അച്ഛനുമമ്മയും എവിടെയാണാവോ. എനിക്കവരെ കാണണമെന്ന് തോന്നി. പക്ഷെ, അനങ്ങാനോ ശബ്ദിക്കാനോ കഴിയുന്നില്ല….

_upscale

വൈകിപ്പോയ തിരിച്ചറിവുകൾ

Story written by Jainy Tiju

====================

എന്തൊക്കെയോ ശബ്ദങ്ങളും കരച്ചിലും കേട്ടാണ് ഞാൻ മയക്കത്തിൽ നിന്നുണർന്നത്. കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല. എനിക്കെന്താണ് സംഭവിച്ചതെന്നു മനസ്സിലാവുന്നില്ല. മനസ് ആകെ ശൂന്യമായത് പോലെ.. ബദ്ധപ്പെട്ട് ഞാൻ കണ്ണു തുറന്നു.

ഞാൻ… ഞാനിതെവിടെയാ? ഇതെന്റെ വീടല്ല. പിന്നെ…

ഞാൻ ചുറ്റിലും നോക്കി. അപ്പുറത്ത് നിൽക്കുന്നത് ഒരു നേഴ്സ് ആണല്ലോ. അപ്പൊ ഞാൻ… അതെ ഞാൻ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്. എനിക്ക് എന്താ സംഭവിച്ചേ.ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. ഞാൻ എന്റെ ദേഹത്തേക്ക് നോക്കി.. എന്റെ ദേഹത്ത് വസ്ത്രമില്ല. പകരം ഒരു കമ്പികൾ കൊണ്ടുള്ള കൂട് എന്റെ ശരീരത്തിന് മുകളിൽ വെച്ച് അതിനു മുകളിൽ കൂടി ഒരു ബെഡ് ഷീറ്റ് ഇട്ടിരിക്കുന്നു. ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു.അതെ, എനിക്ക് പൊള്ളലേറ്റിരിക്കുന്നു. അല്ല, ഞാൻ എന്റെ ശരീരം കത്തിച്ചിരിക്കുന്നു.

എനിക്ക് ഓർമയുണ്ട്. ഇപ്പോഴെല്ലാം എനിക്കൊർമയുണ്ട്. ഞാൻ ചെയ്ത വിഡ്ഢിത്തം എന്നെ ഈ അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. എനിക്കുറക്കെ കരയണമെന്ന് തോന്നി. കഴിയുന്നില്ല. നാവ് കുഴഞ്ഞുപോകുന്നത് പോലെ. അച്ഛനുമമ്മയും എവിടെയാണാവോ. എനിക്കവരെ കാണണമെന്ന് തോന്നി. പക്ഷെ, അനങ്ങാനോ ശബ്ദിക്കാനോ കഴിയുന്നില്ല.

ഞാൻ ഞരങ്ങുന്നത് കേട്ടിട്ടാവണം ഒരു സിസ്റ്റർ അടുത്തേക്ക് വന്നു.

“ആഹാ, എണീറ്റോ. ഇയാളുടെ പേരെന്താണെന്ന് പറയാൻ കഴിയുമോ? “

” പേര്… ശ്രുതി. “.കുഴഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു.

” എങ്ങനെയുണ്ട് ശ്രുതിക്ക്? “

” ഒന്നും അറിയാൻ കഴിയുന്നില്ല. ആകെ ഒരു മരവിപ്പ് പോലെ. ” ഞാൻ മറുപടി പറഞ്ഞു.

“സാരമില്ല. അത് മാറിക്കോളും. സെഡേഷന്റെ എഫക്ട് ആണ്.. “

” ഞാൻ, എനിക്ക്…. എന്റെ അച്ഛനുമമ്മയും… ” ഇത്രയും പറഞ്ഞപ്പോഴേക്കും ഞാൻ വിതുമ്പിപോയി.

അവരെല്ലാം പുറത്തുണ്ട്. ഇപ്പോ ഒന്നും ഓർക്കേണ്ട.. കണ്ണടച്ച് കിടന്നോളൂ.

“പെഷ്യന്റ് ഈസ്‌ കോൺഷ്യസ് ആൻഡ് ഓറിയന്റ്ഡ്.”

ആ സിസ്റ്റർ മറ്റാരോടോ പറയുന്നത് കേട്ടു..

എനിക്കെന്താണ് സഭവിച്ചതെന്ന് ഓർക്കാൻ ശ്രമിച്ചു.

മോഡൽ എക്സാമിന് പ്രതീക്ഷിച്ച മാർക്ക് കിട്ടാത്തതിൽ ഹൃദയം തകർന്നാണ് വീട്ടിൽ എത്തിയത്. എഴുതിയ ഒരു പരീക്ഷകളിലും ഞാൻ തോൽവിയറിഞ്ഞിട്ടില്ല. എന്നും ക്ലാസ്സ് ഫസ്റ്റ് ഞാൻ തന്നെയായിരുന്നു, ഈ പ്ലസ് ടു വരെയും.ക്ലാസിലെ ആദ്യറാങ്കുകാരിക്ക് കിട്ടുന്ന പരിഗണനയിലും സ്നേഹത്തിലും ഞാൻ അഹങ്കരിച്ചിരുന്നു.. അപ്പോഴാണ് പ്ലസ് ടു വിന്റെ മോഡലിൽ എനിക്ക് മാർക്ക് കുറഞ്ഞെന്ന് മാത്രമല്ല, ക്ലാസ്സിലെ ഒരുപാട് കുട്ടികളെക്കാൾ പുറകിലുമായി. അതും പഠനനിലവാരത്തിൽ ഒരിക്കലും എനിക്കൊരു എതിരായി തോന്നിയിട്ടില്ലാത്ത കുട്ടികൾ. അധ്യാപകരുടെ ശാസന, ക്ലാസ്സിലെ കുട്ടികളുടെ പരിഹാസം.. എന്നെ ഭ്രാന്തു പിടിപ്പിച്ചിരുന്നു. ഈ അവസ്ഥയിൽ മെയിൻ എക്സാമിൽ ഞാൻ ജയിക്കില്ല എന്ന് വരെ പലരും പറഞ്ഞു. എനിക്കാരെയും ഫേസ് ചെയ്യാൻ വയ്യെന്ന് തോന്നി.. ഈ കാര്യത്തിൽ ഒരിക്കൽ പോലും അച്ഛന്റെയും അമ്മയുടെയും വഴക്ക് കേൾക്കേണ്ടി വന്നിട്ടില്ല. ഇന്നെന്തായാലും കേൾക്കും. പോരാത്തതിന് മിസ്, അമ്മയെ വിളിക്കുന്നുണ്ട് എന്നുകൂടി പറഞ്ഞപ്പോൾ ഞാൻ ഭയന്നു. എല്ലാവരുടെയും മുന്നിൽ പരിഹാസപാത്രമായി ജീവിക്കണ്ട എന്ന് തോന്നി. അച്ഛനുമമ്മയും ജോലി കഴിഞ്ഞു വരുന്നതിനു മുൻപ് ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയപ്പോൾ, മുന്നിൽ കണ്ടത് ഒരു കന്നാസ് മണ്ണെണ്ണയായിരുന്നു. ദേഹത്ത് തീപടർന്നപ്പോൾ അലറിവിളിച്ചു കൊണ്ട് ഓടിയത് ഓർമയുണ്ട്. അതിനിടയിൽ എവിടെയോ ബോധം മറിഞ്ഞു കുഴഞ്ഞു വീണു. പിന്നീട് ഇപ്പോഴാണ് ഓർമ വരുന്നത് ഇപ്പോഴാണ്. ആരാണാവോ എന്നെ ഇവിടെ കൊണ്ടുവന്നത്? അമ്മയുമച്ഛനും എങ്ങനെ അറിഞ്ഞോ ആവോ. എന്റെ അനിയൻ അവൻ എവിടെയാണോ? എനിക്ക് എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ഓടണമെന്ന് തോന്നി.

തൊട്ടടുത്തുള്ള ബെഡിലെ ചേച്ചി വല്ലാതെ കരയുന്നുണ്ട്.. ഞങ്ങൾക്കിടയിൽ കർട്ടനിട്ടിട്ടുണ്ട്. അതിനുള്ളിൽ ആരൊക്കെയോ ഉണ്ട്.

” ഒന്ന് മിണ്ടാതിരി കൊച്ചേ. മരുന്ന് വെച്ച് കെട്ടാതിരിക്കാൻ പറ്റുവോ?മുറിവുണങ്ങണ്ടേ? ” ആരോ ഒച്ചയുയർത്തി പറയുന്നു.

“മാഡം, എനിക്ക് ദേഹം മുഴുവൻ പുകയുന്നു. എനിക്ക് സഹിക്കാൻ വയ്യ മാഡം. എനിക്കെന്റെ അമ്മയെ കാണണം. “

ആ ചേച്ചി കരയുന്നുണ്ടായിരുന്നു.

“കുറച്ചൊക്കെ പുകച്ചിലും വേദനയും കാണും. ഇതൊക്കെ സ്വയം വരുത്തിവെച്ചതല്ലേ. അമ്മയെ കാണണമത്രേ. നിനക്ക് അമ്മയെ ഓർമയുണ്ടായിരുന്നെങ്കിൽ ഈ പണി ചെയ്യില്ലായിരുന്നല്ലോ. “

കർട്ടനിന്റെ പുറത്തേക്ക് വന്നത് സിസ്റ്ററും ഡോക്ടറും ആണെന്ന് എനിക്ക് മനസ്സിലായി. ഞാൻ കണ്ണടച്ച് കിടന്നു. അവരുടെ ടേബിളിനടുത്തായിരുന്നു എന്റെ ബെഡ്. അവരുടെ സംസാരം എനിക്ക് കേൾക്കാമായിരുന്നു.

“എന്റെ ജയന്തി, എന്നാ സുന്ദരിയായിരുന്നെന്നറിയാമോ ആ കൊച്ച്. അവളുടെ അമ്മ എന്റെ വീട്ടിൽ ജോലിക്ക് വരുന്നതാ എന്ന് ഞാൻ പറഞ്ഞില്ലായിരുന്നോ. ഭർത്താവ് ചെറുപ്പത്തിലെങ്ങാണ്ട് മരിച്ചതാ.. കഷ്ടപ്പെട്ടാ ഈ കൊച്ചിനെ വളർത്തിവലുതാക്കിയത്..അപ്പൊ അതിനിടക്ക് അവൾക്കൊരു പ്രേമവും പ്രേമനൈരാശ്യവും. ദൈവം സഹായിച്ചു ജീവന് ആപത്തൊന്നും ഇല്ല. പക്ഷെ, ഇനിയെത്രകാലം ഈ മുറിവുകളും വേദനയുമായി ജീവിക്കണം ആ കുട്ടി. പ്ലാസ്റ്റിക് സർജറി എന്ന് പറഞ്ഞാലും എല്ലാത്തിനും ഒരു ലിമിറ്റ് ഇല്ലെ. അല്ല, അതിനും പണമുണ്ടാക്കാൻ ആ സ്ത്രീ ഇനിയും എത്ര കഷ്ടപ്പെട്ടാലാ.. “

“മാഡം, അതിപ്പോ ഇപ്പോഴത്തെ കുട്ടികൾ എല്ലാം ഇങ്ങനെ ഒക്കെ തന്നെ. ഒരു തരത്തിലുമുള്ള തോൽവികളോ അപമാനങ്ങളോ സഹിക്കാൻ കഴിയില്ല. അതിനു അവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. തോൽവികളും അപമാനങ്ങളും വേദനകളും എല്ലാം അടങ്ങുന്നതാണ് ജീവിതം എന്ന് നമ്മൾ മക്കളെ പഠിപ്പിക്കുന്നില്ല. ഒരു കാര്യത്തിലും നോ എന്ന് നമ്മൾ അവരോട് പറയുന്നില്ല. ” മറ്റാരോ ഉത്തരം പറയുന്നു.

“ശരിയാണ് ജയന്തി. ഇത് കണ്ടില്ലേ, ആ അച്ഛന്റെയും അമ്മയുടെയും കരച്ചിൽ കണ്ടാൽ സഹിക്കില്ല.ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എന്നാൽ പിന്നെ ഒപി കഴിഞ്ഞിട്ട് വരാം.”

ഡോക്ടർ പുറത്തേക്ക് പോയെന്ന് വാതിൽ തുറന്നടഞ്ഞ ശബ്ദത്തിൽ നിന്നെനിക്ക് മനസ്സിലായി.

കുറച്ചു സമയത്തിന് ശേഷം, ഒരു ഗൗൺ ഇട്ട് അമ്മ കയറി വന്നു. എന്നെ കണ്ടതും നിയന്ത്രണം വിട്ട് അമ്മ പൊട്ടിക്കരഞ്ഞു. ഞാനും.

“ചേച്ചി, പറഞ്ഞിരുന്നതല്ലേ, ഇവിടെ കേറി വന്ന് ബഹളം വെക്കാൻ പറ്റില്ല. മര്യാദക്ക് നിന്നു കണ്ടിട്ട് പോകണം. അല്ലെങ്കിൽ ഞാൻ ഇനി കയറ്റിവിടില്ല കേട്ടോ. “

ഒരു സിസ്റ്റർ അമ്മയെ ശാസിച്ചു.

“മോളെ, നീ എന്തിനാ മോളെ ഇങ്ങനെ ചെയ്തേ.. നിനക്കെന്തെങ്കിലും പറ്റിയാൽ ഞങ്ങൾ പിന്നെ എന്തിനാ മോളെ… “

അമ്മ പതം പറഞ്ഞു കൊണ്ടിരുന്നു.

” നിനക്ക് വേദനയുണ്ടോ ” അമ്മ ചോദിച്ചു.

“ഇല്ലമ്മേ.. ആകെ ഒരു മരവിപ്പ് പോലെ. എനിക്കൊന്നും അറിയാൻ കഴിയുന്നില്ല “.

ഞാൻ പതുക്കെ പറഞ്ഞു. “അച്ഛനെവിടെ അമ്മേ? “

“അച്ഛൻ പുറത്തുണ്ട്. ഇവിടെ ഒരാളെയെ കേറ്റുള്ളൂ.. പിന്നെ അച്ഛന് എന്റെ മോളെ ഇങ്ങനെ കാണാൻ വയ്യെന്ന്..”

അമ്മ തികട്ടിവന്ന കരച്ചിൽ കഷ്ടപ്പെട്ട് ഒതുക്കുന്നത് ഞാൻ കണ്ടു. ഞാൻ ഒരു നിമിഷം ഒന്നും മിണ്ടിയില്ല.

” സോറി അമ്മേ, സോറി. ഞാൻ ഒന്നും ഓർത്തില്ല. ആരോടൊക്കെയോ വാശി തോന്നി. ഇനി ജീവിക്കണ്ട എന്ന് തോന്നി. അതാ ഞാൻ. അച്ഛനോടൊന്നു പറയോ ഞാൻ സോറി ചോദിച്ചുന്ന്. ” ഇത്രയും പറഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞുപോയി.

അമ്മ കരഞ്ഞുകൊണ്ട് പുറത്തേക്ക് പോയി.എനിക്കും സഹിക്കാൻ കഴിഞ്ഞില്ല. എന്റെ അച്ഛൻ എത്ര മാത്രം വിഷമിക്കുന്നുണ്ടാവും എന്നെനിക്കറിയാം. എന്റെ കണ്ണു നിറയുന്നത് പോലും സഹിക്കാനാവാത്ത ആളാണ്‌. ഈശ്വരാ, എനിക്ക് ഏത് നേരത്താണാവോ ഈ ബുദ്ധിമോശം തോന്നിയത്. ഇനിയൊരിക്കലും ഞാനെന്റെ അച്ഛനെയും അമ്മയെയും വേദനിപ്പിക്കില്ല, സത്യം.എനിക്കെന്തൊക്കെയോ ആസ്വസ്ഥതകൾ തോന്നിത്തുടങ്ങി. വഴക്ക് പറഞ്ഞാലോ എന്ന് പേടിച്ചു ഞാനാദ്യം ഒന്നും പറഞ്ഞില്ല. പക്ഷെ, എന്തോ മനസ്സിലായത് പോലെ സിസ്റ്റർ വന്നു.. ഇൻജെക്ഷൻ ചെയ്തു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഡോക്ടറും വന്നു. എന്തോ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവരെന്നെ ഒന്നും പറഞ്ഞില്ല. അനുഭാവപൂർവം തന്നെയാണ് ഓരോന്ന് ചെയ്തതും. ചിലപ്പോൾ ഞാൻ അവർക്ക് ആരുമല്ലാത്തത് കൊണ്ടാവും.

കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ വന്നു. കരയാതിരിക്കാൻ അച്ഛൻ ഒരുപാട് ശ്രമിക്കുന്നുണ്ട് എന്നെനിക്ക് മനസ്സിലായി. ഞാനും ചിരിക്കാൻ ശ്രമിച്ചു.” അച്ഛാ, ഞാനിനി നല്ല കുട്ടിയായിക്കോളാം. ഇനിയൊരിക്കലും ഇങ്ങനെ ബുദ്ധിമോശം കാണിക്കില്ല. നിങ്ങളെ ആരെയും വിഷമിപ്പിക്കില്ല.”

ഞാനെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അച്ഛൻ വിറക്കുന്ന കൈകൾ കൊണ്ട് എന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു. കയ്യുയർത്തി ആ കൈകളിൽ ഒന്ന് പിടിക്കണമെന്ന് കരുതിയെങ്കിലും പൊള്ളിയടർന്ന കൈകൾ കൊണ്ട് എനിക്കതിനു ആവുന്നില്ലായിരുന്നു.

“കണ്ണൻ എവിടെ അച്ഛാ? എനിക്കവനെ കാണണം.”

” അവൻ അച്ഛമ്മയുടെ അടുത്തുണ്ട് മോളെ. മോളുടെ മുറിവെല്ലാം ഉണങ്ങിയിട്ട് അവനെ കൊണ്ടുവന്നു കാണിക്കാം കേട്ടോ. ” അച്ഛൻ എന്നെ ആശ്വസിപ്പിച്ചു.

” അത് മതി അച്ഛാ. അല്ലെങ്കിൽ അവൻ പേടിക്കും. എന്നെ കണ്ടാൽ പേടിയാവുമോ അച്ഛാ. ഇനി ഞാൻ പഴയപോലെ, അച്ഛന്റെ സുന്ദരിക്കുട്ടിയാവില്ലേ അച്ഛാ… “

ചോദിക്കുന്നതിനിടയിൽ എനിക്ക് ശ്വാസം മുട്ടി.ഞാൻ പിടയുന്നത് കണ്ടിട്ടാവണം അച്ഛൻ ഉറക്കെ കരയുന്നുണ്ട്.. സിസ്റ്റർ ഓടിവരുന്നതും മുഖത്ത് മാസ്ക് പോലെ എന്തോ വെക്കുന്നതും ഞാനറിഞ്ഞു. അതിനിടയിൽ അവർ അച്ഛനെ പുറത്താക്കി. എന്നെ നോക്കി വയപൊത്തികരഞ്ഞുകൊണ്ട് പുറത്തേക്ക് പോകുന്ന അച്ഛന്റെ രൂപം മങ്ങി മങ്ങി വന്നു, പിന്നെ പൂർണമായും മാഞ്ഞു. അവരെന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ, എനിക്ക് പെട്ടെന്ന് ഭാരം കുറഞ്ഞപോലെ തോന്നി. ആകെ ഒരാശ്വാസം. എനിക്കിപ്പോൾ ശ്വാസം മുട്ടുന്നില്ല, വേദനയോ ചുട്ടു നീറ്റലോ ഇല്ല.. അതെ ഞാനിപ്പോൾ എന്റെ ശരീരത്തിൽ നിന്നും വേർപ്പെട്ട് വെറുമൊരു ആത്മാവായിരിക്കുന്നു.

എനിക്കിപ്പോൾ എല്ലാവരെയും കാണാം.അച്ഛനും അമ്മയും വിവരം അറിഞ്ഞിട്ടാവണം അലമുറയിട്ട് കരയുന്നുണ്ട്.. അവരോട് കരയരുതെന്നു പറയണമെന്നുണ്ട് പക്ഷെ, സംസാരിക്കാനാവില്ലല്ലോ.

എന്തൊക്കെയോ ചെയ്യണമെന്നുണ്ടായിരുന്നു. കഴിഞ്ഞില്ല. എന്നെപ്പോലുള്ള കുട്ടികളോട് പറയണമെന്നുണ്ടായിരുന്നു എന്നെപ്പോലെ ആരും ബുദ്ധിമോശം കാണിക്കരുതെന്ന്. അവസരം കിട്ടിയില്ല. ആത്മാക്കൾക്ക് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ….എങ്കിൽ ഉറക്കെ വിളിച്ചു പറയാമായിരുന്നു, നിസാരകാരണങ്ങൾക്ക് നിങ്ങൾക്ക് കിട്ടിയ ഈ സുന്ദരജീവിതം നശിപ്പിച്ചു കളയരുതെന്ന്..വളർത്തിവലുതാക്കിയവരെ തീരാദുഃഖത്തിൽ ആക്കരുതെന്ന്.. ഈ ജീവിതം വിജയവും പരാജയവും നിറഞ്ഞതാണ്, എന്തും നേരിടാനുള്ള കരുത്തോടെ വളരണമെന്ന്..പക്ഷെ, കഴിഞ്ഞില്ല..ഇനിയെനിക്ക് പ്രാർത്ഥിക്കാനെ കഴിയൂ ഇനിയാർക്കും ഇങ്ങനെ ഒന്നും ചെയ്യാൻ തോന്നല്ലേ എന്ന്.

എന്റെ ശരീരം കെട്ടിപൊതിഞ്ഞു ആംബുലൻസിൽ കയറ്റുന്നുണ്ട്.. അച്ഛനും കുറച്ചു ബന്ധുക്കളും ഉണ്ട് കൂടെ. പോസ്റ്റ്മോർട്ടം ചെയ്തു കിട്ടണം എന്നുള്ളത് കൊണ്ട് ഇന്നലെ തന്നെ അമ്മയെ വീട്ടിൽ കൊണ്ടുചെന്നാക്കിയിരുന്നു. എന്റെ ശരീരം കയറ്റിയ ആംബുലൻസ് ഹോസ്പിറ്റലിന്റെ പടികടക്കുമ്പോഴേക്കും മറ്റോരു ആംബുലൻസ് സൈറൺ അടിച്ചു കേറിവരുന്നുണ്ടായിരുന്നു. അതിൽ എന്റെ പ്രാർത്ഥനകൾ വിഫലമാക്കിക്കൊണ്ട് ബൈക്ക് വാങ്ങിക്കൊടുക്കാത്തതിൽ മനം നൊന്ത ഒരു പതിനെട്ടുകാരൻ ചോ രവാർന്നൊലിക്കുന്ന കൈത്തണ്ടയുമായി ജീവനുവേണ്ടി പിടയുന്നുണ്ടായിരുന്നു.

~ജെയ്നി റ്റിജു