എന്തൊക്കെയോ പറഞ്ഞ് തീർക്കാനവന്റെ ഹൃദയം തുടിക്കുന്നുണ്ടെന്നു തോന്നി. അവൻ പറഞ്ഞ് തുടങ്ങാൻ ഞാൻ കാതോർത്തിരുന്നു….

ഇനിയും….

Story written by Athira Sivadas

===================

“ഇനി എപ്പോഴാ ഇവിടേയ്ക്ക്.”

“അറിയില്ല. ഒരു മടങ്ങിവരവ് പ്ലാൻ ചെയ്തല്ല പോകുന്നത്. പക്ഷേ എപ്പോഴെങ്കിലും ഈ നഗരം എന്നെ തിരികെ വിളിക്കുമെന്നൊരു ഇൻട്യൂഷൻ.” എന്റെ മറുപടിയ്ക്ക് ചെറുതായി അവനൊന്നു ചിരിച്ചു.

“എപ്പോൾ വന്നാലും വിളിക്കാൻ മറക്കണ്ട.” തിരികെ വിളിക്കാമെന്നോ വിളിക്കില്ലെന്നോ ഞാനും പറഞ്ഞില്ല. എന്റെ വിളി അവൻ പ്രതീക്ഷിച്ചുകൊള്ളട്ടെ.

“ഫൈനലി ഞാൻ ഇവിടം മിസ്സ്‌ ചെയ്യാൻ പോവാടോ…”

“ഇവിടം എന്ന് പറഞ്ഞാൽ…” ആ ചോദ്യത്തിലൊരു കുന്നോളം പ്രതീക്ഷ ഒളിപ്പിച്ചിരുന്നവൻ.

“ഇഷ്ടപ്പെട്ട സ്ഥലങ്ങൾ, കണ്ട് മുട്ടിയ ആൾക്കാർ, ഇവിടുത്തെ രാത്രി, സ്ട്രീറ്റ് ലൈറ്സ്, ഇക്കാടെ ബിരിയാണി, ഫൈവ് സ്റ്റാറിലെ ചായ അങ്ങനെ അങ്ങനെ ഓരോന്നും.”

“ഇവിടുന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് ആയിരുന്നല്ലോ… അമ്മ ഉണ്ടാക്കുന്ന ഫുഡും, സ്വന്തം റൂമും കട്ടിലും ഒന്നും ഇല്ലാതെ വയ്യെന്നാരുന്നല്ലോ ഇത്രയും കാലം. ഇതിപ്പോൾ സ്വന്തം നാട്ടിൽ പ്ളേസ്ഡ് ആയപ്പോൾ…”

“ആടോ… അതൊക്കെ തന്നെയാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ ഇവിടം എനിക്കൊരു തുറിച്ചറിവായിരുന്നു.ഒരുപാട് എന്തിന്റെയൊക്കെയോ തുടക്കവും ഒടുക്കവുമായിരുന്നു. വന്നത് പോലെയല്ല മടക്കം. നല്ലതും ചീത്തയുമായ കുറെ ഓർമ്മകളുണ്ട്. ഒക്കെ ചേർത്ത് പിടിക്കാ…”

“എന്തെങ്കിലും ബാക്കിയുണ്ടോ…”

“ചേറായി ബീച്ച് മാത്രം പൂർത്തിയാകാത്തൊരു ആഗ്രഹമായി ബാക്കിയുണ്ട്.”

“അത് മത്രെ ഉള്ളൂ… ചെയ്യാനും പറയാനും ഇനിയൊന്നും ബാക്കിയില്ലേ….”

“ഹ്മ്മ്… ഒന്നുണ്ട്…”

“ന്തേയ്‌…”

“ഒരു നന്ദി പറച്ചിൽ….നന്ദി… കുറച്ചു കാലം കൂടെക്കൂട്ടിയെന്ന്. സ്വപ്നമെന്ന് കരുതിയ നിമിഷങ്ങളൊക്കെ ജീവിപ്പിച്ചതിന്. പിന്നെ ദാ ഈ സ്നേഹത്തിന്. താൻ എനിക്കാരായിരുന്നെന്ന് ഒന്നും അറിഞ്ഞുട. ബട്ട്‌ ഐ വിൽ മിസ്സ്‌ യു…”

“ഞാൻ തന്നെ ഒന്ന് ഹഗ് ചെയ്‌തോട്ടെ പ്രിയാ…” ആ ചോദ്യത്തിന് ഇരു വശത്തേക്കും വിടർത്തിയ കൈകളായിരുന്നെന്റെ മറുപടി.

“എനിക്ക് തന്നെ ഇഷ്ടമായിരുന്നു കേട്ടോ പ്രിയാ…” അവനെന്നെ ഇറുകെ പുണർന്നുകൊണ്ട് കാതിനരികിൽ മൊഴിഞ്ഞു.

ഞെട്ടിയില്ല. അത്ഭുതമൊട്ടു തോന്നിയതുമില്ല. അവന്റെ നോട്ടങ്ങളിൽ, ചിരികളിൽ, കരുതലിൽ, ചേർത്തുപിടിക്കലിൽ എവിടെയൊക്കെ ഞാനൊരു പ്രണയം കണ്ടിട്ടുണ്ട്.

“ഒരുകാര്യം ചോദിക്കട്ടെ…”

“എന്താടോ…”

“എപ്പോഴാ തന്റെ ട്രെയിൻ…”

“1.50 ന്…” വാച്ചിലേക്ക് നിരാശനായി നോക്കുന്നവനെ ഞാനുമൊന്ന് നെറ്റി ചുളിച്ചു നോക്കി.

“ഇത് കഴിഞ്ഞാൽ പിന്നെ…”

“അഞ്ചു മണിക്ക്…”

“എന്നാൽ അതിനു പോയാൽ പോരെ പ്രിയാ…”

കൈകെട്ടി പുരികം പൊക്കി നോക്കിയപ്പോൾ “ഒന്ന് ചേറായി ബീച്ച് കാണാം. അത്രേള്ളൂ…” എന്നവൻ തലയ്ക്കു പിന്നിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.

മറുത്തൊന്നും പറഞ്ഞില്ല. ഒരു മനുഷ്യന് കൊടുക്കാവുന്നതിൽ ഏറ്റവും വിലപ്പെട്ട കാര്യമാണ് സമയം. എനിക്ക് വേണ്ടി എത്രയോ ഇന്നലെകളെ തന്നവനാണ് വെറും മണിക്കൂറുകൾ ചോദിക്കുന്നത്. ഇനിയുമൊരു പക്ഷെ കണ്ടില്ലന്നു വരാം. ഒന്നിച്ച് ചിലവഴിക്കുന്ന അവസാന നിമിഷങ്ങളാണ് ഇതെങ്കിലോ… മറുത്തൊന്ന് ആലോചിച്ചില്ല. അപ്പോഴേ ബാഗുമെടുത്ത് അവന്റെയൊപ്പം നടന്നു. നല്ല വെയിലുണ്ടായിരുന്നു.

“ചെറായി ബീച്ച് കാണാൻ പോകാൻ പറ്റിയ സമയം.” എന്ന് പറഞ്ഞവനെ കളിയാക്കിയെങ്കിലും അതൊരു കാരണം മാത്രമായിരുന്നെന്ന് എനിക്കുമറിയാമായിരുന്നു. “ഒരല്പം കൂടി നേരം എനിക്കൊപ്പം” എന്ന് പറയുന്നതിലെ ജാള്യത ഒഴിവാക്കാനൊരു കാരണം.

കൊച്ചിയിൽ വന്നപ്പോൾ തൊട്ട് എനിക്കവനെ അറിയാം. ക്ലാസ്സിലെ മറ്റുകുട്ടികളിൽ നിന്നും അവനെ മാത്രം വേർതിരിച്ചു കാണാനായി ആദ്യമാദ്യം കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. നാട്ടിൽ നിന്ന് തന്നെ സുഹൃത്തുക്കളോടൊപ്പം പോയത് കൊണ്ട് മറ്റുകുട്ടികളുമായി പരിധിയിൽ കവിഞ്ഞൊരടുപ്പം എനിക്കുണ്ടായിരുന്നില്ല.

ഒരിക്കൽ ക്രിസ്മസ് അവധിക്ക് നാട്ടിൽ പോയപ്പോൾ “എന്താ കുരിപ്പേ, നിന്റെ വിവരമൊന്നുമില്ലല്ലോ” എന്ന് പറഞ്ഞവൻ വിളിച്ചപ്പോൾ തെല്ലൊരതിശയം തോന്നിയിരുന്നു. അങ്ങനെ വിളിച്ചന്വേഷിക്കാൻ മാത്രമൊരു ബന്ധം അവനുമായുണ്ടെന്ന് ഒരിക്കൽ പോലും എനിക്ക് തോന്നിയിരുന്നില്ല.

ക്ലാസ്സിൽ എല്ലാവർക്കും അവനെ വലിയ കാര്യമാണ്. കൊച്ചി സ്ളാങ്ങിൽ തമാശകൾ പറയുന്നവൻ ക്ലാസ്സിൽ എല്ലാവർക്കും പ്രിയപ്പെട്ടവൻ തന്നെയാണ്. ഇടപ്പള്ളിയിൽ നിന്നും പാലാരിവട്ടത്തുള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പത്തരയ്ക്ക് കയറി വരുന്നവൻ എച്ച്.ഒ.ഡി മാമിന്റെ വായിൽ നിന്നെത്ര കേട്ടാലും മുഖത്തൊരു ചിരി മായാതെ കരുതിയിട്ടുണ്ടാകും. എങ്ങനെയോ ക്രിസ്മസ് വെക്കേഷന് കഴിഞ്ഞുള്ള ദിവസങ്ങളിൽ വല്ലാതെ അടുത്തു. അവനുചുറ്റും എപ്പോഴുമൊരു പോസിറ്റീവ് വൈബ് ഉണ്ടാകും. ചുറ്റിനുമുള്ള ആളുകളിലേക്ക് വളരെ വേഗമത് പകർന്നു നൽകുന്നവനെ ഇടയ്ക്കൊരു ജാലവിദ്യക്കാരനെപ്പോലെ തോന്നിക്കും. അവനാണ് എനിക്ക് കൊച്ചി മുഴുവൻ കാണിച്ചു തന്നത്. കുമ്പളങ്ങിയിൽ കവര് കാണാൻ പോയതും, മട്ടാഞ്ചേരിയിലെ ജ്യൂസ്ട്രീട്ടീൽ പോയതും, കടമക്കുടി, ഫോർട്ട്‌ കൊച്ചി, ഹിൽ പാലസ് അങ്ങനെ ഓരോ സ്ഥലങ്ങൾ കണ്ടതും അവന്റെയൊപ്പമായിരുന്നു.

ഒരു രാവ് മുഴുവൻ കൊച്ചിയിലെ മഞ്ഞവെളിച്ചങ്ങളുടെ അകമ്പടിയോടെ കഥ പറഞ്ഞു നടന്നത് ഇന്നും ഓർമ്മയിലുണ്ട്. ഒരു സുഹൃത്തിനുമപ്പുറമാണ്. എന്നാൽ പ്രണയമാണോ എന്ന് ചോദിച്ചാൽ എന്റെ പക്കൽ മറുപടിയില്ല.

ബീച്ചിലെത്തി ബൈക്ക് ഒന്ന് ഒതുക്കി വച്ച് കുറേയേറെ സമയം മിണ്ടാതെയിരുന്നു. എന്തൊക്കെയോ പറഞ്ഞ് തീർക്കാനവന്റെ ഹൃദയം തുടിക്കുന്നുണ്ടെന്നു തോന്നി. അവൻ പറഞ്ഞ് തുടങ്ങാൻ ഞാൻ കാതോർത്തിരുന്നു.

“നമ്മൾ ആദ്യം പോയത് എവിടെയാണെന്ന് ഓർമ്മയുണ്ടോ…”

“വൈപ്പിൻ…?”

“അതേ…”  മറുപടി പറഞ്ഞു കൊണ്ടവൻ മെല്ലെ നടന്നു. ഒപ്പം ഞാനും.

“അത് രാത്രിയിലായിരുന്നു. ഞാൻ ആദ്യായിട്ട് രാത്രി ബീച് കാണണേ നിന്റെ ഒപ്പവാ.”

“ഞാനും…” നടന്ന് നടന്ന് അവനൊരു മരത്തണലിൽ ഇരുപ്പുറപ്പിച്ചപ്പോൾ ഒപ്പം ഞാനും ഇരുന്നു.

“പ്രിയാ… അന്ന് നമ്മൾ വന്നില്ലേ അപ്പോൾ എനിക്ക് തന്നോട് എന്തോ തോന്നിയിരുന്നു. എന്റെ സ്വന്തം പോലൊരിഷ്ടം. ആ ഒരു മൊമെന്റിനപ്പുറം അന്ന് അതിന് ആയുസ്സുണ്ടെന്ന് ഞാൻ കരുതിയിരുന്നില്ല. കൺസിസ്റ്റന്റ് ആയ ഒരു ഫീലിംഗ്സ് അല്ലായിരുന്നെങ്കിലും ഇടയ്ക്കിടെ താൻ എനിക്ക് ആരൊക്കെയോ ആണെന്ന് തോന്നും. താൻ ഒപ്പമുള്ളപ്പോൾ മണിക്കൂറുകൾക്ക് ഒക്കെ നിമിഷങ്ങളുടെ ധൈർഘ്യമേയുള്ളു. താനുള്ളപ്പോൾ ഞാൻ ഭയങ്കര ഹാപ്പിയാടോ. ഇപ്പോ താൻ പോകുവാണല്ലോ എന്ന് ഓർക്കുമ്പോൾ എന്റേതായിരുന്നതെന്തോ ഒരുപാട് അകലേക്ക്‌ പോകും പോലെ. ഐ നീഡ് യു പ്രിയ…” അത്രയും  പറഞ്ഞ് പ്രതീക്ഷയോടെ അവൻ എന്നെ നോക്കുമ്പോഴും എന്റെ മുഖത്ത് ഭാവമാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതൊക്കെ എപ്പോഴോ അവൻ എന്നോട് പറയുമെന്ന് ഞാൻ കരുതിയിരുന്നതൊക്കെ തന്നെയാണ്. പ്രിയപ്പെട്ടതാണ്. വിലമതിക്കാനാകാത്ത ബന്ധമാണ്. വിരസമാകേണ്ടിയിരുന്ന ഒരുപാട് നാളുകളെ ഭംഗിയുള്ളതാക്കിയ മനുഷ്യനാണ്. അതിനപ്പുറം അവൻ എനിക്ക് എന്താണ് ആരാണ് എന്നൊക്കെ ചോദിച്ചാൽ മറുപടിയില്ല. സ്നേഹം നിറഞ്ഞ വാക്കുകളോ നോട്ടങ്ങളോ ഇല്ലാതെ പിന്നെയും ഏറെ നേരം ഞങ്ങൾ വന്ന് പോകുന്ന തിരമാലകളെ നോക്കിയിരുന്നു.

“എത്ര ദൂരെപോയാലും തിര കരയിലേക്ക് തന്നെ വരുന്നുണ്ടല്ലേ…”  മനസ്സിലാകാത്ത മട്ടിൽ അവൻ എന്നെയൊന്നു നോക്കി.

“അങ്ങനെയാവും ബന്ധകളും. അകന്ന് പോകാൻ കഴിയില്ലെന്ന് തോന്നിയാൽ തിരികെ വരും….എനിക്ക് തന്നെ എന്തിഷ്ടമാണെന്ന് അറിയോടോ. താൻ പറഞ്ഞത് പോലെ എന്റെ സ്വന്തം പോലൊരിഷ്ടം. ഏത് പാതിരായ്ക്ക് വിളിച്ചാലും കോൾ അറ്റൻഡ് ചെയ്യാൻ മറുപുറം ഒരാളുണ്ടാകാ… എന്തു പ്രശ്നം വന്നാലും കൂടെ നിക്കാ… ധൈര്യം തരാ… വിതൗട് എനി ജഡ്ജ്മെന്റസ് കേട്ടിരിക്കാ… ഇതൊക്കെ വളരെ വലിയ കാര്യാടോ… തന്നേക്കാൾ ഭംഗിയുള്ളൊരു മനുഷ്യനെ സത്യായിട്ടും ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇനിയും കാണുമോ എന്നൊന്നും അറിയില്ല. തന്നെ ഞാൻ മിസ്സ്‌ ചെയ്യും ഷുവർ… പ്രണയം ആണെന്ന് എപ്പോഴെങ്കിലും തോന്നിയാൽ വരും ഞാൻ. അതുവരെ ഇങ്ങനെയൊക്കെ തന്നെ… തന്നെ ഞാൻ മറക്കില്ലെടോ… താൻ അടിപൊളിയാരുന്നെന്നേ…” അത്രയും പറഞ്ഞൊന്ന് കണ്ണിറുക്കി ചിരിച്ചപ്പോൾ അവനും ചിരിച്ചു.

ഞങ്ങൾ തിരികെ നടന്നു. വെയിലൊന്നും അറിയാതെ അവന്റെ റോയൽ എൻഫീൽഡ് കൊച്ചിയുടെ തിരക്കിനിടയിലൂടെ മുന്നോട്ട് കുതിച്ചു. വിശന്നപ്പോൾ ഒരു റെസ്റ്റോറന്റ്ൽ കയറി ഭക്ഷണം കഴിച്ചു. ഇത്തവണ ഞാനെന്ന് നിർബന്ധം പറഞ്ഞു ബലമായി ബില്ല് പേ ചെയ്തു. എന്തുകൊണ്ടോ സമയം കടന്നു പോകുന്നതിനൊപ്പം അവന്റെ മുഖം വാടുന്നുണ്ടായിരുന്നു. വല്ലാത്തൊരു നിഷ്കളങ്കതയായിരുന്നവനപ്പോൾ. മുഖം കൈകളിലെടുത്ത് കൊതി തീരും വരെ പൊതിരെ ചുംബിക്കാൻ തോന്നി. റെയിൽവേ സ്റ്റേഷൻ എത്തിയതും പിന്നെ പരസ്പരം സംസാരമൊന്നും ഉണ്ടായിരുന്നില്ല. അവൻ അവന്റേതായ ചിന്തകളിലേക്ക് ഉൾവലിഞ്ഞിരുന്നിരിക്കണം.

ട്രെയിനിൽ തിരക്ക് കുറവായിരുന്നു. യാത്ര പറഞ്ഞ് ഞാൻ അകത്തേക്ക് കയറി സൈഡ് സീറ്റിൽ ഇരുപ്പുറപ്പിച്ച് ബാഗുകളൊക്കെ ഒതുക്കി വച്ചു. വിൻഡോയിലൂടെ പുറത്തവൻ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്. എന്തുകൊണ്ടോ എനിക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി. നെഞ്ചിടിപ്പ് വല്ലാതെ കൂടി. അത്ര വേദനിക്കുന്ന ഒരു യാത്രപോകൽ… എനിക്ക് വല്ലാതെ നൊന്തു. പെട്ടന്നുള്ള ഉൾപ്രേരണയിൽ ഇറങ്ങി ചെന്നവന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു. ആ കണ്ണുകളപ്പോഴും മൗനമായി എന്നോടെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

ട്രെയിൻ മെല്ലെ ചലിച്ചു തുടങ്ങി. അകത്തേക്ക് കയറാതെ ഞാൻ അവനെ നോക്കി കൈ വീശിക്കൊണ്ടിരിന്നു. ഹൃദയം എന്തോ നഷ്ടപെടുന്നതിലുള്ള വേദനയിലാണെന്ന് തോന്നി… അതേ… ഈ ഹൃദയമിങ്ങനെ തുടങ്ങിയാൽ ഇവിടേക്ക് എനിക്കെങ്ങനെ തിരിച്ചു വരാതിരിക്കാനാകും…