പലപ്പോഴും ഞാനതിലേക്ക് ആ പടവുകൾ ഇറങ്ങി ചെല്ലാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്…

അച്ഛൻ

എഴുത്ത്: മനു തൃശ്ശൂർ

================

ഉമ്മറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മയെന്നെ വിളിച്ച് ..

“ഇതച്ഛന് കൊടുക്കെന്ന്. പറഞ്ഞു !!

ഒരു തൂക്കുപാത്രം നിറയെ കഞ്ഞിയും ഇലയിൽ ചുട്ടരച്ച ചമ്മന്തിയും ഒരു പ്ലാവില കോരിയും എനിക്ക് നേരെ നീട്ടി..

അച്ഛനന്ന് കല്ലുവെട്ടും കോറിയിലായിരുന്നു പണി…

സ്ക്കൂൾ പോവുമ്പോഴും വരുമ്പോഴും കല്ലുവെട്ടി മിഷ്യെന്റെ ശബ്ദം കേൾക്കുമ്പോൾ പലവട്ടം നോക്കാൻ തോന്നിയത് ഓർത്തപ്പോഴ അമ്മയുടെ ശബ്ദം വീണ്ടും ഉയർന്നു

“നീയൊന്നു കൊണ്ട് കൊടുക്കുമോ അച്ഛനിന്ന് രാവിലെ ഒരുമുറി ചായ കുടിച്ച പോയത്  !!

ഞാൻ കൊടുക്കാന്ന് പറഞ്ഞു സന്തോഷത്തോടെ ഞാനമ്മയോട് ചോദിച്ചു..

ഇന്നേത് കോറിയിലാ അച്ഛന് പണി.?

നമ്മുടെ കോച്ചിയേടത്തീടെ വീടിനടുത്തെ മാപ്പിളാരുടെ വീടില്ലെ..ആ ഗ്രിൽ വച്ച വീട്..

ആ….

അതിൻ്റെ പിറകിലെ പറമ്പിൽ ഉള്ള കോറിയിലാണ്..നീയിത് അവരുടെ പറമ്പു വഴി പോയി കൊണ്ടു കൊടുക്കാൻ നോക്ക്…

ഞാൻ അമ്മയുടെ കൈയിൽ നിന്ന് തൂക്കുപാത്രം വാങ്ങി നടക്കുമ്പോൾ

കോറിയിൽ നിന്നും വരുന്ന കല്ലുവെട്ടി മിഷ്യാനിൽ നിന്നുയരുന്ന ശബ്ദം
മെല്ലെ മെല്ലെ എൻറെ കാതിലേക്ക് ഇരുമ്പിയെത്തി കൊണ്ടിരുന്നു..

സ്ക്കൂൾ വിട്ടു വരുമ്പോഴൊക്കെ ഞാനതിനടുത്ത് പോകാൻ ഒരുപാട് കൊതിച്ചപ്പോൾ…

വലിയ കുഴിയായിരുന്നതിനാൽ അച്ഛനെപ്പെഴും സ്നേഹത്തോടെ ചീത്ത പറഞ്ഞു വീട്ടിലേക്ക് പറഞ്ഞു വിടും …

അച്ഛനൊപ്പം കോറിയിൽ പണിയെടുക്കാൻ വേറെ ഒന്ന് രണ്ടു പേരും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ അച്ഛനായിരുന്നു കല്ല് വെട്ടിയിരുന്നത് ..

പലപ്പോഴും ആ കല്ലുവെട്ടി മിഷ്യൻ വീട്ടിൽ കൊണ്ട് വരുമ്പോൾ വല്ലാത്തൊരു സന്തോഷവും

പിറ്റേന്ന് സ്ക്കൂൾ ചെല്ലുമ്പോൾ കൂട്ടുകാരോട് പറയാറുണ്ട്

എൻ്റെ വീട്ടിൽ കല്ലുവെട്ടുന്ന മിഷ്യെൻ  ഉണ്ടെന്നും അതെൻ്റെ അച്ഛൻ്റെ സ്വന്തമാണ് എന്നൊക്കെ ഞാൻ ഗമയിൽ പറയും….

അമ്മ പറഞ്ഞ പോലെ മാപ്പിളാരുടെ വീടിൻ്റെ തൊടിയിലൂടെ ഞാൻ നടന്നു…

കോറിയിലേക്ക് പോകുന്നതെന്ന് തോന്നിക്കുന്ന ആരൊക്കെയോ നടന്നു പോയ വഴിയിൽ കാലടികളേറ്റ് ചതഞ്ഞരഞ്ഞ ചെടികളുടെ അവശിഷ്ടങ്ങൾ ബാക്കിയായ് കിണ്ണറ്റിൽ നിന്നും കോരിയെടുത്ത വെളുത്ത മണ്ണായിരുന്നു..

ആ തൊടിയിലെ പുളിമരം കഴിഞ്ഞു ഒരു മുള്ളു വേലി കടന്നിട്ടു വേണം കോറിയിലെത്താൻ അപ്പോഴേക്കും ശബ്ദം അതിൻറെ ത്രീവ്രതയിൽ കാതിലേക്ക് എത്തിയിരുന്നു..

പതിയെ കല്ലുവെട്ടും കുഴിയുടെ മുകളിൽ നിന്നും ഞാനതിലേക്ക് നോക്കി ഒരു മൂലയിൽ വെയിൽ കൂടുമ്പോൾ വിശ്രമിക്കാൻ തെങ്ങിൻ്റെ പട്ട കൊണ്ട് ഒരു പുരയുണ്ടാക്കിട്ടുണ്ട്

അതിൽ കുറെ ഡ്രമ്മുകൾ..ഒന്നിൽ കൂടിക്കാനുള്ള വെളളമായിരിക്കും..

ഞാനങ്ങനെ നിന്ന് കോറിയിലേക്ക്   നോക്കുമ്പോൾ.അച്ഛനപ്പോൾ കല്ലുവെട്ടി മീഷ്യാൻ കൊണ്ട് കല്ലുകൾ മുറിച്ചു മുന്നോട്ടു നീങ്ങി കൊണ്ടിരിക്കാണ്..

“ഞാൻ അച്ഛാന്ന് ഞാനുറക്കെ വിളിച്ചു ” പക്ഷെ എൻറെ വാക്കുകൾ അച്ഛനിലേക്ക് എത്താതെ അതിൻ്റെ ശബ്ദത്തിൽ ലയിച്ചു ചേർന്നിരുന്നു..

ഒടുവിൽ ഞാൻ കോറിയിലേക്ക് ഇറങ്ങാൻ നോക്കി. പക്ഷെ മുകളിൽ നിന്നുമുള്ള എൻറെ നിഴൽ കണ്ടാവണം അച്ഛൻ തലയുയർത്തി എന്നെയൊന്നു നോക്കി…

“എന്താടാ എന്ന് ചോദിച്ചു…

“ഈ കഞ്ഞി അച്ഛന് കൊണ്ട് തരാൻ അമ്മ പറഞ്ഞെന്ന് ” ഞാൻ വിളിച്ചു പറഞ്ഞപ്പോൾ..

“നീയവിടെ നിൽക്ക് ഞാൻ മുകളിലേക്ക് വരാന്ന് പറഞ്ഞു “കല്ലുവെട്ടു നിർത്തി..

അപ്പോഴും കല്ലുവെട്ടും മിഷ്യേൻ്റെ ശബ്ദം എനിക്ക് ചുറ്റും അലയടിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുണ്ടായിരുന്നു…

കോറിയിൽ നിന്നും ഒരു മൂലയിൽ ഒറ്റ കല്ലിൽ താഴേക്ക് ചെത്തിയെടുത്ത ഒരു പടിയാണ് അതുവഴി വേണം കയറി വരാൻ..

പലപ്പോഴും ഞാനതിലേക്ക് ആ പടവുകൾ ഇറങ്ങി ചെല്ലാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്..

പക്ഷേ അവിടെ നിറയെ പൊടിയാട പറഞ്ഞു അച്ഛൻ എന്റെ ആഗ്രഹത്തെ വിലക്കും..

ഞാൻ പടുവുകളെ നോക്കി നിൽക്കുമ്പോൾ ശരീരത്തിൽ നിറയെ വിയർപ്പുമായി അച്ഛൻ കൈകൾ കഴുകി മുകളിലേക്ക് വന്നു ഏറ്റവും മുകളിലെ പടവുകളിൽ ഇരുന്നത്  കൂടെ കൈയ്യിലൊരു ഇല പൊതി എനിക്ക് നീട്ടി

ഞാനത് വാങ്ങി…എന്റെ കൈയിൽ ഇരുന്ന കഞ്ഞി പാത്രം അച്ഛന് കൊടുത്തു..

ആ ഇല പൊതി തുറന്നു നോക്കുമ്പോൾ രണ്ടു ദോശയും കടല കറിയും അത് കൂടി കലർന്ന മണം എന്നിലാകെ വ്യാപിച്ചു തുടങ്ങിയിരുന്നു..

പലപ്പോഴും അച്ഛൻ എനിക്ക് വേണ്ടി പാതിയിൽ നീക്കി വെക്കുന്ന ആ ഭക്ഷണത്തിന് ഒരു പ്രത്യേക രുചിയാണെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്..

വയ്യാതെ ആകുമ്പോൾ അച്ഛൻെറ കൂടെ ആശുപത്രിയിൽ  പോയാമതി എന്ന് ഞാൻ വാശി പിടിക്കാറുണ്ട്..

കാരണം ഡോക്ടറെ കണ്ടു മടങ്ങുമ്പോൾ ഹോട്ടലിൽ കയറി നമ്മുക്ക് ഇഷ്ടമുള്ളത് അച്ഛൻ വാങ്ങി തരുമെന്നൊരു വിശ്വാസം….

അതുകൊണ്ട് അച്ഛന്റെ ഉള്ളം കൈയ്യിലെ ചൂടിൽ മാറുന്ന അസുഖമെ നമ്മുക്ക് അന്ന് ഉണ്ടായിരുന്നൊള്ളു..!!!

“അച്ഛൻറെ കൂടെ  ഇരുന്നു ദോശ കഴിക്കുന്നതിനു ഇടയിലും കഞ്ഞിയിലെ ആദ്യ കോരി എനിക്കാണ് അച്ഛൻ തന്നത്

ഒപ്പം ഒരു നുള്ളു ചമ്മന്തിയും എൻറെ വായേൽ വച്ചു തരുമ്പോൾ ആ വിരലിൻ്റെ തയ്മ്പിച്ച കനം ഞാൻ പലപ്പോഴും അറിഞ്ഞിട്ടുണ്ട്…

അച്ഛൻ കഞ്ഞി കുടിക്കുന്നു നോക്കി ഞാൻ അച്ഛൻ്റെ അടുത്ത് തന്നെയിരുന്നു പൊതിയിലുള്ളത് കഴിക്കുമ്പോൾ ആ പലഹാരത്തിന്  രുചിയും അച്ഛന്റെ സ്നേഹവും ഉണ്ടായിരുന്നു..

ഒടുവിൽ കഞ്ഞികുടിച്ചു പാത്രം ഏൻ്റെ കൈയ്യിൽ തന്നു മെല്ലെ അച്ഛനെൻ്റെ തലയിൽ തലോടി ഇനി വീട്ടിലേക്ക് പൊയിക്കോന്നും പറഞ്ഞിട്ട് അച്ഛനിറങ്ങി മുന്നോട്ടു നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കാതെ പറഞ്ഞു..

“‘നോക്കീയൊക്കെ പോണേന്ന്…

ഒടുവിൽ മെല്ലെ പടവുകൾ ഇറങ്ങി പോവുന്ന അച്ഛനെ കുറച്ചു നേരം ഞാനങ്ങനെ നോക്കി നിന്നു

ഒരിക്കൽ എങ്കിലും അച്ഛനെന്നെ തിരിഞ്ഞു നോക്കൂമെന്നു കരുതി പക്ഷെ അതുണ്ടായില്ല..

കാരണം അച്ഛൻ്റെ മനസ്സിൽ മുഴുവൻ അന്നത്തെ അധ്വാനത്തിൻ്റെ വെയിൽ ഉരുകി ഊതിയെടുക്കുന്ന ജീവിതത്തിൻ്റെ തിളക്കമാവണം…

സ്വന്തം വിയർപ്പു ഉരുക്കി കയറി ചെല്ലുമ്പോൾ തൻെറ കുടുംബം സന്തോഷത്തോടെ ഇരിക്കുന്ന് കാണാൻ മാത്രം ആ മനസ്സ് ആഗ്രഹിച്ചു കാണും …

ഞാൻ മെല്ലെ തിരിഞ്ഞു നടന്നു കുറച്ചു ചുവടുകൾ മുന്നോട്ടു വച്ചതും വീണ്ടും കല്ലുവെട്ടും കുഴിയിൽ നിന്നും ആ മിഷ്യൻ ശബ്ദം ഉയർന്നു വന്നു മനസ്സിൽ എൻറെ അച്ഛൻ്റെ രൂപവും ആ മുഖത്തിന്റെ ഭാവവും..

അച്ഛനെന്ന പാഠം ഒരു വരി വായിച്ചറിയാൻ പാടില്ലാത്ത ആ പ്രയത്തിൽ ഒന്ന് മാത്രം അറിയാമായിരുന്നു…

“അച്ഛനൊരുപാട് സ്നേഹമുണ്ട് ..

എന്നും ഇരുട്ടാകുമ്പോൾ ഞാനെന്നും ഉമ്മറത്ത് നോക്കി ഇരിക്കാറുണ്ട് വീട്ടിലേക്ക് കയറിവരുന്ന അച്ഛൻ്റെ കൈയ്യിൽ ആവശ്യ സാധനങ്ങൾക്ക് ഒപ്പം എനിക്ക് ഏറ്റവും ഇഷ്ടമുള്ള പപ്പടവടയും ഉണ്ടാവും..

“രാത്രിയാകുമ്പോൾ നഗ്നമായ ആ നെഞ്ചിൽ എന്നെ ചേർത്ത് പിടിച്ച് കിടക്കുമ്പോൾ…

എന്റെ ദേഹത്ത് പതിയുന്ന ആ വിരലിൻ്റെ താളത്തിൽ എന്നിലേക്ക് ഒഴുകി എത്തുന്ന അച്ചന്റെ സ്നേഹവും  വാത്സല്യവും കരുതലും എന്നും ഞാനറിഞ്ഞിട്ടുണ്ട്

പക്ഷെ ഒരുപാട് ഒന്നും അച്ഛൻ എന്നോട് മിണ്ടിയിട്ടില്ല ! മിണ്ടിയില്ലെങ്കിലും എൻ്റെ വാക്കുകൾക്കും ചോദ്യങ്ങൾക്കും നിറഞ്ഞു കവിയുന്ന സ്നേഹം ആ നെഞ്ചിൽ നിന്നും പറിച്ചു തരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…

ശുഭം ❤️🙏

~മനു തൃശ്ശൂർ