എഴുത്ത് : മഹാ ദേവൻ
::::::::::::::::::::::::::
തോരാതെ പെയ്യുന്ന മഴയിലേക്ക് നോക്കി നിൽകുമ്പോൾ ഒരു പെരുമഴക്ക് വെമ്പൽ കൊള്ളുന്ന പോലെ അവളുടെ കണ്ണുകളും ഈറനണിയാൻ തുടങ്ങിയിരുന്നു. പിടിച്ചുനിൽക്കാൻ മനസ്സിനെ പ്രാപ്തയാക്കുമ്പോഴും പിടിവിട്ടുപോകുന്ന ചില നിമിഷങ്ങൾ.
ആരെയൊക്കെയോ പ്രതീക്ഷിക്കുംപ്പോലെ മഴ നനഞ്ഞ ഇരുട്ടിലേക്ക് മിഴിയൊന്ന് വെട്ടാതെ നോക്കിനിൽക്കുമ്പോൾ അവളുടെ മനസ്സ് പിടക്കുന്നുണ്ട്…മനസ്സിലേ സങ്കടം ആരോടെങ്കിലും ഒന്ന് പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിക്കുന്നുണ്ട്..പക്ഷേ, ഇനി ആര്…
ആരും തനിക്കില്ലെന്ന ബോധം അവളെ പിൻതുടരുമ്പോൾ ഒരു പ്രതീക്ഷ മാത്രമായിരുന്നു ആ നോട്ടം… അവളുടെ മനസ്സ് പോലെ അലമുറയിട്ടു പെയ്യുന്ന മഴയിൽ പുറത്ത് നിന്ന് ഒന്നും കേൾക്കാൻ കഴിയുന്നില്ലെങ്കിലും ദൂരെ ഒരു വെട്ടമെങ്കിലും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ…. ! പ്രതീക്ഷയാണ്…അതും അവസാനത്തെ… !
അങ്ങനെ ഒരു വെട്ടം പ്രതീക്ഷിച്ചാ ഊത്താലടിച്ചു കയറുന്ന ഇറയത്തെ കൊടുംതണുപ്പിൽ നിൽകുമ്പോൾ ഉള്ളിപൊളിക്കുന്ന ഓർമ്മകൾ ആ തണിപ്പിലും അവളെ ആകമാനം പൊതിയുന്നുണ്ടായിരുന്നു. !
ഏറെ മോഹിച്ചതായിരുന്നു അവനെ. അവൻ തന്നെയും. ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ വേദനിപ്പിക്കാത്തവൻ.
അവന്റെ ഇഷ്ട്ടം വീട്ടിൽ അവതരിക്കുമ്പോൾ പോലും രണ്ട് കയ്യും നീട്ടി സ്വീകരിച്ച കുടുംബം. എല്ലാവരും ഉണ്ടായിരുന്നപ്പോൾ ഒത്തിരി സന്തോഷത്തോടെ കഴിഞ്ഞിരുന്ന നാളുകൾ.
പക്ഷേ, എത്ര പെട്ടന്നാണ് വിധി ആ സന്തോഷങ്ങളെ ഇല്ലാതാക്കിയത്. മകൾളുടെ നല്ല ഭാവിക്ക് വേണ്ടി നേർന്ന വഴിപാടുകൾ നടത്താൻ തിരുമാന്ധാംകുന്നിലേക്ക് പോകുമ്പോൾ അറിഞ്ഞില്ല അത് അവസാനപോക്ക് ആണെന്ന്. പോകുന്ന വഴി പെരിന്തൽമണ്ണയിൽ വെച്ചുണ്ടായ അപകടത്തിൽ അവർ ഒറ്റക്കാക്കി പോകുമ്പോൾ ആശ്വസിപ്പിക്കാൻ അവൻ ഉണ്ടായിരുന്നു അടുത്ത്. ഇനി ആരും ഇല്ലെന്ന തോന്നൽ മാറിയത് അവന്റെ ചേർത്തുപിടിക്കൽ ആയിരുന്നു. പക്ഷേ, അതിനും കുറച്ചു ദിവസങ്ങളുടെ ആയുസ്സ് മാത്രമായിരുന്നു.
കഴുത്തോളം കടം കേറി നിൽക്കുന്ന വീട്ടിൽ അച്ഛനും അമ്മയും അവളെ ഒറ്റക്കാക്കി പോയപ്പോൾ ” മുങ്ങിനിൽക്കുന്നവളേ തോളിൽ പിടിച്ചുകയറ്റി വലിയ ഒരു ഭാരം എന്റെ മകൻ ചുമക്കേണ്ട ആവശ്യം ഇപ്പോൾ നിനക്കില്ല ” എന്ന അവന്റെ അമ്മയുടെ വാശിക്ക് മുന്നിൽ അവൻ കീഴടങ്ങുമ്പോൾ ജീവിതത്തിലേക്ക് കയറാൻ കിട്ടിയ കച്ചിത്തുരുമ്പും ഇനി ഇല്ലെന്ന വേദനയാണ് അവളെ ഈ രാത്രി വരെ കൊണ്ടെത്തിച്ചത്.
ഇനിയുള്ളത് അവസാനപ്രതീക്ഷയാണ്.. ദൂരെ തെളിഞ്ഞുകാണുന്ന ഒരു വെട്ടത്തിനായി കണ്ണുകൾ കൊതിക്കുമ്പോൾ ഇരിട്ടിനെ കീറിമുറിച്ചുകൊണ്ട് നിലത്തിറക്കി വെട്ടുന്ന മിന്നലിൽ അവൾ കയ്യിലെ വാച്ചിലേക്ക് നോക്കി സമയം കണക്ക് കൂട്ടി.
11.40 ന് വരേണ്ടതാണ്.. മഴ കാരണം ലേറ്റ് ആണെന്ന് തോനുന്നു. ഇനി ഈ നശിച്ച മഴ കാരണം അത് വന്നില്ലെങ്കിൽ…..
ആദ്യമായിട്ടായിരുന്നു അവൾ മഴയെ ശപിച്ചത്.
മുന്നിലൂടെ പോകുന്ന റെയിൽപാളത്തിൽ നാളെ മറ്റുള്ളവരുടെ കാഴ്ചയാകുന്ന ചിതറിയ തന്റെ ശരീരം അന്നേരം അവൾ മനസ്സിൽ കാണുകയായിരുന്നു.
ഉടൽ വേറെ, തല വേറെ…നാ യ്ക്കൾ കടിച്ചു വലിക്കുന്ന ചില ഭാഗങ്ങൾ… നാലുപാടും കരഞ്ഞുകൊണ്ട് കാക്കകൾ !
ഈച്ചകൾ ശരീരത്തിലാകമാനം പൊതിഞ്ഞ്… ! ഇതുവരെ കാത്തുസൂക്ഷിച്ച ശരീരത്തിന്റെ പല ഭാഗങ്ങളും ന ഗ്നമായിട്ടുണ്ടാകും…ആദ്യമായി കാണുന്ന പോലെ പലരും വന്നെത്തിനോക്കി ഫോട്ടോ എടുക്കുന്നുണ്ടാകും. നാളത്തെ വാർത്തയായി ചാനലിൽ മുഴുവൻ.. ! മറ്റന്നാൾ പത്രത്തിൽ.. ! ആരോരുമില്ലാത്തവൾ നാളെ ചിലർക്ക് പെങ്ങളാകും.. മകളാകും… നല്ല കുട്ടിയാകും..സഹതാപം… വിഷമം.. !
അവളുടെ മനസ്സിൽ അതൊക്ക ആലോചിക്കുമ്പോൾ ചിരിയും അതോടൊപ്പം സങ്കടവും ഉണ്ടായിരുന്നു.
അതേ സമയം അവളുടെ കണ്ണുകൾക്ക് പ്രതീക്ഷ നൽകികൊണ്ട് ദൂരെ ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടിരിരുന്നു.. പാളത്തിലൂടെ മെല്ലെ വരുന്ന ആ വെളിച്ചം ലക്ഷ്യമാക്കി നടക്കുമ്പോൾ കിട്ടിയതും നഷ്ട്ടപ്പെട്ടതുമായ ഓർമ്മകൾ ഒരിക്കൽ കൂടി അവളുടെ മനസ്സിലൂടെ കടന്നുപോയി..
ആ ഓർമ്മകളോടൊപ്പം മെല്ലെ പാളത്തിലേക്ക് കടന്ന് മുന്നോട്ട് നടക്കുമ്പോൾ അടുത്തേക്ക് വരുന്ന വെളിച്ചത്തിൽ ആയിരുന്നു ആ കാഴ്ച അവളുടെ കണ്ണിലുക്കിയത്.
ആ കാഴ്ച കണ്ട് ഒരു നിമിഷം ഷോക്കേറ്റ പോലെ നിന്ന അവൾ സ്വയം ബോധത്തിലേക്ക് തിരിച്ചു വന്നപ്പോഴേക്കും അവൾ ഒരിക്കലും പ്രതീക്ഷിക്കാത്തത് മുന്നിൽ കണ്ട ആശ്ചര്യമായിരുന്നു അവളിൽ.
കഴുത്തോളം കടം കൊണ്ടവളെ തോളിൽ ഏറ്റാതിരിക്കാൻ വഴി മാറി നടന്നവൻ ആണ് മുന്നിൽ.
എങ്ങിനെ അവന് മുന്നിൽ പ്രതികരിക്കണം എന്നറിയാതെ നിൽക്കുന്ന അവൾക്ക് കയ്യിൽ ഒന്ന് മുരുകെ പിടിക്കുമ്പോൾ അവൻ പറയുന്നുണ്ടായിരുന്നു”
എനിക്കറിയാം നീ ഇന്ന് തിരഞ്ഞെടുക്കുന്നത് ഈ വഴി ആയിരിക്കും എന്ന്. കാരണം നിന്റെ മനസ്സിൽ എന്റെ സ്ഥാനം എത്രത്തോളം ആണെന്ന് എനിക്കറിയാം. പക്ഷേ, എനിക്ക് മുന്നിൽ നീ മാത്രമല്ലായിരുന്നു. അച്ഛൻ ഇട്ടെറിഞ്ഞു പോയത് മുതൽ ജീവിതത്തോട് പൊരുതി വളർത്തി വലുതാക്കിയ അമ്മയുടെ വാക്കിനെ എതിർക്കാൻ വയ്യായിരുന്നു. നിന്നെ ഉപേക്ഷിക്കാനും..
പിന്നീട് ആലോചിച്ചപ്പോൾ എന്റെ സ്വന്തമായ ഒരു തീരുമാനം ആവശ്യമാണെന്ന് തോന്നി. അതുകൊണ്ട് തന്നെയാണ് ഞാൻ ഇത് തീരുമാനിച്ചതും.
എന്തായാലും നീ പോകാൻ തീരുമാനിച്ചു. പക്ഷേ, നിന്നെ ഒറ്റയ്ക്ക് വിടാൻ എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് നമുക്ക് ഒരുമിച്ച് പോകാം. ജീവിതത്തിൽ നാളെ എന്നതിൽ വലിയ ഒരു സ്വപ്നം അവശേഷിപ്പിച്ചുകൊണ്ട് പോകാം ദൂരേക്ക്….”
അവന്റെ വാക്കുകൾക്ക് മുന്നിൽ തലയാട്ടിസമ്മതിക്കുമ്പോൾ അവളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നിരുന്നു അവൻ… !
ദൂരെ തെളിഞ്ഞ ആ വെളിച്ചം ചീറിപ്പാഞ്ഞു ദൂരേക്ക് പോകുമ്പോൾ പിന്നെയും മഴ ആർത്തലച്ചു പെയ്യുകയായിരുന്നു. !
പിറ്റേ ദിവസം വലിയ ഒരു വാർത്ത ആയില്ലെങ്കിലും ആളുകൾക്ക് പറയാൻ അത് ഒരു വാർത്ത ആയിരുന്നു അവർ..
രാവിലെ ആളുകൾക്ക് കാഴ്ചയാകാൻ റെയിൽപാളത്തിൽ രണ്ട് ബോഡികൾ ഇല്ലായിരുന്നു. നാ യ്ക്കൾക്ക് കടിച്ചു വലിക്കാൻ ശരീരഭാഗങ്ങൾ ഇല്ലായിരുന്നു. പക്ഷേ, സഹതാപവും കരുതലും വിഷമവും പുച്ഛവും ചിരിയുമെല്ലാം ഉണ്ടായിരുന്ന ആ വാർത്ത മാത്രം നാട്ടിൽ നിറഞ്ഞ് നിന്നു,
ആരോരുമില്ലാത്ത പെണ്ണിനേയും കൊണ്ട് ആ ചെറുക്കൻ ഒളിച്ചോടി. ! എന്ന്
✍️ദേവൻ