പറഞ്ഞതെല്ലാം അവളിൽ നിന്ന് അറിയുമ്പോൾ എന്ത് പറഞ്ഞവളെ സമാധാനിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു അവൻ….

പ്രണയശിഖാ…

എഴുത്ത് : മഹാ ദേവൻ

===================

ഇവൾ ശിഖ.

ഇത് ഇവളുടെ കഥയാണ്. ജീവിതത്തിൽ എവിടെയോ കണക്കുകൂട്ടലുകൾ പിഴച്ചുപോയതിന്റെ പേരിൽ സ്വയം ഉരുകുന്ന ഈ കഥയിലെ നായിക.

ഇവൾ ജനിച്ച ദിവസം തന്നെ പ്രസവത്തോടെ അമ്മ മരിക്കുമ്പോൾ ആ കുഞ്ഞിന്റെ അച്ഛൻ സ്വന്തം ഏട്ടൻ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ വേറെ ഭാര്യയും മക്കളുമുള്ള പട്ടാളക്കാരനായ ഏട്ടന്റെ സമൂഹത്തിലുള്ള മാന്യത കാക്കാൻ മറ്റുള്ളവർക്ക് മുന്നിൽ അവളെ സ്വന്തം മകളെ പോലെ വളർത്തിയത് അനിയനായ വിഷ്ണു ആയിരുന്നു .

ഓർമ്മ വെച്ച കാലം മുതൽ സ്വന്തം അച്ഛൻ കണ്മുന്നിൽ ഉണ്ടായിട്ടും ചെറിയച്ഛനെ അച്ഛാ എന്ന് വിളിച്ചു വളർന്ന ബാല്യം.

പക്ഷേ, അതോടൊപ്പം വിഷ്ണുവിനും ഭാര്യക്കും കുഞ്ഞുങ്ങൾ ഉണ്ടായത് മുതൽ ശിഖയുടെ മനസ്സിൽ അവർ ‘മക്കൾ ഉണ്ടായത് മുതൽ തന്നെ അവഗണിക്കുന്നു ‘ എന്ന് തോന്നൽ ഉടലെടുത്തു. ഒരിക്കലും അവരുടെ സ്നേഹത്തിനൊരു കുറവ് വന്നിട്ടില്ലെങ്കിൽ പോലും ആ തോന്നൽ മനസ്സിൽ കേറിയത് മുതൽ ആരോടൊക്കെയോ ഉള്ള ദേഷ്യവുമായിട്ടായിരുന്നു പിന്നീട് അവൾക്ക് മുന്നിൽ ഓരോ ദിവസവും കൊഴിഞ്ഞുവീണത്. അതുകൊണ്ട് തന്നെ ആവണം അച്ചുവിന്റെ സംസാരത്തിലേക്ക് കൂടുതൽ കൂടുതൽ അവൾ അടുത്തുപോയതും.

പ്ലസ് വണ്ണിൽ ആ സ്കൂളിൽ ജോയിൻ ചെയ്യുമ്പോൾ ആദ്യം പരിചയപ്പെടുന്നത് അവനെ ആയിരുന്നു. എപ്പോഴും ചിരിച്ചുകൊണ്ട് വാ തോരാതെ സംസാരിക്കുന്ന അവന്റെ ആ നിഷ്‌കളങ്കതയെ അവൾ കൂടുതൽ ഇഷ്ട്ടപ്പെടാൻ തുടങ്ങിയപ്പോൾ,

ഒന്ന് മനസ്സ് തുറന്നു സംസാരിക്കാൻ, അത് കണ്ണുകൾ തുറന്നുവെച്ചു കേൾക്കാൻ തനിക്ക് മുന്നിൽ ഒരാൾ ഉണ്ടെന്നുള്ളത് അവൾക്ക് ഒരുപാട് സന്തോഷം നൽകി..സ്വയം മനസ്സിൽ ചികഞ്ഞുകൂട്ടിയ വീട്ടിലെ അവഗണനകൾ മറക്കാനും പിന്നീട് തനിക്ക് സ്നേഹിക്കാനും ആരൊക്കെയോ ഉണ്ടെന്ന് തോന്നിത്തുടങ്ങിയതും അവനെ കണ്ടത് മുതൽ ആയിരുന്നു. ആ ചേർത്തുനിർത്തൽ ഒരിക്കലും പിരിയാൻ കഴിയാത്ത വിധം ഒരു പ്രണയിത്തിലേക്ക് മാറുമ്പോൾ മനസ്സ് കൊണ്ട് രണ്ട് പേരും തീരുമാനിച്ചതായിരുന്നു ഒന്നുച്ചുള്ള ഒരു ജീവിതം.

പക്ഷെ, പ്ലസ് ടൂ കഴിഞ്ഞതോടെ അവർക്ക് മുന്നിൽ ഒരു ഇടവേള വന്നപ്പോഴും, ഒന്ന് കാണാനോ മിണ്ടാനോ കഴിയാതത്ത അവസ്ഥയിലും രണ്ട് പേരുടെയും മനസ്സിൽ മായാതെ ഉണ്ടായിരുന്നു ആ പ്രണയം. !

ആ പ്ലസ് ടൂ കാലത്തിനു ശേഷം ഒരു വർഷം കഴിഞ്ഞായിരുന്നു അവർ വീണ്ടും നേരിൽ കാണുന്നത്. അന്ന് മുതൽ മനസ്സിൽ മായാതെ സൂക്ഷിച്ച പ്രണയം വീണ്ടും പൂത്തുലഞ്ഞുതുടങ്ങി. മൊബൈൽ ഇല്ലാതെ ആ കാലം കത്തുകൾ അവരുടെ പ്രണയം കൈമാറി. അങ്ങനെ നാല് വർഷങ്ങൾ !

അതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ഒരാൾ അവളെ കാണാൻ എത്തിയത്..അച്ചുവിന്റെ അമ്മ.

” കുട്ടി ഈ ഇഷ്ട്ടത്തിൽ നിന്ന് പിന്മാറണം “. എന്ന് മുഖവുരയില്ലാതെ പറഞ്ഞ അവർക്ക് മുന്നിൽ ഇല്ലെന്ന് നിഷേധാർത്ഥത്തിൽ തലയാട്ടുമ്പോൾ അവർ പറയുന്നുണ്ടായിരുന്നു ” അച്ഛനാരെന്നോ അമ്മ ആരെന്നോ അറിയാതെ എവിടെനിന്നോ എടുത്തു വളർത്തിയ ഒരുത്തിയെ എന്റെ മോന് വേണ്ട ” എന്ന്.

അവരുടെ ആ വാക്കുകൾക്ക് മുന്നിൽ നിന്ന നിൽപ്പിൽ മുറുകുമ്പോൾ മനസ്സിലൊരു ചോദ്യം ഉണ്ടായിരുന്നു ” അതികം ആർക്കുമറിയാത്തൊരു സത്യം ഇവരെങ്ങനെ അറിഞ്ഞു “. എന്ന്.

” സ്വന്തം അച്ഛൻ കണ്മുന്നിൽ ഉണ്ടായിട്ടും ഇതാണ് എന്റെ അച്ഛൻ എന്ന് ചൂണ്ടിക്കാണിക്കാൻ പറ്റാത്ത ഒരുവളുടെ നിസ്സഹായതയോടെ അവൾ അവർക്ക് മുന്നിൽ കരയുമ്പോൾ അവസാന താക്കീത് എന്നോണം ഒരിക്കൽ കൂടി ” ഇനി അച്ചുവിനെ നീ കാണരുത് ” എന്ന് പറഞ്ഞവർ പോകുമ്പോൾ അവൾക്ക് ആ നിമിഷം ഒരു മരണത്തിനു തുല്യമായിരുന്നു.

അമ്മ അവളോട് പറഞ്ഞതെല്ലാം അവളിൽ നിന്ന് അറിയുമ്പോൾ എന്ത് പറഞ്ഞവളെ സമാധാനിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു അവൻ.

അമ്മ പറഞ്ഞ പോലെ നമുക്ക് പിരിയാം എന്നത് ഒരിക്കൽ പോലും ചിന്തിക്കാൻ കഴിയാത്തതാണെന്ന് രണ്ട് പേർക്കും അറിയാം. അത്രെയേറെ ഒന്നായിരുന്നു അവരുടെ ഹൃദയങ്ങൾ !

അന്ന് അവൾക്കരികിൽ നിന്ന് പോകുമ്പോൾ അച്ചുവിന്റെ മനസ്സിൽ ഒരു ഉറച്ച തീരുമാനമുണ്ടായിരുന്നു,

” ശിഖ.. ആരുടെയെങ്കിലും ഔതാര്യത്തിൽ ജീവികേണ്ട അവസ്ഥയിലേ നമുക്ക് മറ്റുള്ളവരെ പേടിക്കേണ്ടതുള്ളൂ. സ്വന്തം കാലിൽ നിൽക്കുന്ന ഒരു കാലം നമുക്ക് ആരെയും ഭയക്കേണ്ടതില്ല, ആരുടേയും വാക്കും കേൾക്കേണ്ടതില്ല, ഇന്നിപ്പോൾ എനിക്കൊരു തീരുമാനം എടുക്കണമെങ്കിൽ അമ്മയുടെ അനുവാദം കാത്തുനിൽക്കണം. ഇപ്പോൾ ഞാൻ അതിന് പ്രാപ്തനല്ല എന്നത് തന്നെ ആണ് കാരണം. പക്ഷേ ഇനി മുതൽ എന്റെ ശ്രമം അതിന് വേണ്ടിയായിരിക്കും. അതികം വൈകാതെ അങ്ങനെ സ്വന്തം കാലിൽ നിൽക്കാനുള്ള തന്റേടത്തോടെ, ഒരു ജോലിയുമായി ഞാൻ തിരികെ വരും. അതിന് മുന്നേ ഇനി നമ്മൾ കാണുകയോ സംസാരിക്കികയോ ഇല്ല..പക്ഷെ ഞാൻ വരും നിന്നെ കൂട്ടാനായി, അത് വരെ നീ എനിക്ക് വേണ്ടി കാത്തിരിക്കണം.. ” എന്നവൻ അവസാനമായി പറഞ്ഞ് പോകുമ്പോൾ ” കാത്തിരിക്കും ” എന്ന് ഉറച്ചൊരു വാക്കുണ്ടായിരുന്നു അവളിലും.

പക്ഷേ, ഒരു പെണ്ണിന് എത്രനാൾ പിടിച്ചു നിൽക്കാൻ പറ്റും.

വീട്ടിൽ വിവാഹാലോചനകൾ തകൃതിയായി നടക്കുമ്പോൾ എത്രയും പെട്ടെന്ന് അച്ചു വന്നിരുന്നെകിൽ എന്ന് അതിയായി ആഗ്രഹിച്ച നിമിഷങ്ങൾ.

അച്ഛന്റെ നിർബന്ധത്തിനു മുന്നിൽ പലപ്പോഴും ” ഇപ്പോൾ വിവാഹം വേണ്ടെന്ന് ” തലയാട്ടിപറയുമ്പോൾ, അതിന് വേണ്ടി കാരണം പറയാതെ വാശി പിടിക്കുമ്പോൾ ” ഇത്രേം വയസ്സായിട്ടും മകളെ കെട്ടിക്കാത്തത് എന്താണെന്ന ബന്ധുക്കളുടെ ചോദ്യത്തിന് മുന്നിൽ ഞാൻ എന്ത് പറയണം, നിനക്ക് താഴെയും കുട്ടികൾ വളർന്നുവരുന്നുണ്ട്, അതെന്റെ മോള് മറക്കരുത് ” എന്ന അച്ഛന്റെ ദയനീയമായ വാക്കുകൾക്ക് മുന്നിൽ തല താഴ്ത്തുമ്പോൾ അച്ചുവിന് അവസാനമായി നൽകിയ വാക്ക് മാത്രമായിരുന്നു മനസ്സിൽ.

വീട്ടിൽ അവന്റെ കാര്യം അവതരിപ്പിക്കാൻ പലപ്പോഴും ശ്രമിച്ചപ്പോഴെല്ലാം പിന്തിരിപ്പിച്ചത് സ്വന്തം മനസ്സ് തന്നെ ആയിരുന്നു. ഒരിക്കലും വീട്ടുകാർ സമ്മതിക്കില്ലെന്ന് ഉറപ്പുള്ളപ്പോൾ ആ കാര്യം അവതരിപ്പിക്കൽ ചിലപ്പോൾ കല്യാണത്തിലേക്കുള്ള ദിവസങ്ങളുടെ ദൈർഗ്യം വീണ്ടും കുറക്കുമെന്നുള്ള ചിന്ത അവളെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ചു.

അവൻ വരുമെന്ന് പറഞ്ഞ് പോയിട്ട് ഒരുപാടായി. എവിടെ ആണെന്നോ എങ്ങനെ ജീവിക്കുന്നു എന്നോ അറിയാത്ത അവസ്ഥ.. ഒന്ന് കാണാൻ കൊതിക്കുന്നുണ്ട് മനസ്സ് . വീട്ടുകാരുടെ നിർബന്ധത്തിനു മുന്നിൽ പിടിച്ചുനിൽക്കുന്ന ഒരു പെണ്ണിന്റെ നിസ്സഹായാവസ്ഥ അവനെ അറിയിക്കണമെന്നുണ്ട്.. പക്ഷേ….

അന്ന് അവളെ ഒരു കൂട്ടർ പെണ്ണ് കാണാൻ വരുന്നുണ്ട് എന്ന് അമ്മ പറയുമ്പോൾ ചങ്കിടിപ്പ് വല്ലതെ വർധിക്കാൻ തുടങ്ങിയിരുന്നു. എങ്ങനെ ആ അവസ്ഥയെ തരണം ചെയ്യണമെന്ന് അറിയാതെ റൂമിൽ തന്നെ വിറങ്ങലിച്ച മനസ്സുമായി ഇരിക്കുമ്പോൾ അമ്മ റൂമിലേക്ക് വന്ന് പറയുന്നുണ്ടായിരുന്നു

” മോളെ അവർ എത്തി, നീ ഒന്ന മുഖം കഴുകി പുറത്തേക്ക് വാ ” എന്ന്.

” ആ നിമിഷമെങ്കിലും അച്ചു ഒന്ന് വന്നിരുന്നെങ്കിൽ ” എന്ന അതിയായ ആഗ്രഹത്തോടെ തന്നെ ഇട്ടിരുന്ന ഡ്രസ്സ്‌ പോലും മാറാതെ മുഖമൊന്നു കഴുകിത്തുടച്ച് പുറത്തു വന്നവർക്ക് മുന്നിൽ കാഴ്ച്ചവസ്തു ആയി നിൽകുമ്പോൾ ” ചെക്കനും പെണ്ണിനും വല്ലതും സംസാരിക്കാനുണ്ടെങ്കിൽ ആയിക്കോട്ടെ, ഇന്നത്തെ ഒക്കെ നാട്ടുനടപ്പ് അങ്ങനെ അല്ലെ ” എന്ന് കൂട്ടത്തിൽ ആരോ പറയുന്നത് മാത്രം അവളുടെ കാതിലെത്തി.

പതിയെ മുഖം താഴ്ത്തികൊണ്ട് തന്നേ അവൾ ഉള്ളിലേക്കു നടക്കുമമ്പോൾ പിന്നിൽ അവളെ അനുഗമിക്കാൻ അവനുമുണ്ടായിരുന്നു.

” അരുൺ “.

പതിയെ അവൾക്കരികിലെത്തുമ്പോൾ ഒരു മൂകത ആ മുറിയിൽ തളം കെട്ടികിടന്നിരുന്നു. കുറച്ചു നേരം പരസ്പ്പരം മിണ്ടാതെ നിൽക്കുമ്പോൾ അവന്റെ നോട്ടം അവളിലായിരുന്നു. മുടി പോലും ചീകാതെ മുഖത്തൊരു സന്തോഷം ഇല്ലാതെ……

” എന്റെ പേര് അരുൺ. ഇയാളുടെ പേര് നേരത്തെ അറിഞ്ഞത് കൊണ്ട് ഇനി അത് വീണ്ടും ചോദിച്ചു ബോറടിപ്പിക്കുന്നില്ല. ഇഷ്ട്ടവും ഇഷ്ടക്കേടുമൊക്കെ ഓരോരുത്തർക്കും ഓരോ രീതിയിൽ ആണ്.. അതൊകൊണ്ട് തന്നെ വളച്ചുകെട്ടില്ലാതെ കാര്യം പറയാലോ… കുട്ടിക്ക് ഈ വിവാഹത്തിന് എന്തെങ്കിലും സമ്മതക്കുറവ് ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ പറയാട്ടോ, മടിക്കേണ്ട. ഇയാളുടെ മുഖവും സംസാരിക്കാനുള്ള മടിയും എക്സ്സ്പ്രഷനും ഒക്കെ കാണുമ്പോൾ അങ്ങനെ തോനുന്നു. അതുകൊണ്ട് ചോദിച്ചതാണ് ” എന്ന് ചെറുചിരിയോടെ തന്നെ ചോദിക്കുമ്പോൾ അവൾക്ക് പറയാൻ ഒരുപാട് ഉണ്ടായിരുന്നു. അച്ചു അവസാനമായി പറഞ്ഞിട്ട് പോയത് വരെ. എല്ലാം കേട്ട് കഴിഞ്ഞപ്പോഴും അരുണിന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു.

” ഇയാളെ കുറ്റം പറയുന്നില്ല. ഞാൻ നിർബന്ധിക്കുകയുമില്ല. എനിക്ക് ശിഖയെ ഇഷ്ട്ടമായി. എല്ലാം അറിഞ്ഞുകൊണ്ട് തന്നെ. ഇതിന്റെ പേരിൽ ജീവിതത്തിൽ ഇതൊരു ചോദ്യചിന്ഹമായി ഉണ്ടാകില്ല എന്ന് മാത്രം എനിക്ക് ഉറപ്പ് തരാൻ കഴിയും.

അവസാനതീരുമാനം ശിഖയുടെ ആണ്. “

എന്നും പറഞ്ഞുകൊണ്ട് ചിരിയോടെ ബൈ പറഞ്ഞ് പുറത്തേക്ക് പോകുന്ന അയാളെ നോക്കി നിന്നു അവൾ. ഇനിയും വീട്ടുകാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. വരുമെന്ന് പ്രതീക്ഷിച്ചു കാത്തിരിക്കുന്നവനെ കുറിച്ച് ഒരു വിവരവും ഇല്ല.

അവസാനം പാതി മനസ്സോടെ വീട്ടുകാർക്ക് മുന്നിൽ സമ്മതം മൂളുമ്പോൾ അച്ചു അവസാനം പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിൽ പൊള്ളിപ്പിടഞ്ഞു കിടപ്പുണ്ടായിരുന്നു.

” ഞാൻ വരും.. കാത്തിരിക്കണം ” !

********

നിർവികാരതയോടെ കതിർമണ്ഡപത്തിലേക്ക് കയറുമ്പോഴും, അരുൺ കയ്യിലെടുത്ത താലി കഴുത്തിലേക്ക് വീഴുന്ന നിമിഷം വരെയും കണ്ണുകൾ പ്രതീക്ഷയോടെ നാലുപാടും തിരയുകയായിരുന്നു, ” അച്ചുവിന്റെ ഒരു സാമിപ്യം അവിടെ ഉണ്ടായിരുന്നെങ്കിൽ ” എന്ന അതിയായ ആഗ്രഹത്തോടെ !

ആ വിഫലമായ കാത്തിരിപ്പിനൊടുവിൽ നിറകണ്ണുകളാൽ അരുൺ കഴുത്തിലണിയിച്ച മംഗല്യത്തിലേക്ക് നോക്കുമ്പോൾ അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു ” ഇന്ന് മുതൽ താൻ മറ്റൊരാളുടെ ഭാര്യയാണ് ” എന്ന്.

അതെ, ജീവിതം എത്ര പെട്ടന്നാണ് മാറിമറിയുന്നത്. ആഗ്രഹിച്ചതല്ല സംഭവിക്കുന്നത്.
ഒരുത്തനെ മനസ്സിൽ കൊണ്ട് നടന്ന് മറ്റൊരുത്തന്റെ ജീവിതത്തിന്റെ പാതിയായി……

മൂടിക്കെട്ടിയ മുഖവുമായി പലർക്കു മുന്നിലും ചിരിക്കാൻ ശ്രമിക്കുമ്പോഴും അവൾക്കറിയാമായിരുന്നു അതൊരു വികലമായ ശ്രമം ആണെന്ന്.

പക്ഷേ, ചിരിച്ചേ പറ്റൂ… അല്ലെങ്കിൽ ബന്ധുക്കളുടെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾക്ക് മുന്നിൽ തല കുനിച്ചു നിൽക്കേണ്ടി വരും.

വിവാഹം കഴിഞ്ഞ് അരുണിന്റെ വീടിന്റെ പടിവാതിൽ വലതുകാൽ വെച്ച് കയറുമ്പോൾ ഇവിടെ ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ് എന്ന ചിന്ത അവളെ വല്ലാതെ പിടിമുറുക്കിയിരുന്നു. തെളിച്ചമില്ലാത്ത മുഖവുമായി ഭർത്താവിന്റെ മുറിയിലേക്ക് കയറുമ്പോൾ ഇനിയുള്ള ജീവിതം ഈ മുറിക്കുളിൽ അരുണിന്റെ കൂടെ ആണെന്ന് അവൾ സ്വയം മനസ്സിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

മനസ്സിൽ താലോലിച്ചു നടന്ന സ്വപ്നങ്ങളെല്ലാം തകർന്ന് ഈ ലോകത്തിലേക്ക് ചുരുങ്ങാൻ പോകുന്നു തന്റെ ജീവിതം. ഇവിടെയാണ് ഇനി തന്റെ ലോകം. ഇനി പുതിയൊരു ജീവിതം പടുത്തുയർത്തേണ്ടത് ഇവിടെ നിന്നാണ് ! പക്ഷേ, തനിക്കതിന് എത്രത്തോളം കഴിയുമെന്ന് അവൾക്ക് അറിയില്ലായിരുന്നു. കാരണം ഇന്നലെ വരെ അവളുടെ സ്വപ്നവും ജീവിതവും ലോകവുമെല്ലാം അച്ചു ആയിരുന്നു.

ആ ആദ്യരാത്രിയുടെ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ പോലും അരുണിന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു, ” ശിഖ… എനിക്ക് മനസ്സിലാകും നിന്റെ ഇപ്പോഴത്തെ മനസ്സിനെ. അത് മാറാൻ സമയമെടുക്കുമെന്നും അറിയാം. പക്ഷേ, പ്രതീക്ഷയുണ്ട് എനിക്ക്. മനസ്സിനെ ഈ ജീവിതത്തിലേക്ക് പാകപ്പെടുത്തി നീ വരുമെന്ന്. അതുവരെ നിന്നെ ഭാര്യ എന്ന ലേബൽ വെച്ചു ഞാൻ ക്രൂശിക്കില്ല.

നിന്റെ പൂർണ്ണസമ്മതത്തോടെ നീ എന്റെ ഭാര്യയാകുന്ന ആ നിമിഷം ആണ് ഞാൻ ആഗ്രഹിക്കുന്നത് “.

അയാളുടെ വാക്കുകൾക്ക് മുഖം കൊടുക്കാതെ തല താഴ്ത്തി ഇരിക്കുമ്പോൾഅവളുടെ മനസ്സിൽ ഒരു ചോദ്യമുണ്ടായിരുന്നു,

” ഏത് തള്ളണം… ഏത് കൊള്ളണം ” എന്ന്.

മറ്റുള്ളവർക്ക് മുന്നിൽ സന്തോഷം അഭിനയിച്ചുകൊണ്ട് ചിരിച്ചും രാത്രി ബെഡ്‌ഡിന്റെ രണ്ട് അറ്റങ്ങളിലേക്ക് ആ ബന്ധത്തെ പകുത്തും ജീവിതം മുന്നോട്ട് പോകുമ്പോൾ പതിയെ അവളുടെ മനസ്സിൽ അച്ചു എന്ന പേര് മങ്ങിത്തുടങ്ങിയിരുന്നു. അല്ലെങ്കിൽ ഇപ്പോൾ ഉള്ള ജീവിതത്തോട് പൊരുത്തപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു എന്ന് പറയാം. അത്രത്തോളം അവളെയും അവളുടെ മനസ്സിനെയും അറിഞ്ഞ് സ്നേഹിക്കാൻ അരുണിനും കഴിഞ്ഞിരുന്നു.

” എന്താ മോളെ കല്യാണം കഴിഞ്ഞ് ഇത്ര ആയിട്ടും വിശേഷമൊന്നും ആയില്ലേ ” എന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യത്തിന് മുന്നിൽ ഉത്തരം കിട്ടാതെ അവൾ മുഖത്തൊരു പുഞ്ചിരി വരുത്താൻ ശ്രമിക്കുമ്പോൾ അതെ ചോദ്യം കേൾക്കേണ്ടി വരുന്ന അരുണിൽ അത് ഒരുപാട് സങ്കടം ഉണ്ടാക്കി.

വിവാഹത്തിന് ശേഷം ആരും കൊതിക്കുന്നതാണ് ഒരു കുഞ്ഞ് ഉണ്ടാകുക എന്നത്. പക്ഷേ, ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ മൂന്നാമതൊരാൾ അറിയാതിരിക്കാൻ ശ്രമിക്കുമ്പോൾ ഇതുപോലെ ഉള്ള ചോദ്യങ്ങൾക്ക് മുന്നിൽ പലപ്പോഴും ഉത്തരംമുട്ടിപ്പോകാറുണ്ട്.

അതിനാലാവണം പലപ്പോഴും മദ്യത്തിലേക്ക് അവൻ അഭയം തേടിയതും.

അങ്ങനെ ഒരു രാത്രിയിൽ മദ്യത്തിന്റെ ലഹരിയിൽ മനസ്സിൽ പിടിമുറുക്കിയ ചോദ്യങ്ങളുടെ ഭ്രാന്ത് പിടിച്ച നിമിഷത്തിലെപ്പോഴോ സംഭവിച്ചത് പിന്നീട് അവളിൽ ഒരു ജീവനായി വളരുന്നുണ്ട് അറിഞ്ഞപ്പോൾ എല്ലാവരുടെയും മനസ്സിൽ അത് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു. ഒരു ദുർബലനിമിഷത്തിൽ സംഭവിച്ചതാണെങ്കിൽ കൂടി അവളും അത് സന്തോഷത്തോടെ കാണുന്നത് അരുണിന്റെ മനസ്സിന് വലിയ ആശ്വാസം ആയി.

” തന്റെ കുഞ്ഞിനെ അവൾക്ക് അംഗീകരിക്കാൻ കഴിഞ്ഞെങ്കിൽ അവൾ ഈ ജീവിതതോട് പൊരുത്തപ്പെടാൻ തുടങ്ങിയിരിക്കുന്നു ” എന്നത് ഒരു ലോകം കീഴടക്കിയ പോലെ ആയിരുന്നു അവന്റെ മനസ്സിൽ.

ആ കാലയളവുകൾ ഒരുപാട് സന്തോഷത്തിന്റെ ദിനങ്ങൾ ആയിരുന്നു.

ജീവിതത്തിൽ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഒരുപാട് മാറ്റങ്ങൾ സംഭവിച്ച നാളുകൾ. ആ സന്തോഷനിമിഷങ്ങളിലേക്ക് ഒരു കരച്ചിലോടെ സുന്ദരിയായ ഒരു മോള് പിറന്നുവീഴുമ്പോൾ ശിഖയുടെ മനസ്സ് ഒരു അമ്മയെ ഉൾകൊള്ളാൻ തുടിക്കുകയായിരുന്നു. അതായിരുന്നു പിന്നീടുള്ള അവളുടെ ജീവിതം.. പലതും മറക്കാനും ചിലതിനെ ഉൾകൊള്ളാനും മനസ്സിനെ പാകപ്പെടുത്തിയത് !
വിവാഹജീവിതം ഉള്ളിൽ അംഗീകരിച്ചുതുടങ്ങിയ നാളുകൾ. ! താരാട്ട് പാടിയും മുലയൂട്ടിയും അമ്മയെന്ന പൂർണ്ണതയെ നെഞ്ചോരം ചേർത്ത് രാപ്പകലുകൾ. !അരുണെന്ന ഭർത്താവിനെ അറിയാൻ തുടങ്ങിയ ജീവിതയാത്ര !

അങ്ങനെ ജീവിതം മാറ്റത്തിന്റെ വഴിയേ സഞ്ചരിച്ചുതുടങ്ങിയപ്പോൾ അവൾക്ക് മുന്നിൽ എപ്പോഴും മകളുടെ ചിരിക്കുന്ന മുഖമായിരുന്നു !

പക്ഷേ, ആ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും എല്ലാം ആയുസ്സ് ചെറിയ കാലയളവിൽ ഒതുക്കിക്കൊണ്ടായിരുന്നു അന്ന് അവൾക്ക് മുന്നിൽ അവൻ വന്ന് നിന്നത് !

” അച്ചു ” !!

ഒരു മാറ്റത്തിന്റ വക്കിൽ നിൽക്കുന്ന അവൾക്ക് അതൊരു ഷോക്ക് ആയിരുന്നു. പലപ്പോഴും കൂടെ വേണമെന്ന് ആഗ്രഹിച്ച മുഖം. മറ്റൊരുത്തന്റെ മുന്നിൽ താലിക്ക് വേണ്ടി കഴുത്ത് നീട്ടുമ്പോൾ പോലും ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു, പക്ഷെ, ഒരിക്കൽ പോലും ഒരു വിളിയോ, സംസാരമോ, കാണലോ ഇല്ലാത്ത വർഷങ്ങളിൽ വിഫലമായ കാത്തിരിപ്പിനവസാനം വീട്ടുകാരുടെ ഭാരം ഒഴിവാക്കാൻ വേണ്ടി അവരുടെ നിർബന്ധത്തിനു മുന്നിൽ മനസ്സില്ലാമനസ്സോടെ തല കുനിച്ചു സമ്മതം പറയുമ്പോഴും ആഗ്രഹിച്ചതാണ് ഈ മുഖം മൂന്നിലൊന്ന് വന്നിരുന്നെങ്കിൽ എന്ന്..ഇപ്പോൾ പതിയെ എല്ലാം മറന്ന് അമ്മയായി, കുഞ്ഞിന്റെയും അവളുടെ അച്ഛന്റെയും ജീവിതത്തിലേക്ക് ഇഴചേർന്നു തുടങ്ങുമ്പോൾ…….

” ശിഖ. എല്ലാം ഞാൻ അറിഞ്ഞു. അന്ന് അവസാനമായി കണ്ട ദിവസം ഞാൻ കാത്തിരിക്കാൻ പറയുമ്പോൾ നീ കാത്തിരിക്കാം എന്ന് പറഞ്ഞതിൽ ഒരു സത്യമുണ്ടെന്ന് ഞാൻ കരുതി. അതിൽ എന്നോടുള്ള ആത്മാർത്ഥമായ സ്നേഹം ഉണ്ടെന്ന് കരുതി. വിളിക്കാനോ കാണാൻ ശ്രമിക്കാനോ തോന്നിയില്ല എന്നത് ശരിയാണ്.. മനപ്പൂർവം അതിന് ശ്രമിച്ചില്ല എന്നത് തന്നെ ആയിരുന്നു സത്യം. നിന്റെ മുന്നിൽ വരുമ്പോൾ നിന്നെ കൂടെ കൂട്ടാനുള്ള യോഗ്യത എനിക്ക് ഉണ്ടാക്കണമെന്നേ ഞാൻ ആഗ്രഹിച്ചുള്ളൂ. അതിന് ഇത്ര കാലതാമസം വേണ്ടിവന്നു. എങ്കിലും പ്രതീക്ഷയുണ്ടായിരുന്നു, നീ കാത്തിരിക്കുമെന്ന്. പക്ഷേ, എനിക്ക് തെറ്റി. നിന്റെ സ്നേഹം കൊതിച്ചാണ് ഞാൻ വന്നത്. അത് നഷ്ടപ്പെട്ടെന്ന് അറിയുമ്പോൾ… “

അവന്റെ ഓരോ വാക്കും ഉൾകിടിലത്തോടെ ആയിരുന്നു അവൾ കേട്ട് നിന്നത്. അവന്റെ ഓരോ വാക്കും നെഞ്ചിൽ തറച്ചുകയറുന്ന പോലെ.. പക്ഷേ….

” അച്ചു.. നീ പോകുമ്പോൾ ഒന്ന് മാത്രം മറന്നു, ഞാൻ ഒരു പെണ്ണാണ്, എനിക്ക് പിടിച്ചു നില്കാൻ കഴിയുന്നതിന് ഒരു പരിധി ഉണ്ടെന്ന്. വീട്ടിൽ ഓരോ ആലോചന വരുമ്പോഴും നീ ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ, എവിടെ ആണെന്ന് പോലും അറിയാതെ…നീ ഒന്ന് വിളിച്ചിരുന്നെങ്കിൽ… അന്ന് നിന്റെ മുഖമൊന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ….നീ അന്നേരം ഒന്ന് വന്നിരുന്നെങ്കിൽ…കൊതിച്ചിട്ടുണ്ട് ഞാൻ. പക്ഷേ, ഭാരം ഒഴിവാക്കാൻ വേണ്ടി കാത്തിരിക്കുന്ന വീട്ടുകാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ എനിക്ക് എത്രനാൾ കഴിയും? “

അവൾ അത് പറയുമ്പോൾ ഒരു പൊട്ടിക്കരച്ചിലിന്റെ വക്കിലായിരുന്നു. അപ്പോഴെല്ലാം മനസ്സ് പറയുന്നുണ്ടായിരുന്നു ” എന്തിനാണ് ദൈവമേ ഇങ്ങനെ ഒരു പരീക്ഷണം ” എന്ന്.

“ശിഖ. ഞാൻ ഇപ്പോഴും കാത്തിരിക്കുന്നത് നിനക്ക് വേണ്ടിയാണ്. നിന്നെ മാത്രമാണ് ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചതും. ആ സ്നേഹം നഷ്ടപ്പെടാൻ എനിക്ക് വയ്യ. അതുകൊണ്ട് നീ എന്റെ കൂടെ വരണം. നിന്റെ കുഞ്ഞ് എന്റെ കുഞ്ഞായി ഞാൻ വളർത്തിക്കൊള്ളാം . നമ്മൾ കൊതിച്ച ജീവിതം എന്തിനാണ് ഇനിയും വേണ്ടെന്ന് വെക്കുന്നത്. എന്റെ ജീവിതത്തിൽ നിന്നെ ഒരു തേപ്പുകാരിയായി കാണാൻ കഴിയില്ല എനിക്ക്. നീ വരണം ശിഖ എന്റെ കൂടെ “

അവന്റ വാക്കുകൾക്കു മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ടവൾ പിന്മാറുമ്പോൾ അവളുടെ മനസ്സിനെ കുത്തിനോവിച്ചത് ആ വാക്കായിരുന്നു,

” തേപ്പുകാരി “……

ശരിക്കും ഞാൻ അവനെ തേയ്ക്കുകയായിരുന്നോ..? ഞാൻ കാരണം ആണോ അവന്റ ജീവിതം ഇന്ന് ഒന്നുമല്ലാതായി പോകുന്നത്…?

മനസ്സിലൂടെ ഓടിക്കൊണ്ടിരുന്ന ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ അവളിരിക്കുമ്പോൾ മുന്നിൽ ഒരു ഭാഗത്ത് പുഞ്ചിരിയോടെ ഭർത്താവും കുഞ്ഞും ഉണ്ടായിരുന്നു ! മറുഭാഗത്ത്‌ ഏറെ നാളുകൾക്ക് ശേഷം തേടി വന്ന കാമുകനും !

—————————————-

പിന്നീടുള്ള ദിവസങ്ങളെല്ലാം അവളിൽ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയായിരുന്നു..ചില സമയങ്ങളിൽ എന്തിനെന്നോ ഏതിനെന്നോ പറയാതെ ദേഷ്യപ്പെടുകയും ചില സമയങ്ങളിൽ എന്തോ ആലോചനയിലെന്നോണം മൗനമായും ഇരിക്കുന്ന അവളുടെ ആ അവസ്ഥയെ തിരിച്ചറിയുന്നുണ്ടായിരുന്നു അരുൺ.

ചോദിക്കുമ്പോഴെല്ലാം ഉത്തരം മൗനത്തിൽ ഒതുക്കുമ്പോൾ ഒന്ന് പച്ച പിടിച്ച ജീവിതത്തിലേക്ക് വീണ്ടും നിഴൽ പരക്കുകയാണോ എന്നൊരു വേവലാതി അവന്റെ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു.

ആ രാത്രി അവൾ വരുന്നതും കാത്തിരുന്ന അവന്റ ധാരണകളെ അപ്പാടെ മാറ്റിമറിച്ചുകൊണ്ടവൾ അടുത്ത മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കാതുകളിൽ എത്തിയപ്പോൾ അതിനുള്ള കാരണം തിരക്കി അവൾക്കരികിലെത്തിയ അരുണിന് മുന്നിൽ അവന് മുഖം കൊടുക്കാതെ നിൽക്കുന്ന അവൾക്ക് പറയാനുണ്ടായിരുന്നത് അവന്റെ നെഞ്ച് പൊള്ളിക്കുന്ന വാക്കുകൾ ആയിരുന്നു.

” എനിക്കറിയില്ല അരുണേട്ടാ ഞാൻ ആരോടാണ് തെറ്റ് ചെയ്തതെന്ന്. നിങ്ങളുടെ ജീവിതത്തിലേക്ക് ഞാൻ വരുമ്പോൾ എന്റെ മനസ്സിൽ അച്ചു മാത്രമായിരുന്നു.

അന്ന് അവന്റെ മുഖവും സാമിപ്യവുമായിരുന്നു ഞാൻ ഏറെ കൊതിച്ചതും..പക്ഷേ, എല്ലാം അറിഞ്ഞിട്ടും, അവഗണിച്ചിട്ടും സ്നേഹിക്കാൻ മാത്രം സമയം കണ്ടെത്തിയ അരുണേട്ടനെ പതിയെ സ്നേഹിച്ചുതുടങ്ങുകയായിരുന്നു ഞാൻ, വിഫലമായ കാത്തിരിപ്പ് ആയിരുന്നു ‘അച്ചു’ എന്ന ബോധ്യത്തോടെ…

പക്ഷേ, ഇപ്പോൾ അവനുണ്ട് എന്റെ മുന്നിൽ ഒരു ചോദ്യചിന്ഹമായി ! ഞാൻ അവന് നൽകിയ വാക്കിനു വേണ്ടി. ഞാൻ കാത്തിരിക്കും എന്ന വിശ്വാസത്തിൽ വരുമെന്ന ഒറ്റ വാക്കുകൊണ്ട് എവിടെയോ മറഞ്ഞവൻ എല്ലാം തികഞ്ഞവനായി തിരിച്ചുവന്നപ്പോൾ കാത്തിരിക്കുമെന്ന് വാക്ക് തന്നവൾ ഇന്ന് മറ്റൊരാളുടെ ഭാര്യയാണെന്ന് അറിയുമ്പോൾ ഉള്ള വിഷമം ഞാൻ അവനിൽ കണ്ടു. കാത്തിരിക്കാമെന്ന വാക്കിനു കറിവേപ്പിലയുടെ വില പോലും നൽകാത്ത വെറുമൊരു തേപ്പുകാരിപെണ്ണായി ഞാൻ അവന് മുന്നിൽ.

അവനിപ്പോഴും എന്നെ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ, കൂടെ വരണമെന്ന് നിർബന്ധിച്ചപ്പോൾ എനിക്കൊരു ഉത്തരമില്ലായിരുന്നു. ഇന്ന് അവൻ പറഞ്ഞപോലെ ഞാൻ ഒരു തേപ്പുകാരിയാണ്. ഒരു വാക്ക് കൊണ്ട് ഒരുത്തനെ മോഹിപ്പിച്ചിട്ട് ഒത്ത നടുക്ക് എത്തുമ്പോൾ ആഴങ്ങളിലേക്ക് തള്ളിയിട്ടവൾ അല്ലെ ഞാൻ..

ഇപ്പോൾ വീണ്ടും ഒരു തീ പോലെ അവനെന്റെ മനസ്സിലേക്ക് പടരുകയാണ്.

ആരോടാണ് തെറ്റ് ചെയ്തതെന്ന് അറിയാതെ ആ തീയിൽ ഉരുകുന്ന എനിക്ക് ഒരു നല്ല മനസ്സുമായി ഇനി അരുണേട്ടനോടൊപ്പം ആ മുറിയിൽ ജീവിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല, അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തതും.” എന്നവൾ നിറകണ്ണുകളോടെ പറയുമ്പോൾ അതിനേക്കാൾ നീറിയത് അരുണിന്റെ മനസ്സ് ആയിരുന്നു.

അവളുടെ കണ്ണുനീരിനു മുന്നിൽ ഒന്നും പറയുവാൻ കഴിയാതെ ആ മുറിയിൽ നിന്നും പതിയെ പിൻവാങ്ങുമ്പോൾ രണ്ടു തുളളി കണ്ണുനീർ അവന്റെ കണ്ണുകളിൽ നിന്നും അടർന്നുവീണു.

” മാറുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു ഒരുപാട്.. മാറ്റം മനസ്സിലും മുഖത്തും പെരുമാറ്റത്തിലും പ്രകടമായി തുടങ്ങിയപ്പോൾ സന്തോഷിച്ചു ഒരുപാട്. ആ ദിവസങ്ങളിൽ മോളുടെ സ്നേഹം നിറഞ്ഞ അമ്മയായി, ഒരു നല്ല ഭാര്യയായി മാറുകയായിരുന്നു അവൾ. പക്ഷേ, എല്ലാം പാതിവഴിയിൽ ആയുസ്സെത്താതെ ഒടുങ്ങുകയാണോ? “

അന്നായിരുന്നു അവൻ ശരിക്കും കരഞ്ഞത്.

ഒറ്റപ്പെട്ട ആ മുറിയിൽ ആരും കാണാതെ അരുൺ പൊട്ടിക്കരയുമ്പോൾ അപ്പുറത്തെ മുറിയിൽ മകളോടൊപ്പം കിടക്കുന്ന ശിഖയുടെ മനസ്സ് ഒരു നല്ല തീരുമാനത്തിലേക്ക് എത്താൻ കഴിയാതെ വെട്ടിവിയർക്കുകയായിരുന്നു.

” ശിഖ. നിനക്ക് എങ്ങിനെ ആണ് എന്നെ മറക്കാൻ കഴിഞ്ഞത് ? ഒരു പൂ പറിച്ചു ദൂരേക്കെറിയുന്ന ലാഘവത്തോടെ നിനക്കെന്നെയും എന്റെ ഓർമ്മകളെയും പറിച്ചെറിയുവാൻ കഴിയുമോ ? നിന്നെ ഞാൻ ഒരിക്കലും നിർബന്ധിക്കില്ല.. പക്ഷേ, ഞാൻ കാത്തിരിക്കും നിനക്ക് വേണ്ടി . നിന്റെ മോൾ എന്റെയും മോളല്ലേ… അങ്ങനെ വളരും അവൾ… നീ വരികയാണെങ്കിൽ “

ഒരിക്കൽ അവന്റ കാൾ അറ്റന്റ് ചെയ്യുമ്പോൾ അവളുടെ കാതുകളിൽ ഒരു തീമഴ പോലെ പതിഞ്ഞ വാക്കുകൾ. മറുത്തൊന്നും പറയാൻ കഴിയാതെ കേൾവിക്കാരി മാത്രമായി ചുരുങ്ങുമ്പോൾ ഉയർന്നു കേട്ടതത്രയും അവളുടെ ചങ്കിടിപ്പായിരുന്നു.

എല്ലാം തുറന്ന് സംസാരിക്കാറുള്ള കൂട്ടുകാരിക്ക് മുന്നിൽ മനസ്സ് തുറക്കുമ്പോൾ ശിഖയുടെ തീരുമാനത്തിനായി എങ്ങിനെ ആണ് സഹായിക്കേണ്ടത് എന്ന് രാജിക്കും അറിയിലായിരുന്നു.

” രാജി, എനിക്ക് എന്ത് ചെയ്യാൻ കഴിയും. ആരെയാണ് ഞാൻ ഉപേക്ഷിക്കേണ്ടത്. ആരുടെ സ്നേഹമാണ് ഞാൻ സ്വീകരിക്കേണ്ടത്. “

ശിഖയുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം കിട്ടാതെ ഉഴറുമ്പോൾ ഒരിക്കൽ അരുൺ പറഞ്ഞ വാക്കുകൾ ആയിരുന്നു രാജിയുടെ മനസ്സിൽ,

” എനിക്കറിയാം രാജി ജീവിതം ഏച്ചു കെട്ടിയാൽ അത് മുഴച്ചിരിക്കും എന്ന്. ഒരാളുടെയും സ്നേഹത്തെ കെട്ടിയിട്ട് വാങ്ങാൻ നമുക്ക് കഴിയില്ല. എല്ലാം അറിഞ്ഞിട്ടും ഞാൻ അവളുടെ മനസ്സിന് വേണ്ടി കാത്തിരിക്കുമ്പോൾ , ഒരു കട്ടിലിന്റെ രണ്ട് അറ്റങ്ങളിൽ ഒരു ദാമ്പത്യത്തെ പുറം തിരിച്ചു കിടത്തുമ്പോൾ എന്നെങ്കിലും എന്റെ സ്നേഹത്തെ മനസിലാക്കാൻ കഴിയുമെന്ന് കരുതി.. പക്ഷേ, അവൾ മനസ്സിൽ കൊണ്ടുനടന്ന സ്നേഹം എന്ന വാക്കിന്റെ അർത്ഥം പോലും മനസിലാക്കാൻ കഴിയാത്ത ഒരു വിഡ്ഢിയായി മാറുകയായിരുന്നു ഞാൻ.

അതുകൊണ്ട് അവൾ പൊയ്ക്കോട്ടേ.. അവൻ ഇപ്പഴും അവളെ സ്വീകരിക്കാൻ തയാറാണത്രേ. കൊണ്ടുപോയ്‌ക്കോട്ടെ അവൻ.. അവൾക്കൊന്നും നഷ്ട്ടപ്പെടേണ്ട. സ്നേഹം , അതൊക്കെ നമ്മൾ ആഗ്രഹിക്കുന്നപോലെ കിട്ടാനും വേണം ഒരു ഭാഗ്യം. അതില്ലാതെ പോയ ആയിരങ്ങളിൽ ഒരാളായി ഞാനും…. “

ശിഖക്കരികിൽ അവളുടെ സങ്കടങ്ങൾക്ക് ചെവി കൊടുക്കുമ്പോൾ മനസ്സിനെ അതിനേക്കാൾ വേദനിപ്പിച്ചത് അരുൺ പറഞ്ഞ ആ വാക്കുകൾ ആയിരുന്നു.

എല്ലാം അറിയുന്ന കൂട്ടുകാരിക്ക് മുന്നിൽ അവസാനതീരുമാനം എടുക്കാൻ കഴിയാതെ മരവിച്ച മനസ്സുമായി നിൽക്കുന്ന ശിഖയെ ചേർത്തുപിടിച്ചൊന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാതെ……

” എനിക്കാരും വേണ്ട രാജി.. ഞാൻ വഞ്ചകിയാണ്.. എല്ലാവരെയും ഒരുപോലെ വഞ്ചിച്ചവൾ ആണ്.. ഇപ്പഴും ആ വഞ്ചന തുടർന്നുകൊണ്ട് പോകുന്നവൾ ആണ്. എന്റെ ജീവിതത്തിൽ ഞാൻ എല്ലായിടത്തും തോറ്റുപോയി. ഇനി ആരും വേണ്ട എനിക്ക്… എനിക്ക്.. എനിക്കെന്റെ മോൾ മാത്രം മതി “

ഭ്രാന്തമായ അവളുടെ വാക്കുകൾക്ക് മുന്നിൽ ഒരു നിമിഷം സ്തംഭിച്ചുനിന്നു രാജി. പിന്നെ പതിയെ അവളുടെ കരം കവർന്നുകൊണ്ട് അരികിലേക്ക് ഇരുത്തുമ്പോൾ അവൾക്ക് പറയാൻ ചിലതുണ്ടായിരുന്നു.

” ശിഖ.. നിന്റെ ജീവിതത്തിൽ നീ എടുത്ത തീരുമാനങ്ങൾ തെറ്റോ ശരിയോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ ഇപ്പോൾ എനിക്ക് പറയാനുള്ളത് കേൾക്കാൻ നിനക്ക് കഴിയണം..

എന്നിട്ട് നിനക്ക് ഒരു തീരുമാനം എടുക്കാം..”

അവളുടെ മുഖവുരയോടെ ഉള്ള വാക്കുകൾക്ക് മുന്നിൽ വിങ്ങിവീർത്ത മുഖം ഉയർത്തി നോക്കുമ്പോൾ രാജി അവളുടെ കവിളിൽ ഒന്ന് പതിയെ തലോടി,

” മോളെ… ജീവിതം എന്നത് ഇന്നത്തെ കാലത്ത് കൈവരി ഇല്ലാത്ത പാലം പോലെ ആണ്.. ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ, നമ്മുടെ ആ ശ്രദ്ധ ഒന്ന് തെറ്റിയാൽ, മുന്നോട്ട് വെക്കുന്ന അടിയൊന്നു പിഴച്ചാലുള്ള വീഴ്ചയിൽ നിന്ന് കരകയറാൻ ചിലപ്പോൾ നമുക്ക് കഴിഞ്ഞെന്ന് വരില്ല.

അതുപോലെ ആണ് ഇപ്പോൾ നിന്റെ അവസ്ഥയും. മുന്നോട്ടുള്ള ജീവിതത്തിൽ ഒരു ഉറച്ച തീരുമാനം എടുക്കാൻ കഴിയാത്തിടത്താണ് നീ തോറ്റു പോകുന്നത്.

അച്ചുവിനെ ഞാൻ കുറ്റം പറയുന്നില്ല.. അവൻ ആഗ്രഹിച്ച ജീവിതം കൈവിട്ട് പോയത് കാണുമ്പോൾ തോന്നിയ വികാരം അവൻ നിനക്ക് മുന്നിൽ പ്രകടിപ്പിച്ചു. പക്ഷേ, അതിൽ എത്രത്തോളം ശരി കാണാൻ കഴിയുന്നുണ്ട് നിനക്ക് ? നീ ഇപ്പോൾ മറ്റൊരാളുടെ ഭാര്യ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ നിന്നെ തന്നെ വേണം എന്ന് പറയുന്നവന്റെ സ്നേഹം ഏത് രീതിയിൽ ആണ് എടുക്കേണ്ടത് ? അവന് സ്നേഹം ഇല്ല എന്നല്ല ഞാൻ പറഞ്ഞത്. പക്ഷേ ഇപ്പോൾ അവൻ പ്രകടിപ്പിക്കുന്ന സ്നേഹം
ഒരുതരം റിവഞ്ച് പോലെ ആണ്. അതല്ല, അവന് നിന്നോട് ഉള്ള സ്നേഹം ഇപ്പഴും അത്രത്തോളം ആത്മാർത്ഥമായി ഉണ്ടെങ്കിൽ നിന്റെ ജീവിതം സന്തോഷകരമായി കാണാനേ അവനും ആഗ്രഹിക്കൂ. ആ സന്തോഷം നിനക്ക് നിന്റെ ഭർത്താവിൽ നിന്ന് കിട്ടുന്നുണ്ട് എന്ന് അറിഞ്ഞിട്ടും അവൻ നിന്നെ അവന്റെ ജീവിതത്തിലോട്ട് ക്ഷണിക്കുന്നു എങ്കിൽ നീ ആലോചിക്കണം, ഇത് ശരിക്കും സ്നേഹം ആണോ എന്ന്…? “

രാജിയുടെ ഓരോ വാക്കുകളും കേൾക്കുന്ന അവളുടെ മുഖത്തു പ്രത്യേകിച്ച് ഭാവമാറ്റങ്ങൾ ഒന്നുമില്ലായിരുന്നു.

കൂട്ടുകാരിയുടെ വാക്കുകൾക്ക് ചെവികൊടുത്തുകൊണ്ട് നിർവികാരതയോടെ ഉള്ള ഇരിപ്പ് മാത്രം.

” അങ്ങനെ ഉള്ള സ്നേഹം സ്വീകരിച്ചുകൊണ്ട് എല്ലാം അറിഞ്ഞിട്ടും നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളെ വേണ്ടെന്നു വെക്കണോ?

അവന് മുന്നിൽ ഒരു തേപ്പുകാരിപ്പട്ടം ഏൽക്കാതിരിക്കാൻ ഉള്ള മടികൊണ്ട് നീ മറുത്തൊരു തീരുമാനം എടുക്കുമ്പോൾ ഒന്ന് ആലോചിക്കുക, നാളെ മറ്റുള്ളർക്ക് പറഞ്ഞ് ചിരിക്കാൻ ഭർത്താവിനെ ഉപേക്ഷിച്ചു സ്വന്തം സന്തോഷത്തിന് വേണ്ടി കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയവൾ ആവുന്നതിനേക്കാൾ നല്ലത് നിങ്ങൾക്ക് രണ്ട് പേർക്ക് ഉള്ളിൽ മാത്രം ഒതുങ്ങുന്ന തേപ്പുകാരി ആകുന്നതല്ലേ നല്ലത് ? “

ഒന്ന് ആലോചിക്കണം മോളെ.. നിന്റെ കഴുത്തിൽ എല്ലാം അറിഞ്ഞിട്ടും താലികെട്ടിയ ഒരാൾ ഉണ്ട്. അതാണ്‌ നിന്റെ ജീവിതം. ആ കൈകളിൽ നീ സുരക്ഷിതയാണെന്ന് തോന്നുന്നിടത്തോളം നീ ഇപ്പോൾ ചിന്തിച്ചുകൂട്ടുന്നത് മുഴുവൻ ചവറു ചിന്തകൾ ആണ്. അച്ചു നിന്നെയും നിന്റെ കുഞ്ഞിനേയും ഏറ്റെടുക്കാൻ തയ്യാറാകുമ്പോൾ പോലും ഓർക്കുക, അച്ഛനോളം വരില്ല ഒരിക്കലും വളർത്തച്ഛൻ !

പിന്നെ ഇപ്പോൾ മോളെ സ്വീകരിക്കാം എന്ന് പറയുന്നവന് നാളെ നിന്റെ മോൾ ഒരു ബാധ്യത ആകില്ലെന്ന് ഉറപ്പുണ്ടോ? ഇന്ന് ഭർത്താവിനെ ഉപേക്ഷിക്കാൻ പറഞ്ഞപോലെ നാളെ മോളെയും ഉപേക്ഷിക്കാൻ പറഞ്ഞാൽ..?

ജീവിതം ആണ് മോളെ ചുവടൊന്ന് പിഴച്ചാൽ…!

നിന്നോട് സ്നേഹം ഉള്ളവൻ ആണെങ്കിൽ അച്ചുവിന് നിന്നെയും നിന്റെ അവസ്ഥകളെയും മനസ്സിലാക്കാൻ കഴിയും.. കഴിയണം… ! അവിടെ ആണ് അവന്റെ സ്നേഹത്തിന്റെ ആത്മാർഥത അവൻ കാണിക്കേണ്ടത്. അല്ലാതെ ഒരു ദുർബലനിമിഷത്തിൽ മറ്റൊരാൾക്ക് മുന്നിൽ തല കുനിക്കേണ്ടി വന്ന പെൺകുട്ടിയെ സ്നേഹിച്ചതിന്റെ പേരിൽ പിന്നെയും ക്രൂശിക്കുകയല്ല വേണ്ടത്. പക്ഷേ, ഇപ്പോൾ അവൻ ചെയ്യുന്നത് ഒരു തരത്തിൽ ആ സ്നേഹത്തെ ക്രൂശിക്കുന്നതിന് തുല്യമാണ്. ഇന്ന് ശരിക്കും സ്നേഹം പിടിച്ചുവാങ്ങാൻ ആണ് അവൻ ശ്രമിക്കുന്നത്. പക്ഷേ ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ സ്നേഹിച്ചവൾക്ക് മുന്നിൽ അവളുടെ നല്ല ഭാവിക്ക് വേണ്ടി വിട്ടുകൊടുക്കലും ഒരു തരത്തിൽ ഹൃദയത്തിൽ തട്ടിയസ്നേഹം തന്നെ ആണെന്ന് അവൻ അറിയുന്നില്ല.

അതുകൊണ്ട് എന്റെ മോൾ നല്ല ഒരു തീരുമാനം എടുക്കുക. ജീവിതം ആണ്. നിന്റെ മോൾക്ക് വേണ്ടത് അച്ഛനെ ആണ്.. വളർത്തച്ഛനെ അല്ല. ! അച്ഛൻ കൺമുന്നിൽ ഉണ്ടായിട്ടും വളർത്തച്ഛന്റെ കൂടെ വളർന്ന നിന്നോട് ആ അവസ്ഥയെ കുറിച്ച് പിന്നെയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട ആവശ്യം ഉണ്ടോ ?

നിന്റെ ജീവിതത്തിൽ സംഭവിച്ചത് നിന്റെ മകളുടെ ജീവിതത്തിലും സംഭവിക്കരുത് എന്ന് ആഗ്രഹം ഉണ്ടെങ്കിൽ നിനക്ക് നിന്റെ ഭർത്താവിന്റെ മുറിയിലേക്ക് പോകാം, എല്ലാം മറന്നൊരു ജീവിതം തുടങ്ങാൻ…. അല്ലെങ്കിൽ നിങ്ങളുടെ ഇഷ്ട്ടാനിഷ്ടങ്ങളുടെ പിടിവലികൾക്കിടയിൽ പെട്ട് പോകുന്നത് ഒരു കുഞ്ഞ് മനസ്സ് ആണെന്ന് ഓർക്കുക..അതും ഒരു പെൺകുഞ്ഞ് ആണ്…ആവർത്തനങ്ങൾ ഉണ്ടാകാതിരിക്കട്ടെ.

അതല്ല.. ഇനിയും നിന്റെ മനസ്സിൽ എന്റെ വാക്കുകൾ കയറിയില്ലെങ്കിൽ പിന്നെ എല്ലാം നിന്റെ ഇഷ്ട്ടം. ജീവിതത്തിൽ ജയിക്കാൻ ആണ് മോളെ പ്രയാസം. തോൽക്കാൻ എളുപ്പമാണ് ! ഒരു നിമിഷത്തെ തെറ്റായ ചിന്തകൊണ്ട് കൊണ്ട് ജീവിതത്തിൽ തോൽക്കാതിരിക്കാൻ എന്റെ മോൾക്ക് നല്ല ഒരു തീരുമാനം എടുക്കാൻ കഴിയട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു. “

രാജിയുടെ ഓരോ വാക്കും കാതിൽ പതിക്കുമ്പോൾ വല്ലാത്തൊരു അമ്പരപ്പുണ്ടായിരുന്നു ശിഖയുടെ മുഖത്ത്‌. നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടക്കുമ്പോൾ മറുത്തൊരു വാക്ക് പറയാൻ കഴിയാതെ വിതുമ്പുന്ന അവളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു…

” ശരിക്കും താനിപ്പോൾ വഞ്ചിക്കുന്നത് എല്ലാം അറിഞ്ഞിട്ടും ആത്മാർത്ഥമായി സ്നേഹിക്കുന്ന അരുണിനെ ആണോ..! അതോ ഇപ്പോൾ ഉള്ള ജീവിതം ഉപേക്ഷിച്ചു കൂടെ വരാൻ പറയുന്ന അച്ചുവിനെയോ ..?

രാജി പറഞ്ഞപോലെ അച്ചുവിന്റെ സ്നേഹം ശരിക്കും അത്രത്തോളം ആത്മാർത്ഥമാണോ…? അതോ നഷ്ട്ടപ്പെട്ട പെണ്ണിനെ കിട്ടണം എന്ന വാശിയോ…..?

ഇനി അവന്റെ കൂടെ ഒരു ജീവിതം ആഗ്രഹിച്ചു പോയാൽ നാളെ തന്റെ കുഞ്ഞിനെ അവൻ തള്ളിപ്പറഞ്ഞാൽ… !

————————-

അതേ ചോദ്യങ്ങൾ ഞാൻ എന്റെ പ്രിയപ്പെട്ട വായനക്കാരോടും ചോദിക്കുന്നു. ഈ കഥപോലെ ഒരു ജീവിതം നിങ്ങൾക്ക് മുന്നിൽ ഉണ്ടെങ്കിൽ ഇവിടെ ശിഖയ്ക്ക് നൽകാൻ നിങ്ങൾക്ക് മുന്നിൽ തെളിയുന്ന ഉചിതമായ തീരുമാനം എന്താകും ?

ആരെയും, ഇതിലെ ഒരു കഥാപാത്രത്തെയും വ്യക്തിഹത്യ ചെയ്യാത്ത നല്ല ഒരു മറുപടി നൽകും എന്ന പ്രതീക്ഷയോടെ…

ഈ കഥക്ക് പൂർണ്ണത ഇല്ലാത്ത ഒരു അവസാനം🙏

✍️ദേവൻ

കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രം. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഈ കഥക്ക് ബന്ധമില്ല.