ഭാര്യയെ ആശ്വസിപ്പിക്കുമ്പോഴും ആ അച്ഛന്റെ മനസ് വെപ്രാളപെടുക ആയിരുന്നു….

അവകാശികൾ…

Story written by Jyothi Shaju

====================

ആകാശത്തോളം ഉയർന്നു നിൽക്കുന്ന നാട്ടുമാവുകൾ നിറഞ്ഞ ഗ്രാമത്തിന്റെ ഇടവഴികളിലൂടെ വളഞ്ഞും പുളഞ്ഞും മദഗജത്തെപ്പോലെ ആ ജെസിബി മുരണ്ടുകൊണ്ട് മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.. എന്തോ വലിയ ദുരന്തം സംഭവിക്കാൻ പോകുന്നത് പോലെ അന്തരീക്ഷം പെട്ടെന്ന് മാറി മറഞ്ഞു.. മാവിൻ കൊമ്പിൽ ഉച്ചവിശ്രമത്തിലായിരുന്ന കാക്ക ക്കൂട്ടം അപകടം മുന്നിൽ കണ്ടിട്ടെന്നപോലെ അപായ സൂചന നൽകികൊണ്ട് കാ… കാ… യെന്നു നിലവിളിച്ചുകൊണ്ട് ആകാശത്തിലേക്കു ഉയർന്നു വട്ടം ചുറ്റി..

പുല്ലുകളും തൊട്ടാവാടിയുംയും കാരക്കപഴങ്ങളും കാട്പിടിച്ചു വളർന്നു നിൽക്കുന്ന ഭൂമിയുടെ കോണിലായി ജെസിബി ഒരുനിമിഷം അല്പസമയം വിശ്രമിച്ചു..

കാകന്മാർ കുറച്ചു സമയത്തിന് ശേഷം ശാന്തരായി മരങ്ങൾക്ക് മുകളിൽ നിലയുറപ്പിച്ചുതാഴെ വന്ന് നിൽക്കുന്ന ഭീമാകാരമായ യന്ത്രത്തെ വീക്ഷിച്ചു കൊണ്ടിരുന്നു..

പഴമയുടെ സംസ്കാരങ്ങൾ നിലനിന്നു പോന്നിരുന്ന പുരാതനമായ ആൾതാമസമില്ലാത്ത തറവാടും ഒരേക്കറോളം വരുന്ന കാടുപിടിച്ചു പുരയിടവും ആ നാട്ടുകാരുടെ പേടിസ്വപ്നമായിരുന്നു.

അല്പസമയത്തിന് ശേഷം ഭൂമിയുടെ ഒരു കോണിൽ നിന്നും ജെസിബി തന്റെ പണി തുടങ്ങിക്കഴിഞ്ഞിരുന്നു ആർത്തലച്ച കാക്ക കൂട്ടം വീണ്ടും അലറി കരഞ്ഞുകൊണ്ട് ആകാശത്തേക്ക് ഉയർന്നു..

“ദേ നോക്ക്യെ… അവിടെ എന്തോ അപകടം സംഭവിച്ചിട്ടുണ്ട്…കണ്ടില്ലേ കാക്ക ക്കൂട്ടം ആകാശത്ത് വട്ടമിട്ട് പറക്കുന്നത്. നമ്മുടെ മക്കൾ എല്ലാവരും പുറത്തു വന്നാൽ നമ്മളെ കൊണ്ട് പറ്റോ എല്ലാവരെയും ശ്രെദ്ധിക്കാൻ…പേടിയാവാ…” തന്റെ സ്വർണ നിറമാർന്ന മിനുമിനുത്ത ശരീരം ഒന്നുകൂടി അടവച്ച മുട്ടകൾക്ക് മുകളിൽ ചുറ്റിക്കൊണ്ട് അവൾ ഭർത്താവിന്റെ കറുപ്പും തവിട്ടും കളർന്ന നീളൻ ശരീരത്തിലേക്കു ചേർത്ത് വച്ചുകൊണ്ട് പറഞ്ഞു..

“നീ ഒന്നു ടെൻഷൻ ആവല്ലെടി… അവർക്ക് ഒന്നും പറ്റില്ല….” അറ്റം പിളർന്ന തന്റെ നാവ് പുറത്തേക്കിട്ട് അന്തരീക്ഷത്തിലെ മാറ്റങ്ങളെ മനസ്സിലാക്കികൊണ്ട് അച്ഛൻ പാമ്പ് ഭാര്യയോട് പറഞ്ഞു

ഭാര്യയെ ആശ്വസിപ്പിക്കുമ്പോഴും ആ അച്ഛന്റെ മനസ് വെപ്രാളപെടുക ആയിരുന്നു….

അത്യാവശ്യം ഒരു കാർ പോകാവുന്ന വഴി ..അതിനിരു വശവും മതിലുകൾ കെട്ടിത്തിരിച്ച വീടുകൾ… അതിനരികിലായി ഒരേക്കറോളം വരുന്ന ആൾതാമസമില്ലാത്ത പുരയിടത്തിലെ വീടിന്റെ പൊട്ടിപൊളിഞ്ഞ മതിലിന്റെ തറയിൽ ആണ് മുകളിൽ പറഞ്ഞ ഭാര്യയും ഭർത്താവും പതിനഞ്ചു മുട്ടകളും ഉള്ളത്…. ആർക്കും ഒരു ദോഷവും ഇല്ലാതെ കുട്ടികളെ പേടിപ്പിക്കുക പോലും ചെയ്യാതെ ആ ഭാര്യയും ഭർത്താവും സന്തോഷമായി കഴിഞ്ഞ് പോന്നു…

അതിനിടയിൽ ആണ് അവർക് കുഞ്ഞുങ്ങളുണ്ടാവാൻ പോകുന്നത്…ഇത്രയും മക്കളെ മനുഷ്യന്മാരുടെ കണ്ണിൽ പെടാതെ നോക്കി വളർത്തൽ ഒരു പരീക്ഷണം ആണല്ലോ എന്നോർത്താണ് ആ അമ്മയുടെ ആധി…

കുറച്ചു സമയത്തെ പ്രവർത്തനത്തിന് ശേഷം 10 സെന്റ് ഭൂമി നിരപ്പാക്കി കൊണ്ട് ജെസിബി പണി അവസാനിപ്പിച്ചു മടങ്ങി… സമയം സന്ധ്യയോട് അടുത്തിരുന്നു..

അച്ഛൻപാമ്പും അമ്മ പാമ്പും കാക്കകളും ആശ്വാസത്തോടെ നെടുവീർപ്പിട്ടു..

കുറച്ചു ദിവസത്തിന് ശേഷം മുട്ടകൾ എല്ലാം തന്നെ വിരിഞ്ഞു നല്ല സുന്ദരന്മാരും സുന്ദരികളും ആയ മക്കൾ പിറന്നു…അച്ഛനും അമ്മയും വളരെ അധികം സന്തോഷിച്ചു കൂട്ടത്തിൽ വല്ലാത്ത ആധിയും മനസിനെ അലട്ടി… ആ പറമ്പിന്റെ ഒരുവശത്തായി പുതിയൊരു വീട് ഉയർന്നു വന്നുകൊണ്ടിരുന്നു..

അറിവ് വെച്ചു വരുംതോറും മക്കളെ പറഞ്ഞു മനസിലക്കി കൊണ്ടിരുന്നു.. “മക്കളെ ഒരു കാരണവശാലും മനുഷ്യന്മാരുടെ മുന്നിൽ ചെന്ന് പെട്ടേക്കല്ലേ…നമ്മൾ ഒന്നും ചെയ്തില്ലേലും അവന്മാർ നമ്മളെ ബാക്കി വെച്ചേക്കൂല… കേട്ടല്ലോ..”

മക്കൾ എല്ലാവരും തലകുലുക്കി സമ്മതിച്ചു…എല്ലാരും സ്വന്തം തീറ്റ തേടി തുടങ്ങിയപ്പോഴും അച്ഛനമ്മമാരുടെ വാക്കുകൾ മനസാ വഹിച്ചു കൊണ്ട് ആരെയും ശല്ല്യപ്പെടുത്താതെ പേടിപ്പെടുത്താതെ അവർ പലയിടങ്ങളിൽ ജീവിച്ചു പോന്നു.. ഒളിച്ചിരിക്കാനും മാളം ഉണ്ടാകാനും ഇഷ്ടം പോലെ സഥലങ്ങൾ ഉണ്ടായിരുന്നു…പോരാത്തത്തിന് കൃഷി ഒന്നും ചെയ്യാതെ ഒരു വലിയ പറമ്പ് കാടുപിടിച്ചു കിടന്നിടത്ത് കളിക്കാനും അവർക്ക് സൗകര്യമുണ്ടായിരുന്നു..

അമ്മയും അച്ഛനും മക്കളെ ഇടക്ക് അന്വേഷിച്ചു വരുമ്പോഴും എണ്ണം കുറയാതെ എല്ലാവരും ഉണ്ടല്ലോ എന്നു ആശ്വസിച്ചിരുന്നു…അപ്പോഴും ആ അമ്മ മനസ് വേവലാതി പൂണ്ടു.. തങ്ങൾക് എന്തേലും സംഭവിച്ചാലും മക്കൾക്ക് ഒന്നും സംഭവിക്കല്ലേ എന്നു മഹാദേവനോട് പ്രാർത്ഥിച്ചു…ആയിടക്കാണ് വീടിന്റെ പണി പൂർത്തിയായതും പുതിയ താമസക്കാർ വന്ന് കയറിയതും.. ഒരിക്കൽ അച്ഛൻ പാമ്പ് വലിയൊരു പെരുചാഴിയെ പിടിച്ചു കഴിച്ച് വിശ്രമിക്കുന്ന സമയത്താണ് ആ വീട്ടിലെ താമസക്കാരിൽ ഒരാൾ അപ്രതീക്ഷിതമായി അയ്യോ പാമ്പ് എന്ന് പറഞ്ഞു ഓടുന്നത് കണ്ടത്.. പേടിച്ച് പനിപിടിച്ചു രണ്ടുമൂന്നു ദിവസം പുറത്തിറങ്ങിയില്ല.. അവസാനം ഒരു വലിയൊരു മന്ത്രവാദിയെ കൊണ്ട് വന്ന് പൂജ നടത്തി.. സർപ്പദോഷം എന്നു പറഞ്ഞു പാവം പാമ്പുവർഗത്തെ ഒന്നടങ്കം എപ്പോഴും പഴിചാരി കൊണ്ടയാൾ അതിനു വേണ്ട പരിഹാര കർമങ്ങൾ ഒക്കെ നടത്തുന്നത് കണ്ടത്..വീടിനു നാല് മൂലയിലും എന്തൊക്കെയോ കുഴിച്ചിടുന്നു…മന്ത്രം ജപിക്കുന്നു …ഇനി പാമ്പ് ഈ പറമ്പിന്റെ എഴയലത്തു പോലും വരില്ല എന്നു പറഞ്ഞു കൊണ്ട് പ്രസാദം കൊടുക്കുന്നു…

ആ പറമ്പിന്റെ മതിൽത്തറയിൽ താമസിക്കുന്ന ആ പാമ്പ് ഫാമിലി ഇത് കേട്ട് ചിരിക്കണോ കരയണോ എന്നു ആലോചിചു ഒരു നിമിഷം നിന്നു പോയി…ഓരോരോ അന്ധവിശ്വാസങ്ങൾ എന്നു പറഞ്ഞു അവർ ആ വീട്ടുകാരെ കളിയാക്കി..

ഇരുട്ടി തുടങ്ങിയാൽ പാമ്പ് മക്കൾ ചെറിയ തവളകളെയും എലികളെയും ഒക്കെ അന്നേഷിച്ചു ഭക്ഷണമാക്കാൻ പുറത്തിറങ്ങാറുണ്ട്..

അങ്ങനെ ഒരു അല്ലലും അലട്ടും ഇല്ലാതെ അവർ സന്തോഷത്തോടെ കഴിഞ്ഞു പോന്നു… ഏതോ ഒരു ശപിക്കപ്പെട്ട ദിവസം ..അതിലൊരുവൻ പതിവ് പോലെ തീറ്റ തേടി പുറത്തിറങ്ങി

ഒരു മുഴുത്ത എലിയെ കണ്ടു…അവനാണേൽ വീട്ടുകാർക്ക് ഭയങ്കര ശല്ല്യം…അവർ പല രീതിയിലും അവനെ തുരത്താൻ നോക്കിയിട്ടും അവൻ പിടി കൊടുത്തിട്ടില്ല…എന്നാൽ ഇവനാവട്ടെ ഇന്ന് എന്റെ ഭക്ഷണം എന്നു കരുതി അതിനു പിന്നാലെ വച്ചു പിടിച്ചു..ലക്ഷ്യം പ്രധാനം ആയത് കൊണ്ട് മാതാപിതാക്കൾ വരച്ച ലക്ഷ്മണരേഖ എല്ലാം കടന്നു എലിക്ക് പിന്നാലെ പാഞ്ഞു…

എലികൾക്കു വീട്ടിലെ സകല ഊ ടു വഴികൾ പരിചയം ആണല്ലോ…അടുക്കള ഭാഗത്തു ഉള്ള വാതിൽ ഇരുമ്പ് കൊണ്ട് മുക്കാൽ ഭാഗം ഷീറ്റും ബാക്കി അഴികളും ആണ്…അതിലൂടെ എലി ഓടി അടുക്കളയിൽ കേറി..പിന്നാലെ നമ്മുടെ പാമ്പുകുട്ടനും..വാലിൽ പൊങ്ങി ഏന്തി വലിഞ്ഞു ഇരുമ്പ് വാതിലിന്റ അഴികളിലൂടെ തല ഇട്ട് താഴേക്ക് ഊർന്നപ്പോ നേരെ ചെന്നെത്തിയത് അടുക്കള സ്ലാബിൽ..വീട്ടുകാരൊന്നും ഇവിടെ ഇല്ലലോ ആകേ ഇരുട്ട്…ആഹാ എലിചെക്കൻഎവിടെ പോയി ഒളിച്ചാവോ…തത്കാലം ഈ മുട്ട വെച്ചു അഡ്ജസ്റ്റ് ചെയ്യാം ന്നു കരുതി അവിടെ തന്നെ ഒരു പാത്രത്തിൽ ഉണ്ടായ മുട്ട എടുത്ത് വിഴുങ്ങി…

പതുക്കെ ഇഴഞ്ഞു നീങ്ങിയപ്പോ നല്ല ചൂട്…ഓടി തളർന്നതല്ലെ ഒന്നു മയങ്ങാം ന്നു കരുതി അവിടെ ഉണ്ടായ ഒരു ചെറിയ പ്ലാസ്റ്റിക് ട്രേ യിൽ കുറച്ചു എരിവ് ഇല്ലാത്ത പച്ചമുളക് ഉണങ്ങി തുടങ്ങിയിരുന്നു..അതിന്റെ ഒരു ചൂടു പറ്റി ചുരുണ്ട് കിടന്നുറങ്ങി പോയി…

രാത്രി ഒരുപാട് ലേറ്റ് ആയപ്പോ വീട്ടുകാർ വന്നതും ആരോ വെള്ളം കുടിക്കാൻ വരുന്നതും അത് പോലെ തന്നെ പോകുന്നതും പാതി മയക്കത്തിൽ അവൻ കണ്ടു…ഇതിനിടയിൽ എലി ചെക്കനെ പിടികൂടി വയറ്റിലാക്കാനും മറന്നില്ല..

പിറ്റേന്ന് നേരം വെളുത്തു..അവൻ പതിയെ തല ഉയർത്തി നോക്കി…നല്ല വെളിച്ചം വന്നിരിക്കുന്നു…മുഴുത്ത എലിയെ വിഴുങ്ങിയതിനാൽ വേഗത്തിൽ ഇഴഞ്ഞു നീങ്ങാനും വയ്യല്ലോ…ഇവിടെ തന്നെ കിടക്കാം..വരുന്നിടത്ത് വെച്ചു കാണാം…അച്ഛനെയും അമ്മയെയും കാണാൻ തോന്നുന്നു…ഇനി എനിക്കവരെ കാണാൻ കഴിയുമോ…വീട്ടുകാർ എന്നെ കണ്ട് പിടിച്ചാൽ എന്റെ കഥ കഴിക്കുമോ…ഇവിടത്തെ ചേച്ചി ആണേൽ ഒരു ബോധം ഇല്ല…ഇന്നാള് ഒരു ദിവസം പാവം ഒരു ചുവര് പാമ്പ് അവരുടെ സിറ്റ് ഔട്ടിൽ വന്നപ്പോ ചെരിപ്പ് കൊണ്ട് അടിച്ചു ഓടിച്ചതാ…അറ്റ്ലീസ്റ്റ് ഒരു വടിയെങ്കിലും എടുത്ത് ഓടിക്കാമായിരുന്നില്ലേ…അപമാനം..ഇന്ന് എന്റെ മരണം എങ്ങനെ ആവുമോ എന്തോ…

പലവിധ ചിന്തകളാൽ ആ കുട്ടിപാമ്പ് അവിടെ തന്നെ കിടന്നു…കുറച്ചു കഴിഞ്ഞപ്പോ ചേച്ചി വരുന്നു.. ചായ വെക്കുന്നു….എന്തോ കറിക്ക് വേണ്ടി കുക്കറിൽ ഇടുന്നു പോകുന്നു…ഭാഗ്യം കണ്ടില്ല…ഒന്നൂടി ഒളിച്ചിരിക്കാം…എങ്ങോട്ട് പോകും ഭഗവാനെ…ഒരു വഴിയും കാണുന്നില്ലല്ലോ…ഇന്നലെ ആ എലിയുടെ പിന്നാലെ വരേണ്ടിയിരുന്നില്ല…വീട്ടുകാരെ സഹായിക്കാം എന്നു കരുതിയത് മണ്ടത്തരം ആയിപോയല്ലോ….

കുറച്ചു കഴിഞ്ഞപ്പോ അവിടെത്തെ മോൾ എണീറ്റ് കടയിൽ പോകാൻ തയ്യാറെടുക്കുന്നു….അമ്മ പച്ചമുളക് നല്ലത് ഉണ്ടോ നോക്ക് ഇല്ലെങ്കിൽ മേടിക്ക് എന്നു പറയുന്നു…

ഈശ്വര ഇപ്പോ എന്റടുത്തു വരുമല്ലോ…ഒന്നു പേടിപ്പിച്ചു വിടാം…ആ വരുന്നുണ്ട്…
മോൾ വന്നു പച്ചമുളക് ട്രേ യുടെ പകുതി ഭാഗം കിച്ചൻടവൽ കൊണ്ട് മൂടി കിടക്കുവായിരുന്നു അതെടുത്തു മാറ്റിയതും കുട്ടിപ്പാമ്പ് പേടിച്ചു എണീറ്റ് നിന്നു…

“ഹെന്റമ്മച്ചിയേ… പാമ്പ്‌ … ന്നു പറഞ്ഞു പറന്നു പോയി…”

“അമ്മേ പാമ്പ്…പാമ്പ്” എന്നു ഉറക്കെ കൂവി ഓടി അമ്മയുടെ അടുത്ത് ചെല്ലുന്നു.. അമ്മ, പിന്നെ പാമ്പല്ലേ.. ന്നു നിസാരമട്ടിൽ പറഞ്ഞു പതുക്കെ എണീറ്റു വന്നു നോക്കി…ശെരിയാണല്ലോ പാമ്പ് ആണല്ലോ….

യൂ ട്യൂബിൽ വാവ സുരേഷിന്റെ വീഡിയോ കണ്ട് ത്രില്ല് അടിച്ചു പാമ്പ് പിടുത്തക്കാരി ആയാലോ എന്നു മാനസികമായി തയ്യാറെടുത്ത് കൊണ്ടിരിക്കുന്ന അമ്മ, പാമ്പിനെ കണ്ട് ചെറുതായൊന്നു കിളി പോയി…ന്നാലും ധൈര്യം പുറത്തു കാണിച്ചു ആസ്ഥാന പാമ്പ് പിടുത്തക്കാരനായി ഒരു ഏരിയയിൽ പ്രഖ്യാപിച്ച സ്വന്തം ആങ്ങളയെ വിളിക്കാം എന്നു കരുതി ഫോൺ എടുത്ത് വിളിക്കാൻ ഓങ്ങിയപ്പോ ആണ് മനസിലാവുന്നത്… അത്യാവശ്യത്തിന് വിളിച്ചാൽ ഒരുകാലത്തും ഫോൺ എടുക്കാത്ത ആങ്ങളയെ വിട്ട് നാത്തൂനേ വിളിച്ചു വീഡിയോ കാളിൽ കാണിച്ചു കൊടുത്തു….എത് പാമ്പാണെന്ന് അറിയാൻ…

അവൾ ലോകത്തുള്ള എല്ലാ പാമ്പിന്റെയ്യും നിഴൽ കണ്ട് തിരിച്ചറിയുന്ന ആളെന്ന മട്ടിൽ ‘”അയ്യേ ഇതോ ഇത് പാവം ചുവര് പാമ്പ്” എന്നു വളരെ ലാഘവത്തോടെ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അത് പൊക്കോട്ടെ ഒരു നിരപരാധിയെ ചെരുപ്പ് കൊണ്ട് അടിച്ചു വിട്ടതിന്റെ മനസ്ഥാപം കുറച്ചു മനസിൽ ഉള്ളത് കൊണ്ട് അതിനെ വെറുതെ വിടാൻ ആലോചിക്കുന്നു…

അപ്പൊഴേക്കും വലിയ വായിൽ നിലവിളിച്ചു കൊണ്ട് ഒരു ഏരിയ മൊത്തം ആളുകളെ വിളിച്ചു കേറ്റി , ലെ മകൾ ..രാത്രി ഉറക്കം കളഞ്ഞു ഫോണിൽ ഗെയിം കളിച്ചു കൊണ്ടിരുന്ന മകൻ നേരം വെളുത്തപ്പോ ഉറക്കത്തിലെക്ക് അഗാധമായി വഴുതി വീണു കൊണ്ടിരിക്കുന്ന സമയത്താണ് അനിയത്തിയുടെ കൂക്കൽ…ഞെട്ടി എണീറ്റ് വന്നു പാമ്പിനെ നോക്കി…അമ്മ യുടെ വക ..”ഇത് പാവം ചുവർപാമ്പ് അതിനെ ഓടിച്ചു വിട്ടേക്കടാ പാവം ജീവിച്ചു പൊക്കോട്ടെ….” എന്നും പറഞ്ഞു തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും അവൻ ഉറക്കത്തിന്നു എണീറ്റ് വന്നപ്പോ കണ്ണ് കാണാഞ്ഞിട്ടാണോ അതോ ഗെയിം കളിച്ചു കണ്ണ് അടിച്ചു പോയിട്ടാണാവോ ന്നറിയില്ല ഫോണിലെ ടോർച് അടിച്ചു ഒന്നുകൂടി നോക്കി…

ഇത്ര ഉഗ്രവിഷമുള്ള എന്നാൽ എല്ലാർക്കും പേടി ഉള്ള മൂർഖൻ കുഞ്ഞിനെ ഈ ബോധമില്ലാത്ത തള്ള വെറും ചുവർ പാമ്പിനോട് ഉപമിച്ചത് തീരെ ഇഷ്ടപെട്ടില്ല…കുഞ്ഞുപാമ്പിന്റെ ആത്മഗതം.

” ചേട്ടാ എന്റെ ഫോട്ടോ ഒന്നു നന്നായി എടുത്തോ എന്നു പറഞ്ഞു ആ “യു “ആകൃതി ശെരിക്ക് കാണാൻ വേണ്ടി ഒന്നു വിടർത്തി കൊടുത്തു… അത് ശെരി ഫോട്ടോ അല്ലല്ലെ… ടോർച് ആണോ.. ന്നാലും കുഴപ്പല്യ ആ തള്ളക്ക് പറഞ്ഞു കൊട് ഞാൻ മൂർഖൻ കുഞ്ഞു ആണെന്ന്…

അമ്മേ….ഇത് എന്ത് പമ്പാണെന്ന്…ചുവർ പാമ്പോ… കണ്ടോ ” യു “ആകൃതി…എന്നു പറഞ്ഞു ഒന്നുകൂടി നോക്കിപ്പോ അത്ര നേരം നിസാരം എന്നു പറഞ്ഞു നിന്ന അമ്മ ങ്ങേ…. എന്നു പറഞ്ഞു ഞെട്ടി ഒരു പത്തടി പിന്നോട്ട് മാറി…

മാറാൻ പറ്റണില്ലല്ലോ ആരാ പിന്നിൽ…ഒരു പത്തു പതിനഞ്ചു ആളുകൾ വീട്ടിലെ അടുക്കളയിൽ …ഇപ്പോ ആ പാമ്പ് ഒന്നു ചാടി താഴെ ഇറങ്ങിയ ആരെ കടിക്കും എന്നോർത്തു കൺഫ്യൂഷൻ ആയി ആകേ പണ്ടാരമടങ്ങി പോയേനെ…
ആ സമയം നമ്മുടെ പാമ്പ് കുഞ്ഞു ഈശ്വരനെ വിളിച്ചു പ്രാർത്ഥിച്ചു…ഇവിടുന്നു എങ്ങനേലും രക്ഷപെടാൻ ഒരു മാർഗം കാണിച്ചു തരണേ എന്ന്…

അമ്മ,ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ ജോലി ഉള്ള ഒരു പയ്യനെ വിളിച്ചു നോക്കി അവരാവുമ്പൊ കൊല്ലാതെ പിടിച്ചു കെട്ടി കൊണ്ട് പോവുമല്ലോ….പാമ്പിനെ കാണാൻ ഒരുപാട് പേര് വന്നു അടുക്കളയിൽ തടിച്ചു കൂടി. ഓരോരുത്തരുടെയും കയ്യിൽ മലമ്പാമ്പിനെ അടിച്ചു കൊല്ലാൻ പാകത്തിന് ഉള്ള വടികൾ…പക്ഷെ എല്ലാർക്കും പേടി ആണ് അടുത്ത് പോകാൻ. .കുഞ്ഞു പാമ്പ് ആണെങ്കിൽ നല്ല രീതിയിൽ അതിന്റെ ഫണം വിരിച്ചു പോസ് ചെയ്ത് എല്ലാരേയും നോക്കുന്നു…

ഇത്ര നന്നായി പോസ് ചെയ്ത് കൊടുത്തിട്ട് ഈ മണ്ടന്മാർ ആരും എന്താ എന്റെ ഫോട്ടോ എടുക്കാതെ ഇരിക്കുന്നെ… എന്ന ആലോചനയിൽ നമ്മുടെ കുഞ്ഞു പാമ്പ്‌…
കുറച്ചു കഴിഞ്ഞപ്പോഴേക്കും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ടെമ്പറ റിആയി ജോലി ഉള്ള ഒരു പയ്യൻ വന്നു.കുഞ്ഞുപാമ്പിനെ പിടികൂടി കൊണ്ട് പോയി…പാവം പാമ്പ്‌..അമ്മയേം അച്ഛനേം സഹോദരങ്ങളേം വിട്ട് വേറെ നാട്ടിലേക്ക് യാത്രയായി…..

കുറിപ്പ്..ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പ്പികം മാത്രം…🤭

ജ്യോതി…♥️