എന്റെ ദേഷ്യവും വാശിയും അറിയാവുന്നത് കൊണ്ട് അവൾ പിന്നെ ഒന്നും മിണ്ടിയില്ല.. അമ്മയെ ഓർത്ത് അവൾ എന്റെ കൂടെ വരാൻ തയ്യാറായി….

ജനനി ❤ പാർട്ട്‌ – 2

Story written by Bindhya Balan

==================

അമ്മയ്ക്ക് വാക്ക് കൊടുത്തത് പോലെ തന്നെ പിറ്റേന്ന് ഞാൻ അവളെ കാണാൻ ചെന്നു. എനിക്കത് വരെ പരിചയമില്ലാത്തൊരു ജനനി ആയിരുന്നു എന്റെ മുന്നിൽ വന്ന് നിന്നത്. മുഖത്തെ വെട്ടവും പ്രസരിപ്പുമെല്ലാം മാഞ്ഞ് പോയിരിക്കുന്നു.. .. അവൾ മറ്റാരോ ആയത് പോലെ..

“അമ്മ പറഞ്ഞു നിന്നെ വീട്ടിലേക്ക് കൊണ്ട് ചെല്ലാൻ.പോയി എടുക്കാൻ ഉള്ളത് എന്താന്ന് വച്ചാ പാക്ക് ചെയ്യ്.. എന്നിട്ടു കൂടെ വാ.. നിന്നെയും കൊണ്ട് ചെല്ലാമെന്നു അമ്മയ്ക്ക് വാക്ക് കൊടുത്തിട്ട് വന്നതാണ് ഞാൻ.. “

ഞാൻ പറഞ്ഞത് കേട്ട് തലയുയർത്തി അവളെന്നെ നോക്കി.. പതിയെ ആ കണ്ണുകൾ നിറഞ്ഞു….

“ഞാൻ.. ഞാൻ.. വരണില്ല വിച്ചേട്ടാ.. “

അവൾ മെല്ലെ പറഞ്ഞു.

“നീ ഇപ്പൊ മറ്റൊന്നും ആലോചിക്കേണ്ട.. എന്റെ ഇഷ്ടമോ ഇഷ്ടക്കേടോ ഒന്നും..അവിടെ അമ്മ കാത്തിരിക്കുവാണ്.. പോയി എടുക്കാനുള്ളതൊക്കെ എടുത്ത് കൂടെ വരാൻ പറഞ്ഞില്ലേ… “

സ്വരം അല്പം കടുപ്പിച്ചാണ് ഞാനവളോട് അങ്ങനെ പറഞ്ഞത്. പറഞ്ഞു കഴിഞ്ഞപ്പോൾ അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നു തോന്നിയെനിക്ക്.

എന്റെ ദേഷ്യവും വാശിയും അറിയാവുന്നത് കൊണ്ട് അവൾ പിന്നെ ഒന്നും മിണ്ടിയില്ല..
അമ്മയെ ഓർത്ത് അവൾ എന്റെ കൂടെ വരാൻ തയ്യാറായി.

വീട്ടിൽ വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അവളുടെ കണ്ണീരു തോർന്നില്ല. അമ്മാവനും അമ്മായിയും അവളും ഒന്നിച്ചുള്ള ഫോട്ടോ കെട്ടിപ്പിടിച്ചിരുന്നു കരയുന്ന ജനനി എനിക്കും അമ്മയ്ക്കും നോവായി…

സമയത്തിന് കുളിയോ ആഹാരമോ ഇല്ലാതെ അവൾ കൂടുതൽ കൂടുതൽ അവളിലേക്ക് ചുരുങ്ങുകയായിരുന്നു . അമ്മ നിർബന്ധിച്ചു വാരിക്കൊടുക്കുമ്പോൾ രണ്ടുരുള കഴിച്ചെന്നു വരുത്തും..

ഇടയ്ക്ക് അമ്മയുടെ ആവലാതികൾ കേൾക്കാം..

‘എങ്ങനെ ഓടിച്ചാടി നടന്നതാ ന്റെ മോളെന്ന് ‘

അതേ.. ഓടിച്ചാടി കലപില കൂട്ടി നടന്നിരുന്നവളുടെ മൂകത എല്ലാവരെയും സരമായിത്തന്നെ ബാധിച്ചു..

അവളുടെ ആ മൗനത്തിൽ കൂടുതൽ നീറിയത് ഞാനാണ്.എന്തിനും ഏതിനും എന്നോട് വീറോടെ സംസാരിച്ചിരുന്നവൾ..അവളുടെ മൗനം ശരിക്കുമെന്നെ തളർത്തി. ഒരു ഞെട്ടലോടെയാണ് ഞാൻ തിരിച്ചറിഞ്ഞത്.. എനിക്ക് അവളോട്‌ ഇപ്പോഴും ഇഷ്ടം ആണെന്ന സത്യം. അമ്മാവനോടുള്ള വെറുപ്പിലും ദേഷ്യത്തിലും അവളോടുള്ള സ്നേഹം ഞാൻ എന്റെ മനസ്സിൽ കുഴിച്ചു മൂടിയതാണ്..

പക്ഷെ ആ ഇഷ്ടം വെറുപ്പിന്റെ ചാരം നീക്കി പുറത്ത് വന്നത്, ഉമ്മറപ്പടിയിൽ തല ചുറ്റി വീണവളെ വാരിയെടുത്തു നെഞ്ചോട് ചേർക്കുമ്പോൾ ആയിരുന്നു.

ഇഞ്ചെക്ഷനും മരുന്നും കൊടുത്ത് അവളുറങ്ങുന്നതും നോക്കിയിരിക്കുമ്പോൾ
അവളെന്നിൽ എത്രമാത്രം ഉണ്ടായിരുന്നു..ഇപ്പോഴും ഉണ്ട് എന്നെനിക്ക് ബോധ്യമായി.

എങ്കിലും ഇത്രയും വർഷങ്ങൾ ഞാൻ ഒളിച്ചിരുന്ന അമർഷത്തിന്റെ.. ദുരഭിമാനത്തിന്റെ പുറന്തോട് പൊട്ടിച്ച് പുറത്ത് വന്ന് അവളോടെന്റെ പ്രണയം പറയാൻ എന്റെ മനസെന്നെ അനുവദിച്ചില്ല..

അവളാണെങ്കിലോ… കഴിവതും എന്റെ മുന്നിൽ വരാതിരിക്കാൻ ശ്രമിച്ചു…
രാവും പകലും അമ്മയോടൊട്ടി നടക്കുന്നവൾ എന്റെ നിഴൽ കണ്ടാൽ എവിടെയെങ്കിലും മറഞ്ഞു നിൽക്കും…

പോകെപ്പോകെ അവളുടെ ആ അകൽച്ച എനിക്ക് താങ്ങാൻ പറ്റാതായി..

എല്ലാത്തിനും കാരണക്കാരൻ ഞാൻ മാത്രമാണ് എന്ന തിരിച്ചറിവിൽ കുറ്റബോധത്തിന്റെ നിലയില്ലാക്കയത്തിലേക്ക് ആണ്ടുപോകുകയായിരുന്നു ഞാൻ

🌹🌹🌹🌹🌹🌹🌹🌹🌹

ജാനി എന്നോട് കാണിക്കുന്ന ഭയത്തിനും അകൽച്ചയ്ക്കും എല്ലാ രീതിയിലും കാരണക്കാരൻ ഞാൻ മാത്രമായിരുന്നത് കൊണ്ട് അമ്മയോട് പോലും എനിക്കതേപ്പറ്റി സംസാരിക്കാൻ തോന്നിയില്ല…അമ്മയും എന്നെ കുറ്റപ്പെടുത്തുകയേയുള്ളൂ…

എന്റെ കൺവെട്ടത്ത് പോലും വരാതെ ഒഴിഞ്ഞു മാറുന്നവളെ കണ്ണ് നിറയെ ഒന്ന് കാണാൻ കൊതിച്ചു സ്വയം ഉരുകിയപ്പോഴാണ് പിന്നെയും പിന്നെയും ഞാൻ തിരിച്ചറിഞ്ഞത് ഇത്രയും കാലം വെറുപ്പിലും ഞാനവളെ സ്നേഹിക്കുന്നുണ്ടയിരുന്നുവെന്നു….

ചിന്തകളിലും ഓർമ്മകളിലും അവൾ മാത്രമായി….

പലപ്പോഴും എനിക്ക് തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല, അവളെ ഞാൻ എത്ര മാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്.

പഴയയത് പോലെ എന്റെ കുറുമ്പിപെണ്ണിന്റെ വിച്ചേട്ടൻ ആവാൻ എന്റെ മനസ് എത്ര മാത്രം കൊതിക്കുന്നുണ്ടെന്നു….

“മോനേ വിച്ചാ… “

അവളെ മനസ്സിൽ നിറച്ച് കണ്ണുകൾ അടച്ച് ഓരോന്നോർത്തങ്ങനെ ഇരിക്കുമ്പോൾ ആയിരുന്നു അമ്മയുടെ സ്വരം കേട്ടത്.

“എന്താ അമ്മേ.. “

“മോനേ.. വിച്ചാ… ജാനിമോള് പറയുവാ അവൾക്ക് വീട്ടിലേക്ക് പോകണമെന്ന്… ഞാൻ എന്തൊക്കെ പറഞ്ഞിട്ടും അവൾ കൂട്ടാക്കുന്നില്ല… നിനക്ക് ഇഷ്ടമില്ലാത്തിടത്ത് അവൾക്ക് വയ്യാത്രെ… അവളെ പറഞ്ഞിട്ട് കാര്യമില്ല.. നീ അവളുടെ മനസ് അത്രയ്ക്ക് നോവിച്ചിട്ടുണ്ട് മോനേ. “

കണ്ണുകൾ തുടച്ച് അമ്മ പറഞ്ഞത് കേട്ടപ്പോൾ അത്രയും ദിവസം അടക്കിപ്പിടിച്ചു കൊണ്ട് നടന്ന ദേഷ്യവും സങ്കടവും കുറ്റബോധവുമെല്ലാം എന്റെ പിടി വിട്ടു…

“അവൾക്കെങ്ങോട്ടാ പോവണ്ടേ….. ഇപ്പൊ തന്നെ കൊണ്ട് വിട്ടേക്കാം… ഇങ്ങോട്ട് കൊണ്ട് വന്നത് ഞാൻ ആണല്ലോ.. അപ്പൊ ഈ ഞാൻ തന്നെ തിരിച്ചും കൊണ്ട് വിട്ടോളം…കുറേ ദിവസമായി ബാക്കിയുള്ളവന്റെ ക്ഷമ പരീക്ഷിക്കാൻ തുടങ്ങിയിട്ട്. ഇന്നിതിനൊരു തീരുമാനം വേണം.. “

ദേഷ്യത്തോടെ അതും പറഞ്ഞു കൊണ്ട് അവളുടെ മുറിയിലേക്ക് പായുമ്പോൾ ഒന്നും മിണ്ടാനാകാതെ, എന്റെ പുലമ്പൽ കേട്ട് അമ്പരന്നു നിൽക്കുകയായിരുന്നു അമ്മ.

“ഡീ.. നിനക്ക് ഇവിടുന്ന് പോണോ.. “

അവളുടെ മുറിയുടെ വാതിൽ തള്ളി തുറന്നു അകത്തേക്ക് കയറി കുറ്റിയിട്ട് കൊണ്ട് അവളോട്‌ ഞാൻ അലറുകയായിരുന്നു.

ആകെ പേടിച്ച് അമ്പരന്നു നിൽക്കുന്ന അവൾക്കരികിലേക്ക് ചെന്ന് ഞാൻ പിന്നെയും ചോദിച്ചു

“നിനക്ക് വീട്ടിൽ പോണോന്നു ചോദിച്ചത് കേട്ടില്ലേ..? “

“അത്… പിന്നെ.. ഞാൻ ഇവിടെ നിൽക്കണത് വിച്ചേട്ടന് ഇഷ്ടം അല്ലാലോ.. ഇപ്പോഴും ന്നോട് വെറുപ്പല്ലേ… അതല്ലേ. അതല്ലേ ന്നോടൊന്നു മിണ്ടുക കൂടിയില്ലാത്തെ… ഞാൻ.. ഞാൻ പൊയ്ക്കോളാം ഏട്ടാ..”

ഒരു തേങ്ങലോടെയാണ് അവൾ പറഞ്ഞത്.

“അപ്പൊ ഇത്രേം ദിവസം എനിക്ക് മുഖം തരാതെ.. ഒന്ന് കാണാൻ പോലും സമ്മതിക്കാതെ ഒഴിഞ്ഞു മാറിയതാരാടി… നീയല്ലേ… “

പല്ലുകൾ ഞെരിച്ചാണ് ഞാൻ ചോദിച്ചത്.

“വിച്ചേട്ടൻ തന്നെയല്ലേ ന്നോട് പറയാറ്, ഏട്ടന്റെ മുന്നിൽ കണ്ട് പോകരുതെന്ന്… അതാ ഞാൻ… ഇനീം വിച്ചേട്ടന് ഒരുപദ്രവം ആയിട്ട് ഇവിടെ നിക്കണ്ടാന്നു തോന്നി.. അതാ പോണംന്ന്…. ഞാൻ പൊയ്ക്കോളാം വിച്ചേട്ടാ… “

ഇടറിയ സ്വരത്തിൽ പറഞ്ഞു കൊണ്ടവൾ തല താഴ്ത്തി.. കണ്ണിൽ നിന്നൊഴുകിയിറങ്ങിയ കണ്ണുനീർ അവളുടെ കാൽവിരലുകളിൽ വീണ് ചിതറി.

എനിക്കെന്തോ വല്ലാത്ത നീറ്റൽ തോന്നി ചങ്കിനകത്ത്.എനിക്കറിയാവുന്ന ജാനി ഇങ്ങനെ അല്ലല്ലോ…എന്നോട് തന്നെ എനിക്ക് ദേഷ്യം തോന്നി.. ഒക്കെ ഞാൻ കാരണമല്ലേ..അവളിത്രയും നൊന്ത് പോയത്.. എന്റെ തെറ്റാണ്. ഇവിടെ വന്ന ഇത്രയും ദിവസത്തിനിടയ്ക്ക് ഒരിക്കലെങ്കിലും ഞാൻ അവളെയൊന്നു ആശ്വസിപ്പിച്ചിട്ടുണ്ടോ.. ഇല്ല…

അതൊക്കെയോർത്ത് അവളെ കുറച്ചു നേരം വേദനയോടെ നോക്കി നിന്നിട്ട് പെട്ടന്നുണ്ടായോരു തോന്നലിൽ വലിച്ചെന്റെ ഉടലോട് ചേർത്ത് പിടിച്ച് ഞാൻ ചോദിച്ചു

“നീ പോയാല് നിന്റെ വിച്ചേട്ടനോട് വഴക്ക് കൂടാൻ വേറെ ആരാടി ഉള്ളത് ? “

ഒരു ഞെട്ടലോടെ എന്നിൽ നിന്നകന്നു മാറി എന്നെ മിഴിച്ചു നോക്കിയ അവളോട്‌ അത് വരെ മനസ്സിൽ വർഷങ്ങളായി കൊണ്ട് നടന്നിരുന്ന ഭാരം മുഴുവൻ ഇറക്കി വയ്ക്കുമ്പോൾ എല്ലാം കേട്ട് തരിച്ചിരിക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു.

“ഇത്രയും ദിവസം ഇതൊക്കെ നിന്നോട് പറയാൻ ഒരവസരം കാത്തു വീർപ്പുമുട്ടുവായിരുന്നു ഞാൻ. നിന്നോട് ദേഷ്യം കാണിച്ചിട്ടുണ്ട് ഞാൻ..വെറുപ്പ് കാണിച്ചിട്ടുണ്ട് ഞാൻ…പക്ഷെ.. പക്ഷെ… അപ്പോഴൊക്കെ നീ.. നീയെപ്പോഴും എന്റെ കൂടെയുണ്ടല്ലോ എന്നൊരു ആശ്വാസം ഞാൻ പോലുമറിയാതെ എനിക്കുണ്ടായിരുന്നു … ഇപ്പൊ ഇത്രയും ദിവസം കൊണ്ട് ഞാൻ.. ഞാൻ എത്രമാത്രം നിന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് പോലും അറിയില്ല…എനിക്ക് നിന്നെ വേണം മോളെ.. നീയില്ലാതെ…നിന്റെ ഒച്ചയനക്കങ്ങൾ ഇല്ലാതെ.. നിന്റെ പൊട്ടിച്ചിരിയും പിണക്കവും കൊഞ്ചലും ഒന്നുമില്ലാതെ എനിക്ക് വയ്യ ജാനി.. അതൊക്കെ എനിക്ക് തിരിച്ചു വേണം മോളെ..എന്നോട് വഴക്കുണ്ടാക്കാൻ.. തറുതല പറയാൻ കളിയാക്കിച്ചിരിക്കാൻ ഒക്കെ ഒക്കെ എനിക്ക് നിന്നെ വേണം ജാനി.. ആ പഴയ നിന്നെ എനിക്ക് തിരിച്ചു വേണം… ഇല്ലെങ്കിൽ.. ഇല്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും .”

എനിക്ക് മുന്നിൽ കണ്ണ് നിറച്ചു നിന്നവളോട് ഒരു ഭ്രാന്തനെപ്പോലെ ഞാൻ പുലമ്പി.

അവൾ ഒന്നും മിണ്ടിയില്ല. എന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുക മാത്രം ചെയ്തു. അവളുടെ ആ മൗനം എന്നെ കൂടുതൽ ഭ്രാന്ത്‌ പിടിപ്പിച്ചു.

“എന്നെയിട്ടേച്ചു പോകുമോ നീ… അങ്ങനെ പോയാല് പിന്നെയീ വിഷ്ണു ഇല്ല. ഇഷ്ട്ടമാടി നിന്നെയെനിക്ക്.. ഇഷ്ട്ടാണ്. ഇഷ്ട്ടാണ്.. ഇഷ്ട്ടാണ്. പറയ് ജാനി.. എന്നെയിട്ടേച്ചു പോകില്ലെന്ന് പറയെടി… ജാനി ഈ വിഷ്ണുവിന്റെ ആണെന്ന് പറ…എനിക്ക് വേണം മോളെ നിന്നെ..ഇനിയുള്ള കാലം മുഴുവൻ… “

അവളോട്‌ ആർത്തലച്ചു അലറിപ്പറഞ്ഞ്‌ കൊണ്ട് അവൾക്ക് മുന്നിൽ ഞാൻ മുട്ടുകുത്തി.

അതായിരുന്നു എല്ലാ രീതിയിലും അവളോടുള്ള എന്റെ തോൽവി… എന്റെ പെണ്ണിനോടുള്ള എന്റെ ഇഷ്ടം.. സ്നേഹം.

ഞാൻ എനിക്ക് തന്നെ അപരിചിതനായത് പോലെ…

ഇത്രയും കാലം അവൾ കണ്ട.. അല്ലെങ്കിൽ അവൾക്ക് മുന്നിൽ ഉണ്ടായിരുന്ന വിഷ്ണുവിൽ നിന്ന് ഇപ്പോഴത്തെ വിഷ്ണുവിലേക്കുണ്ടായ ഈ മാറ്റം എനിക്ക് പോലും ഉൾക്കൊള്ളാൻ സാധിച്ചില്ല..അപ്പോൾ പിന്നെ അവളുടെ കാര്യം പറയണോ..

എങ്കിലും പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ മനസ് ശാന്തമായത് പോലെ…

കണ്ണുകൾ നിറച്ച് ഞാൻ അവളെ നോക്കി…

അവൾ നിന്നിടത്തു നിന്ന് ഒന്നനങ്ങാൻ പോലുമാവാതെ ആകെ അമ്പരന്നു നിൽക്കുകയാണ് എന്നെത്തന്നെ ഉറ്റുനോക്കി.

ഞാനും കുറച്ചു നേരം അവളെയങ്ങനെ നോക്കി കണ്ണെടുക്കാതെ അതേ നിൽപ്പ് നിന്നു. എന്നെ നോക്കുന്ന അവളുടെ കണ്ണുകളിൽ നിറഞ്ഞ കൗതുകവും പ്രണയവും കൊതി തീരേ നോക്കി കണ്ടു ഞാൻ.

പെട്ടന്നാണ് മറ്റൊരു കാര്യം എനിക്കോർമ്മ വന്നത്.

“ഇവിടെ വാ.. “

അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി കണ്ണാടിക്ക് മുന്നിൽ നിർത്തിയിട്ട് ഷർട്ടിന്റെ പോക്കറ്റിൽ നിന്നൊരു കുഞ്ഞ് കവർ എടുത്ത് തുറന്ന്:അതിൽ നിന്ന് അവൾക്കേറെ ഇഷ്ട്ടമുള്ള കറുത്ത വട്ടപ്പൊട്ടെടുത്തു അവളുടെ നെറ്റിയിൽ തൊട്ടു ഞാൻ. പിന്നെ ആ പൊതിയിൽ കരുതിയിരുന്ന കണ്മഷിക്കൂട് തുറന്ന് മോതിരവിരലിൽ മഷി തൊട്ടടുത്തു, അവളുടെ മുഖത്ത് നിന്നാ കണ്ണുനീർ തുടച്ചു മാറ്റി രണ്ടു കണ്ണുകളിലും ഞാൻ മഷിയെഴുതി..എന്നിട്ട് കണ്ണാടിയിലൂടെ എന്നെത്തന്നെ നോക്കി നിൽക്കുന്നവളുടെ കണ്ണുകളിൽ കണ്ണുകൾ കൊരുത്തു ഞാൻ പറഞ്ഞു

“ഈ വിഷ്ണു ചത്തിട്ടു മതി എന്റെ പെണ്ണ് പൊട്ട് വയ്ക്കാതെ ഇങ്ങനെ കണ്ണെഴുതാതെ നടക്കുന്നത്.ഇത്രയും ദിവസം നിന്റെ ഒഴിഞ്ഞ നെറ്റിത്തടവും കരഞ്ഞു കലങ്ങിയ മഷിയെഴുതാത്ത കണ്ണുകളും കാണുമ്പോൾ എല്ലാം ഞാനങ് മരിച്ചു പോയാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയി.”

അവളപ്പോഴും ഒന്നും മിണ്ടിയില്ല.. കണ്ണാടിയിലൂടെ എന്നെ നോക്കി അതേ നിൽപ്പ് തുടർന്നു.

അവളെ നോക്കി തെല്ലൊരാശ്വാസത്തോടെ അവളുടെ നെറുകിൽ ചുണ്ടമർത്തി പിന്നെയും ഞാൻ പറഞ്ഞു

“പൊട്ട് തൊട്ട് കണ്ണും എഴുതിയപ്പോഴാ ഏട്ടന്റെ കുട്ടി ആ പഴയ ജാനി ആയത്….
ഇനി.. ഇനി മേലേടത്ത് ഭഗവതീടെ മുന്നില് വച്ച് ഒരു സിന്ദൂരപൊട്ട് കൂടി തൊട്ട് തരുന്നുണ്ട് ഈ വിഷ്ണു.. “

അത് കേട്ടൊരു പൊട്ടിക്കരച്ചിലൂടെ എന്നെ വട്ടം ചുറ്റിപ്പിടിച്ച് എന്റെ നെഞ്ചിൽ മുഖമമർത്തി അവൾ പറഞ്ഞു

“എനിക്ക്.. എനിക്ക് ഇത്രയും മതി വിച്ചേട്ടാ… ഏട്ടന് ന്നോട് വെറുപ്പില്ലെന്നു പറഞ്ഞൂല്ലോ.. ഇനി.. ഇനി എനിക്ക് മരിച്ചാലും സ്വർഗം കിട്ടും….. “

അവളെ ഞെഞ്ചിൽ നിന്നടർത്തി മാറ്റി അവളുടെ ചുണ്ടിൽ ചൂണ്ടുവിരൽ ചേർത്ത് ഞാൻ പറഞ്ഞു

“വേണ്ടാത്തത് പറഞ്ഞാലുണ്ടല്ലോ നല്ല അടി വച്ച് തരും ഞാൻ… ഈ വിഷ്ണുവിനെ തനിച്ചാക്കി എന്റെയീ പെണ്ണ് എങ്ങടും പോവില്ല. ഈശ്വരൻ ഇറങ്ങി വന്ന് ചോദിച്ചാൽപ്പോലും നിന്നെ ഞാൻ ഇനി കൊടുക്കില്ല മോളെ… “

ഞാൻ പറഞ്ഞതൊക്കെ കേട്ട് എന്റെ നെഞ്ചിൽ ചേർന്ന് നിന്നു കരയുന്നവളുടെ പുറം തലോടി അങ്ങനെ നിന്നു ഞാൻ..

കരയട്ടെ അവൾ.. ഇത്രയും നാളുകൾ എന്നോടുള്ള വാശിയിൽ പിടിച്ചു വച്ച കണ്ണുനീരെല്ലാം ഒഴുകിപ്പോട്ടെ…

അവളെയും ചേർത്ത് പിടിച്ച് എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല..

വാതിലിൽ അമ്മയുടെ മുട്ടൽ കേട്ടാണ് എനിക്ക് സ്ഥലകാല ബോധം ഉണ്ടായത്..

അവളെയും ചേർത്ത് പിടിച്ചു തന്നെ ഞാൻ വാതിൽ തുറന്നു..

“അമ്മേ.. എനിക്ക്.. “

“നീ ഒന്നും പറയണ്ടാ വിച്ചാ… എല്ലാം ഞാൻ കേട്ടു… അമ്മയ്ക്ക് ഒരായിരം വട്ടം സമ്മതമാണ് മോനേ… പണ്ടേ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് ന്റെ മോളെ ഞാൻ ന്റെ അടുത്തുന്നു എങ്ങട്ടും വിടില്ലാന്നു..ഭഗവതി എന്റെ വിളി കേട്ടു.. “

സാരിത്തലപ്പ് കൊണ്ട് കണ്ണുകൾ തുടച്ച് അമ്മ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ഒന്ന് കൂടി അവളെ എന്നിലേക്ക്‌ ചേർത്ത് പിടിച്ചു…

അങ്ങനെ അത് വരെയുള്ള വാശിയും പിണക്കവും പകയും വെറുപ്പുമെല്ലാം അവസാനിപ്പിച്ച് ആറുമാസങ്ങൾക്കിപ്പുറം മേലേടത്തു പരദേവതയുടെ മുന്നില് വച്ച് ജനനിയുടെ കഴുത്തിൽ ഞാൻ താലി കെട്ടി.

നിലവിളക്കിനു മുന്നിൽ വച്ച താലത്തിൽ നിന്നൊരു നുള്ള് സിന്ദൂരമെടുത്തു അവളുടെ നെറുകിലും നെഞ്ചിൽ ചേർന്ന് കിടക്കുന്ന താലിയിലും തൊട്ട് കൊടുക്കുമ്പോൾ കൈകൾ കൂപ്പി കണ്ണുകൾ അടച്ചു പ്രാർത്ഥനയോടെ നിന്നിരുന്ന എന്റെ പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…

നിറഞ്ഞു കത്തുന്ന അഗ്നിക്ക് മൂന്ന് വലം വച്ച്, ഇടം കൈ കൊണ്ട് അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് ആ നെറ്റിയിൽ ചുണ്ടമർത്തി ഞാൻ.

ഒടുവിൽ ആദ്യരാത്രിയിൽ ഉടലു കൊണ്ടും ഉയിര് കൊണ്ടും ഒന്നാവുമ്പോൾ ഞാൻ പകർന്നു നൽകുന്ന നോവിൽ നിറഞ്ഞു തൂവുന്ന അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് ആ മുഖം എന്റെ മുഖത്തിനു നേരെ പിടിച്ചു ഒരു ചിരിയോടെ ഒരു രഹസ്യം കണക്കെ അവളോട്‌ ഞാൻ ചോദിച്ചു

“കാന്താരി നിനക്ക് അപ്പോ നാണിക്കാനും കരയാനും ഒക്കെ അറിയാമല്ലേടി കൊള്ളിക്കുഞ്ഞേ? “

അത് കേട്ടൊരു കുറുമ്പോടെ, എന്നെയൊന്ന് കൂടി ഇരുകൈകൾ കൊണ്ടും വരിഞ്ഞു മുറുക്കി അവളിലേക്ക് ചേർത്ത് പിടിച്ച് എന്റെ ചുണ്ടിൽ ചുണ്ടുരുമ്മിക്കൊണ്ടവൾ പറഞ്ഞു

“അറിയാം… നിന്റെയടുത്തു മാത്രം വിച്ചേട്ടാ “

അത് കേട്ടൊരു ചിരിയോടെ .. അത്രയും പ്രണയത്തോടെ അവളുടെ മുഖം ഉമ്മകൾ കൊണ്ട് മൂടി ഞാൻ….

അവിടുന്നങ്ങോട്ട് ഞങ്ങൾ ജീവിക്കാൻ തുടങ്ങുകയായിരുന്നു….

വിച്ചേട്ടന്റെ ആ പഴയ ജാനിയായി അവളെന്റെ ഉയിരിൽ വീണ്ടും വീണ്ടും പൂക്കുകയായിരുന്നു …

അവസാനിച്ചു……..

~ബിന്ധ്യ ബാലൻ