ഹൃദയത്തിൽ നിന്ന്….
Story written by Ammu Santhosh
===================
ചിതറി തെറിച്ചു പോകുന്ന ഓർമകളെ ഒന്നടുക്കി വെയ്ക്കാൻ വൃഥാശ്രമം നടത്തി നോക്കി അനുപമ. നിസ്സഹായതയുടെ മുനമ്പിൽ ഒന്നാർത്തു കരയാനുള്ള വെമ്പലുണ്ടായി അവൾക്ക്.ഒന്നുറക്കെ കുറയണം .വിളിയൊച്ച ദിഗന്തം ഭേദിക്കണം.ഹൃദയം പൊട്ടി തകർന്നു പോകുകയാണ് . ഭ്രാന്ത് പിടിച്ചേക്കും .
“മനുക്കുട്ടാ “അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് ഉറക്കെ വിളിച്ചു.
“മോനെ ……..”
“അമ്മെ ” “അമ്മെ പ്ളീസ് “നവീൻ വാതിൽ തുറന്നു അരികിലെത്തി അവളെ ചേർത്ത് പിടിച്ചു
” ഹാൻഡിൽ ദി സിറ്റുവേഷൻ അമ്മെ ..ഡോണ്ട് പാനിക് ” അനുപമ വിറയ്ക്കുന്ന ചുണ്ടു കൂട്ടിപ്പിടിച്ചു മകനെ നോക്കി
“നമ്മൾ അമനെ വിട്ടു കൊടുത്തത് അവന്റെ സ്വന്തം ബാപ്പയ്ക്കാണ് .അവൻ അയാളുടേതാണ് “
അതെ.അത് അനുപമയ്ക്കറിയാം. കാൻസർ പിടിപെട്ടു അർഷാദിന്റെ, ഭാര്യ, തന്റെ കൂട്ടുകാരി ഗീതു മരിക്കുമ്പോൾ അമൻ എന്ന വാവയ്ക്കു വെറും ആറു മാസമേ പ്രായമുണ്ടായിരുന്നുള്ളു . അർഷാദിന് ജോലിയില്ല. വരുമാനമില്ല..ഒരു മുസ്ലിമീനൊപ്പം ഇറങ്ങി പ്പോയ മകളുടെ കുഞ്ഞിനെ ഗീതുവിന്റെവീട്ടുകാർക്കും വേണ്ട.ആരും ഏറ്റെടുക്കാനില്ലാതെ അനാഥമായ കുഞ്ഞിനെ സന്തോഷത്തോടെ തന്നെയാണ് ഏറ്റെടുത്തത്.അന്ന് നവീന് രണ്ടു വയസ്സ് .അവന്റെ അനിയനായി തന്റെ നെഞ്ചിലെ ചൂടേറ്റു അവൻ വളർന്നു .അവനു വേണ്ടി തന്റെ മാറിടം വീണ്ടും ചുരന്നു .അവന്റെ “ഉമ്മച്ചി “ആയിരുന്നു താൻ .
അവൻ തന്നെ പോലെയായിരുന്നു .അത് എങ്ങനെ എന്നത് ഒരു അത്ഭുതമായിരുന്നു. തന്റെ ഇഷ്ടങ്ങൾ ,തന്റെ ഹോബികൾ, തന്റെ നിറം ,തന്റെ കണ്ണുകൾ പോലും അവന്റേതുമായി സാമ്യം ഉണ്ടായിരുന്നു .നവീനും അവനും തന്റെ രണ്ടു വശങ്ങളിലുമായാണ് ഉറങ്ങാറുണ്ടായിരുന്നത് .വളർന്നപ്പോൾ നവീൻ മാറികിടന്നു. എന്നിട്ടും ഏറെ കാലം മനുക്കുട്ടൻ ഒപ്പം തന്നെയായിരുന്നു . എപ്പോളും ഉമ്മച്ചി കൂടെയുണ്ടാകണം എന്ന് വാശി ഉള്ളവൻ .ഒരു ഷർട്ട് സെലക്ട് ചെയ്യാൻ കൂടി തന്റെ ഇഷ്ടം തേടുന്നവൻ.അവന്റ നീലക്കണ്ണിനു ഒരു പാട് ആരാധികമാരുടെ ശല്യം ഉണ്ടെന്നു നവീൻ പറയാറുണ്ട്
“എന്റെ ഉമ്മച്ചിയേക്കാൾ മൊഞ്ചുള്ള ഏതേലും പെണ്ണുണ്ടാകുമോ ദുനിയാവില് ?”അവൻ കുസൃതിയിൽ ചിരിക്കും
“സോപ്പ് ആണ് അമ്മെ സോപ്പ് “നവീൻ കളിയാക്കും .
താൻ ചിരിക്കുകയേയുള്ളു . തനിക്കൊരു പനി വന്നാൽ ആ കണ്ണ് നിറയും . അരികിൽ നിന്ന് മാറാതെ എപ്പോളും ..
“നിനക്ക് പകരും മോനെ “
“എനിക്ക് വന്നോട്ടെ ..എന്റെ ഉമ്മച്ചിക്കു ഒന്നും വരണ്ട ..എന്റെ ആയുസ്സ് കൂടി പടച്ചോൻ ഉമ്മച്ചിക്കു തരട്ടെ “
ഞെട്ടി പോയി അന്ന് .അവനെ അടിക്കുകകൂടി ചെയ്തു ദേഷ്യം വന്നിട്ട്. പിന്നെ വിഷമമായി .
“തിരിച്ചു കൊടുക്കേണ്ടി വന്നാൽ താങ്ങാൻ കഴിയണം അനു”.ഒരിക്കൽ വൈശാഖൻ പറഞ്ഞു .
നീണ്ട ഇരുപതു വർഷങ്ങള്ക്കു ശേഷം അർഷാദ് വന്നു .രണ്ടാമത്തെ വിവാഹത്തിൽ മൂന്ന് പെണ്മക്കളാണത്രെ അയാൾക്ക് .ബിസിനസ്സ് ഒക്കെ ഏൽപ്പിച്ചു കൊടുത്തു സ്വസ്ഥം ആകണമത്രേ . പോയി .അല്ല കൊണ്ട് പോയി .കൊടുക്കില്ല എന്ന് പറയാൻ താൻ ആരുമല്ലാതായി.
ഉമ്മച്ചിയെ കാണാതെ ഉറങ്ങാത്ത തന്റെ കുഞ്ഞ് .
വീട്ടിലുണ്ടെങ്കിൽ ഉമ്മച്ചി വാരിക്കൊടുത്തൽ മാത്രം കഴിക്കുന്നവൻ.
ഈ പതിനാലു ദിവസവും വിളിച്ചിട്ടില്ല .അനുപമ ക്ളോക്കിൽ നോക്കി .ഒരു മണി ആയി.
അവനു വിശക്കുന്നുണ്ടാകും
“നവീൻ മനുക്കുട്ടൻ തൈര് ഇല്ലേൽ ചോറ് കഴിക്കില്ല ഒന്ന് വിളിച്ചു പറയു “
“അമ്മെ അയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. അമന്റേതുമതേ .അവൻ കുട്ടിയല്ല .ഹി ഈസ് ട്വൻറി വൺ ഇയേർസ് ഓൾഡ് .ലെറ്റ് ഹിം ലീവ് വിത്ത് ഹിസ് ഫാദർ ” അമ്മയ്ക്ക് ഞാനില്ലേ ?”
അവന്റെ ശബ്ദം ഇടറി
“ഉണ്ട് . അമ്മക്ക് മോനുണ്ട് .പക്ഷെ അമ്മമാർക്ക് രണ്ടു മക്കളും ഒരു പോലെയാ കണ്ണാ . രണ്ടു കണ്ണുകൾ പോലെ. ഒരു കണ്ണിനു മുറിവേറ്റാൽ കൂടുതൽ അതിനെ ശ്രദ്ധിക്കും .ഒന്ന് നഷ്ടപ്പെട്ടാൽ പിടഞ്ഞു പ്രാണൻ പോകുന്ന വേദനയാ..ആരും ഒന്നിനും ആർക്കും പകരമാവില്ല മോനെ ..”അമ്മ ശ്രമിക്കാം കുട്ടാ സമാധാനിക്കാൻ “
‘അമ്മ വെറുതെ പറയുകയാണെന്ന് അവനറിയാം .അച്ഛനും മൗനിയായി .വീട് ഒരു ശ്‌മശാനം പോലെയായി .അവനില്ലാതെ തനിക്കും പറ്റുന്നില്ലന്ന് താൻ ആരോട് പറയും?
മുറ്റത്തു ഒരു വാഹനം വന്ന ശബ്ദം കേട്ടു അവൻ അമ്മയെ വിട്ടു മുറ്റത്തെക്കു പോയി
വാതിൽക്കൽ ഒരു നിഴലനക്കം വന്നപ്പോൾ അനുപമ കട്ടിലിൽ നിന്ന് എഴുനേൽക്കാൻ തുനിഞ്ഞു .പൊടുന്നനെ രണ്ടു കൈക്കുള്ളിലായി അവർ .അവരുടെ ശിരസ്സിൽ ഒരു മുഖം ഒന്നമർന്നു. വിങ്ങിപ്പൊട്ടുന്ന ഉടൽ വിളിച്ചു
“ഉമ്മച്ചി ….”അനുപമ കണ്ണുകളിറുക്കിയടച്ചു ..
ഹൃദയം നിന്ന് പോയേക്കുമോ എന്ന് അവർ ഭയന്നു .ഒരു വലിയ കരച്ചിൽ തിരയടിച്ചുയരുന്നു. ഹൃദയഭിത്തികളെ ഭേദിച്ച് അത് പുറത്തേയ്ക്കു വരാതിരിക്കാൻ അവർ അവന്റെ നെഞ്ചിൽ മുഖം അമർത്തി പിടിച്ചു.
” എനിക്ക് വിശക്കുന്നു ഉമ്മച്ചി ” അമന്റെ ശബ്ദം തളർന്നു പോയ പക്ഷികുഞ്ഞിന്റേതു മാതിരി താഴ്ന്നിരുന്നു
തൈര് കൂടി കുഴച്ച ചോറുരുളകളിൽ കണ്ണീരിന്റെ ഉപ്പു കലർന്നിരുന്നു അർഷാദ് അത് കണ്ടു നിന്നു.
ഇക്കഴിഞ്ഞ പതിനാലു ദിവസങ്ങളിൽ അവൻ ചോറ് കഴിച്ചിരുന്നില്ല.ചോറ് എന്നല്ല ഒരു ഖരപദാർത്ഥവും കഴിച്ചില്ല .വാശി പിടിച്ചില്ല,പ്രതിഷേധിച്ചില്ല. , ഉറക്കെ കരഞ്ഞില്ല , പക്ഷെ ഉറങ്ങിയില്ല,ഒരു വാക്ക് മിണ്ടിയില്ല പാവ പോലെ നിശബ്ദനായി ഒരേ ഇരുപ്പ്.
യാത്ര പറയാൻ നേരം അമൻ അർഷാദിന്റെ അരികിൽ ചെന്നു
“ഞാൻ ഇടയ്ക്കു വരാം .വരും .സ്ഥിരമായിട്ടല്ല . അത് പറ്റില്ല . ഉമ്മച്ചിയില്ലാത്ത ഒരിടം എനിക്ക് പറ്റില്ല .ശ്വാസം കിട്ടില്ല .അതാ സോറി ..ഞാൻ വരും വാപ്പ “
അർഷാദിന്റെ കണ്ണ് നിറഞ്ഞു അവനാദ്യമായി അയാളെ “വാപ്പ “എന്ന് വിളിക്കുകയായിരുന്നു ,
അയാൾ അനുപമയെ ഒന്ന് നോക്കി .പിന്നേ വൈശാഖന്റെ കൈയിൽ കൈ ചേർത്തു.
“നന്ദി പറയുന്നില്ല. പോകുന്നു. അവന്റെ ജീവൻ ഇവിടെയാണ് .ജീവിതവും ഇവിടെയാകട്ടെ .അവന്റെ സന്തോഷമല്ലെ വലുത് ?”
ചില സ്നേഹങ്ങൾ അങ്ങനെയാണ് ..ഒരു പ്രപഞ്ചംഒളിപ്പിച്ചിരിക്കും.അനുഭവിക്കുന്നവന് ഒരിക്കലും വിട്ടുപോകാൻ പറ്റാത്തപോലെ മാന്ത്രിക ചരട് കൊണ്ട് ബന്ധിച്ച ഒരു പ്രപഞ്ചം ..അതിൽ നിന്ന് മനുഷ്യന് രക്ഷയില്ല. അർഷാദ് ഓർത്തു .
അയാൾ തിരിഞ്ഞു നോക്കി
അമനുണ്ട് പൂമുഖത്ത്
അനുപമയുടെ തോളിൽ ചേർത്ത് പിടിച്ച് എന്തോ പറഞ്ഞു ചിരിക്കുന്നു
അനുപമ അവന്റെ മുടി ഒതുക്കി വെച്ച് കൊടുക്കുന്നു
മനോഹരമായ ആ കാഴ്ച അയാളുടെ കണ്ണീരിൽ മങ്ങി മറഞ്ഞു
~അമ്മു