വിവാഹം കഴിഞ്ഞ അന്ന് മുതൽ ഒരു തെറ്റും ചെയ്യാത്ത ആ പാവം ചെക്കനെയും ആ അമ്മയെയും അക്ഷരാർത്ഥത്തിൽ ശിക്ഷിക്കുക ആയിരുന്നു…

Story written by Jishnu Ramesan

======================

“അച്ഛൻ എന്തൊക്കെ പറഞ്ഞാലും വെറുമൊരു വർക്ക്ഷോപ്പ് മെക്കാനിക്ക് ആയ അയാളെ കെട്ടാൻ എനിക്ക് പറ്റില്ല…ഒന്നുമില്ലെങ്കിലും ഞാൻ ഇത്രയും പഠിച്ചതല്ലെ…!”

ശ്രുതിയുടെ വാക്കുകൾ കേട്ട് അവളുടെ അച്ഛൻ അമ്മയെ നിറകണ്ണുകളോടെ നോക്കി നിന്നു..സാഹചര്യം തന്നെയായിരുന്നു അവിടെയും ആ പിതാവിന്റെ അവസ്ഥ..

അത് കേട്ട് അവളുടെ അമ്മ പറഞ്ഞു, ‘ മോളെ നീ എന്തൊക്കെയാ അച്ഛനോട് ഈ പറയുന്നത്…! ഇത്രയും പഠിച്ച കാര്യം നീ പറഞ്ഞല്ലോ, അതും മുഴുവനാക്കാൻ കഴിഞ്ഞില്ലല്ലോ നിനക്ക്..; മോളുടെ കുറ്റമല്ല അതെന്ന് അമ്മയ്ക്ക് അറിയാം..അച്ഛന് നിന്നെ ബാക്കി കൂടി പഠിപ്പിക്കാൻ പൈസ ഇല്ലാത്തത് കൊണ്ടല്ലേ..; ഈ വീടും ഈ ചെറിയ സ്ഥലവും പണയം വെച്ച് നിന്റെ പഠനം മുഴുവനാക്കാൻ ഞാൻ അച്ഛനോട് പറഞ്ഞതാ..

പക്ഷേ നിനക്ക് ഒരു കല്യാണം വന്നാൽ ഈ അച്ഛനും അമ്മയും എന്ത് ചെയ്യും..? നിനക്ക് ഒരു തരി പൊന്നെങ്കിലും തരണ്ടെ..! വയ്യെങ്കിലും നിന്റെ ഈ പാവം അച്ഛൻ പലചരക്ക് കടയിൽ സഹായിക്കാൻ നിന്നിട്ടാ ഇവിടെ നമ്മൾ എന്തെങ്കിലും കഴിക്കുന്നത് തന്നെ…പിന്നെ എത്ര രൂപ നിന്നെ പഠിപ്പിക്കാൻ കടം വാങ്ങി എന്ന് അറിയോ നിനക്ക്…! കഴിഞ്ഞ പ്രാവശ്യം ഒരു ഡോക്ടർ ചെക്കന്റെ ആലോചന വന്നത് ശരിയാ, പക്ഷേ അന്ന് പെണ്ണ് കണ്ട് ഇവിടുന്ന് ഇറങ്ങാൻ നേരം ചെക്കന്റെ അച്ഛൻ പറഞ്ഞത് നീയും കേട്ടതല്ലെ, “മോൾക്ക് കാര്യമായിട്ട് എന്തെങ്കിലും കൊടുക്കുമല്ലോ അല്ലേ” എന്ന്..ഇപ്പൊ വന്ന ഈ ആലോചന എന്ത് കൊണ്ടും നല്ലതാ മോളെ, വർക്ക്ഷോപ്പ് ജോലിക്കാരൻ ആണെങ്കിലും നിന്നെ പൊന്ന് പോലെ നോക്കും അവൻ..’

ഇടറിയ ശബ്ദത്തിൽ അച്ഛൻ ശ്രുതിയോട് പറഞ്ഞു,

“മോളെ നമുക്ക് ചേർന്നൊരു ബന്ധം ആണ്..മറ്റെവിടെയും കിട്ടാത്ത സന്തോഷവും സമാധാനവും നിനക്കവിടെ കിട്ടും..അച്ഛനെ ഓർത്ത് മോള് സമ്മതിക്കണം… ഇപ്പോഴല്ല പിന്നീട് മോൾക്ക് മനസ്സിലാവും അച്ഛന്റെ തീരുമാനം ശരിയായിരുന്നു എന്ന്…. അന്ന് ചിലപ്പോ ഈ ഞാൻ കാണില്ല..”

വേറെ വഴിയില്ലാതെ ശ്രുതി കല്യാണത്തിന് സമ്മതം മൂളി.. “പ്രവീൺ” എന്നാണ് ചെക്കന്റെ പേര്, വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ.. ഒരു വർക്ക്ഷോപ്പിൽ ജോലി ചെയ്താണ് കുടുംബം നോക്കുന്നത്…

പക്ഷേ വിവാഹം കഴിഞ്ഞ് ആറു മാസമായിട്ടും ശ്രുതി പ്രവീണിന്റെ വീട്ടിൽ ഒരു അന്യയെ പോലെയാണ് കഴിഞ്ഞിരുന്നത്.. ഒരേ മുറിയിൽ അവൻ കട്ടിലിലും അവള് താഴെയുമായാണ് കിടന്നിരുന്നത്..എന്തിനേറെ പറയുന്നു, പ്രവീണിന്റെ അമ്മയോട് പോലും സംസാരിച്ചിരുന്നില്ല..കാര്യങ്ങളൊക്കെ അറിയാമായിരുന്ന പ്രവീണും അമ്മയും എല്ലാം ക്ഷമിച്ചും സഹിച്ചും നല്ലൊരു ഭാര്യയായി ആ അമ്മയ്ക്കൊരു മരുമകളായി ശ്രുതി മാറുന്നതും കാത്തിരുന്നു..ഇന്നേ വരെ പ്രവീണിന് ഒരു ചായ പോലും ഇട്ട്‌ കൊടുത്തിട്ടില്ല..

ഒരു ദിവസം പ്രവീൺ കുറച്ച് കാശ് അവൾക്ക് കൊണ്ടു കൊടുത്തിട്ട് പറഞ്ഞു, “ശ്രുതീ ഇത് കുറച്ച് കാശാണ്, നീ പകുതിക്ക് വെച്ച് നിർത്തിയ നിന്റെ പഠനം പൂർത്തിയാക്കണം, നിന്റെ അച്ഛന് ഇതിനുള്ള കഴിവില്ല, ഒരു പാവമാണ് അത്..എന്റെ ബൈക്ക് ഞാൻ വിറ്റു, പിന്നെ അമ്മയുടെ രണ്ടു വളയും വിറ്റു..”

ശ്രുതി ആ പണം വാങ്ങിയില്ല..പക്ഷേ പ്രവീൺ അവളെ നിർബന്ധിച്ചു,

“നോക്ക് ശ്രുതി, നിനക്ക് ഇത് വരെ എന്നെ തന്റെ ഭർത്താവ് ആയിട്ട് കാണാൻ കഴിഞ്ഞിട്ടില്ല.. എന്തിന്, എന്റെ അമ്മയോട് പോലും ഒന്ന് മിണ്ടാറില്ല..ഇവിടുന്ന് ഒന്ന് മാറി നിന്നാൽ തനിക്കൊരു ആശ്വാസം കിട്ടും..അത് കോളേജ് ഹോസ്റ്റലിൽ ആവുമ്പോ കൂട്ടുകാർ ഒക്കെ ഉണ്ടാവുമല്ലോ..! “

ഈ വീട്ടിൽ ഒറ്റപ്പെട്ട ജീവിക്കുന്നതിനേക്കാൾ നല്ലത് തന്റെ പഠിപ്പ് മുഴുവനാക്കാൻ പോകുന്നതാണ് നല്ലതെന്ന് അവൾക്കും തോന്നി..രണ്ടു ദിവസത്തിനു ശേഷം പ്രവീണും ശ്രുതിയുടെ അച്ഛനും കൂടി അവളെ ഹോസ്റ്റലിൽ കൊണ്ടു ചെന്നാക്കി…

തിരിച്ചു പൊരും വഴി അവളുടെ അച്ഛൻ പ്രവീണിനോട് പറഞ്ഞു, ‘ മോനെ അവൾക്ക് വേണ്ടി ഞാൻ നിന്നോട് മാപ്പ് ചോദിക്കാ , എനിക്കറിയാം അവള് കാരണം അമ്മയും നീയും കുറെ വിഷമിച്ചിട്ടുണ്ടെന്ന്..; ‘

“അയ്യോ ഇല്ല അച്ഛാ..തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് ഒരുപാട് സ്വപ്നം കണ്ട കുട്ടിയല്ലേ അവള് , പെട്ടന്ന് എന്നെപോലെ ഒരാളെ വിവാഹം കഴിച്ചത് ഒട്ടും സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല…അവള് മാറും, പഴയ ശ്രുതി ആവും..ഇപ്പൊ അവള് പഠിക്കട്ടെ, വിദ്യാഭ്യാസം ഇല്ലാത്തതിന്റെ കുറവ് എനിക്കറിയാം..”

കോളേജ് ഹോസ്റ്റലിലെ കൂട്ടുകാരുമായുള്ള താമസവും പഠനവും അവൾക്ക് വീട്ടിലേക്ക് പോരുന്ന ഓർമ ഇല്ലാതാക്കി..രണ്ടു ദിവസം കൂടുമ്പോൾ അച്ഛനെയും അമ്മയെയും വിളിച്ചു സംസാരിക്കും.. എന്നാൽ പ്രവീണിനെയോ അവന്റെ അമ്മയെയോ വിളിക്കുകയോ അന്വേഷിക്കുകയോ ചെയ്യില്ല…

ഒരിക്കൽ വീട്ടിൽ അച്ഛനെ വിളിച്ചിട്ട് അവള് പറഞ്ഞു, “അച്ഛാ, ആറ് മാസമായിട്ടും ഫീസ് ഇവര് ചോദിക്കുന്നില്ലല്ലോ..! അത് കൊണ്ട് ഞാൻ ഓഫീസിൽ പോയി അന്വേഷിച്ചു..രണ്ടു മാസം കൂടുമ്പോ ഫീസ് അടക്കുന്നുണ്ട് എന്ന്..അച്ഛൻ ഈ അവസ്ഥയിലും എങ്ങനെയാ ഫീസ് അടക്കുന്നത്.. ഇവിടെ ഫീസ് അടക്കാൻ വന്നിട്ട് എന്നെ ഒന്ന് കാണാൻ പോലും വന്നില്ലല്ലോ…!”

മോളെ അതിനു ഞാനാ ഫീസ് അടക്കുന്നതെന്ന് ആരാ പറഞ്ഞത്, അവനാ നിന്റെ കഴുത്തിൽ താലി കെട്ടിയ പ്രവീൺ.. ഞാൻ അവിടുന്നും ഇവിടുന്നും കടം വാങ്ങി അവന്റെ കയ്യിൽ കുറച്ച് കാശ് കൊടുത്തു..പക്ഷേ അവനത് വാങ്ങിയില്ല..ഇത്രയും നാളും അവനാ അവിടെ വന്ന് നിന്റെ ഫീസും കാര്യങ്ങളും നോക്കിയിരുന്നത്…

അവളത് കേട്ട് മിണ്ടാതെ നിന്നതെ ഉള്ളൂ..

ശ്രുതി മോളെ, വിവാഹം കഴിഞ്ഞ അന്ന് മുതൽ ഒരു തെറ്റും ചെയ്യാത്ത ആ പാവം ചെക്കനെയും ആ അമ്മയെയും അക്ഷരാർത്ഥത്തിൽ ശിക്ഷിക്കുക ആയിരുന്നു..പ്രവീണിന്റെ വീട്ടിലെ സന്തോഷവും സുരക്ഷിതത്വവും നിനക്ക് ഈ ലോകത്ത് എവിടെയും കിട്ടില്ല മോളെ…;

പിന്നീടുള്ള രാത്രികളിൽ അവൾക്ക് ശരിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല..അടുത്ത ഫീസ് അടക്കേണ്ട ദിവസങ്ങളിൽ അവള് ഓഫീസ് റൂമിന് പുറത്ത് അവനെയും കാത്തു നിന്നു..അങ്ങനെ അവള് കണ്ടു, ഒരു ഓട്ടോയിൽ പ്രവീൺ വന്നിറങ്ങി ഓഫീസിലേക്ക് കയറി പോകുന്നത്..ജനാലയിൽ കൂടി ശ്രുതി കണ്ടു, തന്റെ എക്സാം ഫീസ് അടക്കുന്ന തന്റെ ഭർത്താവിനെ..ഫീസ് അടച്ചു കഴിഞ്ഞ് പുറത്തേക്ക് വന്ന പ്രവീൺ അവളെ കണ്ടു..

“അല്ല ശ്രുതി ഇതെന്താ ഇവിടെ..? ക്ലാസ് ഇല്ലെ..! തനിക്ക് സുഖമാണോ…? അച്ഛനെ ഞാൻ കാണാറുണ്ട് ഇടക്ക്…!”

അവളുടെ കണ്ണുകൾ നിറഞ്ഞു..പ്രവീൺ ചോദിച്ചതിന് മറുപടിയൊന്നും പറഞ്ഞില്ല അവള്..

“എന്നാ ഞാൻ പോട്ടെ, അമ്മ ഒറ്റയ്ക്കാ അവിടെ..; സന്ധ്യക്ക് മുമ്പ് എത്തണം വീട്ടിൽ..”
അതും പറഞ്ഞ് പ്രവീൺ നടന്നു…

അവള് നേരെ ഓഫീസിലേക്ക് ചെന്ന് തന്റെ ഫീസ് അടച്ച രസീതിന്റെ കോപ്പി വാങ്ങി പ്രവീണിന്റെ നമ്പർ എടുത്തു..എക്സാം കഴിയുന്നതിന്റെ തലേന്ന് അവള് ഒരു കുറ്റബോധത്തോടെ അവനെ വിളിച്ചു..

അവളുടെ കാൾ കണ്ടതോടെ അവന് സന്തോഷം അടക്കാനായില്ല..

“ഹലോ ചേട്ടാ…! “

എന്താ ശ്രുതി ഒന്നും മിണ്ടാത്തത്..? പറയ് എന്താടോ കാര്യം..! കല്യാണം കഴിഞ്ഞ് ഒന്നര വർഷം വേണ്ടി വന്നൂലെ ഭർത്താവിന്റെ ഫോണിലേക്ക് വിളിക്കാൻ..പിന്നെ ഇപ്പൊ ചേട്ടാ എന്നു വിളിച്ചത് ഞാൻ ഒത്തിരി ആഗ്രഹിച്ച ഒരു വിളിയാ..!

“പ്രവീൺ ചേട്ടാ, നാളെ എന്റെ എക്സാം കഴിയും..എല്ലാരും വീട്ടിലേക്ക് പോവും, ഞാൻ ഒറ്റക്കാ ഇവിടെ..! എന്നെ കൊണ്ടോവാൻ വരോ..?”

അതിനെന്താ ഞാൻ നാളെ എക്സാം കഴിയുന്ന സമയത്ത് അവിടെ ഉണ്ടാവും…എന്നാ ശ്രുതി ഇറങ്ങിക്കോ, നാളെ എക്സാം എഴുതാനുള്ളതാ..!

അതും പറഞ്ഞ് പ്രവീൺ ഫോൺ കട്ട് ചെയ്തു..അവള് ആ നിമിഷം സ്വയം ശപിച്ചു..

പിറ്റേന്ന് വൈകീട്ട് ഹോസ്റ്റലിൽ നിന്നും ബാഗും മറ്റും പാക്ക്‌ ചെയ്ത് പുറത്ത് വന്നപ്പോ പ്രവീൺ അവിടെ ഉണ്ടായിരുന്നു…അവൻ ഓടി ചെന്ന് അവളുടെ ബാഗും വാങ്ങി ഒരു ഓട്ടോയ്ക്ക് കൈ കാണിച്ച് അവളെയും കയറ്റി ബസ് സ്റ്റാൻഡിലേക്ക് തിരിച്ചു..അവനോട് സംസാരിക്കാൻ ശ്രമിച്ചു എങ്കിലും പ്രവീൺ അത് ശ്രദ്ധിച്ചതെ ഇല്ല…

ബസിൽ കയറി അവളെ ഒരു സൈഡ് സീറ്റിൽ ഇരുത്തി അവനും ഒപ്പം ഇരുന്നു..
പോകുന്ന വഴിക്ക് അവള് അവന്റെ കയ്യിൽ പിടിച്ചിട്ട് തോളത്തേക്ക്‌ തല വെച്ചിട്ട് ചോദിച്ചു,

“എന്നോട് വെറുപ്പാവും അല്ലേ ചേട്ടാ..!”

പിന്നില്ലാതെ, ഭയങ്കര വെറുപ്പാ…അതാണല്ലോ എല്ലാ തിരക്കും മാറ്റി വെച്ച് നിന്നെ കൊണ്ടു വരാൻ ഇങ്ങോട്ടേക്കു വന്നത്..അമ്മയ്ക്ക് പനിയാ, നിന്റെ അച്ഛനെയും അമ്മയെയും വീട്ടിൽ കൊണ്ട് നിർത്തിയിട്ടാണ് പോന്നത്..

” ആ പാവം അമ്മയോട് പോലും ഞാൻ അകൽച്ച കാണിച്ചു..വേണമെന്ന് വെച്ചിട്ടല്ല,ആഗ്രഹിച്ചത് നടക്കാതെ ആയപ്പോ ഞാൻ, പക്ഷേ സാഹചര്യം കൂടി ഞാൻ നോക്കണമായിരുന്നൂ..ദൈവം ചേട്ടനെ പോലൊരു നല്ല ഭർത്താവിനെയും ഒരമ്മയെയും തന്നു എനിക്ക്..പക്ഷേ അത് മനസിലാക്കാൻ സമയമെടുത്തു എനിക്ക്…

ചേട്ടാ എന്നോട് ക്ഷമിക്കണേ എന്ന് പറയാൻ കൂടി അർഹതയില്ല എനിക്ക്..ഈ ബന്ധം വേണ്ടെന്ന് അച്ഛനോട് ഞാൻ ഒരു നൂറ് വട്ടം പറയുമ്പോഴും അച്ഛൻ എന്നോട് പറയും, ‘ ഒരിക്കൽ നിനക്ക് മനസ്സിലാവും എന്ന് ‘… ഒന്നര വർഷം വേണ്ടി വന്നു എനിക്കത് മനസിലാക്കാൻ… ചേട്ടാ എന്റെ ആയുസ്സിൽ നിന്ന് എനിക്ക് ഒത്തിരി സന്തോഷിക്കാനും ജീവിക്കാനുമുള്ള സമയമാണ് ഞാനിപ്പോ നഷ്ടപ്പെടുത്തിയത്…ഇനി എനിക്കത് തിരിച്ച് തരാൻ കഴിയോ..?”

ശ്രുതീ, താൻ ഇപ്പൊ ഇതൊക്കെ പറഞ്ഞത് എന്റെ തോളിൽ ചാരി കിടന്നു കൊണ്ടാണ്..അത് മാത്രം മതി എനിക്ക് എല്ലാം മറക്കാൻ.. അതിനു മറക്കാൻ വേണ്ടി ഇന്നെ വരെ ഒന്നും മനസ്സിൽ വെച്ചിട്ടില്ല..

വീട്ടിലേക്ക് കയറി ചെന്നപ്പോ അവളുടെ അച്ഛൻ കണ്ട കാഴ്ച അവർക്ക് മനസ്സ് നിറയ്ക്കുന്ന ഒന്നാണ്..ശ്രുതി അവന്റെ കയ്യിൽ ഒരു കുഞ്ഞിനെ പോലെ വട്ടം പിടിച്ചിട്ടുണ്ട്.. ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

അന്ന് രാത്രി ഒരേ മനസ്സുമായി രണ്ടു പേരും കിടക്കാനായി മുറിയിൽ കയറി.. ശ്രുതി അവന്റെ കാൽക്കൽ വീണ് പൊട്ടിക്കരഞ്ഞു കൊണ്ട് മാപ്പ് പറഞ്ഞു..അവളെ പിടിച്ചെഴുന്നേൽപ്പിച്ച് അവൻ പറഞ്ഞു,

“നോക്ക് ശ്രുതി മോളെ, എല്ലാം കഴിഞ്ഞു, ഇന്നലെ വരെയുള്ളത് ഓർക്കാനെ പാടില്ല, കേട്ടല്ലോ..; നമ്മുടെ ഈ കൊച്ചു വീട്ടിൽ കണ്ണീരും സങ്കടവും ഒന്നും വേണ്ട..സന്തോഷം മാത്രം മതി…”

അന്ന് മുതൽ ശ്രുതിയും പ്രവീണും ജീവിച്ചു തുടങ്ങി..ദൈവങ്ങൾ പോലും അസൂയപ്പെടുന്ന ഇണക്കങ്ങളും പിണക്കങ്ങളും ഉള്ള കൊച്ചു ജീവിതം..

~ജിഷ്ണു രമേശൻ