ചോദിക്കാം, അതിനു ആദ്യം എന്റെ മുഖത്തേക്ക് നോക്കി ഇരിക്ക് എന്നിട്ട് ചോദിക്കാം…

മുടന്തി

Story written by Jishnu Ramesan

====================

“ജിഷ്ണു ചേട്ടാ ഒരു ആവർത്തന വിരസതയുള്ളൊരു ചോദ്യം ചോദിക്കട്ടെ…?”

‘ നീ ചോദിക്കടീ, പുതിയ ചോദ്യങ്ങൾക്കല്ലേ ഞെട്ടേണ്ട കാര്യമുള്ളൂ…!’

നേരം പോക്കിനെന്നോണം അമ്മ തയ്ച്ചിരുന്ന തയ്യൽ മെഷീനിൽ പരിശീലനമായിരുന്ന സമയത്താണ് ഭാര്യയുടെ ചോദ്യം…നിറ വയറാണ് മാധവിക്ക്, ഇത് എട്ടാം മാസമാണ്… ” മാധവി ” എന്ന പേര് അവൾക്ക് ഇട്ടത് അവളുടെ അച്ഛൻ തന്നെയാണ്.. മുത്തശ്ശിയുടെ പേര് തലമുറയ്ക്ക് കൈമാറാൻ തിരഞ്ഞെടുത്തത് ഇവളെയാണ്…

“മാധു ” എന്ന ചുരുക്ക പേരിലൂടെ അവള് മറ്റുള്ളവരുടെ വിളിക്ക് കാതോർത്തു…

” അല്ലാ നീ ചോദിക്കുന്നില്ലേ..?”

‘ ചോദിക്കാം, അതിനു ആദ്യം എന്റെ മുഖത്തേക്ക് നോക്കി ഇരിക്ക് എന്നിട്ട് ചോദിക്കാം…’

“ഇനി പറ, എന്താ കാര്യം…!”

‘ അതേ, ജിഷ്ണു ചേട്ടന് എന്നില് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താ…? അത് പോലെ ഒരു കുറവും പറയണം…?’

“ഇതല്ലാതെ വേറൊന്നും ഇല്ലേ ചോദിക്കാൻ..! അങ്ങനെ ചോദിച്ചാ, നിന്റെ ആ ചിരി ഒത്തിരി ഇഷ്ടാ, പിന്നെ എന്നെ സഹിക്കാനുള്ള മനസ്സ്, അതും ഇഷ്ടാണ്… പിന്നെ ദേഷ്യം വരുമ്പോ കലങ്ങിയ കണ്ണുകൊണ്ട് ചെറിയ ചിരിയോടെയുള്ള നോട്ടം…ഇനി കുറവായിട്ട്‌ തോന്നിയത് നിന്റെ കാലിന്റെ മുടന്താണ്… ഒരു കാലിന് നീളം കുറവായത് കൊണ്ടാട്ടോ കുറവായി അത് പറഞ്ഞത്…”

ഒന്ന് ചിരിച്ചു കൊണ്ടാണ് മുടന്തിന്റെ കാര്യം മാധുവിനോട് പറഞ്ഞത്…അവൾക്കത് മനസ്സിലാവുകയും ചെയ്തു…

‘ അയ്യടാ കൊള്ളാലോ, ന്നാ പിന്നെ പെണ്ണ് കാണാൻ വന്നപ്പോ ഈ മുടന്തിയെ എന്തിനാ ഇഷ്ടാന്ന് പറഞ്ഞത്..!’

“മുടന്ത് കാലിനല്ലെ, മനസിനല്ലല്ലോ…! നാളെ ചിലപ്പോ എനിക്കെന്നല്ല ആർക്കും ഒരു ചെറിയ അപകടം കൊണ്ട് ഇങ്ങനെ സംഭവിക്കാം…നിനക്കത് ജന്മനാ ഉണ്ടായിരുന്നു എന്ന വ്യത്യാസം മാത്രേ ഉള്ളൂ…”

‘ അല്ല ജിഷ്ണു ചേട്ടാ, എനിക്ക് ഇടയ്ക്ക് തോന്നും, ഈ ഞൊണ്ടി കാലിയെ കൊണ്ട് പുറത്ത് പോവുമ്പോ ചേട്ടന് നാണക്കേട് ഒന്നൂല്യേ എന്ന്…!’

” പിന്നില്ലാതേ, ഭയങ്കര നാണക്കേട് ആണല്ലോ… ഡീ നിന്റെ കയ്യും പിടിച്ച് നടക്കുമ്പോ ഇടത് കാലിനു ഊന്ന് കൊടുക്കാൻ എന്റെ കയ്യിൽ നീ താങ്ങി പിടിക്കുമ്പോ ഞാനനുഭവിക്കുന്ന അനുഭൂതി നിനക്ക് പറഞ്ഞാ മനസ്സിലാവില്ല മാധൂ.. നമ്മള് ഒന്നിച്ച് ജീവിച്ച് തുടങ്ങിയപ്പോ മനസ്സിലായൊരു കാര്യമുണ്ട്, ‘ നിന്റെ ഈ കാലിലെ മുടന്ത് ചിലർക്ക് മനസ്സിലായിരിക്കും ഉണ്ടാവുക…’ അങ്ങനെ നോക്കിയാൽ ഞാനൊരു ഭാഗ്യം ചെയ്തവനല്ലെ…!”

ചെറുതായിട്ട് കണ്ണ് നിറഞ്ഞ് കൊണ്ട് നിറ വയറും പൊത്തി പിടിച്ച് എന്നെ നോക്കുന്ന മാധുവിന്റെ ആ ഒരു നോട്ടം തുടരെ തുടരെ ആവർത്തിച്ചു..

“ഡാ അവളെയും കൂട്ടി കൊണ്ട് വാ, കഞ്ഞി എടുത്ത് വെച്ചിട്ടുണ്ട്…”

അകത്തു നിന്ന് എന്റെ അച്ഛനാണ് ഞങ്ങളെ വിളിച്ചത്…വീട്ടിലെ അടുക്കള ജോലിയെല്ലാം മാധു മാത്രമല്ല, അത്താഴത്തിനു സ്ഥിരം അടുക്കളയിൽ കയറുന്നത് അച്ഛനാണ്…

അകത്തേക്ക് ചെന്നപ്പോ അച്ഛൻ മേശപ്പുറത്ത് നല്ല ചൂട് കഞ്ഞിയും, കായ മെഴുക്ക്‌വരട്ടിയും, ‘പപ്പടം എണ്ണയിൽ കുളിപ്പിച്ച് എടുക്കാനുള്ളതല്ല’ എന്ന അച്ഛന്റെ വാദത്തിൽ അടുപ്പിൽ ചുട്ടെടുത്ത പപ്പടവും കൂട്ടിയുള്ള അത്താഴം നല്ല കിടു രുചിയാണ്.. ചിലപ്പോ തൈരും ഉണ്ടാവും, പക്ഷേ മഴക്കാലത്ത് തൈരിന് വിശ്രമം ആയിരിക്കും…

അച്ഛന് മാധു മരുമകളോ മോളെ പോലെയോ അല്ല, മകൾ തന്നെയാണ്…അത്താഴം കഴിഞ്ഞ് ഞാനും അച്ഛനും കൂടി പാത്രമെല്ലാം കഴുകി അടുക്കള വൃത്തിയാക്കി കിടക്കാൻ കയറി…അച്ഛൻ അത്താഴം കഴിഞ്ഞ് കുറച്ച് നേരം ഉമ്മറത്തിരിക്കുന്ന പതിവുണ്ട്…അച്ഛൻ ഉമ്മറത്തേക്ക് നടന്നു, ഞാൻ കിടക്കാനും…

മുറിയിലേക്ക് വന്നപാടെ മാധു അവളുടെ അടുത്ത സംശയമായി എന്നിലേക്ക് തിരിഞ്ഞു..

” ചേട്ടാ എനിക്കൊരു പേടി, നമുക്കുണ്ടാവുന്ന കുഞ്ഞിന് ഇനി എന്നെപോലെ കാലിന് എന്തെങ്കിലും പ്രശ്നം ഉണ്ടാവോ…! ഇനിയൊരു പെൺകുട്ടി ആണെങ്കിൽ മോൾടെ ഭാവി…!”

‘ നിനക്ക് എന്താ മാധൂ, അങ്ങനെ ആണെങ്കിൽ തന്നെ എന്താണ് കുഴപ്പം…! നിന്റെ സ്വഭാവം കിട്ടിയാൽ മതി, പിന്നെ മോളാണ് ജനിക്കുന്നതെങ്കിൽ അവളുടെ ഭാവിക്ക് ഒരു പ്രശ്നവും ഉണ്ടാവില്യാ… എനിക്ക് നീയെന്ന പോലെ നിനക്ക് ഞാനെന്ന പോലെ ഒരു നല്ല ചെക്കനെ അവൾക്കും കിട്ടും… അറിഞ്ഞു കൊണ്ട് നമ്മള് ആരെയും ഇന്നേവരെ ദ്രോഹിച്ചിട്ടില്ല…നമുക്ക് ദൈവം നല്ലതേ വരുത്തൂ..’

” പിന്നേ ജിഷ്ണു ചേട്ടാ ഒരു കാര്യം, അച്ഛൻ ഇടയ്ക്ക് പറയാറുണ്ട് നിറ വയറും കൊണ്ട് രാത്രിയിൽ ഈ മണിമലക്കുന്ന് കയറിയാൽ ഗർഭണികൾക്ക്‌ നല്ലതാണെന്നാ വിശ്വാസം… നമുക്ക് ഒന്ന് പോയിട്ട് വന്നാലോ…!”

‘എന്റെ മാധൂ നിനക്കെന്താ വട്ടുണ്ടോ…? സന്ധ്യ കഴിഞ്ഞാൽ പൂർണ്ണ ഗർഭിണികൾ പുറത്തിറങ്ങാൻ പാടില്യ എന്നാ…അവിടെ പോകുന്നത് നല്ലതാ എന്നൊക്കെ ഓരോ അന്ധ വിശ്വാസം അല്ലേ…!’

“അങ്ങനെ ഒന്നൂല്ല്യ, എത്രയോ പേര് പോയ കഥകൾ കേട്ടിട്ടുണ്ട് ഞാൻ…എന്തായാലും ഇപ്പൊ ഒന്ന് പോയിട്ട് വരാം ജിഷ്ണു ചേട്ടാ…! മണിമലക്കുന്ന് ദാ ആ കാണുന്നതല്ലേ…, നടക്കാവുന്ന ദൂരമേ ഉള്ളൂ…”

‘ ഈ സമയത്ത് നിന്നേം കൊണ്ട് പുറത്ത് പോയാ അച്ഛന്റെ വായിൽ ഇരിക്കുന്നത് കേൾക്കാം.. എന്തായാലും നീ ഇൗ ഡ്രസ്സ് മാറ്റി വാ, അച്ഛനോട് പറയട്ടെ ഞാൻ…’

മുറിക്ക് വെളിയിൽ വന്നപ്പോ അച്ഛൻ ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ട്…

‘ അച്ഛാ ഞങ്ങള് ഒന്ന് പുറത്ത് പോയിട്ട് വരാം, പെട്ടന്ന് വരാം അച്ഛൻ കിടന്നോ…’

“ഡാ മോനെ, ഈ സമയത്തെ അവളുടെ ആഗ്രഹം ഏതു രാത്രിയിൽ ആണെങ്കിലും സാധിച്ചു കൊടുക്കാൻ കഴിഞ്ഞാൽ നീയൊരു പൂർണതയിൽ എത്തിയ ഭർത്താവ് ആയിരിക്കും..” എന്ന അച്ഛന്റെ മറുപടി കേട്ടപ്പോ എനിക്ക് മനസ്സിലായി മുറിയിലെ ഉച്ചത്തിലുള്ള ഞങ്ങളുടെ ചർച്ച അച്ഛൻ കേട്ടു എന്ന്…

“മോനേ എന്റെയും നിന്റെ അമ്മയുടെയും അനുഗ്രഹം എന്നും നിങ്ങൾക്ക് ഉണ്ടാവും…”

അച്ഛനത് പറഞ്ഞപ്പോ എന്റെ കണ്ണുകൾ ചുമരിൽ തൂക്കിയിരിക്കുന്ന അമ്മയുടെ ഫോട്ടോയിലേക്ക് ചലിച്ചു…കണ്ണിലെ ഈർപ്പം തുടച്ചു കൊണ്ട് ഞാൻ അകത്തേക്ക് നടന്നു…

മാധുവിനെയും കൊണ്ട് മണിമല കുന്നിലേക്ക്‌ പോകാനായി ഇറങ്ങിയപ്പോ അച്ഛൻ പിന്നിൽ നിന്ന് പറഞ്ഞു,

” നിൽക്കടാ, ഞാനുമുണ്ട് നിങ്ങടെ കൂടെ…സ്വകാര്യതയിൽ കടന്നു വരുന്നു എന്നൊന്നും കരുതണ്ട.. ഇൗ രാത്രി ഇവളെയും കൊണ്ട് ഒറ്റയ്ക്ക് പോകണ്ട…”

അതും പറഞ്ഞ് അച്ഛനും ഞങ്ങളുടെ കൂടെ കൂടി…കുന്നിന്റെ മുകളിലെ ദേവിയുടെ ചെറിയൊരു ക്ഷേത്രമുണ്ട്..അവിടുത്തെ വെളിച്ചം അവിടെ മുഴുവൻ പരന്നു കിടക്കുന്നുണ്ട്…

അച്ഛൻ ഞങ്ങൾക്ക് മുന്നേ കയറിപ്പോയി.. പതുക്കെ നടക്കാൻ കഴിയുള്ളു എന്നത് കൊണ്ട് അവളുടെ കയ്യും പിടിച്ച് ഞങൾ പതിയെ ആ മണിമല കുന്ന് കയറി…

മുകളിൽ എത്തിയപ്പോ ഇടത് വശത്തുള്ള പരന്നു കിടക്കുന്ന പാറയുടെ മുകളിൽ അച്ഛൻ പോയി നിന്നു… കുറച്ച് മാറി കുന്നിന് താഴെയുള്ള നെൽ വയലിന് മുഖമായി ഞാനും മാധുവും നിന്നു… കിടു കിടാ വിറയ്ക്കുന്ന തണുപ്പാണ്…

‘ എന്താ മാധു, ഇനി എന്തെങ്കിലും ഇത് പോലുള്ള ആഗ്രഹം ഉണ്ടോ…? കാലിന് നീരൊന്നും ഇല്ലല്ലോ നിനക്ക്..?’

” ഏയ് എനിക്കൊരു കുഴപ്പവുമില്ല… “

കുന്നിനു മുകളിൽ ശീൽക്കാര കാറ്റിൽ ക്ഷേത്രത്തിലെ ശ്രീകോവലിനുള്ളിലെ മണികളുടെ ശബ്ദം കാറ്റിനൊപ്പം ഉയർന്നു താണു ചെവിയിലേക്കെത്തി…

എന്നത്തേയും പോലെ മാധു ഇടതു കാലിലെ നീളക്കുറവിന് താങ്ങായി എന്റെ കയ്യിൽ താങ്ങി പിടിച്ചിട്ടുണ്ട്…

‘ എന്നാ നമുക്ക് പോവാം, ദേ അച്ഛനവിടെ എന്ത് സ്വപ്നം കണ്ടു നിൽക്കാണാവോ..! അച്ഛാ, എന്നാ നമുക്ക് പോവാം…തണുത്ത കാറ്റുണ്ട്, നീരിറങ്ങി അച്ഛൻ അസുഖം വരുത്തണ്ട…’

താഴേക്ക് ഇറങ്ങും നേരം ഞാൻ പറഞ്ഞു,

‘ ഇവളുടെ രാത്രിയിലെ ഈ ഭ്രാന്തൻ ആഗ്രഹം കാരണം ഉറക്കവും പോയി നടന്നു വയ്യാതായി…’

അത് കേട്ടതും ഒന്ന് ചിരിച്ചിട്ട് അച്ഛൻ പറഞ്ഞു,

” ഡാ മോനെ, ഇരുപത്തേഴ് വർഷം മുമ്പ് നിന്റെ അമ്മ നിന്നെ ഏഴാം മാസം വയറ്റിലുള്ളപ്പോ അവൾക്കും ഉണ്ടായിരുന്നു ഇതു പോലൊരു ഭ്രാന്ത്.. അന്ന് ഇത് പോലൊരു രാത്രി ദാ ഞാൻ പോയി നിന്ന ആ പരന്ന പാറയിൽ ഞാനും നിന്റെ അമ്മയും വന്നു നിന്നിട്ടുണ്ട്… അന്ന് തണുപ്പ് എന്ന് പറഞ്ഞാല് ഇന്നത്തെ പോലൊന്നും അല്ല, കുത്തിക്കേറുന്ന നാരുകളുള്ള ഒരു പഴയ കമ്പിളി പുതപ്പിനുള്ളിൽ നിന്റെ അമ്മയെ പുതപ്പിച്ച് എന്നിലേക്ക് ചേർത്ത് പിടിച്ച് ദാ അവിടെ അങ്ങനെ നിന്നിട്ടുണ്ട്…”

അത്രയും പറഞ്ഞ് അച്ഛൻ വേഗത്തിൽ താഴേക്ക് ഇറങ്ങി..ഞാനും മാധുവും അതൊക്കെ കേട്ട് പകുതിക്ക് നിന്നു… എനിക്കറിയാം അച്ഛന്റെ കണ്ണ് നിറഞ്ഞത് ഞങ്ങൾ കാണാതിരിക്കാനാണ് വേഗത്തിൽ നടന്നതെന്ന്…

ഇടക്ക് തിരിഞ്ഞു നിന്ന് അച്ഛൻ പറഞ്ഞൊരു കാര്യമുണ്ട്,

” ഒന്നുമായിട്ടില്ല മോനേ, ജീവിതം എന്താണെന്ന് അറിയുന്നതേയുള്ളൂ നിങ്ങള്… ഇപ്പൊ മാധുവിന്റെ കയ്യിൽ അവൾക്ക് താങ്ങായി പിടിച്ചിരിക്കുന്നത് അവളുടെ കാലിന്റെ ശേഷിക്കുറവ് കൊണ്ടാണ്.. ഇത് പോലെ ഇനിയുള്ള ജീവിതത്തിൽ അവളുടെ മനസ്സിനും താങ്ങായി നീ ഉണ്ടാവണം… ഇപ്പോഴല്ല, എന്റെ ഈ പ്രായത്തിൽ നീ അറിയും, ഇന്നത്തെ ഈ രാത്രിയുടെ ശരിയായ അനുഭവം…”

അത്രയും പറഞ്ഞ് അച്ഛൻ വീട്ടിലേക്ക് നടന്നു… ആ ഒരു നിമിഷം അച്ഛന് അമ്മ ആരായിരുന്നു എന്നും അവരുടെ സ്നേഹത്തിന്റെ ആഴവും ഞാനറിഞ്ഞു… അമ്മ പോയപ്പോ അച്ഛൻ കരഞ്ഞിട്ടില്ല… പിടിച്ചു നിൽക്കാനുള്ള ശക്തി അച്ഛനിൽ ഞാൻ അന്ന് കണ്ടിരുന്നില്ല…ഇന്നെനിക്ക് മനസ്സിലായി…!

അവിടുന്ന് തിരികെ വരുമ്പോ മനസ്സിൽ തങ്ങി നിന്ന ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ…

“അച്ഛൻ മണിമല കുന്നിൽ ഒറ്റയ്ക്ക് നിന്നപ്പോ അച്ഛനറിയാതെ അമ്മയും അച്ഛന്റെ കൂടെ ഉണ്ടായിരുന്നിരിക്കണം… “

~ജിഷ്ണു രമേശൻ