അവൾക്ക് അവനെ വേണ്ടാത്തത് കൊണ്ടല്ലേ ഇപ്പോൾ ഈ അവസ്ഥയിൽ അവനെ കാണേണ്ടി വന്നത്. പിന്നെ….

എഴുത്ത്: മഹാ ദേവൻ

=====================

വിവാഹത്തലേന്ന് കലവറയിലും ആ വീട്ടിലെ എല്ലാ കാര്യങ്ങൾക്കും ഓടിനടക്കാൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു സതീശൻ. ആ കാഴ്ച എല്ലാവർക്കും ഒരു അതിശയവുമായിരുന്നു. ജീവനെ പോലെ കരുതിയ പെണ്ണിന്റെ കല്യാണം ആണ് നാളെ. അതിന്റ ഓട്ടത്തിലാണ് അവൻ.

നാളെ എത്രത്തോളം മംഗളമാക്കൻ പറ്റുമോ അത്രത്തോളം ആ വിവാഹകാര്യങ്ങൾ മംഗളമാകുവാൻ ഓടിനടക്കുന്ന സതീശനെ കാണുമ്പോൾ പലരുടെയും മുഖത്തു കാണാമായിരുന്നു ഒരു വല്ലായ്മ. പക്ഷേ, സതീശന്റെ മുഖത്തൊരു വിഷമത്തിന്റ കണിക പോലും ഇല്ലെന്നതാണ് എല്ലാവരെയും അതിശയപ്പെടുത്തിയത് !

മറ്റു ചിലരുടെ മുഖത്താണെങ്കിൽ .”ഇവൻ എന്തിനാണ് നാണമില്ലാതെ ഇവിടെ കിടന്ന് തിരിയുന്നത് ” എന്ന ഭാവവും.

” എടാ രവി, നീ അവനെ ശ്രദ്ധിച്ചോ, ആ പെണ്ണിനെ നാളെ വേറെ ഒരാൾക്ക് കെട്ടിച്ചുകൊടുക്കുകയാണ് എന്ന് അറിഞ്ഞിട്ടും അവൻ പിന്നെയും ഒരു ഉളുപ്പുമില്ലാതെ, മുഖത്തൊരു വിഷമം പോലുമില്ലാതെ ചിരിച്ചുകൊണ്ട് ഇവിടെ ഓടി നടക്കുന്നതിൽ ഒരു പന്തിക്കേട് ഇല്ലേ എന്നൊരു സംശയം.

ഇതിപ്പോ അവളും ഇവനും ചേർന്നുള്ള വല്ല ഒത്തുകളിയും ആണെങ്കിൽ ഈ രാത്രി ഇവരെങ്ങാനും ഒളിച്ചോടിയാൽ പിന്നെ ഈ ആഘോഷവീട് ഒരു മരണവീടായി മാറും. “

സതീശനെ മാത്രം നിരീക്ഷിച്ചുകൊണ്ട് സുരേഷിന്റെ അർത്ഥം വെച്ചുള്ള സംസാരം കേട്ടപ്പോൾ രവിക്ക് ചിരിയാണ് വന്നത് ,

” എന്റെ അണ്ണാ… അവൾക്ക് അവനെ വേണ്ടാത്തത് കൊണ്ടല്ലേ ഇപ്പോൾ ഈ അവസ്ഥയിൽ അവനെ കാണേണ്ടി വന്നത്. പിന്നെ അവളെയും കൊണ്ട് അവനെങ്ങനെ ഒളിച്ചോടാൻ ആണ്.

അവൻ വെറുതെ മുഖത്തു പൂടയും വെച്ചു നടക്കുന്നവനാ, ആണുങ്ങളുടെ വില കളയാൻ. കുപ്പിയില് കൂറ പെട്ടപോലെ കിടന്ന് ഈ പരക്കംപാച്ചിലല്ലാതെ ജീവിതം ഇപ്പോൾ പച്ചചാണകത്തിന് തീ പിടിച്ച പോലെയാ..നീറി നീറി അങ്ങനെ കിടക്കും.അതുകൊണ്ട് ഉള്ള സമയത്ത് ആ ഊളയെ കുറിച്ച് ഓരോന്ന് പറഞ്ഞ് സമയം കളയാതെ നിങ്ങളാ ഗ്ലാസ്സിലേക്ക് ഒന്ന് ഒഴിച്ചേ.. “

അതും പറഞ്ഞ് രവി ഗ്ലാസ് നീട്ടിപിടിക്കുമ്പോൾ അപ്പുറത്ത്, മുഖത്തെ ചിരിക്കു പിന്നിൽ ഒളിപ്പിച്ചു വെച്ച ഒരു നഷ്ടപ്രണയത്തിന്റെ ഓർമ്മകളൊന്ന് അയവിറകുവാൻ ഒരു ബി യറിന്റെ അടപ്പ് വാ കൊണ്ട് കടിച്ചു തുറക്കുന്ന തിരക്കിൽ ആയിരുന്നു സതീശൻ .

തുറന്ന കുപ്പിയിൽ നിന്നും ഒറ്റ വലിക്ക് പകുതി കുടിച്ചുതീർക്കുമ്പോൾ മനസ്സിൽ വിഷമമോ സന്തോഷമോ എന്ന് പോലും അറിയാത്തൊരു ഉൾവികാരമായിരുന്നു അവനിൽ .

ഏഴ് വർഷം പ്രണയിച്ച ഒരുവൾ..ഒരു ഗൾഫുകാരന്റ ആലോചനക്ക് മുന്നിൽ ചിരിച്ചുകൊണ്ട് സമ്മതമെന്ന് തലയാട്ടിയപ്പോൾ തകർന്നു പോയത് തന്റെ ഹൃദയം ആയിരുന്നു.

” സതീശേട്ടാ.. നമുക്ക് ഇനി ഈ ബന്ധം മുന്നോട്ട് കൊണ്ടുപോണ്ട. പഠിക്കുന്ന കാലത്ത്‌ അങ്ങനെ ഒരു പൊട്ടബുദ്ധി എന്റെ മനസ്സിൽ ഉണ്ടായതിലും അതിൽ സതീശേട്ടനെ വലിച്ചിട്ടതിലും എനിക്ക് അതിയായ വിഷമം ഉണ്ട്.

അത് കുട്ടികാലത്തെ പൊട്ടത്തരമായി, ആ സെൻസിൽ എടുക്കാൻ നിങ്ങൾക് കഴിയുമെന്ന് എനിക്കറിയാം.ഒന്നല്ലെങ്കിൽ നല്ല വിവരമുള്ള ഒരാൾ അല്ലെ.എന്നേക്കാൾ നല്ലൊരു പെണ്ണിനെ സതീശേട്ടന് കിട്ടും.പിന്നെ ഈ കാര്യത്തിനൊന്നും വിഷമിക്കരുത്.ഇന്നത്തെ കാലത്ത് ആണുങ്ങൾ ചിന്തിക്കുന്ന പോലെ ” നീ പോയാൽ നിന്റെ അനിയത്തി ” എന്ന മട്ടിൽ ഇതങ്ങു പുല്ല് പോലെ തള്ളികളയാൻ കഴിയണം ആണുങ്ങൾക്ക്.എന്റെ സതീശേട്ടന് അത് കഴിയുമെന്ന് എനിക്കറിയാം..ഒന്നല്ലെങ്കിൽ സതീശേട്ടൻ ഒരു ആണല്ലേ ” എന്നെല്ലാം വിവാഹനിശ്ച്ചയത്തിന്റെ തലേ ദിവസം അവൾ ഒരു ഉളുപ്പുമില്ലാതെ മുഖത്തു നോക്കി പറയുമ്പോൾ മനസ്സിൽ കനൽ പോലെ ഉണ്ടായിരുന്നു ” ഇവൾ എന്തൊരു പെണ്ണാണ് ” എന്ന ചിന്ത.

” അതെ, വത്സലേ…. ഞാൻ ആണാണ്…. അത് അറിഞ്ഞിട്ടുള്ള ഒരാൾ നീ ആണല്ലോ..അപ്പോ പിന്നെ നിനക്ക് ആ കാര്യത്തിൽ മാത്രം സംശയം ഉണ്ടാകില്ലെന്ന് അറിയാം.

എന്തായാലും നീ ആണ് വത്സലേ പെണ്ണ്. തേച്ചിട്ട് പോകുമ്പോൾ പോലും കാമുകന് ധൈര്യം തരാൻ മറക്കാത്ത നിന്റെ മനസ്സുണ്ടാലോ..അതുപോലെ ഇത്ര ലാഘവത്തോടെ എന്റെ മുഖത്തു നോക്കി ഇത് പറയാനുള്ള നിന്റെ ചങ്കൂറ്റവും..! ഹോ… സമ്മതിച്ചു നിന്റെ തൊലിക്കട്ടി. ഏഴ് വർഷം പ്രണയിച്ചിട്ട് ഏഴ് ദിവസം പോലും കാണാത്ത ഒരുത്തൻ വന്നപ്പോൾ അവന്റെ പത്രാസ് കണ്ട് നിന്ന നിൽപ്പിൽ കാല് വാരിയ നീ ആണ് പെണ്ണെ പെണ്ണ്. “

അവന്റെ വേദനയോടെ ഉള്ള വാക്കുകളെ പാടെ അവഗണിക്കുന്ന പോലെ മുഖത്തൊരു പുച്ഛചിരി വരുത്തികൊണ്ട് അവന് ഒന്ന് അളന്നുനോക്കി അവൾ,

” നിങ്ങൾ ഇനിപ്പോ എന്നെ തേപ്പുകാരി ആക്കിയാലും എന്റെ തീരുമാനത്തിനു മാറ്റമില്ല. നിങ്ങളേം കെട്ടി ഈ പട്ടിക്കാട്ടിൽ മാത്രം ഒടുങ്ങേണ്ടതല്ല എന്റെ ജീവിതം..

ഇതിപ്പോ എനിക്ക് കിട്ടാവുന്ന നല്ല ഒരു ആലോചനയാണ്. അതിനിടക്ക് കേറി നിൽക്കരുത് “

അവളുടെ ഓരോ വാക്കിലും തികട്ടി വരുന്ന അഹംഭാവത്തിന്റെ ധ്വനി അവനെ വല്ലതെ അരിശപ്പെടുത്തുന്നുണ്ടായിരുന്നു.തനിക്ക് ഒരിക്കൽ പോലും ചിന്തിക്കാൻ കഴിയാത്ത ഒരു കാര്യം എത്ര കൂളായിട്ടാണ് അവൾ അവതരിപ്പിച്ചത്. അതും ഒരു പതർച്ചയോ വിഷമമോ ഇല്ലാതെ ” എന്നൊക്കെ മനസ്സിലിട്ട് കൂട്ടികുഴക്കുമ്പോൾ വല്ലാതെ അസ്വസ്ഥമാകുന്നുണ്ടായിരുന്നു അവൻ.

” എടി പുല്ലേ.. ഒരു പെണ്ണ് പോയാൽ അതിന്റ പിന്നാലെ കഴുത്തിൽ കുരുക്കിട്ട് ആടിക്കളിക്കാനൊന്നും ഈ സതീശനെ കിട്ടില്ല. നീ എന്താണ് കരുതിയത്. നിന്റെ ഈ ഓഞ്ഞ ഡയലോഗ് കേട്ട് ഞാനങ്ങു ഹൃദയം പൊട്ടി മരിക്കുമെന്നോ…?

അതൊക്ക സിനിമയിൽ.. ഇത് ജീവിതമാണ്. അത് ഇനി അങ്ങോട്ട്‌ ജീവിച്ചു തീർക്കേണ്ടത് എങ്ങനെ എന്ന് എനിക്ക് നല്ലപോലെ അറിയാം. അതുകൊണ്ട് മോള് പോ … പോയി ഗള്ഫുകാരന്റ തലയിൽ കേറി ഇരിക്ക്. . പിന്നെ ഒരു കാര്യം. നിന്റെ കല്യാണം നടക്കുന്ന ദിവസം ഞാൻ ഉണ്ടാകും നിന്റെ വീട്ടിൽ.. എല്ലാത്തിനും മുന്നിൽ തന്നെ. പക്ഷേ, നീ ഇപ്പോൾ ചെയ്തതിനുള്ള ഒരു പണി ഞാൻ തരും. കാത്തിരുന്നോ നീ”!

അന്ന് അവിടെ നിന്നെ പിരിഞ്ഞതാണ് രണ്ട് വഴിക്ക്.

പിന്നെ ഒരു വർഷത്തിന് ശേഷം അവളുടെ കല്യാണതലേന്നിൽ എത്തി നിൽക്കുമ്പോൾ പറഞ്ഞപോലെ കല്യാണതലേന്ന് ഓടി നടക്കാൻ അവൻ തന്നെ ആയിരുന്നു മുന്നിൽ.ആ സമയങ്ങളിലെല്ലാം അവനെ തന്നെ നോക്കി ജനലഴികളിലും വാതിൽക്കലുമെല്ലാം അവൾ ഉണ്ടായിരുന്നു. വത്സല !

അവൾ ഇരിക്കുന്ന ഭാഗത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ തിരക്കിട്ട് ഓരോ പണികൾ ചെയ്തു തീർക്കുമ്പോഴും അവന്റെ മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടലുകൾ നടക്കുന്നുണ്ടായിരുന്നു.

പൊട്ടിച്ച ബിയറിൽ നിന്നും കഴിച്ചതിന്റെ ബാക്കി കൂടി വായിലേക്ക് കമിഴ്ത്തി എഴുന്നേൽക്കുമ്പോൾ ആണ് അവൻ പ്രതീക്ഷിച്ച പോലെ ഇരുട്ട് നിറഞ്ഞ ഭാഗത്തെ മുറിയുടെ ജനലിനടുത്ത്‌ ഒരു വളകിലുക്കം കേട്ടത്. പതിയെ ആ ജനലിനടുത്തേക്ക് നീങ്ങി നിൽക്കുമ്പോൾ രണ്ട് പേരുടെ നിശ്വാസങ്ങൾ ആ ഇരുട്ടിൽ കൂട്ടിമുട്ടുന്നുണ്ടായിരുന്നു !

” സതീശേട്ടാ… എനിക്ക് പേടി ആകുന്നുണ്ട്ട്ടോ…ഇത്രയൊക്കെ ആയിട്ട് ഈ അവസരത്തിൽ നമ്മൾ ഇങ്ങനെ ചെയ്താൽ അത് നാളെ വലിയ ഒരു വാർത്തയാകും. നാളത്തെ കല്യാണവീടിന്റെ അവസ്ഥ പിന്നെ എന്താകുമെന്ന് പറയാൻ കഴിയില്ല. “

ആദി കലർന്ന ആ ചോദ്യത്തിന് മുന്നിൽ ഒന്ന് ആലോചിക്കാൻ പോലും സമയം നില്കാതെ അവന് പറയാൻ ഒരു ഉത്തരമെ ഉണ്ടായിരുന്നുള്ളു

” നമ്മൾ തീരുമാനിച്ച പോലെ നാളെ ഇവിടെ എല്ലാവരും ഉണരുന്നത് ഈ വാർത്ത കേട്ടാവണം. ഈ ഒളിച്ചോട്ടം അവർക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. നാളെ ഗൾഫുകാരൻ കതിർമണ്ഡപത്തിൽ കയറി ഇരിക്കുമ്പോൾ നിന്റെ കയ്യും പിടിച്ചെനിക്ക് അവിടേക്ക് കയറണം…അതെന്റെ ഒരു വാശിയാണ്. അത് നടന്നില്ലെങ്കിൽ പിന്നെ സതീശൻ തോറ്റ പോലാകും “

അവന്റെ തീരുമാനത്തിൽ എത്രത്തോളം ശരിയുണ്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും അവളത് സമ്മതിച്ചുകൊണ്ട് രാവിലെ ഇറങ്ങിവരാമെന്നു വാക്ക് കൊടുത്ത് ആ ജനൽപ്പാളി ഉളിലേക്ക് അടച്ചു.

പിറ്റേ ദിവസം രാവിലെ ആ വാർത്ത കേട്ടായിരുന്നു പലരും എഴുന്നേറ്റത്.

അത് വരെ അവിടെ ഓടി നടന്ന സതീശനും അപ്രത്യക്ഷനായെന്ന് ആരോ പറഞ്ഞപ്പോൾ എല്ലാവരുടെയും മുഖത്തൊരു അന്താളിപ്പ് ആയിരുന്നു. കേട്ടവർ കേട്ടവർ മൂക്കത്തു വിരൽ വെച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു

” ഈ പെണ്ണിത് എവിടെ പോയി ഇത്ര രാവിലെ തന്നെ. അതും കല്യാണദിവസം ആയിട്ട്.!ഇനി പറഞ്ഞപ്പോലെ ആ സതീശന്റെ കൂടെ എങ്ങാനും…. “

അത് ഒരു ചോദ്യമായി എല്ലാ മുഖങ്ങളിലും കാണാം.

” ഞാൻ പറഞ്ഞില്ലെടാ രവി അവൻ ഇന്നലെ അവിടെ കിടന്ന് തിരിയുമ്പോൾ തന്നെ എന്തോ പന്തികേട് ഉണ്ടെന്ന്. ഇപ്പോൾ എന്തായി..

‘ഒന്നും കാണാതെ പട്ടര് കുളത്തിൽ ചാടില്ലെ’ന്ന് ഒരു പഴഞ്ചൊല്ല് നീ കേട്ടിട്ടുണ്ടോ. അത് തന്നെ ആണ് ഇവിടേം സംഭവിച്ചത്. “

വാർത്ത കുളക്കടവിൽ വരെ എത്തിയപ്പോൾ ഇന്നലെ അടിച്ചതിന്റെ കെട്ടിറങ്ങാൻ കുളത്തിൽ ഇറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു സുരേഷ് ആ കാര്യം എടുത്തിട്ടത്.

അത് കേട്ട് രവിയൊന്നു ചിരിച്ചു. പിന്നെ അതൊരു പൊട്ടിച്ചിരിയായി.

” നീ എന്താടാ ഇങ്ങനെ ചിരിക്കുന്നത് ഇന്നലെ അടിച്ചതൊക്കെ ഇപ്പോൾ ആണോ തലക്ക് കേറുന്നത് ” എന്ന് ചോദിച്ചുകൊണ്ട് ദേഷ്യത്തോടെ നോക്കുന്ന സുരേഷിനോട് ചിരിച്ചുകൊണ്ട് തന്നെ രവി പറയുന്നുണ്ടായിരുന്നു,

“എന്റെ അണ്ണാ.. ഇതൊക്കെ എനിക്ക് നേരത്തെ അറിയാവുന്ന കാര്യം അല്ലെ. രാവിലെ അവനെയും അവളെയും അമ്പലത്തിൽ എത്തിച്ചിടാ ഞാൻ വന്നതും. ഒരു കൂട്ടുകാരൻ എന്ന നിലയിൽ അവനെ സഹായിക്കേണ്ടത് എന്റെ കടമയല്ലേ.. പിന്നെ ഇന്നലെ അണ്ണൻ ആ കാര്യം പറഞ്ഞപ്പോഴെ എനിക്ക് തോന്നി ഈ കാര്യം അണ്ണൻ അറിഞ്ഞാൽ ഈ ഒളിച്ചോട്ടം ഇന്നലത്തോടെ തന്നെ തീരുമെന്ന്. അതുകൊണ്ടാണ് ഞാൻ ഇന്നലെ അവനെ ഒന്ന് ഇരുത്തി സംസാരിച്ചുകൊണ്ട് നിങ്ങളോടൊപ്പം കൂടിയത് . പക്ഷേ, ആ സമയത്തെല്ലാം ഞങ്ങൾ പ്ലാൻ ചെയ്ത കാര്യങ്ങൾ നല്ല പോലെ മുന്നോട്ട് പോകുന്നുണ്ടായിരുന്നു.മൂന്നാമത് ഒരാൾ കൂടി അറിഞ്ഞാൽ ചിലപ്പോൾ വിചാരിച്ച പ്ലാൻ എല്ലാം കുളമാകുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ആണ് അണ്ണന് മുന്നിൽ ഒന്ന് ഒടിയൻ കളിച്ചതും.ഓൻ മ്മടെ ചങ്കല്ലേ.. അവനെ ഈ കാര്യത്തിൽ എങ്കിലും സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ എന്ത് കൂട്ടുകാരൻ ആണ്.. പ്രത്യേകിച്ച് ഇതൊരു പ്രതികാരം കൂടി ആകുമ്പോൾ.എന്തായാലും ഇപ്പോൾ വേഗം കുളിച്ച് കല്യാണവീട്ടിൽ പോയാൽ ഈ കഥയുടെ ക്ലൈമാക്സ്‌ കാണാം….വേണേൽ വേം കുളിച്ച് അങ്ങോട്ട്‌ വാ അണ്ണാ ” എന്നും പറഞ്ഞവൻ വെള്ളത്തിലേക്ക് ഊളിയിട്ടപ്പോൾ പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയാതെ വാ പൊളിച്ച് നിൽക്കുകയായിരുന്നു സുരേഷ്. !

അതെ സമയം കല്യാണവീട്ടിൽ എല്ലാവരും പരിഭ്രാന്തിയിൽ ആയിരുന്നു. ചെക്കൻ വീട്ടുകാർ വരാറായി. അവർ വരുമ്പോൾ വീട്ടിൽ ഒരു ഒളിച്ചോട്ടം നടന്നെന്ന് അറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിക്കുമ്പോൾ തന്നെ എലാവരുടെയും മുഖത്തൊരു വല്ലായ്ക ഉണ്ടായിരുന്നു.

പുറത്ത് കാറുകൾ നിരന്നപ്പോൾ എല്ലാവരുടെയും ചങ്കിടിപ്പ് വർധിച്ചു.

കല്യാണച്ചെക്കൻ എത്തി. ഈ കാര്യം എങ്ങാനും ഇപ്പോൾ അവരറിഞ്ഞാൽ….മനസ്സിലെ ആധി പുറത്ത് കാണിക്കാതെ കല്യാണച്ചെക്കനെ സ്വീകരിച്ചു കതിര്മണ്ഡപത്തിലേക്ക് ഇരുത്തുമ്പോൾ അച്ഛൻ ദൃതിയിൽ പറയുന്നുണ്ടായിരുന്നു ” വേഗം പെണ്ണിനെ വിളിക്ക്. മുഹൂർത്തം ആകാറായി ” എന്ന്.

അത് കേൾക്കാൻ കാത്തിരുന്നപോലെ താലവും പിടിച്ചു പുറത്തേക്ക് വന്ന പെൺകുട്ടികൾക്ക് നടുവിൽ അണിഞ്ഞിരുങ്ങികൊണ്ട് അവൾ ഉണ്ടായിരുന്നു. വത്സല. !

മുഖത്തൊരു തെളിച്ചമില്ലെങ്കിലും അത് പുറത്ത് കാണിക്കാതെ ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു അവൾ. പതിയെ കതിര്മണ്ഡപത്തിലേക്ക് കയറി സദസ്സിനെ തൊഴുതുകൊണ്ട് അവിടെ ഇരിക്കുമ്പോൾ അവന്റെ മുഖത്തേക്ക് നോക്കി ചുണ്ടിൽ ഒരു ചിരി വരുത്താൻ പാടുപെട്ടു വത്സല.

“ന്ന പിന്നെ സമയം കളയണ്ട. കെട്ടു നടക്കട്ടെ ” എന്ന് കാരണവന്മാരിൽ ആരോ പറഞ്ഞപ്പോൾ അത് ശരിവെച്ചു കൊണ്ട് താലി എടുത്ത് ചെക്കന്റെ കയ്യിൽ കൊടുക്കുമ്പോൾ ആണ് പുറത്ത് വന്നു നിന്ന കാറിൽ നിന്നും സതീശൻ പുറത്തേക്കിറങ്ങിയത്. കൂടെ അവളും ഉണ്ടായിരുന്നു. വത്സലയുടെ അനിയത്തി വസന്ത. !

പതിയെ അവളുടെ കൈപിടിച്ചുകൊണ്ട് അകത്തേക്ക് വരുന്ന അവനെ കണ്ടപ്പോൾ എല്ലാവരുടെയും മുഖത്തൊരു അമ്പരപ്പ് പ്രകടമായിരുന്നു. പക്ഷേ, അതിനേക്കാൾ കൂടുതൽ അമ്പരപ്പുണ്ടായത് വത്സലയുടെ മുഖത്തായിരുന്നു.

“അവൻ പറഞ്ഞപോലെ ചെയ്തിരിക്കുന്നു.അതും തന്റെ കല്യാണത്തിന്റ നിമിഷങ്ങൾക്ക് മുൻപ് തന്നേ ” എന്ന് മനസ്സിൽ രോഷത്തോടെ ഓർക്കുമ്പോൾ അവന്റെ നോട്ടം മുഴവൻ വത്സലയിൽ ആയിരുന്നു.

” ഇങ്ങനെ ഒരു സീൻ ഇവിടെ ഉണ്ടാക്കേണ്ടി വന്നതിൽ എല്ലാവരും ക്ഷമിക്കണം. ഏഴ് വർഷം പ്രേമിച്ചവൾ ഒറ്റ ദിവസം കൊണ്ട് ഇട്ടെറിഞ്ഞുപോയപ്പോൾ ഒരിക്കലും ഇങ്ങനെ ഒരു ട്വിസ്റ്റ്‌ എന്റെ ജീവിതത്തിൽ സംഭവിക്കും എന്ന് ഞാനും പ്രതീക്ഷിച്ചില്ല. പക്ഷേ ഒന്നെനിക്കു മനസ്സിലായി. വര്ഷങ്ങളുടെ പഴക്കത്തിൽ ഒന്നുമല്ല സ്നേഹത്തിന്റെ ദൃഢത. അതൊക്ക മനസ്സിൽ നിന്ന് അറിഞ്ഞുവരേണ്ട ഒന്നാണ്. അത് ആത്മാർത്ഥമാണെങ്കിൽ അത് ഒരു ദിവസം ആയാലും മതി. വര്ഷങ്ങളുടെ പഴക്കമൊന്നും വേണ്ട.

അത് മനസ്സിലാക്കി തന്നത് ഇവൾ ആണ്. വസന്ത.

പിന്നെ നീ അന്ന് പറഞ്ഞ ഒരു ഡയലോഗ് ഉണ്ടല്ലോ..

” നീ പോയാൽ നിന്റെ അനിയത്തി ” എന്ന് അങ്ങ് കരുതണം എന്ന്..അങ്ങനെ അങ്ങ് കരുതി ഞാൻ. ചേച്ചി പോയാൽ പിന്നെ അനിയത്തി തന്നെ. “

അത് പറയുമ്പോൾ അവന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു. അവളുടെ മുഖം വല്ലാത്തൊരു മൂകതയും.

” ന്തായാലും കെട്ടു നടക്കട്ടെ.. അതും ഒരു വിധി പോലെ കാണാൻ പറഞ്ഞവർ ഇതും ഒരു വിധിയാണെന്ന് കരുതി സമാധാനിക്കുക.വന്ന സ്ഥിതിക്ക് അച്ഛനും അമ്മയ്ക്കും അവരുടെ കൂടെ ഞങ്ങളെയും ഒന്ന് അനുഗ്രഹിക്കം… മനസ്സിൽ വാശി ഉണ്ടായിരുന്നു എങ്കിലും കെട്ടിയത് ആ വാശിക്ക് മാത്രം അല്ലാട്ടോ.. അന്തസ്സായി ജീവിക്കാൻ വേണ്ടി തന്നേ ആണ്. ഗൾഫിലെ അത്തറിന്റെ മണം ഒന്നും വന്നില്ലെങ്കിലും വീട്ടിലെ അടുപ്പ് എന്നും പുകയുമെന്ന് ഞാൻ അവൾക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്. പിന്നെ നിങ്ങൾ അനുഗ്രഹിച്ചില്ലേലും ഇന്ന് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചേ ഞങ്ങൾ പോകൂ..ചേച്ചിടെ കല്യാണത്തിന് ഒരു പിടി ചോറ് അവൾക്ക് കഴിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ കാമുകിയുടെ കല്യാണത്തിന് ആ പന്തലിൽ കേറി അവൾക്ക് മുന്നിൽ തലയുയർത്തി പിടിച്ചിരുന്ന് ഒരു സദ്യ കഴിക്കണം. ഒലിപ്പീരു മാത്രമല്ല, ഇതുപോലെ ഉള്ളവരും ഉണ്ട്‌ കാമുകന്മാരുടെ ലിസ്റ്റിൽ എന്ന് എല്ലാവരും ഒന്ന് അറിയട്ടെ . “

അതും പറഞ്ഞവൻ മുന്നിലെ കസേരകളിലേക്ക് അവളുടെ കയ്യും പിടിച്ചിരിക്കുമ്പോൾ ശുഭമുഹൂർത്തത്തിൽ വത്സലയുടെ കഴുത്തിൽ ഗൾഫുകാരന്റെ താലി വീണിരുന്നു. പക്ഷേ, ആ രണ്ട് മുഖങ്ങളിലും തെളിച്ചം മാത്രമില്ലായിരുന്നു.. എന്തോ ഒരു ശുഭകുറവ് പോലെ….

ജീവിതമല്ലേ…. ഇനിയൊക്കെ കണ്ടറിയാം !!!

✍️ ദേവൻ