ആൻസി അവളുടെ പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അവളുടെ കൂട്ടുകാരി റീന അവളെ കാണാൻ വരുന്നത്.

അവൾ പ്രവാസി…

Story written by Sony Abhilash

====================

” ദേ ഡാ ആ വരുന്നത് ആരാണെന്ന് ഒന്ന് നോക്കിയേ..”

കൂട്ടുകാരൻ ഡേവിഡ് പറയുന്നത് കേട്ടാണ് പ്രിൻസ് തിരിഞ്ഞു നോക്കിയത്. ദൂരെന്ന് ഒരു പെൺകുട്ടി വരുന്നത് കണ്ട്‌ അവൻ അത് നോക്കി നിന്നു. അടുത്തെത്തി ആളെ മനസിലായ പ്രിൻസ് ഡേവിഡിനു നേരെ തിരിഞ്ഞു ചോദിച്ചു

” ഇത് ആ താഴെ വീട്ടിലെ അൻസിയല്ലേ.. നിനക്ക് അവളെ അറിയില്ലേ..”

” അതെനിക്ക് അറിയാടാ.. അതൊന്നുമല്ല ഞാൻ പറയാൻ വന്നത്..”

” പിന്നെന്താ നീ പറയാൻ വന്നത്..? “

” എടാ അവളേതോ വിദേശരാജ്യത്തല്ലേ ജോലി ചെയ്യുന്നത്…”

” മ്മ് അവൾ ലണ്ടനിൽ അല്ലേ ജോലി ചെയ്യുന്നത്..അത് നിനക്കും അറിയാവുന്നതല്ലേ..പിന്നെന്താ..”

” എടാ അവൾ പോയിട്ട് ഇപ്പോ ഒരു വർഷം കഴിഞ്ഞതല്ലേയുള്ളൂ…ഇപ്പോ എന്താ ഒരു സെറ്റപ്പ്..”

” അതിന് നിനക്കെന്താടാ…അവളവിടെ പോയി കഷ്ടപെട്ടിട്ട് അല്ലേ..” പ്രിൻസ് ചോദിച്ചു

” ഇത് അതൊന്നുമല്ലടാ അവൾക്ക് അവിടെ ജോലിയുണ്ടെങ്കിലും വേറെയും എന്തൊക്കെയോ പരിപാടികൾ ഉണ്ടെന്നാ നാട്ടുകാർ പറയുന്നത്..കണ്ടില്ലേ അവളുടെ ഒരു ഡ്രസ്സും മേക്കപ്പും..” ഡേവിഡ് വിശദീകരിച്ചു

” ഒന്ന് പോടാ..ആവശ്യമില്ലാത്തത് ഒന്നും പറയാതെ.. ഒന്നുമല്ലെങ്കിലും നമ്മളൊന്നിച്ചു പഠിച്ചവരല്ലേ..വാ പോകാം.”

അതും പറഞ്ഞു കൊണ്ട് പ്രിൻസ് ബൈക്ക് സ്റ്റാർട്ട് ചെയ്തു.

വീട്ടിലെത്തിയ പ്രിൻസ് ഡേവിഡ് പറഞ്ഞ കാര്യം തന്നെ ആലോചിച്ചു.. ഇനി അവൻ പറഞ്ഞതിൽ വല്ല സത്യവുമുണ്ടാകോ..

താഴെവീട്ടിൽ വറീതിന്റെയും ചിന്നമ്മയുടെയും രണ്ടുമക്കളിൽ മൂത്ത മകളാണ് ആൻസി ഇളയത് ഒരു മകനാണ് മാത്തുക്കുട്ടി പഠിക്കുന്നു.. വറീത് കൂലിപ്പണിക്കാരനാണ്.

ആൻസി അവളുടെ പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അവളുടെ കൂട്ടുകാരി റീന അവളെ കാണാൻ വരുന്നത്.

” ചിന്നമ്മ ചേച്ചി ആൻസി ഇവിടില്ലേ..? “

” അല്ല ഇതാരാ റീനയോ..വാ അവൾ അകത്തുണ്ട്.”

സംസാരം കേട്ടാണ് ആൻസി പുറത്തേക്ക് ഇറങ്ങി വന്നത്..

” നീയാണോ..ഞാൻ വിചാരിച്ചത് വേറെയാരോ ആണെന്നാ..” റീനയെ നോക്കി അവൾ പറഞ്ഞു

” വാ ഇവിടിരിക്ക് എന്നിട്ട് പറയ് നീയെന്തിനാ വന്നത്..”

” എടി ഇനിയെന്താ നിന്റെ പ്ലാൻ..” റീന ചോദിച്ചു.

” ഇനിയെന്തെന്ന് ഇതുവരെ ഒന്നും തീരുമാനിച്ചില്ല.. വലിയ പൈസ മുടക്കി ചാച്ചന് പഠിപ്പിക്കാൻ പറ്റില്ല പെട്ടന്ന് ജോലി കിട്ടുന്ന എന്തെങ്കിലും പഠിക്കണം..”

” എന്നാ ഞാനൊരു കാര്യം പറയട്ടെ.. ആ ടൗണിലെ പ്രൈവറ്റ് ആശുപത്രിയിൽ ഒരു കോഴ്സുണ്ട് പാലിയേറ്റീവ് കെയർ. നമുക്ക് അതിന് ചേർന്നാലോ അധികം ഫീസുമില്ല ജോലിയും കിട്ടും പിന്നെ കുറച്ചു മാസങ്ങളെ ഉള്ളു കോഴ്സ് നീയെന്തു പറയുന്നു.”

” ഞാൻ ചാച്ചനോട് ചോദിച്ചിട്ട് പറയാം..”

” വേഗം വേണേ..അവര് അടുത്തുതന്നെ പുതിയ ബാച്ച് തുടുങ്ങുന്നുണ്ടെന്നാ കേട്ടത് “.അത് പറഞ്ഞിട്ട് കുറച്ചു നേരം കൂടി അവിടെയിരുന്നിട്ട് റീന പോയി. അന്ന് പണി കഴിഞ്ഞു വറീത് വന്നപ്പോൾ ആൻസി ഈ കാര്യം പറഞ്ഞു. എല്ലാം കേട്ട ശേഷം അവിടെ പോയി കാര്യങ്ങൾ അറിഞ്ഞു വരാൻ വറീത് പറഞ്ഞു.

പിറ്റേദിവസം തന്നെ അൻസിയും റീനയും ആ ഹോസ്പിറ്റലിൽ പോയി വിവരങ്ങൾ തിരക്കി കോഴ്സിന് ചേരാനുള്ള ആപ്ലിക്കേഷൻ ഫോമും വാങ്ങി വന്നു.

ഫോമെല്ലാം പൂരിപ്പിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആൻസിയും വറീതും റീനയും അവളുടെ അപ്പച്ചനുമായി ചെന്ന് ഫീസടച്ച് പഠിക്കാൻ ചേർന്നു.. ക്ലാസ് തുടെങ്ങി ആൻസിക്കും റീനക്കും ആ കോഴ്സ് നന്നായി ഇഷ്ടമായി..

ഓരോ രോഗികളുടെ അടുത്തു ചെന്ന് അവർക്ക് ആവശ്യമായ സഹായങ്ങളും പരിചരണവും കൊടുക്കാൻ ആൻസിക്ക് വലിയ ഉത്സാഹമായിരുന്നു.

ദിവസങ്ങളും ആഴ്ചകളും കടന്നുപോയി അതുപോലെ മാസങ്ങളും അതിനിടയിൽ അവിടുത്തെ കോഴ്സ് തീർന്നു

മാനേജ്മെന്റിന് അവരെ ഇഷ്ടമായിരുന്നു അതുകൊണ്ട് തന്നെ അവർക്കവിടെ ജോലിയും കൊടുത്തു. അധികം ശമ്പളമില്ലങ്കിലും ആ ജോലി ആൻസിക്കും റീനക്കും സന്തോഷമാണ് കൊടുത്തത്.

അതിനിടയിൽ ലണ്ടനിൽ നിന്നും കുറച്ചു ഡോക്ടർമാർ അവിടെ സന്ദർശിക്കാൻ എത്തി..അവരുടെ ഹോസ്പിറ്റലിന്റെ ഡയറക്ടറുടെ മകന്റെ കൂട്ടുകാരും പ്രൊഫെസ്സർമാരും ആയിരുന്നു. ഒരാഴ്ച് അവിടെ തങ്ങിയിട്ടാണ് തിരിച്ചു പോയത്.

അങ്ങിനെ ജോലിയും തിരക്കുമായി പോകുന്നതിനിടയിലാണ് അവരുടെ കൂടെ ജോലി ചെയ്യുന്ന ഡോക്ടർ ആൻസിയോട് ഒരു കാര്യം പറയുന്നത്..

” ആൻസിക്ക് ലണ്ടനിൽ പോകാൻ താല്പര്യം ഉണ്ടോ..? “

കേട്ടത് വിശ്വസിക്കാനാവാതെ ആൻസി മിഴിച്ചു നിന്നു.

” എടോ ആൻസി ഞാൻ തന്നോടാ ചോദിച്ചത്..”

വീണ്ടും ഡോക്ടറുടെ ശബ്ദമാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്

” ഡോക്ടർ എന്താ തമാശ പറയുകയാണോ “

” അല്ലെടോ സത്യമാണ്..അവിടെ എന്റെയൊരു ഫ്രണ്ട് ഉണ്ട് അവിടുത്തുകാരനാണ്. പുള്ളിയുടെ അമ്മൂമ്മയെ നോക്കാൻ ഒരാള് വേണമെന്ന് പറഞ്ഞു..താൻ ആളെയറിയും അന്ന് വന്നവരിൽ ഒരു പൊക്കമുള്ള ഡോക്ടർ ഉണ്ടായിരുന്നില്ലേ പുള്ളിയുടെ വീട്ടിലാണ്. അന്ന് വന്നപ്പോൾ തന്നെ കണ്ടിരുന്നല്ലോ അതാണ് ഇങ്ങനെയൊരു ആവശ്യം വന്നപ്പോൾ തനിക്കു താല്പര്യം ഉണ്ടോന്ന് ചോദിച്ചത് “

” ഇതിപ്പോ ഞാനെന്ത് പറയാനാ..വീട്ടിൽ ചോദിക്കണം..പിന്നെ അങ്ങോട്ട് പോണമെങ്കിൽ ഒരുപാട് പൈസ വേണ്ടേ. “

” അതൊന്നും താനറിയേണ്ട..ഇതൊരു നല്ല ചാൻസാണ് നല്ല ഫാമിലിയാണ് എനിക്ക് നേരിട്ടറിയാം അവരെ. താൻ വീട്ടിൽ ചോദിച്ചിട്ട് വേഗം അറിയിക്കണം.തനിക്കു പാസ്പോർട്ട് ഉണ്ടാവുമല്ലോ..”

അവൾ തലയാട്ടിയിട്ട് അവിടന്നിറങ്ങി റീനയുടെ അടുത്തെത്തി.

” എന്താഡി നിനക്കൊരു ആലോചന.. ഡോക്ടർ എന്തിനാ വിളിപ്പിച്ചത്.”

ആൻസി റീനയോട് കാര്യങ്ങൾ പറഞ്ഞു.

” എടി ഇത് നല്ല ചാൻസാണ് നീയായിട്ട് വെറുതെ കളയരുത്.ഡോക്ടർക്ക് അറിയാവുന്ന ഫാമിലിയല്ലേ പിന്നെ ഒന്നും നോക്കണ്ട.”

അന്ന് വൈകിട്ട് വറീത് പണികഴിഞ്ഞു വന്നപ്പോൾ ആൻസി കാര്യം പറഞ്ഞു എല്ലാം കേട്ടതിനുശേഷം അയാൾ പറഞ്ഞു

” കാര്യം നല്ലതാ പോയാൽ കുടുംബം രക്ഷപെടും. പിന്നെ ഡോക്ടർക്ക് അറിയാവുന്ന ഫാമിലിയാണല്ലോ..നിനക്ക് താല്പര്യം ഉണ്ടെങ്കിൽ പൊയ്ക്കോ ഇവിടെ ആർക്കും എതിർപ്പില്ല.”

അതുകേട്ടപ്പോൾ ആൻസിക്ക് സന്തോഷമായി. പിറ്റേദിവസം തന്നെ അവൾ പോകാൻ സമ്മതമാണെന്ന് ഡോക്ടറെ അറിയിച്ചു. പിന്നെയെല്ലാം പെട്ടന്നായിരുന്നു രണ്ടാഴ്ച്ച കൊണ്ട് ആൻസി ലണ്ടനിലെക്ക് പറന്നു. അത് നാട്ടിലൊരു സംസാരവിഷയയായിരുന്നു.

ലണ്ടനിലെത്തിയ ആൻസിയെ വീട്ടുകാർ വന്ന് അവരുടെ വീട്ടിലേക്ക് കൊണ്ടു പോയി. വളരെ നല്ലവരായിരുന്നു ആ വീട്ടുകാർ. ആ അമ്മൂമ്മയ്ക്ക് പാലിയേറ്റീവ് കെയറിന്റെ ആവശ്യമല്ലായിരുന്നു. ജോലിക്ക് എല്ലാവരും പോയി കഴിഞ്ഞാൽ ഒരു കൂട്ട് ആയിരുന്നു ആവശ്യം. ചെറിയ ഓർമക്കുറവ് ഉണ്ടെന്നത് ഒഴിച്ചാൽ വേറെ ഒരു കുഴപ്പവുമില്ലായിരുന്നു.

ഓരോ ദിവസം കഴിയുന്തോറും അവളെ എല്ലാവർക്കും ഇഷ്ടമാകുകയായിരുന്നു. അവളുടെ പ്രസരിപ്പും പെരുമാറ്റവും ആർക്കും ഇഷ്ടമാകുന്ന രീതിയിലായി രുന്നു. പെട്ടന്ന് തന്നെ ഭാഷയും പഠിച്ചെടുത്തു. അങ്ങിനെ ആൻസി അവിടെയെത്തിയിട്ട് ഒരു മാസമായി. ആദ്യ ത്തെ ശമ്പളം അവൾക്ക് കിട്ടി..

നാട്ടിലേക്ക് ആദ്യ ശമ്പളമായ് ഒരു ലക്ഷം രൂപ അയച്ചു കൊടുത്തപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നിയവൾക്ക്. പതുക്കെ പതുക്കെ ആ കുടുംബത്തെ അവൾ കരകയറ്റി. പഴയ വീട് പൊളിച്ചു പുതിയത് പണിതു. അങ്ങിനെ പല മാറ്റങ്ങളും ആ കുടുംബത്തിൽ വന്നു. വറീത് എന്നും പണിക്ക് പോകും കിട്ടുന്നത് കൊണ്ടാണ് വീട്ടിലെ കാര്യങ്ങൾ നടത്തിയിരുന്നത്.

ആൻസി അയക്കുന്ന പൈസ അയാൾ അനാവശ്യമായി ചെലവാക്കിയിരുന്നില്ല തന്റെ മകൾ അവിടെ കഷ്ടപെട്ട് ഉണ്ടാകുന്ന പൈസയാണെന്ന് ആ അപ്പനും അമ്മയ്ക്കും നല്ല ബോധമുണ്ടായിരുന്നു. പലർക്കും അവരുടെ ഉയർച്ചയിൽ അസൂയ ഉണ്ടായിരുന്നു. അവർ പല അപവാദങ്ങളും പറഞ്ഞുണ്ടാകുന്നതും വറീതും ചിന്നമ്മയും അറിയുന്നുണ്ടായിരുന്നു.

അവരതൊന്നും ശ്രെധിച്ചില്ല ആൻസിയുടെ അനിയൻ മാത്തുകുട്ടിയോടും പലരും പലതും പറഞ്ഞു കൊടുത്തു പക്ഷേ അവനും അതൊന്നു ശ്രെധിച്ചില്ല.. ഇതിനിടയിൽ റീനയുടെ കല്ല്യാണം കഴിഞ്ഞു അവൾക്ക് സമ്മാനമായി നല്ലൊരു തുക തന്നെ ആൻസിയുടെ കുടുംബം നൽകി. ആൻസി ജോലിചെയുന്ന വീട്ടുകാർ ശമ്പളം കൂടാതെയും അവളെ സഹായിച്ചു. അങ്ങിനെ ആൻസി പോയിട്ട് ഒരു വർഷമായി നാട്ടിൽ പോകണം എന്ന് പറഞ്ഞപ്പോൾ ഒരു മാസത്തെ ലീവും കൊടുത്ത് ടിക്കറ്റും അവരെടുത്തു കൊടുത്തു..

അങ്ങിനെ ഒരു വർഷത്തിന് ശേഷം ആൻസി നാട്ടിലെത്തി. എയർപോർട്ടിൽ ആ കുടുംബം അവളെ സ്വീകരിക്കാൻ എത്തി. പുതിയ വീട് കണ്ട്‌ ആൻസിയുടെ കണ്ണുകൾ നിറഞ്ഞു.. ചാച്ചനോടും അമ്മയോടും അനിയനോടൊപ്പം ഒരു വർഷത്തിനുശേഷം ഭക്ഷണം കഴിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. ആൻസിയുടെ വരവും നാട്ടിൽ വർത്തനമായി..അവളുടെ വേഷവുമെല്ലാം ആ സംസാരത്തിൽ ഉണ്ടായി ചുരിദാർ ഇട്ട് നടന്നിരുന്ന പെണ്ണാണ് ഇപ്പോ ജീൻസും ബനിയനും ഇട്ട് നടക്കുന്നത്.ആളുകൾ അടക്കം പറഞ്ഞു.

റീന ഗർഭിണിയാണെന്ന് അറിഞ്ഞ ആൻസി അവളെ കാണാൻ അവളുടെ വീട്ടിലേക്ക് നടന്നു..അങ്ങോട്ട് പോകുന്ന വഴിക്കുള്ള പാലത്തിന്റെ കൈവരിയിൽ ചാരി കുറച്ചു ചെറുപ്പക്കാർ നിൽക്കുന്നത് അവൾ കണ്ടു അവൾ വരുന്നത് അവരും കണ്ടു. ആൻസി അവരുടെ അടുത്തെത്തിയപ്പോൾ ആ കൂട്ടത്തിൽ ഒരുത്തന്റെ വക കമെന്റ്..

” എങ്ങിനെ കിടന്ന ആൾക്കാരാ..ഇപ്പോ എന്താ സെറ്റപ്പ്..ഇതൊക്കെ എങ്ങിനെ ഉണ്ടാക്കുന്നോ എന്തോ..വിദേശികളെ മാത്രമേ കണ്ണിൽ കാണു നാട്ടുകാരെ കണ്ണിൽ പിടിക്കില്ലേ…”

അത് കേട്ട് അങ്ങോട്ട് നോക്കിയ ആൻസി പ്രിൻസിനെയും ഡേവിഡിനെയും കണ്ടു വേറെയാരെയും അവൾക്കറിയില്ലായിരുന്നു ശബ്ദത്തിൽ നിന്നും അത് പറഞ്ഞത് ഡേവിഡാണെന്ന് അവൾക്ക് മനസിലായി. ഒന്നും മിണ്ടാതെ അവൾ നടന്നു പിന്നിലെ പൊട്ടിച്ചിരി അവളുടെ കാതിലെത്തി..റീനയുടെ വീട്ടിലെത്തിയ അവളുടെ മുഖം കണ്ട്‌ റീന കാര്യം തിരക്കി അവർ പറഞ്ഞതെല്ലാം അവളോട് ആൻസി പറഞ്ഞു.

” ആ ഡേവിഡിന് അല്ലങ്കിലും ഒരിത്തിരി സൂക്കേട് കൂടുതലാ..നിനക്ക് നല്ലത് പറയാമായിരുന്നില്ലേ..അവന്റെ അമ്മ ഇപ്പോഴും അടുക്കളപണിക്ക് പോയാണ് അവന് കഴിക്കാൻ കൊടുക്കുന്നത് അവന്റെ പെങ്ങളും ഏതോ കടയിൽ പോകുന്നുണ്ട്.” രോക്ഷത്തോടെ റീന പറഞ്ഞു.

കുറച്ചു നേരംകൂടി അവിടെയിരുന്നിട്ട് അവൾ പോയി..

ദിവസങ്ങൾ വേഗം പോയി ആ വർഷത്തെ വനിതാദിനവും എത്തി..ഡേവിഡിന്റെ ഒരു വനിതാദിന ഫേസ് ബുക്ക് പോസ്റ്റിന്റെ സ്ക്രീ ഷോർട് റീന ആൻസിക്ക് മെസ്സേജ് ചെയ്തു കൊടുത്തു.

ഒരു ഞായറാഴ്ച്ച പള്ളിയിൽ പോയി വരികയായിരുന്നു ആൻസി..

എന്നത്തെയും പോലെ ഡേവിഡും പ്രിൻസും കൂട്ടുകാരും അവിടെ നിൽപ്പുണ്ടായിരുന്നു കുറച്ചാളുകൾ അവൾക്ക് പിന്നിലുണ്ടായിരുന്നു. ആൻസി അടുത്തെത്തിയതും ഡേവിഡ് പഴയ ഡയലോഗ് പറഞ്ഞു അത് എല്ലാവരും കേൾക്കുകയും ചെയ്തു. ആൻസി അവന്റെ അടുത്തേക്ക് ചെന്നു ചോദിച്ചു.

” എന്താ ഡേവിഡിന്റെ പ്രശനം..? “

” എനിക്ക് പല പ്രശനമുണ്ട് അതിന് നിനക്കെന്താ..ഒരു ശീലാവതി വന്നിരിക്കുന്നു എന്നെ ചോദ്യം ചെയ്യാൻ “

പുച്ഛത്തോടെ അവനത് പറഞ്ഞതും ആൻസിയുടെ കൈ അവന്റെ കരണം പുകച്ചൊരാടിയായിരുന്നു കൊടുത്തത്..

” എന്താടാ നീ കരുതിയത് ഇന്ത്യ വിട്ട് പെണ്ണുങ്ങൾ ജോലിക്ക് പോകുന്നത് അവിടെയെന്തോ മറ്റേ പണിക്കാണെന്നാണോ.. നിന്റെ ധാരണ ഞാൻ തിരുത്തുന്നില്ല അങ്ങിനെ പോകുന്നവരും ഉണ്ടാകും..പക്ഷേ എല്ലാവരും അങ്ങിനെയാണെന്ന് കരുതണ്ട. ഇനി കേരളത്തിന്റെ പുറത്തു ജോലിക്ക് പോയാലും നീയൊക്കെ ഇത് തന്നെ പറയും.

ആണുങ്ങൾ ഇങ്ങനെ ജോലിക്കായി പോയാൽ അത് കുടുംബത്തിനുവേണ്ടി കഷ്ടപ്പെടാൻ പെണ്ണുങ്ങൾ പോയാൽ അത് വ്യഭിചരിക്കാൻ..എടാ കുടുംബമായി ജീവിക്കുന്ന എത്രയോ ആണുങ്ങൾ ആഴ്ച്ച അവസാനം മറ്റ്‌ പെണ്ണുങ്ങളെ തേടി പോകുന്ന കാര്യം നിനക്കറിയാമോ..

ഡേവിഡ് നിന്റെ വനിതാദിനത്തിലെ ഫേസ് ബുക്ക് പോസ്റ്റ് ഞാൻ കണ്ടിരുന്നു വനിതകളുടെ സംരക്ഷണത്തെ കുറിച്ചും സമത്വത്തെകുറിച്ചും നീ വലിയ വലിയ ഡയലോഗുകൾ പറഞ്ഞേക്കുന്നതും ഞാൻ വായിച്ചു..എടാ നീ ഇത്രയും വളർന്നതല്ലേ ഒരു കുടുംബം നോക്കാറായി. എന്നിട്ടും നിന്റെ അമ്മയും പെങ്ങളും ജോലി ചെയ്താണ് നിന്റെ കുടുംബം പുലർത്തുന്നത്..ആദ്യം നീ നിന്റെ കുടുംബത്തെ ഏറ്റെടുക്ക് നിന്റെ അമ്മയ്ക്ക് ഒരു വിശ്രമം കൊടുക്ക്. നിന്റെ പെങ്ങൾ ജോലി ചെയ്തു അവളുടെ കാര്യങ്ങൾക്കായി ഒരു വരുമാനം കണ്ടെത്തട്ടെ…

ആദ്യം നീ നന്നായി നിന്റെ വീട്ടിലെ പെണ്ണുങ്ങൾക്ക് തുണയാക് എന്നിട്ട് നാട്ടിലെ പെണ്ണുങ്ങളെ സംരക്ഷിക്ക്. ഞാനൊരു പ്രവാസിയാണ് അന്തസോടെ ജോലിയെടുത്താ ജീവിക്കുന്നത് അല്ലാതെ ആരുടെയും കൂടെ കിടന്നല്ല കേട്ടോ ഡാ “

ആൻസി പറഞ്ഞതെല്ലാം അവിടെ കൂടി നിന്നവരെല്ലാം കേട്ടു…പൊതുവെ ഡേവിഡിനെ ആർക്കും ഇഷ്ടമല്ല അവന് അത്രയും കേട്ടതിൽ എല്ലാവർക്കും സന്തോഷമായിരുന്നു..

ഒരിക്കൽ കൂടി എല്ലാവരെയും ഒന്ന് നോക്കിയിട്ട് ആൻസി നടന്നു തികഞ്ഞ അഭിമാനത്തോടെ ആത്മവിശ്വാസത്തോടെ….

~സോണി അഭിലാഷ്