അടച്ചിട്ട മുറിക്കുള്ളിൽ നിന്ന് നീരജിന്റെ സംസാരം കേട്ട അവന്റെ അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കി…

Story written by Jishnu Ramesan

=======================

“വസൂ, നിന്റെയാ മുടി അഴിച്ചിട്…, ഈ മുഖത്തിനൊരഴകാണ് പടർന്നു കിടക്കുന്ന ആ കറുത്ത മുടിയിഴകൾ…”

അടച്ചിട്ട മുറിക്കുള്ളിൽ നിന്ന് നീരജിന്റെ സംസാരം കേട്ട അവന്റെ അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കി…!

മുറിക്കുള്ളിലെ ഇമ്പമാർന്ന ഒറ്റയാൾ സംഭാഷണത്തിന്റെ ദൈർഘ്യം കൂടി…നീരജിന്റെ നനുത്ത ശബ്ദം ആ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിന്നു…

” നമ്മള് എത്ര നാളെന്ന് വെച്ചിട്ടാ അവനെ ഒരു ഡോക്ടറെ കാണിക്കാതെ ഇരിക്കുന്നത്…! ഇതിപ്പോ ഏഴു വർഷം ആയില്ലേ നമ്മുടെ മോൻ ഇങ്ങനെ….!”

‘ നീ എന്താടീ ഈ പറയുന്നത്…, അവനു ഭ്രാന്താണെന്നാണോ പറയുന്നത്… ഏതെങ്കിലും ഭ്രാന്താശുപത്രിയിൽ കൊണ്ടിടണോ നമ്മുടെ മോനേ…! അന്ന് മുതൽ ഇന്നീ നിമിഷം വരെ അവൻ സാധാരണ പോലെയല്ലേ ജീവിച്ചത്, അവന്റെ കാര്യം നോക്കി ഓഫീസിലും പോകുന്നുണ്ട്..’

അടച്ചിട്ട മുറിയിൽ ഒറ്റയ്ക്ക് സംസാരിക്കുന്ന നീരജിന്റെ പ്രകൃതം കണ്ടിട്ടാണ് അവന്റെ അച്ഛനും അമ്മയും തങ്ങളുടെ സങ്കടം പങ്കുവെച്ചത്…

അമ്മയുടെ നിർബന്ധപ്രകാരം നീരജിന് ഒരു മാനസികരോഗ വിദഗ്ധനെ കാണേണ്ടി വന്നു…ഡോക്ടറുടെ ചോദ്യം മുഴുവനും അച്ഛനോടും അമ്മയോടും ആയിരുന്നു…

നീരജ് ഈയൊരു അവസ്ഥയിൽ എത്താനുള്ള കാരണം കേട്ട ഡോക്ടർ ഒന്നേ പറഞ്ഞുള്ളൂ,

” ഒരു ഇംഗ്ലീഷ് പേര് കൊടുത്ത് ഈ അവസ്ഥയെ ഉപമിക്കാം…പക്ഷേ കഴിഞ്ഞ ഏഴു വർഷത്തിനിടക്ക്‌ ഒറ്റയ്ക്ക് സംസാരിക്കുന്ന നീരജ് ഒരു തരത്തിലും ആർക്കും ശല്യം ആയിട്ടില്ല…അതും വല്ലപ്പോഴും മുറി അടച്ചിരുന്നാണ് സംസാരിക്കുന്നത്… മാത്രമല്ല മാനസികമായി പറയാവുന്ന ഒരു കുഴപ്പവും നീരജിൽ കാണുന്നില്ല.. അത് കൊണ്ട് ഇവിടെ എന്നല്ല ലോകത്ത് എവിടെ പോയാലും ഒരു ചികിത്സയുടെ ആവശ്യമില്ല…”

നിരാശയോടെ നീരജിന്റെ അച്ഛനും അമ്മയും അവിടുന്നിറങ്ങി, കൂടെ നീരജും.. ” എനിക്കൊരു കുഴപ്പവുമില്ല” എന്ന പതിവ് ഇപ്രാവശ്യം അവൻ ഒഴിവാക്കി…

വീട്ടിലെത്തി പതിവില്ലാതെ അവൻ മുറിയിൽ കയറി കതകടച്ചു… അവൻ കണ്ണാടിക്ക് മുന്നിൽ ചെന്നിരുന്നു…മറ്റുള്ളവർ അവന്റെ തന്നെ പ്രതിബിംബമാണ് കണ്ണാടിയിൽ കാണുന്നതെങ്കിൽ നീരജ് അവന്റെ വസുവിന്റെ രൂപമാണ് കണ്ണാടിയിൽ കാണുന്നത്… അവള് അടുത്തുള്ളത് പോലെ കണ്ണാടിയിൽ നോക്കി സംസാരിക്കും… പുറത്ത് നിന്ന് നോക്കുന്ന ആർക്കും അകത്ത് നീരജ് ആരോടോ സംസാരിക്കുന്നു എന്നേ തോന്നൂ…

ചിലപ്പോ മാസങ്ങളോളം ഈയൊരു ഭാവമാറ്റം അവനിൽ കണ്ടെന്ന് വരില്ല.. ഒരു വർഷത്തിനു ശേഷമാണ് ഇന്നിപ്പോ വീണ്ടും ഒറ്റയ്ക്കുള്ള സംസാരം അവനിൽ കണ്ടത്..

******************

“ഏഴു വർഷം മുമ്പാണ് ‘ വസുധ ‘ അവന്റെ ജീവിതത്തിലേക്ക് വരുന്നത്..സംസാരശേഷി ഇല്ലാത്ത വസു കേൾവി ശക്തി കൊണ്ട് അതിനെ മറികടന്നിരുന്നു.. നീരജിന്റെ മുഖത്ത് നോക്കിയുള്ള സംസാരം ആകർഷണത്തോടെ അവൾ നോക്കിയിരിക്കും…

മൂന്നു വർഷത്തെ പ്രണയത്തിന് ശേഷം അവളെ നീരജ് സ്വന്തമാക്കിയപ്പോ സ്വപ്നങ്ങൾ ഏറെയായിരുന്നു..

നീണ്ടു കിടക്കുന്ന മുടിയിഴകളും, നുണക്കുഴിയും, കറുപ്പിനോട് ഉപമിക്കാവുന്ന നിറവും കൊണ്ട് വസു അവന്റെ മനസ്സിൽ മാത്രമല്ല ആ വീട്ടിലും ഒരു സ്ഥാനം കണ്ടെത്തി…

വിവാഹം കഴിഞ്ഞ് നാലാം മാസം വസുധയ്ക്ക്‌ മാ സ മു റ തെറ്റിയതോടെ ആ വീട് ഒരു കുഞ്ഞിനെ സ്വീകരിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു..

ഏഴാം മാസം അവളുടെ വീട്ടുകാർ വസുധയെ പ്രസവത്തിന് കൂട്ടിക്കൊണ്ട് പോകാൻ വന്ന ദിവസം തുടങ്ങിയതാണ് നീരജിന്റെ നെഞ്ചിലെ ഇടിപ്പ്‌.. ആദ്യ പ്രസവം പെൺവീട്ടുകാരുടെ അവകാശമാണെന്ന പഴമ അവനും ശരിവെച്ചു…

ആഴ്ച്ചയിൽ രണ്ടു ദിവസമെങ്കിലും നീരജ് അവളെ കാണാൻ ചെല്ലും… ദൂര കൂടുതൽ കാരണം രണ്ടു ദിവസത്തിൽ ഒതുങ്ങി എന്ന് വേണം പറയാൻ…

അവൾക്ക് ഇഷ്ടമുള്ളതെല്ലാം ഒരു കുഞ്ഞിനെന്ന പോലെ കൊണ്ടു കൊടുക്കും…

നീരജിന്റെ കൈ വിരലുകളാൽ തഴുകിയ ചെമ്പരത്തി താളി വസുവിന്റെ മുടിയിഴകൾക്ക്‌ കുളിരേകി…

ഒമ്പതാം മാസം അവസാനം ഡോക്ടർ പ്രസവത്തിന് തിയതി കുറിച്ചു..പക്ഷേ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്നതിന് ഒരാഴ്ച മുൻപ് വസുധയുടെ അമ്മയുടെ ഫോൺ വന്നു നീരജിന്..

കിതച്ചു കൊണ്ട് ആ അമ്മ ഒന്നേ പറഞ്ഞുള്ളൂ, ” മോനേ അവളൊന്നു വീണൂടാ, നീയൊന്നു പെട്ടന്ന് വാ..”

നീരജ് അമ്മയെയും അച്ഛനെയും കൂട്ടി അപ്പൊ തന്നെ തിരിച്ചു… മനസ്സ് തണുപ്പ് കൊണ്ട് ഉറച്ചു പോയിരുന്നു അവന്റെ..

” സ്റ്റെപ്പ് ഇറങ്ങിയപ്പോ വയറിടിച്ച് വീണത് കൊണ്ട് പൂർണ്ണ വളർച്ചയെത്തിയ കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല..” എന്ന ഡോക്ടറുടെ മറുപടി മാനസികമായി അവനെ ഇല്ലാതാക്കിയിരുന്നു…

ജീവനറ്റ അവന്റെ കുഞ്ഞിന്റെ മുഖം കാണാൻ അവൻ സമ്മതിച്ചില്ല.. ആ ഒരു അവസ്ഥയ്ക്ക് ശേഷം വസു ആകെ മാറിയിരുന്നു… എഴുന്നേറ്റ് ഇരിക്കും എന്നല്ലാതെ ഒന്ന് പുറത്തിറങ്ങി നടക്കുകയോ സ്നേഹത്തോടെ ഒന്ന് നോക്കുക പോലും ചെയ്തില്ല… നീരജിനോട് പോലും അടുപ്പം ഇല്ലാത്ത പോലെയായിരുന്നു… അത്രയ്ക്കായിരുന്നൂ സ്വന്തം കുഞ്ഞ് ഇല്ലാതായ ഷോക്ക്…

അവളുടെ അടുത്ത് ഇരിക്കുന്ന സമയം മുഴുവനും നീരജ് വസുവിനോട് സംസാരിച്ചുകൊണ്ടേയിരുന്നു.. അവൾക്ക് തിരിച്ചൊന്നും പറയാൻ കഴിയില്ലെങ്കിൽ പോലും അവന്റെ മുഖത്തേക്ക് നോക്കി എല്ലാം കേട്ടിരിക്കും…

പക്ഷേ അവന്റെ വാക്കുകൾക്ക് കാതോർക്കാൻ വസുധ ദീർഘ കാലം ഉണ്ടായിരുന്നില്ല… നീരജിന്റെ ലോകത്ത് നിന്നും വസു പോയപ്പോ ഒന്ന് പൊട്ടിക്കരയുക എന്നല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല അവന്…

അവള് പോയത് മുതൽ ഇന്ന് ഈ നിമിഷം വരെ അടച്ചിട്ട മുറിക്കുള്ളിൽ കണ്ണാടിയിൽ നോക്കിയിരുന്ന് വസുവിനോടെന്ന പോലെ സംസാരിക്കും…അത്രയ്ക്ക് ഇഷ്ടമായിരുന്നു നീരജിന്റെ സംസാരം അവൾക്ക്..

സംസാരശേഷി ഇല്ലാത്ത വിഗ്രഹത്തിന് മുകളിൽ ചാർത്തുന്ന പുഷ്പങ്ങൾ പോലെയായിരുന്നു അവൻ മൊഴിഞ്ഞിരുന്ന വാക്കുകൾ അവൾക്ക്…”

***************

ഇന്ന് വർഷങ്ങൾക്ക് ഇപ്പുറം നീരജിന്റെ ഒറ്റയ്ക്കിരുന്നുള്ള സംസാരത്തിൽ ആവലാധി കൊണ്ട അവന്റെ അച്ഛനും അമ്മയും ഒന്നേ പറഞ്ഞുള്ളൂ, ” മറ്റൊരു വിവാഹം..”

” വേണ്ട” എന്ന ഒറ്റ വാക്കിൽ അവരുടെ ആവശ്യം നീരജ് തള്ളിക്കളഞ്ഞിരുന്നു…എല്ലാം അറിഞ്ഞു കൊണ്ട് ബന്ധത്തിൽ നിന്നു തന്നെ ഒരാലോചന ഒരു വർഷം മുമ്പ് വന്നിരുന്നു..

ജാതക പൊരുത്തക്കേട് കൊണ്ട് നീണ്ടു പോയിരുന്ന ആ കുട്ടിയുടെ ആലോചന നീരജിൽ തന്നെ ഉറച്ചു നിന്നിരുന്നു… തലക്കുറി നോക്കിയ അമ്മ പറഞ്ഞത് പത്തിൽ ഒമ്പത് പൊരുത്തം ആണത്രേ…!

പക്ഷേ നീരജിന്റെ വിസമ്മതം അച്ഛനും അമ്മയ്ക്കും അവനിൽ സമ്മർദ്ദം ചെലുത്താൻ കഴിഞ്ഞില്ല…ഒരു വർഷം മുമ്പ് വന്ന ആലോചന ഇന്ന് വീണ്ടും ആവർത്തിച്ചു…

ബന്ധുക്കളുടെയും അച്ഛന്റെയും അമ്മയുടെയും സമ്മർദ്ദത്തിന് നീരജിന് സമ്മതിക്കേണ്ടി വന്നു..പക്ഷേ പതിവ് പോലെ ” വേണ്ട” എന്നൊരു മറുപടിക്ക് പകരം മൗനമായിരുന്നു അവന്റെ മറുപടി…

അമ്മയുടെ കണ്ണീർ തോരാൻ നീരജിന്റെ സമ്മതത്തോടെയുള്ള മൗനം മതിയായിരുന്നു…

തന്റെ പൂർണ്ണ സമ്മതത്തോടെ അല്ലാത്തത് കൊണ്ട് തന്നെ ഒരു പെണ്ണ് കാണൽ ചടങ്ങ് ഒഴിവാക്കിയിരുന്നു…

വിവാഹ തലേന്ന് തന്റെ മുറിയിലെ കണ്ണാടിക്ക് മുന്നിലിരുന്ന് അവൻ തന്റെ വസുവിനോട് ഒന്നേ പറഞ്ഞുള്ളൂ, ” വസൂ, ഇഷ്ടത്തോടെയല്ല ഈ വീട്ടിലെ തോരാത്ത കണ്ണീരിനു ശമനമുണ്ടാകും എന്നൊരു വിശ്വാസം, അത്ര മാത്രം..”

പക്ഷേ ഇന്ന് അവനത് പറഞ്ഞപ്പോ മുറിയുടെ കതക് ചാരിയിരുന്നില്ല…മകന്റെ തനിച്ചുള്ള സംസാര പ്രവൃത്തി കണ്ട ആ അമ്മ കണ്ണീര് തുടച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു… ആ സമയം നീരജിനെ സമാധാനിപ്പിക്കാൻ വാക്കുകൾ തിരഞ്ഞാൽ കിട്ടില്ലായിരുന്നു…

പിറ്റേന്ന് അടുത്തുള്ള ക്ഷേത്രത്തിൽ ആഘോഷങ്ങളില്ലാതെ അവൻ “മൃദുലയെ” താലി കെട്ടി ഒരു ചടങ്ങ് മാത്രമായി വിവാഹം കഴിച്ചു…

ആദ്യരാത്രിയിലെ ഒരുക്കങ്ങളായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല, എന്നത്തേയും പോലെ ആ രാത്രിയും കഴിഞ്ഞു…

പിറ്റേന്ന് രാവിലെ മൃദു അവനൊരു ചായ കൊണ്ടു കൊടുത്തത് മുതൽ അവരുടെ ജീവിതം തുടങ്ങി…ഒരു ചിരിയോടെ ചായ വാങ്ങി കുടിച്ചുകൊണ്ട് അവൻ മുറിയ്ക്ക്‌ പുറത്തേക്കിറങ്ങി…

മകൻ പുതിയൊരു ജീവിതം തുടങ്ങിയതിന്റെ സന്തോഷം അച്ഛന്റെയും അമ്മയുടെയും മുഖത്ത് പ്രതിഫലിക്കുന്നുണ്ട്…

നീരജിന്റെ അമ്മ മൃദുവിനോട് കാര്യങ്ങളൊക്കെ മുമ്പേ പറഞ്ഞിരുന്നു… എല്ലാം അറിയുന്ന മൃദു അതനുസരിച്ച് അവനോട് പെരുമാറി…

പക്ഷേ ഇന്നേക്ക് മൂന്ന് മാസം കഴിഞ്ഞിട്ടും ഒരു ഭർത്താവെന്ന സ്ഥാനത്ത് നിന്നൊരു ബന്ധം അവനിൽ നിന്നും ഉണ്ടായിട്ടില്ല…ഒരിക്കൽ പോലും അറിഞ്ഞു കൊണ്ട് അവള് നീരജിന്റെ മനസ്സ് വേദനിപ്പിക്കാൻ നോക്കിയിട്ടില്ല…

ഒരു ഞായറാഴ്ച ദിവസം രാവിലെ വീടിന് മുന്നിലെ കൂട്ടിൽ കിടക്കുന്ന പ്രാവുകളെ നോക്കി നിന്നു ചായ കുടിക്കുകയായിരുന്ന നീരജിനോട് മൃദു ചോദിച്ചു,

” ഏട്ടാ, താലി കെട്ടിയെന്ന അവകാശത്തോടെ ചോദിക്കാ ഞാൻ, ഇനിയും എന്നെ ഭാര്യയായി കാണാൻ കഴിയില്ല എന്നുണ്ടോ…! വസുധ ചേച്ചിടെ സ്ഥാനം ഒരിക്കലും കിട്ടില്ല എന്നറിയാം… എന്റെ വിവാഹം നടക്കാൻ വേണ്ടി എന്റെ അച്ഛൻ കേറിയിറങ്ങാത്ത അമ്പലങ്ങളില്ല, ജ്യോത്സയന്മാരില്ല.. ഏട്ടനെ കുറച്ചു അടുത്തറിയാം, പിന്നെ ജാതകവും ഒത്തു വന്നപ്പോ അച്ഛനാണ് നിർബന്ധം പിടിച്ചത് ഈ ബന്ധം തന്നെ മതിയെന്ന്…”

ഒന്ന് ചിരിച്ചിട്ട് നീരജ് പറഞ്ഞു,

‘ മൃദൂ, ഇപ്പൊ ആരെക്കാളും അധികം സന്തോഷിക്കുന്നത് എന്റെ അച്ഛനും അമ്മയും ആണ്..എന്ന് വെച്ച് അവരുടെ സന്തോഷത്തിന് വേണ്ടി തന്റെ ജീവിതം തിരഞ്ഞെടുത്തു എന്നൊന്നും കരുതണ്ട…

ദേ ഈ കൂട്ടിൽ കിടക്കുന്ന രണ്ടു പ്രാവുകൾ എന്റെ വസു എനിക്ക് സമ്മാനിച്ചതാണ്… ഇപ്പോഴും അവളെന്റെ കൂടെയുണ്ടെന്നുള്ള തോന്നലാണ്.. ഞാൻ ശ്രമിക്കുന്നുണ്ട് മൃദു നിന്നെ ഉൾക്കൊള്ളാൻ…പക്ഷേ, വസുവിന്റെ മുഖം വർഷങ്ങൾ കഴിഞ്ഞിട്ടും….!’

അതിനു മറുപടിയായി ഒന്ന് ചിരിച്ചിട്ട് നീരജിന്റെ കയ്യിലെ ചായ ഗ്ലാസും വാങ്ങി മൃദു അകത്തേക്ക് നടന്നു…

അച്ഛനും അമ്മയ്ക്കും ഒരു ആശ്വാസമുള്ളത് മൃദുവുമായുള്ള നീരജിന്റെ വിവാഹത്തിന് ശേഷം ഒരിക്കൽ പോലും തനിച്ച് വസുവിനോടെന്ന പോലെ സംസാരിക്കുന്ന സന്ദർഭം ഉണ്ടായിട്ടില്ല എന്നതാണ്…

ഒരു വൈകുന്നേര സമയം മുറി വൃത്തിയാക്കുന്ന മൃദു നീരജ് കേൾക്കുന്ന വിധം പറഞ്ഞു,

” ഈ വലിയ കണ്ണാടി ഇവിടുന്ന് എടുത്ത് മാറ്റണം…എന്നിട്ട് നല്ല ഭംഗിയുള്ളൊരു ഫോട്ടോ തൂക്കണം ഇവിടെ…!”

അത് കേട്ടതും ഒന്ന് ഞെട്ടി കൊണ്ട് നീരജ് പറഞ്ഞു,

‘ എന്താ മൃദു നീ പറഞ്ഞത്, കണ്ണാടി മാറ്റാനോ…! വേണ്ട അത് ഒരിക്കലും മാറ്റേണ്ട, ഞാൻ സമ്മതിക്കില്ല…’

” അതെന്താ ഏട്ടാ, നമ്മുടെ വിവാഹത്തിന് ശേഷം ഒരിക്കൽ എങ്കിലും ഈ കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോ വസുധ ചേച്ചിയെ കാണാൻ കഴിഞ്ഞിട്ടുണ്ടോ…?”

അവളുടെ ആ മറുപടിയിൽ അമ്മ എല്ലാം അവളോട് പറഞ്ഞിട്ടുണ്ടെന്ന് അവന് മനസ്സിലായിരുന്നു…

‘ അത്, അത്, മൃദു ഞാൻ….! ഇല്ല വിവാഹത്തിന് ശേഷം ഒരിക്കൽ പോലും അവൾ എനിക്ക് മുന്നിൽ വന്നിട്ടില്ല…പലപ്പോഴും ഈ കണ്ണാടിക്ക് മുന്നിൽ എന്നെ തന്നെയാണ് ഞാൻ കണ്ടത്, അവളുടെ മുഖം എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല… ഞാൻ, ഞാൻ, എനിക്കറിയില്ല…!’

“ഏട്ടാ, ഞാൻ ഒരിക്കലും വസുധ ചേച്ചിയുടെ ഓർമകൾ ഏട്ടന്റെ മനസ്സിൽ നിന്നും മായ്ച്ചു കളയാൻ ശ്രമിക്കുന്നതല്ല…കഴിഞ്ഞത് ഓർത്ത് ഇന്നേ വരെ സന്തോഷിക്കാൻ കഴിഞ്ഞിട്ടില്ല ഏട്ടന്..പിന്നെ എന്തിനാണ് ഓരോന്ന് ആലോചിച്ച് കൂട്ടി ജീവിതം നശിപ്പിക്കുന്നത്…! നമുക്കീ കണ്ണാടി ഇവിടെ വേണ്ട ഏട്ടാ…”

കുറച്ച് നേരം മൗനമായി ഇരുന്നതിന് ശേഷം നീരജ് സമ്മതം മൂളി.. അവന്റെ മനസ്സിൽ ആ നിമിഷം ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളൂ…,

കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നിട്ട് തന്റെ പ്രതിഫലനത്തിന് പകരം വസുവിനെ സങ്കൽപ്പിക്കാൻ കഴിയുന്നില്ല…പക്ഷേ അപ്പോഴും ആ വലിയ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടിയിഴയിലൂടെ വിരലോടിക്കുന്ന വസുവിന്റെ രൂപം അവനെ പ്രാപിക്കുന്നുണ്ട്…

വീടിനു പുറകിൽ വിറക്പുരയ്ക്ക്‌ അരികിൽ കൊണ്ടു വെച്ച കണ്ണാടിയിൽ മാറാല മൂടാൻ തുടങ്ങിയിരുന്നു…അതിനു ശേഷം ഒരിക്കൽ പോലും നീരജ് കണ്ണാടിക്ക് മുന്നിലേക്ക് പോയിട്ടില്ല…

മുറിക്കുള്ളിൽ ഒരു വലിയ പെയിന്റിങ് സ്ഥാനം പിടിച്ചു..ആമ്പൽ പൂവ് പിടിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ പെയിന്റിങ് ആയിരുന്നു…

വസു സമ്മാനിച്ച പ്രാവിനെ നോക്കുന്നത് ഇപ്പൊ മൃദുവാണ്…ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു, ഓർമകൾ മറവിയിലേക്ക് താഴ്ന്നു എങ്കിലും പല കാഴ്ചകളിലും മുടിയിഴ കോതുന്ന രൂപം അവനിലേക്ക് കടന്നു വരും…

പലപ്പോഴും നീരജിനും തോന്നിയിരുന്നു, ജീവിതത്തിൽ മാറ്റം വേണം, ഓർമകൾക്ക് പരിധി വേണം, ജീവിക്കാനുള്ള അവകാശവും അവസരവും നഷ്ടപ്പെടുത്തരുത്… പെറ്റമ്മയുടെ കണ്ണീര് പിന്നീട് അവന് കാണേണ്ടി വന്നിട്ടില്ല…

ഇന്ന് നീരജിന്റെയും മൃദുവിന്റെയും രണ്ടാം വിവാഹ വാർഷികമാണ്…അകലം പാലിച്ചിരുന്ന ആദ്യത്തെ ഒരു വർഷത്തെ ദാമ്പത്യ ജീവിതം പിന്നീട് തമ്മിൽ തമ്മിൽ അറിയാതെ അടുത്തു…

ഒരിക്കൽ കുളി കഴിഞ്ഞ് വന്ന് മുടി കോതുകയായിരുന്ന മൃദുവിനെ നോക്കിയിരുന്ന നീരജ് വേറൊരു കാര്യം ശ്രദ്ധിച്ചത്…!

വേറൊന്നും അല്ല, രണ്ടു വർഷം മുമ്പ് കണ്ണാടി എടുത്തു മാറ്റിയ സ്ഥാനത്ത് മൃദു സ്ഥാപിച്ചിരുന്ന പെയിന്റിങ്… അവൻ അതിന്റെ അടുത്ത് ചെന്ന് ഫ്രെയിം ചെയ്ത പെയിന്റിങ്ങിലെ താഴെ ചെറുതായി എഴുതിയ പേര് നോക്കി…

” വസുധ” ആ പേര് കണ്ടതോടെ അവന്റെ കണ്ണിൽ ഇരുട്ടു പരന്ന പ്രതീതി ആയിരുന്നു…

” മൃദു, ഈ പെയിന്റിങ് നിനക്ക് എവിടുന്നു കിട്ടി…!”

ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് വന്നിട്ട് അവള് പറഞ്ഞു,

‘ ഏട്ടാ ഇത് ഫ്രയിം ചെയ്തത് എന്റെ അച്ഛനാണ്, ഞാൻ പറഞ്ഞിട്ട്… പിന്നെ ഈ പടം വരച്ചത് വേറാരും അല്ല, വസുധ ചേച്ചിയാണ്… ഇവിടെ വന്ന അന്ന് അലമാരയിൽ നിന്നും കിട്ടിയതാണ്… കുറെ പെയിന്റിങ് ഉണ്ട് ചേച്ചിയുടെ… എല്ലാം ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്…

ഏട്ടൻ അന്നേ ഈ പേര് കാണുമെന്ന് കരുതി ഞാൻ.. ശ്രദ്ധിക്കാതിരിക്കാൻ വേണ്ടി തന്നെയാണ് ചെറുതാക്കി എഴുതാൻ പറഞ്ഞതും…! ‘

മൃദുവിന്റെ ആ പ്രവൃത്തിക്ക് പകരം ഒരിറ്റു കണ്ണീരു മാത്രമേ ഉണ്ടായിരുന്നുള്ളൂ മറുപടി ആയിട്ട്…

ദിവസങ്ങൾക്ക് ശേഷം ഒരു സന്ധ്യയ്ക്ക് നീരജിന്റെ അമ്മ വിളക്ക് കൊളുത്താൻ ഉമ്മറത്തേക്ക് വരുന്ന സമയം, പാതി ചാരിയ മുറിക്കുള്ളിൽ നിന്ന് അവന്റെ സംസാരം കേട്ടു…

” നീയാ നനഞ്ഞ മുടി ചെവിക്ക് പുറകിലേക്ക് ഒതുക്കി വെയ്ക്ക്‌.. കുളിച്ചിറങ്ങി വരുമ്പോ കൺപീലിയിൽ തങ്ങി നിൽക്കുന്ന വെള്ളത്തുള്ളിയ്ക്ക്‌ വല്ലാത്തൊരു തിളക്കമാണ്…”

പക്ഷേ എന്നത്തേയും പോലെ അടച്ചിട്ട മുറിയിൽ നിന്ന് അവന്റെ ശബ്ദം കേൾക്കുമ്പോ അമ്മയ്ക്ക് ഉണ്ടാകുന്ന ഭയം ഇന്നില്ല…

കാരണം, അവന്റെ സംസാരത്തിന് കാതോർക്കാൻ അവന് കൂട്ടായി ഇന്ന് മൃദുവുണ്ട്…

~ജിഷ്ണു രമേശൻ