ഇന്ദിരേച്ചിയോട് കൂടുതൽ പറഞ്ഞാൽ തല്ല് ഉറപ്പാണെന്നുള്ളത് കൊണ്ട് ഹരികൃഷ്ണൻ പതിയെ വലിഞ്ഞു…

ഇന്ദിര തിരക്കിലാണ്…

Story written by Suresh Menon

===============

“ഇന്ദിരേച്ചി ഞാൻ പറഞ്ഞ കാര്യമെന്തായി “

വീടിന് മുമ്പിൽ റോസാ ചെടിക്ക് വെള്ളം ഒഴിച്ചു കൊണ്ടിരുന്ന ഇന്ദിരയോട് അപ്പുറത്തെ വീട്ടിലെ ഹരികൃഷ്ണൻ ചോദിച്ചു:

“ഒന്നു പോടാ ചെറുക്കാ അവിടുന്ന്…അവനും അവന്റെയൊരു ഷോർട്ട് ഫിലിമും….ഇവിടെ ശരിക്കൊന്ന് ക ക്കൂസിൽ പോകാൻ സമയം കിട്ട്ണ് ല്ല്യാ അപ്പോഴ അവന്റെയൊരു ……”

ഇന്ദിര വെള്ളമൊഴിക്കുന്നതിൽ ശ്രദ്ധിച്ചു തുടങ്ങി…

“ചേച്ചി ഞാൻ പറഞ്ഞില്ലെ….കൂടി പോയാൽ പത്തിരുപത് മിനിറ്റ്…അതിൽ കൂടുതൽ വേണ്ട … “

“ടാ ചെക്കാ നീ എന്റേന്ന് മേടിക്കും ട്ടാ…നിനക്ക് പഠിക്കാനൊന്നുമില്ലെ. ഡിഗ്രി ഫൈനൽ ഇയർ അല്ലെ നീ. ഈ ഷോർട്ട് ഫിലിം സിനിമാ പ്രാന്തൊക്കെ മാറ്റി വെച്ച് നല്ല മാർക്ക് വാങ്ങി പാസ്സായി കൂടുതൽ പഠിക്കാൻ എന്താണെന്ന് വച്ചാൽ അതിൽ ശ്രദ്ധിക്ക് … “

ഇന്ദിരേച്ചിയോട് കൂടുതൽ പറഞ്ഞാൽ തല്ല് ഉറപ്പാണെന്നുള്ളത് കൊണ്ട് ഹരികൃഷ്ണൻ പതിയെ വലിഞ്ഞു…തന്റെ ബൈക്കെടുത്ത് പുറത്തേക്കിറങ്ങി …

പെരുവാരം ശിവ ക്ഷേത്രത്തിന്റെ ആൽത്തറയിൽ സ്ഥിരം കൂട്ടാളികൾ ഇരിപ്പുണ്ടായിരുന്നു. ഹരി ബൈക്ക് സ്റ്റാൻഡിലിട്ട് അവരുടെ അടുത്തേക്ക് നടന്നു….

“മലയാള സിനിമയുടെ ഭാവി വാഗ്ദാനം…യുവ സംവിധായകൻ ഇതാ വരുന്നു ….”

കൂട്ടത്തിൽ ഒരാൾ ഹരിയെ കണ്ട് ഉറക്കെ പറഞ്ഞു. ഹരി അവരുടെ ഇടയിൽ സ്ഥലം പിടിച്ചു

“എന്തായി നിന്റെ  പുതിയ ഷോർട്ട് ഫിലിം”

“ഒന്നും ആയില്ല ടാ … “

“എന്താ സബ്ജക്ട് “

“ഞാൻ നാല് സ്ത്രീകളുടെ വ്യത്യസ്ത ഭാവങ്ങളിലൂടെ ചില കുടുംബ ചിന്തകൾ അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത് …

“ഇപ്പൊ ന്താ പ്രശ്നം ….”

“ആ ഇന്ദിരേച്ചി ഒരു തരത്തിലും അടുക്കുന്നില്ല. ഞാൻ കുറെ പറഞ്ഞു നോക്കി … “

“നിനക്കിപ്പം ഇന്ദിരേച്ചി തന്നെ വേണംന്ന് ന്താ ത്ര നിർബ്ബന്ധം …”

ഹരികൃഷ്ണൻ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല…

“ഞാൻ  സ്ക്കൂളിൽ പഠിക്കുന്ന കാലത്ത്  യുണിവേഴസിറ്റി drama ഫെസ്റ്റിവൽ ഒരിക്കൽ നമ്മുടെ ടൗൺ ഹാളിൽ വച്ചായിരുന്നു. അന്ന് ഒരു നാടകത്തിൽ ഇന്ദിരേച്ചിയുടെ ഒരു കഥാപാത്രമുണ്ടായിരുന്നു. എന്റെ പൊന്നൊ ഒന്ന് കാണേണ്ടതായിരുന്നു അത്. രണ്ടു വർഷം അടുപ്പിച്ച് University best actress സമ്മാനം മേടിച്ച വ്യക്തിയാ….”

“എല്ലാം ശരിതന്നെ പുള്ളിക്കാരത്തിക്ക് താൽപ്പര്യമില്ലെങ്കി പിന്നെ എന്നാ ചെയ്യാനാ….”

ഹരി അതിന് പ്രത്യകിച്ച് മറുപടിയൊന്നും പറഞ്ഞില്ല

********************

അന്ന് രാവിലെ ഉദ്ദേശം എട്ട് മണിയോടടുത്തു കാണും….പുറത്ത് ഇന്ദിരേച്ചിയെ കാണാനില്ല. അകത്ത് പണിയിലായിരിക്കും. എപ്പൊ നോക്കിയാലും പണിയാണ്. ഇന്ദിരേച്ചി വെറുതെയിരിക്കുന്നത് കണ്ടിട്ടേയില്ല…പതിയെ കോളിംഗ് ബല്ലിൽ വിരലമർത്തി …

“ടാ ഹരി നീയാണൊ..വാതിൽ ചാരിയിട്ടെയുള്ളു. കയറിയിരിക്ക് …..”

ഹരി വാതിൽ തുറന്ന് അകത്ത് കയറിയിരുന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരു വലിയ പാത്രത്തിൽ ചൂടു വള്ളവുമായി ഇന്ദിരേച്ചി ബഡ് റൂമിലേക്ക് പോകുന്നത് ഹരികൃഷ്ണൻ കണ്ടു

“ടാ അമ്മക്ക് കുളിക്കാൻ നേരമായി…ഞാനീ ചൂടുവെള്ളം ബാത്ത്റൂമിൽ വെച്ചിട്ട് ഇപ്പം വരാ വെ”

ഹരിയെ കണ്ട ഇന്ദിര അത്  പറഞ്ഞ് ബാത്ത്റൂമിലേക്ക് പോയി.

തിരികെ വന്ന ഇന്ദിരയുടെ കയ്യിൽ ഒരു കടലാസ് ഉണ്ടായിരുന്നു.

“ടാ ഹരി നീയിന്ന് ഫ്രീ ആണൊ … “

“ന്താ കാര്യം പറ “

“ടാ വില്ലേജാഫീസിൽ ഒന്ന് പോയി കരം അടക്കണമെടാ…എന്റെ കാര്യം നിനക്കറിയില്ലെ. ഉച്ചക്ക് ശേഷം മുൻസിപ്പാലിറ്റി ഓഫീസിൽ പോണം ടാക്സ് അടക്കാൻ അതുകൊണ്ടാ …”

“സാരമില്ല. അതിങ്ങ് താ…ഇന്നൊ അല്ലെങ്കിൽ നാളെയൊ അടക്കാം “

“അത് മതി..നീ കാപ്പി കുടിച്ചോടാ …”

“ഞാൻ കഴിച്ചു. “

ഹരി കരം അടക്കാനുള്ള പേപ്പർ മേടിച്ച് എഴുന്നേറ്റു

“ടാ രണ്ട് കഷ്ണം പുട്ട് കഴിച്ചിട്ട് പോ ….”

“വേണ്ട ചേച്ചി ….”

ഹരി പതിയെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.

ഫ്രിഡ്ജിന്റെ മുകളിൽ വെച്ച ഫോണിന്റെ ബെല്ലടി കേട്ടെന്നോണം ഇന്ദിര പതിയെ ഫോൺ കയ്യിലെടുത്തു ….

“ആ സുധിയേട്ടാ പറ…എന്താ ഹാപ്പി. വാലന്റൈൻസ് ഡേ ആണെന്നൊ ….ഓ പിന്നെ വയസ്സാംകാലത്താണ് ശൃംഗാരം: നിങ്ങൾക്ക് അവിടെ ദുബായിൽ ഇരുന്നുകൊണ്ട് ഹാപ്പി വാലൻന്റൈൻസ് ഡേ എന്നൊക്കെ പറയാം.ഇവിടെ രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ ഗ്യാസില്ല…ഗ്യാസ് തീർന്നു. മോൾക്കിന്ന് പരീക്ഷയാണ്. രാവിലെ ഭക്ഷണം കൊടുക്കണ്ടേ? ഞാൻ പെട്ട പാട് എനിക്കറിയാം…അന്നേ പറഞ്ഞതാ ഒരു ഗ്യാസും കൂടി ബുക്ക് ചെയ്യാൻ..അപ്പൊ  പറഞ്ഞു പിന്നെയാകാം ന്ന്…പിന്നെ ഞാൻ അപ്പുറത്തെ വീട്ടിലെ മിനിയെ  വിളിച്ചുപറഞ്ഞു..അവളുടെ ഒരു ഗ്യാസ് കുറ്റി എനിക്ക് തന്നു . കിട്ടുമ്പോൾ തിരിച്ചു കൊടുത്താൽ മതി …

“അമ്മേ ദാ വരുണു. ഞാൻ ഫോണിലാ… ” സംസാരിക്കുന്നതിനിടക്ക് ഇന്ദിര അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

“രാവിലെ ആകെ ബഹളമാണ് സുധിയേട്ടാ…ഇതെല്ലാം കഴിഞ്ഞിട്ട് വേണം എനിക്ക് ജോലിക്ക് പോകാൻ…വില്ലേജാഫീസിലെ കരം അടക്കണം. ഞാനത് ഹരിയെ ഏൽപ്പിച്ചു. പിന്നെ മുനിസിപ്പാലിറ്റി ടാക്സ്…മിക്കവാറും ഞാനിന്ന് ഹാഫ് ഡെ ലീവെടുക്കും…പിന്നെ..നമ്മുടെ കിണർ വെള്ളം കലങ്ങിയിട്ടുണ്ട്. ഒന്ന് വെട്ടിക്കണം..നാലായിരത്തഞ്ഞൂറ് രൂപ പറഞ്ഞു .. അടുത്ത ഞായറാഴ്ച വരാൻ പറഞ്ഞു ഞാൻ…പിന്നെയ്..മറെറാരു കാര്യം. മിക്കവാറും എന്റെ പുതിയ മാനേജരുടെ മുഖത്ത് ഞാൻ ചെരിപ്പൂരി അടിക്കും ട്ടാ….അയാളുടെ ഒരു ഒലിപ്പിക്കല്..ഞാനിന്നലെ മ്മടെ വെഡിങ്ങ് ആനിവേഴ്സറി പ്രമാണിച്ച് ഏട്ടന് ഇഷ്ടായാ ആ മഞ്ഞ സാരിയും ചുകപ്പ് ബ്ലൗസും ധരിച്ചാ  പോയെ…ഹോ എനിക്ക് മതിയായി അയാളുടെ നോട്ടോം പഞ്ചാര വർത്തമാനവും…ഇന്ദിര ആരാണെന്ന് ഉടൻ അയാളറിയും…

പിന്നെ ഏട്ടാ വെക്കല്ലെ..ഒരു കാര്യം കൂടി….മോന് പ്രായായി വരുണു….ചെക്കന് ഒരു പെണ്ണിനെ നോക്കണ്ടെ….മാട്രിമോണിയലിൽ രജിസ്ട്രർ ചെയ്യാം ല്ലെ….ഞാൻ കുറെ സമയം എടുത്തു ല്ലെ..സോറി ട്ടോ..ങ്ങളെ ഫോൺ വന്നാ ഞാൻ എല്ലാം മറക്കും…എനിക്ക് എല്ലാം പറഞ്ഞാലെ സമാധാനമാകു…ഇത്രയൊക്കെ പറഞ്ഞിട്ടും ഇന്ന് പ്രണയ ദിനം ആയിട്ട് ഞാൻ ഒന്നും തന്നില്ല്യാ ല്ലെ…ഒരു മിനിട്ടെ…മോൾ വരുന്നുണ്ടോന്ന് നോക്കട്ടെ …

ഇന്ദിര പതിയെ സ്റ്റെയർ കേസിന്റെ അടിയിൽ നിന്ന് മുകളിലേക്ക് എത്തി നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി ഫോണിൽ പതിയെ പറഞ്ഞു

“എന്റെ പ്രിയപ്പെട്ടവന് വാലൻന്റൈൻസ് ഡേ സ്പെഷ്യലായി ചക്കരയുമ്മ…പോരെ ബാക്കി പിന്നെ ട്ടാ….ഞാൻ വെക്കട്ടെ…അമ്മ വിളിച്ചു കൊണ്ടെയിരിക്കുണു…”

ഇന്ദിര ഫോൺ ഫ്രിഡ്ജിന് മുകളിൽ വെച്ച് അമ്മയെ കുളിപ്പിക്കാനായി പോയി….

***********************

അന്ന് ആ നഗരത്തിലെ ടൗൺഹാൾ നിറഞ്ഞ സദസ്സിനാൽ സമൃദ്ധമായിരുന്നു…പോയ വർഷത്തെ  ഷോർട്ട് ഫിലിം അവാർഡ് ദാന ചടങ്ങിന് സാക്ഷ്യം വഹിക്കാനാണ് അത്രയും വലിയ സദസ്സ് അന്നവിടെ എത്തിയത് ….

സാംസ്ക്കാരിക മന്ത്രി എത്തിയതോടെ ചടങ്ങുകൾ മുന്നോട്ട് നീങ്ങി …

“കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏറ്റവും നല്ല ഷോർട്ട് ഫിലിം ശ്രീ ഹരികൃഷ്ണൻ സംവിധാനം ചെയ്ത “അവർ നാല് പേർ ” എന്ന ചിത്രം.

ഏറവും നല്ല സംവിധായകൻ ശ്രീ ഹരികൃഷ്ണൻ…

ചിത്രം “അവർ നാല് പേർ “

ഏറ്റവും നല്ല നടൻ . ജിതിൻ രഘുനാഥ്. ചിത്രം മീൻ ചന്ത.

ഏറ്റവും നല്ല നടി..ഇന്ദിരാ സുധീന്ദ്രൻ. ചിത്രം അവർ നാല് പേർ.

മൊത്തം അവാർഡുകളുടെ വിവരങ്ങൾ പ്രഖ്യാപിക്കുമ്പോൾ നീണ്ട കരഘോഷമായിരുന്നു. മുൻ നിരയിലിരുന്നു കൊണ്ട് ഇന്ദിരയും ഹരികൃഷ്ണനും അതിന് സാക്ഷ്യം വഹിച്ചു.

“ഒരു കോളേജ് വിദ്യാർത്ഥിയായ ശ്രീ ഹരികൃഷ്ണൻ ഈ ചെറുപ്രായത്തിൽ എന്നെ വിസ്മയിപ്പിച്ചു കളഞ്ഞു…ഇന്ത്യൻ സിനിമക്ക് ഒരു വാഗ്ദാനമായിരിക്കും ഹരികൃഷ്ണൻ എന്നെനിക്കുറപ്പുണ്ട്. എടുത്ത് പറയേണ്ട മറ്റൊന്ന് ആണ് ഈ ചിത്രത്തിലെ ഇന്ദിരാ സുധീന്ദ്രന്റെ അഭിനയം. എന്തായാലും ഇതേക്കുറിച്ചെല്ലാം വിശദമായി ആ ചിത്രത്തിന്റെ സംവിധായകൻ തന്നെ പറയുന്നതായിരിക്കും ഉത്തമം എന്നെനിക്ക് തോന്നുന്നു ….”

സാംസ്കാരിക മന്ത്രിയുടെ വാക്കുകൾക്ക് ശേഷം സമ്മാനദാന ചടങ്ങ്.

“അടുത്തതായി ഏറ്റവും നല്ല സംവിധായകനുള്ള അവാർഡ് നേടിയ ശ്രീ ഹരികൃഷ്ണനെ ഈ വേദിയിലേക്ക് ക്ഷണിക്കുന്നു..”

ക്ഷണം സ്വീകരിച്ച് സദസ്സിനെ വണങ്ങി സ്റ്റേജിലേക്ക് കയറി ഹരികൃഷ്ണൻ പതിയെ തന്റെ വാക്കുകൾ  തുടങ്ങി …

“ആദ്യമായി എന്റെ ഈ കൊച്ചു ചിത്രത്തിന് ഒരു വലിയ സ്വീകാര്യത നൽകിയ എന്റെ മാന്യ പ്രേക്ഷകർക്ക് വിനീത നമസ്ക്കാരം. ഈ ചിത്രത്തെക്കുറിച്ച് ഞാൻ കൂടുതൽ സംസാരിക്കുന്നതിന് മുൻപ് ഈ ചിത്രം ഞാൻ എന്റെ  പ്രിയപ്പെട്ട  ഇന്ദിരേച്ചിക്കായി സമർപ്പിക്കുന്നു. ഈ  കഥ ഒരു ഫയർ കണക്കെ എന്റെ മനസ്സിൽ പടർന്നപ്പോൾ ഇതിന്റെ മുഖ്യ കഥാപാത്രമായി എന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയത് ഇന്ദിരേച്ചിയുടെ മുഖമായിരുന്നു. സ്ക്കൂൾ പഠിക്കുന്ന കാലം തൊട്ടെ പല കലോത്സവങ്ങളിലും അവരുടെ അഭിനയം കണ്ട് അമ്പരന്നുപോയവനാണ് ഞാൻ….എന്നാൽ എന്റെ കൊച്ചു സിനിമയിൽ  പല തിരക്കുകളാൽ പല കാരണങ്ങളാൽ അഭിനയിക്കാൻ വിസമ്മതിച്ച് അതിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു അവർ….എന്റെ സിനിമക്ക് വളരെ ഒഴിച്ചു കൂടാനാവാത്ത ഒരു രംഗമുണ്ട്. കഥാനായികയുടെ ഒരു ഫോൺകാൾ. തൊട്ടയൽക്കാരനായ എനിക്കറിയാമായിരുന്നു, എന്നും രാവിലെ ഇന്ദിരേച്ചി ദുബായിലുള്ള തന്റെ പ്രിയപെട്ട സുധിയേട്ടനുമായി സംസാരിച്ച് എല്ലാം വിശേഷങ്ങളും പങ്കു വെച്ചെ തന്റെ ഒരു ദിനം ആരംഭിക്കു എന്ന്….അതാണ് ഇന്ദിരേച്ചിയുടെ ഊർജ്ജം…അന്നും പതിവ് പോലെ ഞാൻ പ്രതീക്ഷിച്ച സമയത്ത് തന്നെ സുധിയേട്ടന്റെ ഫോൺ വന്നു. പിന്നെ ചേച്ചിയങ്ങ് തുടങ്ങി. ചറപറാന്ന് വിശേഷങ്ങൾ….

എന്റെ സിനിമക്ക് ആവിശ്യവും അതായിരുന്നു. വാതിൽ തുറന്ന് പുറത്തിറങ്ങിയ ഞാൻ ചേച്ചിയറിയാതെ അത് മുഴുവൻ ക്യാമറയിൽ പകർത്തി. കൂട്ടിന് എന്റെ ക്യാമറാമേൻ അനിലും ഉണ്ടായിരുന്നു…എന്റെ ചിത്രം ഒരു യാഥാർത്ഥ്യം ആകുന്നതിന്റെ ഒരു തുടക്കം മാത്രമായിരുന്നു അത്… എ റിയൽ ഗേറ്റ് വേ എന്ന് പറയാം”

അത്രയും കേട്ട സദസ്സ് കയ്യടിച്ചു….കയ്യടി ഒന്നവസാനിച്ചപ്പോൾ ഹരികൃഷ്ണൻ തുടർന്നു

“സംഭവം അറിഞ്ഞ ചേച്ചി ആദ്യം എന്നെ കുറെ ചീത്ത പറഞ്ഞു. ഞാൻ ഒന്നും മൈൻഡ് ചെയ്തില്ല…എന്നാൽ സിനിമയോടുള്ള എന്റെ അടങ്ങാത്ത മോഹം മനസ്സിലാക്കിയ ചേച്ചി സമ്മതം മൂളുകയും ബാക്കി ഭാഗങ്ങൾ പിന്നീട് അഭിനയിക്കുകയുമാണ് ചെയ്തത് ….”

ഹരികൃഷ്ണൻ തന്റെ മുമ്പിലിരിക്കുന്ന ചെറിയ കുപ്പിയിൽ നിന്ന് വെള്ളമെടുത്ത് കുടിച്ചു. സദസ്സ് നിശബ്ദമായിരുന്നു ….

“പക്ഷെ ഇനി ഞാൻ പറയാൻ പോകുന്നത് ഒരു പക്ഷെ സിനിമയെ വെല്ലുന്ന ചില സത്യങ്ങളാണ്. ജീവിതത്തിന്റെ നേർമ്മയുള്ള സത്യങ്ങൾ..അതിന്റെ മുന്നിൽ ഈ സിനിമയൊന്നും ഒന്നുമല്ല … “

ഹരി മുന്നിലിരിക്കുന്ന ഇന്ദിരേച്ചിയെ നോക്കി..തന്റെ വിടർന്ന കണ്ണുകളാൽ ഇന്ദിര ഹരിയെയും..സദസ്സ് ആകാംക്ഷയോടെ ചെവി കൂർപ്പിച്ചു …

“ഞങ്ങടെ നാട്ടിൽ പല കാരണങ്ങളാൽ കോളിളക്കം സൃഷ്ടിച്ച ഒരു പ്രണയമായിരുന്നു സുധിയേട്ടന്റെയും ഇന്ദിരേച്ചിയുടെയും പ്രണയം…പ്രാരാബ്ധങ്ങളുടെ നടുവിൽ നട്ടം തിരിഞ്ഞപ്പോൾ കടല്കടന്ന് ദുബായിൽ എത്തിയതാ സുധിയേട്ടൻ…മറക്കാതെ എന്നും രാവിലെ തന്റെ കുടുംബ വിശേഷങ്ങൾ തിരക്കി ഇന്ദിരേച്ചിയുമായി ഒരു പാട് സംസാരിക്കുന്ന സുധിയേട്ടൻ….

ഞാനിന്നും ഓർക്കുന്നു അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ദുബായിലെ അവധി ദിനം. പ്രവാസികൾക്ക് ഒരു പാട് വിശേഷങ്ങൾ പങ്കു വെക്കാനുള്ള ദിവസം. അന്ന് പക്ഷെ സുധിയേട്ടൻ വിളിച്ചില്ല. അന്നല്ല പിന്നീടൊരിക്കലും വിളിച്ചില്ല..വാഹനാപകടത്തിൽ മരിച്ച സുധിയേട്ടന്റെ ശരീരം നാട്ടിലെത്തിയപ്പോൾ അലറിക്കരയാതെ തന്റെ രണ്ടു കൊച്ചു കുട്ടികളെയും നെഞ്ചോടടുക്കിപിടിച്ച് ആരോടും മിണ്ടാതെ ദിവസങ്ങളോളം ഇന്ദിരേച്ചി ഇരുന്നത് ഇന്നും എന്റെ കൺമുന്നിലെ മറക്കാൻ കഴിയാത്ത ഒരു ചിത്രമാണ് …”

ഹരികൃഷ്ണൻ കുറച്ചു കൂടി വെള്ളം കുടിച്ചു…

“പിന്നീട് ഒരു പോരാട്ടമായിരുന്നു ആ ജീവിതത്തിൽ…എ ക്വസ്റ്റ്യൻ ഓഫ് സർവൈവൽ…അതിജീവനത്തിന്റെ നാളുകൾ…സർവൈവൽ ന് ഏറ്റവും വലിയ മാതൃക ആരെന്ന് ചോദിച്ചാൽ ഞാൻ ചൂണ്ടിക്കാട്ടുക എന്റെയീ ചേച്ചിയെ ആയിരിക്കും..അവരതിൽ ഒരു  വലിയ വിജയമാണ്…എ സെന്റ് പർസന്റ് സക്സസ്സ്…..ഒരു പോരാട്ടമായിരുന്നു അവരുടെ ജീവിതം…അതിനായി അവർക്ക് കിട്ടുന്ന ഊർജ്ജം ഒരു പക്ഷെ ആ പങ്കു വെക്കലായിരിക്കാം. എന്നും രാവിലെ കുടുംബ വിശേഷങ്ങൾ തിരക്കി കൊണ്ടുള്ള സുധിയേട്ടന്റെ കാളുകൾ….ഇന്നും തന്നോടൊപ്പം സുധിയേട്ടൻ ഉണ്ടെന്നുള്ള ആ തോന്നലുകൾ …..”

ഹരികൃഷ്ണൻ ഒരു നിമിഷം കണ്ണടച്ചു. നിശബ്ദമായി എല്ലാം കേട്ടുകൊണ്ടിരുന്ന സദസ്സ് ഒരു നിമിഷം അറിയാതെ എഴുന്നേറ്റ്  ഒരു നീണ്ട കയ്യടി ഇന്ദിരക്കായി  നൽകി…ആ ഹാൾ മുഴുവൻ അത് മുഴങ്ങി. തന്റെ ഷാളുകൊണ്ട് ഇന്ദിര തന്റെ കണ്ണുകൾ തുടച്ചു..അത് കണ്ട ഹരി അവരെ നോക്കി ഒരു നിമിഷം  കണ്ണടച്ച് കൊണ്ട് കൈകൾ കൂപ്പി….

******************

പിറ്റേന്നത്തെ പ്രഭാതത്തിന് വലിയ പ്രത്യകതയൊന്നുമുണ്ടായിരുന്നില്ല…പ്രഭാതത്തിന് മാത്രമല്ല….ഇന്ദിരക്കും….പതിവു പോലെ ഇന്ദിര വീടിന്നകത്ത് ഓരോ ജോലികൾ തീർക്കാൻ പരക്കം പാച്ചിൽ തുടങ്ങി. അതിന്നിടയിൽ സമയമായപ്പോൾ ഫ്രിഡ്ജിന് മുകളിൽ വക്കാറുള്ള ഫോൺ കയ്യിലെടുത്തു….

“സുധിയേട്ടാ ഇന്നലെ അവാർഡ് ദാന ചടങ്ങായിരുന്നു…ദേ എന്നെ കളിയാക്കരുത് ട്ടൊ…ഞാനാണ് ബെസ്റ്റ് ആക്റ്ററസ്സ് “

ശ്വാസം വിടാതെ വിശേഷങ്ങൾ പങ്കു വെച്ചു കൊണ്ടേയിരുന്നു….സുധിയേട്ടനുമായി…

ഇന്ദിര തിരക്കിലാണ്….