സുജാത ബാഗിലേക്ക് വസ്ത്രങ്ങൾ മടക്കി വെച്ചു മുഖമുയർത്തി അനന്തുവിനെ നോക്കി പറഞ്ഞു…

ഈ യാത്രയിൽ…

Story written by Unni K Parthan

===================

“നിങ്ങളിലേക്ക് മാത്രം ചുരുങ്ങി പോയതാണ് ഞാൻ എന്റെ ജീവിതത്തോട് ചെയ്ത ഏറ്റവും വലിയ തെറ്റ്..”

സുജാത ബാഗിലേക്ക് വസ്ത്രങ്ങൾ മടക്കി വെച്ചു മുഖമുയർത്തി അനന്തുവിനെ നോക്കി പറഞ്ഞു..

“അമ്മ ഇത് എന്ത് ഭാവിച്ചാ..എവിടേക്കാ പോണേ അമ്മ..” അനന്തുവിന്റെ ശബ്ദം ഉയർന്നു..

“പതിയെ പറഞ്ഞാൽ മതി..ഇവിടെ ഇപ്പൊ ഞാനും,നീയും,നിന്റെ ഭാര്യയും മാത്രല്ലേ ഉള്ളൂ…എന്തിനാ ഇത്രേം ഒച്ച വെക്കുന്നെ..” കൂസലില്ലാതെ പുഞ്ചിരിച്ചു കൊണ്ട് അവരേ നോക്കി സുജാത ചോദിച്ചു..

“അമ്മക്ക് ഇവിടെ എന്തിന്റെ കുറവാണ് ഞങ്ങൾ വരുത്തിയിട്ടുള്ളത്..” ദേവികയുടെ ആയിരുന്നു ചോദ്യം..

“നിങ്ങൾ എന്തേലും കുറവുകൾ വരുത്തി എന്ന് ഞാൻ പറഞ്ഞോ..നിങ്ങളുടെ സ്വകാര്യതക്ക് ഇടയിൽ ഞാൻ ഒരു ശല്യമാവുന്നില്ല എന്നേ ഓർത്തുള്ളൂ..അതും പറഞ്ഞു ഞാൻ നിങ്ങളേ ഒഴിവാക്കി പോകുന്നതും അല്ല..

ഇവന്റെ അച്ഛൻ അതായത് എന്റെ പാതി എന്നേ വിട്ടു പോകുമ്പോ…ഇവന് വയസ് രണ്ട്..വേറെ ഒരു വിവാഹത്തിന് എല്ലാരും നിർബന്ധം പിടിച്ചു..പ്രേമിച്ചു വിവാഹം ചെയ്തത് കൊണ്ടും..മറ്റൊരാളെ ഇനി മനസിലേക്ക് എടുത്തു വെക്കാൻ കഴിയാത്തതു കൊണ്ടും..അതിനേക്കാൾ ഉപരി ഇവനോടുള്ള വാത്സല്യം കൊണ്ടും..വേറെ വിവാഹം ചെയ്തില്ല..

കാലം മുന്നോട്ട് പോയി..ദാ..നീ ഇവിടെ വരേ എത്തി…

നിങ്ങളുടെ വിവാഹം കഴിഞ്ഞു മൂന്ന് മാസം..നാട്ടിൽ നിന്നും നിങ്ങൾ ഈ പട്ടണത്തിൽ എന്നെയും കൊണ്ട് വന്നു..നമ്മുടെ തറവാട് അനാഥമായി കിടക്കുന്നു..പ്രിയപ്പെട്ടവർ ഉറങ്ങുന്ന മണ്ണ്..അതെല്ലാം ഉപേക്ഷിച്ചു നിങ്ങളുടെ കൂടെ വന്നു…അതിലും എനിക്ക് സങ്കടമില്ല..

പക്ഷെ..നിന്റെ ഭാര്യക്ക് ഒരു വേലക്കാരിയേ ആയിരുന്നു ആവശ്യം എന്ന് ഇപ്പൊ കുറച്ചു ദിവസമായി എനിക്ക് ഫീൽ ചെയ്തു തുടങ്ങിട്ട്..

അതൊന്നും ചെയ്യാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല..എന്റെ മക്കൾ അല്ലേ എന്ന് ഓർത്താൽ തീർന്നു അവിടെ ആ വിഷമം.

പക്ഷെ..ഇപ്പൊ കുറച്ചു നാളായി ഞാൻ കാണുന്ന ഒരു പ്രവർത്തി ഉണ്ട് ഇവിടെ..ജോലിക്ക് പോകുമ്പോൾ നിങ്ങളുടെ റൂം പൂട്ടി പോവുക..ജോലി കഴിഞ്ഞു വന്നു ഒന്നും മിണ്ടാതെ രണ്ടാളും നിങ്ങളുടെ റൂമിൽ കയറി കതക് കുറ്റിയിട്ട് നിങ്ങളുടേത് മാത്രമായ ഒരു ലോകം സൃഷ്ടിക്കുന്നു..രാത്രിയാകുമ്പോൾ കാറും എടുത്തു പുറത്ത് പോയി കഴിച്ചു വരിക..നിങ്ങളുടെ വസ്ത്രങ്ങൾ കഴുകാനും..വീട് അടച്ചു തുടച്ചു വൃത്തിയാക്കാനും മാത്രമായ് ഒരു വേലക്കാരി ആവാൻ എനിക്ക് താല്പര്യമില്ല…

ഇവിടെ ഞാൻ ഇങ്ങനെയൊരു ജന്മം ഉണ്ടെന്ന് പോലും ആലോചിക്കാതെ..നിങ്ങളുടെ സന്തോഷങ്ങൾക്ക് മാത്രം പരിഗണന കൊടുക്കുന്ന മക്കളുടെ കൂടെ ജീവിച്ചു തീർക്കുന്നതിനേക്കാൾ നല്ലത്. സ്വന്തം ജീവിതം ആഘോഷമാക്കി ജീവിക്കാൻ ഉള്ള വഴികൾ തേടുക എന്നുള്ളതാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു..

നിനക്കായ്‌ ചെയ്യേണ്ടത് എല്ലാം ചെയ്തു തീർത്തു എന്നാണ് ഇപ്പൊ എന്റെ വിശ്വാസം..കാരണം..നിനക്ക്..അല്ല..നിങ്ങൾക്ക് നിങ്ങളുടെ കാര്യം…അപ്പോൾ എനിക്ക് എന്റെ കാര്യം നോക്കാം…

ഇനിയുള്ള ദിവസങ്ങൾ ഇനി എന്റെ മാത്രമാണ്..നാല്പത്തി ആറു വയസ് അത്രേം വലിയ വയസും അല്ല…

ഒരുപാട് യാത്രകൾ പോണം..രാജ്യം മൊത്തം കറങ്ങി നടക്കണം..ഇതിനിടയിൽ എവിടേലും വെച്ചു എനിക്ക് ഒരു തുണയായി ആരേലും വന്നാൽ..ഞാൻ അതിൽ കംഫർട് ആണേൽ..പിന്നീടുള്ള ജീവിതം ആളുടെ കൂടെ..

പക്ഷെ..താലിയുടെ ബന്ധനം ഉണ്ടാവില്ല..പരസ്പരം അറിഞ്ഞു മനസിലാക്കി ഉള്ള ഒരു ജീവിതം..അതാണ് ഇപ്പൊ മനസ്സിൽ..

നാളേ രാവിലെ ഞാൻ ഇറങ്ങും..മോർണിംഗ് ഡൽഹി ഫ്ലൈറ്റ്ന് ടിക്കറ്റ് എടുത്തിട്ടുണ്ട്…ആവശ്യത്തിൽ കൂടുതൽ കാശ് ഇനി എന്തിനാ എനിക്ക്..ഞാനും ഒന്ന് ജീവിതം ആസ്വദിക്കട്ടെ..അപ്പോൾ ശുഭരാത്രി..

നേർത്ത ചിരിയോടെ അവരേ നോക്കി പറഞ്ഞു കൊണ്ട് സുജാത തിരിഞ്ഞു നടന്നു..

ശുഭം..