കല്യാണം കഴിഞ്ഞ നാളുകളിൽ തന്നെ എന്നോടുള്ള സമീപനം എന്തെന്ന് മനസിലായപ്പോൾ എന്താ ചെയ്യേണ്ടതെന്ന്….

Story written by Sumayya Beegum T A

====================

പണി കഴിഞ്ഞു മടുത്തു വരുമ്പോൾ ചൂടുള്ള കാപ്പി കൊണ്ടുകൊടുത്തുള്ള ഒരു കുശലം പറച്ചിലൊക്കെ ഏതൊരു ഭർതൃമതിയുടെയും അവകാശമാണ്. ഇത് പൂമുഖത്തു കാൽപ്പെരുമാറ്റം കേൾക്കുമ്പോൾ ചങ്ക് പടപടാ ഇടിക്കും.

ഇന്നും കുടിച്ചിട്ടുണ്ടാവുമോ? കുടിച്ചെങ്കിൽ കുറച്ചു ഉപദ്രവിച്ചിട്ട് അടങ്ങി ഇരുന്നേനെ ഇത് വെളിവോടെ ആണെങ്കിൽ അപമാനം അര്ധരാത്രി കിതച്ചു തളർന്നു മയങ്ങും വരെ തുടരും.

കല്യാണം കഴിഞ്ഞ നാളുകളിൽ തന്നെ എന്നോടുള്ള സമീപനം എന്തെന്ന് മനസിലായപ്പോൾ എന്താ ചെയ്യേണ്ടതെന്ന് ആലോചിക്കാൻ പോലും സമയം കിട്ടിയില്ല.

ആദ്യരാത്രിയിൽ തന്നെഅല്ലെങ്കിൽ അതിനോടനുബന്ധിച്ചുള്ള ദിവസങ്ങളിലുള്ള , വേദനയിൽ പുളഞ്ഞൊരു ഒന്നാകലിൽ കേശു പിറവിയെടുക്കാൻ പോകുന്നു എന്ന് ഒരു മാസം കഴിഞ്ഞിട്ടും പതിവ് വയറ്റുവേദന വരാതിരുന്നപ്പോൾ മനസിലായി.

അന്നാണ് കണ്ണിൽ ആദ്യായി ഇരുട്ട് കേറിയത്‌ ഗർഭാലസ്യത്താൽ അല്ല മനഃപ്രയാസത്താലാണ് പ്രഷർ കുറഞ്ഞു തലകറങ്ങി വീണതും. പാടെ തളർന്നു പോയിരുന്നു.

എല്ലാ ഉഴപ്പന്മാരുടെയും കഥകളിലെ പോലെ ഒരു ഷാപ്പും കള്ളുകുടി സംഘവും മദാലസയായ മുതിർന്ന സ്ത്രീയുമൊക്കെ ദൈവം എനിക്കായി ഒരുക്കിയ കഥയിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ കരഞ്ഞു കരഞ്ഞു കരയാനറിയാത്ത പെണ്ണായി ഞാൻ മാറി.

ഈ പെണ്ണ് മിണ്ടുകയും പറയുകയും ഒന്നുമില്ലേ സീതേ?

ആ? ഓരോത്തിമാരുടെ മോന്ത തെളിയാത്തതിന് ഞാൻ എന്ത്‌ ചെയ്തു ശാന്തേ?

വെറുതെ അല്ല ഈ ഒണക്ക കൊള്ളിയെ കളഞ്ഞു ആ പുഴക്കരയിലെ സുലോചനയുടെ വീട്ടിൽ അവൻ സ്ഥിരം ചെല്ലുന്നതു.

പെൺപിള്ളേർ ആയാൽ ചൊവ്വു വേണം കെട്യോനെ നിലയ്ക്ക് നിർത്താൻ പഠിക്കണം. അതിനൊന്നും സാമർഥ്യം ഇല്ലാത്തവളുമാർ വന്നാൽ കുടുംബം മുടിയും സീതേ.

എന്റെ കേക്കെ രണ്ടുവീടു അപ്പുറമുള്ള ശാന്ത എന്നെ വർണ്ണിക്കുന്നത് കേട്ടു ഞാൻ നിർവികാരം നിന്നു. മോൻ വയറ്റിലായിട്ട് ആറു മാസമായി അതിന്റെ ഒക്കെ ഒരു ആലസ്യം ഒരു ഓക്കാനമായി തൊണ്ടയിൽ കുരുങ്ങി കിടക്കുമ്പോൾ ഒന്ന് ഛർദിച്ചു കളയാൻ അതിയായി ആഗ്രഹിച്ചെങ്കിലും ഒരു ഓക്കാന ശബ്ദം മാത്രേ പുറത്തു വന്നുള്ളൂ.

എന്നെ വിട്ടു ഒന്നും പുറത്തേക്കു പോയില്ല പഴികളും കുറ്റപ്പെടുത്തലുകളും രാവിലത്തെ പഴംകഞ്ഞിയുമൊക്കെ തികട്ടി തികട്ടി നെഞ്ചിലും തൊണ്ടയിലും കിടന്നു.

അയ്യോ എന്റെ കൈ മുറിഞ്ഞു സീതേ വേഗം പോയി തുണി എടുത്തു വായോ എന്ന് ചക്ക അമ്മായി അമ്മയുടെ ഒപ്പം അരിഞ്ഞിരുന്ന ശാന്ത ചേച്ചി നിലവിളിച്ചപ്പോൾ ഞാൻ ചിരിച്ചുപോയി അതല്പം ഉറക്കെയായി പോയി.

എന്നാടി എരണം കെട്ടവളേ കിളിക്കുന്നത് എന്ന് അവര് പല്ലിറുമ്മിയപ്പോൾ ഞാൻ വേച്ചു വേച്ചു അകത്തേക്ക് പോയി. കറങ്ങി കൊണ്ടിരുന്ന തല ഒരുവിധത്തിൽ ബാലൻസ് ചെയ്തു കട്ടിലിലേക്ക് കിടന്നു.

ന്റെ ചേച്ചിയെ ഒരു വിരലിന്റെ അറ്റം മുറിഞ്ഞപ്പോൾ നിങ്ങൾക് എത്ര നൊന്തു ഇന്നലെയും കിട്ടി അടിവയറ്റിനിട്ടു ഒരു ചവിട്ട്. അതൊന്നു കൊള്ളണം പ്രാണൻ പറിഞ്ഞു പോകും പോരാത്തതിന് മുഖമടച്ചു രണ്ട് അടിയും.

സുലോചനയുടെ അടുത്ത് നിന്നു വന്നിട്ട് അണയാത്ത കാമം തീർക്കാൻ മേല് പോലും കഴുകാതെ എന്റെ ദേഹത്ത് കേറിയപ്പോൾ ഓക്കാനിച്ചു പോയി. ഗർഭമല്ലേ ഒരു മണവും പിടിക്കില്ല. ഇല്ലെങ്കിൽ ശ്വാസം വിടാതെ കുറെയൊക്കെ സഹിക്കാമായിരുന്നു.

അതിനു കിട്ടിയ സമ്മാനമാണ് തൊഴി.

എല്ലാ കുഞ്ഞുങ്ങളും അമ്മമാരുടെ വയറ്റിൽ കിടന്നു മുത്തവും തലോടലും ഏറ്റു അച്ഛനെ തിരിച്ചറിയുമ്പോൾ എന്റെ കുഞ്ഞു ഭയന്ന് ഒന്നുകൂടി ചുരുണ്ടു പോകുന്നുണ്ടാവും. ഇപ്പോൾ രണ്ടര വയസായിട്ടും ആ പേടി അവന്റെ കണ്ണുകളിൽ എപ്പോളുമുണ്ട്.

പിന്നെ ഞാൻ ഇതൊക്കെ നിങ്ങളോട് പറയുന്നത് നാളെ പത്രം വായിച്ചു നിങ്ങൾ പ്രത്യേകിച്ച് അമ്മമാർ ഒക്കെ എന്നെ ഒരുപാട് കുറ്റപെടുത്തും .

അതോണ്ട് സത്യം നിങ്ങൾ കൂടി അറിയണം എന്ന് തോന്നി സഹിക്കാവുന്നതിലും അധികം ഞാൻ സഹിച്ചു. ഇനിയൊന്നിനുമുള്ള ധൈര്യം ഇല്ല. പെണ്ണാണെന്ന് പറഞ്ഞു അടക്കിയൊതുക്കി വളർത്തിയ അമ്മ പറഞ്ഞു തന്നില്ല ഇതുപോലൊരു കെട്ടിയോനിൽ നിന്ന് എങ്ങനെ സ്വയം രക്ഷിക്കാമെന്നു?

ഇനി നിന്റെ വീട് ഇതല്ല അതാണ്. അവരാണ് അച്ഛനും അമ്മയും എന്നുപറഞ്ഞു അച്ഛനും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പടിയടച്ചു പിണ്ഡം വെച്ചു കല്യാണത്തോടെ ആ അച്ഛനും ഉത്തരവാദിയാണ്.

ആണുങ്ങൾ ആയാൽ ഇത്തിരി ചുറ്റികളിയൊക്കെ കാണുമെന്നു പറഞ്ഞു ആങ്ങള കൈ മലർത്തിയപ്പോൾ അവസാന പ്രതീക്ഷയും അറ്റു.

പ്രേമം കാമം ഒക്കെ മുറിവ് തന്ന വികാരങ്ങൾ ആയതിനാൽ വേറൊരു ആൾടെ ഒപ്പം ഒളിച്ചോടാനും താല്പര്യം തോന്നിയില്ല.

വേദന തിന്നു തിന്നു മടുത്തെങ്കിലും എന്റെ കുഞ്ഞു അനുഭവിക്കുന്ന യാതനകൾ കണ്ടപ്പോൾ ആണ് സമനില തെറ്റിയത്. ആ ഇളം മേനിയിൽ നുള്ളി നോവിക്കാത്ത ഒരിടം ബാക്കിയില്ല.

എന്റെ മുടിയിൽ വിരൽ ചുറ്റി ഉറങ്ങുന്ന ഈ ലോകത്ത് ഞാൻ മാത്രം പ്രതീക്ഷ ആയുള്ള അവനെ ഞാൻ അങ്ങ് കൊണ്ടുപോകുകയാണ്. ഞാൻ പോയാൽ അവൻ നരകിച്ചു ജീവിക്കുന്നതിലും ഭേദമാണ് എന്റെ ഒപ്പം മാറിൽ ചേർത്ത് അവനെ എന്നെന്നേക്കുമായി ഉറക്കുന്നതു.

വേദനകളെ വിട !ഒരു പേപ്പറിൽ എല്ലാം എഴുതി കോളേജിൽ പോകുന്ന അടുത്തുള്ള സുധമോളുടെ കയ്യിൽ ആരുമറിയാതെ പോസ്റ്റ്‌ ചെയ്യാൻ കൊടുത്തു.

ഇതെന്താ ചേച്ചി പത്രം ഓഫീസിലേക്ക് ഒരു കത്ത് എന്ന് ചോദിച്ചപ്പോൾ ഒരു പാചകകുറിപ്പ് എന്ന് കള്ളം പറഞ്ഞു.

കുഞ്ഞുമായി കുളത്തിലേക്ക് നടക്കുമ്പോൾ മനസ്സ് ശാന്തമായിരുന്നു. പിറ്റേന്ന് അവനുമായി ഒട്ടിച്ചേർന്നു വെള്ളത്തിൽ പൊങ്ങി കിടക്കുമ്പോൾ മനസ്സും.

(ഇങ്ങനെ ഒക്കെ ആവാം പല ആത്മഹത്യകളുടെയും തിരശീലക്കു പുറകിൽ. കഴിഞ്ഞ ദിവസം നാലു വയസുള്ള അമ്പോറ്റി കുഞ്ഞിനേയും കൊണ്ടു ഒരമ്മ ആത്മഹത്യ ചെയ്ത വാർത്ത തന്ന നീറ്റൽ വരികൾ ആക്കിയതാണ്. ന്റെ പെണ്ണുങ്ങളെ ഈ ലോകം വിശാലമാണ്. കേട്ട് തഴമ്പിച്ച നീ വെറും പെണ്ണ് എന്ന ഡയലോഗ് മനസ്സിൽ കേറ്റി നിരാശയുടെ ആഴങ്ങളിൽ താഴുന്നതിനു മുമ്പ് ഒരു വട്ടം കരുത്തു നേടി അവസാന ശ്രമം പോലെ ഒന്ന് പൊരുതിക്കൂടെ.

നിങ്ങളാണ് മാതാപിതാക്കളെ യഥാർത്ഥ ഘാതകർ ഒന്ന് തങ്ങിയിരുന്നേൽ ചായാൻ വെമ്പിയ വള്ളി നിങ്ങൾ അറുത്തു മാറ്റാൻ കൂട്ടു നിന്നു.

കാലം ശിക്ഷിക്കട്ടെ ആ കുഞ്ഞുചുണ്ടിലെ പുഞ്ചിരി എന്നെന്നേയ്ക്കുമായി കെടുത്താൻ കൂട്ട് നിന്ന ഓരോരുത്തരെയും അച്ഛൻ എന്ന വികൃത ജീവിയേയും. മനസ്സറിഞ്ഞു ശപിക്കുന്നു ഗതി പിടിക്കില്ല നിങ്ങളെ പോലുള്ള ഭർത്താക്കന്മാരും അവർക്ക് കൂട്ട് നിൽക്കുന്ന മാതാപിതാക്കളും. മരിച്ചാലും മോക്ഷം കിട്ടാതെ അലയട്ടെ… )