കാരണം ആരും സംസാരിക്കാനില്ലാതെ അനുഭവപെടുന്ന വാർദ്ധക്യത്തിന്റെ കടുത്ത ഏകാന്തതയുണ്ടല്ലൊ. ഭീകരമാണ് അത്….

അമ്മയുമായി ഒരു സൊറ പറച്ചിൽ….

Story written by Suresh Menon

================

അടുത്തതായി “അന്ന് നമ്മൾ കണ്ടപ്പോൾ” എന്ന പേരിൽ ദുബായി മലയാളി സമാജം സംഘടിപ്പിക്കുന്ന ഈ സൗഹൃദ കൂട്ടായ്മയുടെ മുഖ്യാതിഥിയായി നമ്മുടെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തിയ ലോകം മുഴുവൻ അറിയപ്പെടുന്ന ബിസിനസ്സ് ശൃംഖലയുടെ അമരക്കാരനായ ശ്രീ ജോൺ സക്കറിയക്ക് ഈ സദസ്സിനോട് പറയാനുള്ള തെന്തെന്ന് നമുക്ക് കേൾക്കാം….അദ്ദേഹത്തെ ഈ വേദിയിലേക്ക് ക്ഷണിക്കുന്നു…അദ്ദേഹത്തെ  അനുഗമിക്കുന്നത് ദുബായ് മലയാളി സമാജം പ്രസിഡണ്ട് ശ്രീ അരുൺ രാജഗോപാൽ “

ഒരു വലിയ കയ്യടിയോടെ സദസ്സ് ജോൺ സക്കറിയയെ എതിരേറ്റു. കൂടെ അരുൺ രാജഗോപാലും. മൈക്കിന് മുന്നിൽ വന്നു നിന്ന ജോൺ സക്കറിയ വിശാലമായ ആ സദസ്സിനെ നോക്കി കൈകൂപ്പി…നിറഞ്ഞു തിങ്ങിയ ഒരു സദസ്സ്….ജോൺ സക്കറിയ പതിയെ തുടങ്ങി…

“ഇത്രയും വലിയൊരു സദസ്സിനെ കണ്ടപ്പോൾ എനിക്കൊന്നെ പറയാനുള്ളു….തുടക്കത്തിൽ തന്നെ നിങ്ങളുടെ ഒരു കൈയ്യടി നേടാൻ കഴിഞ്ഞില്ലെങ്കിൽ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. അതിനാൽ തുടക്കം തന്നെ ഞാനൊരു കാര്യം പറയട്ടെ,  ഈ സദസ്സിന്റെ മുൻ നിരയിലിരിക്കുന്ന എന്റെ പ്രിയപ്പെട്ട ഭാര്യ നീന ജോൺ സക്കറിയയുടെ പിറന്നാളാണിന്ന്….”

ഇത് കേട്ട വഴി തിങ്ങി നിറഞ്ഞ സദസ്സിൽ നിന്ന് കയ്യടിയുടെ പ്രവാഹമായിരുന്നു….

“ഇതിലും വലിയൊരു സമ്മാനം ഇനി എന്റെ ഭാര്യക്ക് നൽകാനില്ല…ഞാൻ അവൾക്ക് വില കൂടിയ എന്ത് നൽകിയാലും ഈ കയ്യടിയോടൊപ്പം വരില്ല….സത്യമല്ലെ … “

സദസ്സിൽ നിന്നും വീണ്ടും കയ്യടി….ഇത് കേട്ട നീന എഴുന്നേറ്റ് നിന്ന് സദസ്സിനെ നോക്കി വണങ്ങി…

“ഇപ്പൊ ഞാനും നിങ്ങളും തമ്മിൽ കണ്ടു അടുത്തു. പരിചയപ്പെട്ടു. നല്ല സുഹൃത്തുക്കളായി. അന്ന് നമ്മൾ കണ്ടപ്പോൾ എന്ന ഈ സൗഹൃദ കൂട്ടായ്മക്ക് ഒരർത്ഥമുണ്ടായി..ഇനി എനിക്ക് ആത്മവിശ്വാസത്തോടെ സംസാരിക്കാം..അല്ലെ ..”

അതെ എന്നർത്ഥത്തിൽ സദസ്സിൽ പലരും തലയാട്ടി..വളരെ എളുപ്പത്തിൽ ജോൺ സക്കറിയ സദസ്സിനെ കൈയ്യിലെടുത്തു.

“ഇപ്പോൾ നമ്മൾ മനുഷ്യർ അപൂർവ്വമായെ മുഖാമുഖം കാണാറുള്ളു…അല്ലെ….കണ്ണുകളിലൂട കണ്ട് സംസാരങ്ങളിലൂടെ പരിചയപെട്ട് മനസ്സുകൊണ്ട് അടുക്കുന്ന ഒരു സൗഹൃദം ഇന്ന് വളരെ വിരളമാണ്. ഈ എല്ലാ പ്രവൃത്തിയും ഇന്ന് ഇവൻ ചെയ്യും നമ്മുടെ ഈ ചൂണ്ട് വിരൽ…..അല്ലെ ….”

തന്റെ ചൂണ്ട് വിരൽ പൊക്കി കാണിച്ചു കൊണ്ട് സദസ്സിനോടായി ജോൺ സക്കറിയ ചോദിച്ചു അതെ എന്നർത്ഥത്തിൽ വീണ്ടും പലരും തലയാട്ടി…

“എന്നാൽ ചൂണ്ട് വിരൽ പ്രയോഗം കാര്യമായി ഇല്ലാതിരുന്ന ഒരു കാലത്ത് ഞങ്ങളുടെ കൊച്ചു നാട്ടിൽ ഞങ്ങൾ സുഹൃത്തുക്കൾ പരസ്പരം ഏതെങ്കിലും മരത്തിന്റെ ചുവട്ടിലൊ ഓവുപാലത്തിന്റെ മുകളിലൊ ഒത്തു കൂടും സൊറ പറയാൻ…ഒരു വല്ലാത്ത സുഖമാണത്… “

“ഇനി ഞാനൊരു കഥ പറയാം…..എന്റെ ജീവിതം മാറി മറഞ്ഞ കഥ “

ബിടെക് പാസ്സായ എന്റെ മിക്കവാറും കൂട്ടുകാർക്ക് പല പല വലിയ കമ്പനികളിൽ പ്ലേസ് മന്റ് ആയി….പലരും പോയിക്കഴിഞ്ഞപ്പോൾ ഞങ്ങളുടെ സൊറ പറയുന്ന ഗ്യാങ്ങ് വല്ലാതെയങ്ങ് ശുഷ്കിച്ചു. അവസാനം ജോലി ലഭിക്കാത്ത ഞാൻ മാത്രമായി ആ കൂട്ടത്തിൽ…പക്ഷെ അതെന്നെ കാര്യമായി വേദനിപ്പിച്ചില്ല. എന്നാൽ ഒരു നല്ല കമ്പനിയിൽ കൊള്ളാവുന്ന ശമ്പളം മേടിക്കുന്ന ഒരു സുഹൃത്ത് നാട്ടിൽ ലീവിൽ വന്നപ്പോൾ അവൻഎന്നെ കാണാൻ വന്നു…നല്ല ശമ്പളവും ജോലിയുമെല്ലാമായ അവന് നാട്ടിൽ വന്ന് ഒരു ജോലിയും കൂലിയുമില്ലാതെയിരിക്കുന്ന എന്നെ കണ്ടപ്പോൾ ഒരു പുഛം പോലെ…ഞാനത് കാര്യമാക്കിയില്ല…..എന്നാൽ വല്ലാതെ സർക്കാസ്റ്റിക്കായി അവൻ എന്നോട് സംസാരിച്ചപ്പോൾ സത്യത്തിൽ എനിക്ക് കരയാനാണ് തോന്നിയത്….ഞാൻ ഇന്നും ഓർക്കുന്നു അവന്റെ വാക്കുകൾ….

“ടാ നിനക്കിനിയും ജോലിയൊന്നുമായില്ലെ….എങ്കിൽ നല്ല സ്കോപ്പുള്ള ഒരു പണി ഞാൻ പറയാം. ഹോം നഴ്സ്. വയസ്സായ ആൾക്കാരെ പരിചരി.ക്കുക അത്യാവിശ്യം അ പ്പിയും മൂ ത്രവും കോരേണ്ടിവരും…പിന്നെ ഫ്രീ ഫുഡ് ആൻഡ് അക്കോമഡേഷൻ….വെറുതെ നേരം കളയാതെ പത്ത് കാശുണ്ടാക്കാൻ നോക്കെടാ…..”

അവനത് ന്റെ മുഖത്ത് നോക്കി പറഞ്ഞ് വില കൂടിയ ബൈക്കിൽ മുന്നോട്ട് പറപ്പിച്ചു പോയപ്പോൾ ഞാൻ വല്ലാത്തൊരവസ്ഥയിലായിരുന്നു പിന്നെ നടന്നത് ഒരു സിനിമ പോലെ ഇന്നും എന്റെ മനസ്സിൽ ഉണ്ട്…

…………………..

ജോൺ സക്കറിയ വീട്ടിലെത്തിയപ്പോൾ സമയം ഏതാണ്ട് രാത്രി ഒമ്പത് കഴിഞ്ഞിരുന്നു. അപ്പൻ സക്കറിയ വരാന്തയിലിരുന്ന് പേപ്പർ വായിക്കുകയായിരുന്നു…ജോൺ അകത്ത് കയറി. അമ്മ കിടക്കുന്ന മുറിയുടെ വാതിൽ പതിയെ തുറന്നു. നല്ല ഉറക്കമാണ്..ഈ വീട് മുഴുവൻ ഓടി നടന്ന് ഭരിച്ചിരുന്ന അമ്മയാണ്. ഒട്ടും പ്രതീക്ഷിക്കാതെ ഒരു വശം തളർന്നു പോയി. പിന്നെ ഒരേ കിടപ്പാണ്. അച്ഛനാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്. വേറെ ആര് നോക്കുന്നതും അമ്മക്കിഷ്ടമല്ല. ജോൺ തന്റെ മുറിയിലേക്ക് നടന്നു. ഒന്നിനും ഒരുഷാർ തോന്നുന്നില്ല. മേശമേൽ കൈകൾ വച്ച് അതിൽ  മുഖമമർത്തിയിരുന്നു. ചുമലിൽ ആരോ കൈ വച്ചതറിഞ്ഞപ്പോൾ പതിയെ തലയുയർത്തി നോക്കി…അപ്പച്ഛൻ….എഴുന്നേൽക്കാൻ ശ്രമിച്ചു.

“നൊ നൊ നൊ….സിറ്റ് സിറ്റ് … “

റിട്ടയർഡ് മിലിറ്ററി ഓഫീസറായത് കൊണ്ടാണൊ എന്നറിയില്ല സക്കറിയയുടെ നാവിൽ നിന്ന് അധികവും ഇംഗ്ലീഷെ വരു….

“ജോൺ..നീ വന്നത് മുതലെ നിന്നെ ഞാൻ ശ്രദ്ധിക്കുന്നു. യു ലുക്ക് സൊ കൺഫ്യൂസ്ഡ്…എന്ത് പറ്റി മോനെ “

ജോൺ ആദ്യം ഒന്നും മിണ്ടിയില്ല പിന്നെ പതിയെ അന്ന് നടന്ന കാര്യങ്ങൾ അപ്പച്ഛനെ പറഞ്ഞു കേൾപ്പിച്ചു.

“ഒരു ജോലി ആവാത്തതിൽ നീ ഇത്രമാത്രം confused ആകേണ്ട കാര്യമെന്താ ….”

കുറച്ചു നേരത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല.

“ജോൺ , ഷാൽ ഐ ടെൽ യു സംതിങ്ങ്” ഒന്ന് നിർത്തി സക്കറിയ തുടങ്ങി

“ഐഫീൽ….നിന്റെ സുഹൃത്ത് നിനക്കായി തന്ന ഓഫർ ഈസ് വൺ ഓഫ് ദ ബെസ്റ്റ്. നമ്മൾ ഇന്ന ജോലിയെ ചെയ്യാവു എന്നൊന്നും ഇല്ല. നമുക്ക് ഇഷ്ടമുള്ള ജോലി. ഇറ്റ്സ് അവർ ചോയ്സ് ….”

ഒന്നും മനസ്സിലാകാത്തത് പോലെ ജോൺ അപ്പച്ഛനെ നോക്കി

“ജോൺ ആർ യു റെഡിറ്റു ടേക്ക് ദിസ് ഏസ് എ ചാലഞ്ച് “

ജോണിന്റെ നെറ്റിചുളിഞ്ഞു…..

“നിന്റെ സുഹൃത്ത് പറഞ്ഞ ആ ഓഫർ…ഹോം നഴ്സ്. ഇഫ് യു ആർ വില്ലിങ്ങ്. ഐ വിൽ ഗിവ് യു മൈ  ഫസ്റ്റ് അസൈൻമെന്റ് ആസ് ഏൻ ഹോം നഴ്സ്” ജോൺ ശ്രദ്ധയോടെ കേട്ടിരുന്നു…

“ഞാൻ പറയുന്നത് നിനക്ക് മനസ്സിലായിക്കാണുമെന്ന് കരുതുന്നു….25000 രൂപ ശമ്പളം. അക്കോമഡേഷൻ ഫുഡ് ഫ്രീ…നിന്റെ ആദ്യത്തെ പേഷ്യന്റ് നിന്റെ സ്വന്തം അമ്മ ….”

“അപ്പ ച്ഛാ” ജോൺ അറിയാതെ ഉറക്കെ വിളിച്ചു പോയി

“ഡോണ്ട് ബി സോ ഇമോഷണൽ…നിനക്ക് ഒരാഴ്ച സമയം തരുന്നു. ആലോചിക്ക്. ഇഫ് യു ആർ വില്ലിംങ്ങ് യു കേൻ സൈൻ ദ അഗ്രിമെന്റ്. ഒരു കാര്യത്തിൽ ഞാൻ കണിശക്കാരനാണ്. ജോലിയിൽ യു മസ്റ്റ് ബി സിൻസിയർ…അത് സ്വന്തം അമ്മയായാലും മറ്റൊരമ്മയായാലും “

വളരെ വികാരഭരിതനായി ഇത്രയും കാര്യങ്ങൾ ജോൺ സക്കറിയ മൈക്കിലൂടെ പറഞ്ഞപ്പോൾ ആ വലിയ സദസ്സ് തികഞ്ഞ നിശബ്ദതയിലായിരുന്നു.

“പ്രിയപെട്ട കൂട്ടുകാരെ ഒരാഴ്ച ഞാൻ തികച്ചില്ല. രണ്ട് ദിവസത്തിനുള്ളിൽ ഞാൻ അപ്പച്ഛന്റെ agreement സൈൻ ചെയ്തു. ആദ്യം എന്റെ അമ്മ…ആ ഒരമ്മയിൽ നിന്ന് മറ്റൊരമ്മ അവിടെ നിന്ന് നിന്ന് നൂറ് കണക്കിന് ആരും നോക്കാനില്ലാത്ത മാതാപിതാക്കൾ….ഫെതർ ടച്ച് അഥവാ തൂവൽസ്പർശം എന്ന എന്റെ സ്ഥാപനം വളരുകയായിരുന്നു….

ഇന്ന് ഇന്ത്യയിൽ പലയിടങ്ങളിലുമായി നിലകൊള്ളുന്ന എന്റെ സ്ഥാപനം നാലായിരത്തി ഇരുനൂറ് വൃദ്ധരായ മാതാപിതാക്കൾക്ക് അഭയം നൽകുന്നു….കൂടെ…..ആരോരുമില്ലാത്ത 350  കുട്ടികളെ ഞങ്ങൾ എടുത്ത് വളർന്നു…അഭിമാനത്തോടെ പറയട്ടെ അതിൽ രണ്ടു കുട്ടികൾ നാളെ IAS പരീക്ഷ എഴുതാൻ പോകയാണ് …..”

സദസ്സിൽ നിന്ന് വീണ്ടും കയ്യടി….

“ഇന്ന് എന്റെ അപ്പൻ എന്നോടൊപ്പമില്ല. എന്നാൽ 88 വയസ്സായ എന്റെ അമ്മ ഇന്നും എന്നോടൊപ്പമുണ്ട്. ഇത്രയും നേരം ഞാൻ എങ്ങിനെ ഇന്നത്തെ ഞാനായി എന്നാണ് നിങ്ങളോട് പറഞ്ഞത്. പക്ഷെ എനിക്കറിയാം ഇന്ന് ഒരു സിനിമയൊ കഥയൊ വിജയിക്കണമെങ്കിൽ ഒരു ട്വിസ്റ്റ് അത്യന്താപേക്ഷിതമാണ് അല്ലെ….എങ്കിലെ climax വിജയിക്കു….സത്യമല്ലെ …..”

അതെ എന്നർത്ഥത്തിൽ സദസ്സിൽ ഇരുന്ന പലരു തലയാട്ടി…സദസ്സ് വളരെ ആകാംക്ഷയോടെ ജോൺ സക്കറിയായുടെ ഓരോ വരികളും ശ്രദ്ധിക്കുകയായിരുന്നു.

“എങ്കിൽ ഞാനത് പറയാം…എന്റെ ജീവിതത്തിലെ ആ ട്വിസ്റ്റിന് സഹായിച്ചത്….

ജോലിയില്ലാത്ത എന്റെ മുഖത്ത് നോക്കി കളിയാക്കിയ ആ സുഹൃത്ത് ആണ്….ഹോം നഴ്സ് എന്ന ആശയം എന്റെ മനസ്സിലേക്ക് ഇട്ട് തന്നത്…മറ്റാരുമല്ല ….” അന്ന് നമ്മൾ കണ്ടപ്പോൾ ” എന്ന സൗഹൃദ മാമാങ്കത്തിന് മുൻകൈയ്യെടുത്ത എന്നെ ഇതിന്റെ മുഖ്യാതിഥിയായി ക്ഷണിച്ച ദുബായ് മലയാളി സമാജത്തിന്റെ നിങ്ങളുടെ പ്രിയപെട്ട പ്രസിഡണ്ട് ശ്രീ അരുൺ രാജഗോപാൽ “

ഒരു നിമിഷം സദസ്സ്  വീണ്ടും നിശബ്ദമായി….

“ഒരു മനുഷ്യന് തെറ്റുപറ്റാം…ആർക്കും പറ്റാം…എനിക്കും തെറ്റുകൾ പറ്റിയിട്ടുണ്ട്. എന്നാൽ അത് തിരിച്ചറിയുന്നിടത്തും അത് തിരുത്തി മുന്നോട്ട് പോകുന്നതിലുമാണ് ഒരു മനുഷ്യൻ വലുതാകുന്നത്. അത് തിരിച്ചറിഞ്ഞവനാണ് അരുൺ….അതുകൊണ്ട് തന്നെയാണ് എന്റെ വളർച്ച സന്തോഷത്തോടെ നോക്കിക്കണ്ട അവൻ ഈ കൂട്ടായ്മക്ക് എന്നെ ക്ഷണിച്ചപ്പോൾഎന്റെ മുന്നിൽ ഒരേ ഒരു നിബന്ധനയാണ് വെച്ചത്….നമ്മുടെ കഥ ദുബായിലെ ആ പ്രൗഢമായ സദസ്സിന് മുന്നിൽ നീ തുറന്ന് പറയണം. അത് എന്റെ ഒരു കുമ്പസാരമായി കാണരുത്. മറിച്ച് ഈ നന്മയുള്ള കഥക്ക് ഞാൻ ഒരു നിമിത്തമാകണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട് “

അത് കേട്ട സദസ്സ് തങ്ങളുടെ പ്രിയപെട്ട പ്രസിഡന്റിന് നിർത്താതെ കയ്യടി നൽകി. നിറഞ്ഞ തന്റെ കണ്ണുകൾ കൈകൾ കൊണ്ട് തുടച്ച് അരുൺ സദസ്സിനെ നോക്കി കൈകൾ കൂപ്പി….

“എന്റെ വാക്കുകൾ അവസാനിക്കുന്നതിന് മുൻപ് നിങ്ങളോട് രണ്ടു വരി കൂടി എനിക്ക് പറയണം “

ജോൺ സക്കറിയ തുടർന്നു…

“ഇന്നിവിടെ ദുബായിൽ തടിച്ചു കൂടിയ ഈ സദസ്സിലെ പലരുടെയും മാതാപിതാക്കൾ ഞങ്ങളുടെ സ്ഥാപനങ്ങളിൽ സുഖമായി കഴിയുന്നുണ്ട്. നിങ്ങളോട് എനിക്ക് ഇത്രമാത്രമെ പറയാനുള്ളു. നാട്ടിൽ വരുമ്പോൾ മൂന്നാറും ഇടുക്കിയും ദൽഹിയും പല പുണ്യസ്ഥലങ്ങളും നിങ്ങൾ സന്ദർശിക്കും…കൂട്ടു കൂടും. ആനന്ദിക്കും. നിങ്ങൾ ഒരു ദിവസം….ഒരേ ഒരു ദിവസം….നിർബ്ബന്ധമായും ഇത്തരം ശരണാലയങ്ങളിൽ താമസിക്കുന്ന വൃദ്ധന്മാരെ വന്ന് ഒന്ന്കാണണം. അവർക്ക് നിങ്ങളുടെ പണം വേണ്ട…നിങ്ങൾ നൽകുന്ന വിലയേറിയ സമ്മാനങ്ങൾ വേണ്ട. മറിച്ച് നിങ്ങൾ അവിടെ വന്ന് അവരോടൊപ്പമിരുന്ന് ഒന്ന് സൊറ പറഞ്ഞാൽ മതി….അവരോടൊപ്പമിരുന്ന് നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും രാഷ്ട്രീയവും സാഹിത്യവും മനസ്സ് തുറന്ന് ഒന്ന് സംസാരിച്ചാ മതി….അവർക്കത് മതി…അത് മാത്രം…

കാരണം ആരും സംസാരിക്കാനില്ലാതെ അനുഭവപെടുന്ന വാർദ്ധക്യത്തിന്റെ കടുത്ത ഏകാന്തതയുണ്ടല്ലൊ. ഭീകരമാണ് അത്.”

ജോൺ സക്കറിയയുടെ തൊണ്ട ഇടറി..പതിയെ നിർത്തി….ഒരു നിമിഷം…

“നിങ്ങൾ വരണം….അവരുമായി സംസാരിക്കണം എങ്കിലെ “അന്ന് നാം കണ്ടപ്പോൾ ” എന്ന ഈ കൂട്ടായ്മക്ക് ജീവനുണ്ടാകു… ” ഇടറിയ തൊണ്ടയോടെ ജോൺ സക്കറിയ പറഞ്ഞു നിർത്തി

സൂചി വീണാൽ കേൾക്കുന്ന തരത്തിൽ സദസ്സ് നിശ്ചലമായിരുന്നു…ജോൺ സക്കറിയയുടെ ആ വരികൾ അവിടെ കൂടിയിരിക്കുന്ന പലരുടെയും മനസ്സിലാണ് തറച്ചത്….

പതിയെ ആ സദസ്സ് മുഴുവനായി എഴുന്നേറ്റു. ഒരു നീണ്ട കരഘോഷമായിരുന്നു പിന്നീട്…ആ കരഘോഷത്തിനിടയിലും സദസ്സിൽ പലരും നിറഞ്ഞു തുളുമ്പുന്ന തങ്ങളുടെ കണ്ണുകൾ ആരും കാണാതെ തുടക്കുന്നുണ്ടായിരുന്നു….

ആ കണ്ണീരിന് ഒരു പാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു….

(അവസാനിച്ചു)