ഡീ നിനക്ക് ആണത്തം അറിയണ്ടെങ്കിൽ വേണ്ട, പക്ഷേ ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാല് പിന്നെ നീ….

Story written by Jishnu Ramesan

======================

“എടാ ഇതു പോലൊരു മേനിയഴകുള്ള പെണ്ണിനെ കെട്ടിയിട്ട് ഇവൻ നോക്കി ഇരിക്കുകയാണെന്നാ തോന്നുന്നത്..!”

ക്ഷേത്രത്തിൽ നിന്നും ഇറങ്ങി വരുന്ന ആദർശിനെയും ഭാര്യ മീനുവിനെയും നോക്കിയാണ് നാട്ടിലെ പ്രധാന വഷളൻ കൂട്ടുകാരനോട് ആ ഒരു കമന്റ് പറഞ്ഞത്…
ക്ഷേത്ര മുറ്റത്തു നിന്നും നടന്ന് അവരുടെ അടുത്ത് എത്തിയതും അവരു കേൾക്കുന്ന വിധം അവന്മാർ പറഞ്ഞു,

” ഹൊ ദേ നോക്കടാ, കല്യാണം കഴിഞ്ഞ് ഒരു മാസം ആയിട്ടുള്ളൂ അന്ന് കണ്ട അതേ അഴക് ഇപ്പോഴും…ഒന്നും ഉടഞ്ഞിട്ടില്ല, അവനൊരു ആണല്ലാ എന്നാ തോന്നുന്നത്…അല്ലെങ്കിലും എറിയാൻ അറിയുന്നവന്റെ കയ്യിൽ ദൈവം വടി കൊടുക്കില്ലല്ലോ…!”

മീനു അവര് പറഞ്ഞത് കേട്ടിട്ടും, ആദർശ് കേട്ടോ എന്ന് ഒളിക്കണ്ണിട്ട്‌ നോക്കി.. ഒരു വഴക്കിന് പോകണ്ട എന്ന ചിന്തയിൽ അവൾ കേൾക്കാത്ത മട്ടിൽ അവനോടൊപ്പം നടന്നു…

അമ്മയും ആദർശും അടങ്ങുന്ന കുടുംബത്തിലേക്ക് ഒരു മാസം മുമ്പാണ് മീനു പുതുപ്പെണ്ണായി കയറി വന്നത്..അച്ഛൻ നടത്തിക്കൊണ്ടിരുന്ന ഒരു പലചരക്ക് കടയാണ് ഇപ്പൊ ആദർശിന്റെ ജീവിത മാർഗം…നല്ല രീതിക്ക് തന്നെയത് മുന്നോട്ട് പോകുന്നുണ്ട്..

വിവാഹ ശേഷം ടൈപ്പ് റൈറ്റിങ് പഠിക്കാൻ വേണ്ടി പോകുന്നുണ്ടായിരുന്നു മീനു..
പതിവു പോലെ മീനു രാവിലെ വയലിന് അരികിലൂടെയുള്ള വഴിയിൽ കൂടി പഠിക്കാൻ പോകുന്ന സമയത്ത് ക്ഷേത്ര നടയിൽ കണ്ട വഷളൻമാരിൽ ഒരുവൻ അവളെ വഴിയിൽ തടഞ്ഞു നിർത്തി കൊണ്ട് ചോദിച്ചു,

” അല്ല പെങ്ങളെ താൻ എങ്ങനെയാ ഇവനെ കല്യാണം കഴിച്ചത്.. അവനെക്കൊണ്ട് ഒന്നിനും കൊള്ളില്ല.. എന്തിന്, ഈ നാട്ടിൽ ഒന്ന് ഉച്ചത്തിൽ സംസാരിക്കുന്നത് പോലും ഞാനൊന്നും കണ്ടിട്ടില്ല..തന്റെ മുഖം കണ്ടാലറിയാം അയാളെ ഇഷ്ടല്ല എന്ന്..”

ഭയവും സങ്കടവും ദേഷ്യവും കലർന്ന മുഖത്തോടെ അവള് പറഞ്ഞു,

‘ ഇനി എന്നോട് അനാവശ്യം പറഞ്ഞു വന്നാൽ നീ വിവരം അറിയും… പിന്നെ ഇപ്പൊ നിന്റെ ആവശ്യത്തിന് വേണ്ടി എന്നെ വിളിച്ചത് “പെങ്ങളെ” എന്നാണ്.. അത്രയ്ക്ക് സൂക്കേട് ആണെങ്കിൽ നിന്റെ വീട്ടിൽ പോയി നിന്റെ അമ്മയെയോ പെങ്ങളെയോ കാ മം തീർക്കാൻ വിളിക്കടാ..’

അത് കേട്ടതും ദേഷ്യം നിറഞ്ഞ ഭാവത്തിൽ അവൻ അവളുടെ മുടിയിൽ കടന്നു പിടിച്ചു, ഭയന്നു പോയ മീനു അവനെ തട്ടി മാറ്റിയിട്ട് തിരിഞ്ഞ് വീട്ടിലേക്ക് ഓടി..അത് കണ്ട് അവൻ വിളിച്ചു പറഞ്ഞു,

“ഡീ നിനക്ക് ആണത്തം അറിയണ്ടെങ്കിൽ വേണ്ട, പക്ഷേ ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാല് പിന്നെ നീ ഈ നാട്ടിലെ ഒരു മോശം പെണ്ണായിട്ടാവും അറിയാൻ പോകുന്നത്.. നിന്റെ മൊണ്ണൻ ഭർത്താവ് പോലും നീ പറയുന്നത് വിശ്വസിക്കില്ല…”

അതൊക്കെ കേട്ട് കരഞ്ഞു കൊണ്ട് മീനു വീട്ടിലേക്ക് നടന്നു. വീട്ടിലെത്തിയപ്പോഴേക്കും ആദർശ് കടയിലേക്ക് പോയിരുന്നു.. കരഞ്ഞു കൊണ്ട് കയറി വരുന്ന മീനുവിനെ കണ്ട അമ്മ ഓടി വന്ന് കാര്യം തിരക്കി.. അവൾ ഉണ്ടായതെല്ലാം അമ്മയോട് തുറന്നു പറഞ്ഞു..

‘ മോള് കരച്ചില് മതിയാക്ക്.. ഭാഗ്യം കൊണ്ട് ഒന്നും സംഭവിച്ചില്ല.. എന്തിനാ ന്റേ കുട്ടി പേടിക്കണെ, ആദർശ് ഉച്ചക്ക് കഴിക്കാൻ വരുമ്പോ നമുക്ക് കാര്യം പറയാം..പോലീസിൽ പോയി ഒരു പരാതി കൊടുക്കാം.. നമ്മടെ ഇൗ നാട്ടിൽ വെച്ച് ഇങ്ങനെ ഒരു സംഭവം ആദ്യാ..അതും എന്റെ മോളോട്..’

“വേണ്ടമ്മെ, ഏട്ടൻ ഇതൊന്നും അറിയണ്ട..അറിഞ്ഞാൽ അയാളോട് വഴക്കിന് പോവും, എല്ലാരും അറിയും..പിന്നെ എനിക്ക് പുറത്തിറങ്ങി നടക്കാൻ പോലും കഴിയില്ല..അയാള് പിന്നെ നാട്ടിൽ എന്നെ പറ്റി എന്തൊക്കെയാവും പറഞ്ഞു നടക്കാ എന്ന് അറിയില്യ… ഞാനിനി പഠിക്കാനൊന്നും പോണില്ല്യ, എനിക്ക് പേടിയാ…”

അന്ന് ഉച്ചയ്ക്ക് ആദർശ് കഴിക്കാൻ വന്നപ്പോ തല വേദന കാരണം നേരത്തെ ക്ലാസ്സിൽ നിന്ന് വന്നു കിടക്കാ എന്ന് അമ്മ പറഞ്ഞു.. അവൾ ഉറങ്ങിക്കൊട്ടെ എന്ന് കരുതി അവളെ ശല്യം ചെയ്യാതെ ആദർശ് കടയിലേക്ക് പോയി..

പക്ഷേ രാത്രി വീട്ടിൽ വന്നപ്പോ പതിവില്ലാതെ അമ്മയുടെയും മീനുവിന്റെയും പതുങ്ങിയുള്ള സംസാരവും പെരുമാറ്റവും കണ്ട് അവൻ കാര്യം തിരക്കി..കുറെ നേരം ചോദിച്ചതിന് ശേഷം അമ്മ ഉണ്ടായ കാര്യം പറഞ്ഞു… അപ്പോഴും മീനു കരച്ചിൽ നിർത്തിയിരുന്നില്ല…

അതൊക്കെ കേട്ട് ഒന്നും മിണ്ടാതെ കിടക്കാൻ കയറിയ ആദർശ് അവള് അടുത്ത് വന്നു കിടന്നപ്പോ സ്വകാര്യമായി അവളുടെ ചെവിയിൽ പറഞ്ഞു,

“മീനൂട്ടി, എന്തായാലും ഒരാഴ്ച പഠിക്കാൻ പോകണ്ട… നിന്നെ ഒരാഴ്ച കാണാതെ ആവുമ്പോ അവൻ പൊക്കോളും, പേടിക്കണ്ടട്ടോ…പോലീസിൽ പരാതി ഒന്നും കൊടുക്കണ്ട, എല്ലാരും അറിഞ്ഞ് നമുക്ക് തന്നെയാ പിന്നെ നാണക്കേട് ആവുന്നത്…എന്തെങ്കിലും ഒരു വഴി കാണാം നമുക്ക്…ഇപ്പൊ കിടന്നുറങ്ങ്, ഞാനില്ലെ നിന്റെ കൂടെ…”

ഭർത്താവിനെ ജീവനായി കാണുന്ന മീനു അതൊരു ആശ്വാസവാക്കായി എടുത്തു..

ഒരാഴ്ചയ്ക്ക് ശേഷം പഠിക്കാൻ പോയിട്ട് വരുന്ന വഴിക്ക് പതിവ് പോലെ വീണ്ടും അവൻ അവളെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു.. പെട്ടന്ന് അയാള് കാൺകെ മീനു ബാഗിൽ നിന്ന് ഒരു എഴുത്ത് മുള്ള് വേലിയുടെ ഇടയിൽ തിരുകി വെച്ചിട്ട് അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് അവൾ വേഗത്തിൽ വീട്ടിലേക്ക് നടന്നു..

അതൊക്കെ കണ്ട് അയാള് പെട്ടന്ന് ചെന്ന് എഴുത്ത് എടുത്ത് വായിച്ചു,

” ചേട്ടൻ പറഞ്ഞത് പോലെ എന്റെ ഭർത്താവ് ഒന്നിനും കൊള്ളില്ല.. പിന്നെ എന്നോട് ഇക്കാര്യം ആവശ്യപ്പെടാൻ വരുമ്പോ അന്ന് വന്നത് പോലെ വഴിയിൽ തടഞ്ഞു നിർത്തിയിട്ടാണോ ചോദിക്കുന്നത്..നാളെ എന്റെ ഭർത്താവ് അമ്മയെയും കൊണ്ട് മരുന്ന് വാങ്ങാൻ സത്രത്തിൽ പോവുകയാണ്, പകൽ ഞാൻ മാത്രമേ വീട്ടിലുള്ളു..ധൈര്യമുണ്ടെങ്കിൽ വന്നോളൂ.. ഒരു പാമ്പ് ഇണ ചേരുന്ന സ്വപ്നങ്ങളുമായി…!”

എഴുത്തിലെ ഉള്ളടക്കം വായിച്ച അയാള് മനസ്സിൽ വെള്ളിടി വെട്ടിയ പോലെ നിന്നു..തനിക്ക് കിട്ടാൻ പോകുന്ന സൗഭാഗ്യം കൂട്ടുകാരൻ അറിയണ്ട എന്ന് കരുതി എഴുത്തും നാളെ പോകുന്ന കാര്യവും മറച്ചു വെച്ചു..

അയാളാഗ്രഹിച്ച മേനിയഴക് അനുഭവിക്കാൻ പിറ്റേന്ന് രാവിലെ തന്നെ മീനുവിന്റെ വീട്ടിലേക്ക് തിരിച്ചു..ആവിടെയെത്തിയ അയാള് കണ്ടത് തനിക്ക് വേണ്ടി തുറന്നിട്ട ഒറ്റ വാതിലാണ്..അകത്തേക്ക് കയറിയ അവൻ കണ്ടത് തനിക്ക് വേണ്ടി ഒരുങ്ങി നിൽക്കുന്ന മീനുവിനെ ആയിരുന്നു..അവനെയൊന്ന് നോക്കി ചിരിച്ചു കൊണ്ട് മീനു പറഞ്ഞു,

” ദാ ആ മുറിയിലേക്ക് ഇരുന്നോളു, അവിടെ എന്റെയൊരു സുഹൃത്ത് കൂടിയുണ്ട്..എന്നെക്കാൾ മുമ്പ് അവളുടെ രുചി കൂടി അറിയുന്നത് കൊണ്ട് കുഴപ്പമൊന്നും ഇല്ലല്ലോ..! ഞാൻ പോയി നല്ലൊരു ചായ ഇട്ടു കൊണ്ട് വരാം..”

അത് കേട്ടതും ഇന്ന് തനിക്ക് ലഭിക്കാൻ പോകുന്ന അനാവശ്യ ഭാഗ്യത്തെ ഓർത്തു കൊണ്ട് അവൻ മുറിയിലേക്ക് കയറി..പക്ഷേ അവിടെ കണ്ട കാഴ്ച അവനെ തളർത്തി കളഞ്ഞു..

അവിടെ മുറിയിൽ ഉണ്ടായിരുന്നത് അവന്റെ കൂടപ്പിറപ്പായ സ്വന്തം ചേച്ചിയായിരുന്നൂ..

“ചേച്ചി” എന്ന് വിളിച്ചു കൊണ്ട് അവനവിടെ സ്തംഭിച്ചു നിന്നു…അപ്പോഴേക്കും സത്രത്തിൽ മരുന്നിന് പോയെന്ന് പറഞ്ഞ ആദർശും മീനുവും കൂടി മുറിയിലേക്ക് കയറി വന്നു..ഒന്ന് ചിരിച്ചിട്ട് ആദർശ് പറഞ്ഞു,

” നീ എന്ത് വിചാരിച്ചു, ഒരെഴുത്തും തന്ന് ഇവള് നിനക്ക് വഴങ്ങി തരുമെന്നോ..! ഞാൻ പറഞ്ഞിട്ടാടാ ഇവള് നിനക്കാ എഴുത്ത് അവിടെ വെച്ചത്…ഒരാഴ്ച പഠിക്കാൻ പോകണ്ട എന്ന് പറഞ്ഞത് ഒരെഴുത്ത് കൊണ്ട് നിന്നെ വിശ്വസിപ്പിക്കാൻ വേണ്ടിയായിരുന്നു…”

” നമ്മടെ അമ്മേടെ വയറ്റിൽ തന്നെ നീ പിറന്നല്ലോടാ” എന്നും പറഞ്ഞ് അവന്റെ ചേച്ചി മുഖമടച്ച്‌ അവനെ തല്ലി..

“നിന്നെക്കുറിച്ച് പലരും പലതും പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല..എന്റെ അനിയൻ അങ്ങനെയൊന്നും ചെയ്യില്ല, അവന്റെ കൂട്ടുകെട്ടാണ് എല്ലാത്തിനും കാരണം എന്നൊക്കെ ഞാൻ ആശ്വസിച്ചു…പക്ഷേ ഇത്…!”

അത്രയും പറഞ്ഞ് ആ സ്ത്രീ അവിടുന്ന് കരഞ്ഞു കൊണ്ട് ഇറങ്ങി പോയി..അപ്പോഴും ഒന്നും മിണ്ടാനാവാതെ അവനവിടെ നിന്നു.. ആദർശ് അവന്റെ അടുത്ത് ചെന്നിട്ട് പറഞ്ഞു,

” ഡാ എനിക്ക് വേണമെങ്കിൽ പോലീസിൽ പരാതി നൽകാം..പക്ഷേ അത് കൊണ്ട് തകരുന്നത് രണ്ടു കുടുംബങ്ങളാണ്… എന്റെ ഭാര്യ പിന്നെ നാട്ടുകാർക്ക് നോക്കി പറയാൻ ഒരു വസ്തുവായി മാറും..പിന്നെ നിന്റെ അമ്മയും ചേച്ചിയും, രണ്ടു മാസം കഴിഞ്ഞാൽ നിന്റെ ചേച്ചിടെ കല്യാണം ആണെന്നറിഞ്ഞു… എന്തിനാ നീ ആയിട്ട് ആ പാവത്തിന്റെ ഭാവി തകർക്കുന്നത്..”

അവൻ പതിയെ മുഖമുയർത്തി മീനുവിനെ നോക്കി ‘ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞു മുഴുവിപ്പിക്കും മുമ്പേ അവൾ സകല ദേഷ്യവും സങ്കടവും കൊണ്ട് അവന്റെ കരണം നോക്കി ഒന്ന് കൊടുത്തിരുന്നു…എന്നിട്ട് അവള് പറഞ്ഞു,

” നീ പറഞ്ഞല്ലോ, ഇണ ചേരുന്ന കാര്യം.. അത് ശരീരം കൊണ്ട് മാത്രമല്ലാ മനസ്സുകൊണ്ടും കൂടിയാണ്… നിന്റെ കാ മ വെ റി തീർക്കാൻ ആരും വഴങ്ങാതെ വരുമ്പോ, പിന്നെ നീ വീട്ടിലുള്ള നിന്റെ അമ്മയുടെയും ചേച്ചിയുടെയും നേരെ തിരിയും..”

ആകെ വിയർത്തു കുളിച്ച് നിന്നിരുന്ന അവനെ നോക്കി ആദർശ് പൊക്കോ എന്ന് പറഞ്ഞു..അവൻ വിറയ്ക്കുന്ന കാലുകളോടെ ഇറങ്ങി നടന്നു…അവന്റെ പുറകെ ചെന്ന ആദർശ് അവനോട് നിൽക്കാൻ ആവശ്യപ്പെട്ടു..അടുത്തേക്ക് ചെന്ന ആദർശ് അവനോടായി പറഞ്ഞു,

” ഡാ ചെ റ്റെ, നിന്നെ വെറുതെ വിട്ടു എന്ന് തോന്നരുത്… പോലീസിൽ പരാതിപ്പെട്ടാൽ പീ ഡനകേസ്‌ എന്നൊരു ലേബലിൽ അകത്ത് കിടന്നു തിന്നു കൊഴുക്കും നീ..പിന്നെ നീ പറഞ്ഞല്ലോ മൊണ്ണനായ ഒന്നിനും കൊള്ളാത്ത ഭർത്താവ് ആണ് ഞാനെന്ന്..!

മനസ്സ് കൊണ്ടും ശരീരം കൊണ്ടും ആണിന്റെ തന്റേടം കാണിച്ച് കഴിഞ്ഞതാ..പിന്നെ ഈ നാട്ടിൽ ആരോടും മിണ്ടാതെ പാവം പോലെ നടക്കുന്നു എന്നത് കൊണ്ട് എന്നെ നീ വിലയിരുത്തിയത് ശരിയായില്ല… എന്റെ അച്ഛൻ മരിച്ചതിന് ശേഷമാണ് ഞാനീ പലചരക്ക് കടയുമായി ഇവിടെ ഒതുങ്ങി കൂടി കഴിയാൻ തുടങ്ങിയത്..

അതിനു മുമ്പ് എന്റെ ജോലി എന്താണെന്ന് കോയമ്പത്തൂര് പോയി അന്വേഷിച്ചാൽ നിനക്ക് അറിയാൻ കഴിയും.. ഒരു കമ്പനിയിൽ സി സി ക്ക് കൊടുക്കുന്ന വണ്ടി പിടിക്കാൻ പോകുന്ന ചെറിയൊരു ജോലിയായിരുന്നു… പിന്നെ ചെറിയ രീതിയിൽ നീയൊന്നും സ്വപ്നം കൂടി കാണാത്ത ജോലികളും…

പക്ഷേ ഇന്നേ വരെ നിന്നെപ്പോലെ ഒരു പെണ്ണിനോടും നെറികെട്ട രീതിയിൽ പെരുമാറിയിട്ടില്ല… എന്റെ ജോലിയുടെ ഭാഗമായി കുറച്ച് അടിയും വഴക്കും ഉണ്ടായിരുന്നെങ്കിലും ഒരു പെണ്ണിനോട് എങ്ങനെ പെരുമാറണം എന്നൊക്കെ എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്…എന്നാ പിന്നെ മോൻ പൊക്കോ…!”

അതൊക്കെ കേട്ട് ക്ഷമാപണം എന്ന ഭാവത്തിൽ ആദർശിനെ ഒന്ന് ദയനീയ മുഖത്തോടെ നോക്കിയിട്ട് അവൻ ഇറങ്ങി നടന്നു..അപ്പൊ അവൻ കേൾക്കുന്ന രീതിക്ക് ആദർശ് പറഞ്ഞു,

” ആ പിന്നെ ഒരു കാര്യം, എന്റെ മീനൂട്ടിയുടെ മുടിയിൽ കുത്തി പിടിച്ച വകയിൽ ഒരു ചെറിയ കണക്ക് എന്റെ ഭാഗത്ത് നിന്ന് എപ്പോ വേണമെങ്കിലും നിനക്ക് പ്രതീക്ഷിക്കാം..പക്ഷേ അത് എപ്പോ എങ്ങനെ വേണമെന്ന് ഞാൻ തീരുമാനിക്കും…മീനുവിനോട് മാത്രമല്ല, നിന്റെ എല്ലാ നെറികേടും ഞാനറിഞ്ഞു.. ഒന്ന് പ്രതീക്ഷിച്ചിരുന്നോ,നിന്റെ ചേച്ചിടെ കല്യാണം എന്തായാലും നന്നായി തന്നെ നടക്കട്ടെ, ഞാനായിട്ട് തടസം നിൽക്കില്ല..

ഇതിനും നല്ലൊരു ശിക്ഷ നിനക്കിനി തരാനില്ല..നിന്റെ ചേച്ചിയുടെയും അമ്മയുടെയും മുന്നിലുള്ള നിന്റെ അവസ്ഥ, അത് നീ അനുഭവിച്ച് തന്നെ അറിയണം…”

അപ്പോഴേക്കും പുറകിൽ നിന്ന് മീനുവിന്റെ ” ഏട്ടാ ” എന്നുള്ള വിളി വന്നിരുന്നു…

” എന്താ മീനൂട്ടി ” എന്ന് ചോദിച്ചു കൊണ്ട് ആദർശ് വീട്ടിലേക്ക് കയറി ചെന്നു…

” എന്തായിരുന്നു അവിടെ..? ഇനി പ്രശ്നത്തിനൊന്നും പോണ്ടാട്ടോ..! എന്റെ കൂടെ ഉണ്ടായാ മതി എപ്പോഴും..”

‘ നീ പേടിക്കണ്ട മീനൂ, ഇനി നിന്നെ ശല്യം ചെയ്യാൻ ആരും വരില്ല…നാളെ മുതൽ പഴയപോലെ പഠിക്കാൻ പോകണം.. അവനോട് ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കി കൊടുത്തിട്ടുണ്ട്…പിന്നെ നിന്റെ ദേഷ്യം മാറുന്ന രീതിയിൽ നല്ലത് ഒരെണ്ണം വെച്ചു കൊടുത്തപ്പോ സമാധാനം ആയല്ലോ…!’

അതൊക്കെ കേട്ട് സന്തോഷം നിറഞ്ഞൊരു ചിരി അവളുടെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നു..അതേ സമയം തനിക്കുള്ള അടുത്ത പണി എപ്പോ എങ്ങനെ വരുമെന്നോർത്ത് അവനും നടന്നു നീങ്ങുന്നുണ്ടായിരുന്നു…

~ജിഷ്ണു രമേശൻ