ഒടുവിൽ പാതി മനസ്സോടെ സമ്മതം  മൂളുമ്പോൾ ജീവിതം ഒരു ചോദ്യചിന്ഹമായി തോന്നി അവൾക്ക്…

എഴുത്ത്: മഹാ ദേവൻ

===================

അന്ന് ആ താലി കഴുത്തിൽ വീഴുമ്പോൾ കണ്ണുകൾ നിറയുന്നത് മറ്റാരും കാണാതിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു അരുണ.

എന്നിട്ടും പിടിച്ചുനിർത്താൻ കഴിയാതെ കണ്ണുനീർതുളികൾ താഴേക്ക് പതിക്കുമ്പോൾ എല്ലാവരുടെയും കണ്ണിൽ അത് സന്തോഷക്കണ്ണീർ ആയിരുന്നു….

ഒരു പെണ്ണിന്റ ജീവിതത്തിലെ ഈ നല്ല  മുഹൂർത്തത്തിന്റെ സന്തോഷം അവളുടെ കണ്ണുകളിൽ കണ്ട് കൊണ്ട് എല്ലാവരും പുഞ്ചിരിക്കുമ്പോൾ അരുണയുടെ ഇടനെഞ്ചു മാത്രം പിടക്കുകയായിരുന്നു.

“ഒരിക്കലും എന്നെ വളക്കാമെന്ന  നിന്റെ മോഹം നടക്കില്ലെടോ ” എന്ന് മുഖത്തു നോക്കി പറഞ്ഞവന്റെ അടുത്താണ് ഇപ്പോൾ മുഖത്തു പോലും നോക്കാതെ ഇരിക്കുന്നത്.

“ഇങ്ങനെ ഒരു വിധി ജീവിതത്തിൽ ഉണ്ടാകുമെന്നു കരുതിയതല്ല..പക്ഷേ.. “

ആ കതിർമണ്ഡപത്തിൽ അരവിന്ദനോട് ചേർന്ന് ഇരിക്കുമ്പോഴും ചിന്തകൾ  പിറകിലോട്ട് ഓടുകയായിരുന്നു.

വീടിന്റെ പ്രാരാബ്ധം തീർക്കാൻ പഠിപ്പ് നിർത്തി ഒരു ഫാൻസിഷോപ്പിൽ ജോലിക്ക് കയറുമ്പോൾ ജീവിതം ഒരു നൂലിന്മേൽക്കളിപോയ ആയിരുന്നു.

കൂലിപ്പണിക്കാരൻ ആയ അച്ഛനും വീട്ടിലെക്ക് മാത്രം ഒതുങ്ങി ജീവിക്കുന്ന അമ്മയും താഴെ ഉളള അനിയനും അനിയത്തിയും…

ആഴ്ച തികച്ചു കിട്ടാത്ത അച്ഛന്റെ വരുമാനം വീടിന്റ ബാധ്യതകൾ പെരുക്കിയപ്പോൾ താഴെ ഉള്ളവരുടെ പഠിപ്പ് മുടങ്ങാതിരിക്കാനും വീടിന്റ അടുപ്പ് പുക കെടാതിരിക്കാനും വേണ്ടി സ്വന്തം പഠിപ്പ് വേണ്ടെന്ന് വെച്ച് ഇറങ്ങുമ്പോൾ ലക്ഷ്യങ്ങളും സ്വപ്നങ്ങളും ഒരുപാട് ആയിരുന്നു. ഇപ്പോൾ ഉളള വരുമാനം കൊണ്ട് എവിടെയും എത്തില്ല എന്ന് അറിയാമായിരുന്നെങ്കിലും…

അന്ന് ഫാൻസി ഷോപ്പിൽ കയറി വന്ന ആളോട് മര്യാദയോടെ പെരുമാറുമ്പോൾ അറിഞ്ഞില്ല പിന്നീട് അയാളൊരു ശല്യമാകുമെന്ന്…

അന്ന് മുതൽ കടയിലെ സ്ഥിരം കസ്റ്റമർ ആയ അയാൾ അവൾ പോകുന്നിടത്തെല്ലാം സ്ഥിരം യാത്രികനായും ഉണ്ടാകും….

“ഡി, അയാൾ സ്ഥിരം ഉണ്ടല്ലോ നിന്റെ പിറകെ, നിന്നോട് അയാൾക്ക് എന്തോ ഉണ്ടെന്ന് തോനുന്നു…പാവം കുറെ ദിവസമായി പിറകെ..ഒന്ന് ചിരിച്ചുകാണിച്ചേക്കടി, അയാൾക്കൊരു സന്തോഷം ആകട്ടെ ” എന്ന് കൂടെയുള്ള ചേച്ചി ചിരിയോടെ പറയുമ്പോൾ അരുണക്ക് കണങ്കാൽ മുതൽ ദേഷ്യം ഇരച്ചുകയറുന്നുണ്ടായിരുന്നു.

“ചേച്ചി ഒന്ന് ചുമ്മാതിരുന്നേ..കണ്ടവന്മാരോടൊക്കെ ചിരിച്ചു കാണിക്കലാണോ എനിക്ക് പണി? കണ്ടാലേ അറിയാം തനി പൂവാലൻ ആണെന്ന്..ഇവർക്കിതൊക്കെ ഒരു നേരം പോകാണ്. നമ്മളതിൽ ചെന്ന് ചാടിക്കൊടുത്താൽ മതി ജീവിതം പണ്ടാരടങ്ങി പോവാൻ..അങ്ങനെ കണ്ടവന്റെ ഓഞ്ഞ ചിരിക്ക് മുന്നിൽ നിന്ന് കൊടുക്കാൻ എനിക്ക് സമയമില്ല. എനിക്ക് അല്ലെങ്കിൽ തന്നെ ചിന്തിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്..അതിനിടക്ക് ഇതുപോലെ ഉളള ഒലിപ്പീരു കൂടി സഹിക്കാൻ താല്പര്യം ഇല്ല.. “

അവളുടെ അറുത്തു മുറിച്ച വാക്ക് കേട്ടപ്പോൾ ചേച്ചി ചിരി നിർത്തിക്കൊണ്ട് പിന്നെ ഒന്നും മിണ്ടാതെ ബസ്സ് കാത്ത് നിന്നു.

അതേ സമയം ബസ് വരാൻ വൈകുന്നതിന്റെ അക്ഷമയോടെ നിൽക്കുന്ന അവർക്കരികിലേക്ക് വരുന്ന അവനെ അരുണ കണ്ടിരുന്നു. അത് കണ്ട് കൊണ്ട് തന്നെ മുഖം തിരിച്ച് എതിർദിശയിലേക്ക് നോക്കി നിൽക്കുന്ന അവൾക്കരികിലെത്തിയ അയാൾ ഒന്ന് മടിച്ചു മടിച്ചാണെങ്കിലും പറയുന്നുണ്ടായിരുന്നു, “എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു “എന്ന്….

അത് കേൾക്കാത്തപോലെ നിൽക്കുന്ന അവളെ ഒന്ന് നോക്കികൊണ്ട് അവൻ തുടർന്നു,

“എന്റെ പേര് അരവിന്ദൻ. ഞാൻ ഒരു പ്രൈവറ്റ് ബാങ്കിൽ ആണ് വർക്ക്‌ ചെയ്യുന്നത്. അന്ന് ഇയാളെ ഫാൻസി സ്റ്റോറിൽ കണ്ടത് മുതൽ മനസ്സിൽ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ മുതലാളിയോട് കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞിട്ടു തന്നെ ആണ്… ” എന്ന് പറഞ്ഞ് മുഴുവനാകും മുന്നേ അവൾ അവന് നേരെ തിരിഞ്ഞ് രോക്ഷത്തോടെ മുഖത്തേക്ക് നോക്കി,

“നിങ്ങളെ പോലെ ഉളള കുറെ എണ്ണത്തിനെ ഞാൻ കണ്ടിട്ടുണ്ട്. ഇതുപോലെ വഴിയിൽ നിന്നും മറ്റു പലയിടങ്ങളിൽ പിന്തുടർന്നും എല്ലാം മനസ്സിലാക്കി ഇഷ്ട്ടമാണെന്ന് പറയുന്ന അവന്മാരെ..അതിൽ വീണ് പോകുന്ന പെണ്ണുങ്ങളെ നിങ്ങള് കണ്ടിട്ടും ഉണ്ടാകും. പക്ഷേ, എന്നെ അതിൽ പെടുത്തണ്ട. അങ്ങനെ വഴിയിൽ നിന്ന് കൈ കാണിക്കുന്ന ഒരുത്തന്റെ കൂടെ കറങ്ങി നടക്കാനും കാപ്പി കുടിക്കാനും ഒക്കെ വേറെ ആളെ നോക്ക്. ഇയാൾ എന്റെ പിന്നാലെ നടന്ന് ഉളള ചെരിപ്പ് തേയ്ക്കണ്ട.. “

അവളുടെ എടുത്തടിച്ച പോലെ ഉളള മറുപടിയിൽ ചൂളിപ്പോയ അവൻ നാലുപാടും നോക്കി ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന്. അടുത്ത്  ആ ചേച്ചി മാത്രമേ ഉളളൂ എന്ന് ഉറപ്പാക്കി വേറെ ആരും കണ്ടില്ലെന്ന സമാധാനത്തോടെ വേഗം പിൻതിരിഞ്ഞു നടക്കുമ്പോൾ അവളുടെ മുഖത്തു ദേഷ്യം കനംകെട്ടി തന്നെ നിന്നിരുന്നു.

അതേ ആളുടെ താലിച്ചരടാണ്‌ ഇപ്പോൾ കഴുത്തിൽ. അന്ന് കണ്മുന്നിൽ നിന്ന് നാണക്കേടോടെ പോകുമ്പോൾ അത് നേരിട്ട് ഒരു ആലോചനയായി വരുമെന്ന് കരുതിയില്ല.

വീടിന്റ ഇപ്പോഴത്തെ അവസ്ഥയും താഴെ ഉള്ളവരുടെ ഭാവിയും നിന്റെ കയ്യിൽ ആണെന്ന് പറയുന്ന അച്ഛൻ….നീ ഒന്ന് മനസ്സ് വെച്ചാൽ ഈ കുടുംബം രക്ഷപ്പെടും..അതിന് വേണ്ടി അല്ലെ മോള് പഠിപ്പ് പോലും കളഞ്ഞത്. ഇപ്പോൾ വന്ന ആളുകൾക്ക് പഠിപ്പിക്കാനും സമ്മതമാണ് എന്ന് പറയുന്ന അമ്മ. ഇടംവലം നില്കുന്ന അനിയനും അനിയത്തിയും…

ഒടുവിൽ പാതി മനസ്സോടെ സമ്മതം  മൂളുമ്പോൾ ജീവിതം ഒരു ചോദ്യചിന്ഹമായി തോന്നി അവൾക്ക്..

വിവാഹം കഴിഞ്ഞ് എല്ലാവരും പിരിയുന്നത് വരെ എല്ലാവർക്കു മുന്നിലും ചിരിക്കാൻ ശ്രമിച്ചെങ്കിലും വീട്ടിലെ ഓരോ ആളുകൾ കുറയുമ്പോഴുംമനസ്സിൽ വല്ലാത്തൊരു പേടി കടൽ പോലെ ഇരമ്പിയടുക്കാൻ തുടങ്ങിയിരുന്നു. അന്ന് മുഖത്തു നോക്കി അങ്ങനെ ഒക്കെ വിളിച്ച് പറഞ്ഞതിന്റെ പ്രതികാരം ആണ് ഈ വിവാഹമെങ്കിൽ… !

രാത്രി കിടക്കാൻ നേരം അമ്മ സ്നേഹത്തോടെ കയ്യിൽ ഒരു ഗ്ലാസ് പാല് വെച്ചുതന്നു മണിയറയിലേക്ക് വിടുമ്പോൾ ഹൃദയം പേടി കൊണ്ട് പെരുമ്പറ കൊട്ടുകയായിരുന്നു.

റൂമിലേക്ക് കാലെടുത്തുവെക്കുമ്പോൾ അകത്ത്‌ മൊബൈലിൽ ആരോടോ സംസാരിച്ചു നിൽക്കുന്ന അരവിന്ദനെ കണ്ടപ്പോൾ ഉള്ളിലേക്ക് വെച്ച കാൽ വിറക്കാൻ തുടങ്ങി.

പതിയെ മുഖം താഴ്ത്തി അകത്തേക്ക് കയറുമ്പോൾ, അരുണ അകത്തേക്ക് വരുന്നത് കണ്ട് ഫോൺ ചെവിയിൽ വെച്ച് തന്നെ അരവിന്ദൻ അവളെ മറികടന്ന് പോയി വാതിൽ വലിച്ചടച്ചു.

ആ ശബ്ദം കേട്ട് പേടിയോടെ ശരീരം വിറയ്ക്കുന്ന അവളിൽ നിന്ന് പാല് തുളുമ്പി താഴെ വീഴുമ്പോൾ ഒന്നും മിണ്ടാതെ അരികിലെത്തിയ അവൻ ആ ഗ്ലാസ് വാങ്ങി മേശപ്പുറത്തു വെച്ച് ഫോണിൽ സംസാരം തുടർന്നു,

“അതേടാ..ഇന്ന് ആണ് ഞാൻ ആഗ്രഹിച്ച ദിവസം..നിനക്കറിയാലോ എന്നെ..മനസ്സ് വേദനിച്ചാൽ പിന്നെ ആഗ്രഹിച്ചത് നേടിയെറുക്കാതെയും വേദനിപ്പിച്ചവരെ തിരിച്ചു വേദനിപ്പിക്കാതെയും എനിക്ക് ഉറക്കം വരില്ലെന്ന്. ശരി. ബാക്കി നാളെ പറയാം..ഇപ്പോൾ നീ വെച്ചോ..ഇന്നാണ്  ഞാൻ ആഗ്രഹിച്ച ആ ദിവസം..എന്റെ ആദ്യരാത്രി…”

എന്നും പറഞ്ഞ് അരവിന്ദൻ ഫോൺ കട്ട്‌ ആക്കുമ്പോൾ  ആ സംസാരം കേട്ട് ആലില പോലെ വിറക്കുകയായിരുന്നു അരുണ.

അവന്റെ വാക്കുകളിൽ നിന്ന് അവൾക്ക് മനസ്സിലായി ഈ കല്യാണം ഒരു പ്രതികാരം ആണെന്ന്. ഇനി തന്റെ ജീവിതം ഇവിടെ നരകമായിരിക്കുമെന്ന്. കലങ്ങിയ കണ്ണുകളുമായി വിറയലോടെ നിൽക്കുന്ന അവൾക്കരികിൽ വന്നിരുന്നു അരവിന്ദൻ.

“ഇയാൾ ആദ്യം ഇവിടെ ഒന്നിരുന്നേ..എനിക്ക് കുറച്ച് പറയാൻ ഉണ്ട് ” അവന്റെ വാക്കുകളിലുള്ള ഗൗരവം അവളിൽ ഭയം ജനിപ്പിച്ചു.

“ഇരിക്കടി അവിടെ..നിനക്കെന്താ പറഞ്ഞാൽ മനസ്സിലാകില്ലേ? ഇപ്പോൾ എന്തിനാവോ ഈ കരച്ചിൽ..അന്ന് ഇതൊന്നും കണ്ടില്ലല്ലോ..എന്തായിരുന്നു പെണ്ണിന്റ ഉശിര്…. ! “

അവന്റ കനപ്പിച്ചുള്ള വാക്കുകൾ കേട്ട് പേടിയോടെ അവനരികിൽ ഇരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി.

“അന്ന്….ഞാൻ….എന്നോട് ക്ഷമിക്കണം..എനിക്ക് അങ്ങനെ ഒന്നും ഇഷ്ടമല്ലായിരുന്നു. എനിക്ക്…എല്ലാത്തിലും വലുത് എനിക്കെന്റെ കുടുബം ആണ്. പെണ്ണൊന്നു താഴ്ന്നു തന്നാൽ പഞ്ചാരവാകുമായി പിറകെ വരാൻ ഒരുപാട് പേരുണ്ടാകും, നീ ഒറ്റയ്ക്ക് പോകുന്ന പെണ്ണാണ്, അതുകൊണ്ട് എപ്പഴും ധൈര്യത്തോടെ നിൽക്കണം ആർക്ക് മുന്നിലും എന്ന് ന്റെ അമ്മ പറയാറുണ്ട്..അത് തന്നെ ആണ് ഞാൻ ചെയ്തതും…അതിൽ ഒരു തെറ്റും എനിക്ക് തോന്നിയിട്ടില്ല. അന്നും ഇപ്പഴും…എനിക്കറിയാം അതിന്റ വാശി തീർക്കാൻ ആണ് ഇങ്ങനെ ഒരു വിവാഹം നടത്തിയത് എന്ന്. അതുപോലെ എന്റെ കുടുംബത്തിന്റെ കണ്ണുനീർ കുറച്ചെങ്കിലും കുറക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ ആണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചതും. ഞാൻ തോറ്റാലും എന്റെ വീട്ടുകാർ രക്ഷപ്പെട്ടാൽ മതി…ഇതിന്റെ പേരിൽ എന്നോട് എന്ത് വേണേലും ആയിക്കോളൂ..എന്റെ വീട്ടുകാരോട് മാത്രം ഇതിന്റെ പ്രതികാരം കാണിക്കരുത് “

കരഞ്ഞുകലങ്ങിയ കണ്ണുകളുമായി  അവന് മുന്നിൽ തഴുകയ്യോടെ നിൽക്കുമ്പോൾ അവൻ പതിയെ ആ  കയ്യിൽ പിടിച്ചു. പിന്നെ ഒരു കൈകൊണ്ട് ആ കണ്ണുനീർ തുടച്ചുമാറ്റികൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചു,

“സത്യത്തിൽ അന്ന് തന്റെ പിറകെ നടന്ന് ശല്യം ചെയ്യണമെന്ന താല്പര്യത്തോടെ അല്ല വന്നത്. ഇയാളോടൊന്ന് ചോദിച്ചിട്ട് വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാമെന്ന് കരുതി ആയിരുന്നു. പക്ഷേ അരുണ എടുത്തടിച്ചപോലെ  സംസാരിച്ചപ്പോൾ സത്യത്തിൽ ദേഷ്യം തോന്നി. പിന്നീട് ആലോചിച്ചപ്പോൾ അതായിരിന്നു ശരി എന്നും….

ഒരു ആണിന്റെ പഞ്ചാരവാക്കിനു മുന്നിലും തോൽക്കാതിരിക്കാനുള്ള ആ തന്റേടം എനിക്ക് ഇഷ്ട്ടമായി. മുഖത്തോടു മുഖം നോക്കി സംസാരിക്കാനുള്ള തന്റേടം കാണിക്കുന്ന പെണ്ണുങ്ങൾ വിരളമാണ്. അങ്ങനെ ഒരു പെണ്ണിനെ മുന്നിൽ കണ്ടപ്പോൾ വിട്ട് കളയാൻ തോന്നിയില്ല..അല്ലാതെ ഒരു പ്രതികാരമൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല..

പക്ഷേ, തന്നേ ഒന്ന് പേടിപ്പിക്കണം എന്ന് ഉണ്ടായിരുന്നു..പക്ഷേ, അവിടെയും താൻ എന്നെ തോൽപ്പിച്ചു.

കരഞ്ഞുകൊണ്ട് ആണ് പറഞ്ഞതെങ്കിലും ഇയാളുടെ വാക്കുകൾക്ക് വല്ലാത്ത മൂർച്ച ഉണ്ടായിരുന്നു..ഇരു ദൃഢത ഉണ്ടായിരുന്നു. തോൽക്കില്ല എന്ന ഉറപ്പ് ഉണ്ടായിരുന്നു..

അങ്ങനെ ഒരു പെണ്ണിനോട് പിന്നെ എന്ത് പറഞ്ഞ് പേടിപ്പിക്കാൻ…താൻ തോറ്റാലും തന്റെ വീട്ടുകാർ തോൽക്കരുത് എന്ന് ചിന്തിക്കുന്ന ഈ പെണ്ണിന്റ മനസ്സിന് മുന്നിൽ തോറ്റത് ഞാൻ അല്ലെ..അതുകൊണ്ട് കണ്ണൊക്കെ തുടച്ചു നല്ല കുട്ടിയായി വാ.

ചുമ്മാ പഴങ്കഥയും പ്രതികാരവുമായി വെറുതെ ആദ്യരാത്രി എന്തിന് കളയണം..ഇതൊക്കെ ജീവിതത്തിൽ ഒരിക്കലേ കിട്ടൂ..”

എന്നും പറഞ്ഞവൻ അവളെ ചേർത്ത് പിടിക്കുമ്പോൾ അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു,…

“പുലിപോലെ വന്നത് എലിപോലെ പോയത് നന്നായി….ഇല്ലെങ്കിൽ……..!!”

✍️ ദേവൻ