അവിടെ സതീശൻ കണ്ടത് തന്റെ ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ ഇളകുന്ന ആദ്യത്തെ കാഴ്ചയിരുന്നു…

Story written by Sarath Krishna

==================

കല്യാണം കഴിഞ്ഞ് നാലിന്റെ അന്ന്….കോർപ്പറേഷൻ ഓഫീസിൽ നിന്ന് കല്യാണം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷയും വാങ്ങി സതീശൻ വീട്ടിലേക്ക് വരുന്ന വഴിയാണ് വീട്ടിലെ മ്യൂസിക് പ്ലേയറിൽ നിന്ന് ചെവിതല കേൾക്കാത്ത വിധം ഏതോ ഒരു തമിഴ് പാട്ട് കേട്ടത്..

അന്ന് വരെ ബാബുരാജൻ മാഷിന്റെയും ദേവരാജൻ മാഷിന്റെയും ശ്രുതി മധുരമായ ഗാനങ്ങൾ മുഴങ്ങി കേട്ട വീട്ടിൽ ഈ മാതിരി പാട്ട് വെച്ചത് ആരാണെന്ന് ഓർത്ത് പല്ലുകൾ തമ്മിൽ കൂട്ടി കടിച്ച് സതീശൻ നടത്തത്തിന്റെ വേഗത കൂട്ടി…

ഇടക്ക് വെച്ചു സിസിലി ചേച്ചി സതീശനെ വേലിയുടെ അടുത്ത് വിളിച്ചു പരാതി പോലെ പറഞ്ഞു

കുറെ നേരമായി തുടങ്ങിട്ടെന്ന്…

പിന്നെ സതീശൻ നടക്കുക അല്ലാ ഓടുകയാണ് ചെയ്തത്….

കലിയോടെ വീട്ടിലേക്ക് ഓടി കയറി….

അവിടെ സതീശൻ കണ്ടത് തന്റെ ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ ഇളകുന്ന ആദ്യത്തെ കാഴ്ചയിരുന്നു..

സ്വന്തം സഹധർമ്മിണി നടലെകത് പാട്ടും വെച്ചു മൊബൈലിലെ ടിക്ക് ടോക്കിൽ നോക്കി തുള്ളുന്നു….

ഓടിയതിന്റെ കിതപ്പ് കാരണം വായേൽ വന്ന തെറി ഒന്നും സതീശന് അവളെ വിളിക്കാൻ പറ്റിയില്ല.

നിന്ന് കിതക്കുന്ന സതീശനെയും നോക്കി തെല്ലു നാണത്തോടെ പാട്ടും ഓഫ് ആക്കി അവൾ മുറിയിലേക്ക് ഓടി…

അടുക്കളയിൽ എത്തി മീൻ വാങ്ങിയ സഞ്ചി അമ്മയുടെ കൈയിൽ കൊടുത്തിട്ട് സതീശൻ ചോദിച്ചു ..

നിങ്ങളൊക്കെ ഇത്ര കാലം എനിക്ക് വേണ്ടി തിരഞ്ഞു നടന്നത് ഇതേ പോലെ ഒരു സാധനത്തിനെ ആണോന്ന്……

ഈ മാതിരി പേ കൂ ത്ത് കാണിക്കുന്നത് കണ്ടിട്ടും ഇവിടെ ആരും ചോദിക്കാൻ ഉണ്ടായില്ലേന്ന്…..

ചോദിച്ച സതീശനെ കുറ്റക്കാരനാക്കി ‘അമ്മ ഒറ്റ പറച്ചിൽ…

അവൾ പാട്ടും ഡാൻസും പഠിച്ച കുട്ടിയാ..”” നിന്നെ പോലെ കലാബോധം തൊട്ട് തീണ്ടാത്തവർക്ക് അതൊന്നും മനസിലാവില്ലന്ന്…

താൻ ഒരു മൂളി പാട്ട് പാടിയാൽ പോലും പ്രോത്സാഹിപ്പിക്കാത്ത അമ്മക്ക് ഇത്ര വേഗം എവിടുന്ന് കലാബോധം ഉണ്ടായെന്ന് ഓർത്ത് സതീശൻ അമ്മയെ നോക്കി…

പുളി പിഴിഞ്ഞോണ്ടിരിക്കുന്ന അമ്മയുടെ കൈയിൽ അവൾ ഇട്ട് കൊടുത്ത ഒന്നര പവന്റെ വളയുടെ തിളക്കം കണ്ടപ്പോൾ അമ്മക്ക് പെട്ടന്ന് ഉണ്ടായ കലാബോധത്തിന്റെ ഉത്ഭവത്തെ കുറിച്ചു പിന്നെ അധികം നേരം ഒന്നും സതീശന് ആലോചിക്കേണ്ടി വന്നില്ല …

മുറിയിൽ എത്തി ഷർട്ട് മാറുന്നതിനിടെ ഒരു മുന്നറിയിപ്പ് പോലെ സതീശൻ അവളോട് പറഞ്ഞു

ഇതൊന്നും ഇവിടെ പതിവില്ലന്ന്…

എടുത്തടിച്ച പോലെ ആയിരുന്നു അവളുടെ മറുപടി …

ഇതൊക്കെ എനിക്ക് ശീലമാ ചേട്ടാ എന്ന്..

അതും പറഞ്ഞു കട്ടിലിൽ ഇരുന്ന് മുഖത്ത്‌ ബാക്കി നിന്നിരുന്ന നാണം അവൾ അങ്ങു ചിരിച്ചു തീർത്തു…..

അടി മുടി തരിച്ചു വന്ന സതീശൻ ശബ്ദം കടുപ്പിച്ചു പറഞ്ഞു

മീൻ വാങ്ങിട്ടുണ്ട് പോയി നന്നാക്കി കൂട്ടാൻ വെക്കാൻ…

അറിയില്ലെന്ന് പറയാൻ ഒരുങ്ങിയ അവൾക്ക് കാര്യം അത്ര പന്തി അല്ലെന്ന് തോന്നി..

അവൾ സതീശനേയും നോക്കി കൊഞ്ഞനം കുത്തി അടുക്കളയിലേക്ക് ഓടി….

കുറച്ചു നേരം അവിടെയും ഇവിടെയും ഒക്കെ ചുറ്റി തിരിഞ്ഞു നിന്ന് അവൾ എന്താ ചെയ്യുന്നതെന്ന് നോക്കാൻ സതീശൻ പമ്മി പമ്മി പിന്നാമ്പുറത്തെക്ക് എത്തി…

അവിടെ സതീശൻ കണ്ടു പൂച്ചകളോട് കിന്നാരം പറഞ്ഞു മീൻ നുള്ളി കളിക്കുന്ന അവളെ…..

റൂമിൽ എത്തി ഫോൺ എടുത്തു കുത്തി ചേച്ചിയെ വിളിച്ചു …….!!

വീട്ടിലെ സ്ഥിതിഗതികൾ ഒക്കെ ഒറ്റശ്വാസത്തിൽ വിശദീകരിച്ച്‌ ചേച്ചിയോട് സതീശൻ ചോദിച്ചു

നിയൊക്കെ കൂടി എന്ത് സാധനത്തിനെയാ എന്റെ തലയിൽ കെട്ടി വെച്ചു തന്നതെന്ന്…?

കല്യാണനിശ്ചയം കഴിഞ്ഞ അന്ന് അവളെ ഒന്ന് അടുത്തറിയാൻ വേണ്ടി വിളിച്ചു സംസാരിക്കാൻ പറഞ്ഞ് അവളുടെ നമ്പറും കൊണ്ട് ഞാൻ നിന്റെ മുറിയിൽ വന്നപ്പോൾ നല്ല കുടുംബത്തിൽ പിറന്ന ആൺപിള്ളേര് ഇതൊന്നും ശീലിച്ചിട്ടില്ലന്ന് പറഞ്ഞ് എന്നെ ആട്ടി പായിച്ച നിനക്ക് ഇതല്ല ഇതിന് അപ്പുറം വരണം എന്ന് പറഞ്ഞ് ചേച്ചി ഫോൺ കട്ട് ആക്കി….

അങ്ങനെ എല്ലാ ഭാഗം കൊണ്ടും മനസമാധാനം നഷ്ട്ടപ്പെട്ട സതീശന് അന്ന് ഉച്ചക്ക് നേരെ ചൊവ്വ ചോർ ഉണ്ണാൻ കൂടി പറ്റിയില്ല..

പക്ഷേ അവൾ ഉണ്ടു..

മീൻ കൂട്ടാനും കൂട്ടി കുഴച്ച് തിമർത്ത്‌ ഉണ്ടു…

തന്റെ വിഷമം കേൾക്കാൻ ഈ വിട്ടിൽ ആരും ഇല്ലന്ന് സതീശന് മനസിലായി…

ഇങ്ങനെ പോയാൽ തന്റെ ജീവിതം കൊഞ്ഞാട്ടയാകും എന്ന് തോന്നിയ സതീശൻ രണ്ടിലൊന്ന് അറിയാൻ തന്നെ തീരുമാനിച്ചു..

കുറ്റങ്ങൾ കണ്ടു പിടിച്ചു ഉപദേശിച്ചു നേരെ നടത്താനായി അവളെ യഥാസമയം വീക്ഷിക്കാൻ തുടങ്ങി…

എപ്പോഴും മൊബൈലിലും കുത്തി അതിൽ നോക്കി ഇരുന്നു ചിരിക്കുന്ന അവളോട് ഫോൺ എടുത്തു വെക്കാൻ പറഞ്ഞു ഉപദേശിച്ചത് രണ്ട് തവണ വഴക്കിൽ അവസാനിച്ചു…

പിന്നെ സതീശൻ ഉപദേശിക്കാൻ തുനിഞ്ഞത് അവളുടെ വേഷവിധാനമായിരുന്നു..

ഉപദേശത്തിന് ഒടുവിൽ ഇത് പോലെ പൊതും പഴുത്തും ഉള്ള ചുരിദാർ അല്ലാതെ നിനക്ക് ഇത് ഇട്ടു കൂടെ എന്നും ചോദിച്ചു സതീശൻ അവൾക്കായി വാങ്ങി വെച്ച ലോഹ പോലത്തെ അഞ്ചാറു നൈറ്റി അവളുടെ മുന്നിലേക്ക് ഇട്ടു കൊടുത്തു…

അയ്യേ എന്നും പറഞ്ഞു അറച്ചു നിന്ന അവളോട് വീണ്ടും കയർക്കാൻ തുടങ്ങിയപ്പോഴായിരുന്നു അമ്മ മുറിയിൽ നിന്ന് വന്ന് അവളെ ഇനി ഒരക്ഷരം പറഞ്ഞാൽ നിന്റെ ചെവിക്കല്ലു അടിച്ചു പൊട്ടിക്കും എന്ന് സതിശനോട് പറഞ്ഞ്..

എല്ലാം കണ്ടും കേട്ടും ഒന്നിലും ഇടപെടാതെ മാറി നടക്കുന്ന അച്ഛനോട് സതീശന് ഒന്നും പറയാനുണ്ടായില്ല.. പക്ഷേ ചോദിക്കാൻ ഉണ്ടായിരുന്നു

അച്ഛന്റെ കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അമ്മ ഇങ്ങനെ ഒക്കെ ആയിരുന്നോ എന്ന്…

അത് കേട്ട് അച്ഛൻ ഒരു ചിരി ചിരിച്ചു ..

അതു തന്നെ കളിയാക്കി ചിരിച്ചതാണോ കാര്യമാക്കി ചിരിച്ചതാണോ എന്നൊന്നും സതീശന് മനസിലായില്ല..

ചെവിക്കല്ലു അടിച്ചു പൊട്ടിക്കും എന്ന അമ്മയുടെ ഭീക്ഷണിയെ തുടർന്ന് അവൾ വീട്ടിൽ എന്തിനും ഏതിനുമുള്ള സ്വാതന്ത്ര്യം നേടി കഴിഞ്ഞിരുന്നു…

അന്ന് അത്താഴം കഴിഞ്ഞു കിടക്കാൻ നേരവും ഫോണിൽ കുത്തി കളിക്കുന്ന അവളെ നോക്കി നീട്ടി പ്രാകി കൊണ്ട് സതീശൻ തലയണ കടിച്ചു പിടിച്ചു തിരിഞ്ഞു കിടന്നു…

സമയം ഏതാണ്ട് പന്ത്രണ്ട് മണിയോട് അടുത്ത് കാണും….

വാതിലിൽ ആരോ മുട്ടി വിളിക്കുന്ന ശബ്ദം കേട്ട് സതീശൻ ഉണർന്നു…

വായു വലിച്ചു കിടന്നിരുന്ന അമ്മയുടെ മാമനെ കാലൻ കൊണ്ട് പോയിട്ടുണ്ടാകും അതിന്റെ മരിച്ചറിപ്പ് പറയാൻ വന്ന ആരെങ്കിലും ആകും എന്നു കരുതി കോട്ടുവായ ഇട്ട് സതീശൻ വാതിൽ തുറന്നു…

ദേ നിൽക്കുന്നു കല്യാണത്തിന്റെ അന്ന് “യോ യോയും “പറഞ്ഞു കൂളിംഗ് ഗ്ലാസ് വെച്ച് ഫോട്ടോ എടുത്ത അവളുടെ കുറെ തല തെറിച്ച ഫ്രണ്ട്സ്…

നിങ്ങൾക് ഒന്നും വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേടാ എന്ന് ചോദിക്കാൻ തുടങ്ങുന്നതിന് മുൻപ് എല്ലാവരും അകത്തേക്ക് ഇടിച്ചു കയറി…..

ശബ്ദം കേട്ട് കണ്ണും തിരുമ്മി എണീറ്റ് വന്ന അവളുടെ മുഖത്തേക്ക് സിനിമാറ്റിക് ഡാൻസുകാർ പൊട്ടിക്കുന്ന സിൽക്കിന്റെ പടക്കം പൊട്ടിച്‌ അവർ ഒരുമിച്ച് ഒറ്റവിളി………..

ഹാപ്പി ബർത്ത് ഡേ അഞ്ചു ഫ്രീ‌ക്കെന്ന്… …….

അവര് കൊണ്ട് വന്ന കേക്ക് മുറിക്കാൻ കത്തി എടുക്കാനായി ഒരുത്തി അടുക്കളയിലേക്ക് ഓടുന്നത് കണ്ടു…

തിന്നതിനേക്കാൾ കൂടുതല് അവര് അത് പരസ്പരം മുഖത്ത്‌ വാരി തേച്ചു..

എല്ലാത്തിനും സാക്ഷിയായി തെങ്ങിന്റെ കടയ്ക്ക് മൂ ത്രം ഒഴിച്ചു മടങ്ങി എത്തിയ അച്ഛനും സതീശന്റെ പിന്നിൽ അന്താളിച്ചു നിന്നു

ഇടയ്ക്ക് വെച്ചു ഒരുത്തൻ സതീശന്റെ കഴുത്തിൽ കൈ ഇട്ട് കണ്ണിറുക്കി ചിരിച്ചു കൊണ്ട് ഒരു ചോദ്യം

” ചേട്ടൻ രാത്രി മുണ്ടാണല്ലേ എന്ന്…

മുണ്ട് മാത്രമല്ല വേറെ ചിലതും ഉണ്ടെന്ന് പറഞ്ഞു പാതി പൊക്കിയ മുണ്ട് പിന്നിൽ നിൽക്കുന്ന അച്ഛനെ ഓർത്ത് സതീശൻ താഴെക്ക് ഇട്ടു…

തിക്കും തിരക്കും ബഹളവും കേട്ട് എണീറ്റ് വന്ന അമ്മക്കും കിട്ടി ഒരു കഷണം കേക്ക്..

അവളുടെ കൂടെ നിന്ന് നാക്ക് നീട്ടിയും വിരൽ മടക്കി പിടിച്ച ഫോട്ടോസും കുറെ ബ്രോ ബ്രോ വിളിയുമായി അവൻമാര് പോയി..

അവൾക്ക് വേണ്ടി തന്റെ ചെവിക്കല്ലു അടിച്ചു പൊട്ടിക്കും എന്ന് പറഞ്ഞ അമ്മയെ സതീശൻ ഒന്ന് തറപ്പിച്ചു നോക്കി..

ഒരു കള്ള ചിരിയും ചിരിച്ചു ഇപ്പോഴത്തെ പിള്ളേരുടെ ഓരോ തമാശകളെ എന്നും പറഞ്ഞു ‘അമ്മ ‘ രാമ നാമവും ചൊല്ലി കിടക്കാൻ പോയി…..

വാ പൊളിച്ചു നിൽക്കുന്ന അച്ഛനോട് സതീശൻ പറഞ്ഞു ‘ കാഴ്ച്ചകൾ എല്ലാം കഴിഞ്ഞു ഇനി പോയി കിടനോളൻ ……

അന്നത്തെ രാത്രി സതീശന് ഉറങ്ങാൻ കഴിഞ്ഞില്ല…

അവളോട് ഒന്നും ചോദിച്ചതുമില്ല….

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ പിറന്നാൾ ആയത് കൊണ്ട് അവളെ വിളിച്ചു അമ്പലത്തിൽ പോകണം എന്ന് സതീശന് ഒരു മോഹം തോന്നി..

7 മണിയായി അവൾ എണീറ്റിട്ടില്ല…

കുറച്ചും കൂടി കിടന്നോട്ടെ എന്നു വെച്ചു കോഴി കൂടും തുറന്ന് ചെടികൾക്ക് വെള്ളവും ഒഴിച്ചു വന്ന് നോക്കി അപ്പൊ സമയം 8 ആയി ….

അപ്പോഴും അവൾ എണീറ്റിട്ടില്ല…

എങ്കിലും സതീശൻ ആത്മനിയന്ത്രണം പാലിച്ചു…

പതിയെ അവളെ കുലുക്കി വിളിച്ചു…

ഓൾ കണ്ണ് തുറന്നു

അമ്പലത്തിൽ പോകാം വേഗം എണീറ്റു കുളിക്കാൻ നോക്കാൻ പറഞ്ഞു..

അലമാര തുറന്ന് സതീശന് അവൾക്ക് വേണ്ടി വാങ്ങി വെച്ചിരുന്ന പച്ച കര സെറ്റ് മുണ്ട്..അവൾക് നേരെ നീട്ടി കൊണ്ട് ഇത് ഉടുത്താൽ മതിയെന്ന് പറഞ്ഞു

സാരി ഉടുക്കാൻ അറിയില്ലെന്നും കല്യാണത്തിന്റെ അന്ന് ഇനി ജീവിതത്തിൽ ഒരിക്കലും സാരി ഉടുക്കില്ലന്ന് അവൾ എടുത്ത തീരുമാനവും സതീശനെ അറിച്ചു…

അത് വരെ ഉണ്ടായിരുന്ന ആത്മനിയന്ത്രണം കൈ വെടിഞ്ഞ് സതീശൻ വളിച്ചതും പുളിച്ചതും നല്ലോണം അവളെ അങ്ങു പറഞ്ഞു…

ഒന്നും കേൾക്കാത്ത മട്ടിൽ പുതപ്പ് ഒന്നും കൂടി തലയിൽ മൂടി അവൾ ഫോണിൽ നോക്കി കിടന്നു…

കുളിച്ചു ഡ്രസ് മാറി പിന്നെ സതീശൻ പോയത് സെന്ററിൽ മൊബൈൽ കട നടത്തുന്ന സുഭാഷിന്റെ കടയിലേക്കായിരുന്നു

ഒരു നെറ്റ് പാക്കും ചെയ്ത് അൺഇൻസ്റ്റാൾ ചെയ്ത് കിടന്നിരുന്ന ഫേസ്ബുക്ക് ലോഗിൻ ചെയ്ത് സതീശൻ അവളുടെ അക്കൗണ്ട് കണ്ടു പിടിച്ച് ഒരു തിരച്ചിൽ നടത്തി….

അവിടെ കണ്ടു അവളുടെ നിരന്തരമായ സെൽഫികൾ…

അതിന് അഞ്ഞൂറും ആറുന്നുറും ലൈക്കും..

കമന്റ് വായിക്കാനുള്ള ത്രാണി കൂടി ഇല്ലാത്തത്കൊണ്ട് സതീശൻ അതിന് മുതിർന്നില്ല….

സ്ക്രോൾ ചെയ്ത് താഴെ പോയപ്പോൾ കല്യാണത്തിന് ബാക്കി വന്ന വളിച്ച പായസം തെങ്ങിന്റെ കടക്കൽ കുഴിച്ചു മൂടുന്ന സതീശന്റെ സ്വന്തം ഫോട്ടോയും സതീശൻ അവിടെ കണ്ടു..

കൂടെ my husband working hardly എന്ന് ഒരു തലക്കെട്ടും…

പിന്നെ സതീശൻ തിരഞ്ഞത് അവളുടെ ഫ്രണ്ട്സ് ലിസ്റ്റ് ആയിരുന്നു..

മുടി മേലോട്ട് നിർത്തിയും. കീറിയ ജീൻസും ഇട്ടും ഒറ്റ കാതിൽ കമ്മൽ ഇട്ടതുമായ കുറെ എണ്ണം…

അതിന് ഇടയിൽ പരിചയമുള്ള ഒരു മുഖം സതീശൻ കണ്ടു…

അതേ…

ഇത് അവൻ തന്നെ….

കുളകടവിലും കുളി മുറിയിലും എത്തി നോക്കുന്ന സരസൻ ചേട്ടന്റെ മകൻ ലിബിഷ്…

അവന്റെ ഫോട്ടോന് ഇവളുടെ വക ലൈകും ..

അത് കണ്ടതും സതീശൻ ഫോണും കൊണ്ട് മുറിയിലേക്ക് ഓടി അവളോട് ചോദിച്ചു ഇതാരാണെന്…

അവൾ പറഞ്ഞു, വരുന്ന റിക്വസ്റ്റ് ഒക്കെ അക്‌സെപ്റ് ചെയ്യും ചേട്ടാ. ആരാണെന്ന് നോക്കാറില്ലന്ന്…

പിന്നെ സതീശന് സ്വയം നിയന്ത്രിക്കാനായില്ല… അവളുടെ അച്ഛനെ വിളിച്ചു മകളെ വന്ന് കൊണ്ട് പോയികൊള്ളാൻ പറഞ്ഞു..

ബുദ്ധിയും ബോധവും വെക്കണ കാലത്ത് ഇവിടെ കൊണ്ടാക്കിയാ മതിയെന്നും പറഞ്ഞു…

അതും പറഞ്ഞു സതീശൻ എങ്ങോട്ടൊക്കെയോ ഇറങ്ങി പോയി..

മടങ്ങി എത്തുമ്പോൾ വീട് ആളൊഴിഞ്ഞ പൂര പറമ്പ് പോലെ ആയിരുന്നു..

വന്ന പാടെ അവൾ പോയോ എന്നറിയാൻ സതീശൻ വീടിന്റെ നാല് ഭാഗവും ഒരു തിരച്ചിൽ നടത്തി..

തുണി തിരുമ്മി ഇടുന്ന അമ്മയോട് ഇടക്ക് വെച്ച് ചോദിച്ചു.

അവൾ പോയോന്ന്……

അതിന് മറുപ്പടി കിട്ടാതെ കണ്ടപ്പോൾ അമ്മയുടെ കൈയിലേക്ക് നോക്കി വള അവിടെ തന്നെ ഇല്ലേന്ന് ഉറപ്പിച്ചു ..

പിന്നെ മ്യൂസിക് പ്ലയറിൽ ഒരു പഴയ മലയാളം പാട്ടും വെച്ചു ഒരു വലിയ മഴ പെയ്ത് തോർന്ന അനുഭൂതിയോടെ സതീശൻ ഉമ്മറത് ചെന്നിരുന്നു..

ദിവസങ്ങൾ അങ്ങനെ കടന്ന് പോയി……

ഒരു ദിവസം രാവിലെ സതിശന്റെ മുന്നിലേക്ക് ചായ കൊണ്ട് വന്ന ‘അമ്മ പറഞ്ഞു..

അവളുടെ അച്ഛൻ വിളിച്ചിരുന്നു എന്ന്…

അവൾക്ക് വിശേഷം ഉണ്ടെന്ന്…..

കേട്ടപ്പടെ കസേരയിൽ നിന്നും ചാടി എണീറ്റ് സതീശൻ അമ്മയോട് ചോദിച്ചു..

സത്യമാണോ എന്ന്..

അവളെ നേരെ കണ്ടാൽ കടിച്ചു കീറാൻ നടന്നിട്ട് ഇതിന് മാത്രം അവൻ ഒരു കുറവും വരുത്തിയില്ലന്നും പറഞ്ഞു പിറുപിറുത്ത്‌ മുഖം കയറ്റി പിടിച്ചു അമ്മ അടുക്കളയിലേക്ക് പോയി…

ആ നിമിഷം തൊട്ട് അവളെ കാണണം തിരിച്ചു വിളിച്ചു കൊണ്ടു വരണം എന്നൊക്കെ സതീശന് തോന്നാൻ തുടങ്ങി…

മൂക്കി മൂളി അമ്മയുടെ അടുത്ത് ചെന്ന് കാര്യം അവതരിപ്പിച്ചു…

Phaaa…….!! എന്നൊരു ആട്ടും പിന്നെ സ്റ്റീൽ ഗ്ലാസ് കൊണ്ട് ഒരു ഏറും….

പിന്നെ അച്ഛനായിരുന്നു അവസാനത്തെ ആശ്രയം ..

ആവശ്യം പറഞ്ഞു ചെന്നപ്പോൾ സതീശന്റെ തോളിൽ കൈ വെച്ചു ഒരു മഹത് വചനം പോലെ അച്ഛൻ പറഞ്ഞു..

ഇറക്കി വിട്ട സ്വന്തം പെണ്ണിനെ തനിച്ചു പോയി വിളിച്ചു കൊണ്ട് വരുന്നതാണ് ആണത്തമെന്ന്…..

വരുന്നതു വരട്ടെ എന്നും കരുതി സതീശൻ കുളിച്ചു കുറി തൊട്ട് അവളുടെ വിട്ടിലേക്കു വണ്ടി കയറി…

അവിടെ ചെന്ന് എത്തുമ്പോൾ അവളുടെ അച്ഛൻ കോലായിൽ തന്നെ ഉണ്ട്..

സതീശനെ ക്ഷണിച്ചു വിളിച്ചു അകത്ത് കയറ്റി ഇരുത്തി…..

ചായയും കൊണ്ട് ‘അമ്മ വന്നു…

വീട്ടിൽ എന്താ ഉണ്ടായതെന്നോ അവളെ എന്താ പറഞ്ഞതെന്നോ സതീശനോട് അവർ ആരും ഒന്നും ചോദിച്ചില്ല..

ചായ കുടി മതിയാക്കി സതീശൻ വാതിലിന്റെ മറവിലേക്ക് എത്തി നോക്കി കൊണ്ട് അമ്മയോട് ചോദിച്ചു അവൾ എവിടെ എന്ന്…

മുറിയിൽ ഉണ്ടന്നും അങ്ങോട്ട് ചെല്ലാനും പറഞ്ഞു…

ആ നിമിഷം സതീശൻ പ്രണയ പ്രവേഷനായി മുറിയിലേക്ക് നടന്നു..

അവിടെ കണ്ടു ജനലഴി പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുന്ന അവളെ…

പൊതും പഴുത്തുകളും ഉള്ള ചുരിദാറിന് പകരം അവൾ ഉടുത്തിരുന്നത് ആ പച്ച കര സെറ്റ് മുണ്ടായിരുന്നു…

സതീശന് സ്വന്തം കണ്ണുകളെ വിശ്വാസിക്കാനായില്ല..

കാൽ പെരുമാറ്റം കേട്ട് അവൾ നാണത്തോടെ തിരിഞ്ഞു നിന്നു…

അവളുടെ മുഖമുയർത്തി സതീശൻ ചോദിച്ചു എന്താ ഇപ്പോ ഈ മാറ്റം എന്ന്….

കണ്ണുകളിൽ നനവ് പടർത്തി അവൾ പറഞ്ഞു ജീവനെപോലെ സ്നേഹിക്കുന്ന ഏട്ടന്റെ ഇഷ്ടത്തിന് മാറാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ ഏട്ടന്റെ ഭാര്യ എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളതെന്ന്…

അത് തിരിച്ചറിയാൻ വൈകിയതിന്റെ ഏറ്റു പറച്ചിലായിരുന്നു പിന്നെ…

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സതീശൻ അവളെ നെഞ്ചോട് കൂട്ടി പിടിച്ച്‌ കുറെ നേരം അങ്ങനെ നിന്നു…

പോകാൻ നേരം സാരി ഉടുക്കാൻ ഒരുങ്ങിയ അവളെ തടഞ്ഞു കൊണ്ട് ആ പഴയ ചുരിദാറിൽ ഒരെണ്ണം അവൾക്ക് നേരെ നീട്ടി..

അത്ഭുതത്തോടെ നിന്ന അവൾക് മുന്നിൽ കണ്ണിറുക്കി ചിരിച്ചു കൊണ്ട് സതീശൻ പറഞ്ഞു..

സ്വന്തം ഇഷ്ട്ടങ്ങൾ അടിച്ചേല്പിച്ചു നേടുന്നതിനെക്കാൾ ഇപ്പോ സുഖം തോന്നുന്നത് നിന്റെ സ്നേഹത്തിന്റെ മുന്നിൽ ഇതേ പോലെ തോറ്റ് തരാൻ ആണെന്ന്….

By Sarath Krishna