ഒരു പൊട്ടിക്കരച്ചിലോടെ ഹരന്റെ കയ്യെടുത്ത് നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞു

ഒരാൾ മാത്രം ❤❤❤ പാർട്ട്‌ – 3 (ലാസ്റ്റ് പാർട്ട്‌ )

Story written by Bindhya Balan

====================

രാവിലെ ആറു മണിക്കെഴുന്നേറ്റ് കുളിച്ച്, അമ്പലത്തിൽ പോയി ഹരന് വേണ്ടി ഉള്ള് നീറിക്കരഞ്ഞു പ്രാർത്ഥിച്ച്‌ ഹോസ്പിറ്റലിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ മനസാകെ പരിഭ്രമമായിരുന്നു. നീണ്ട പത്തു വർഷങ്ങൾക്കു ശേഷം പ്രിയപ്പെട്ടവനെ കാണുകയാണ്.. മനസ് എണ്ണയിൽ മുക്കിയ തിരി കണക്കെ കുഴഞ്ഞങ്ങനെ…

പാർക്കിംഗ് ഗ്രൗണ്ടിൽ വണ്ടിയൊതുക്കി ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ ഹൃദയം എല്ലാവർക്കും കേൾക്കാൻ കഴിയുന്ന വിധം മിടിക്കാൻ തുടങ്ങി.

എൻക്വയറി സെക്ഷനിൽ ചോദിച്ച്‌ ഹരന്റെ റൂമിലേക്ക്‌ നടക്കുമ്പോൾ കണ്ണുനീർ വന്ന്‌ കാഴ്ചകളേ മറയ്ക്കുന്നുണ്ടായിരുന്നു.

ചാരിയിട്ടിരുന്ന ഡോറിൽ പതിയെ ഒന്ന് തട്ടി മെല്ലെ തുറക്കുമ്പോൾ ഹരന്റെ അമ്മയുടെ ചിരിയാണ് എന്നെ എതിരേറ്റത്

“മോള് വന്നോ… ഇവനെ ഇപ്പൊ ഇങ്ങ് കൊണ്ട് വന്നതേയുള്ളു. ഞങ്ങൾ മോളെ വിളിക്കാൻ തുടങ്ങുവായിരുന്നു.. മോള് വാ “

അമ്മ എന്റെ കൈ പിടിച്ച് റൂമിലെ സോഫയിലേക്കിരുത്തി. ഞാൻ തലയെത്തിച്ചു ഹരനെ നോക്കി.

“നല്ല ഉറക്കമാണ് മോളെ.. സെഡേഷന്റെ മയക്കം വിട്ടപ്പോൾ നല്ല വേദനയുണ്ടായിരുന്നു അവന്. ആ നഴ്സ് വന്ന്‌ ഉറങ്ങാനുള്ള ഇഞ്ചക്ഷൻ കൊടുത്തു . അതിന്റെ മയക്കം ആണ്. കുറച്ചു കഴിഞ്ഞു ഉണരും “

ഹരന്റെ തല തലോടി കണ്ണുനീർ തുടച്ച് ആ അമ്മ പറഞ്ഞു.

നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടയ്ക്കുമ്പോൾ ആണ് അമ്മ പറഞ്ഞത്

“മോളെ അവന് വലിയ ഇഷ്ടം ആയിരുന്നു.. കോളേജിൽ നിന്നു വന്ന്‌ കഴിഞ്ഞാൽ എപ്പഴും മോൾടെ കാര്യം പറയുമായിരുന്നു. ഒരു ദിവസം ഞാൻ പറഞ്ഞു അവനോട്, അത്ര ഇഷ്ടം ആണെങ്കിൽ നമുക്ക് കല്യാണം നടത്താമെന്നു. വരട്ടെ..പരസ്പരം ഇഷ്ടമാണെങ്കിലും ഇന്നേ വരെ തുറന്നു പറഞ്ഞിട്ടില്ല.. ആദ്യം മനസിലുള്ളത് അവളെ അറിയിക്കണം.. സമയമുണ്ട് അമ്മേ അവളെന്നെയിട്ടേച്ച് എങ്ങും പോവില്ലല്ലോ എന്നാ അവനതിനു മറുപടി പറഞ്ഞത്… മോള് അവനെ വിട്ട് പോവരുതായിരുന്നു.. മോള് കൂടെ ഉണ്ടായിരുന്നു എങ്കിൽ ഞങ്ങളുടെ മോന് ഇങ്ങനെയൊന്നും വരില്ലായിരുന്നു “

മുഖം പൊത്തി കരഞ്ഞതല്ലാതെ എനിക്ക് മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല.

“അമ്മ മോളെ സങ്കടപെടുത്താൻ പറഞ്ഞതല്ലാട്ടോ… കരയണ്ട.. “

എന്റെ മുഖം പിടിച്ചുയർത്തി കണ്ണീർ തുടച്ച് അമ്മയെന്നെ ആശ്വസിപ്പിച്ചു.

അമ്മയെ കെട്ടിപിടിച്ചു ഒച്ചയില്ലാതെ കരയുമ്പോൾ ഹരനോട് മനസ്സിൽ ഒരായിരം തവണ ഞാൻ മാപ്പിരന്നു.

“ആഹാ… താൻ വന്നോ..? “

പെട്ടന്നായിരുന്നു റൗണ്ട്സിന് ഇറങ്ങിയ ഡോക്ടർ റൂമിലേക്ക്‌ കയറി വന്നത്.
ഡോക്ടറെ കണ്ടതും കണ്ണുകൾ തുടച്ച് ഒരു ചിരിയോടെ ഞാൻ എഴുന്നേറ്റു.

“അമ്മേ, ദേ ഇയാള് കൃത്യ സമയത്ത് ഇവിടെ എത്തിച്ചത് കൊണ്ടാണ് അമ്മയുടെ മകനെ അമ്മയ്ക്ക് തിരിച്ചു കിട്ടിയത് കേട്ടോ.. “

ഡോക്ടർ ഒരു ചിരിയോടെ അമ്മയോട് പറഞ്ഞു. പിന്നെ ചെന്ന് പതിയെ ഹരനെ വിളിച്ചു

“ഹരൻ.. ഹലോ… വേക്കപ്പ്‌… “

ഹരൻ മെല്ലെ കണ്ണ് തുറന്നു..

“ഗുഡ്മോർണിംഗ് ഹരൻ.. ഇപ്പൊ എങ്ങനെയുണ്ട്….പെയിൻ ഉണ്ടോ “

ഡോക്ടർ ചോദിച്ചു.

ഹരൻ മെല്ലെയൊന്നു മൂളി. പിന്നെ ഡോക്റോട് ചോദിച്ചു

“എന്നെ ഇവിടെ കൊണ്ട് വന്നതാരാ ഡോക്ടർ.. എവിടെയോ ഒരോർമ്മ പോലൊരു സ്ത്രീയുടെ രൂപവും സ്വരവും തങ്ങി നിൽക്കുന്നുണ്ട്.. ഡോക്ടർ കണ്ടിരുന്നോ അവരെ.. “

“ഹരന് കാണണോ ആ ആളെ? “

ഡോക്ടർ ചോദിച്ചു.

“കാണാൻ ആഗ്രഹം ഉണ്ട് ഡോക്ടർ.. കണ്ടിട്ട് അവരോട് ചോദിക്കണമെനിക്ക് ചാകാനും എന്നെ സമ്മതിക്കില്ലേ എന്ന്.. “

ഹരന്റെ ദൃഢമായ സ്വരം.

“അപ്പൊ.. അപ്പൊ നീ അറിഞ്ഞോണ്ട്‌ ചെയ്തതാണോ ഇത്… പറ മോനേ.. “

അമ്മ നെഞ്ച് വിങ്ങിക്കരഞ്ഞ്‌ കൊണ്ട് ചോദിച്ചു.

“ചാകാൻ ഇനി ആരുടെ സമ്മതം വേണം.. ഹരന് ജീവിതത്തിൽ ഇനിയൊന്നുമില്ലല്ലോ.. ആഗ്രഹിച്ചതൊന്നും കിട്ടിയില്ല. ഹരൻ തോറ്റ് പോയി എല്ലായിടത്തും..ലൈഫില്..കരിയറില്… എല്ലായിടത്തും ഒരു കോമാളിയായി.. എ സ്റ്റുപ്പിഡ് ഇഡിയോട്ടിക് ജോക്കർ.. അതല്ലേ ഇപ്പൊ ഹരൻ.. “

വേദന കടിച്ചമർത്തി പല്ല് ഞെരിച്ചു കൊണ്ട് ഹരൻ പറഞ്ഞതൊക്കെ കേട്ടൊരു നിലവിളിയോടെ ഊർന്ന് താഴേക്കു വീഴുമ്പോൾ ആ അമ്മ ഓടിവന്നെന്നെ താങ്ങി. ഇതിനായിരുന്നോ ഇത്രയും കാലം ജീവിച്ചതെന്നു തോന്നിപ്പോയെനിക്ക്

മെല്ലെ ആ അമ്മയുടെ കൈ വിടുവിച്ച് ഹരനരികിലേക്ക് ചെന്ന് ആ കാൽ വിരലിൽ തൊട്ടു ഞാൻ. പെട്ടന്ന് കണ്ണുകൾ ഉയർത്തി എന്നെ ഒരു നിമിഷമൊന്നു നോക്കിയിട്ട് മെല്ലെ ഹരൻ കണ്ണുകൾ അടച്ചു. അമ്പരപ്പായിരുന്നോ ആ മുഖത്തു..? അറിയില്ല

അലിവോടെ.. കുറ്റബോധത്തോടെ ആ മുഖത്ത് നോക്കിയങ്ങനെ നിൽക്കുമ്പോൾ ഞാൻ കണ്ടു കൺകോണുകളിൽ നിന്നും ഇരു ചെന്നികളിലേക്കും ഉരുകിയൊഴുകുന്ന കണ്ണുനീർ.

മെല്ലെ കുനിഞ്ഞു ഹരന്റെ വലത് കാലിലെ നീര് കെട്ടി വീർത്ത പെരുവിരൽത്തുമ്പിൽ ചുണ്ടമർത്തി ഞാൻ..പക്ഷെ ഹരനിൽ നിന്നൊരു പ്രതികരണവും ഉണ്ടായില്ല.. എന്നോട് ഒരുപക്ഷെ വെറുപ്പായിരിക്കാം ഹരന്. ജീവിതം തകർത്തതു ഞാനല്ലേ…ഒന്നും മിണ്ടാതെ, കരയാൻ പോലും കരുത്തില്ലാതെ തളർന്നു പോയി ഞാൻ .

ടെസ്റ്റ്‌ റിസൾട്ടുകളും സ്കാനിംഗ് റിപ്പോർട്ടുകളും പരിശോധിച്ച്‌ ഡോക്ടർ പറഞ്ഞു

“എല്ലാം ഓൾറൈറ് ആണ് ഹരൻ…. ഒരു വൺ വീക്ക്‌ കൂടി ഇവിടെ കണ്ടിന്യൂ ചെയ്യേണ്ടി വരും..മരുന്നൊക്കെ കൃത്യമായി കഴിക്കണം.. കേട്ടോ “

“മ്മ്.. “

ഹരൻ വെറുതെ മൂളി.

റൗണ്ടസ് കഴിഞ്ഞു ഡോക്ടർ പോയി. ഞാൻ വീണ്ടും ഹരനെ നോക്കി. അതേ കിടപ്പ് തന്നെ.. കണ്ണുകൾ അടച്ച്.. ഹരനെ നോക്കുംതോറും നെഞ്ച് പൊട്ടാൻ തുടങ്ങി.

എന്റെ ഇത്ര അടുത്തുണ്ടായിട്ടും ഹരൻ മനസ് കൊണ്ട് എന്നിൽ നിന്നെത്രമാത്രം ദൂരെയാണ് എന്നോർക്കുമ്പോൾ ഉള്ളം പിടയുന്നുണ്ടായിരുന്നു.

എന്റെ മനസ് വായിച്ചിട്ടെന്ന പോലെ അച്ഛൻ പറഞ്ഞു

“മോളെ.. മോളിത്തിരി നേരം ഇവിടെ ഇരിക്കാമോ.. ദേ ഇവള് ഇന്നലെ ഉച്ച മുതൽ ഒന്നും കഴിക്കാതിരിക്കുവാ.. ഞാൻ എന്തെങ്കിലും വാങ്ങിക്കൊടുക്കട്ടെ.. “

“അച്ഛനും അമ്മയും പോയിട്ട് വാ. ഞാൻ ഇരുന്നോളാം.. “

ഹരനെ നോക്കിക്കൊണ്ടാണ് ഞാൻ പറഞ്ഞത്.

എന്റെ നെറുകിലൊന്നു തലോടി അവർ മുറി വിട്ടു പോയി.

“ഹരൻ… “

ഞാൻ മെല്ലെ വിളിച്ചു. ഇല്ല പ്രതികരണങ്ങൾ ഒന്നും തന്നെയില്ല.

“ഹരൻ.. ഹരനെന്നോട് വെറുപ്പാണോ..? “

ഞാൻ വീണ്ടും ചോദിച്ചു.അനക്കമൊന്നുമില്ല.പണ്ടേ ഇങ്ങനെയാണ്, ദേഷ്യം വന്നു കഴിഞ്ഞാൽ ഈശ്വരൻ ഇറങ്ങി വന്ന് വിളിച്ചാൽ പ്പോലും മിണ്ടില്ല. ആ സ്വാഭാവത്തിനു ഇപ്പോഴും ഒരു കുറവുമില്ല.

ഞാൻ മെല്ലെയെഴുന്നേറ്റ് ചെന്ന് ഹരന്റെ ബെഡിനരികിലേക്ക് കസേര ചേർത്തിട്ടിരുന്നു.

മെല്ലെ ആ നെറുകിൽ തലോടി

“ഹരൻ… പ്ലീസ്.. ഒന്നെന്നെ നോക്ക്.. വെറുപ്പാണെങ്കിൽ എന്നോട് ഇറങ്ങിപ്പോ എന്നെങ്കിലും പറയ്… ഈ മൗനം.. എനിക്കത് താങ്ങാൻ പറ്റണില്ല.. പ്ലീസ്… “

ഹരനിൽ നിന്ന് എന്നിട്ടും പ്രതികരണങ്ങൾ ഉണ്ടായില്ല..

ഉള്ളിൽ തികട്ടി വന്ന നിലവിളിയെ അടക്കിപ്പിടിച്ചിരിക്കുമ്പോഴാണ് അച്ഛനും അമ്മയും കയറി വന്നത്.

അവരെ കണ്ടൊന്നു ചിരിച്ചെന്നു വരുത്തി, കരച്ചിലടക്കിപ്പിടിച്ചു ഒന്നും മിണ്ടാതെ പുറത്തേക്ക് നടക്കുമ്പോൾ മനസ് ശൂന്യമായിരുന്നു

**************************

ഹരന്റെ അകൽച്ച വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നെങ്കിലും തനിച്ചാക്കാൻ മനസ് വരാതെ ഒരാഴ്ചത്തെ ലീവെടുത്തു, മുഴുവൻ സമയവും ഞാൻ ഹോസ്പിറ്റലിൽ കയറിയിറങ്ങി..

അഞ്ചു ദിവസങ്ങൾക്കിപ്പുറവും എന്നോടൊന്നു മിണ്ടാതെ, എന്നെയൊന്നു നോക്കാൻ കൂട്ടാക്കാതെ ഹരൻ എന്നിലൊരു ചോരയിറ്റുന്ന മുറിവായി.

എല്ലാവരോടും ഒരു ചിരിയോടെ സംസാരിക്കുന്നയാൾ എന്നെക്കാണുമ്പോൾ മാത്രം മൗനം കൂട്ടുപിടിക്കും..മുഖത്തെ ചിരി മായും.

എന്നോട് ഹരൻ കാണിക്കുന്ന അവഗണന ആ അമ്മയ്ക്കും നോവ്‌ പകരുന്നുണ്ടായിരുന്നു.

എങ്കിലും അതൊന്നും സാരമില്ല എന്ന മട്ടിൽ ഞാൻ ഹരനെ കാണാൻ പൊയ്ക്കൊണ്ടിരുന്നു.

ഒരു ദിവസം, അന്ന് അത്യാവശ്യമായി അറ്റൻഡ് ചെയ്യേണ്ടിയിരുന്ന ഒരു കേസ് ഉണ്ടായിരുന്നത് കൊണ്ട് വൈകിട്ടാണ് ഞാൻ ഹോസ്പിറ്റലിൽ എത്തിയത്. ഹരനെ കാണാനുള്ള ആവേശത്തോടെ റൂമിലേക്ക്‌ ചെല്ലുമ്പോഴാണ് അമ്മ പറയുന്നത് കേട്ടത്

“നീയെന്തിനാ മോനേ ആ കുട്ടിയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്.. നീയൊന്ന് നോക്കി ചിരിക്കുന്നത് കാണാൻ ആണ് ആ മോളിങ്ങനെ നീ അവഗണിച്ചിട്ടും ഇവിടെ വരുന്നത്.നിനക്ക് ഒത്തിരി ഇഷ്ടം ആയിരുന്നില്ലേ അവളെ…ആ ഇഷ്ടം മറന്നു കളയാൻ മാത്രം ഇത്ര കല്ലാണോ എന്റെ മോന്റെ മനസ്.. “

“ആ കല്ലാണെന്നു എല്ലാവരും കരുതട്ടെ.. ഹരൻ ഇനി ഇങ്ങനെയൊക്കെ ആയിരിക്കും..പഴയ ഹരൻ ചത്തു..”

അല്പം ഇടർച്ചയോടെ ഹരൻ പറഞ്ഞത് കേട്ട് ഒഴുകി വന്ന കണ്ണുനീരിനെ തുടച്ചു കൊണ്ട് വരുന്നത് വരട്ടെ,ആട്ടിയിറക്കുന്നെങ്കിൽ ഇറക്കട്ടെ എന്നുറപ്പിച്ചു കൊണ്ട് ഞാൻ വാതിലിൽ മുട്ടി.

അമ്മ വന്ന് വാതിൽ തുറന്നു.

“ആ മോളാണോ.. മോളുടെ കാര്യം ഞാൻ ഇവനോട് പറയുവായിരുന്നു.. “

“പറഞ്ഞതൊക്കെ ഞാൻ കേട്ടു അമ്മേ… “

എനിക്ക് മുഖം തരാതെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന ഹരനെ നോക്കിയാണ് ഞാൻ പറഞ്ഞത്. ഇല്ല.. ആ മുഖത്ത് ഒരു ഭാവവുമില്ല..

“ആ മോളിവിടെ കുറച്ചു നേരം ഒന്നിരിക്കോ.. രാവിലെ അച്ഛൻ പറഞ്ഞു ബന്ധത്തിൽപ്പെട്ടൊരാളെ ഇവിടെ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട് എന്ന്. അച്ഛൻ അയാളെ കാണാൻ പോയിരിക്കുവാ.. അമ്മയും കൂടി ഒന്ന് പോയിട്ട് വരാം.. പ്രായമായ ആളാ മോളെ.. ഇന്നോ നാളെയോ എന്ന് പറഞ്ഞു കിടക്കുവാ.. അമ്മ പോയിട്ട് വേഗം വരാം “

“അമ്മ പോയിട്ട് വന്നോളൂ.. ഞാൻ ഇവിടെ ഉണ്ടാകും.. “

ശരി മോളെ എന്ന് പറഞ്ഞ് അമ്മ മുറി വിട്ട് പോയി.

കുറച്ചു നേരം എന്തിനെന്നറിയാതെ നിന്നിട്ട് ഞാൻ പറഞ്ഞു

“ഞാൻ പുറത്തുണ്ടാകും.. എന്തെങ്കിലും ആവശ്യം ഉണ്ടെകിൽ വിളിച്ചാൽ മതി.. എന്നെയിങ്ങനെ കണ്ടുകൊണ്ടിരിക്കാൻ ഹരന് ഇഷ്ടം ഉണ്ടാവില്ല.. ഒക്കെയും എന്റെ തെറ്റാണ്… പൊറുക്കാൻ പറ്റാത്ത തെറ്റ്..ഒരു ജീവിതം ഇല്ലാതാക്കി.. മരണത്തിന്റെ വക്കോളം കൊണ്ട് പോയി… ഒരു മാപ്പ് കൊണ്ടൊരിക്കലും ഒന്നും മാറാൻ പോകുന്നില്ലെന്നറിയാം ഹരൻ.. ഒന്നും പഴയ പോലെ ആവില്ലെന്നും . എങ്കിലും പറയുവാ,എന്നോട് പൊറുക്കണം ആ മനസ്സിൽ ഇപ്പൊഴും എന്നോട് ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടെങ്കിൽ “

എനിക്ക് മുഖം തരാതെയിരിക്കുന്ന ഹരനോട് അത്രയും പറഞ്ഞിട്ട് വാതിൽ തുറക്കാനൊരുങ്ങുമ്പോഴാണ് മുഴക്കം പോലെ ഞാൻ ആ സ്വരം കേട്ടത്..

“ഡീ.. “

ഞാൻ തിരിഞ്ഞു നോക്കി..

“ഇത്രേം വലിയ ഡയലോഗടിച്ചിട്ട് നീ എവിടെപ്പോകുവാ….ഇവിടെ വാടി “

ഒന്നും മനസിലാകാതെ മിഴിച്ചു നിന്ന് പോയി ഞാൻ. എന്റെ നിൽപ്പ് കണ്ട് ഒട്ടും ഗൗരവം വിടാതെ ഹരൻ ഒച്ചയുയർത്തി വീണ്ടും വിളിച്ചു

“ഇവിടെ വന്നിരിക്കാൻ.. ന്താ പറഞ്ഞത് കേട്ടില്ലേ “

ഒരു ഞെട്ടലോടെ ഞാൻ ഹരന്റെ അടുത്ത് കസേരയിൽ ഇരിക്കാനാഞ്ഞതും

“അവിടെയല്ല, ദേ ഇവിടെ “

എന്ന് പറഞ്ഞ് ഹരൻ ബെഡിൽ തൊട്ട് കാണിച്ചു.

പകപ്പോടെ ഞാൻ ബെഡിലേക്കിരുന്നു. കണ്ണുകൾ പെയ്യാൻ ഒരുങ്ങി നിൽക്കുകയാണ്. വെറുതെ താഴേക്കു നോക്കിയിരിക്കുന്ന എന്നോട് ഹരൻ പറഞ്ഞു

“മുഖത്തോട്ട് നോക്കെടി.. “

ഞാൻ അനങ്ങിയില്ല.

“ധരിത്രി എന്റെ മുഖത്തോട്ട് നോക്കാൻ “

ഹരന്റെ സ്വരത്തിൽ ഒരു കുഞ്ഞ് ചിരിയുണ്ടോ.. മെല്ലെ ഞാൻ കണ്ണുകൾ ഉയർത്തി ഹരനെ നോക്കി.

എന്നെ തന്നെ ഉറ്റു നോക്കുന്ന ആ കണ്ണുകളിൽ ദേഷ്യമാണോ വെറുപ്പാണോ എന്നൊന്നും മനസിലാകുന്നില്ല.

“ഞാ.. ഞാൻ… ഹരൻ.. “

വാക്കുകൾ മുറിഞ്ഞു പോയി

“മിണ്ടരുത് നീ.. “

എന്റെ ചുണ്ടുകൾക്ക് കുറുകെ ചൂണ്ട് വിരൽ ചേർത്ത് ഹരൻ പല്ലുകൾ കടിച്ചു.

എങ്കിലും ആ ദേഷ്യം അവഗണിച്ചു കൊണ്ട് ഒരു പൊട്ടിക്കരച്ചിലോടെ ഹരന്റെ കയ്യെടുത്ത് നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞു

“പൊറുക്കു ഹരൻ എന്നോട്.. എന്നെയിങ്ങനെ വേദനിപ്പിക്കല്ലേ..കുറച്ചു ദിവസം മുൻപ് റോഡിൽ ചോരയിൽ കുഴഞ്ഞു കിടന്ന ഹരനെ വാരിയെടുത്തു ഇവിടെ കൊണ്ട് വരുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല അത് നീയാണെന്നു… അറിഞ്ഞ ആ നിമിഷം മുതൽ ദേ ഇപ്പൊ വരെ ചത്തു ജീവിക്കുവാണ് ഹരൻ ഞാൻ.. ഇനിയും ഇനിയും ഈ മൗനം കൊണ്ടെന്നെ കൊല്ലല്ലേ.. പ്ലീസ്..എന്നോട് വെറുപ്പില്ല എന്ന് മാത്രം ഒന്ന് പറഞ്ഞാൽ മതി.. ഞാൻ പൊയ്ക്കോളാം… പ്ലീസ്….പറ ഹരൻ.. ധരിത്രിയോട്.. നിന്റെ ധരിത്രിയോട് നിനക്ക് വെറുപ്പില്ല എന്നൊന്ന് പറ.. ഞാൻ പൊയ്ക്കോളാം.. “

ഭ്രാന്ത് പിടിച്ചവളെപ്പോലെ പറഞ്ഞു കൊണ്ട് നെഞ്ച് പൊട്ടിക്കരഞ്ഞു ഞാൻ .

പെട്ടന്ന് ഹരന്റെ ഇടം കയ്യെന്റെ നെറുകിൽ തൊടുന്നത് ഞാനറിഞ്ഞു. ഞാൻ മെല്ലെ മുഖമുയർത്തി നോക്കി.. എന്നെ നോക്കി ചിരിക്കുന്ന ഹരന്റെ മുഖം.

“പറ ഹരൻ.. ന്നോട് വെറുപ്പില്ലെന്നു.. ആ നിമിഷം ഞാൻ പൊയ്ക്കോളാം… പ്ലീസ്… “

ആ കണ്ണുകളിലേക്ക് നോക്കി ഞാൻ യാചിച്ചു.

മെല്ലെയെൻറെ കവിളിൽ ഒന്ന് തല്ലിക്കൊണ്ട് ഹരൻ ചോദിച്ചു

“അങ്ങനെ പോകുമോ നീ ഇനിയും എന്നെയിട്ടേച്ചു…. പോയാൽ കൊല്ലും ഞാൻ “

കണ്ണുകളിൽ നിറഞ്ഞ ഞെട്ടലോടെ ഞാൻ ഹരനെ നോക്കി.

കനത്ത സ്വരത്തിൽ ഹരൻ പറയാൻ തുടങ്ങി

“അന്ന് എക്സാം കഴിഞ്ഞു ഒരു വാക്ക് പോലും മിണ്ടാതെ പോയില്ലേ നീ.. എനിക്കറിയാം നീ മാറിത്തന്നതാണ് എന്ന്.. പക്ഷെ എന്തിനു വേണ്ടി.. ആർക്ക് വേണ്ടി……എനിക്ക് വേണ്ടി നീ നിന്റെ ജീവിതവും ഇല്ലാതാക്കി. കല്യാണം കഴിഞ്ഞ രാത്രിയിൽ അവളെല്ലാം പറഞ്ഞു എന്നോട്.. നിന്നിൽ നിന്നെന്നെ അവള് പറിച്ചെടുത്തതാണെന്നു.. എന്നോടുള്ള അവളുടെ ഇഷ്ടം ആയിരുന്നു അവളുടെ ആയുധം.. എന്നും എവിടെയും ജയിച്ചു നിൽക്കുന്ന നിന്നോടുളള അവളുടെ പക.. ദേഷ്യം… അവളുടെ ഇഷ്ടം ഞാൻ അവഗണിച്ചപ്പോഴുണ്ടായ അപമാനം.. അതേ ഹരൻ ധരിത്രിയോട് കൂടുതൽ അടുപ്പം കാണിക്കുന്നത് കണ്ടപ്പോൾ ഉണ്ടായ ദേഷ്യം.. ഒടുക്കം ഹരൻ അവളുടെ ആയപ്പോ നിന്നെ തോൽപ്പിച്ച ആനന്ദം ആയിരുന്നു അവൾക്ക്. ഏറെ കൊതിച്ചൊരു കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ സന്തോഷം… അവളോട് വെറുപ്പ് തോന്നിയെങ്കിലും താലി കെട്ടിയവളോട് പൊരുത്തപ്പെടാൻ ഞാൻ ആവുന്നതും നോക്കി… പക്ഷെ അവിടുന്നങ്ങോട്ട് ഹരന്റെ ജീവിതം ഇല്ലാതാകുവായിരുന്നു.. അവളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച്, ഇനിയും ഒരു കോമാളിയായി ജീവിക്കണ്ട എന്നുറപ്പിച്ചാണ് അന്ന് ഡ്രൈവ് ചെയ്തതും ആക്‌സിഡന്റ് ആയതും.. പക്ഷെ ജീവിതത്തിലേക്ക് തിരികെ വന്നപ്പോ കണ്ടത് നിന്നെയാണ്.. ഇപ്പൊ അമ്മ പറഞ്ഞറിഞ്ഞു , നീ ഇപ്പോഴും തനിച്ചാണെന്നു.. തനിച്ചാകാൻ ആയിരുന്നു അന്ന് നീ തീരുമാനിച്ചതെങ്കിൽ ഒരു വിധിക്കും.. ഒരാൾക്കു വേണ്ടിയും നിന്നെ ഈ ഹരൻ വിട്ട് കൊടുക്കില്ലായിരുന്നു.. അത്രയ്ക്ക് ഇഷ്ട്ടമാണെടി നിന്നെയെനിക്ക്….”

ഞാൻ ഒന്നും മിണ്ടിയില്ല.

എന്റെ മുഖം പിടിച്ചുയർത്തി കണ്ണുകളിലേക്കുറ്റു നോക്കി ഹരൻ പറഞ്ഞു

“നിന്നോടെനിക്ക് വെറുപ്പില്ല… അങ്ങനെ പറഞ്ഞാൽ നീ പൊയ്ക്കോളാം എന്നല്ലേ പറഞ്ഞത്.. നീയൊന്ന് പോയേ. ഞാനൊന്നു കാണട്ടെ.. “

ആ പഴയ ഇരുപത്കാരന്റെ കുറുമ്പ് നിറഞ്ഞ മുഖം ഞാൻ വീണ്ടും കണ്ടു.

ഞാൻ ഒന്നും മിണ്ടിയില്ല..

“എന്തേ നീ പോകുന്നില്ലേ… വെറുതെ ഓരോന്ന് വിളിച്ചു പറയാൻ നിൽക്കരുത് മേലാൽ.. നിന്നെക്കൊണ്ട് പറ്റുന്നത് പറഞ്ഞാൽ മതി കേട്ടല്ലോ. അവള് പോകും പോലും.. ന്നാ പോ നീ… ചാകാൻ നോക്കിയിട്ട് എന്നെ അതിന് സമ്മതിക്കാതെ എടുത്തോണ്ട് വന്ന് ഇവിടെ കിടത്തി.. ഇത്രയും ജീവൻ തന്നു.. എന്നിട്ടവള് പിന്നെയും പോകുവാണെന്നു.. എങ്ങോട്ടാടി നീ പോകുന്നെ.. “

എന്ത് പറയണമെന്നറിയാതെ കരഞ്ഞു കലങ്ങിയിരുന്ന എന്റെ മുഖം കൈകൾ കൊണ്ട് വാരിപ്പിടിച്ച് കണ്ണുകൾ നിറച്ച് ഹരൻ ചോദിച്ചു

“പിന്നേം പോകുവാണോ മോളെ നീ എന്നെയിട്ടേച്ച്.. എനിക്ക് വേണം പെണ്ണേ നിന്നെ.. വിതൗട്ട് യു.. ഐ ആം നത്തിങ് ധരിത്രി.. നീ പോയ ഈ വർഷമത്രയും നിന്റെ ഹരൻ ജീവിച്ചിട്ടില്ല മോളെ… എനിക്ക് നിന്നെ വേണം .. “

ഒരു നിലവിളിയോടെ, ഹരനെ കെട്ടിപ്പിടിച്ച്‌ ആ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് പൊതിയുമ്പോൾ, കളഞ്ഞു പോയെന്ന് കരുതിയ നിധി തിരികെക്കിട്ടിയ സന്തോഷം ഞാൻ അറിഞ്ഞു..

എന്റെ ഇടനെഞ്ചിൽ തല ചായ്ച്ച് ഒരു കുഞ്ഞിനെപ്പോലെയിരിക്കുന്ന ഹരന്റെ നെറുകിൽ തലോടി ഞാൻ ചോദിച്ചു

“ഞാൻ.. ഞാൻ എന്നെങ്കിലും വരുമെന്ന് കരുതിയിരുന്നോ ചെക്കാ നീ.. “

“മ്മ്.. “

എന്റെ കഴുത്തിൽ ചുണ്ടമർത്തി ഹരൻ മെല്ലെ മൂളി.. പിന്നെ തലയുയർത്തി എന്റെ കണ്ണുകൾ കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു കൊണ്ട് പറഞ്ഞു

“നീ ഈ ഹരന്റെ പെണ്ണാണ് ധരിത്രി…ഹരന്റെ മാത്രം…ഇത്രയും നാൾ, എന്നിൽ നിന്ന് നിനക്കൊളിച്ചിരിക്കാൻ നിനക്കറിയാവുന്നിടത്തെല്ലാം ഞാൻ നിന്നെ തിരഞ്ഞു പെണ്ണേ…പക്ഷെ മുറിപ്പെടുത്താൻ നീ തീരുമാനിച്ചുവെങ്കിൽ ഞാൻ തിരഞ്ഞിട്ടെന്തിനാ..? പക്ഷെ, എന്നെങ്കിലും.. എപ്പോഴെങ്കിലും എന്റെ മാത്രമാകാൻ നീ തിരിച്ചു വരും എന്ന് എനിക്കുറപ്പുണ്ടായിരുന്നു ധരിത്രി.. അല്ലെങ്കിൽ കാലം നമ്മളെയിങ്ങനെ കൂട്ടിമുട്ടിക്കില്ലായിരുന്നല്ലോ…..”

നിറഞ്ഞ കണ്ണുകൾ കൊണ്ട് ഞാൻ ഹരനെ കൗതുകത്തോടെ നോക്കി..

“പറയ്… എന്റെ കൂടെ വരുവാണെന്നു പറയ്.ഇനിയും ഒന്നിനും വിട്ട് കൊടുക്കാതെ നെഞ്ചിലെടുത്തു വച്ച് എനിക്ക് ആവോളം സ്നേഹിക്കാൻ ഈ ഹരന്റെ പെണ്ണായി കൂടെ വരാമെന്നു പറയെടി.. “

കണ്ണുകൾ ചിമ്മി ഞാൻ മെല്ലെ ചിരിച്ചു. രണ്ടു തുള്ളി കണ്ണീർ അടർന്നു ഹരന്റെ മുഖത്ത് വീണു. കൈകൾ കൊണ്ട് ആ കണ്ണീരിനെ തുടച്ചെടുത്തു ഞാൻ പറഞ്ഞു

“ആ കവിതയൊന്ന് മൂളാമോ ഹരൻ.. “

ഹരൻ മെല്ലെ ചിരിച്ചു.. പിന്നെ ഞങ്ങൾക്കേറെ പ്രിയപ്പെട്ട ആ കവിത പതിയെ മൂളാൻ തുടങ്ങി

ആ കണ്ണുകളിൽ പഴയ ഹരനെ കണ്ടു ഞാൻ.

മൂളൽ നിർത്തി ഹരൻ ചോദിച്ചു

“നീയെന്താ ഇങ്ങനെ നോക്കുന്നത്..?

ഒന്നും മിണ്ടാതെ ഒരു ചിരിയോടെ എഴുന്നേറ്റു ചെന്ന് തണുത്ത കാറ്റ് ഇരമ്പിക്കയറുന്ന ജനലുകൾ മെല്ലെ ചാരി തിരികെ വന്ന് ഞാൻ പറഞ്ഞു

“ഈ കണ്ണുകളിൽ ആ പഴയ ഹരനെ നോക്കിക്കാണുവാണ് ഞാൻ.. “

മെല്ലെയെൻറെ അരക്കെട്ടിൽ ഇരുകൈകൾ കൊണ്ടും ചുറ്റിപ്പിടിച്ച് ഹരൻ പറഞ്ഞു

“ഹരൻ ഹരനാവണമെങ്കിൽ കൂടെയവന്റെ പെണ്ണ് വേണം… ഹരനെ ഹരനാക്കാൻ ഈ ഒരാൾ മാത്രമേയുള്ളു ഈ ഭൂമിയിൽ.. അറിയോടി വക്കീലേ നിനക്ക്? “

ഒരു നിമിഷം അവന്റെ കണ്ണുകളിലേക്കുറ്റു നോക്കിയിട്ട് മെല്ലെ ഹരന്റെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു ഞാൻ.. പിന്നെ മെല്ലെ പറഞ്ഞു

“കൂടെയുണ്ട് എപ്പോഴും.. “

എന്നെ ചേർത്തു പിടിച്ച് കീഴ്ചുണ്ടിൽ ഒരു നോവോടെ ഹരൻ അവനെ ചേർത്തു വയ്ക്കുമ്പോൾ ആ വേദനയിലും ഒരു ചിരിയോടെ പതിയെ ഞാൻ കണ്ണുകൾ അടച്ചു…

പങ്ക് വയ്ക്കപ്പെടാതെ പോയെന്നോർത്ത ആദ്യ ചുംബനം പകുത്ത് ഞങ്ങൾ ജീവിതം തുടങ്ങുകയായിരുന്നു ആ നിമിഷം മുതൽ…

ധരിത്രി ഹരന്റെയും.. ഹരൻ ധരിത്രിയുടെയും മാത്രമാവുകയായിരുന്നു

********”

വാൽക്കഷ്ണം : ഒരു സാധാരണ കഥയാണ്.. ഒരു ട്വിസ്റ്റും ഇല്ലാത്ത കഥ. എഴുതി വന്നപ്പോ നീളം കൂടിപ്പോയത് കൊണ്ട് മാത്രം പാർട്ടുകൾ ആയി പോസ്റ്റ്‌ ചെയ്തതാണ്..വായിച്ച എല്ലാവരോടും സ്നേഹം

അവസാനിച്ചു..

~ബിന്ധ്യ ബാലൻ