Story written by Saran Prakash
==================
“വടക്കുംപാട്ടെ ലക്ഷ്മികുട്ട്യേ കാണാനില്ലത്രേ..”
ഉമ്മറത്തെ ചാരുകസേരയിൽ മലർന്നുകിടന്ന് പത്രം നിവർത്തിയതും, ഓടിക്കിതച്ചെത്തിയ ശോഭേച്ചിയുടെ വാക്കുകൾ കാതിൽ മുഴങ്ങിയതും ഒരുമിച്ചായിരുന്നു…
“ന്താ ഇണ്ടായേ…??”
അടുക്കള ജനല്പാളികൾക്കിടയിലൂടെ അമ്മ ആവേശഭരിതയായി ശോഭേച്ചിയെ എത്തിനോക്കി…
“ആർക്കൂത്ര നിശ്ചില്ല്യ… എന്നാലും,, ഒരു കരക്കമ്പി കേൾക്കണ്ട്…”
ശോഭേച്ചിയുടെ സ്വരവ്യതിയാനം തിരിച്ചറിഞ്ഞതുകൊണ്ടാകാം,, അമ്മ ശരവേഗം ഉമ്മറപ്പടിയിലേക്ക് പാഞ്ഞെത്തിയതും, ആകാംഷയോടെ ശോഭേച്ചിയെ മിഴിച്ചു നോക്കിയതും…
“കൂടെ പഠിക്കണ ചെക്കന്റെ ഒപ്പം ഒളിച്ചോടിയതാത്രേ..”
കുടിച്ചുകൊണ്ടിരുന്ന ചായക്കപ്പിൽ നിന്നും ഒരുതുള്ളി ചൂടുചായ എന്റെ ഇടനെഞ്ചിൽ വീണുടഞ്ഞു… ഒരു ചെറിയ നീറ്റലോടെ…
ആ ചൂടുചായയേക്കാൾ,, തീക്കനാലാളുന്ന കണ്ണുകളോടെ അമ്മയെന്നെ നോക്കുന്നുണ്ട്…
അമ്മയുടെ ഭാവമാറ്റത്തിന്റെ പൊരുളറിയാതെ ശോഭേച്ചി ഞങ്ങളിരുവരേയും മാറിമാറി നോക്കി…
“ഹൌ…!!! കുരുത്തംകെട്ട ജന്തു… ലക്ഷ്മിയല്ല.. ഭ ദ്രകാ ളിയാ… ഭ ദ്രകാ ളിയാ അവൾ…”
പിന്നാമ്പുറത്തെ തൊഴുത്തിൽ നിന്നും, കറവക്കാരൻ ദിവാകരേട്ടൻ കറന്നെടുത്ത പാലുമായി ഉമ്മറത്തെത്തി…
“ചവിട്ടും തൊഴീം ഇന്നും കിട്ടി ആവോളം… ഇങ്ങനെയാച്ചാൽ,, ഇനിയങ്ങോട്ട് ഈ പണിക്കെന്നെ കിട്ടില്ല ട്ടോ…”
ദേഹമാസകലം ഉഴിഞ്ഞുകൊണ്ട്, ദിവാകരേട്ടൻ പടിപ്പുര കടന്നകന്നു…
അമ്മയുടെ കണ്ണിലെ തീക്കനൽ വീണ്ടും വീണ്ടും എന്നിലേക്ക് ആളിപ്പടർന്നുകൊണ്ടേയിരുന്നു…
“പാലിന്നു കൂടുതലുണ്ടല്ലോ ഏടത്യേ..”
പത നുരഞ്ഞ പാൽപാത്രത്തിലേക്കും, അമ്മയേയും നോക്കി ശോഭേച്ചി ഉമ്മറത്ത് തലചൊറിഞ്ഞു നിന്നു…. പതിവുപോലെ…
ചൂടുവാർത്തകളുമായി അതിരാവിലെ എത്തുന്ന ശോഭേച്ചിയുടെ ഉദ്ദേശ ലക്ഷ്യം എന്നും അതുതന്നെയായിരുന്നു… കറന്നെടുക്കുന്ന പാലിൽ നിന്നും നാഴി പാല്…
പക്ഷേ, ശോഭേച്ചിയുടെ ആ ലക്ഷ്യത്തെ പലപ്പോഴും കണ്ടില്ലെന്നു നടിച്ചിരുന്ന അമ്മ, അന്ന് മാത്രം ഒരു പാത്രം പാൽ ശോഭേച്ചിക്ക് പകർന്നു നൽകി…
“തൃപ്തിയായല്ലോ ല്ലേ..”
പടിപ്പുരകടന്നു ശോഭേച്ചി മറഞ്ഞതും, ഉറഞ്ഞുതുള്ളിക്കൊണ്ടമ്മ എനിക്ക് നേരെ തിരിഞ്ഞു…
അമ്മയുടെ ആ അരിശത്തിനു പുറകിൽ അധികം പഴക്കമേറാത്ത ഒരു പഴങ്കഥയുണ്ട്..
ഓർമ്മവെച്ച കാലം മുതൽ ഉള്ളിൽ നെയ്തുകൂട്ടിയ ഒരു വലിയ സ്വപ്നത്തിന്റെ കഥ…
“ലക്ഷ്മിക്കുട്ടി.. ലക്ഷ്മിക്കുട്ടി..ലക്ഷ്മിക്കുട്ടി.”
ആദ്യമായി കിട്ടിയ കളിപ്പാവയെ കൈകളിൽ മുറുകെപിടിച്ചു,, ആ കാതിൽ മൂന്നുവട്ടമായോതി പേരിടൽ ചടങ്ങിന് തിരശീലയിടുമ്പോൾ, അന്ന് അമ്മയുടെ മുഖത്ത് നിറപുഞ്ചിരിയായിരുന്നു…
വരിയായി പോകുന്ന ഉറുമ്പുകളൊന്നിനെ ചൂണ്ടി,, ഇതെന്റെ ലക്ഷ്മിക്കുട്ടിയെന്നു പറയുമ്പോൾ, അന്ന് അമ്മയുടെ മുഖത്തെ നിറ പുഞ്ചിരി ഒരു നേർത്ത ചിരിയായി മാറിയിരുന്നു…
പക്ഷേ,, വീട്ടിലെ കുറിഞ്ഞി പൂച്ചയുടെ പേരുമാറ്റി ലക്ഷ്മികുട്ടിയെന്നു നീട്ടിവിളിച്ച നിമിഷം,, അന്ന് ആദ്യമായി അമ്മയുടെ മുഖം ചുളിഞ്ഞു…
പുതുതായി വീട്ടിലേക്കെത്തിയ പൈക്കിടാവിനു പേര് ചിന്തിച്ചേവരും തല ചൊറിഞ്ഞപ്പോഴും, അന്നും ഞാൻ നീട്ടിവിളിച്ചു..
“ലക്ഷ്മിക്കുട്ടീ…”
ആ വിളിക്ക് പക്ഷേ കാതോർത്തത്, മുഖം കറുപ്പിച്ച അമ്മയുടെ ചുവന്ന കണ്ണുകളായിരുന്നു… ഒരാക്രോശത്തോടെ…
“ആരാടാ ഈ ലക്ഷ്മിക്കുട്ടി..”
ആ ആക്രോശത്തിനു മുൻപിൽ ഉള്ളിലുളവെടുത്ത എന്നിലെ മോഹങ്ങൾ ഓരോന്നായി ഞാൻ തുറന്നു പറയുമ്പോൾ, കേട്ടവരെല്ലാം പ്രായത്തിന്റെ ചാപല്യമെന്നു പറഞ്ഞെന്നെ തള്ളിയകറ്റി.. അമ്മപോലും…
പിന്നെയും വർഷങ്ങൾ കടന്നുപോയ്..
കളിപ്പാവകൾ മാറിക്കൊണ്ടേയിരുന്നു…
ഉറുമ്പുകൾ കൂട്ടം തെറ്റി അലക്ഷ്യമായി നീങ്ങിക്കൊണ്ടേയിരുന്നു..
പൈക്കിടാവിന്റെ പുത്തൻ തലമുറകൾ പിറന്നുവീണുകൊണ്ടേയിരുന്നു…
മാറ്റമില്ലാത്തതായി ഒന്നുമാത്രം..
അവരുടെയെല്ലാം പേര്… ലക്ഷ്മിക്കുട്ടി…
അതിനിടയിലെപ്പോഴോ മോഹങ്ങൾക്കും തീവ്രതയേറിക്കൊണ്ടിരുന്നു…
കളികൂട്ടുകാരിയിൽ നിന്നും കാമുകിയിലേക്കും, കാമുകിയിൽ നിന്നും
നല്ലപാതിയിലേക്കും…
പലരാത്രികളിലും, അവളോടൊപ്പമുള്ള എന്റെ ഒളിച്ചോട്ടങ്ങൾ ചെന്നവസാനിച്ചിരുന്നത് തണുത്തുറഞ്ഞ ഒരു ബക്കറ്റ് വെള്ളത്തിലേക്കും,, അമ്മയുടെ ശകാരവർഷങ്ങളിലുമായിരുന്നു…
പക്ഷേ അപ്പോഴും, അവൾ മാത്രം എന്റെ ആ ഇഷ്ടം തിരിച്ചറിഞ്ഞില്ല…
“ഡാ.. ചെറുക്കാ… അറിഞ്ഞില്ലേ.. അവള് പോയി…”
തെങ്ങുകയറാനെത്തിയ ദിനേശേട്ടന്റെ പരിഹാസമാണ് ഓർമ്മകളിൽനിന്നുമെന്നെ ഉണർത്തിയത്…
ദിനേശേട്ടന്റെ പരിഹാസത്തിനു മാറ്റേകും വിധത്തിൽ അകത്ത് ടീവിയിൽ നിന്നും ആ വാക്കുകൾ ഉയർന്നു കേൾക്കുന്നുണ്ട്…
“അവൾ പോയെടാ.. വെണ്ണിലാ ചന്ദനക്കിണ്ണം മുങ്ങി മുങ്ങി മുങ്ങി പോയി…”
ദിനേശേട്ടനു മാത്രമല്ല.. അന്ന് മുതൽ ആ അങ്ങാടിക്കാർക്ക് പറഞ്ഞു രസിക്കാനുള്ള വെറുമൊരു പഴങ്കഥയായി മാറിയിരുന്നു എന്റെ പ്രണയം…
പരിഹാസങ്ങളും കുത്തുവാക്കുകളുമായി നാളുകൾ പിന്നെയും കടന്നുപോയി…
പുതുതായി പിറന്ന പൈക്കിടാങ്ങൾക്ക് അമ്മ പാറുവെന്നും നന്ദിനിയെന്നും പേരിട്ടു…
ലക്ഷ്മികുട്ടിയെ പതിയെ ഏവരും മറന്നുതുങ്ങി.. ഞാനൊഴികെ…
പക്ഷേ…
അന്നൊരുനാൾ ഒരു പുലരിയിൽ നാഴിപ്പാലിന് വേണ്ടി പാഞ്ഞെത്തിയ ശോഭേച്ചിയുടെ ചൂടുവാർത്ത ഏവരെയും ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു…
“വടക്കുമ്പാട്ടെ ലക്ഷ്മിക്കുട്ടി തിരിച്ചെത്തീണ്ട്..”
ശോഭേച്ചിയുടെ മാത്രമല്ല.. അന്ന് ആ അങ്ങാടിയിൽ ഉയർന്നുകേട്ട ഒരേ ഒരു സ്വരം അത് മാത്രമായിരുന്നു..
വയറ്റിലാക്കി മുങ്ങിയതാണെന്നും, ജീവിക്കാൻ വക ഇല്ലാതെ തിരിച്ചതാകാമെന്നുമൊക്കെ പലരും ആ തിരിച്ചുവരവിനെ വ്യാഖാനിച്ചുകൊണ്ടേയിരുന്നു…
പക്ഷേ,, നേരോടെ നെറിവോടെ മാധ്യമധർമ്മം നിർവഹിക്കുന്ന ശോഭേച്ചി പറഞ്ഞത് മാത്രം മറ്റൊന്നായിരുന്നു..
ലക്ഷ്മിക്കുട്ടി പോയത് അവളിഷ്ടപ്പെട്ടത് നേടിയെടുക്കാനായിരുന്നു…
എന്തായിരുന്നു ആ ഇഷ്ടമെന്നറിയിച്ചത് നാല് ദിനങ്ങൾക്കപ്പുറമുള്ള ഒരു പത്രത്തുണ്ടായിരുന്നു…
കളക്ടറുദ്യോഗ പരീക്ഷയിൽ റാങ്ക് നേടിയവർക്കിടയിൽ വടക്കുമ്പാട്ടെ ലക്ഷ്മികുട്ടിയും…
കണ്ടവരും കേട്ടവരും കണ്ണിമ ചിമ്മാതെ മിഴിച്ചു നിന്നു… പെണ്ണുങ്ങൾ താടിക്കു കൈത്താങ്ങുമായും…
ഒരുപക്ഷേ, പെണ്ണിന്റെ കിനാക്കൾക്ക് കൂച്ചുവിലങ്ങണിയിച്ച തറവാട്ടിലെ കാരണവന്മാരോടുള്ള പ്രതിഷേധമായിരുന്നിരിക്കാം ആ ഒളിച്ചോട്ടം…
അല്ലേലും,, എത്തിപ്പിടിക്കാൻ കൊതിച്ച കിനാക്കൾക്ക് വേണ്ടി,, പലരിൽ നിന്നും ഒളിച്ചോടാൻ ഒരിക്കലെങ്കിലും ആഗ്രഹിച്ചവരല്ലേ നമ്മൾ…
“പണ്ട് ഞാനും കൊതിച്ചതാ.. പക്ഷേ നേടാൻ കഴിഞ്ഞില്ലാ…”
നേടിയെടുക്കാനാകാത്ത കിനാക്കളെയോർത്ത് പരിതപിച്ച്, പലരും ലക്ഷ്മികുട്ടിയുടെ ആത്മധൈര്യത്തെ വാനോളം പുകഴ്ത്തുന്നുണ്ട്.. ശോഭേച്ചി പോലും…
“അല്ല ശോഭേച്ചി,, ശോഭേച്ചിയുടേത് ഒളിച്ചോട്ടമായിരുന്നില്ലേ..?”
അന്ന്, റേഷൻ വാങ്ങാൻ കൂടിയവർക്കിടയിലും ഒളിച്ചോട്ടമൊരു ചർച്ചാവിഷയമായിരിക്കവേ, ഹാസ്യരൂപേണയുള്ള എന്റെ കുശലാന്വേഷണത്തിന്, കൂടിനിന്നവർ ഏവരും ഒരുപോലെ അട്ടഹസിച്ചു..
പക്ഷേ എന്റെ പരിഹാസത്തിനും, ആ അട്ടഹാസങ്ങൾക്കുമുള്ള മറുപടി ശോഭേച്ചി കരുതി വെച്ചിരുന്നു..
“അതിനി പറഞ്ഞിട്ടെന്താ കാര്യം.. അന്നത്തെ കാലത്ത് ഇത് വല്ലോം അറിയുവാർന്നോ… ഒളിച്ചോട്ടംന്നു പറഞ്ഞാ അതിനൊരർത്ഥമല്ലേ അന്നുണ്ടായിരുന്നുള്ളു…”!!!!!!
(ശുഭം..)