ഈയൊരൊറ്റ കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന് കൂടുതൽ സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ

==============

ഭക്ഷണം കഴിക്കുമ്പോഴും, ചുണ്ടോട് ചുണ്ട് ചേർത്തെന്നെ ചുംബിക്കുമ്പോഴും മാത്രമാണ് അദ്ദേഹം സംസാരിക്കാതിരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്.

ഈയൊരൊറ്റ കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന് കൂടുതൽ സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. കെട്ടിക്കൊണ്ട് വന്നയാദ്യ മാസത്തിൽ തന്നെയെനിക്ക് ഞാനൊരു തീവണ്ടിയാഫീസിലാണ് എത്തിപ്പെട്ടതെന്ന വസ്തുത മനസ്സിലായിരുന്നു.

അദ്ദേഹത്തിന് റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് അവരുടെ സംശയങ്ങൾ തീർത്തുകൊടുക്കുന്ന ചില്ലുമുറിക്കകത്താണ് ജോലി. ഇടക്ക് ടിക്കറ്റും കൊടുക്കും. സ്റ്റേഷനടുത്തുള്ള ക്വാർട്ടേഴ്സിലാണ് താമസമെങ്കിലും കിടത്തമാ സ്റ്റേഷൻ പ്ലാറ്റ്ഫോമിലാണെന്ന് ഇടക്കെനിക്ക് തോന്നാറുണ്ട്. അത്രത്തോളം ട്രെയിൻ നേരങ്ങളെക്കുറിച്ചാണ്  ദിനവും അദ്ദേഹത്തിൽ നിന്ന് ഞാൻ കേൾക്കാറുണ്ടായിരുന്നത്. അന്നും പതിവുപോലെയൊരു രാത്രിയായിരുന്നു.

‘ഷാലിമാർ എക്സ്പ്രസ്സ്‌ എത്തിയിട്ടുണ്ടാകുമിപ്പോൾ..കൃത്യം പത്തിനുതന്നെ അതെപ്പോഴുമെത്തും…!’

എന്റെ പൊന്ന് ചേട്ടായെന്ന് പറഞ്ഞ് കിടക്കയിൽ നിന്നെഴുന്നേറ്റ് ഞാനദ്ദേഹത്തിന്റെ കാലുപിടിച്ചു. ഷാലിമാർ എക്സ്പ്രസിൽ കേറിയെനിക്ക് എവിടേക്കും പോകേണ്ടായെന്നും കൂടി പറഞ്ഞപ്പോൾ അദ്ദേഹത്തിന് വിഷമമായി.

എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ വിഷമമെനിക്ക് സഹിക്കാൻ പറ്റില്ല…മൊത്തം കലപിലയാണെങ്കിലും എന്നെയൊരു കിളികുഞ്ഞിനെ പോലെ അദ്ദേഹമിടക്ക് കരുതലോടെ സ്നേഹിക്കാറുണ്ട്.

പിണക്കത്തോടെ മുഖം തിരിച്ച് കിടന്ന അദ്ദേഹത്തിന്റെ പിറകിലേക്ക് ഞാനൊട്ടി ചേർന്നു. അദ്ദേഹമെതിർത്തില്ല. എതിർത്തില്ലാന്ന് മാത്രമല്ല തിരിഞ്ഞ് കിടന്നെന്റെ മുഖം വാരിയെടുത്തേറെ നേരം ചുംബിക്കുകയും ചെയ്തു. അങ്ങനെയെപ്പോഴോ അദ്ദേഹമെന്നിൽ വീണുറങ്ങി.

പിറ്റേന്ന് മോനെ സ്കൂൾബസ്സിൽ കേറ്റിവിട്ട ശേഷം ഞാനടുക്കളയിലെ ജോലിയിലായിരുന്നു. സാധാരണ മോൻ ഇറങ്ങുമ്പോഴേക്കും അദ്ദേഹവും ഉണർന്നെന്റെ പേര് നീട്ടിവിളിക്കാറുണ്ട്. ഇന്നെന്ത് പറ്റി…!വിളിച്ചെഴുന്നേൽപ്പിക്കാമെന്ന ധാരണയിൽ ഞാൻ മുറിയിലേക്ക് പോയി. അദ്ദേഹം നല്ലയുറക്കത്തിൽ തന്നെ..!

‘ദേ..ചേട്ടാ…! ഓയ്…എഴുന്നേൽക്കൂന്നെ.!’

തട്ടിവിളിച്ചിട്ടും അദ്ദേഹമെഴുന്നേറ്റില്ല. കൈപിടിച്ച് കുലുക്കിയിട്ടും അദ്ദേഹം കണ്ണുകൾ തുറന്നില്ല. നെഞ്ചിൽ ദേഷ്യത്തോടെ കുത്തിയിട്ടും ആർത്ത് കരഞ്ഞ് ചുണ്ടിൽ ചുംബിച്ചിട്ടും, എന്നും വാതോരാതെ സംസാരിക്കുന്ന അദ്ദേഹമന്ന് ഒരക്ഷരമെന്നോട് മിണ്ടിയില്ല..!

എന്റെ നിലവിളി കേട്ടോടി വന്ന സെക്യൂരിറ്റിക്കാരനാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത്.

ഡോക്റ്റർ ശരിവെച്ചിട്ടും, അടുത്ത ബന്ധുക്കളെത്തി അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ദഹിപ്പിച്ചിട്ടും, മാസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ ജോലിയെനിക്ക് കിട്ടിയിട്ടും, അദ്ദേഹം മരിച്ചുപോയെന്ന് വിശ്വസിക്കാനെനിക്ക് കഴിഞ്ഞില്ല.

ഒരു മരണമവിടെ സംഭവിച്ചിരിക്കുന്നുവെന്നത് വെള്ളം പോലെ സത്യമാണ്. വേർപാടിന്റെ ഉൾ ചൂട് തട്ടി ഹൃദയം പൊള്ളാറുണ്ടെന്നതും മറ്റൊരു തീപോലെയുള്ള  സത്യം..!

അങ്ങനെയൊരു മരണമന്ന് സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടുമത് എന്റേത് ആയിരുന്നിരിക്കുമെന്ന് ഞാൻ കരുതുന്നു. പൂർണ്ണമായും എനിക്കെന്നെ നഷ്ട്ടപ്പെട്ടിരിക്കുന്നുവെന്ന കറുത്ത പരമാർത്ഥം ഞാൻ മനസ്സിലാക്കുന്നു.

അല്ലെങ്കിലും മരണത്തിന്റെ വേദനയും മരവിപ്പും ജീവിച്ചിരിക്കുന്നവരുടെ പച്ചമാംസത്തിലാണ് അനുഭവപ്പെടുകയെന്നത് മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവർക്കറിയില്ലല്ലോ..!

കിടന്നിട്ടും ഉറങ്ങാതെയെന്റെ ഫോണിൽ കുത്തിക്കളിക്കുന്ന മോനോട് ഞാൻ നേരമെത്രയായെന്ന് ചോദിച്ചു. അവനതിന് പത്തെന്ന് മറുപടി തന്നു.

എനിക്കപ്പോൾ ചിറി വിടർത്തി ചിരിക്കാനും നെഞ്ചുതല്ലി കരയാനുമൊരുപോലെ തോന്നി. ലോകത്തെയേറ്റവും സഹതാപകരമായ തോന്നലാണ് അതെന്നെനിക്കാ നേരമനുഭവപ്പെട്ടു.

ഞാനാ തോന്നലുകളുടെ ചിരിപക്ഷത്തേക്ക് ചാഞ്ഞുകൊണ്ട് ആരോടോയെന്ന പോലെ തനിയേ പറഞ്ഞു.

‘ഷാലിമാർ എക്സ്പ്രസ്സ്‌ എത്തിയിട്ടുണ്ടാകുമിപ്പോൾ..കൃത്യം പത്തിനുതന്നെ അതെപ്പോഴുമെത്തും…!’