ഓരോരുത്തരുടെയും ശരീര പ്രകൃതമനുസരിച്ചു പലതരത്തിൽ ആസ്വസ്ഥതകൾ ഉണ്ടാവും…

_exposure _upscale

Story written by Sumayya Beegum T A

================

അപ്പൊ എല്ലാം കള്ളമാണ് അല്ലേ?

എന്ത്?

എല്ലാം ഈ പെണ്ണെന്നു പറയുന്ന വർഗമേ കള്ളികൾ ആണ്.

ആണോ പുതിയ കണ്ടുപിടുത്തം ഓടിപോയി പേറ്റന്റ് എടുത്തോ.

ഇത് ചുമ്മാ പറയുന്നതൊന്നുമല്ല കാര്യായിട്ട് തന്നെ ആണ്.

ഓഹോ ഉദാഹരണം ഞാൻ തന്നെ ആവും. എന്താണ് ഇപ്പോൾ ഇങ്ങനെ കണ്ടുപിടിക്കാനുള്ള കാരണം ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണപോലെ നിങ്ങടെ തലയിൽ തേങ്ങ വീണോ?

ഡി അത്യാവശ്യം വലിപ്പം കുറഞ്ഞൊരു തേങ്ങ തലയിൽ വീണാലും ഞങ്ങൾ മോങ്ങില്ല.

അല്ലേലും വെള്ളയ്ക്ക വീണാൽ ആരും മോങ്ങാറില്ല.

മ്മ് നീ ഒക്കെ മോങ്ങും അതാണ് നിന്റെ ഒക്കെ ഇനം.

ദേ മനുഷ്യ രാവിലെ മാന്താൻ നില്കാതെ കാര്യം എന്താന്ന് പറ. ഇല്ലെങ്കിൽ ഈ ചിരവ എടുത്തു മാന്ത് പുട്ടിനുള്ള തേങ്ങ എങ്കിലും കിട്ടും.

ഡി നിനക്ക് ഒക്കെ മാസമാസം ഒരു വേദന ഉണ്ടല്ലോ? കൂടെ ഒരു ഒന്നൊന്നര കലിപ്പും വാശിയും ഒക്കെ എല്ലാം ചുമ്മാ പ്രഹസനം ആണ്.

അതേ സമ്മതിച്ചു ഞാൻ ആ വേദനയെ പറ്റി വിവരിക്കാൻ വരാറില്ലല്ലോ കഥയോ കവിതയോ എഴുതിയിട്ടുമില്ല പിന്നെ നിങ്ങൾക്ക് എന്താണ് മിസ്റ്റർ..

എന്നാലും നിന്റെ ഒക്കെ അഭിനയം ഭയങ്കരം.

ദേ സവാള അരിയുന്ന കത്തി കൈയ്യിൽ ഇരിക്കുന്ന കൊണ്ട് പറയുകയല്ല ഇനിയും നിങ്ങൾ ഇതുതന്നെ പറഞ്ഞു എന്റെ പുറകെ നടന്നാൽ പുട്ടും മുട്ടകറിയും മാത്രല്ല ഉച്ചയ്ക്ക് ചോറും കറിയും കിട്ടില്ല.

ഇതൊക്കെ പറഞ്ഞാണല്ലോ നീ ഉൾപ്പെടെ ഉള്ള പെണ്ണുങ്ങൾ മിടുക്കികൾ ആകുന്നത്.

അതേ അവിടെ നിന്നേ കാര്യം അറിഞ്ഞിട്ടേ ബാക്കിയുള്ളു.

ഡി നിന്നെപ്പോലെ ഒരുത്തി അല്ലേ ഒൻപതു മാസം ഗർഭം കൊണ്ട് വീട്ടുകാരെ പോലും അറിയിക്കാതെ നടന്നത്. ഭർത്താവിന് ചോറും വിളമ്പി അയാളെ കിടത്തി ഉറക്കിയിട്ട് ബാത്‌റൂമിൽ പോയി പ്രസവിച്ചത്. എന്നിട്ട് ദേ അവനെ തന്നെ കെട്ടിപിടിച്ചു അതേ റൂമിൽ വന്നു സുഖായി കിടന്നുറങ്ങിയത്.

അതിനു?

അപ്പൊ പിന്നെ നിങ്ങൾ ഒക്കെ കാണിക്കുന്നത് എന്ന അഭിനയം ആണെടി.

അറിയുമ്പോൾ തൊട്ടു വയറ്റുവേദന, ഓക്കാനം, നടുവേദന, കാലുവേദന തുടങ്ങി എന്തെല്ലാം വേദനകൾ കൂടെ ക്ഷീണവും തളർച്ചയും. പിന്നെ വിളർച്ച പ്രഷർ, ഷുഗർ തുടങ്ങി ഇല്ലാത്ത അസുഖങ്ങൾ ഇല്ല അതിനൊക്കെ ആയിരങ്ങളുടെ ടെസ്റ്റും.

പോരാത്തതിന് ആശുപത്രിയിലേക്ക് മാസമാസം വൺ ഡേ ടൂർ, സ്കാനിംഗ് ടെസ്റ്റ്‌ ഫുഡ് ഒരു അയ്യായിരം ആ വഴി കൂടെ ഒരു കെട്ട് വിറ്റാമിൻ ഗുളിക.

എല്ലാം തട്ടിപ്പ് ആണ്. ചുമ്മാ പാവം പിടിച്ച ആണുങ്ങളെ ചൂഷണം ചെയ്യാനുള്ള സമ്പ്രദായങ്ങൾ.

ഓഹോ അതാണ് കാര്യം രാവിലെ പത്രവും ഫോണും അരിച്ചുപെറുക്കി കഥ മൊത്തം പഠിച്ചിട്ട് എന്നോട് വഴക്ക് ഉണ്ടാക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുക.

ആരെയും അറിയിക്കാതെ ആ മഹതി പ്രസവിച്ച കുഞ്ഞു എവിടെ അതോടെ പറ കേൾക്കട്ടെ.

അത് മരിച്ചു.

മരിച്ചു എന്നല്ല കൊ ന്നു എന്നുപറ.

ഒരു കുഞ്ഞു വയറ്റിൽ പിറവിയെടുക്കാൻ പോകുന്നു എന്ന് ആദ്യായി തിരിച്ചറിയുന്ന അന്ന് തൊട്ടു ഓരോ നിമിഷവും എണ്ണിയെണ്ണിയാണ് ഒരു അമ്മ ആ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നത്.

ഓരോരുത്തരുടെയും ശരീര പ്രകൃതമനുസരിച്ചു പലതരത്തിൽ ആസ്വസ്ഥതകൾ ഉണ്ടാവും.

ചിലർക്കു ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല ഇഷ്ടം പോലെ ഭക്ഷണം കഴിച്ചു റസ്റ്റ്‌ ഇല്ലാതെ ജോലിചെയ്ത് സാധാരണ പോലെ ആ മാസങ്ങൾ കടന്നുപോകും.

മറ്റുചിലർക്ക് ഭക്ഷണം പോയിട്ട് വെള്ളം പോലും കുടിക്കാൻ പറ്റില്ല അതുപോലെ ഛർദിൽ ആവും ഡ്രിപ് ഇട്ട് മാത്രം ആവും ആദ്യമാസങ്ങൾ തള്ളി നീക്കുക.

ചിലർ അനങ്ങിയാൽ പോലും ബ്ലീഡിങ് ഉണ്ടാവുമ്പോൾ മറ്റുചിലർക്ക് എന്ത് ഭാരിച്ച ജോലിയും നിസാരമായി ചെയ്യാൻ പറ്റും.

അപ്പോഴൊക്കെ അമ്മമാർ പേടിക്കുന്നത് സ്വന്തം ശരീരത്തെ ഓർത്തല്ല ഉള്ളിൽ കിടക്കുന്ന ജീവന് എന്തേലും തട്ടുകേട് വരുമോ എന്നോർത്ത.

കട്ടിലിൽ കേറികിടന്നു സുഖിക്കാൻ ഉള്ള കൊതികൊണ്ടല്ല ഒൻപതു മാസവും ബെഡ്റസ്റ്റ് എടുക്കുന്നത്. വായും വെളിച്ചവും ഏൽക്കാതെ ഒറ്റ മുറിയിൽ കഴിച്ചു കൂട്ടുന്നത് എങ്ങനെ എങ്കിലും കുഞ്ഞിനെ സംരക്ഷിക്കാൻ ഉള്ള ത്യാഗം ആണ്.

പിന്നെ ഹോസ്പിറ്റൽ, വിറ്റാമിൻ ഗുളികകൾ, ചെക് അപ്പ്‌, സ്കാനിംഗ് ഇതൊക്കെ ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടാൻ അത്യാവശ്യം ചെയ്തിരിക്കേണ്ട നിർബന്ധ കാര്യങ്ങൾ ആണ്.അതിന്റെ ഒന്നും കുറവ് കൊണ്ട് ഉണ്ടാകാൻ പോകുന്ന കുഞ്ഞിന് ഒരു ദോഷവും വരാതിരിക്കാനുള്ള മുൻകരുതലുകൾ.

ഇങ്ങനെ ഒക്കെ ആണെങ്കിലും ചിലപ്പോൾ ചിലതൊക്കെ ദൈവഹിതം പോലെ നടക്കുമ്പോൾ വിധി എന്നുകരുതി സമാധാനിച്ചു രണ്ടുകയ്യും നീട്ടി സ്വീകരിച്ചു നെഞ്ചോട് ചേർത്ത് വളർത്തും.

അതാണ് പെണ്ണ്,അമ്മ.

നിങ്ങൾ പറഞ്ഞവൾ ഈ രണ്ടിലും പെടില്ല.

അതുകൊണ്ടാണ് യാതൊരു മാനസിക ശാരീരിക ബുദ്ധിമുട്ടും ഇല്ലാതെ അവൾ ഒരു കുഞ്ഞിനെ ഗർഭം ധരിച്ചതും പ്രസവിച്ചതും പിറന്നയുടൻ മരണത്തിനു വിട്ടുകൊടുത്തതും…

നിങ്ങൾക്ക് തൃപ്തി ആയോ? ഇനി കൂടുതൽ പറയണോ?

ഡി ഞാൻ ചുമ്മാ രാവിലെ ഒന്ന് നിന്നെ ദേഷ്യം പിടിപ്പിക്കാൻ എറിഞ്ഞു നോക്കിയതല്ലേ.

ഇതൊക്കെ അറിയാത്ത ആണുങ്ങൾ ഉണ്ടോ? അതല്ലേ ഞങ്ങൾ പറയുന്നത് സ്ത്രീ അമ്മയാണ് ദേവിയാണ് സർവ്വംസഹയാണ് എന്നൊക്കെ.

അയ്യോ പരിവേഷങ്ങൾ കൂടുതൽ ഒന്നും വേണ്ട ഇവളെപ്പോലുള്ള ഒന്നുരണ്ടെണ്ണത്തിനെ കണ്ട് ആ സ്കെയില് കൊണ്ട് അളക്കാൻ വരാതിരുന്നാൽ മാത്രം മതി. ഞങ്ങൾ വെറും മനുഷ്യരാണ് നിങ്ങൾ ആണുങ്ങളെപ്പോലെ തന്നെ.

പിന്നെ ഞാൻ രാവിലത്തെ ഫുഡ് വിളമ്പി വെക്കുമ്പോഴേക്കും മോൻ പോയി യൂ ട്യൂബിൽ നോർമൽ ഡെലിവറി വീഡിയോ എടുത്തൊന്നു മൊത്തം കാണു.അത് ഫുൾ കാണാനുള്ള മനക്കരുത്ത് ഉണ്ടെങ്കിൽ ഇനിയും ഇതുപോലുള്ള കണ്ടുപിടുത്തവും ആയി വാ… ഞാൻ വെയിറ്റ് ചെയ്യാം.

ന്റെ പൊന്നുമോളെ നീ പുട്ട് ഉണ്ടാക്കു ഞാൻ മുട്ട റോസ്റ്റ് ചെയ്യാം ഇനി ഈ ടോപ്പിക്ക് kസംസാരിക്കേണ്ട.

മ് അതാവും നിങ്ങൾക്കും നല്ലത്.

പുറത്തിരുന്നു കളിക്കുന്ന മക്കളെ നോക്കി അവൾ മന്ത്രിച്ചു.

ദാമ്പത്യത്തിലെ ഏറ്റവും വലിയ സമ്മാനങ്ങൾ ആണ് മക്കൾ. അത് പ്ലാൻഡ് ആണെങ്കിലും അൻ പ്ലാൻഡ് ആണെങ്കിലും ഉള്ളിൽ കൊരുത്ത ഒരു ജീവനെ അവൾ കൈവിടില്ല. അത് സമൂഹത്തെ പേടിച്ചോ വിശ്വാസത്തെ ഭയന്നോ അല്ല. തന്റെ കാണാത്ത കുഞ്ഞിനോട് ഇപ്പോഴേ മൊട്ടിട്ട അഗാധമായ സ്നേഹത്തിന്റെ ആഴം കൊണ്ടാണ്. മനുഷ്യ മനസ്സിനെക്കാൾ ദൈവികമായ ഒരു ചൈതന്യം ആ രണ്ടു ജീവനുകളെ പരസ്പരം കോർത്തിടുന്നു. ആ മുഖം ഒന്ന് കാണാനും ആ ജീവനെ സംരക്ഷിക്കാനും സ്വന്തം ജീവനും ജീവിതവും മറന്നു കാത്തിരിക്കുമ്പോൾ ഒന്നും നഷ്ടപെടുന്നതായി അവൾക്ക് തോന്നാറുമില്ല…. എല്ലാരും എങ്ങനെ എന്നെനിക്ക് അറിയില്ല പക്ഷേ ഞാൻ ഇങ്ങനെ ആണ്. എന്റെ ചിന്തകളും.. മക്കൾക്ക് നോക്കിനാൽ ഓരോ ഉമ്മകൾ ഉള്ളാൽ നൽകി അവൾ അവനൊപ്പം ജോലി തുടർന്നു..