സുന്ദരന് സഹിക്കാൻ കഴിഞ്ഞില്ല കൊച്ചു കുട്ടികളെ പോലെ അവിടെ നിന്ന് കരയാൻ തുടങ്ങി….

സുന്ദരനും സുന്ദരിയും….

Story written by Suresh Menon

===============

സ്റ്റാർ ബേക്കറിക്ക് മുൻപിലെ വലിയ ആൽ മരത്തിന് ചുവടെ എത്തിയപ്പോഴാണ് സ്ക്കൂട്ടറിൽ വരികയായിരുന്ന സുന്ദരനെ പോലീസ് കൈ കാണിച്ച് നിർത്തിയത്….

“വണ്ടി അങ്ങോട്ട് സൈഡിലേക്ക് മാറ്റിയിട് “

ഇൻസ്പെക്ടർ ബാലഗോപാലൻ രൂക്ഷമായി അത് പറഞ്ഞപ്പോൾ പേടിച്ചരണ്ട് സുന്ദരൻ സ്കൂട്ടർ സൈഡിലേക്കൊതുക്കി

പോലീസുകാരനായ ജോസുട്ടിയും വനിതാ പോലീസായ ലക്ഷ്മിയും സുന്ദരന്റെ അടുത്തേക്ക് ചെന്നു…

“ലൈസൻസും മറ്റു പേപ്പറുകളും എല്ലാം എടുക്ക്”

അതെല്ലാം മേടിച്ച് അവർ ഇൻസ്പെക്ടറുടെ മുന്നിലെത്തി….ബാലഗോപാൽ അതെല്ലാം നോക്കി….

“അവനെയിങ്ങ് വിളിക്ക് ….”

സുന്ദരൻ ഇൻസ്പെക്ടറുടെ മുന്നിലെത്തി

“നിന്റെ പേരെന്താ ന്നാ പറഞ്ഞെ …..”

“സുന്ദരൻ “

“ങ്ങാ സുന്ദരാ…ഈ സ്ക്കൂട്ടറോടിക്കുമ്പോൾ ഒരു സാധനം അത്യാവശ്യമാണെന്ന് അറിഞ്ഞുകൂടെ….”

പെട്ടെന്ന് ഭയത്താൽ എന്ത് പറയണമെന്നറിയാതെ പൊതുവെ പേടിത്തൊണ്ടനായ സുന്ദരൻ ഒന്ന് വിറച്ചു. പിന്നെ ജോസുട്ടിയുടെയും ലക്ഷ്മിയുടെയും മുഖത്തേക്ക് നോക്കി …

“നീ സാറ് ചോദിച്ചതിന് മറുപടി പറ സുന്ദരാ …”

“സാർ വണ്ടിയോടിക്കാൻ അത്യാവിശ്യം വേണ്ടത് പെട്രോളല്ലെ….അത് അതിലുണ്ട് സർ….”

സുന്ദരന്റെ മറുപടി കേട്ട ലക്ഷ്മി വായ പൊത്തി പതിയെ  ചിരിച്ചു….ബാലഗോപാൽ സുന്ദരന്റെ അടുത്തേക്ക് ചെന്നു. ഉരുക്കു പോലെയുള്ള തന്റെ കൈകൾ സുന്ദരന്റെ രണ്ടു ചുമലിലും വച്ചു. ഭയം കൊണ്ട് സുന്ദരന്റെ സർവ്വ ഞരമ്പുകളും നിലച്ച പോലെയായി …

“നീ ആളൊരു തമാശക്കാരനാണല്ലൊ സുന്ദരാ….പെട്രോൾ മാത്രം പോരല്ലൊ    വണ്ടി ഓടിക്കാൻ…നിന്റെ തലയിലൊന്നും ഇല്ലല്ലൊ സുന്ദരാ ….”

ഭയന്നുപോയ സുന്ദരന്റെ തൊണ്ട വരണ്ടു…മറുപടി പറഞ്ഞില്ലെങ്കി പ്രശ്നമാകും എന്ന് കരുതി സുന്ദരൻ പെട്ടെന്ന് പറഞ്ഞു

“അല്ലേലും എന്റെ  തലയിൽ ഒന്നും ഇല്ലാന്ന് അഞ്ചാം ക്ലാസിൽ കണക്ക് പഠിപ്പിച്ച വർക്കി സാർ പണ്ടേ പറയുമായിരുന്നു സർ ….”

ഇത് കേട്ട ജോസുട്ടിയും ലക്‌ഷ്മിയും അറിയാതെ പൊട്ടിച്ചിരിച്ചു പോയി ….

“രാവിലെ തന്നെ എവിടുന്ന് ഒപ്പിച്ചെടോ ഈ സാധനത്തെ…..” ബാലഗോപാലൻ അവരോടായി ചോദിച്ചു …

“ടാ സാറ് നിന്നോട് ചോദിച്ചത് നിന്റെ ഹെൽമറ്റ് എവിടെന്നാണ് “

“അയ്യോ സാറെ ഞാനത് മറന്നു പോയതാണ്…ക്ഷമിക്കണം …..”

“ക്ഷമിക്കാനല്ലല്ലൊ സുന്ദരാ പോലീസ്….തെറ്റ് കണ്ടാൽ ശിക്ഷിക്കാനല്ലെ ….ഹെൽമറ്റില്ലാതെ ഈ രാവിലെ തന്നെ എങ്ങോട്ടായിരുന്നു സുന്ദരന്റെ യാത്ര “

“ഞാൻ കുറച്ചു മുല്ലപ്പൂ മേടിക്കാൻ പോകയായിരുന്നു സർ … ഇന്ന് ഞങ്ങളുടെ മൂന്നാം വിവാഹ വാർഷികമാണ്…ഓൾക്ക് മുല്ലപ്പൂ എന്ന് പറഞ്ഞാൽ ഭയങ്കര ഇഷ്ടാ “

“ഹോ ഹോ…..വിവാഹ വാർഷികത്തിന്റെയന്ന് പൂ മേടിക്കാൻ പോകുമ്പോൾ ഹെൽമറ്റ് വെക്കാൻ പാടില്ലാന്ന് നിന്നോട് ഭാര്യ പറഞ്ഞൊ ..  “

“ഏയ് ഞാൻ വരുമ്പോൾ അവൾ നല്ല ഉറക്കായിരുന്നു .അതോണ്ട് എന്നോടൊന്നും പറഞ്ഞില്ല …..”

നിഷ്കളങ്കമായ സുന്ദരന്റെ മറുപടി കേട്ട ബാലഗോപാലനും അറിയാതെ ചിരിച്ചു പോയി

“ജോസുട്ട്യേ ഇവൻ ആളൊരു രസികൻ ക്യാരക്റ്ററാണല്ലൊ “

തൊട്ടടുത്ത ചായക്കടയിലെ പയ്യൻ കൊണ്ടു വച്ച ചായ കുടിക്കുന്നതിന്നിടയിൽ ബാലഗോപാലൻ ജോസുട്ടിയോടായി പറഞ്ഞു.

“ന്താ നിന്റെ ഭാര്യയുടെ പേര് “

“സുന്ദരി…പ്രേമ വിവാഹമായിരുന്നു സർ “

“നിന്നോട് ഞാൻ ചോദി ച്ചൊ “

“ഇല്ല…ഞാനങ്ങ് അറിയാതെ പറഞ്ഞു പോയതാ…ക്ഷമിക്കണം “

“സാരമില്ല ഞാനീ ചായ കുടിച്ചു കഴിയുമ്പോഴേക്കും രാവിലെ തന്നെ നിന്റെ പ്രേമകഥയൊന്ന് കേൾക്കാം അല്ലെ ലക്ഷ്മി “

“കേൾക്കാം സർ ….” ബാലഗോപാലിന്റെ ചോദ്യത്തിന് ലക്ഷ്മി തലകുലുക്കി …

എന്താണ് സംഭവിക്കുന്നതെന്ന് ഒരു വ്യക്തതയുമില്ലാത്ത സുന്ദരൻ നിഷ്കളങ്കമായി തന്റെ കഥ പറഞ്ഞു തുടങ്ങി…അത് കേട്ടാലെങ്കിലും തന്നെ വെറുതെ വിടുമെന്നുള്ള ചിന്തയിൽ ….

“എന്റെ അച്ഛനും സുന്ദരിയുടെ അച്ഛനും  ഉറ്റ കൂട്ടുകാരായിരുന്നു. ആദ്യം ഉണ്ടായത് ഞാനാ. അപ്പൊ തന്നെ  സുന്ദരിയുടെ അച്ഛൻ പറഞ്ഞ് അയാൾക്കൊരു മോൾ ഉണ്ടാവുകയാണെങ്കിൽ അവൾക്ക് സുന്ദരിയെന്ന് പേരിടും. പറഞ്ഞ പോലെ തന്നെ പെൺകുട്ടി ജനിച്ചു …. ഓൾക്ക് സുന്ദരിയെന്ന് പേരിട്ടു. പിന്നെ വലുതായപ്പൊ ഓളില്ലാതെ നിക്കും ഞാനില്ലാതെ ഓൾക്കും ജീവിക്കാൻ പറ്റാതായി അങ്ങിനെ ഞങ്ങൾ കെട്ടി ….”

സുന്ദരൻ കഥ തുടർന്നുകൊണ്ടിരുന്നപ്പോൾ ബാലഗോപാലന്റെ ചായ കുടി കഴിഞ്ഞു..

“സുന്ദരാ കഥയൊക്കെ കൊള്ളാം ….നീ തൽക്കാലം ഹെൽമറ്റില്ലാത്തതിനാൽ പെനാൽട്ടി അടച്ചിട്ട് പോയാ മതി ….”

“അയ്യോ സാറെ ഇത്തവണ മാപ്പാക്കണം. ആറ് മാസമായിട്ട് കൈ ഒടിഞ്ഞ് പണിക്ക് പോകാതെ കിടപ്പായിരുന്നു ഞാൻ…സുന്ദരി ഓരോ വീടു പണിക്ക് പോയിട്ടാ ചില വ് കഴിഞ്ഞിരുന്നത് തന്നെ … സാറെ കനിയണം ….ഓൾക്ക് കുറച്ച് മുല്ലപ്പൂ മേടിക്കാനുള്ള കാശെ ന്റെ കയ്യിലുള്ളു…”

“നിനക്ക് ഞാനൊരു പൂവല്ലെടാ ഒരു പൂക്കാലം തന്നെ തരാം വേണാ ……” ബാലഗോപാലൻ തന്റെ മുഷ്ടി ചുരുട്ടി ….

“ജോസുട്ട്യേ ഇവനെ വിടണ്ട അപ്പുറത്തേക്ക് മാറ്റി നിർത്ത് … “

“ശരി സർ …”

സുന്ദരന് സഹിക്കാൻ കഴിഞ്ഞില്ല കൊച്ചു കുട്ടികളെ പോലെ അവിടെ നിന്ന് കരയാൻ തുടങ്ങി.

“ഛീ കരയാതെ ടാ കൊച്ചു കുട്ടികളെ പോലെ “

ജോസുട്ടി അവനെ താക്കീത് ചെയ്തു…സുന്ദരൻ തന്റെ കണ്ണുകൾ തുടച്ചു. തന്നെ കാണാതെ സുന്ദരി വിഷമിക്കുന്നുണ്ടെന്ന് ഓർത്തപ്പോൾ സുന്ദരന് സങ്കടം സഹിക്കാനായില്ല ….

” ചേച്ചി … ” സുന്ദരൻ വനിതാ പോലീസിനെ വിളിച്ചു …

“ചേച്ചിയൊ..ആരെടാ നിന്റെ ചേച്ചി” ലക്ഷ്മി സുന്ദരനോട് ചൂടായി ….

“ഒന്ന് സാറിനോട് പറ എന്നെ വിടാൻ എനിക്ക് പേടിയാകണ്…. സുന്ദരി എന്നെ കാണാതെ വിഷമിക്കും ….” സുന്ദരൻ വീണ്ടും കരയാൻ തുടങ്ങി …

“ജോസുട്ടി….നീ അവന്റെ സ്ക്കൂട്ടർ ആ കടയുടെ മുമ്പിൽ പാർക്ക് ചെയ്തിട്ട് അവനെ പിടിച്ച് വണ്ടി കേറ്റ്. അവനാളൊരു തരികിടയാണ്. അവനും അവന്റെയൊരു മുല്ലപ്പൂവും ….”

അത് കേട്ടതോടെ സുന്ദരൻ ആകെ തളർന്നു..അലറി വിളിക്കാൻ തോന്നി. എന്നാൽ ശബ്ദം പു റത്ത് വന്നില്ല.

ജോസുട്ടി അവനെ പിടിച്ച് വണ്ടിയിൽ കയറ്റി…അവരെ നാല് പേരെയും കൊണ്ട് വണ്ടി സ്റ്റേഷനിലേക്ക് പാഞ്ഞു….

“ടാ  ഇവിടെ വാ…” സ്റ്റേഷനിൽ പുറത്ത് നിർത്തിയിരുന്ന സുന്ദരനെ ജോസുട്ടി വിളിച്ചു …

“ഇവിടെ കുറച്ച് പണിയുണ്ട് അത് മുഴുവൻ ചെയ്ത് കഴിഞ്ഞാ നിനക്ക് പോകാം ന്ന് സാറ് പറഞ്ഞ് . …. ദാ സ്റ്റേഷന്റെ അകത്ത് ഒരു സ്റ്റോർ ഉണ്ട് . അതൊക്കെ വൃത്തിയാക്കി പൊടിയൊക്കെ തട്ടി ഫയലുകളൊക്കെ അടുക്കി വെക്കണം … ഗേറ്റ് വരെയുള മുറ്റത്തെ പുല്ല് മുഴുവൻ പറിച്ച് ഇതൊക്കെയൊന്ന് വൃത്തിയാക്കണം….പിന്നെ ആ മതിൽ ഒന്ന് വെള്ളമൊഴിച്ച് വൃത്തിയാക്കണം ….”

“ശരി സർ … “

“നിന്റെ സുന്ദരിയുടെ നമ്പർ ഇങ്ങ് താ….നീ ഇവിടെയുണ്ടെന്ന് ഞങ്ങൾ വിളിച്ച് പറഞ്ഞോളാം …..”

ജോസുട്ടി പോയി … വൈകുന്നേരം ആറ് മണി കഴിഞ്ഞപ്പോൾ പോലീസ് സ്റ്റേഷനിലെ പണിയൊക്കെ തീർന്ന സുന്ദരനെ റൈട്ടർ വിളിച്ചു.

“സുന്ദരാ … നീയടക്കാനുള്ള പിഴ കഴിച്ച് ബാക്കിയുള്ള നിന്റെ കൂലി ന്നാ…ഇവിടെ ഒരൊപ്പിട്….”.

സുന്ദരൻ ഒപ്പിട്ടു. കിട്ടിയത് എണ്ണി നോക്കി ….

“ഇതൊന്നുമില്ലല്ലൊ ” അവൻ മനസ്സിൽ വിഷമത്തോടെ പറഞ്ഞു.

“സാറെ വല്ലാതെ കുറഞ്ഞു പോയി സാറെ … ഒരു നൂറ് ഉറുപ്പികയും കൂടി തന്നാൽ സുന്ദരിക്ക് ഒരു ബ്ലൗസിന്റെ തുണിയെങ്കിലും മേടിച്ചു കൊണ്ട് പോകായിരുന്ന് … ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമാണ് സർ …. ഇന്ന്  ഓൾക്ക് ഒന്നും മേടിച്ചു കൊടുക്കാൻ പറ്റിയിട്ടില്ല ” സുന്ദരൻ വിഷമത്തോടെ കെഞ്ചി….

“ഇയ്യ് സമയം കളയാതെ പോയെ ന്റെ സുന്ദരാ ….”

“ഞാൻ എസ് ഐ സാറിനെ ഒന്ന് കണ്ട് പറഞ്ഞാലൊ “

“ആ വേഗം ചെല്ല്…. ഒരു തല്ല് പിടിക്കേസിൽ M L A യുടെ മകൻ റെക്കമെന്റേഷനുമായി ചെന്നതിന് അവന്റെ കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തതിന് പണിഷ്മെന്റ് ട്രാൻസ്ഫറായിട്ട് വന്ന സാറാണ് ബേഗം ചെല്ല് പ്പോ കിട്ടും ….” പോലീസ് കാരൻ പരിഹാസത്തോടെ പറഞ്ഞു …

ഒന്നും പറയാതെ കിട്ടിയതും മേടിച്ച് സുന്ദരൻ പടിയിറങ്ങി …. വിവാഹ വാർഷികമായിട്ട് ഇന്നത്തെ ദിവസം രാവിലെ ഇറങ്ങിയതാണ്. പാവം സുന്ദരി.. ഈ വൈകിയ സമയത്ത് അവൾക്കെന്ത് മേടിച്ചു കൊണ്ടുപോകും… പോക്കറ്റിൽ തപ്പി നോക്കി. എന്തായാലും കുറച്ച് നാരങ്ങാ മിഠായി മേടിക്കാം .ഓൾക്ക് ഭയങ്കര ഷ്ടാ….നാരങ്ങ മിഠായി അത് മതി ..

സുന്ദരൻ വീട്ടിലെത്തിയപ്പൊ സന്ധ്യ കഴിഞ്ഞു. കയ്യിലെ നാരങ്ങ മിഠായി മുറുകെ പിടിച്ച് സുന്ദരൻ പാതി ചാരിയ ഉമ്മറവാതിൽ തുറന്നു …

വീട്ടിലെ ചെറിയ മേശയുടെ മേൽ ഒരു വലിയ കേക്കും പിന്നെ പേരുകേട്ട തുണിക്കടയിലെ ഒരു  ബാഗും  …. കുറെ മുല്ലപ്പൂവും ….സുന്ദരന് ഒന്നും മനസ്സിലായില്ല …കരിപിടിച്ച ആ ചെറിയ അടുക്കളയിലേക്ക് സുന്ദരൻ ചെന്നു…രണ്ട് പാക്കറ്റ് ബിരിയാണി അടുക്കളപ്പുറത്ത് സുന്ദരൻ കണ്ടു.

ഒന്നും മനസ്സിലാകാതെ നിന്ന സുന്ദരന്റെ അടുത്തേക്ക് അടുത്ത വീട്ടിലെ കിണറിൽ നിന്ന് ഒക്കത്ത് വെള്ളവുമായി അടുക്കളയിലേക്ക് വന്ന സുന്ദരി പുഞ്ചിരിച്ചു കൊണ്ട് ചെന്നു…

“സുന്ദരേട്ടാ എപ്പാ വന്നെ … ദേ ഇത് കണ്ടാ ” സുന്ദരന് അപ്പോ ഴും ഒന്നും മനസ്സിലായില്ല….

“വൈകുന്നേരമായപ്പൊ ജനമൈത്രി പോലീസ് സ്റ്റേഷനിൽ ൽ നിന്ന് ഒരു പോലീസുകാരനും ഒരു പോലീസ് ചേച്ചിയും കൂടി വന്ന് . ഇന്ന് വിവാഹ വാർഷികമല്ലെ … ഇത് ഞങ്ങളുടെ വക ഒരു കൊച്ചു സമ്മാനമാണെന്ന് പറഞ്ഞു തന്നു . സുന്ദരേട്ടൻ സന്ധ്യയോടെ എത്തും എന്ന് പറഞ്ഞ് . ഞാൻ നോക്കിയപ്പൊ എനിക്കൊരു സാരിയും ഒരു  കേക്കും പിന്നെ കഴിക്കാൻ ബിരിയാണിയും …. ഇതെന്താ സുന്ദരേട്ടാ നിക്കൊന്നും മനസ്സിലാകണില്ല്യ …

” നിനക്ക് ഞാനൊരു പൂക്കാലം തരാടാ….” എസ് ഐ ബാലഗോപാലിന്റെ  ആക്രോശം സുന്ദരന്റെ ചെവിയിൽ മുഴങ്ങി ..

പൊടുന്നനെ സുന്ദരന്റെ കണ്ണുകൾ നിറഞ്ഞു … സുന്ദരിയോട് എന്ത് പറയണമെന്നറിയാതെ സുന്ദരൻ കണ്ണുകളടച്ചു …സുന്ദരന്റെ മൊബൈൽ ശബ്ദിച്ചു …

“ഹലോ….”

“സുന്ദരനും സുന്ദരിക്കും ജനമൈത്രി പോലീസ് സ്റ്റേഷന്റെ വിവാഹ വാർഷിക ആശംസകൾ … “

ശബ്ദം കേട്ട സുന്ദരൻ കണ്ണുകൾ തുടച്ചു …പോലീസ് സ്റ്റേഷനിൽ നിന്നായിരുന്നു ആ ഫോൺ…

“സർ എനിക്ക് S I സാറുമായി ഒന്ന് സംസാരിക്കാൻ പറ്റുമോ ……”

“ഹാ സുന്ദരാ ഞാനാണ് ബാലഗോപാൽ  വിവാഹ വാർഷികാശംസകൾ …..”

ബാലഗോപാലിന്റെ ശബ്ദം കേട്ട വഴി സുന്ദരന്റെ തൊണ്ടയിടറി …

“സർ എനിക്കെന്ത് പറയണമെന്നറിഞ്ഞൂടാ ….” സുന്ദരൻ പതിയെ ഒന്നു തേങ്ങി ….

“എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സമ്മാനം ആരും തന്നിട്ടില്ല സർ …..” സങ്കടം കൊണ്ട് സുന്ദരന്റെ വാക്കുകൾ മുറിഞ്ഞു.

“ഏയ് സുന്ദരാ കൊച്ചു കുട്ടികളെ പോലെ ഇങ്ങനെ  കരയാതെ….ഇതൊക്കെ ഒരു സന്തോഷമല്ലെ ….ഒരു കാര്യം മനസ്സിലാക്കണം. ഞങ്ങള് പോലീസുകാരും നിങ്ങളെ പോലെ സാധാരണ മനുഷ്യരാണ് . പിന്നെ തെറ്റ് കണ്ടാൽ..നിയമ ലംഘനം കണ്ടാൽ ഞങ്ങൾ ഇടപെടും  അതുറപ്പ്….അതുകൊണ്ട് ഒരിക്കൽ കൂടി പറയുന്നു ആദ്യരാത്രി ആയാലും വിവാഹ വാർഷികമായാലും സ്ക്കൂട്ടറിൽ പോകുമ്പോൾ ……….”

“ഹെൽമറ്റിടാൻ മറക്കരുത് ……” സുന്ദരൻ അതു കൂട്ടി ചേർത്തപ്പോൾ ബാലഗോപാൽ അത് കേട്ട് പൊട്ടിച്ചിരിച്ചു ….”

“സർ ഞാൻ ഒരു കാര്യം പറയട്ടെ .. ങ്ങള് ശരിക്കും ആവനാഴിയിലെ മമ്മുക്ക പോലെയാണ്. പുറമെ പരുക്കനാണെങ്കിലും അകത്ത് നല്ലൊരു മനുഷ്യനാണ്…ഒരു പാട് നന്ദി ണ്ട് സർ ….”

സന്തോഷം കൊണ്ട് സുന്ദരന്റെ കണ്ണിൽ നിന്ന് കണ്ണീർ ഒലിച്ചിറങ്ങി …

ok വിഷ് യു എ ഹാപ്പി ആനിവേഴ്സ് റി സുന്ദരാ …..” ബാലഗോപാൽ ഫോൺ കട്ടു ചെയ്തു ….

എന്താണ് സംഭവിച്ചത് എന്നൊന്നും മനസ്സിലാകാതെ നിന്ന സുന്ദരിയെ സുന്ദരൻ തന്നോട് ചേർത്ത് പിടിച്ചു….സന്തോഷം കൊണ്ട് അവളുടെ നെറ്റിയിലും കവിളിലും ചുണ്ടിലും മാറി മാറി ഉമ്മ വെച്ചു …

“സുന്ദരേട്ടാ ….ങ്ങള് തന്ന എല്ലാ സമ്മാനങ്ങളും  നിക്കിഷ്ടായി ….ന്നാലും ഇങ്ങടെ ആ നാരങ്ങ മിഠായി അതെനിക്ക് വേണം …”

സന്തോഷവും സങ്കടവും എല്ലാം നിറഞ്ഞ സുന്ദരൻ തന്റെ പ്രിയപ്പെട്ട സുന്ദരിയെ കൈകളിൽ കോരിയെടുത്തു…..