പല ന്യായങ്ങളും പറഞ്ഞു കല്യാണം മുടക്കാൻ ഒരുപാട് ശ്രമിച്ചു. നാട്ടിൻ പുറത്ത് പാൽ വിറ്റും പയ്യിനെ നോക്കിയും ജീവിക്കുന്ന….

നാത്തൂൻ

Story written by Geethu Geethuz

===================

ഏട്ടന്റെ പെണ്ണായി ശ്യാമയെ വീട്ടുകാർ തീരുമാനിച്ചപ്പോഴും ഏട്ടൻ അതിനു സമ്മതം പറഞ്ഞപ്പോഴും ഞാൻ മാത്രം മുഖം തിരിച്ചു നിന്നു. എനിക്കൊരിക്കലും അവളെ എന്റെ ഏടത്തിയുടെ സ്ഥാനത്തു കാണാൻ സാധിക്കില്ലായിരുന്നു.

പല ന്യായങ്ങളും പറഞ്ഞു കല്യാണം മുടക്കാൻ ഒരുപാട് ശ്രമിച്ചു. നാട്ടിൻ പുറത്ത് പാൽ വിട്ടും പയ്യിനെ നോക്കിയും ജീവിക്കുന്ന ഒരു പെണ്ണ് എന്റെ ഏട്ടന് ചേരില്ലെന്ന് മുഖത്തു നോക്കി പറഞ്ഞു.

എന്റെ എതിർപ്പിനെ വക വയ്ക്കാതെ അവളുടെ കഴുത്തിൽ താലി ചാർത്തിയ ഏട്ടനോട് പോലും നീരസം കാണിച്ചു. വീട്ടിലേക്ക് വലത് കാല് വച്ചു കേറി വന്ന അവൾ ഏട്ടന് നല്ല ഭാര്യയായി. അമ്മയ്ക്കും അച്ഛനും മരുമകൾക്ക് അപ്പുറം മകളായി.

എനിക്ക് നല്ലൊരു ഏട്ടത്തിയമ്മയാകാൻ ശ്രമിച്ചു. പക്ഷെ ഞാൻ മാത്രം അത് അംഗീകരിക്കാൻ തയ്യാറായില്ല. എന്റെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നയവളെ കണക്കില്ലാതെ ശകാരിച്ചും കുറ്റപ്പെടുത്തിയും ഞാൻ ആനന്ദം കണ്ടെത്തി.

എന്റെയും കാമുകന്റെയും ബന്ധം കണ്ടെത്തി ഏട്ടൻ എന്നെ തല്ലിയപ്പോഴും അതിന്റെ കുറ്റവും ഞാൻ അവളിൽ കണ്ടെത്തി. അവളോടുള്ള എന്റെ ദേഷ്യത്തിന്റെ കാരണം തിരക്കിയവരോടൊക്കെ ഞാൻ മുഖം തിരിച്ചു. സത്യത്തിൽ എന്താണ് കാരണം എന്ന് എനിക്കും അറിയില്ലായിരുന്നു.

പിന്നീട് പഠിക്കാൻ പോകുന്നതിന്റെ പേരിൽ ഭക്ഷണം കുറച്ചു വയറ്റിൽ ഇൻഫെക്ഷൻ ആയി കിടന്നോപ്പോഴായിരുന്നു എന്നിലെ തീയിലേക്ക് എണ്ണ പകർന്നവരെയും തീ ആളിക്കത്തിക്കാൻ ശ്രമിച്ചവരെയും ഒക്കെ മനസ്സിലായത്.

എന്റെ കൂടെ ആശുപത്രിയിൽ നിൽക്കാനും എന്നെ പരിചരിക്കാനും ശ്യാമായിരുന്നു മുന്നിൽ. പരസഹായമില്ലാതെ എണീക്കാൻ കഴിയാതെയും പച്ചവെള്ളം പോലും കുടിക്കാൻ കഴിയാതെയും കിടന്ന അവസ്ഥയിൽ ഒരു അറപ്പും കൂടാതെ എന്നെ വൃത്തിയായി നോക്കിയും എന്റെ അവസ്ഥ കണ്ട് തകർന്നു പോയ അമ്മയെ ആശ്വസിപ്പിച്ചും അവൾ എന്റെ കരുതാവുകയായിരുന്നു.

വീട്ടിൽ എത്തി കഴിഞ്ഞും ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്നെ പരിചരിച്ചും എനിക്ക് വേണ്ടി ഭക്ഷണം പാകം ചെയ്തും ഞാൻ എന്ന മന്ത്രം ഉരുവിട്ട് ജീവിക്കുകയായിരുന്നു അവൾ.

എപ്പോഴൊക്കെയോ ഞാൻ അത്രമേൽ വെറുത്തിരുന്നവളെ ഞാൻ സ്നേഹിക്കാൻ തുടങ്ങി എന്ന തിരിച്ചറിവിൽ ആയിരുന്നു ആദ്യമായി അവളെ ഏട്ടത്തി എന്ന് വിളിച്ചതും.

എന്നിൽ നിന്നും ആദ്യമായി ആ വിളി കേട്ട് ഒരു പൊട്ടിക്കരച്ചിലോടെ എന്നിലേക്ക് ചാഞ്ഞ അവളെ ഇന്നും ഞാൻ ചേർത്ത്‌ പിടിച്ചിട്ടുണ്ട്.. നാത്തൂനായി അല്ല ഏട്ടത്തിയമ്മയായി.

~ഗീതു