അയാളെക്കുറിച്ച് കൗതുകത്തോടെ പറയുന്നവളെ ഓർത്തു. പേര് പോലും അറിയാത്ത കാഴ്ചയിൽ…

ഒറ്റുചുംബനം

Story written by Athira Sivadas

====================

“അഷ്ടമി, നിനക്കൊന്ന് കാണണ്ടേ അയാളെ…”

വേണ്ടായെന്ന് ഇരുവശത്തേക്കും തല ചലിപ്പിച്ചുകൊണ്ട് പറയുന്നവളെ ഞാൻ അലിവോടെ നോക്കി. അവൾക്ക് വേദനിക്കുന്നത് പോലെ എനിക്കും ആ നിമിഷം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.

“ഇന്ന് കണ്ടില്ലെങ്കിൽ പിന്നെ ഇനി അയാളെ കാണാൻ കഴിയില്ല…”

പിന്നെയും തല ഇരുവശത്തേക്ക് ചലിപ്പിച്ചതല്ലാതെ അവളൊരക്ഷരം മിണ്ടിയില്ല.

മുറിയിൽ അവളെ തനിച്ചു വിട്ട് ഞാൻ പുറത്തേക്കിറങ്ങി. അയാളെക്കുറിച്ച് കൗതുകത്തോടെ പറയുന്നവളെ ഓർത്തു. പേര് പോലും അറിയാത്ത കാഴ്ചയിൽ അലസനെന്നും ദുശീലക്കാരനെന്നും തോന്നിക്കുന്നയാളോട് അഷ്ടമിയെ പോലൊരു കുട്ടിക്ക് എങ്ങനെ പ്രണയം തോന്നി എന്നത്  ഒരത്ഭുതമായിരുന്നു. എങ്കിലും അയാളെക്കുറിച്ചുള്ള അവളുടെ വീക്ഷണങ്ങളൊക്കെ ഞാൻ കൗതുകത്തോടെ കേട്ടിരിക്കും.

ടൗണിലെ ലൈബ്രറിയിലിരുന്ന് സി ഗരറ്റ് വലിച്ചതിന് കലഹിച്ചുകൊണ്ടായിരുന്നത്രെ തുടക്കം. എങ്ങനെയൊക്കെയോ വഴക്കുകൾക്കൊടുവിൽ രണ്ട് പേരും സുഹൃത്തുക്കളായി. ഒരേപോലെ ചിന്തിക്കുന്ന ഒരേ വേവ്ലെങ്തിലുള്ള ഒരാളെ ഭാഗ്യമുള്ള മനുഷ്യർക്ക് മാത്രേ കിട്ടുകയുള്ളു എന്നവൾ എപ്പോഴും പറയാറുണ്ട്.

ഏറ്റവുമടുത്ത സുഹൃത്തായ എനിക്ക് പോലും അഷ്ടമിയുടെ പല ചിന്തകളും ഭ്രാന്തായാണ് തോന്നിയിട്ടുള്ളത്. എന്നാൽ അവളുടെ ചിന്തകളെ വർണ്ണിക്കുന്ന അവളുടെ ഇഷ്ടങ്ങളെക്കുറിച്ച് വാചാലനായൊരു മനുഷ്യനെ കണ്ടെത്തിയത് മുതൽ അവളുടെ ആനന്തം ചെറുതോന്നുമായിരുന്നില്ല.

“അയാളെ ഓരോ തവണ മീറ്റ് ചെയ്യുമ്പോഴും ഞാൻ ഒരുപാട് എക്സൈറ്റഡ് ആണ് ഹർഷൻ.” എന്നവൾ പറഞ്ഞതോർത്തു. ആ എക്സൈറ്റിങ് മീറ്റിങ്‌സിനപ്പുറം ഇങ്ങനെയൊരു വേദന കാത്തിരിക്കുന്നുണ്ടാകുമെന്ന് അവൾ ഓർത്തിട്ടുണ്ടാവില്ല. അഷ്ടമി വളരെ പ്രാക്ടിക്കലായി ചിന്തിക്കുന്നൊരു പെൺകുട്ടിയാണ്. ഭാവിയെക്കുറിച്ച് ചിന്തകളില്ലാതെ ജീവിതം മുഴുവൻ ഇന്നിൽ ജീവിച്ചു തീർക്കാനാഗ്രഹിക്കുന്ന പെൺകുട്ടി.

ഒരിക്കലൊരു തവണ ഫോർട്ട്‌ കൊച്ചിയിൽ വച്ച് കണ്ടുമുട്ടിയപ്പോൾ അയാൾ സ്വയം ബിലാൽ എന്ന് പരിചയപ്പെടുത്തി. പിന്നീട് ഒരു രാത്രി ആക്രമിക്കാനെത്തിയ നായക്കൂട്ടത്തിൽ നിന്ന് രക്ഷിച്ചപ്പോൾ സേവിയർ എന്ന് പരിചയപ്പെടുത്തി. അങ്ങനെ മുരളി, ക്രൈസ്റ്റ്, സോളമൻ എന്നൊക്കെ പലപേരുകൾ. അഷ്ടമിയെ എപ്പോഴും എക്സൈറ്റ് ചെയ്യിപ്പിക്കുന്ന, സംഗീതവും, സാഹിത്യവുമുള്ള അയാൾ എനിക്കൊരു വിചിത്രജീവിയായിരുന്നു. ഓരോ തവണ പേരു ചോദിക്കുമ്പോഴും ഓരോന്നാണ് പറയുക. അന്തവും കുന്തവുമില്ലാതെ ഓരോന്ന് പറയുന്ന അയാളോട് എനിക്ക് വലിയ താല്പര്യമില്ലായിരുന്നെങ്കിലും അഷ്ടമിക്ക് അയാളൊരു കൗതുക വസ്തുവായിരുന്നു.

ഒരു വിധത്തിലാണ് അഷ്ടമിയെ വിളിച്ചു കാറിൽ കയറ്റിയത്. മരണശേഷം ഒരു അനാഥശവം പോലെ മാട്ടാഞ്ചേരിയിലെവിടെയോ അയാളുടെ ശരീരം കിടപ്പുണ്ടെന്നറിഞ്ഞത് മുതൽ തുടങ്ങിയ ഇരുപ്പാണ്, ഒന്നും പറയാതെ… എന്തിന് ഒന്ന് കരയുക കൂടി ചെയ്യാതെ…

“അഷ്ടമി…” വിളി കേട്ടില്ല. പക്ഷേ കൃഷ്ണമണികൾ മെല്ലെയൊന്നു ചലിച്ചതായി തോന്നി.

“ഹർഷാ…” വല്ലാതെ മരവിച്ചു പോയിരുന്നു അവളുടെ സ്വരം.

“ഹർഷാ നിനക്കറിയോ, ആദ്യായിട്ടാ അയാളെ കാണാനായി ഞാൻ പോകുന്നത്.
അല്ലാത്തപ്പോഴൊക്കെ അപ്രതീക്ഷിതമായേ കണ്ടുമുട്ടിയിട്ടുള്ളു.” ഇരുന്ന ഇരുപ്പിൽ നിന്ന് ദൃഷ്ടി നീക്കാതെ അവൾ അത്രമാത്രം പറഞ്ഞു.

യാദൃശ്ച്ചികമായ കണ്ടുമുട്ടലുകൾക്ക് ഭംഗിയേറെയാണെന്ന് അവളെപ്പോഴും പറയാറുള്ളത് ഞാനോർത്തു. കായലും, കടലും, കോഫി ഷോപ്പും, ലൈബ്രറിയും, എന്തിന് നഗരത്തിലെ തെരുവുകൾ പോലും അവരുടെ കണ്ടുമുട്ടലുകൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. തികച്ചും ആകസ്മികമായ ഭംഗിയുള്ള ചില കണ്ടുമുട്ടലുകൾ.

“അയാളെ അങ്ങ് നന്നാക്കി ഞാൻ അയാളുടെ കൂടെ അങ്ങ് കൂടിയാലോ…” എന്ന ചോദ്യത്തിലായിരുന്നു അവളുടെ പ്രണയം ഒളിഞ്ഞിരുന്നത്. അന്ന് വിലക്കി, അരുതെന്നു പറഞ്ഞു. കൽപ്പാത്തിയിൽ ജനിച്ചു വളർന്ന നമ്പൂതിരിക്കുട്ടിക്ക് അയാൾ ചേരില്ലന്ന് പറഞ്ഞു. പക്ഷേ അവൾ അതൊന്നും ഗൗനിച്ചതേയില്ല. അവർ പിന്നെയും പിന്നെയും കണ്ടുമുട്ടി. എഴുത്തും, പാട്ടും, പ്രകൃതിയുമൊക്കെ അവരുടെ സംഭാഷണങ്ങളിൽ വിഷയമായി.

അയാളെ കാണുമ്പോഴൊക്കെ  കയ്യിലൊരു ഗിറ്റാർ ഉണ്ടായിരുന്നു. അയാൾ ഭംഗിയായി പാടുമെന്ന് ഒരിക്കൽ അവൾ പറഞ്ഞപ്പോൾ മാത്രം വളരെ ചെറിയൊരു സ്നേഹം തോന്നി. കലാകാരന്മാർ എപ്പോഴും സ്തുതിക്കപ്പെടേണ്ടവരാണ്. അത്ഭുതസിദ്ധികൊണ്ട് കേൾവിക്കാരന്റെ ഉള്ളം നിറയ്ക്കുന്നവർ.

ഞാൻ കണ്ട് തുടങ്ങിയ കാലം മുതലേ അഷ്ടമി ജീവിക്കുന്നത് മാധവിക്കുട്ടിയ്ക്കും, ബഷീറിനുമൊക്കെ ഒപ്പമാണ്. ചെറിയ രീതിയിൽ എഴുത്തുമുണ്ട്. മുൻപേ നിശ്ചയിക്കപെടാത്ത തനിച്ചുള്ള യാത്രകൾ. ഉള്ള ഭ്രാന്തുകളിൽ ഏറ്റവും കഠിനം അതാണ്‌. റെയിൽവേ സ്റ്റേഷനിലാണ് ഇരിക്കുന്നതെങ്കിൽ അപ്പോൾ തോന്നുന്ന ട്രെയിനിൽ കയറി തോന്നുന്നിടത്ത് ചെന്നിറങ്ങും. തോന്നുമ്പോൾ തിരിച്ചു വരും. ബസ് സ്റ്റാൻഡിൽ വച്ചാണിനി യാത്രപോകാൻ തോന്നുന്നതെങ്കിലും ഇങ്ങനെ തന്നെ.

അവളുടെ ഇഷ്ടങ്ങൾ വിചിത്രമാണെന്ന് പറഞ്ഞു ഞാൻ കുറ്റപ്പെടുത്താറുണ്ട്. ആദ്യമായി ആയിരിക്കും അവൾ അയാളെപ്പോലെ ഒരാളെ കണ്ടിട്ടുണ്ടാകുക. താനുമായി കണക്ട് ആകാൻ കഴിയുന്ന ആളുകൾ അഷ്ടമിക്കത്ര പ്രിയപ്പെട്ടതാണ്.

പറഞ്ഞറിഞ്ഞ സ്ഥലം തേടി കാർ മുന്നോട്ട് സഞ്ചരിച്ചു കൊണ്ടിരുന്നു. അഷ്ടമി മറ്റേതോ ലോകത്താണെന്ന് തോന്നി. വിരളമായ കൂടിക്കാഴ്ച്ചകളുടെ ഓർമ്മകൾ അവളിപ്പോൾ ഒരു സ്ഫോടനം സൃഷ്ടിക്കുന്നുണ്ടാവണം.

ഇന്നലെകളിലെ ഒരു സായാഹ്നത്തിൽ അയാളോടൊപ്പം കടൽക്കാറ്റേറ്റ് നിൽക്കുകയായിരുന്നു അഷ്ടമി അപ്പോൾ.

കയ്യിലെ ഗിറ്റാറിന്റെ സ്ട്രങ്ങുകളിലൂടെ വിരൽ ചലിപ്പിച്ചുകൊണ്ടയാൾ ബാവ്റാ മൻ ദേഖ്നെ ചലായാ എന്ന് പാടി. പിന്നിൽ ബണ്ണിട്ട് നിർത്തിയിരുന്ന ചെമ്പൻ മുടിയിഴകളിൽ പകുതിയിൽ അധികവും കാറ്റിൽ പറക്കുന്നുണ്ടായിരുന്നു. അയാൾ സ്വയം മറന്ന് ആർദ്രമായി പാടി. ആ ശബ്ദത്തിൽ മയങ്ങി ഞാനും.

“എനിക്ക് നിങ്ങളോട് എന്തോ തോന്നുന്നൂ മനുഷ്യാ…” എന്ന് ആ നേരം ഉറക്കെ പറയണമെന്നുണ്ടായിരുന്നു എനിക്ക്.

പക്ഷേ “ഈ ദുശീലങ്ങളൊക്കെ നിർത്തിയാൽ നിങ്ങൾ അങ്ങ് പെർഫെക്ട് ആയി പോകും” എന്നാണ് അപ്പോൾ പറയാൻ തോന്നിയത്.

അയാൾ ഒന്നും പറഞ്ഞില്ല, മുഖം ചരിച്ചൊന്നു ചിരിച്ച ശേഷം മണൽ തരികളിലൂടെ മുൻപോട്ട് നടന്നു. എന്തെങ്കിലും തിരികെ പറയുമെന്നുകരുതി. പക്ഷേ ഉണ്ടായില്ല.
അതായിരുന്നു അവസാന കൂടിക്കാഴ്ച്ച.

ഓർമ്മകളിൽ നിന്നവൾ പുറത്ത് വന്നപ്പോൾ കാർ മട്ടാഞ്ചേരിയിലെത്തിയിരുന്നു. റോഡിന്റെ ഒരു വശത്ത് തിങ്ങിക്കൂടിയ ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി ഹർഷൻ അഷ്ടമിയുമായി മുൻപോട്ട് നടന്നു.

വെറും മണ്ണിൽ അനാഥ ശവം പോലെ അയാൾ. കണ്ണുകളടച്ച്, ശാന്തമായി ഉറങ്ങുന്നുവെന്നേ തോന്നുകയുള്ളൂ. അയാളുടെ അരികിൽ നിറ മിഴികളോടെ ചേർന്നിരുന്ന അഷ്ടമിയെ ചുറ്റും കൂടി നിന്ന മനുഷ്യരെല്ലാം സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു. അവൾ ആരെയും ശ്രദ്ധിച്ചില്ല. മുഖം കുനിച്ച് അയാളുടെ കീഴ്ച്ചുണ്ടിൽ ശക്തിയായി ചുണ്ടുചേർത്തു… അവർക്ക് മറ തീർക്കാനഴിഞ്ഞു വീണ മുടിയിഴകൾക്കപ്പുറം ഇരുവരും അവരുടേതായ ലോകം തീർത്തു.

അതേ അങ്ങനെ ഒടുക്കം അന്ത്യ ചുംബനം അവളുടെ പ്രണയത്തെ ഒറ്റു കൊടുത്തിരിക്കുന്നു.