അഖിൽ പുറത്തായതിനാൽ അവന്റെ അമ്മ രാധയും പെങ്ങൾ വേണിയുമാണ് ആദ്യമായി ചന്ദനയെ പോയി കണ്ടത്…

ഇനിയുമേറെ ദൂരം…

Story written by Neethu Parameswar

====================

ചന്ദന…അവളെ നിങ്ങൾക്ക് ചിലപ്പോൾ പരിചയമുണ്ടായിരിക്കാം…ഞാൻ പറയുന്നത് ചന്തു എന്ന ചന്ദനയുടെ കഥയാണ് ഒരർത്ഥത്തിൽ ഇത് വെറുമൊരു കെട്ടുകഥയല്ല അവളുടെ ജീവിതമാണ്..ഇപ്പോഴും ചില പെൺക്കുട്ടികളെങ്കിലും ഉണ്ടാവാം അവളെ പോലെ..

അഖിയേട്ടാ…അങ്ങനെ മാത്രമേ ഇതുവരെ ചന്ദന അവനെ വിളിച്ചിട്ടുള്ളൂ..ഡിവോഴ്സ് നേടി കോടതിക്ക് പുറത്തേക്കിറങ്ങുമ്പോഴും അവസാനമായി അവളുടെ വിളിക്കൊന്ന് അവൻ കാതോർക്കുമെന്നവൾ വെറുതെ ആശിച്ചു..”അഖിയേട്ടാ.. അവൾ ഉറക്കെ വിളിച്ചെങ്കിലും ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അവൻ കാറിൽ കയറി..

അമ്മയും ഏട്ടനും അവളെ പിടിച്ചുകൊണ്ട് വണ്ടിയിൽ കയറ്റി തല കറങ്ങുന്നത് പോലെ തോന്നി അവൾക്ക്…ചന്ദന കാറിന്റെ സീറ്റിൽ തല ചായ്ച്ചു കിടന്നു..കണ്ണുകൾ കാണാൻ വയ്യാത്ത വിധം കണ്ണുനീർ വന്ന് മൂടി..

“ചന്തു കരയാതിരിക്കൂ എന്തായാലും ഇങ്ങനെയൊക്കെയായി രണ്ട് കുഞ്ഞുങ്ങൾ ഉള്ളതാ..അവരെ നോക്കണ്ടേ “ഏട്ടൻ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ടിരുന്നു…അവളുടെ അമ്മ ഗൗരി ഒന്നും മിണ്ടിയില്ല എങ്ങനെ മിണ്ടും ആകെയുള്ളൊരു പോന്നുമോൾക്കാണ് ഇങ്ങനെ ഒരു ഗതി വന്നിരിക്കുന്നത്…

ആറ് വർഷങ്ങൾക്ക്‌ മുൻപാണ് ചന്ദനയുടെ വിവാഹം അഖിലുമായി നടക്കുന്നത്..അന്ന് കാണാൻ അതീവ സുന്ദരിയായിരുന്നു അവൾ…ഭംഗിയിൽ എഴുതിയ വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയും നല്ല ഗോതമ്പിന്റെ നിറവുമുള്ള അവളെ ആര് കണ്ടാലും ഒന്ന് നോക്കും…

അഖിൽ പുറത്തായതിനാൽ അവന്റെ അമ്മ രാധയും പെങ്ങൾ വേണിയുമാണ് ആദ്യമായി ചന്ദനയെ പോയി കണ്ടത്…

“വിദ്യാഭ്യാസം ഇച്ചിരി കുറവായാലെന്താ ആള് കാണാൻ സുന്ദരിയാണ് എന്താ ഒരു ഐശ്വര്യം ഇത് തന്നെ മതി…വേണി ഉറപ്പിച്ചു പറഞ്ഞു..അച്ഛനും അമ്മയും അത് ശരി വച്ചു..

അഖിൽ വന്നതിന് ശേഷം അവളെ പോയി കണ്ടു..അവന് നന്നെയങ് ബോധിച്ചു…ശാലീന സുന്ദരിയായ ഒരു പെൺകുട്ടിയെ ആർക്കാണ് ഇഷ്ടമാവാത്തത്…

പെണ്ണുങ്ങൾക്ക്‌ എന്തിനാ അധികം വിദ്യാഭ്യാസം..അവനത് പറയുമ്പോൾ അവനും വിദ്യാഭ്യാസം കുറവല്ലെയെന്നോർത്തു..എന്റെ ഭാര്യയെ അല്ലെങ്കിലും ജോലിക്ക് വിടാനൊന്നും എനിക്കിഷ്ടമല്ല…ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇങ്ങനെ ഒരു അവതാരമോ എന്ന് കേൾക്കുന്നവർ ചിന്തിക്കും പക്ഷേ അവൻ പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്നിപ്പോഴും വണ്ടി പിടിച്ചിട്ടില്ലെന്ന് തോന്നുന്നു…

ചന്ദനയുടെയും അഖിലിന്റെയും വിവാഹം ആർഭാടമായി തന്നെ നടന്നു..അവൾ അഖിലിന്റെ പെണ്ണായി വലതുകാൽ വച്ച് വീട്ടിലേക്ക് കയറി..

ചന്ദനയുടെ വീട്ടിലേക്ക് പോയാൽ അഖിലിന് അവിടെ നിന്ന് സ്വന്തം വീട്ടിലേക്ക് വരാനേ ഇഷ്ടമുണ്ടായില്ല..അവന്റെ അമ്മ അവന് വേണ്ടി കഴിച്ച വഴിപാടിനെക്കാളും അധികം അമ്മായിഅമ്മ തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന് വിവാഹം കഴിഞ്ഞ നാളുകളിൽ അഹങ്കാരത്തോടെ അവൻ പറഞ്ഞു..

കളങ്കം ഒട്ടും തന്നെയില്ലാത്ത ഒരു പാവം പെൺകുട്ടിയായിരുന്നു ചന്ദന..ഈ കാലത്ത് ഇങ്ങനെയും പാവം പിടിച്ച പെൺകുട്ടികൾ ഈ സമൂഹത്തിന് ചേരുന്നതല്ല എന്ന് തോന്നി…ഒറ്റ മകളായതുകൊണ്ടും കാര്യങ്ങൾ അന്വേഷിക്കാൻ അവളുടെ വീട്ടിൽ ഒരുപാട് ആളുകൾ ഉള്ളത് കൊണ്ടും അവളെ പുറത്തേക്കൊന്നും വിട്ടിരുന്നില്ല അതുകൊണ്ട് തന്നെ അവൾക്ക് തനിച്ച് ഒരിടത്ത് പോവാനോ കാര്യങ്ങൾ ചെയ്യാനോ അറിയുമായിരുന്നില്ല..

പക്ഷേ ആരോടും അസൂയയില്ലാതെ നിഷ്കളങ്കതയുള്ള പെൺക്കുട്ടിയായിരുന്നു അവൾ..ഇപ്പോഴത്തെ പെൺകുട്ടികളിൽ നിന്നും ഏറെ വ്യത്യസ്തത അവൾക്കുണ്ടായിരുന്നു…തന്റെ ഭർത്താവ് തനിക്ക് മാത്രം സ്വന്തമാണെന്ന സ്വാർത്ഥതയൊന്നും അവൾക്കുണ്ടായിരുന്നില്ല…വിവാഹത്തിന് ശേഷവും അഖിലിനെ അമ്മയും പെങ്ങളും ഏറെ സ്വാധീനിച്ചു..പലപ്പോഴും അവർക്കൊരോന്നു വാങ്ങി കൊടുക്കുമ്പോൾ അഖിൽ ചന്ദനയെ മറന്നു..അവൾക്കതിലൊന്നും പരാതി ഇല്ലാതിരുന്നതിനാലാവാം..ഗൾഫിൽ നിന്നും നാട്ടിലേക്ക് ലീവിന് വരുമ്പോഴും അമ്മയെയും പെങ്ങളെയും ബൈക്കിൽ കൊണ്ട് നടക്കുന്ന അവനെ കണ്ട് ചന്ദനയുടെ സ്വഭാവത്തിൽ ഞാനും അത്ഭുതപ്പെട്ടു…

വിവാഹം കഴിഞ്ഞ കുറച്ചുനാൾ ശാന്തമായിരുന്നു ജീവിതം..ആദ്യമൊക്കെ മോളെയെന്നേ അവൻ അവളെ വിളിക്കുമായിരുന്നുള്ളൂ…പിന്നീട് പേരായി വിളി..പിന്നീട് “ഡീ “എന്നും അതിന് ശേഷം മറ്റു പലതിലേക്കും ആ വിളി പുരോഗമിച്ചു കൊണ്ടിരുന്നു..

അന്നൊരു നാളിൽ ഒരു ഫങ്ക്ഷനിൽ വച്ച് അഖിലിന്റെ അമ്മ രാധയുടെ പേഴ്‌സ് കാണാതെ പോയി..ആ പേഴ്‌സ് മരുമകളുടെ കയ്യിലാണ് കൊടുത്തതെന്നും അവൾ അത് സൂക്ഷിച്ചില്ലെന്നും പറഞ്ഞ് ഒരുപാട് ആളുകളുടെ മുൻപിൽവച്ച് രാധ അവളെ വഴക്ക് പറഞ്ഞു..പിന്നീട് താൻ വകയിൽ ഒരു അമ്മായിയുടെ കൈയിലാണ് പേഴ്‌സ് കൊടുത്തതെന്നറിഞ്ഞിട്ടും രാധ അവളോട് ഒരു സോറി പോലും പറഞ്ഞില്ല..അവൾ രാധയോട് എതിർത്തൊന്നും പറഞ്ഞതുമില്ല…

ആ സന്ദർഭം കണ്ട് കണ്ണ് നിറക്കാനേ ചന്ദനയുടെ അമ്മയ്ക്കും കഴിഞ്ഞുള്ളു..പിന്നീട് ഒരു ദിവസം “എന്റെ മോളെ മുതിർന്നവരോട് എതിർത്തൊന്നും പറയാൻ പഠിപ്പിച്ചിട്ടില്ല പക്ഷേ അതിപ്പോൾ തെറ്റായി പോയി” എന്നവളുടെ അമ്മ പറഞ്ഞു…എന്തിനാണ് പെണ്മക്കളെ അടക്കിയൊതുക്കി വളർത്തുന്നത് അവർ സ്വാതന്ത്ര്യത്തോടെ വളരട്ടെ..തെറ്റിനെ കണ്ടാൽ എതിർക്കാനുള്ള ശേഷി അവർക്ക് കൈ വരട്ടെ…ഞാൻ മനസ്സിലോർത്തു..

വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവർക്ക് ഒരു കുഞ്ഞ് ജനിച്ചു…അവളെ പോലെ സുന്ദരിയായൊരു പെൺകുഞ്ഞ്…പക്ഷേ അപ്പോഴേക്കും അവളുടെ സൗന്ദര്യം ഏറെ നഷ്ടപ്പെട്ടിരുന്നു..വണ്ണമൊക്കെ കുറഞ്ഞ് കവിളൊക്കെ ഒട്ടി പഴയ ആ ചന്ദന ആണെന്ന് പെട്ടെന്ന് കാണുന്നവർക്ക് സംശയം തോന്നും…”സ്നേഹിക്കപ്പെടുന്ന സ്ത്രീ നമ്പ്യാർവട്ട പൂവുപോലെയാണ് അവളുടെ മുഖം എപ്പോഴും സുന്ദരമായിരിക്കും” എന്ന മാധവിക്കുട്ടിയുടെ വരികൾ എവിടെയോ വായിച്ചത് എനിക്കോർമ്മ വന്നു…അവളിലെ നിഷ്കളങ്കതയും ചിരിയും മാത്രം അപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ടായില്ല..

പിന്നീട് വേണിയുടെ വിവാഹം കഴിഞ്ഞു..അവൾക്ക് വേണ്ടി തന്റെ ആഭരണങ്ങളിലേറെയും ചന്ദന സന്തോഷപൂർവ്വം നൽകി..”എന്തിനാ മോളെ ഇതെല്ലാം അവൾക്ക് കൊടുത്തത് കുറച്ചെങ്കിലും മാറ്റി വയ്ക്കാമായിരുന്നില്ലേ എന്ന് അവളുടെ അമ്മ ചോദിച്ചു..

“അത് സാരല്യ അമ്മേ എല്ലാം ഉണ്ടാവും അഖിയേട്ടൻ എല്ലാം ഇനിയും വാങ്ങി തരും” എന്നവൾ പറയുമ്പോൾ അത്ഭുതത്തിലേറെ എനിക്കവളോട് സഹതാപമാണ് തോന്നിയത്..ഇങ്ങനെയും ഒരു പാവമായല്ലോ കഷ്ടം എന്നെനിക്ക് തോന്നി…ഭർത്താവ്, അവരുടെ വീട്ടുകാർ എല്ലാം ശരിയാണ് കൊടുക്കുന്നത് കൊണ്ട് ഒരു തെറ്റും ഇല്ല.. പക്ഷേ അവൾക്കവിടെ ഒരു വിലയും ഇല്ല എന്ന് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു…

സ്ത്രീധനം അവർ പ്രതീക്ഷിച്ച പോലെ കിട്ടിയില്ലെന്നു പിന്നീട് മനസ്സിലായി..ഒരുപാട് സ്ഥലവും കാര്യങ്ങളും കണ്ടപ്പോൾ എല്ലാം ഇവർക്കുള്ളതാണെന്ന് അഖിലും വീട്ടുകാരും തെറ്റിദ്ധരിച്ചു അത്രേ..പക്ഷേ അതിൽ പലതും ഭാഗത്തിൽ പോയി..ചുറ്റുപാട് നോക്കിയല്ലേ ഇപ്പോൾ സ്ത്രീധനത്തിന്റെ അളവ് മനസ്സിലാക്കുക ചോദിക്കാൻ നാണക്കേടല്ലേ…വീട്ടിൽ പോയി കണ്ടും പലരോടും ചോദിച്ചും കിട്ടാനുള്ളത് മനസ്സിലാക്കും നമ്മളോടോപ്പം തോളോട് തോൾ ചേർന്നതാണെങ്കിൽ കെട്ടും…എന്നിട്ടോ നാലാളോട് പറയുമ്പോൾ സ്ത്രീധനം ആയി ഒന്നും ചോദിച്ചിട്ടില്ല എന്ന് ഗമ പറയും അതല്ലേ ഇപ്പോഴത്തെ ട്രെൻഡ്…

രണ്ട് കുട്ടികൾ ആയതിന് ശേഷം അവളെ തീരെ ആ വീട്ടുകാർക്ക് വേണ്ടാതായി…അവൾക്ക് ഒന്നും അറിയില്ലെന്നായി..എവിടേക്കും പോകാൻ അറിയില്ലെന്നായി..പരാതികൾ ഏറെയായി..

അഖിൽ ഒരുപാട് ആളുകളുടെ മുൻപിൽ വച്ച് പോലും ഭാര്യയുടെ കുറ്റങ്ങൾ പറഞ്ഞ് അവളെ പരിഹസിച്ചു..അപ്പോഴും അവനത് പറയുമ്പോൾ ആ ആൾക്കൂട്ടം യഥാർത്ഥത്തിൽ അവനെ പരിഹസിക്കുകയാണെന്ന് അവൻ അറിഞ്ഞില്ല…രാധയും വേണിയും പലപ്പോഴും അവളുടെ കുറ്റങ്ങൾ കണ്ടെത്തി…അവളോട് കുറച്ച് താൽപ്പര്യം അവിടെ അച്ഛന് മാത്രം ആയിരുന്നു…അയാളും അവരോടൊപ്പം ചേർന്നപ്പോൾ ആ പെൺകുട്ടി തീർത്തും തനിച്ചായി…

തീരെ പറ്റാതായപ്പോൾ അവളുടെ വീട്ടുകാർ വന്നവളെ കൊണ്ടുപോയി..രണ്ട് കുട്ടികളുമായി അവൾ ജീവിതത്തിനോട് പൊരുതി..ആ കുഞ്ഞുങ്ങൾക്കായി ജീവിക്കാം എന്നവൾ കരുതി കാണും…

അവൻ ആണല്ലേ അവന് വേറെ പെണ്ണിനെ കിട്ടുമെന്നൊക്കെ ചിലർ പറയുന്നത് കേട്ടു..ഡിവോഴ്സ് ആയാൽ വേറെ വിവാഹം കഴിക്കാൻ ഒരുങ്ങി നിൽക്കുകയാണ് അവനെന്ന് അറിഞ്ഞു…

പക്ഷേ അവളെ പോലെ ഒന്നിനും ഒരു അളവുകോൽ വെക്കാതെ.. എല്ലാവരെയും ഒരേ കണ്ണ് കൊണ്ട് കാണുന്ന.. സ്നേഹിക്കുന്ന..ഒരു പെണ്ണിനെ ഇനി കിട്ടുമോ..കുറവുകൾ ഉണ്ടായിരിക്കാം അത് എല്ലാവർക്കും ഉള്ളതല്ലേ മാറ്റാൻ സാധിക്കുന്നതല്ലേ..എന്തൊക്കെയായാലും മനസ്സിൽ ഒരുപാട് നന്മകൾ ഉള്ള പെൺകുട്ടിയായിരുന്നു അവൾ..

ഇതുപോലെ ജീവിതങ്ങൾ തകരുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ടാവാം…ഇനിയെങ്കിലും പെൺകുട്ടികളെ വളർത്തുമ്പോൾ സ്വന്തം കാര്യങ്ങൾ നോക്കാനുള്ള പ്രാപ്തിയോടെ വളർത്തുക..തെറ്റ് കണ്ടാൽ എതിർക്കാനുള്ള ചങ്കൂറ്റം പകർന്ന് നൽകുക…ശരിയുടെ കൂടെ നിൽക്കാനും അവൾക്ക് കഴിയട്ടെ…സ്നേഹിക്കുന്നവരെ അവൾ ചേർത്ത് നിർത്തട്ടെ അതുപോലെ ജീവിക്കാൻ അനുവദിക്കാത്തവരോട് ചെറുത്ത് നിൽക്കാനുള്ള മനശക്തി അവൾക്ക് ഉണ്ടാവട്ടെ…തളരാതെ കാലിടറാതെ അവളും ജീവിക്കട്ടെ..

~NeethuParameswar