സിന്ധു വല്ലാത്ത ഒരവസ്ഥയിലായിരുന്നു. കേട്ടത്‌ വിശ്വസിക്കാൻ അപ്പോഴും അവളുടെ മനസ്സ് തയ്യാറായിരുന്നില്ല….

സ്ത്രീ തന്നെ ആണു ധനം

Story written by Ajeesh Kavungal

==============

“ഉറക്കം വന്നില്ല അല്ലേ ” സരസുവിന്റെ ചോദ്യമാണ് ശങ്കരേട്ടനെ ചിന്തയിൽ  നിന്നുണർത്തിയത്

“ഇല്ല ഉറക്കം വരുന്നില്ല. നാളെയല്ലേ അവർ വരാം എന്നു പറഞ്ഞത്. ഇതിപ്പോ പതിനൊന്നാമത്തെ പ്രാവശ്യമാണ് സിന്ധുവിനെ പെണ്ണ് കാണാൻ വരുന്നത്. ആലോചിച്ചിട്ട് ഉറക്കം വരുന്നില്ലെടീ. ബ്രോക്കർ കൃഷ്ണൻകുട്ടി പറഞ്ഞത് ഇത് നടക്കും എന്നാണ് അങ്ങനെ ആയാൽ അതിനുള്ള പൈസ ഉണ്ടാക്കണ്ടി വരും ഇതിനുമുമ്പു വന്ന ആലോചനകളെല്ലാം പകുതി മുടങ്ങിയതിനു കാരണം സ്ത്രീധനം തന്നെയായിരുന്നു. സ്ത്രീധനം ഇല്ലാതെ കെട്ടി കൊണ്ടുപോകാൻ എന്ത് യോഗ്യതയാടി നമ്മുടെ മോൾക്കുള്ളത്. അധികം വിദ്യാഭ്യാസമില്ല. അധികം സൗന്ദര്യവുമില്ല. ഇതിനു മുമ്പു വന്ന പയ്യൻ അനിയത്തിയെ ആണെങ്കിൽ നോക്കാം എന്നു പറഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ചിരിവന്നെങ്കിലും ഉള്ളിൽ നീറിയ സങ്കടത്തിന്റെ കനൽ അവളുടെ കണ്ണിൽ കാണായിരുന്നു.

ഇത്രയും കേട്ടതും സരസു അറിയാതെ ഒന്നു ഏങ്ങലടിച്ചു. ശങ്കരേട്ടൻ മെല്ലെ തിരിഞ്ഞു കിടന്നു സരസുവിനെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു…

“നീ വിഷമിക്കണ്ടടീ എന്റെ തല കൊണ്ടു വെച്ചിട്ടാണെങ്കിലും ഇതിനുള്ള പൈസ ഞാൻ ഉണ്ടാക്കും ഈ കല്യാണം നടത്തുക്കയും ചെയ്യും”

സരസും ശങ്കരേട്ടന്റെ കൈ എടുത്തു നെഞ്ചിൽ ചേർത്ത് വിതുമ്പിക്കരഞ്ഞു.

രാവിലെ ചായ കുടിച്ചോണ്ടിരിക്കുമ്പോൾ ശങ്കരേട്ടൻ സിന്ധുവിനെ ഒന്നു നോക്കി. കണ്ണാടി നോക്കി എണ്ണ തേക്കുകയായിരുന്നു സിന്ധു.

“മോള് കുളിച്ചു റെഡിയായിക്കോ..അവരു പത്തുമണിക്ക് എത്തും ന്നാ പറഞ്ഞേ. സമയം കളയണ്ട ”

തലയിൽ തേച്ചതിന്റെ ബാക്കി എണ്ണ മുഖത്തും കൈയ്യിലും തേച്ചു കൊണ്ടു സിന്ധു അച്ഛനെ നോക്കിപ്പറഞ്ഞു.

“ഇപ്പോ സമയം 8 ആയതുള്ളൂ അച്ഛാ. ഞാൻ ആ പാത്രങ്ങൾ കൂടി കഴുകി വെച്ചിട്ട് കുളിച്ചോളാം.”

ശങ്കരേട്ടൻ സിന്ധുവിനെ ഒന്നു സൂക്ഷിച്ച് നോക്കി. അവളുടെ മുഖം കണ്ടാലറിയാം അവൾക്കു യാതൊരു പ്രതീക്ഷയുമില്യാന്ന്. തന്നെ വിഷമിപ്പിക്കണ്ടാ എന്നു കരുതിയാണ് അവൾ മുഖത്ത് സന്തോഷം ഭാവിക്കുന്നത്. എന്റെ കുട്ടിയെ എനിക്കറിയാം. തങ്കമാണവളുടെ മനസ്സ്. തനി തങ്കം. പക്ഷേ കണ്ണുകൾ  കൊണ്ട് ഒരിക്കലും ഒരാളുടെ മനസ്സ് കാണാനാവില്ലല്ലോ….

എന്തു സഹിച്ചിട്ടാണെങ്കിലും ചെറുക്കന്റെ വീട്ടുക്കാർ ചോദിച്ച സ്ത്രീധനം കൊടുത്ത് ഇത് നടത്തും എന്നു മനസ്സിലുറപ്പിച്ചു ശങ്കരേട്ടൻ തന്റെ കട്ടിലിനു താഴെ ഉള്ള ഇരുമ്പു പെട്ടി പുറത്തേക്കു വലിച്ചു തുറന്നു.

മുറ്റത്തെ തെങ്ങിൻ ചോട്ടിലിരുന്നു പാത്രം കഴുകിക്കൊണ്ടിരിക്കുന്നതിനിടയിൽ സിന്ധുവും മനസ്സിൽ കുറച്ച് തീരുമാനങ്ങൾ എടുക്കുകയായിരുന്നു. ഇന്നത്തെ പെണ്ണുകാണലോടു കൂടി ഈ പരിപാടി അവസാനിപ്പിക്കണം. ഇനിയും വയ്യ അച്ഛന്റെയും അമ്മയുടെയും അനിയത്തിടെയും കണ്ണു നിറയുന്നത് കാണാൻ. തയ്യൽ ക്ലാസ്സിൽ വരുന്ന ലക്ഷ്മിയാണ് പറഞ്ഞത് ടൗണിലുള്ള മാതാ അമൃതാനന്ദയിടെ ആശ്രമത്തെപ്പറ്റി. തന്നെ പോലുള്ള ഒരുപാട് പെൺക്കുട്ടികൾ അവിടെ ഉണ്ടത്രെ..സ്വന്തമായി സ്വപ്നം പോലും കാണാൻ അർഹതയില്ലാത്ത പെൺകുട്ടികൾ. സ്വന്തം ജീവിതം അനാഥർക്കും രോഗിക്കൾക്കും വേണ്ടി മാറ്റി വെച്ചവർ. അവർ അതിൽ ആനന്ദം കണ്ടെത്തുന്നു. ശരിക്കും പറഞ്ഞാൽ കല്യാണത്തേക്കാൾ മഹത്തരമാണാ കാര്യം എന്നു സിന്ധുവിന് തോന്നി.

പാത്രം കഴുകി പകുതി ആയപ്പോഴാണ് ഗേറ്റ് കടന്ന്  രണ്ടാൾക്കാർ അകത്തേക്ക് വന്നത്. ബ്രോക്കർ കൃഷ്ണൻകുട്ടിയും കൂടെ ഒരാളും. പെട്ടെന്ന് സിന്ധുവിന് അവിടുന്ന് മാറാൻ കഴിഞ്ഞില്ല. അവൾ മെല്ലെ എഴുന്നേറ്റു. അവർ രണ്ടാളും തന്നെ വ്യക്തമായി കണ്ടു എന്നവൾക്കു മനസ്സിലായി. അവൾ തന്നെ തന്നെ ഒന്ന് നോക്കി. എണ്ണയിൽ കുതിർന്നു നിക്കുന്നു. ഇടുപ്പിൽ കുത്തിയിരിക്കുന്ന നൈറ്റി, ഒരു കയ്യിൽ പാത്രം കഴുകുന്ന ചകിരി മറ്റേ കയ്യിൽ ചോറ് വയ്ക്കുന്ന അലുമിനിയം ചട്ടി. അതിലെ കരി മുഴുവൻ തന്റെ ഡ്രെസ്സിലും കൈയ്യിലും പരന്നിട്ടുണ്ട്. അവൾ അറിയാതെ തന്നെ ഒന്ന് നെറ്റിയിലെ വിയർപ്പ് തുടച്ചു.

കൃഷ്ണൻകുട്ടിയുടെ കൂടെ ഉള്ള താടി വച്ച ആളിന്റെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി ഉണ്ടായപ്പോൾ തന്നെ സിന്ധുവിന് മനസ്സിലായി തന്റെ മുഖത്തും കരി ആയിട്ടുണ്ടെന്ന്. ചട്ടി പതുക്കെ താഴെ വച്ച് പത്തുമ ണിക്കേ ഇവനൊക്കെ വരൂ എന്ന് പറഞ്ഞിട്ട് ഇത്ര നേരത്തെ കെട്ടിയെടുക്കേണ്ട വല്ല കാര്യവുമുണ്ടോ എന്ന് മനസ്സിൽ പ്രാകിക്കൊണ്ട് അവൾ കുളിമുറിയിലേക്ക് നടന്നു.

അവൾ കുളിച്ചു റെഡി ആയിവന്നപ്പോഴേക്കും അമ്മ അടുക്കളയിൽ ചായയും ബേക്കറി സാധനങ്ങളും തയാറാക്കി വച്ചിരുന്നു. അനിയത്തി ചായയുടെ ട്രേ എടുത്തു അവളുടെ കയ്യിൽ കൊടുത്തു.

ഹാളിൽ ഇരിക്കുന്ന ചെറുക്കന്റെ മുന്നിൽ ചെന്ന് ചായ നീട്ടിക്കൊണ്ട് ആ മുഖത്തേക്ക് ഒന്ന്…പറയത്തക്ക ഒരു പ്രത്യേകതയും ഇല്ലാത്ത മുഖം പക്ഷേ ആ താടി അയാളുടെ മുഖത്തിന് നന്നായി ചേരുന്നുണ്ടായിരുന്നു. ചായകൊടുത്തു അയാളെ നോക്കി ചിരിച്ച് അവൾ മെല്ലേ തിരിഞ്ഞു നടന്നു. അടുക്കളയിൽ നിന്നു അവിടേക്ക് നോക്കുന്ന അമ്മയുടെ പുറകിൽ സ്ഥാനം പിടിച്ചു. എത്ര അണിഞ്ഞൊരുങ്ങി നിന്നിട്ടും ഇതിനു മുമ്പ് വന്ന ആർക്കും എന്നെ പിടിച്ചില്ല. ഇതിപ്പോ ശരിക്കുള്ള രൂപം നേരിൽകണ്ട സ്ഥിതിക്ക് ബാക്കി എന്താവുംന്ന് ഊഹിക്കാനേ ഉള്ളൂ എന്ന് മനസ്സിൽ വിചാരിച്ചെങ്കിലും അറിയാതെ അവൾ അവിടെ നടക്കുന്ന സംഭാഷണത്തിലേക്ക് കാതുകൂർപ്പിച്ചു.

മോന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് എന്ന് അച്ഛൻ ചോദിക്കുന്നത് അവൾ കേട്ടു.

ചായ ഒരു കവിൾ കുടിച്ചിറക്കിയ ശേഷം അയാൾ പറഞ്ഞു തുടങ്ങി. “എന്റെ പേര് ഹരി വീട്ടിൽ ഇപ്പോൾ അമ്മ മാത്രമേയുള്ളൂ. അച്ഛൻ മരിച്ചിട്ട് കുറച്ചായി. രണ്ടു പെങ്ങൻമാരുണ്ട് അവരുടെ കല്യാണം കഴിഞ്ഞു.

“മോന്റെ ജോലി എന്താണ്…” അടുക്കളയിൽ നിന്ന് അമ്മ മെല്ലെ ചോദിച്ചു.

ഹരിയും അമ്മയെ നോക്കി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു “രാവിലെ വീട്ടുകളിൽ പത്രം ഇടുന്നത് തൊട്ട് എന്റെ ജോലി തുടങ്ങും അതുകഴിഞ്ഞ് ടാ പിംഗ് ഉണ്ട് പിന്നെ അത്യാവിശ്യം വയറിംങും, പ്ലംമ്പിങും അറിയാം പിന്നെ വൈകുന്നേരം 6 മണിവരെ ചെയ്യുന്നത് ഒക്കെ ജോലിതന്നെ ആണ്. “

വീണ്ടും അയാൾ ചായ എടുത്തു കുടിക്കുന്നതു നോക്കി സിന്ധു നിന്നു. അയാളുടെ സംസാരം ശരിക്കും അവൾക്ക് ഇഷ്ടമായെങ്കിലും ഒരു ഭാവഭേദവും അവൾ പുറത്തു കാണിച്ചില്ല. ഇപ്പൊ നോക്കുമ്പോ അയാളുടെ മുഖത്ത് എന്തൊക്കെയോ പ്രത്യേകതകൾ ഉള്ളതായി അവൾക്ക് തോന്നുകയും ചെയ്തു

“ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടങ്കിൽ ആവാം” എന്ന് കൃഷ്ണൻ കുട്ടി പറഞ്ഞപ്പോൾ അവളൊന്നു ഞെട്ടി

‘ആ കുട്ടിക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ആവാം എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല ‘ എന്ന ഹരിയുടെ മറുപടി കേട്ടപ്പോൾ തന്നെ ഇതിന്റെ ബാക്കി തീരുമാനം എന്താവും എന്നവൾ ഊഹിച്ചു

നിറഞ്ഞു വന്ന കണ്ണ് അമ്മ കാണാതിരിക്കാനായ് അടുക്കളയിൽ എന്തോ തിരയുന്ന പോലെ ഷെൽഫിൽ നോക്കി കൊണ്ട് നിന്നു

‘എന്നാൽ ഞങ്ങളിറങ്ങട്ടെ വിവരങ്ങൾ വിളിച്ചു പറയാം ‘ എന്ന് പറഞ്ഞു രണ്ടാളും എഴുനേറ്റു

പുറത്ത് ഓട്ടോറിക്ഷയുടെ ശബ്ദം അകന്ന് പോവുന്നത് കേട്ടപ്പോൾ അവൾ തന്റെ റൂമിലെത്തി ഡ്രസ്സ് മാറ്റി പഴയ നൈറ്റി എടുത്തണിഞ്ഞു പാതിയാക്കി വച്ച പാത്രം കഴുകൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തത് പോലെ പൂർത്തിയാക്കാൻ തുടങ്ങി. മനസ്സിലപ്പോൾ സന്ന്യാസിനിമാരുടെ ആശ്രമം മാത്രമായിരുന്നു.

വൈകുന്നേരം പുറത്ത് പോയ ശങ്കരേട്ടൻ തിരിച്ചു വന്നത് വലിയ സന്തോഷത്തിലായിരുന്നു. പടി കടന്നതും കരയുന്ന ശബ്ദത്തിൽ ശങ്കരേട്ടൻ വിളിച്ചു പറഞ്ഞു “എടീ സരസുവേ ചെക്കന് പെണ്ണിനെ ഇഷ്ടായീന്നു കല്ല്യാണം എപ്പോ വേണമെങ്കിലും നടത്താമെന്ന്.”

അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകുമ്പോഴും സിന്ധു വല്ലാത്ത ഒരവസ്ഥയിലായിരുന്നു. കേട്ടത്‌ വിശ്വസിക്കാൻ അപ്പോഴും അവളുടെ മനസ്സ് തയ്യാറായിരുന്നില്ല

രാത്രി കിടക്കാൻ നേരത്താണ് സരസു ശങ്കരേട്ടനോട്  ചോദിച്ചത് “എന്താണ് നിങ്ങളുടെ മനസ്സിൽ, ഒരു മാസത്തിനുള്ളിൽ ഇത്രയും പൈസ എവിടുന്നുണ്ടാക്കാനാണ്…കുറച്ചു സമയം കൂടി അവരോട് ചോദിക്കായിരുന്നു”

“ഞാൻ ആലോചിച്ചതാടി ഈ കാര്യം..പിന്നെ തോന്നി എത്രയും പെട്ടെന്ന് നടത്താന്ന്…അന്ന് വന്നപ്പോൾ വേറെ ഒരു പെൺകുട്ടിയെ കൂടി കാണാൻ അവർക്ക് പ്ലാൻ ഉണ്ടായിരുന്നേ. ആ കുട്ടിക്ക് ആ സമയം ക്ലാസ് ഉണ്ടായിരുന്നത് കൊണ്ടാണ് അന്നവർ നേരത്തെ വന്നത്..പിന്നെ ഇവിടെ നിന്നിറങ്ങിയപ്പോ ചെക്കൻ പറഞ്ഞുത്രേ ഇനി വേറെ ആരേം കാണണ്ട ഇത് മതിന്ന്..ന്റെ മോളുടെ ഭാഗ്യം….അല്ലാതെന്താ…ഇനിയിപ്പോ കുറെ സമയം എടുത്താൽ ചെക്കന്റെ മനസ്സ് എങ്ങാനും മാറിയാലോ…അതാലോചിച്ചപ്പോൾ ഒരു മാസത്തിനുള്ളിൽ നടത്താന്ന് ഞാൻ കൃഷ്ണന്കുട്ടിയോട് പറഞ്ഞുപോയി. അവനും അത് തന്നെയാണ് പറഞ്ഞത്. പിന്നെ ഒരു ഇരുപതും ഇരുപതും എങ്കിലും കൊടുക്കേണ്ടി വരുന്നാ അവൻ പറേണെ..നമ്മുടെ കുട്ടിക്കുള്ള പോരായ്മകൾ നമ്മളും ആലോചിക്കേണ്ട..കൊടുക്കാന്ന് ഞാനും പറഞ്ഞു.

ഇരുപതും ഇരുപതും എന്ന് കേട്ടതും സരസു ഒന്ന് ഞെട്ടി.

“ഇത്രേം പൈസ നിങ്ങൾ എങ്ങനെ ഉണ്ടാക്കും എന്ന് പറഞ്ഞാ മനുഷ്യാ നിങ്ങൾ വാക്ക് കൊടുത്തത്” എന്ന് ചോദിക്കാതിരിക്കാൻ സരസുവിനു കഴിഞ്ഞില്ല..

അതിനൊക്കെ വഴിയുണ്ട് എന്ന് പറഞ്ഞു ശങ്കരേട്ടൻ രാവിലെ ഇരുമ്പു പെട്ടിയിൽ നിന്നെടുത്ത വീടിന്റെ ആധാരം എടുത്തു സരസുവിനെ കാണിച്ചു. അവരുടെ മുഖത്ത് ഭയം വന്നു നിറഞ്ഞു.

“നിങ്ങളിത് എന്ത് ഭാവിച്ചാ മനുഷ്യാ….ഇതിന്റെ താഴെ ഒന്ന് കൂടി ഉണ്ട്..പിന്നെ നമ്മൾ എങ്ങോട്ട് പോകും..”

ശങ്കരേട്ടൻ സരസുവിനെ പിടിച്ചു അടുത്തിരുത്തിയിട്ട് പറഞ്ഞു..”ഇത് വിൽക്കാനൊന്നും അല്ല..വിറ്റാൽ പിന്നെ നമ്മൾ ഇവിടെ നിന്നും ഇറങ്ങേണ്ടി വരില്ലേ..ഇത് സഹകരണ ബാങ്കിൽ പണയം വയ്ക്കാം..കല്യാണം നടത്താനുള്ള ചിലവിനു എല്ലാം കൂടി അത് മതിയാകും..മാസം പലിശ മാത്രം അടച്ചാലും ആറേഴു വർഷം അത് നീട്ടിക്കൊണ്ട് പോകാം..പിന്നെ രണ്ടാമത്തവൾക്ക് അത്യാവശ്യം വിദ്യാഭ്യാസവും ചന്തവും ഒക്കെ ഉണ്ടല്ലോ..ഈ വർഷം കഴിഞ്ഞാൽ അവൾ നേഴ്സ് അല്ലെ..എവിടെയെങ്കിലും ജോലി കിട്ടിക്കോളും..അവളെ കെട്ടിക്കാനുള്ളത് ഈ ശങ്കരൻ പണിയെടുത്തുണ്ടാക്കുമെടീ…ഇപ്പോഴും എന്റെ ആരോഗ്യത്തിന് ഒരു കുഴപ്പോം ഇല്ല…എന്റെ മസിലു കണ്ടില്ലേ നീ…” എന്ന് പറഞ്ഞു കൈ മടക്കിപ്പിടിച്ചു സരസുവിന് നേരെ നോക്കിച്ചിരിച്ചു..മുഖത്ത് ചിരി വന്നെങ്കിലും കണ്ണ് നിറഞ്ഞിരുന്നു..

“അവളെയും കൂടി കെട്ടിച്ച് വിട്ടാൽ നമ്മൾക്ക് എന്തി നാടി പിന്നെ ഈ വീടും പറമ്പും..ചാവുമ്പോൾ നമ്മളെ രണ്ടാളെയും കുഴിച്ചിടാൻ ഇത്രയും സ്ഥലത്തിന്റെ ആവശ്യം ഉണ്ടോ…പിന്നെ വയസാവുമ്പോൾ നമ്മളെ നോക്കാൻ പെമ്പിള്ളാർക്ക് സമയവും സൗകര്യവും ഉണ്ടെങ്കിൽ അവർ നോക്കട്ടെ. ഇല്ലെങ്കിൽ ഇപ്പോ നാട്ടിൽ ഇഷ്ടം പോലെ വൃദ്ധ സദനങ്ങൾ ഉണ്ട്, നമുക്ക് രണ്ടാൾക്കും അവിടെ പോകാം. ഇത്രയും നാൾ സുഖവും സമാധാനവും ആയി കഴിഞ്ഞില്ലെ. അത് പോരേ നീ കിടക്കാൻ നോക്ക്..ഇപ്പോ ഒന്നും ആലോചിക്കണ്ട മോളുടെ കല്യാണം മാത്രം ആലോചിച്ച മതി. നാളെ നേരത്തെ തന്നെ ബാങ്കിൽ പോണം” എന്ന് പറഞ്ഞ് ശങ്കരേട്ടൻ കട്ടിലിലേക്ക് ചരിഞ്ഞു.

രാവിലെ ടൗണിൽ ഉള്ള  കൂട്ടുകാരനെ കണ്ട് മടങ്ങുന്ന വഴിക്കാണ് ഹരി രാഘവൻ മാഷിനോട് ബാങ്കിന്റ മുൻപിൽ സംസാരിച്ചു നില്കുന്ന ശങ്കരേട്ടനെ കണ്ടത്. മാഷിന്റെ  കൈയിൽ ഒരു കവർ കൊടുത്തു കണ്ണ് തുടച്ചു ഒരു ഓട്ടോയിൽ കയറി പോവുന്ന ശങ്കരേട്ടനെ കണ്ടപ്പോൾ ഹരിയുടെ  നെറ്റി ഒന്നു ചുളിഞ്ഞു.

ഓട്ടോ പോയപ്പോൾ ഹരി ബൈക്ക് രാഘവൻ മാഷിന്റെ മുമ്പിൽ കൊണ്ടുവന്നു നിർത്തി. ടൗണിൽ തന്നെ യാന്ന് രാഘവൻ മാഷിന്റെ വീട്. ഹരിക്ക് നല്ല പരിചയമുള്ള ആളാണ്. മാഷിനെ പുറകിലിരുത്തി ഹരി മാഷിന്റെ വീട്ടിലേക്ക് ബൈക്ക് തിരിച്ചു.

വീട്ടിൽ ചെന്നെത്തിയ ശങ്കരേട്ടൻ ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നു കൊണ്ട് വിളിച്ചു പറഞ്ഞു “സരസൂ ഒരു ഗ്ലാസ് വെള്ളം”

വെള്ളവുമായി വന്ന സരസു ” പോയ കാര്യം എന്തായി”

“ഒന്നും ആയില്ല ഇന്ന് ബാങ്ക് മാനേജർ ലീവാണ്. നാളെയേ വരൂ. പേടിക്കാനൊന്നുമില്ല എല്ലാം ശരിയാക്കി തരാമെന്ന് രാഘവൻ പറഞ്ഞിട്ടുണ്ട്. നാളെയും ആധാരം കൊണ്ടു പോകുന്നത് പിള്ളേരെ ങ്ങാനും കണ്ടാലോന്ന് കരുതി അത് രാഘവനെ തന്നെ ഏൽപ്പിച്ചു. അവന്റെ വീട് അടുത്തല്ലേ, നാളെ അതുമായി അവൻ വന്നോളും നീ ചോറുവിളമ്പ്. ശങ്കരേട്ടൻ കൈകഴുകി വരുമ്പോഴേക്കും ശങ്കരേട്ടന്റെ അനിയന്റെ വീട്ടിൽ പോയിരുന്ന മക്കൾ രണ്ടു പേരും തിരിച്ചെത്തിയിരുന്നു.

ഭക്ഷണമെല്ലാം എടുത്തു വെച്ച് എല്ലാവരും ഇരിക്കാൻ തുടങ്ങുന്ന സമയത്താണ് മുറ്റത്ത് ഹരിയുടെ ബൈക്ക് വന്ന് നിന്നത്. ഒരറിയിപ്പും ഇല്ലാതെ ഹരികയറി വന്നത് എല്ലാവരേയും ഒന്ന് അമ്പരപ്പിച്ചു. ഹരിയുടെ മുഖം കണ്ടപ്പോൾ എന്തോ ഒരു പന്തികേട് എല്ലാവർക്കും തോന്നുകയും ചെയ്തു. എല്ലാവരും ഹാളിലേക്ക് വന്നപ്പോൾ സിന്ധു മാത്രം വാതിലിനു പിന്നിൽ പകുതി പുറത്തും പകുതി അകത്തുമായി നിന്നു.

ശങ്കരേട്ടനെ നോക്കി ഹരി ചോദിച്ചു “അച്ഛൻ ഇന്ന് ആധാരം പണയം വെയ്ക്കാൻ ബാങ്കിൽ പോയിരുന്നോ”

അതു കേട്ടതും ബിന്ദുവും സിന്ധുവും ഒന്നു ഞെട്ടി ശങ്കരേട്ടനെ നോക്കി. ശങ്കരേട്ടന്റേയും സരസുവിന്റെയും തല താഴേക്ക് കുനിഞ്ഞു.

എല്ലാവരുടേയും മുഖത്തേക്ക് ഹരി തുടർന്നു. “വീടും പറമ്പും പണയം വെച്ച് കല്യാണം നടത്താൻ മാത്രം ദാരിദ്രത്തിലാണ് ഈ വീട് എന്നു ഞാൻ അറിഞ്ഞില്ല. ഇത്രയും ബുദ്ധിമുട്ട് ഇവിടെ ഉണ്ടായിരുന്നോ “

ഇതു കൂടി കേട്ടതും ശങ്കരേട്ടന്റെ മിഴികൾ ഭയം കൊണ്ട് പിടഞ്ഞു. അൽപ നേരത്തെ മൗനത്തിനു ശേഷം ഹരി വീണ്ടും പറഞ്ഞു തുടങ്ങി.

“എനിക്ക് ഇരുപത് പവൻ വേണമെന്ന് ഞാൻ ആരോടെങ്കിലും പറഞ്ഞോ. ബ്രോക്കർ കൃഷ്ണൻകുട്ടി അങ്ങനെ പറഞ്ഞത് എന്തിനാണെന്ന് എനിക്കറിയില്ല. ചിലപ്പോൾ സ്ത്രീധനത്തിന് അനുസരിച്ചായിരിക്കും അയാളുടെ ബ്രോക്കർ ഫീസ്. പതിനഞ്ചാമത്തെ വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട ആളാണ് ഞാൻ. പത്താം ക്ലാസിൽ വെച്ച് പഠിപ്പ് നിർത്തി ജോലിക്ക് ഇറങ്ങിയത് എന്റെ അമ്മയുടെ കഷ്ടപ്പാട് കണ്ടിട്ടാണ്. രണ്ട് പെങ്ങൻമാരുടെ കല്യാണം നടത്തിയതും അവരുടെ ബാക്കി കാര്യങ്ങൾ ഒക്കെ ചെയ്തത് ഞാനും എന്റെ അമ്മയും പണിയെടുത്തിട്ടു തന്നെയാണ്. അപ്പോൾ ഒരു പെൺകുട്ടിയുടെ കല്യാണം നടത്താനുള്ള എല്ലാ ബുദ്ധിമുട്ടുകളും എനിക്ക് മനസ്സിലാകും. പൈസ എല്ലാവർക്കും ആവശ്യമുള്ള ഒരു സംഗതി തന്നെയാണ്. എനിക്കും ആവശ്യങ്ങൾ ഒരു പാടുണ്ട്, എന്നു കരുതി അച്ഛൻ ഒരായുസ്സു മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ വീടും പറമ്പും ഇല്ലാതാക്കിയിട്ട്, എനിക്ക് ആ പൈസ വേണ്ട. അല്ലെങ്കിൽ തന്നെ എന്തിന്റെ പേരിലാണ് എനിക്ക് ഇത്രയും സ്ത്രീധനം തരുന്നത്. അതിനുള്ള യോഗ്യത എനിക്ക് എന്താണുള്ളത്. സിന്ധുവിന്റെ കണ്ണിനോ മൂക്കി നോ കൈയ്ക്കോ കാലി നോ ഒരു കുറവും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. എനിക്ക് വേണ്ടത് ഒരു പെണ്ണിനെ മാത്രമാണ്. എന്റെ സാഹചര്യങ്ങൾ അനുസരിച്ച് ജീവിച്ചു പോവാൻ കഴിയുന്ന ഒരു പെൺകുട്ടിയെ. പെൺകുട്ടികൾക്ക് അവളുടെ ഭർത്താവാകാൻ പോവുന്നവനെക്കുറിച്ച് കുറെ സങ്കൽപങ്ങൾ ഉണ്ടാവാം. ആ സങ്കൽപങ്ങൾ അവരിൽ ഉണ്ടാവുന്നത് അവർ ജീവിച്ചു വളർന്ന ചുറ്റുപാടുകളിൽ നിന്നാണ്. അതിന് ഒരിക്കലും അവരെ കുറ്റം പറയാൻ കഴിയില്ല. ആ കാരണങ്ങൾ കൊണ്ട് തന്നെ ഒരു പാട് ആലോചനകൾ ഞാൻ വേണ്ടാ എന്നു വെച്ചിട്ടുണ്ട്. അതൊരിക്കലും ആ പെൺകുട്ടികളുടെ കുറ്റം കൊണ്ടല്ലാ. അവരുടെ സങ്കൽപത്തിലുള്ള ഒരു പെൺകുട്ടിയുടെ ഭർത്താവാകാൻ എനിക്ക് ഒരിക്കലും കഴിയില്ല എന്ന സത്യം മനസ്സിലാക്കിയതുകൊണ്ടാണ്.

എന്റെ വരുമാനത്തിലും സാഹചര്യത്തിലും അതിലുപരി എന്നെയും എന്റെ അമ്മയേയും മനസ്സിലാക്കി സ്നേഹിക്കാൻ സിന്ധുവിന് കഴിയും ന്ന് അന്ന് എണ്ണയിൽ മുങ്ങി കൈയിൽ പാത്രം പിടിച്ചു നിൽക്കുന്നത് കണ്ടപ്പോഴേ എനിക്കു മനസ്സിലായി. ഏതൊരു പുരുഷനും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഒരു സ്ത്രീയുടെ സ്നേഹിക്കാനും പരിചരിക്കാനും കഴിയുന്ന മനസ്സു തന്നെയാണ്. എന്നെ സംബന്ധിച്ചിടത്തോളം ആ മനസ്സു തന്നെയാണ് എനിക്കു ധനം. ഈ കല്യാണത്തിനു ഞാൻ സമ്മതിച്ചത് സിന്ധുവിനെ മാത്രം ഇഷ്ടപ്പെട്ടതുകൊണ്ടല്ല..നിങ്ങളെയെല്ലാവരെയും ഇഷ്ടമായതുകൊണ്ട് കൂടിയാണ്. എനിക്കും ഉണ്ടൊരു മനസ്സ്. മനുഷ്യനെ മനസ്സിലാക്കാൻ കഴിയുന്ന മനസ്സ്. എന്റെ അമ്മയുടെയും പെങ്ങൻമാരുടെയും കൂടെ തന്നെയാണ് ജീവിച്ചത്. അതു കൊണ്ട് തന്നെ ഒരു പെണ്ണിന്റെ മനസ്സ് മനസ്സിലാക്കാൻ എനിക്കു കഴിയും. ഇനി മുതൽ എന്നെ മരുമകനായിട്ടല്ല മകനായിട്ടു തന്നെ കണ്ടോളൂ.. “

പറഞ്ഞു നിർത്തി ഹരി കൈയിലുള്ള ബാഗിൽ നിന്നും വീടിന്റ ആധാരം എടുത്തു ശങ്കരേട്ടന്റെ കൈയിൽ വെച്ചു കൊടുത്തു.

“ഇവിടെ ഇപ്പോ സ്വർണ്ണത്തിന്റെ എന്തെങ്കിലും ഉണ്ടെങ്കിൽ അതു മാത്രമേ കല്യാണ പന്തലിൽ സിന്ധുവിന്റെ ശരീരത്തിൽ കാണാവൂ…” എന്നു പറഞ്ഞു ഹരി തിരിഞ്ഞു നടക്കുമ്പോൾ ആ വീടു മുഴുവൻ ഏങ്ങലടികൾ നിറഞ്ഞു.

ബൈക്ക് സ്റ്റാർട്ട് ചെയ്തു ഹരി വീടിന്റെ ഗേറ്റിലെത്തിയതും “ഹരിയേട്ടാ..” എന്ന സിന്ധുവിന്റെ ശബ്ദം ആദ്യമായി ഹരിയുടെ ചെവിയിൽ വീണു.

തിരിഞ്ഞു നോക്കിയപ്പോൾ കരച്ചിലോടെ തന്നെ നേർക്ക് ഓടി വരുന്ന സിന്ധുവിനെ അവൻ കണ്ടു. ഹരിയുടെ തൊട്ടു മുന്നിൽ നിന്നവൾ നിറഞ്ഞ കണ്ണുകളോടെ അവന്റെ മുന്നിൽ കൈകൂപ്പി നിന്നു.

ഹരി ബൈക്കിൽ നിന്നറങ്ങി സിന്ധുവിന്റെ കൈ പിടിച്ചു നെഞ്ചോട് ചേർത്തുവെച്ചു കൊണ്ട് പറഞ്ഞു.

“നിന്നെ അന്നു ആദ്യം കണ്ടപ്പോൾ തന്നെ അപ്പോ തന്നെ കൂട്ടികൊണ്ട് പോയാലോ എന്ന് എന്റെ മനസ്സിൽ തോന്നിയതാണ്. ഇനി നിന്റെ കണ്ണു നിറക്കണമെങ്കിൽ അത് എന്റെ മരണത്തിനെ കഴിയൂ…” പെട്ടെന്നു സിന്ധു തന്റെ കൈ കൊണ്ട് അവന്റെ വായ പൊത്തി..

സിന്ധുവിന്റെ മുഖം നാണം കൊണ്ടു വിടർന്നു. കൂടെ ആദ്യമായ് ഒരു പുരുഷനോട് പ്രണയം തോന്നുന്ന അവളുടെ മനസ്സും….

~Ajeesh Kavungal