തുളസി…
Story written by Ajeesh Kavungal
==================
മുന്നിലിരിക്കുന്ന ഗ്ലാസിലേക്ക് അയാൾ രണ്ടാമത്തെ പെ ഗ്ഗ് കൂടി ഒഴിച്ചു.സോഡ ചേർത്ത് ഒരു സിപ്പ് നുണഞ്ഞു. എഴുന്നേറ്റ് ടേബിളിനുമുകളിൽ വെച്ചിരിക്കുന്ന വെള്ള പേപ്പറിൽ എഴുതാൻ തുടങ്ങി.
“എന്റെ പേര് ഹരികൃഷ്ണൻ.വയസ്സ് 40. എന്റെ മരണത്തിന് ആരും കാരണക്കാരല്ല. എനിക്ക് ജീവിതം മതി ആയതു കൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു. എന്റെ പെട്ടിക്കുള്ളിൽ ഒരു വിൽപത്രം ഉണ്ട്. എന്റെ എല്ലാ സ്വത്തുക്കളും എന്റെ സൂപ്പർ മാർക്കറ്റിലെ തൊഴിലാളികൾക്ക് വീതിച്ചു കൊടുത്തിരിക്കുന്നു. പിന്നെ ഉള്ള 20,000 രൂപ ഈ ഹോട്ടലിലെ എന്റെ ചിലവിനും ശവസംസ്കാരത്തിനും ഉപയോഗിക്കാം. അനാഥനായതുകൊണ്ട് ആരും അന്വേഷിച്ചു വരില്ല. അതു കൊണ്ട് പത്രത്തിൽ പരസ്യം ചെയ്യേണ്ട ആവശ്യം ഇല്ല. എന്ന് ഹരികൃഷ്ണൻ.”
എഴുതി പേപ്പർ മടക്കി വെച്ച ശേഷം മേശവലിപ്പ് തുറന്ന് വി ഷം നിറച്ച കുപ്പി ഒന്നൂടെ എടുത്തു നോക്കി. അവശേഷിച്ച മ ദ്യം കാലിയാക്കി ഒരു സിഗ ററ്റ് കൊളുത്തി ജനാല തുറന്നിട്ട് പുറത്തേക്ക് നോക്കി….
മുന്നിൽ നഗരം ഇരുട്ടിൽ മുങ്ങിത്തുടങ്ങിയിരിക്കുന്നു. ഈ നഗരത്തിൽ നാളെ മുതൽ ഹരികൃഷ്ണൻ ഇല്ല. ആരായിരുന്നു താൻ. ആരും അല്ല. ഹരികൃഷ്ണൻ എന്ന പേരു പോലും താൻ തന്നെ വെച്ചതാണ്. ഓർമ വന്ന കാലം തൊട്ട് ഈ നഗരത്തിൽ പാട്ട പെറുക്കി നടന്ന ഒരു തള്ള കൂടെയുണ്ട്. അവർ തന്റെ ആരെങ്കിലും ആയിരുന്നോ എന്ന് അറിയില്ല. വിവരം വെച്ച് തുടങ്ങുമ്പോഴേക്കും ഒരു ലോറിക്കിടയിൽ അവർ അവസാനിച്ചിരുന്നു. ഏതോ പോലീസുകാരാണ് തന്നെ ഒരു ഓർഫനേജിൽ കൊണ്ട് ചെന്ന് ആക്കിയത്. അത്യാവശ്യം വിദ്യാഭ്യാസം അവിടന്ന് കിട്ടി. പതിനേഴു വയസ്സിനു ശേഷം അവിടെ നിന്നറങ്ങി പണ്ട് ആക്രി സാധനങ്ങൾ പെറുക്കി നടന്നതിന്റെ പരിചയം വെച്ച് ഒരു ആക്രിക്കട തുടങ്ങുകയായിരുന്നു. ഒറ്റക്കായതുകൊണ്ടാവണം കൈയിൽ കുറെ പൈസ വന്നു ചേർന്നു. അവസാനം ടൗണിൽ ഒരു സൂപ്പർമാർക്കറ്റ് തുടങ്ങി. ഇടക്ക് പ്രേമം തോന്നിയ പെണ്ണ് അനാഥനാണെന്നറിഞ്ഞ് ഇട്ടിട്ടുപോയപ്പോൾ അധികം വിഷമം ഒന്നും തോന്നിയില്ല. ഒരു സ്നേഹ ബന്ധത്തിന്റെയും തീവ്രതമനസ്സിലാക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഏതൊരു കാര്യത്തിലും തന്റെ മുന്നിൽ തടസ്സമായി നിന്നത് ഈ അനാതത്വം മാത്രമായിരുന്നു. ഒരു കല്യാണം കഴിക്കാനുള്ള ശ്രമം നടത്തിയപ്പോൾ പെണ്ണു വേറെ ഒരുത്തന്റെ കൂടെ ഒളിച്ചോടി പിന്നെയും പരിഹാസ കഥാപാത്രമാവേണ്ടി വന്നു. ഈ ലോകത്തിലെ ഒരു വിധ സുഖങ്ങളെല്ലാം അനുഭവിച്ചു കഴിഞ്ഞു.ഇനി ജീവിതത്തിൽ അറിയാനുള്ള ഒരേ ഒരു കാര്യം അത് സ്ത്രീ സുഖമാണ്. അതുകൂടി ബാക്കി വെക്കുന്നതെന്തിന്. എല്ലാ ആശകളും തീർത്ത് ഈ ലോകത്തോട് വിട പറയാം. ഈ ഏകാന്തവാസത്തിലും ഭേദം മരണമാണ്. എന്നെല്ലാം ചിന്തിച്ച് അയാൾ ഒരു പെ ഗ്ഗ് കൂടി മ ദ്യം അകത്താക്കി.
കുറച്ചു നേരം കഴിഞ്ഞു വാതിലിൽ മുട്ടുകേട്ടപ്പോൾ അയാൾ വാതിൽ തുറന്നു.അത് അവൾ തന്നെ ആയിരുന്നു. ആദ്യമായും അവസാനമായും അയാൾ അറിയാൻ പോകുന്ന സ്ത്രീ ശരീരത്തിന്റെ ഉടമ…
അവളോട് അകത്തേക്ക് കയറി ഇരിക്കാൻ പറഞ്ഞു. അകത്തു കയറി ഇരുന്നപ്പോഴാണ് അയാൾ അവളെ ശരിക്കും കണ്ടത്. എഴുന്നേറ്റു പോയി അവളുടെ മുഖമടച്ച് ഒന്നു പൊട്ടിക്കാനാണ് തോന്നിയത്.എന്തൊരു സൗന്ദര്യമാണ് അവൾക്ക്. ഏതെങ്കിലും ഒരുത്തനെ ഒന്നു നോക്കി ചിരിച്ചാൽ മതി അവൻ അവളെ കല്യാണം കഴിച്ചു പൊന്നുപോലെ നോക്കി കോളും. അത്രക്കും ശ്രീത്വം തുടിക്കുന്ന മുഖം. പിന്നെ കരുതി എന്തിനു അതൊക്കെചിന്തിക്കണം. ഇവൾക്കൊക്കെ ഇതായിരിക്കും ആനന്ദം. ഒരാളുടെ മുഖം പോലെ ആയിരിക്കണം എന്നില്ലാലൊ അയാളുടെ മനസ്സ്.
അയാൾ വീണ്ടും ഗ്ലാസിലേക്ക് മ ദ്യം ഒഴിച്ച് അവളോട് ചോദിച്ചു നീ മ ദ്യപിക്കുമോ എന്ന്. വേണ്ട സാർ ഈ ദുശീലങ്ങൾ ഒന്നും എനിക്കില്ല എന്ന അവളുടെ മറുപടി കേട്ടപ്പോൾ പുച്ഛത്തോടെ അയാൾ ചോദിച്ചു പിന്നെ നിന്റെ ഈ തൊഴിൽ നല്ല ശീലമാണോ എന്ന്. അറിയാതെ അവളുടെ ശിരസ്സ് താഴേക്കു കുനിഞ്ഞു.
എന്താണ് നിന്റെ പേര് എവിടെയാ നിന്റെ വീട് എന്നു അയാൾ ചോദിച്ചപ്പോൾ എന്റെ പേര് തുളസി.ഇതിൽ കടുതൽ ഒന്നും സാർ ചോദിക്കരുത്. സാറിനു വേണ്ടത് എന്റെ ശരീരമല്ലേ അതു മാത്രം അറിഞ്ഞാ മതി എന്ന അവളുടെ ഉറച്ച മറുപടി കേട്ടപ്പോൾ അയാൾ കൂടുതൽ ഒന്നും ചോദിച്ചില്ല.
കുറച്ചു നേരം കഴിഞ്ഞ് അയാൾ ചോദിച്ചു. തുളസിക്ക് ഭക്ഷണം എന്താണ് വേണ്ടത്. ഒന്നും വേണ്ട സർ എനിക്ക് കുടിക്കാനെന്തെങ്കിലും മതി. അതു കേട്ടു അയാളും പറഞ്ഞു. എനിക്കും ഒന്നും വേണ്ട. വിശപ്പില്ല. സമയം പോകുംതോറും അയാളുടെ മനസ്സ് അസ്വസ്ഥമായി കൊണ്ടിരുന്നു. അവളുടെ സാമീപ്യം അയാൾക്ക് അസഹനീയമായി തോന്നി. അവളെ പറഞ്ഞു വിട്ടേക്കാം എന്ന ചിന്തയോടെ അയാൾ എഴുന്നേറ്റു. തന്റെ ഈ ആഗ്രഹം ആഗ്രഹമായി തന്നെ കിടക്കട്ടെ .. അയാൾ തുളസിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
“തുളസിക്ക് പോകുന്നങ്കിൽ പോവാം. എനിക്കിത് മുമ്പ് ശീലമില്ല. അതു കൊണ്ടായിരിക്കണം മനസ്സു വരുന്നില്ല. ഇയാളുടെ പൈസ എത്രയാന്നു വെച്ചാൽ പറഞ്ഞോളൂ.”
അവളുടെ മുഖത്ത് ഒരു ആശ്ചര്യ ഭാവം നിറഞ്ഞു. “സർ ഇപ്പോ രാത്രിയാണ് .എനിക്ക് പോവാന് ബസ് കിട്ടില്ല. നേരം വെളുക്കുന്നതിനു മുമ്പ് ഞാൻ പൊയ്ക്കോളാം.പിന്നെ എനിക്ക് പൈസ വേണ്ട സർ.ബസ് കൂലിക്കുള്ളത് തന്നാൽ മതി. ഇല്ലെങ്കിൽ മനസ്സിന് അതൊരു വിഷമമാവും. സാറിനെ കണ്ടാൽ തന്നെ അറിയാം സാർ ഒരു നല്ല വ്യക്തിയാണെന്ന് “
ഇതു കേട്ടപ്പോൾ അയാൾ ഒന്നൂടെ ചിരിച്ചു. എന്നിട്ടവളോട് ചോദിച്ചു.
“ഞാൻ നല്ലവനാണെന്ന് നിനക്കെങ്ങനെ തോന്നി. “
“അത് അറിയാൻ പറ്റും സർ.ഞാൻ കുറെ പേരെ കാണുന്നതല്ലേ. സാറിന്റെ ഈ ചിരി ഇത്രയും നിഷ്കളങ്കമായി ചിരിക്കണമെങ്കിൽ മനസ്റ്റ് നല്ലതായിരിക്കണം. ഒരു ചീത്തയായ വ്യക്തിക്ക് ഇത്രക്കും നിഷ്കളങ്കമായി ഒരിക്കലും ചിരിക്കാൻ കഴിയില്ല.മാത്രമല്ല ഞാൻ വന്നതും സാർ വെ റി പിടിച്ച കണ്ണുകൾ കൊണ്ട് എന്റെ ശരീരമളന്നില്ല. തെ റി വാക്കുകൾ കൊണ്ടെന്നെ അഭിഷേകം ചെയ്തില്ല. കട്ടിലിൽ തള്ളിയിട്ട് എന്റെ ശരീര ഭാഗങ്ങളിൽ ഞെരിച്ച് വേദനിപ്പിച്ചില്ല. പിന്നെ എന്നെ പോലെ ഉള്ള ഒരു പെണ്ണിനോട് ഇത്രയും മാന്യമായ് സംസാരിക്കുവാൻ ഒരു നല്ല മനുഷ്യന് മാത്രമേ കഴിയൂ എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ട സർ”. എന്ന അവളുടെ മറുപടി കേട്ടപ്പോൾ അയാൾ ഒന്നു പൊട്ടിച്ചിരിച്ചു.
എന്തായാലും ഇവൾ പുലരുമ്പോൾ പോവും.താൻ മരിക്കാൻ തീരുമാനിച്ചിരിക്കുന്ന സമയവും അതാണ്.സംസാരം കേൾക്കാൻ എന്തായാലും രസമുണ്ട്. കുറച്ചു നേരം വർത്തമാനം പറഞ്ഞിരിക്കാം എന്നു മനസ്സിലോർത്ത് അയാൾ ചോദിച്ചു.തുളസീ ടെ വീട് എവിടെയാണ്.വീട്ടിൽ ആരൊക്കെ ഉണ്ട്. അതൊക്കെ അറിയണോ സർ, വെറുതെ സമയം കളയണ്ട ഉറങ്ങിക്കോളു എന്ന് അവൾ മറുപടി പറഞ്ഞു. അയാൾ തുടർന്നു.” തുളസി എന്തായാലും ഇന്നു രാത്രി നമുക്ക് രണ്ടാൾക്കും ഉറങ്ങാൻ കഴിയില്ല. വന്ന കാര്യം നടന്നില്ല. സമയം പോവണ്ടെ .പറയൂ…
” ശരി സർ ഞാൻ പറയാം. സാറിന് ബോറടിക്കുമ്പോൾ പറഞ്ഞാ മതി. ഇവിടെ നിന്നും നൂറു കിലോമീറ്റർ അകലെയാണ് എന്റെ വീട്.വീട്ടിൽ അമ്മയും രണ്ട് അനിയത്തിമാരും. ഈ പണിക്കു വരുന്ന തൊണ്ണൂറു ശതമാനം പെണ്ണുങ്ങളെ പോലെ തന്നെയാണ് ഞാനും. ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മണം. അറ്റാക്ക് ആയിരുന്നു. അച്ഛന്റെ മരണം വരെ അല്ലൽ എന്താണെന്നറിഞ്ഞിട്ടില്ല. അവിടെ തകർന്നത് ഒരു കുടുംബമായിരുന്നു. അച്ഛന്റെയും അമ്മയുടെയും ബന്ധുക്കൾ മൂന്ന് പെൺകുട്ടികളായതുകൊണ്ടായിരിക്കണം തിരിഞ്ഞു പോലും നോക്കിയില്ല. അമ്മക്ക് എന്നും അസുഖം തന്നെയാണ്.അച്ചന്റെ മരണത്തോടെ പഠിപ്പ് നിർത്തി.താഴെയുള്ള അനിയത്തിമാർ പത്തിലും എട്ടിലും പഠിക്കുകയാണ്. സാറിനറി യോ മൂന്നു ദിവസം ഞങ്ങൾ വെള്ളം മാത്രം കഴിച്ച് ജീവിച്ചിട്ടുണ്ട്. വയ്യാത്ത അമ്മ എങ്ങനെ ജോലിക്ക് പോവും. ആ നാട്ടിലെ കുറെ ചെറുപ്പക്കാർ എന്നെ കല്യാണം കഴിക്കാൻ ചോദിച്ചു വന്നതാ. പക്ഷെ അവർക്ക് എന്നെ മാത്രം മതി. എന്റെ കുടുംബം പിന്നെ എന്തു ചെയ്യും. എനിക്കു ചെയ്യാമായിരുന്നു എല്ലാവരെയും ഉപേക്ഷിച്ചു പോവാൻ. പക്ഷേ പെറ്റ അമ്മയെയും രണ്ടു കുരുന്നു പെൺകുട്ടികളെയും വിട്ട് എന്നിക്ക് എങ്ങനെ പോവാൻ കഴിയും. എന്റെ രക്തമല്ലേസർ അവരും. അവസാനം ഞാൻ ജോലിക്കിറങ്ങി. ഈ നഗരത്തിലെ ഒരു തുണിക്കടയിൽ മാസം 3500 രൂപ കിട്ടും. പ്ലസ് ടു വരെ പഠിച്ചവൾക്ക് ഇതിൽ കൂടുതൽ ശമ്പളം കിട്ടുമോ?എന്റെ രണ്ട് അനിയത്തിമാരും പഠിക്കാൻ വളരെ മിടുക്കികളാണ്. പഠിത്തത്തിൽ മാത്രമല്ല പാട്ടും നൃത്തവും അങ്ങനെയെല്ലാത്തിലും. ഇവരെ പഠിപ്പിക്കണം. അമ്മക്ക് മാസം മരുന്നിന് തന്നെ വേണം നല്ലൊരു സംഖ്യ. കൂടാതെ വീട്ടു ചിലവ്. എല്ലാം കൂടി 3500 രൂപ തികയാതെ വന്നപ്പോഴാണ് ഈ പണിക്കിറങ്ങിയത്. എന്റെ അനിയത്തിമാർക്കോ നാട്ടിലുള്ളവർക്കോ ഞാൻ ഇങ്ങനെയാണെന്നറിയില്ല. പക്ഷേ എന്റെ അമ്മക്കറിയാം. അമ്മയുടെ കൈയിൽ പൈസ ഏൽപിക്കുമ്പോൾ ആ കണ്ണിൽ നിന്നൊഴാകുന്നത് ര ക്തമാണ്. മകൾ പി ഴച്ചുണ്ടാക്കുന്ന കാശ് കൈയിൽ വാങ്ങേണ്ടി വരുന്ന ഒരു അമ്മയുടെ അവസ്ഥ. അത് സാറിന് മനസ്സിലാകുമോ എന്നെനിക്കറിയില്ല. എനിക്ക് വേറെ വഴിയില്ല. ആദ്യമൊക്കെ കുറച്ചു കുറ്റബോധം ഉണ്ടായിരുന്നു. ഇപ്പോ ഇല്ല.
“നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കുമ്പോ ഇല്ലെ അത് ജീവിതമാകുന്നത്. ഇല്ലെങ്കിൽ അതിനെ ജീവിതം എന്നു പറയാൻ കഴിയോ..” എന്റെ അനിയത്തിമാർക്ക് എന്റെ ഗതി വരാൻ പാടില്ല. അവർക്ക് ഒരു ജീവിതം ആയാൽ അന്ന് അവസാനിപ്പിക്കും തുളസി എന്ന എന്റെ ഈ ശാപം പിടിച്ച ജന്മം”
ഇത്രയും അവൾ പറഞ്ഞു തീർത്തപ്പോഴേക്കും അയാൾ കുടിച്ച മ ദ്യം ആവി ആയി പോയിരുന്നു.ഇത്രയൊക്കെ പറഞ്ഞിട്ടും അവളിൽ നിന്ന് ഒരു തുള്ളി കണ്ണീരു പോലും പുറത്തേക്കു വന്നില്ല. കണ്ണുനീർ മുഴുവൻ ചിലപ്പോൾ അവൾ കരഞ്ഞു തീർത്തിട്ടുണ്ടാവാം. എങ്കിലും അവളുടെ ഉള്ളിലിരമ്പുന്ന സങ്കടത്തിന്റെ കടൽ അവളുടെ കണ്ണിൽ അയാൾ കാണുന്നുണ്ടായിരുന്നു. ഒരു സി ഗരറ്റടുത്തു കത്തിച്ച് അയാൾ റൂമിൽ നടക്കാൻ തുടങ്ങി.അവൾ പറഞ്ഞ ഒരു വാചകം മനസ്സിൽ തട്ടി.ആർക്കെങ്കിലും വേണ്ടി ജീവിക്കുമ്പോഴല്ലെ അതു ജീവിതമാകുന്നത്. താൻ ജീവിച്ചത് തനിക്കു വേണ്ടി മാത്രം ആയിരുന്നു. അതായിരിക്കണം തന്റെ ജീവിതം തനിക്കു തന്നെ മതിയായി തുടങ്ങിയത്. അയാൾ അവളെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.അതേ ഇവൾ തുളസി തന്നെയാണ്. മനസ്സിന് ഒരു പാട് പരിശുദ്ധി ഉള്ള തുളസിക്കതിർ.ഇവളെ ഏറെക്കാലം മുന്നേ കണ്ടുമുട്ടേണ്ടതായിരുന്നു.
എന്താ സാർ ബോർ അടിച്ചോ എന്ന അവളുടെ ചോദ്യമാണ് അയാളെ ചിന്തയിൽ നിന്നുണർത്തിയത്.തുളസിക്ക് എന്നെ പറ്റി അറിയണോ എന്നയാൾ ചോദിച്ചപ്പോൾ ആഗ്രമുണ്ട് എന്നവൾ പറഞ്ഞു. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു ഞെട്ടലോടെ അവൾ അയാളെ നോക്കി.
തുറന്നു കിടക്കുന്ന ജനാലയിലൂടെ പുറത്തേക്കു നോക്കി അയാൾ അവളോട് ചോദിച്ചു.
” തുളസി പറഞ്ഞില്ലേ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കുമ്പോഴാണ് അത് ജീവിതമാകുന്നതെന്ന്. എന്നെ സ്നേഹിക്കാൻ തുളസിക്ക് സാധിക്കുമോ.. അങ്ങനെ ആണെങ്കിൽ ഇനി എനിക്ക് തുളസിക്ക് വേണ്ടി ജീവിക്കാലോ.. സമ്മതമാണെങ്കിൽ എനിക്ക് കിട്ടുന്നത് ഒരു കുടുംബമാണ്. എന്റെ പ്രായം നിനക്ക് വിഷയമല്ലെങ്കിൽ നഷ്ടപ്പെടാൻ പോവുന്ന എന്റെ ജീവിതവും നഷ്ടപ്പെട്ടു എന്നു കരുതന്ന നിന്റെ ജീവിതവും നമുക്ക് തിരിച്ചുപിടിക്കാം. എന്നെ വിശ്വസിക്കാം എന്നു തോന്നുന്നുണ്ടെങ്കിൽ മാത്രം സമ്മതിച്ചാൽ മതി.”
കുറച്ചു നേരം അവളുടെ മറുപടി ഒന്നും കേട്ടില്ല. കാൽപാദത്തിൽ നനവു വീണപ്പോഴാണറിഞ്ഞത് അയാളുടെ കാൽചുവട്ടിലിരുന്നവൾ കരയുകയാണെന്ന്.പി ടിച്ചെഴുന്നേൽപിച്ച് അയാൾ അവളെ കട്ടിലിൽ കൊണ്ടിരുത്തി.അതിനു ശേഷം വി ഷക്കുപ്പി എടുത്ത് വാഷ്ബേസിനിൽ ഒഴിച്ചു കളഞ്ഞു. പെട്ടി തുറന്ന് വിൽപത്രം എടുത്തു രണ്ടായി കീറി വേസ്റ്റ് ബോക്സിലിട്ടു
അവളുടെ അടുത്തു ചെന്നിരുന്ന് ചേർത്തു പിടിച്ച് സിന്ദൂരരേഖയിൽ അയാളുടെ ചുണ്ടുകൾ അമർന്നു.
ജീവിതത്തിൽ ആദ്യമായി ഒരു പുരുഷന്റെ ആലിംഗനത്തിലും ചുംബനത്തിലും അവളുടെ മുഖം ലജ്ജയിൽ കുതിർന്നു …
~Ajeesh Kavungal