ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു..മോളോട് ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല മോളേ…

പുലരിയിൽ…പുതുമഴയായ്…

Story written by Unni K Parthan

===============

വിഷമം ആയതു കൊണ്ടല്ല പവിയേട്ടാ..പക്ഷേ..അമ്മ അങ്ങനെ ഒരിക്കലും പറയുമെന്ന് കരുതിയില്ല…കെട്ടി കേറി വന്നിട്ട് വർഷം ഏഴു കഴിഞ്ഞു..ഇന്നോളം അരുതാത്ത ഒരു വാക്ക് കൊണ്ട് പോലും അമ്മ നോവിച്ചിട്ടില്ല എന്നേ..ഇതിപ്പോ..എല്ലാരുടെയും മുന്നിൽ വെച്ച്…ഇങ്ങനെ പറഞ്ഞപ്പോൾ…എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ഏട്ടാ..അതാണ്..ഞാൻ കൂടെ വരാതെ തിരിച്ചു കയറിയത്…

ജയേ…ഡീ…ഡീ നീ കരയല്ലേ പെണ്ണേ…ഞാനും കരുതിയില്ല അമ്മ അങ്ങനെ പറയുമെന്ന്…പോട്ടെ…മ്മടെ അമ്മയല്ലേ…നീ ക്ഷെമിക്കു..ജയയുടെ നെറ്റിയിൽ ചുണ്ടമർത്തി കൊണ്ട് പവിത്രൻ പറഞ്ഞു..

നീ ഇങ്ങനെ കെടുക്കല്ലേ…എണിറ്റു അടുക്കളയിൽ ചെല്ല്..ന്റെ പെണ്ണല്ലേ നീ..പിന്നെ ന്തിനാ ഈ വിഷമം..ഇഷ്ടമായിരുന്നു ഞാനും മീനുവും തമ്മിൽ..പറഞ്ഞു വരുമ്പോൾ അവളെന്റെ മുറപ്പെണ്ണും..പക്ഷേ..ന്തോ..കാരണം കൊണ്ട് അത് നടന്നില്ല..പക്ഷേ..അമ്മ അത് ഇങ്ങനെ തിരിച്ചു വിടുമെന്ന് ഞാനും കരുതിയില്ല..നീ കരയല്ലേ..എണിറ്റു വാ..നീ ഇങ്ങനെ ഇരുന്നാൽ എനിക്ക് വലിയ സങ്കടം ആവുട്ടാ..നെറ്റിയിലേക്ക് ഒന്നുടെ ചുണ്ടമർത്തി കൊണ്ട് പവിത്രൻ പറഞ്ഞു…

കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ട് ജയ എഴുന്നേറ്റു ബാത്‌റൂമിൽ കയറി ഡോർ അടച്ചു…കുറച്ചു നേരം കണ്ണാടിയിലേക്കു നോക്കി അവൾ നിന്നു..ടാപ് തുറന്നു കുറച്ചു വെള്ളം മുഖത്തേക്ക് തളിച്ചു..കുറച്ചു നേരം മുഖം താഴേക്കു താഴ്ത്തി നിന്നു..വീണ്ടും കുറച്ചു വെള്ളം കൂടി മുഖത്തേക്ക് ശക്തിയായി തെളിച്ചു..ഹാങ്ങറിൽ നിന്നും തോർത്ത്‌ മുണ്ട് എടുത്തു മുഖം തുടച്ചു പുറത്തേക്ക് ഇറങ്ങി…

നീ ചെന്നു ഒരു ചായ ഇട്ടേച്ചും വാ…എല്ലാരും പോയി….പവിത്രൻ അവളെ നോക്കി പറഞ്ഞിട്ട്..കയ്യിൽ മുറുക്കി പിടിച്ചു..ചെല്ല്…

കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു…ജയ അടുക്കളയിലേക്ക് ചെന്നു..

ചായ പാത്രം എടുത്തു കുറച്ചു വെള്ളം ഒഴിച്ച് ഗ്യാസ് അടുപ്പിൽ വെച്ച്..ഗ്യാസ് ഓൺ ചെയ്തു….ന്തെക്കൊയോ ആലോചിച്ചു കൊണ്ട് അവൾ ജനാലയിലൂടെ വെളിയിലേക്ക് നോക്കി നിന്നു..

മോളേ…വിളിയൊച്ച  കേട്ട് ജയ തിരിഞ്ഞു നോക്കി..

അമ്മ….

അവൾ ഉള്ളിൽ പറഞ്ഞു..

മോൾക്ക്‌ വല്ലാത്ത സങ്കടം ആയിലേ…ജയയുടെ താടി ഉയർത്തി കൊണ്ട് നിർമല ചോദിച്ചു…

അത്..പിന്നെ..അമ്മേ..

ജയ ഇപ്പൊ വിമ്മി പൊട്ടും എന്ന രീതിയിൽ ആയി…

ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു..മോളോട് ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല മോളേ…തിളച്ചു വന്ന വെള്ളത്തിലേക്ക് ചായപ്പൊടി ഇടുന്ന ജയയെ നോക്കി നിർമല പറഞ്ഞു…

അറിയാം..അമ്മേ..എന്നാലും കേട്ടപ്പോൾ ഒരു വിഷമം..വർഷം ഇത്ര കഴിഞ്ഞിട്ടും എനിക്ക് അമ്മയുടെ മോളാവാൻ കഴിഞ്ഞില്ല ലോ എന്നുള്ള ചങ്ക് പൊട്ടുന്ന സങ്കടം..അത് എനിക്ക് ഒതുക്കാൻ കഴിഞ്ഞില്ലമ്മേ..അതാണ്..ഞാൻ പെട്ടന്ന് പൊട്ടി കരഞ്ഞത്..

ആ വാക്കുകൾ ഇപ്പോളും ന്റെ ചെവിയിൽ ഉണ്ട് അമ്മേ..

“നിനക്കായ്‌ മാറ്റിവെച്ച സ്ഥാനമാണ് ട്ടോ മീനു..ദേ…ഈ പെണ്ണ് കേറി അങ്ങ് തട്ടി എടുത്തത്…മോൾക്ക്‌ ഇപ്പൊ എത്രാ കുട്ടികൾ…ഇവിടെ പിന്നേ ഞങ്ങൾക്ക് ആ ഭാഗ്യം ഉണ്ടായിട്ടില്ല ട്ടോ..നേർച്ചയും വഴിപാട്മായി കൊറേ നടന്നു…ഒടുവിൽ എനിക്കും മടുത്തു…ഇപ്പൊ ഞാൻ എങ്ങും പോകാതെയായി..ചിലർക്കു ചിലപ്പോൾ ഇതൊന്നും വിധിച്ചു കാണില്ല ന്നേ…മോള് ഭാഗ്യം ചെയ്ത കുട്ടിയാ…ഈശ്വരൻ ഒരു ആണിനേയും പെണ്ണിനേയും തന്നില്ലേ…ഇവിടെ വളരേണ്ട കുട്ടികൾ… “

മുഴുമിപ്പിക്കാതെ നിർമല അത് പറഞ്ഞു നിർത്തുമ്പോൾ ഹാളിൽ സൂചി വീണാൽ കേൾക്കുന്ന നിശബ്ദത…പിന്നീട് കേട്ടത് ഒരു ഏങ്ങൽ ആയിരുന്നു…

വിതുമ്പി കൊണ്ട് തിരിഞ്ഞോടുന്ന ജയയെ നോക്കി എല്ലാരും സ്തംഭിച്ചു നിന്നു…

അമ്മേ…എന്റെ കുറ്റമാണ്…ഒരു കുഞ്ഞി കാല് നിങ്ങൾക്ക് തരാൻ കഴിയാത്ത ന്റെ ജന്മം…അതൊരു പാഴ് ജന്മം തന്നെയാ…അറിയാതെ ആണേലും..ന്റെ നെഞ്ചിൽ ഇടക്ക് ഒരു വിങ്ങൽ ഉണ്ടാകും..പല്ലില്ലാ മോണകാട്ടി ചിരിക്കുന്ന കുരുന്നുകളെ കാണുമ്പോൾ..സ്കൂൾ വിട്ട് കുട്ടികൾ വരുന്നത് കാണുമ്പോൾ..മുലപ്പാൽ വരില്ലയെങ്കിലും.അറിയാതെ ചുരത്തി പോകുമോ എന്ന് അറിയാൻ..ഞാൻ ഒന്ന് കണ്ണടച്ചു നിൽക്കുന്ന നിമിഷങ്ങൾ ഒരുപാട് ഒരുപാട് ഉണ്ടായിട്ടുണ്ട്..മാസമുറ തെറ്റുന്ന മാസങ്ങളിൽ ഒരു വേവലാതി ആണ്…ഓരോ ദിവസങ്ങളും ഒന്നുടെ..ഒന്നുടെ എന്ന് പ്രാർത്ഥനയോടെ എഴുന്നേറ്റു പോകുന്ന നിമിഷങ്ങൾ..പക്ഷേ…അവസാനം അടിവയറിൽ കൊളത്തി പിടിക്കുന്ന ആ വേദന വരുമ്പോൾ..സ്വയം ശപിച്ചു പോകും…ന്തിനാ ഈ ജന്മം എന്ന് പഴിച്ചു പോകും…ആ വിങ്ങൽ ഉണ്ടല്ലോ…നോവുകൊണ്ടു കുടിൽ കെട്ടി..മേൽക്കൂര ഉറപ്പില്ലാതെ തകർന്ന് വീണുപോകുന്ന..എന്റെ അടിവയറിന്റെ ആ വിങ്ങുന്ന വേദനയെ..എനിക്ക് എന്നും വെറുപ്പായിരുന്നു…ഒടുവിൽ.. ഒരു പുലരി എനിക്കായി വിടരുമെന്നു സ്വപ്നം കണ്ട്..ഞാൻ..ഞാൻ…

വിമ്മി പൊട്ടി കൊണ്ട് നിർത്തി ജയ…

മോളേ…ഒരിക്കലും അമ്മ വേറെ ഒരു അർത്ഥത്തിലും പറഞ്ഞതല്ലേ മോളേ…പെട്ടന്ന് മീനുവിനെ കണ്ടപ്പോൾ..അറിയാതെ വന്നു പോയി…മോള് എന്നോട് ക്ഷെമിക്കണം..വേറെ വേറെ കണ്ടിട്ടില്ല മോളേ…അറിയാതെ..വന്നു പോയി…ജയയെ ചേർത്ത് മുറുക്കി കെട്ടിപിടിച്ചു കൊണ്ട് നിർമല പറഞ്ഞു…

അറിയാം അമ്മേ..എനിക്കെന്റെ അമ്മയേ..വേറെ ആരു പറഞ്ഞാലും എനിക്ക് വിഷമമില്ലായിരുന്നു…

പോട്ടെ മോളേ..മോൾടെ അമ്മയല്ലേ…

ജയയുടെ തല താഴ്ത്തി നെറ്റിയിൽ ചുണ്ടമർത്തി നിർമല….

അമ്മേ…ചായ കുടിക്ക്…പകർത്തി വെച്ച ചായ എടുത്തു കൊടുത്തു ജയ..

മുഖം ഒന്നുടെ അമർത്തി തുടച്ചു…

അമ്മയോട് ഒരു കാര്യം പറഞ്ഞോട്ടെ ഞാൻ….

മ്മ്…

മോൾക്ക്‌ എന്നോട് ന്തും പറയാലോ…

ഇനി എന്നെങ്കിലും ഒരു കുഞ്ഞിക്കാല് ഈ വീട്ടിൽ വരാൻ പോണ് എന്ന് പറഞ്ഞാൽ..അമ്മ ചടങ്ങു പോലെ എന്റെ വീട്ടിലേക്ക് പറഞ്ഞയക്കോ…ന്റെ മോളേ..അങ്ങനെ എങ്ങാനും ഉണ്ടെന്ന് അറിഞ്ഞാൽ…പ്രസവോം കഴിഞ്ഞ് കൊച്ചിന്റെ പേര് വിളിയും കഴിഞ്ഞേ മോള് മോൾടെ വീട് കാണു.

എങ്കിലേ….രണ്ടു ദിവസം ആയി എനിക്കൊരു സംശയം…അത് അമ്മയോട് ഇന്ന് പോയി വന്നിട്ട് പറയണം എന്നായിരുന്നു ആഗ്രഹം..പക്ഷേ അപ്പോളേക്കും…

സത്യമാണോ മോളേ…വിശ്വാസം വരാത്തത് പോലെ നിർമല ചോദിച്ചു…

മ്മ്..പവിയേട്ടനോട് പോലും ഞാൻ പറഞ്ഞില്ല അമ്മേ…ഏട്ടൻ അറിയാതെ ഞാൻ വീട്ടിൽ വാങ്ങി കൊണ്ട് വന്നു മൂന്ന് വട്ടം ടെസ്റ്റ്‌ ചെയ്തു…പോസറ്റീവ് ആണ് ന്നു തോന്നുന്നു അമ്മേ….

സന്തോഷത്തോടെ…അതിലേറെ അഭിമാനത്തോടെ ആയിരുന്നു ജയയുടെ ശബ്ദം പുറത്തേക്ക് വന്നത്….

അമ്മ ഒരു മുത്തശ്ശി ആവാൻ പോകുന്നു ന്നു തോന്നുന്നു…

ചിരിച്ചു കൊണ്ട് ജയ അത് പറയുമ്പോൾ..അടുക്കളയിലേക്ക് വന്ന പവിത്രന്റെ കാതിലേക്ക് ഒരു കുളിർമഴ പോലെ ആ വാക്കുകൾ പെയ്തിറങ്ങി…

ശുഭം..

~Unni K Parthan