തരുന്നെങ്കിൽ പെട്ടെന്ന്. ഇനി ഒരവസരം ഉണ്ടാവില്ല. കുട്ടികൾ സ്കൂളിൽ നിന്ന് വരുംമുൻപേ എനിക്കെന്നെ…

പെണ്ണ്…

Story written by Jainy Tiju

================

കാർ പാർക്ക് ചെയ്തു വീട്ടിലേക്ക് കയറി കോളിങ്ബെൽ അടിക്കുമ്പോൾ പതിവില്ലാതെ എന്റെ ചുണ്ടിൽ ഒരു മൂളിപ്പാട്ടും പുഞ്ചിരിയും ഉണ്ടായിരുന്നു. രണ്ടു ദിവസത്തെ ബിസിനസ് ടൂർ വിജയമായിരുന്നല്ലോ. ടൂർ മാത്രമല്ല ആഗ്രഹിച്ചതെല്ലാം…

“സ്റ്റെല്ല” അവളൊരു സ്വപ്നമായിരുന്നു. പേർസണൽ അസിസ്റ്റന്റ് ആയി ആ കൊച്ചുസുന്ദരി വന്നതുമുതൽ മുൻപൊരിക്കലും തോന്നിയിട്ടില്ലാത്ത ഒരു അഭിനിവേശം അവളോട്. കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ഇത്തവണ അവൾ കനിഞ്ഞു. അല്ലെങ്കിലും അത്യാവശ്യം പേഴ്‌സണാലിറ്റിയുള്ള എന്നെപ്പോലൊരാൾ മനസ്സുവെച്ചാൽ എത്രനാൾ ഒരു പെൺകുട്ടിക്ക് പിടിച്ചു നിൽക്കാൻ കഴിയും? രണ്ടുമൂന്നു വട്ടം ബെല്ലടിച്ചിട്ടും അനക്കമൊന്നുമില്ല.  ഇവളിതെവിടെ പോയി കിടക്കുന്നു? 

“ലേഖേ’ എന്ന വിളിയോടെ വാതിൽ തട്ടാനൊരുങ്ങിയതും വാതിൽ തുറന്നു.  മുന്നിൽ ലേഖ. നല്ലൊരു തൂവെള്ള സാരിയുടുത്ത്, അത്യാവശ്യം നന്നായി മേക്കപ്പ് ചെയ്തിട്ടുണ്ട്.

“നീ ഇതെവിടെ പോകുന്നു?” ഞാൻ ചോദിച്ചു. അവൾ ഒന്നും പറയാതെ പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി.

കുട്ടികൾ സ്കൂളിൽ പോയിരിക്കുന്നു.  ഇവൾക്കിതെന്ത് പറ്റി? ഞാനില്ലാതെ എവിടെയും പോകാത്തവളാണ്. സ്വന്തം വീട്ടിൽ പോലും ഞാനും മക്കളുമില്ലാതെ പോകാൻ അവൾക്കിഷ്ടമല്ല. ഇനി ഞാൻ മറന്നുപോയ വിശേഷങ്ങൾ വല്ലതും ഉണ്ടായിരുന്നോ ദൈവമേ. അല്ലെങ്കിലും ഈ യാത്ര പ്ലാൻ ചെയ്തപ്പോൾ മുതൽ ഞാനീ ലോകത്തൊന്നും അല്ലായിരുന്നല്ലോ. പതിയെ ചോദിച്ചു മനസ്സിലാക്കാം. പറയാതെവിടെപോകാനാ. ഞാനൊന്നു തൊടുമ്പോഴേക്കും എന്നിലേക്ക് ചായുന്ന വെറുമൊരു തൊട്ടാവാടിയല്ലേ എന്റെ ഭാര്യ….

ഡ്രസ്സ് മാറാമെന്നു കരുതി റൂമിലേക്ക് കയറിയ ഞാൻ വിറങ്ങലിച്ചു പോയി. ഞങ്ങളുടെ ഡ്രസിങ് ടേബിളിന്റെ മുകളിൽ ലേഖയുടെ ഫ്രെയിം ചെയ്ത ഒരു ഫോട്ടോ മാലയിട്ട് അലങ്കരിച്ചു വെച്ചിരിക്കുന്നു.  മുന്നിൽ കത്തിച്ചു വെച്ച  മെഴുതിരിയും….

“നന്നായിട്ടുണ്ട് അല്ലെ ചേട്ടായി?” തൊട്ടു പിന്നിൽ ലേഖ.

“ഇതെന്താ ഈ ചെയ്തു വെച്ചേക്കുന്നത്?” എന്റെ ശബ്ദം ഉയർന്നു.

“ഇതിനെന്താ കുഴപ്പം? ഒരാൾ മരിച്ചാൽ ഇത് സാധാരണ ചെയ്യുന്നതല്ലേ”.

അവളുടെ മറുപടി ശാന്തമായിരുന്നു.

“ഇനിയൊരു ബൾബ് ഇടണം. ഫുൾ ടൈം കത്തി നിൽക്കുന്നത്..സീറോ ബൾബ് മതി. അപ്പോൾ കറന്റ് ഒരുപാട് ചെലവാകില്ലല്ലോ. നമ്മൾ പോയാലും ജീവിച്ചിരിക്കുന്നവർക്ക് ഉപദ്രവം ആവരുതല്ലോ.”

“നിനക്കെന്താ ഭ്രാന്ത് പിടിച്ചോ?” എനിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.

“സാരി കണ്ടില്ലേ നന്നായിട്ടില്ലേ. ഒരുക്കവും ഇത്ര പോരെ? അന്ത്യയാത്ര ആവുമ്പോൾ മാന്യമായി പോണം. ഒന്നുമില്ലെങ്കിലും.ഞാൻ ബിസിനസ് രാജാവ് വിമൽ സേവ്യറിന്റെ ഭാര്യയല്ലെ?”

എന്റെ ഭാവവ്യത്യാസമൊന്നും ശ്രദ്ധിക്കാതെ ചിരിച്ചുകൊണ്ട് തന്നെ അവൾ പറഞ്ഞുകൊണ്ടിരുന്നപ്പോൾ, എന്റെ നിയന്ത്രണം തെറ്റി. അവളുടെ മുഖത്തിനു നേരെ ഞാൻ കൈ വീശിയതും അവളത്  തടുത്തതും പെട്ടന്നായിരുന്നു. ഞാൻ ഞെട്ടിപ്പോയി. പൂ പോലുള്ള കയ്യെന്നു ഞാനെന്നും കളിയാക്കാറുള്ള ആ കൈകൾക്കിന്നു കാരിരുമ്പിന്റെ കരുത്ത്..അവളുടെ കണ്ണുകളിൽ തീ നാളങ്ങളും..

“തല്ലാനാണെങ്കിൽ പോലും ഇനി നിങ്ങളെന്റെ ദേഹത്ത് തൊടരുത്”

അവളുടെ ശബ്ദം ഉറച്ചതായിരുന്നു.

എനിക്കെന്തൊക്കെയോ  അപകട സൂചന തോന്നി.

“നീയെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?  എന്റെ  ചോദ്യം പതിഞ്ഞതായിരുന്നു.

“ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു ഇവിടെ നിന്നുപോയ നിങ്ങളോടൊപ്പം ചെന്നൈയിൽ ഒരു പെൺകുട്ടി കൂടെ ഉണ്ടെന്നറിഞ്ഞ ഞാൻ തകർന്നു. അവിടെ ഹോട്ടൽ അശോകയിൽ മിസ്റ്റർ ആൻഡ് മിസ്സിസ് വിമൽ എന്നപേരിൽ നിങ്ങൾ ഫാമിലി റൂം എടുത്തപ്പോൾ എന്റെ വീഴ്ച പൂർത്തിയായി. ആ ഏസി റൂമിൽ അവളെ നെഞ്ചോട് ചേർത്താണ് നിങ്ങളെന്നെ വിളിച്ചിരുന്നതെന്നും സുഖവിവരം അന്വേഷിച്ചതെന്നും അറിഞ്ഞപ്പോൾ, അതെന്റെ മരണം തന്നെയായിരുന്നു. നിങ്ങളെ മാത്രം വിശ്വസിച്ചു നിങ്ങൾക്ക് വേണ്ടി ജീവിച്ച ഈ ഭാര്യയുടെ മരണം. ഈ നിൽക്കുന്നത് എന്റെ ശവശരീരമാണ്. നിങ്ങൾ എത്തിയതിനു ശേഷം അടക്കം ചെയ്യാൻ ഒരുക്കി നിർത്തിയിരിക്കുന്ന ശരീരം.”

അവൾ കിതക്കുന്നുണ്ടായിരുന്നു. ഞാൻ കേട്ടതൊന്നും വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു. ഇവൾ, പുറം ലോകം എന്തെന്ന് പോലുമറിയാത്ത ഈ പൊട്ടിപ്പെണ്ണ് ഒന്നുമറിയില്ലെന്ന് ഞാൻ കരുതി. അല്ലെങ്കിൽ എന്തും പറഞ്ഞു വിശ്വസിപ്പിക്കാമെന്നും. പക്ഷെ, കണക്കുകൂട്ടലുകളെല്ലാം തെറ്റിയിരിക്കുന്നു…

അവളോട് സ്നേഹമില്ലാഞ്ഞിട്ടല്ല മറ്റൊരുത്തിയെ തേടിയത്. ഒരുപക്ഷെ, പത്തുവർഷത്തെ ദാമ്പത്യം എന്റെ ഉള്ളിൽ ഒരു വിരസത വളർത്തിയിരുന്നിരിക്കാം. അതുമല്ലെങ്കിൽ പുതുമയോടുള്ള ആസക്തി. തെറ്റ്, എന്റെ മാത്രം തെറ്റ്…

“നിങ്ങൾ അവിടെ മറ്റൊരു പെണ്ണുമായി എത്തിയത് മുതൽ എനിക്ക് വിവരം ലഭിക്കുന്നുണ്ടായിരുന്നു. ഞാൻ ഒന്നും മനസ്സിലാവാത്ത പൊട്ടിയായിരുന്നില്ല ചേട്ടായി. അങ്ങനെ കരുതിയത് നിങ്ങളാണ്..ഭർത്താവിന്റെ  ഹൃദയമിടിപ്പിന്റെ താളം മാറിയാൽ പോലും മനസ്സിലാക്കാൻ കഴിവുള്ളവളാണ് യഥാർത്ഥ ഭാര്യ. ഉത്തമഭാര്യയെന്ന് സ്വയം അഹങ്കരിച്ചിരുന്ന ഞാനെന്ന വ്യക്തി ഇനിയില്ല”

അവളുടെ ഓരോ വാക്കുകളും ഉള്ളിൽ തീ വാരിയിട്ടുകൊണ്ടിരുന്നു

“മോളെ, ഒന്നും നിഷേധിക്കുന്നില്ല..തെറ്റുപറ്റി. കാലുപിടിച്ചു മാപ്പു ചോദിക്കാം ഞാൻ “

എന്റെ ശബ്ദം ഇടറി

“നിങ്ങൾ തിരിച്ചു വരുമ്പോഴേക്കും ഈ ശരീരം കത്തിച്ചു കളഞ്ഞാലോ എന്നോർത്തു ഞാൻ ആദ്യം. പിന്നെ മക്കളുടെ മുഖം കണ്ടപ്പോൾ കഴിഞ്ഞില്ല. എന്റെ ഒരു വാശിക്ക് അവരുടെ ജീവിതം നരകമാക്കുന്നത് എന്തിനു എന്നോർത്തു. നിങ്ങൾക്കാണല്ലോ ഞാൻ മരിച്ചത്. അത് അങ്ങനെ മതി “.

ഞാൻ കട്ടിലിരിക്കുന്ന അവൾക്ക് അഭിമുഖമായി ഇരുന്നു

“മോളെ, ഈ ചേട്ടായിയോട് ക്ഷമിക്കെടി. എന്താ ചെയ്യേണ്ടത്? നീ പറ. പ്രായശ്ചിത്തമായി നീ പറയുന്ന എന്തും ഞാൻ ചെയ്യും. പറയെടി..?”

പറഞ്ഞു തീർക്കുമ്പോഴേക്കും കരഞ്ഞു പോയിരുന്നു ഞാൻ.

“എനിക്കൊരു ചുംബനം തരണം. ഇതുവരെ എന്റെ ചേട്ടായി പ്രേമത്തോടെയും വാത്സല്യത്തോടെയും മാത്രം ചുംബിച്ചിട്ടുള്ള എന്റെ മുഖത്തു,  വേർപാടിന്റെ വേദയുള്ള, കണ്ണീരിന്റെ നനവുള്ള ഒരന്ത്യചുംബനം. “

ശാന്തമെങ്കിലും അവളുടെ വാക്കുകളിൽ എന്നെ ചുട്ടുപൊള്ളിക്കാനുള്ള അഗ്നിയുണ്ടായിരുന്നു

“തരുന്നെങ്കിൽ പെട്ടെന്ന്. ഇനി ഒരവസരം ഉണ്ടാവില്ല. കുട്ടികൾ സ്കൂളിൽ നിന്ന് വരുംമുൻപേ എനിക്കെന്നെ നിങ്ങളുടെ ഉള്ളിൽ കബറടക്കണം.. “

ഒരു പൊട്ടിക്കരച്ചിലോടെ ഞാനവളെ വാരിപ്പുണർന്നു ചുംബിച്ചു. നെറ്റിയിൽ, കണ്ണിൽ, കവിളിൽ, ചുണ്ടിൽ…ഒരു ഭ്രാന്തനെപ്പോലെ. പക്ഷെ, അവളിൽ ഒരു ഭാവമാറ്റവും ഉണ്ടായില്ല..കണ്ണിൽ ഒരു തുള്ളി കണ്ണീരുപോലും പൊടിഞ്ഞില്ല. പതിയെ എന്നിൽ നിന്നടർന്നു മാറി ഫോട്ടോയുടെ മുന്നിലെ മെഴുതിരി എടുത്തുമാറ്റി. പുറത്തേക്ക് നടന്നു..ഞാൻ വേഗം ആ മാല എടുത്ത് വലിച്ചെറിഞ്ഞു. ഉടനെ ആ വാതിലിനടുത്ത് നിന്നു അവളുടെ ശബ്ദം കേട്ടു.

“ആ ഫോട്ടോ അവിടെ തന്നെ ഉണ്ടാവണം. ഞാനെന്ന ഭാര്യ ജീവിച്ചിരിപ്പില്ല എന്ന് ഞാനോ നിങ്ങളോ മറന്നു പോകാതിരിക്കാൻ “

മെല്ലെ കിടക്കയിലേക്ക് തളർന്നിരിക്കുമ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു ചവിട്ടിയരയ്ക്കപ്പെട്ട പെണ്ണിന്റെ പകയെന്തെന്ന്. ബലഹീനയെന്നു ഞാൻ വിലകുറച്ചു കണ്ടവളുടെ മനഃശ്ശക്തിയെന്തെന്ന്…

ഇവിടെ മരിച്ചുവീണത് നീയല്ല പെണ്ണെ,  അത് ഞാനാണ്. ഞാനെന്ന പുരുഷന്റെ ധാർഷ്ട്യമാണ്. എന്നിലെ ഭർത്താവിന്റെ അഹംഭാവമാണ്.

എത്രയൊക്കെ നീയെന്നെ വേദനിപ്പിച്ചാലും അതെല്ലാം സഹിക്കും. നിന്നോട് മത്സരിക്കാനോ നിന്നെ തോല്പിക്കാനോ എനിക്കാവില്ല. എന്തിന്, നിന്റെ മുഖത്ത് നോക്കി സ്വയം ന്യായീകരിക്കാൻ പോലും. കാരണം ഞാൻ ഒരു തെറ്റാണ്. നീ വലിയൊരു ശരിയും….

~ജെയ്‌നി റ്റിജു