ആ സമയമൊക്കെ എങ്ങിനെയെങ്കിലും പഠിച്ചു ജയിച്ച് കോളേജിലൊക്കെയാവുമ്പോൾ ബാഗ്ലൂരോ മൈസൂരോ കോയമ്പത്തൂരോ മറ്റോ പോയി…

Story written by Pratheesh

=============

നമ്മൾ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അത് മടി കൂടാതെ തുറന്നു പറയണമെന്ന്, എന്നെ പഠിപ്പിച്ചത് എന്റെ അച്ഛനാണ്….!

ഞാനൊരു പെണ്ണായതു കൊണ്ട് എന്റെ അമ്മ വളരെ കർക്കശ സ്വഭാവത്തോടെയാണ് പലപ്പോഴും എന്നോടു പെരുമാറിയിട്ടുള്ളത്…അതിന്റെ പ്രധാന കാരണം ദിവസേനയുള്ള അമ്മയുടെ പത്രവായനയാണ്….!

ഒരോ ദിവസവും തുടങ്ങുന്നത് ശുഭകരമായിട്ടാണെങ്കിലും അമ്മ പത്രം വായിക്കാൻ തുടങ്ങുന്നതോടെ അമ്മക്ക് എന്നോടുള്ള സ്നേഹമൊക്കെ അങ്ങു പോകും…!

കാരണം..ദിവസവും ഒരു പെൺക്കുട്ടിയേയെങ്കിലും തട്ടികൊണ്ടു പോകുകയോ പീ ഡിപ്പിക്കുകയോ ചെയ്യാപ്പെടാതെ ഒരു ദിവസത്തെ പത്രവും വാർത്തയും ഇറങ്ങുന്നില്ലെന്നു അറിയുന്നതോടെ അമ്മ ഭദ്രകാളിയായി എന്റെ മുന്നിൽ ഉറഞ്ഞുത്തുള്ളും….!

ഏതു മ ന്ത്ര വാ.ദി വന്നാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ലാന്നു പറഞ്ഞപ്പോലെ എവിടെ ഏതു പെൺക്കുട്ടിക്ക് എന്തു സംഭവിച്ചാലും അതിന്റെ പാർശ്വഫലം ഞാനും കൂടി ഇവിടെ അനുഭവിക്കേണ്ട അവസ്ഥയാണ്…

അതു കൊണ്ടു തന്നെ അമ്മയെന്നാൽ ഭയമായിരുന്നു എനിക്ക്…! അതു കൊണ്ടു തന്നെ ആ സമയമൊക്കെ എങ്ങിനെയെങ്കിലും പഠിച്ചു ജയിച്ച് കോളേജിലൊക്കെയാവുമ്പോൾ ബാഗ്ലൂരോ മൈസൂരോ കോയമ്പത്തൂരോ മറ്റോ പോയി പഠിക്കണമെന്ന് വലിയ മോഹമായിരുന്നു..അതു മറ്റൊന്നും കൊണ്ടല്ല അമ്മയോടൊത്തുള്ള ജീവിതം അത്രയേറെ ബുദ്ധിമുട്ടായി എനിക്ക് തോന്നിയിരുന്നു….

എനിക്കത്രക്ക് അസഹ്യമായിരുന്നു അമ്മയുടെ ദിനംപ്രതിയുള്ള ചീത്തയും ഉപദേശവും വട്ടം വരച്ചുള്ള സംരക്ഷണവും ഒക്കെ അതു കൊണ്ടു തന്നെ കുറച്ചു സ്വാതന്ത്രത്തോടെയുള്ള ഒരു ജീവിതം ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു……

അമ്മയുടെ ചീത്ത പറച്ചിലുകളിൽ നിന്നും ഉപദേശങ്ങളിൽ നിന്നും പലപ്പോഴും അച്ഛനാണ് എന്നെ രക്ഷിച്ചു കൊണ്ടിരുന്നത്…

എന്റെ ആഗ്രഹം പോലെ തന്നെ എനിക്ക് മൈസൂരിലെ ഒരു ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ അമ്മക്ക് അതൊട്ടും താൽപ്പര്യമില്ലായിരുന്നു.

കൺമുന്നിൽ ഉണ്ടായിട്ടു തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കാൻ കഴിയാത്തപ്പോൾ ശ്രദ്ധ ഒട്ടും എത്തിപ്പെടാത്ത മറ്റൊരു സ്ഥലം എന്നത് അമ്മയുടെ സങ്കൽപ്പങ്ങൾക്കും അപ്പുറത്തായിരുന്നു…

അവിടെയും അച്ഛൻ തന്നെയായിരുന്നു എന്റെ രക്ഷക്കെത്തിയത് അച്ഛനോട് അമ്മക്ക് വലിയ സ്നേഹമായിരുന്നു അതു കൊണ്ടു തന്നെ അച്ഛനെന്തെങ്കിലും കാര്യത്തിൽ എന്നെ അനുകൂലിച്ചാൽ അമ്മ ദേഷ്യമെല്ലാം ഉള്ളിലൊതുക്കി അതിനു സമ്മതിക്കും ഇവിടെയും അതു തന്നെയായിരുന്നു സംഭവിച്ചത് അങ്ങിനെ പുതിയ ജീവിതം സ്വപ്നം കണ്ട് ഞാൻ പറന്നു…..

മൈസൂരിലെത്തിയതോടെ കുറേശെ കുറേശയായി ഞാൻ എന്റെ പുതിയ ജീവിതവും ആസ്വദിച്ചു തുടങ്ങി….

ആദ്യമെല്ലാം നാടും നഗരവും അവിടുത്തെ കാഴ്ച്ചകളും നല്ല ത്രില്ലായിരുന്നു. പിന്നെ അങ്ങിനെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ വാലന്റെൻസ് ഡേ ദിനം വന്നടുത്തു

അതറിഞ്ഞതു മുതൽ വലിയ സന്തോഷത്തിലായിരുന്നു ഞാൻ ഇതു വരെ അങ്ങിനെ ഒരു ആഘോഷത്തിലും അമ്മയേ ഭയന്ന് ഞാൻ പങ്കു കൊണ്ടിട്ടില്ല ഇതിപ്പോ എല്ലാം കൊണ്ടും സുവർണ്ണമായ ഒരവസരമാണ് മൈസൂർ പോലുള്ള മെട്രോ നഗരങ്ങളിൽ ഇതൊരു ഗംഭീര ആഘോഷവുമാണ് അതറിഞ്ഞതു മുതൽ ദിനമെണ്ണി ഞാനും കാത്തിരുന്നു….!

ഒരു ശനിയാഴ്ച്ചയായിരുന്നു വാലന്റെൻസ് ഡേ…!

എന്നാൽ വ്യാഴാഴ്ച്ച വൈകീട്ട് അച്ഛൻ എന്നെ ഫോൺ വിളിച്ചു ഫോൺ വിളിക്കുമ്പോൾ പലപ്പോഴും അമ്മയോട് സംസാരിക്കാൻ എനിക്കു മടിയായിരുന്നു..

അന്ന് അത് മനസ്സിലാക്കിയിട്ടെന്നൊണ്ണം അച്ഛൻ ചില കാര്യങ്ങൾ എന്നോട് പറഞ്ഞപ്പോൾ..അന്നേരമാണ് ഞാൻ അനുഭവിച്ചു കൊണ്ടിരുന്ന എനിക്കു പോലും മനസ്സിലായിട്ടില്ലാത്ത ചിലകാര്യങ്ങൾ ഞാനറിയുന്നത്…

അമ്മക്ക് എപ്പോഴും എന്നെ കുറിച്ചുള്ള വേവലാധി ആണത്രെ..ഇവിടെ വെച്ച് എനിക്കെന്തെങ്കിലും ബുദ്ധിമുട്ട് സംഭവിച്ചാൽ ആരെയെങ്കിലും വിളിച്ചു വരുത്താൻ പോലും തൊട്ടടുത്ത് അടുത്തറിയുന്ന ആരും ഇല്ലെന്നുള്ളതും വലിയ ഭയത്തോടെയായിരുന്നു അമ്മ കണ്ടിരുന്നതെന്നും….!

കൂടെ മറ്റൊന്നു കൂടി അച്ഛൻ പറഞ്ഞു…

ഈ അച്ഛനെക്കാളേറെ നിന്റെ അമ്മ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ നിന്നോട് കുറച്ചു കൂടുതലായി അടുപ്പം കാണിച്ചപ്പോൾ അവൾക്കു ഭയമായി രണ്ടു പേരും ഒരു പോലെ സ്നേഹം കൊണ്ട് നിന്നെ മൂടിയാൽ നിന്റെ പിടിവാശികൾ അമിതമായാലോ എന്ന ആശങ്കയിലും ഭയത്തിലുമാണ് എന്നെ നിന്നെ സ്നേഹിക്കാൻ വിട്ട് അവൾ മാറി നിന്നത്…!

അതു പോലെ മോള് അറിയാത്ത മറ്റൊരു കാര്യം കൂടി അച്ഛൻ പറയാം…

നിനക്ക് സ്ക്കൂൾ അവധിയുള്ള ദിവസങ്ങളിൽ ഞാൻ നിന്നെ നേരത്തെ ഉണർത്താൻ പലപ്പോഴും വരുമായിരുന്നു അപ്പോൾ നിന്റെ അമ്മ പറയും “അവളെ ഉണർത്തണ്ട അവൾ ഉറങ്ങിക്കോട്ടെ അവൾ ഉറക്കം ആസ്വദിക്കുകയാണ് അവൾക്ക് മതിവരും വരെ അവൾ ഉറങ്ങട്ടെയെന്ന്..പലപ്പോഴും നീ ഉറങ്ങുന്നതും നോക്കി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന നിന്റെ അമ്മയെ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്. നീ ഉറങ്ങുമ്പോഴാണ് അവൾ നിന്നെ കൂടുതലും സ്നേഹിച്ചിട്ടുള്ളത്….!

അച്ഛനതു പറഞ്ഞു തീർന്നതും എന്റെ കണ്ണുകൾ വന്നു നിറഞ്ഞു എനിക്ക് അപ്പോൾ തന്നെ അമ്മയെ കാണണം എന്നായി…

അതൊടെ എല്ലാ ആഘോഷങ്ങളും എന്റെ ചിന്തയുടെ മണ്ടലങ്ങളിൽ നിന്നു എങ്ങോ മാഞ്ഞു പോയി..

പിറ്റെ ദിവസം വെള്ളിയാഴ്ച്ച തന്നെ ഞാൻ നാട്ടിലെക്കുള്ള വണ്ടി  പിടിച്ചു…

വീട്ടിലെത്തിയിട്ടും അമ്മയോട് സംസാരിക്കാൻ എനിക്കെന്തോ ഭയം…,അതു മനസിലാക്കിയ അച്ഛൻ അടുത്തു വിളിച്ച് എന്നോടു പറഞ്ഞു ഒരാൺക്കുട്ടിക്ക് പെൺക്കുട്ടിയോടും ഒരു പെൺക്കുട്ടിക്ക് ആൺക്കുട്ടിയോടും പറയാൻ മാത്രമല്ല

സ്വന്തം അമ്മയോടും പറയാം “ഐ ലൗ യൂ ” എന്ന വാക്ക്…!

അതു കേട്ട് ഞാനച്ഛനെ നോക്കിയതും അച്ഛൻ തലകൊണ്ട് അമ്മയുടെ അടുത്തേക്ക് ചെല്ലാൻ ആംഗ്യം കാണിച്ചു…

എനിക്ക് തീൻമേശയിൽ ഭക്ഷണമൊരുക്കുകയായിരുന്ന അമ്മയുടെ അടുത്തേക്ക് നടന്നുച്ചെന്ന് പുറകിലൂടെ അമ്മയെ കെട്ടിപ്പിടിച്ച് ആ വാലന്റൈൻസ് ഡേയിൽ എന്റെ അമ്മയുടെ ചെവിയിൽ ഞാൻ പറഞ്ഞു

“ഐ ലൗ യൂ അമ്മ ” യെന്ന്

അതു കേട്ടതും എന്നെ മുന്നിലേക്ക് പിടിച്ചു നിർത്തി നിറക്കണ്ണുകളോടെ അമ്മ എന്റെ മൂർദ്ധാവിൽ ചുംബിച്ചു…

അതോടെ സ്വന്തം വീടിനേക്കാൾ മനോഹരമായതൊന്നും ഈ ലോകത്തിലെന്നു എനിക്ക് മനസ്സിലായി…!

ഭക്ഷണശേഷം സോഫയിൽ ഞാനമ്മയുടെ മടിയിൽ തലവെച്ചു കിടന്നതും അതു കണ്ട്  അച്ഛൻ അങ്ങോട്ട് വന്ന് എന്റെ കാലെടുത്തു മടിയിൽ വെച്ച് ഞങ്ങൾക്കൊപ്പമിരുന്നു…!

അപ്പോൾ ഞാൻ മനസ്സിലോർത്തു

ലോകം ഇന്ന് അവർ പ്രണയിക്കുന്നവർക്കൊപ്പവും ഞാനിന്ന് എന്നെ സ്നേഹിക്കുന്നവർക്കൊപ്പവുമാണെന്ന്..!

~Pratheesh