയ്ക്ക് പോസ് ചെയ്തു. തിരക്കിനിടയിൽ മുഖത്തിട്ട പൗഡർ ഒരല്പം കൂടിപ്പോയില്ലേ എന്ന ശങ്കയാലാവാം മൂത്ത മരുമോൾ സാരിത്തുമ്പ് കൊണ്ട് ഇടയ്ക്കിടയ്ക്ക് മുഖം തുടയ്ക്കുന്നുണ്ട്….
രണ്ടുമണിക്ക് അച്ചൻ വന്നു, പ്രാർഥന കഴിഞ്ഞ് പള്ളീലേക്കെടുത്തു…ഒരുപാടാളു കൂടിയ ശവമടക്ക് ആയിരുന്നു. ചേട്ടനെ അടക്കിയതിന്റെ അടുത്ത് തന്നെ ചേടത്തിയ്ക്കും അന്ത്യവിശ്രമം ഒരുക്കി..
അടക്കും കഴിഞ്ഞ് എല്ലാരും പിരിഞ്ഞു..പട്ടി മാത്രം അവിടെ തന്നെ കിടന്നു. അവനോട് വാടാ വീട്ടിൽ പോകാം എന്ന് ആരും പറഞ്ഞുമില്ല..പറഞ്ഞാലും അവൻ പോകു വേലാരുന്നു…
സന്ധ്യയായപ്പോ ചേടത്തീടെ ആത്മാവ് അവനോട് വീട്ടിൽ പൊക്കോടാ, പോയി ഇച്ചിരി വെള്ളം വല്ലോം കുടിച്ചോ എന്ന് പറഞ്ഞിട്ടായിരിക്കണം എണീറ്റു വീട്ടിലോട്ട് പോന്നു..പണ്ട് മുതലേ, ചേടത്തി പറഞ്ഞാലേ അവൻ അനുസരിക്കൂ….