എനിക്ക് വയ്യ ഇനി ഇങ്ങനെ നാണം കെട്ട് ജീവിക്കാൻ..ഹരീന്ദ്രൻ പറഞ്ഞത് കേട്ട് കനിമൊഴി തലയുയർത്തി നോക്കി..

നാളേകൾക്ക് പിറകേ…

Story written by Unni K Parthan

===============

“ഇന്നെന്താ ഇങ്ങനെ ഇരുന്നു ആലോചിക്കുന്നെ ജോലിക്ക് പോണില്ലേ”

കനിമൊഴിയുടെ ചോദ്യം കേട്ട് ഹരീന്ദ്രൻ മെല്ലെ കണ്ണുകൾ തുറന്നു..

“എന്താ പറ്റിയേ ഏട്ടാ…ഒന്ന് രണ്ടു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു..ഓഫിസിൽ നിന്നും വന്നാൽ ആലോചന തന്നെ..മര്യദക്ക് ഭക്ഷണം കഴിക്കുന്നില്ല..ഒന്നിലും ശ്രദ്ധയില്ല..ആരോടും സംസാരിക്കുന്നില്ലാ..എന്താ പറ്റിയേ..”

“ഒന്നൂല്യ ഡീ..”

“അത് ചുമ്മാ..എന്തോ ഉണ്ട്…” ഹരീന്ദ്രന്റെ കൈയ്യിൽ മെല്ലേ പിടിച്ചു അടുത്തിരുന്നു കൊണ്ട് കനിമൊഴി ചോദിച്ചു..

“മ്മ്..പണി പോകും മിക്കവാറും..” തല താഴ്ത്തി ഹരീന്ദ്രൻ പറഞ്ഞു…

“എന്ത് പറ്റി ഹരിയേട്ടാ…” ശബ്ദത്തിൽ വല്ലാത്ത പകപ്പ് ഉണ്ടായിരുന്നു കനിമൊഴിയുടെ..

“കുറച്ചു ക്യാഷ് ഞാൻ മറച്ചു…കമ്പനി അറിയാതെ..”

“ക്യാഷോ..എന്തിന്..” ഹരീന്ദ്രൻ ഒന്നും മിണ്ടാതെ തല കുമ്പിട്ടിരുന്നു..

“ഏട്ടാ..”

“മ്മ്…”

“വല്യ എമൗണ്ട് ആണോ..”

“മ്മ്..”

“എത്ര..”

മുപ്പത് ലക്ഷം.. “

“മുപ്പത് ലക്ഷമോ..” കനിമൊഴിയുടെ മുഖം വിളറി വെളുത്തു..

“മ്മ്..”

“എന്നിട്ട് എവിടാ പൈസ…”

“നമ്മൾ ജീവിക്കുന്നു..”

“നമ്മളോ..”

“മ്മ്..ഈ വീടും..കാറും..എല്ലാം..”

“ഏട്ടാ..എന്നോട് ഇങ്ങനെ ഒന്നും അല്ല ലോ പറഞ്ഞത്..കമ്പനി വകയാണ് വീടും, കാറും ചിലവും എന്നല്ലേ..”

“അത് പിന്നേ..സർവ്വ സൗഭാഗ്യങ്ങളും ഇട്ടെറിഞ്ഞു കൊണ്ട് എന്റെ കൂടെ ഇറങ്ങി വന്ന നിന്നെ..ഒന്നും അറിയിക്കാൻ തോന്നിയില്ല..”

“ഏട്ടാ..ഞാനോ..എന്നോടോ..അങ്ങനെ എന്നേലും ഞാൻ ഒരു വാക്ക് കൊണ്ട് പോലും..അല്ല..എന്റെ മുഖഭാവം കൊണ്ട് പോലും അറിയിച്ചിട്ടുണ്ടോ..” വിമ്മി പൊട്ടി കനിമൊഴി ചോദിച്ചു..

“നമ്മുടെ രണ്ടു വീട്ടുകാരെയും ധിക്കരിച്ചു ജീവിതം തുടങ്ങിയ അന്ന് മുതൽ..ഞാൻ ഒരിക്കൽ പോലും ഏട്ടനേ അത് പറഞ്ഞു ബുദ്ധിമുട്ടിച്ചിട്ടുണ്ടോ..എന്നിട്ട്..നമുക്ക് ജീവിക്കാൻ..കാശ് വെട്ടിച്ചു ന്ന് പറയുമ്പോ..എനിക്ക് പറ്റണില്ല ഏട്ടാ..ഇത്രയും നാൾ ജീവിച്ചത് എല്ലാം..വെട്ടിച്ചു ഉണ്ടാക്കിയത് കൊണ്ടായിരുന്നോ..നമ്മുടെ മോനെ ഓർത്തോ ഏട്ടൻ..അവന് ഒരു ഉരുള ചോറ് വാരി കൊടുക്കുമ്പോൾ..ആ അന്നത്തിനു പോലും ഇപ്പൊ..എനിക്ക് പറ്റണില്ല ഏട്ടാ..”

“കഴിഞ്ഞത് കഴിഞ്ഞു..ഇനി..എന്ത് ചെയ്യാൻ പറ്റും..അതാണ് ഇനി ചിന്തിക്കേണ്ടത്..” ഹരീന്ദ്രന്റെ ശബ്ദം കനത്തു..

“എന്ത് ചെയ്യാൻ..” നിസ്സഹായയായി കനിമൊഴി താഴേക്കിരുന്നു..

“നമുക്ക് ഈ ജീവിതംഅവസാനിപ്പിക്കാം…എനിക്ക് വയ്യ ഇനി ഇങ്ങനെ നാണം കെട്ട് ജീവിക്കാൻ..” ഹരീന്ദ്രൻ പറഞ്ഞത് കേട്ട് കനിമൊഴി തലയുയർത്തി നോക്കി..

“എന്തിന്…വേണേൽ തന്നത്താൻ അങ്ങട് അവസാനിപ്പിച്ചാൽ മതി..എനിക്കും മോനും ജീവിക്കണം..” ചാടിയെഴുന്നേറ്റ് കനിമൊഴി പറഞ്ഞത് കേട്ട് ഹരീന്ദ്രന്റെ മുഖം വിളറി…

“കനീ….” ഹരീന്ദ്രന്റെ ശബ്ദം പതറി..

“എന്താ..”

“നീ കൂടെ എന്നെ കൈവിട്ടാൽ..”

“ഞാനാണോ കൈവിട്ടത്..ഏട്ടൻ അല്ലേ..ഞങ്ങളേ കൈവിടുന്നത്..ഒരു പ്രശ്നം വരുമ്പോൾ അതിൽ നിന്നും രെക്ഷപെടാൻ ആ ത്മഹ ത്യയാണ് പരിഹാരമെന്ന് ആരാ ഏട്ടനോട് പറഞ്ഞത്..ആണല്ലേ..നിവർന്നു നിന്ന് ആ പ്രശ്നത്തിനെ നേരിടുകയാണ് വേണ്ടത്…അല്ലാതെ ഒളിച്ചോടുകയല്ല വേണ്ടത്..” കനിമൊഴിയുടെ ശബ്ദത്തിൽ ദേഷ്യവും..സങ്കടവും നിരാശയും കലർന്നിരുന്നു..

“ഞാൻ..ഞാൻ ഇനി എന്താ ചെയ്യാ..എന്തായാലും ജോലി പോകും..ജയിലിൽ പോണം…അതല്ലാതെ..വേറെ വഴിയില്ല…”

“ഏട്ടന്റെ ഈ ഈഗോ ഒന്ന് മാറ്റിവെച്ചു ചിന്തിക്കോ..”

“എനിക്ക് ഈഗോയോ…നീ തന്നെ അത് പറയണം..”

“മ്മ്..ഞാൻ തന്നെ ആണ് അത് പറയേണ്ടതും..സ്നേഹിച്ചു വിവാഹം കഴിച്ചു..അത് നമ്മൾ ചെയ്ത തെറ്റായി എനിക്ക് ഈ നിമിഷം വരേ തോന്നിയിട്ടില്ല…

പക്ഷെ..നമ്മുടെ രണ്ടു പേരുടെയും വീട്ടുകാർക്ക് അത് അംഗീകരിച്ചു തരാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു..

അറിയാലോ..രണ്ടു കൂട്ടരും സമൂഹത്തിൽ അറിയപ്പെടുന്നവർ..രണ്ടു സമുദായത്തിൽപെട്ടവർ..ഒരിക്കലും അവർക്ക്  ഉൾകൊള്ളാൻ കഴിയുന്ന ഒന്നായിരുന്നില്ല നമ്മുടെ ബന്ധം..മാത്രമല്ല എത്രയൊക്കെ സമൂഹത്തിൽ ഉയർന്നു നിൽക്കുന്നവരാണെങ്കിലും..അവരുടെ മനസ് ഇടുങ്ങിയ ചിന്താഗതിക്കാരുടെ ആയിരുന്നു..

എന്റെ വലതു കൈ പിടിച്ചു ഏട്ടന്റെ കുടുംബത്തിൽ ചെന്ന് കേറിപ്പോ ഏട്ടനേ ചവിട്ടി പുറത്താക്കി..എന്റെ വീട്ടിൽ ചെന്നപ്പോൾ ഗേറ്റ് പോലും തുറക്കാതെ..അറിയാലോ..ഒന്നും ഞാൻ പറയണ്ടേല്ലോ..

കാലം മുന്നോട്ട് പോയി..ഇതിനിടയിൽ നമ്മുടെ വീട്ടുകാർ പരസ്പരം എല്ലാം പറഞ്ഞു തീർത്തു രമ്യതയിൽ എത്തി..അവർ നമ്മളേ കൂട്ടി കൊണ്ട് പോകാൻ ഒരുമിച്ചു ഈ വീട്ടിൽ വന്നു. പക്ഷെ ഏട്ടന്റെ വാശി..നമ്മൾ പോയില്ല..നമ്മുടെ വീടികളിൽ എന്ത് ആഘോഷം ഉണ്ടേലും അവർ പരസ്പരം അറിയിച്ചു..അവർ ഒത്തു കൂടി..നമ്മൾ മാത്രം അവിടെ ഇല്ല..എന്നിട്ടും അവർ ഒത്തുകൂടി…

കാലം വീണ്ടും നമ്മേ അനുഗ്രഹം കൊണ്ട് ചൊരിഞ്ഞു..ഞാൻ ഗർഭിണിയായി..ആരിൽ നിന്നോ വിവരം അറിഞ്ഞു അവർ വീണ്ടും നമ്മേ തേടി വന്നു..അവിടേം ഏട്ടന്റെ വാശി..

നമുക്ക് മോൻ പിറന്നു..അറിഞ്ഞ നിമിഷം നമ്മുടെ വീട്ടുകാർ ഹോസ്പിറ്റലിൽ വന്നു..ഹോസ്പിറ്റലിൽ ചിലവിനുള്ള തുക അടക്കാൻ പോയപ്പോൾ അവിടെയും ഏട്ടൻ അസഭ്യം പറഞ്ഞു കൊണ്ട് അവരേ തടഞ്ഞു..

ഇപ്പോ നമ്മുടെ മോന് രണ്ടു വയസ് ആവുന്നു..നാളേ കഴിഞ്ഞു അവന്റെ പിറന്നാൾ..അന്ന് അവനെ വെള്ളപുതുച്ച നിലയിൽ പ്രിയപ്പെട്ടവർ കാണാൻ ഞാൻ വിട്ടു കൊടുക്കില്ല..എനിക്ക് ജീവിക്കണം..ഒന്നിനും പരിഭവമില്ലാതെ ഉള്ളത് കൊണ്ട് ജീവിക്കാൻ ശീലിച്ചവൾ ആണ് ഞാൻ..പക്ഷെ..ഏട്ടന്റെ ധൂർത്ത് നിറഞ്ഞ ജീവിതം ആണ്..ഇന്ന് ഇങ്ങനെ എത്തിച്ചത്..

ഒരു കാര്യം ഞാൻ പറയാം..ജോലി പോണേൽ പോട്ടേ..ജയിലിൽ പോകാതെ..എല്ലാം കമ്പനിക്ക് തിരിച്ചു കൊടുക്കാം നമുക്ക്..നമ്മുടെ രണ്ടു വീട്ടുകാരോടും നമുക്ക് കാര്യം പറയാം..അവർ നമ്മേ സഹായിക്കും.. “

കിതപ്പോടെ കനിമൊഴി പറഞ്ഞു നിർത്തി..

“ഞാൻ പോണ്..അലമാരയിൽ എന്റെ സാരി ഇരുപ്പുണ്ട്..തൂ ങ്ങി ചാവുന്നേൽ സാരി എടുത്തോ..അതല്ല..വേറെ ഏതെങ്കിലും വഴി ഉണ്ടേൽ അതും തിരഞ്ഞെടുത്തോ..ഞാനും മോനും വരില്ല..” അതും പറഞ്ഞു കനിമൊഴി അകത്തേക്ക് പോയി..

*************************

കുറച്ചു നാളുകൾക്ക് ശേഷം..

“ആറു മാസം തടവും..അമ്പതിനായിരം രൂപ പിഴയും..ആണ് ശിക്ഷ…അതു കമ്പനിയിൽ തുക തിരിച്ചടച്ചത് കൊണ്ട് മാത്രം..” കനിമൊഴിയുടെ ചെവിയിലേക്ക് വക്കീലിന്റെ ശബ്ദം ആഴ്ന്നിറങ്ങി..

കനിമൊഴി ഹരീന്ദ്രന്റെ കൈയ്യിൽ മുറുക്കി പിടിച്ചു..കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ഇരുവരുടെയും..

“ആറ് മാസം അല്ലേ..ആറു ദിവസം പോലേ പോയി വരും…ഞങ്ങൾ എല്ലാരും പുറത്തില്ലേ..അതിനേക്കാൾ വേഗത്തിൽ മോനേ പുറത്ത് ഇറക്കാൻ പറ്റുമോന്ന് ഞങ്ങൾ നോക്കട്ടെ..

കനിമൊഴിയുടെ അച്ഛൻ ഹരീന്ദ്രനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു…

“ഹേയ്..ഈ ശിക്ഷ മോൻ ചോദിച്ചു വാങ്ങിയതാ..ചെയ്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുക തന്നെ വേണം..ധൈര്യമായി പോയി പുതിയ മനുഷ്യനായി തിരിച്ചു വാ…ഞങ്ങൾ ഇവിടെ ഉണ്ട്..മോനെയും കാത്ത്..” ഹരീന്ദ്രന്റെ അച്ഛൻ ഹരീന്ദ്രനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

പോലീസുകാർ ഹരീന്ദ്രനെ ജീപ്പിലേക്ക് കയറ്റി..ഹരീന്ദ്രൻ കനിമൊഴിയേ നോക്കി..ഉള്ളൊന്നു പിടഞ്ഞു..കനിമൊഴിയുടെ തോളിൽ ഒന്നുമറിയാതെ ഉറങ്ങുന്ന പൊന്നു മോന്റെ മുഖം കണ്ടപ്പോൾ..മിഴികൾ നിറഞ്ഞു തുളുമ്പി..കാഴ്ച്ചകൾ മങ്ങി ഹരീന്ദ്രന്..

പോലീസ് ജീപ്പ് മുന്നോട്ട് പാഞ്ഞു..

***************************

പുതിയ പുലരിയിൽ പുതിയ സ്വപ്നങ്ങൾ കണ്ട്..കാലങ്ങൾക്ക് ശേഷം ഹരീന്ദ്രൻ പുറത്തേക്ക്…

ഓടി വന്നു ചേർത്ത് പിടിച്ച കനിമൊഴിയുടെ തോളിൽ നിന്നും ഇന്ദ്രജിത്ത് ഹരീന്ദ്രന്റെ നേർക്ക് കുതിച്ചു ചാടി.. കൊണ്ട് വിളിച്ചു..

“അച്ഛാ…” ചുറ്റും കൂടിയവരുടെ ഹൃദയം തുളച്ചു കൊണ്ട് ആ വിളി അന്തരീക്ഷത്തിൽ മുഴങ്ങി..

ശുഭം…