അവളെ മുകളിലേക്ക് കൊണ്ടു പോയി അവിടെയൊക്കെ കാണിച്ചു കൊടുക്കാൻ പറഞ്ഞു…

എഴുത്ത് : മനു തൃശ്ശൂർ

==================

അപ്പു… !! ചായ എടുത്തു വച്ചിട്ടുണ്ട് പിണക്കം മാറ്റി വന്നു കുടിക്ക്..

ദാ.. ചക്ക പഴവും എടുത്തു വെച്ചിട്ടുണ്ട് .. അച്ഛൻ വന്നാ വഴക്ക് പറയേണ്ടച്ച വന്നു കഴിക്ക്..

നിക്കിപ്പോൾ ഒന്നും വേണ്ട..!! ന്നെന്തിനാ വെറുതെ തല്ലിയെ… അതോണ്ട് നിക്ക് ഒന്നും വേണ്ടാ…!!

” നീ മാവിൻെറ മുകളിൽ കയറിയട്ടല്ലെ തല്ലിയെ…!! നിനക്കിരിക്കാൻ വേറെ എന്തോരം സ്ഥലമുണ്ട് ..വീണു കൈയ്യോ കാലോ ഒടിയാച്ചാ അച്ഛൻ വന്നു അമ്മയല്ലെ കുറ്റം പറയുക ??

“നിക്കൊന്നും വേണ്ട..!!

വേണ്ടെങ്കിൽ വേണ്ട.. ആർക്കു പോയി… വാശിക്കാട്ടി അവിടെ ഇരുന്നോ എൻറെ കുട്ടി…

ഇനി എടുത്തുതരാൻ നിലവിളി കൂട്ടിയ എടുത്തുതരൂല്ല്യ ഞാൻ.നിക്ക് വേറെ പണിയുണ്ട്..

സാവിത്രിയുടെ ആ വാക്കിനോട് ഒന്നും പറയാതെ..അപ്പു. ഉമ്മറത്തു വന്ന് പടിപ്പുരയിലേയ്ക്ക് നോക്കി ഇരുന്നു..

നേരം ഏറെ വൈകി തുടങ്ങി.. തുറന്നിട്ട പടിപ്പുര വാതിൽ കടന്നു വരുന്ന തണുത്ത കാറ്റ്..എങ്ങും പച്ച നെല്ലിൻെറ മണം.

പടിപ്പുരയിലേക്ക് നീണ്ടു വരുന്ന ഒരു ചെറിയ ചെമ്മൺ പാത..ആ പഠിപ്പുരയ്ക്ക് അപ്പുറം നിറയെ പാടമാണ്..

പിന്നെ ഒരു ചെറു കൈ തോട് ഒഴുകുന്നുണ്ട് വേനൽ കാലം ആയത് കൊണ്ട് വെള്ളം ഇത്തിരി ഉണ്ടാകും .ആ തോട് കടന്നു വേണം പഠിപ്പുരയിലേക്ക് കേറാൻ..

അങ്ങനെ നോക്കി നിൽക്കുമ്പോൾ… വാസുദേവൻ ഒരു പെൺകുട്ടിയെയും കൊണ്ട് കയറി വരുന്നതു കണ്ടു ..

കണ്ടിട്ട് തീരെ പരിചയം ഇല്ല. അവളെ കണ്ടതും അപ്പു തിരിഞ്ഞു അകത്തേയ്ക്കു നോക്കി സാവിത്രിയെ വിളിച്ചു..

അപ്പോഴേക്കും വാസുദേവൻ പഠിപ്പുര കടന്നു മുറ്റത്തേക്ക് വരുന്നുണ്ടായിരുന്നു..

ആ പെൺക്കുട്ടിയെ കണ്ടു പുറത്തേക്ക് വന്ന സാവിത്രിയുടെ മനസ്സ് ഒന്ന് ആളിയെങ്കിലും പിന്നെ പതിയെ പുഞ്ചിരിച്ചു..സാവിത്രി മെല്ലെ പടികളിറങ്ങി വാസുദേവൻെറ അടുത്തേക്ക് ചെന്നു .

“ഇവിളിങ്ങ് പോന്നോ ഏട്ടാ..??

ഉം… ഞാൻ ഇങ്ങോട്ട് പോരൻ നേരം അവൾക്ക് ഇവിടെ ഒക്കെ കാണണം പറഞ്ഞു വാശി ഇപ്പോൾ സ്ക്കൂൾ ഇല്ലല്ലോ.. അത് കൊണ്ടാ വസുമതി അവളെയെൻെറ കൂടെ വിട്ടു . അവളും നന്ദനും ഒരു ദിവസം വന്നു തിരിച്ചു കൊണ്ടാവന്ന് പറഞ്ഞു..

” അതിനെന്താ അപ്പു..ഒറ്റക്കല്ലെ അവൻെറ കൂടെ നിൽക്കട്ടെ.. അവനൊരു കൂട്ടാകൂലോ..??

എല്ലാം കേട്ട് പൂമുഖത്തെ ചായം പൂശിയ തൂണും ചാരി അപ്പു അവളെ നോക്കി നിന്നതെ ഉള്ളു.. .

അച്ഛൻെറ കൈയ്യിമ്മെ മുറുക്കി പിടിച്ചു അവള് നിൽക്കണ്. അച്ഛൻ കയറാതെ അവളും കയറില്ലെന്ന മട്ടാണ്. .

ഇടയ്ക്കിടെ തൻ്റെ മുഖത്തേക്ക് നോക്കി ചിരിക്കാനവൾ കഷ്ടപ്പെടുന്നുണ്ടെന്ന്.. തോന്നി..

മങ്ങിയ ഓറഞ്ച് പട്ടുപാവടയായിരുന്നു അവൾ ധരിച്ചിരുന്നത് …

വാസുദേവൻ ഉമ്മറത്തേക്ക് കയറുമ്പോൾ അവള് കൈയ്യിൽ പിടിച്ചു കുറച്ചു പിന്നോട്ട് വലിഞ്ഞാണ് ഉമ്മറത്തേക്ക് കയറി അകത്തേക്ക് പോയത്..

അവളുടെ വരവോടെ.അന്നെ വരെ ഇല്ലാത്തൊരു കിലക്കം വീട്ടിൽ ഉണ്ടായി.. അവളുടെ കാലിലെ പാദുസരത്തിൻെറ കിലുക്കം ..

പക്ഷെ അപ്പൂന് അമ്മേടെയും അച്ഛൻെറയും കൂടെ അകത്തേക്ക് പോകാൻ നാണം തോന്നീട്ട്

ഇടനാഴിയിലേക്ക് മെല്ലെ നടന്നു നടുമുറ്റത്ത് വന്നു അവളെനോക്കി

പക്ഷെ അവൾ അവിടെ ഉണ്ടായിരുന്നില്ല.

അവൻ തൂണിൽ ചുറ്റി പിടിച്ചു എവിടെ പോയി എന്നോർത്തു. അകത്തെ നിൽക്കുമ്പോൾ അപ്പുറത്തെ മുറിയിൽ നിന്നും അവൾ ഇറങ്ങി അവനടുത്തേക്ക് വന്നു..

ഇന്നാ..ഉള്ളിവടയ അപ്പുവേട്ടനെ തരാൻ അമ്മ പറഞ്ഞു..

അപ്പു അത് വാങ്ങി അവളോട് ചിരിച്ചു ..മുഖത്ത് ഒരൽപം പുച്ഛം വരുത്തി മെല്ലെ ചോദിച്ചു .”

“അതെ എൻറെ അച്ഛനാണോ നിൻറെ അച്ഛൻ . ??

“അല്ല അപ്പുവേട്ടൻെറ അച്ഛൻ എൻ്റെ ചെറിയച്ഛനാ …

“ഓഹൊ എന്താ നിൻെറ പേര് .

“ആതു ലച്ചുമി…

എത്രയിലാ പഠിക്കണ് ..

അഞ്ചില്..!!അപ്പുവേട്ടനോ. ??

ആറില്..!!

അപ്പു അവളോട് സംസാരിച്ചു നിൽക്കുമ്പോഴ വാസുദേവൻ അങ്ങോട്ട് വന്നു പറഞ്ഞു

“അവളെ മുകളിലേക്ക് കൊണ്ടു പോയി അവിടെയൊക്കെ കാണിച്ചു കൊടുക്കാൻ പറഞ്ഞു

അപ്പു അവളെ കൂടെ കൂട്ടി ഇടന്നാഴിയിലൂടെ നടക്കുമ്പോൾ അവളുടെ പാദസരത്തിൻെറ കിലക്കം പതിവിലും അധികം ചിലമ്പിച്ചു കൊണ്ടിരുന്നു…

മുകളിലേക്ക് കോണി പടികൾ കയറുമ്പോഴും അകത്തളത്തിലും… ആ ശബ്ദം മുഴങ്ങി..

മുകളിൽ ഒരു മുറിയുടെ വാതിൽ തുറന്നു കൊടുത്തു അപ്പു പറഞ്ഞു..

ഇതാ..എൻ്റെ മുറി.. അവൻ മെല്ലെ അകത്തേയ്ക്കു നടന്നു

ഇവിടെ നിന്നും ജനലയിലൂടെ നോക്കിയ പാടവും കുളവും കാണാം..

ആ കുളത്തിലാ അച്ഛനൊപ്പം കുളിക്കാൻ പോകുക. കുളത്തിൽ കുളിക്കാൻ പോകുമ്പോൾ ചാടും നീന്തും ..എന്ത് രസവാണെന്നോ..

അതെയോ… എനിക്കും നീന്താൻ ഇഷ്ടമാ അപ്പുവേട്ടാ .. !!

അതിനു ലക്ഷ്മി ക്ക് നീന്താൻ അറിയോ..

ഇല്ലാ..അപ്പുവേട്ടൻെറ അച്ഛൻ പഠിപ്പിച്ചു തരാന്നു വരുമ്പോൾ പറഞ്ഞു..

അച്ഛൻ എപ്പോഴും ഇവിടെ ഉണ്ടാവില്ല അതുകൊണ്ട് ഞാൻ പഠിപ്പിച്ചു തരാ നമ്മുക്ക് നാളെ കുളത്തിൽ പോവ അത് കഴിഞ്ഞ സർപ്പ കാവിൽ പോവ…അവിടെ ഞാവൽ പഴം ഉണ്ട്..

ഉം..

അപ്പു കട്ടിലിനു അടിയിൽ നിന്നും ഒരു പെട്ടിയെടുത്തു തുറന്ന്.. ഇതെല്ലാം എൻറെ കളിപ്പാട്ടമ..ഇത് കളർ പെൻസിൽ കട്ടർ മായ്പ്പ് റബ്ബർ. ഇങ്ങനെ കുറെ ഉണ്ട് എനിക്ക്.

ഇതൊക്കെ എവിടേന്ന അപ്പുവേട്ടന്..

അച്ഛൻ വാങ്ങി തന്നതാണ്..

അപ്പുവേട്ടൻെറ ഭാഗ്യം…

എല്ലാം പുത്തനാ.ഞാനാർക്കും കൊടുക്കില്ല. സ്ക്കൂളിൽ കൊണ്ട് പോയി എല്ലാവരേയും കാണിക്കും അവർക്ക് ഒന്നും ഇങ്ങനെത്തെ ഇല്ല…

നിനക്കുണ്ടോ ..ലക്ഷ്മി??

കുറച്ചു ഉണ്ട്…ഈ മങ്കി പെൻ എവിടേന്ന..അപ്പുവേട്ട

അച്ഛൻ കൊണ്ട് വന്നത ബോംബെന്ന്…

ലക്ഷ്മി അതിൽ കുറെ നേരം നോക്കി..ജിജ്ഞാസയോടെ ചോദിച്ചു

അപ്പുവേട്ട ഇതെനിക്ക് തരോ..

ഇല്ല.. ഇത് എനിക്ക് വേണം.. ഞാൻ ആർക്കും കൊടുക്കില്ല .

അതെന്ത എനിക്ക് തരില്ലെ..അവൾ വിഷമത്തോടെ ചോദിച്ചു.

ഞാൻ അച്ഛനോട് പറഞ്ഞു നിനക്കു വെറെ വാങ്ങി തരാം..

വാ നമ്മുക്ക് താഴെ പോകാം..

അപ്പു അതെല്ലാം ധൃതിപ്പെട്ട് പെട്ടിയിൽ വെക്കുമ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ ആ പെന്നിൽ തന്നെ ആയിരുന്നു..എല്ലാം വച്ച് പൂട്ടി.. താഴേക്ക് നടക്കുമ്പോൾ അവളെന്നോട് മിണ്ടിയില്ല…

രാത്രി അത്താഴം കഴിച്ചു അവൾ സാവിത്രിക്ക് ഒപ്പം താഴെ തറയിൽ ആണ് കിടന്നതു .

അപ്പു വാസുദേവൻ കൂടെ കട്ടിലിൽ കിടന്നെങ്കിലും പിന്നെ എഴുന്നേറ്റു. അവൾക്ക് ഒപ്പം താഴെ തറയിലെ പായേൽ കിടന്നു.. കണ്ണിൽ നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..

നാളെ കാവിൽ പോവ..ആരോടും പറയണ്ട..

പുലരി മഞ്ഞിൽ തണുത്ത പോയ വെള്ളത്തിലേക്ക് ലക്ഷ് കാലുകൾ എടുത്തു വച്ചു പടവുകൾ ഓരോന്നായി ഇറങ്ങി കൈകൾ കൊണ്ട് ഓളങ്ങളെ വകഞ്ഞു അരയോളം വെള്ളത്തിലേക്ക് എത്തിയതും.സാവിത്രി അവരെ വേഗം കുളിപ്പിച്ചു വിട്ടു..

അപ്പു ലക്ഷ്മിയെ കൂട്ടി നേരെ പോയത് കാവിലേക്കാണ്.

ഉണങ്ങി വീഴുന്ന ഇലകളും കാട്ടുവള്ളികളും നിറഞ്ഞ കാവ്..

മണ്ണിൽ നിറയെ കരിയിലകൾ.അതിനു മീതെ നിറം പടർത്തി വീണു ചതഞ്ഞ ഞാവൽ പഴങ്ങൾ. അതിൽ നല്ലത് പെറുക്കി അപ്പു അവൾക്ക് കൊടുത്തു..

നല്ല രസല്ല്യേ..??

ഉം നല്ല രസുണ്ട് അപ്പുവേട്ട..!!

ഞവൽ പഴം പെറുക്കിയെടുക്കുമ്പോൾ ലക്ഷ്മിയുടെ അഴിഞ്ഞു പോയ പാദുസരം അപ്പു കണ്ടു.അവളെ പറ്റിക്കാൻ വേണ്ടി അവള് കാണാതെ അവനതെടുത്ത് ടൗസ്സറിന്റെ പോക്കറ്റിൽ വച്ചു…

ഞവൽ പഴവും പെറുക്കി സർപ്പ കാവിലേക്ക് കയറി.നിറയെ കാട്ടു വള്ളികൾ തൂങ്ങി നിൽക്കുന്ന കാവിൽ ചിതൽപ്പുറ്റുകളിൽ കുടുങ്ങി പോയ മൈലാഞ്ചീ ചെടികളും..

ഇവിടെ സർപ്പം ഉണ്ടോ .??

ഉണ്ടാകും ..അമ്മ വിളക്കു കൊളുത്തുമ്പോൾ.. ഒരിക്കൽ ഒരു വെളുത്ത സർപ്പത്തെ കണ്ടു പറഞ്ഞു..

വിളക്ക് വച്ച് തിരിയുമ്പോൾ ഈ കരി പുരണ്ട തറയിൽ നിൽക്കായിരുന്നുന്ന അമ്മ പറഞ്ഞു..

ഇപ്പോൾ ഉണ്ടാകോ.. അപ്പേട്ട ?? നമുക്ക് കാണാൻ പറ്റോ.. കണ്ടാൽ പേടി ആകൂലെ..

എനിക്ക് പേടിയില്ല.. നിനക്ക് ഉണ്ടോ..

ആ… ഉണ്ട്.. നമുക്കു വേഗം വീട്ടിൽ പോവ..

നിക്ക് ഞാൻ ഒന്നു നോക്കട്ടെ ഉണ്ടോന്ന്… അതും പറഞ്ഞു അപ്പു മുന്നിലെ ചിതൽ പുറ്റിൽ ആഞ്ഞൊരു തട്ടു കൊടുത്തതും അതിനു മുകൾഭാഗം അടർന്നു വീണതും അടുത്ത് കിടന്ന ഒരു കമ്പെടുത്തു.. അതിനു ഉള്ളിൽ കുത്തി നോക്കി പക്ഷെ ഒന്നും ഇല്ലായിരുന്നു..

ലക്ഷ്മി ചുറ്റും നോക്കി ഇരിക്കെ പാദുസരം അവനതിലേക്ക് ഇട്ടു. അടുത്ത് കിടന്ന സർപ്പത്തിൻെറ പടം അവൾക്ക് നേരെ ഒരു കമ്പിൽ എടുത്തു പൊക്കി..

പേടിച്ചു പോയ ലക്ഷ്മി ഒരൽപം പിറക്കോട്ട് നീങ്ങി ചപ്പിലേക്ക് വീണു.. വിറക്കാൻ തുടങ്ങി.. അടുത്ത നിമിഷം അവളുടെ വായേൽ നിന്നും നുരവന്നത് കണ്ടു അപ്പു പേടിച്ചു..

അവരെ കാണാതെ അവിടെക്ക് തിരക്കി വന്ന സാവിത്രി നിലത്തു കിടന്നു പിടയുന്ന ലക്ഷ്മിയെ കണ്ടു പേടിച്ചു അവളെയും വാരിയെടുത്തു കൊണ്ട് വീട്ടിലേക്ക് ഓടി..

അന്ന് രാത്രി മുഴുവൻ തളർന്നു ഓരെ കിടപ്പ് ആയിരുന്നു അവൾ.അപ്പുവിനോട് ഒന്നും മിണ്ടിയില്ല.. ഒന്ന് നോക്കീയതു പോലുമില്ല …

ഇടയ്ക്കിടക്കെ അപ്പു മുറിയുടെ വാതിൽക്കെ നിന്നും അവളെ നോക്കും..

സാവിത്രി വരുമ്പോൾ ഇടന്നാഴിയിലൂടെ ഓടും. താൻ കാരണമാണ് അവൾക്കതു ഉണ്ടായത് എന്ന ഒരു കുറ്റബോധം അവനു ഉണ്ടായിരുന്നു..

പിറ്റെ ദിവസം ലക്ഷ്മിക്ക് കഞ്ഞി കൊടുക്കുമ്പോൾ അപ്പു വാതിലിൽ നിന്നും നോക്കുമ്പോൾ..

എന്താടാ നോക്കുന്ന്..എന്ന് സാവിത്രി തെല്ലു ദേഷ്യത്തിൽ അവനോടു ചോദിച്ചു.

ഒന്നുമില്ല… !!

ന്നാ .അപ്പുറത്തെങ്ങാ നും പോയിക്കോ. കുട്ടിയെ കൊണ്ടോയ് പേടിപ്പിച്ചിട്ട്..

നിന്നോട് പറഞ്ഞിട്ടില്ലെ കാവിലേയ്ക്കൊന്നും പോകരുതെന്ന്..

അപ്പുവിൻെറ കുറ്റബോധവും സങ്കടവും കണ്ടു ലക്ഷ്മി ആവനൊരു ചിരി കൊടുത്തു.

അതവന് സന്തോഷം തോന്നി പിന്നെ സാവിത്രി പറഞ്ഞതൊന്നും കേൾക്കാൻ നിന്നില്ല.. ഇടനാഴിയിലൂടെ ഓടി തട്ടിൻ പുറത്തേക്ക്..

കട്ടിലിനു അടിയിൽ നിന്നും പെട്ടിയെടുത്തു..മങ്കിപെൻ അതെടുത്തു എടുത്തു പെട്ടി പൂട്ടി താഴെക്ക് ഇറങ്ങി…

ലക്ഷ്മി കിടന്നിരുന്ന മുറിയിലെക്ക് വന്നു എത്തി നോക്കുമ്പോൾ കട്ടിലിൽ ചാരിയിരുന്നു കൈയ്യിലെ പാദുസരം കറകുകയായിരുന്നു..അവൾ

ഒരു ചിരിയോടെ അപ്പു അവൾക്ക് അടുത്തേക്ക് ചെന്നു..

എൻ്റെ ഒരു പാദുസരം കാണാൻ ഇല്ലാ.. അപ്പുവേട്ടാ

അപ്പു അത് തന്റെ കൈയിൽ ഉള്ള കാര്യം മറച്ചു വച്ചു.പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ” ഇവിടെ എവിടെങ്കിലും കാണും ഞാനെടുത്തേരാട്ടോ.

ഉം…

ഇന്നാ..ഇത് എടുത്തോ നിനക്ക് ഇഷ്ടമാണെന്ന് പറഞ്ഞ മങ്കിപ്പെൻ…

അപ്പോൾ അപ്പുവേട്ടന് വേണ്ടെ ..??

നിക്ക് വേണ്ട.. ലക്ഷ്മി എടുത്തോളു..

അപ്പോഴേക്കും പുറത്ത് നിന്നും വാസുദേവൻെറ ശബ്ദം കേട്ട്.. അപ്പു പുറത്തേക്ക് ഓടി…

രാത്രി കിടക്കുമ്പോൾ പറയണ് കേട്ടു ലക്ഷ്മിയെ നാളെ കണ്ടാക്കാൻ പോവാണെന്നു.

അതു കേട്ടു അപ്പുന് സങ്കടം ആയി. ഞാൻ കാരണമാണോ അവള് വേഗം തിരിച്ചു പോണത് … അന്ന് രാത്രി തിരിഞ്ഞും മറഞ്ഞു കിടന്നു അവന് ഉറക്കം വന്നില്ല…..

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴേക്കും ഒത്തിരി വൈകി. ലക്ഷ്മിയുടെ മുറിയിൽ വന്നപ്പോൾ അവളെന്തോ പൊതിഞ്ഞ് മേശ വലിപ്പിലേക്ക് വക്കുന്നു കണ്ടു. അവൾ പോകാൻ ഒരുങ്ങിയിരിക്കുന്നു..

ആ നിമിഷം അവളുടെ ചുവടുകൾക്ക് കിലുക്കമില്ലല്ലോ ഓർത്തു മുറ്റത്തേക്ക് ഇറങ്ങി കാവിലേക്ക് ഓടി..

അവിടെ ചെല്ലുമ്പോൾ ആ ചിതൽ പുറ്റ് മൂടികൊണ്ട് വീണ്ടും ഉയർന്നു.. ഇരിക്കുന്നു..

ഒരു തടിച്ച കോലെടുത്തു അതിലടിച്ചു ഏറെ പ്രയാസ പെട്ട് അപ്പുവത് തകർത്തു അടുത്തേക്ക് ചെന്നതും..

അതിൽ നിന്നും ഒരു സർപ്പം ഉയർന്നു വന്നു. അതിനു വെളുത്ത നിറമായിരുന്നു..

പേടിച്ചു പോയ അവൻ പിറകോട്ടു വീണു.. എഴുന്നേറ്റു വീട്ടിലേക്ക് ചെല്ലുമ്പോൾ.. സാവിത്രി തിരിഞ്ഞു അകത്തേക്ക് കയറുന്നു കണ്ടു..

അച്ഛൻ പോയോ…??

ആ പോയി നീ എവിടെ ആയിരുന്നു. ലക്ഷ്മി നിന്നെ ചോദിച്ചു ഇവിടെ ഒക്കെ നോക്കി. .

അവൻ വേഗം തിരിഞ്ഞു പടിപ്പുരയിലേക്ക് ഓടി അകലെ ചെമ്മൺ പാതയിൽ അച്ഛൻെറ കൈയ്യിൽ പിടിച്ചു അവൾ നടന്നു നീങ്ങുന്നുണ്ടായിരുന്നു…

അച്ഛാന്ന് ഉറക്കെ വിളിച്ചു എങ്കിലും വാസുദേവൻ അത് കേട്ടില്ല..

അപ്പുവിൻെറ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി വന്നു..

പെട്ടെന്ന് ഒരു ദിവസംഅവൾ വന്നു… വന്നത് പോലെ തന്നെ അവൾ പോയി.ആ സങ്കടം അവനെ തളർത്തി..

മെല്ലെ തിരിഞ്ഞു ലക്ഷ്മി കിടന്ന മുറിയിലേക്ക് വന്നു മേശവലിപ്പ് തുറന്നു നോക്കി അതിലൊരു പൊതി ഉണ്ടായിരുന്നു… അവനതെടുത്തു തുറന്നു നോക്കി..

അതു അവളുടെ ഒറ്റ പാദുസരം ആയിരുന്നു.

അവനതെടുത്തു മുറിയിൽ നിന്നും ഇറങ്ങി ഇടനാഴികയിലൂടെ നടക്കുമ്പോൾ അതിൽ നിന്നും ചിലമ്പിച്ച ശബ്ദം ആ ഇടന്നാഴികയിൽ മുഴങ്ങിയിരുന്നു ലക്ഷ്മിയുടെ ചെറിയൊരു ഓർമ്മ പോലെ..◾

മനു തൃശ്ശൂർ