സിദ്ധചാരു ~ ഭാഗം 02, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

“വരൂ മോളെ…. ഭക്ഷണം കഴിക്കാം…!!”

രാച്ചിയമ്മ മുറിയിൽ വന്നു വിളിക്കുമ്പോഴും ചാരുലത വിദൂരതയിലേക്ക് നോക്കി നിൽക്കുകയായിരുന്നു …..!!

“വിളമ്പിവച്ചോളൂ …..വന്നേക്കാം …!!”

അവളുടെ മറുപടി കേട്ടതും ഒരുനിമിഷം കൂടി അവളെ നോക്കിനിന്നു അവർ തിരിഞ്ഞുനടന്നു ….

ഇന്നേക്ക് എൺപത്തൊന്നാം ദിവസമായിരിക്കുന്നു ഈ ഒളിപ്പോര് തുടങ്ങിയിട്ട് ….!!

എല്ലാവരാലും അകന്ന് ജീവിക്കാൻ തുടങ്ങിയിട്ട് …!!

ചാരുലത ഭിത്തിയിലെ കലണ്ടറിൽ ചുവന്ന അക്ഷരങ്ങൾക്ക് കുറുകെ മഷി പടർത്തി …

എത്ര പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത് …!!

ടേബിളിൽ കിടക്കുന്ന ബ്രോഷറുകൾ അടുക്കി വയ്ക്കുന്നതിനിടയിൽ വീണ്ടും ആ പേര് ശ്രദ്ധയിൽപ്പെട്ടു …

ലൈഫ് കെയർ ഹോസ്പിറ്റൽ ….!!

ഏറ്റവും നല്ല ഡോക്ടർസിന്റെ നിരന്നുകിടക്കുന്ന കോളങ്ങളിലെ ആദ്യ ചിത്രം …

ഡോക്ടർ സിദ്ധാർഥ് മേനോൻ …!!

വിറയ്ക്കുന്ന കൈകളോടെ അവളാ കടലാസ്സ് മെല്ലെയെടുത്തു …

വീണ്ടും കാലചക്രങ്ങളിലേക്ക് ഓർമ്മകൾ ഊളിയിട്ടു…..

സ്വാതി കിടക്കവിരിമാറ്റുകയാണ് ….

ചാരു ബെഡിന്റെ ഓരം ചേർന്നുകിടന്നുകൊണ്ട് ചിന്തിച്ചു …..

ജാനകിയപ്പയും അച്ഛനുമായിട്ട് എത്രയോ വർഷങ്ങളായുള്ള വിരോധം മാറ്റാനായിരിക്കുമോ ഈയൊരു വിവാഹാലോചന ….

എത്രയാലോചിച്ചിട്ടും ചാരുവിനു മനസ്സിലായില്ല ….

പൊന്നു പോലെ വളർത്തിക്കൊണ്ടു വന്ന മൂന്ന് ആങ്ങളമാരുടെ ഒറ്റപെങ്ങൾ …

രണ്ടാമത്തെ കുട്ടിയായിരുന്നു ജാനകിയപ്പ ..

ഒറ്റപുത്രിയായതുകൊണ്ട് തന്നെ നാടറിഞ്ഞു തന്നെ വിവാഹം നടത്തണമെന്ന് മുത്തശ്ശന് നിർബന്ധമായിരുന്നു …

പക്ഷേ …!!

വിവാഹത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് എല്ലാവരുടെയും പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തകർക്കാൻ പാകത്തിൽ ബലപ്പെട്ട ആ സത്യം ജാനകിയപ്പയിലൂടെ എല്ലാവരും അറിഞ്ഞത് …

അവർ പറയാനാഗ്രഹിക്കാത്ത അറിയപ്പെടാത്ത ഏതോ ഒരാളുടെ ജീവന്റെ അംശം വയറ്റിൽ പേറിയിരിക്കുന്നുവെന്ന് …..!!

മൂടിവെയ്ക്കാനും മറയ്ക്കപ്പെടാനും എത്ര ശ്രമിച്ചിട്ടും സത്യം തറവാടിന്റെ മുറികളും ഗോവണിയും പടിപ്പുരയും കടന്ന് പുറം ലോകത്തിന്റെ വായ്ത്താരിയിൽ ഇടം പിടിച്ചു …

മാനക്കേട് ഭയന്ന് മുത്തശ്ശൻ ജാനകിയപ്പയെ പടിയടച്ചു പിണ്ഡം വച്ചു …

ഭ്രഷ്ട് കൽപ്പിച്ചത് തറവാട്ടിൽ നിന്ന് മാത്രമല്ല എല്ലാവരുടെയും മനസ്സിൽ നിന്ന് കൂടിയായിരുന്നു …

എല്ലാം അമ്മ പറഞ്ഞുള്ള അറിവുകൾ മാത്രം …

അതിനും എത്രയോ വർഷങ്ങൾക്ക് ശേഷമായിരുന്നു അമ്മ തറവാട്ടിലേക്ക് വലതുകാൽ വച്ചുകയറിയത് …

ജാനകിയപ്പയെ കുറിച്ച് ഇറക്കിവിട്ടതിനു ശേഷം ആരുടെ ഭാഗത്തു നിന്നും അന്വേഷണം ഉണ്ടായില്ല …

ആ കുഞ്ഞിന്റെ അച്ഛനൊപ്പമാണോ അതോ വേറേതെങ്കിലും പറഞ്ഞറിയിക്കാനാവാത്ത അവസ്ഥയിലാണൊന്നൊക്കെ ആലോചിച്ച് വേവലാതിപ്പെടുന്ന ഓർത്തോർത്ത് കരയുന്ന മുത്തശ്ശിയുടെ മുഖം ഇപ്പോഴും കണ്മുൻപിലുണ്ട് …..!!

ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു …!!

തറവാടിനോട് ചേർന്നുള്ള വീട്ടിൽ പുതിയതാമസക്കാരെത്തിയ വിവരം അറിഞ്ഞത് ….!!

സ്വതിയേച്ചിയും താനും തമ്മിൽ രണ്ടു വയസ്സിന്റെ വ്യത്യാസം മാത്രം ഉണ്ടായിരുന്നത് കൊണ്ട് തന്നെ എല്ലാ കുസൃതിത്തരത്തിനും കൂടെയുണ്ടായിരുന്നു …

പഴയൊരു അംബാസിഡർ കാറിൽ നിന്നിറങ്ങിയ വെളുത്തു നിതംബം മറയ്ക്കുമാറ് മുടി കവിഞ്ഞ സുന്ദരിയായ ആ സ്ത്രീയെ തെച്ചിമരത്തിന്റെ മറവിൽ നിന്ന് ഞങ്ങൾ നോക്കിക്കൊണ്ടേയിരുന്നു ……!!

അതിനു പുറകിലിറങ്ങിയ പൊക്കമുള്ള മനുഷ്യനെയും ……!!

അദ്ദേഹത്തെ പിടിച്ചിറക്കുകകയാണ് ചെയ്യുന്നത് …..

കൈക്കെന്തോ സ്വാധീനക്കുറവ് പോലെ …..!!

“ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ പണ്ടേക്കു പണ്ടേ സുധീരനെ ചുട്ടുകരിച്ചേനെ അദ്ദേഹം …!!”

പിറുപിറുത്തുകൊണ്ട് മുത്തശ്ശി കണ്ണിൽ വെള്ളം വാർക്കുന്നുണ്ടായിരുന്നു …

സ്വാതിയേച്ചി മുത്തശ്ശിയേയും വിളിച്ചുകൊണ്ട് അവിടെ നിന്ന് പോയപ്പോഴും താനവിടെ തന്നെ നിന്നതെന്തിനായിരുന്നു …..!!

ജാനകിയപ്പച്ചിയുടെ നോട്ടത്തിന് വേണ്ടിയോ …!!!

ഇതുവരെ കണ്ടിട്ടില്ലാത്ത അവരെയൊന്നു കാണാൻ വേണ്ടിയോ …..!!!

അല്ലായിരുന്നു ….

ഒരു പേര് …..!!

അതാണ് തന്നെ അവിടെ പിടിച്ചുനിർത്തിയത് …

കാറിനകത്തേക്ക് നോക്കി ജാനകിയപ്പ വാത്സല്യത്തോടെ വിളിച്ച പേര് …..

“സിദ്ധു …..!!”

തെച്ചിപ്പൂക്കളുടെ മറവിൽ മുഖം വ്യക്തമാകഞ്ഞിട്ടുകൂടി ആഴത്തിൽ പതിഞ്ഞ രണ്ടു മിഴികളുടെ തീക്ഷ്ണത…..

അതാണ് തന്നെയവിടെ നിലയുറപ്പിച്ചു നിർത്തിയത് …..

ചുമലിലാരോ കൈവച്ചപ്പോൾ കണ്ടു ……അമ്മ തന്നെത്തന്നെ നോക്കി നിൽക്കുന്നത് …!!!

“അതാണ് മോളുടെ ജാനകിയപ്പച്ചി ..!!

അമ്മയുടെ ഏട്ടത്തി …!!”

“അതാരാ അമ്മേ ….??”

കാറിൽ നിന്നിറങ്ങിയ പയ്യനെ ചൂണ്ടി താൻ ചോദിച്ചു …..

“അത് ……അപ്പച്ചിയുടെ മകനാണ് ചാരു …

കൂടുതലായൊന്നുമറിയില്ലല്ലോ അമ്മക്ക് …

അകത്തേക്ക് വാ ….

ഇവിടെ നിൽക്കുന്നത് അച്ഛൻ കണ്ടാൽ ഇനി അതുമതി ….!!”

അകത്തളത്തിലേക്ക് നടക്കുമ്പോൾ ദേഷ്യവും അരിശവും കൊണ്ട് മുത്തശ്ശിയോട് കയർക്കുന്ന മുത്തശ്ശനെ കണ്ടു …

“എന്ത് ധൈര്യത്തിലാണ് അവളിവിടേക്ക് തന്നെ കയറിവന്നത് …??

ഒരു കയ്യെടുത്തിട്ടും അതുങ്ങളുടെ അഹങ്കാരം തീർന്നില്ല അല്ലേ …..??

നീ …..നീയാണ് ഒക്കേത്തിനും കാരണം …..!!”

തല കുമ്പിട്ടിരിക്കുന്ന മൂത്ത വല്യച്ഛനേ നോക്കി മുത്തശ്ശൻ അലറി …

“ആളും തരവും നോക്കാതെ കണ്ട എഭ്യന്മാരെയൊക്കെ വീട്ടിൽ വിളിച്ചു സൽക്കരിച്ചു പെങ്ങൾക്ക് ഗർഭമുണ്ടാക്കിക്കൊടുത്ത മഹാൻ …!!

പതിനെട്ട് കൊല്ലങ്ങൾക്ക് മുൻപ് പടിയിറക്കി വിട്ടതാണ് ഞാൻ അവളെ……

ഈ തറവാട്ടിൽ നിന്ന് ….!!

അകപ്പുരകളും ..പിന്നാമ്പുറങ്ങളും എന്നുവേണ്ട ഈ തറവാട്ടിലെ ഓരോ മനുഷ്യരുടെ മനസ്സിൽ നിന്നു പോലും അവളെന്നെ അഴുക്കിനെ തുടച്ചു വൃത്തിയാക്കാൻ എനിക്ക് കാലങ്ങൾ വേണ്ടി വന്നു ……!!

അല്ലേ ഭാരതി ….??”

കത്തുന്ന കണ്ണുകളോടെ മുത്തശ്ശൻ മുത്തശ്ശിയെ നോക്കുമ്പോൾ ആ നോട്ടം നേരിടാനാകാതെ അവർ തല കുനിക്കുന്നുണ്ടായിരുന്നു …

വിറയ്ക്കുന്ന ചുണ്ടുകളോട കയ്യിലെ വടി ചൂണ്ടിപ്പിടിച്ചുകൊണ്ട് ഓരോരുത്തരോടായി അദ്ദേഹം ആക്രോശിച്ചു …..

“ഈ വീട്ടിൽ നിന്ന് ഒരൊറ്റ മനുഷ്യക്കുഞ്ഞു പോലും അവളെ കാണാനോ പഴയ ബന്ധം പുലർത്താനോ പോയെന്ന് ഞാനറിഞ്ഞാൽ അവളുടെ ഗതി തന്നെയായിരിക്കും അവർക്കും ……!!”

തറവാട്ടിലിരുന്നു ഒരു സ്വസ്ഥതയും കിട്ടാതായപ്പോഴാണ് സ്വതിയേച്ചിയെയും കൂട്ടി വയൽക്കരയ്ക്കപ്പുറമുള്ള തോടിനടുത്തേക്ക് പോകാന്നു കരുതിയത് …..

എത്ര വിളിച്ചിട്ടും അവൾ വരാൻ കൂട്ടാക്കിയില്ല …

ചില ദിവസങ്ങളിൽ അവൾ അങ്ങനെയായിരുന്നു ….

എത്ര നിർബന്ധിച്ചാലും കൂടെ കളിയ്ക്കാൻ വരില്ല …

പുഴയിൽ കുളിക്കാൻ വരില്ല ….

ഇടയ്ക്കുള്ള കുറച്ചുദിവസങ്ങളിൽ താൻ എഴുന്നേൽക്കുന്നതിനു മുൻപേ കുളിമുറിയിൽ നിന്ന് ഇറങ്ങിവരുന്നത് കാണാം …..

ആ ദിവസങ്ങളിൽ നാമം ജപിക്കാൻ താനും മുത്തശ്ശിയും മാത്രമേ കാണുള്ളൂ ..

പിന്നീടവളെ നിർബന്ധിക്കാൻ പോയില്ല ……

വയൽക്കരയിലേക്ക് നടക്കുമ്പോഴേ കണ്ടു തോടിലെ വെള്ളത്തിലേക്ക് കാലിട്ടടിച്ചുകൊണ്ട് ആരോ ഇരിക്കുന്നത് …..

ഷർട്ടും മുണ്ടുമായിരുന്നു വേഷം ….!!

അകലെ നിന്ന് കണ്ടപ്പോഴേ വലിയ ആളായി തോന്നിച്ചെങ്കിലും അടുത്തുവന്നപ്പോഴാണ് എപ്പോഴോ കണ്ടിട്ടുള്ള ഒരാളായി തോന്നിയത് …

മുഖം കാണാൻ കഴിയുന്നില്ല ……

പിന്തിരിഞ്ഞിരിക്കയാണ് …!!

എന്നാലും തന്റെയും സ്വാതിയേച്ചിയുടെയും സ്ഥിരം സ്വൈര്യവിഹാരമായിരുന്നു ഇവിടെ…..

തറവാട്ടിലെ കുട്ടികളായതുകൊണ്ട് തന്നെ തങ്ങൾ വരുമ്പോഴേ വയലിനിപ്പുറമുള്ള ചെറുമൻറെ മക്കളെല്ലാം കുളിയും അലക്കലും ഒക്കെ നിർത്തി എഴുന്നേറ്റുപോകുമായിരുന്നു …..!

വെള്ളം തെളിയുന്നതുവരെ നോക്കി നിന്ന് പിന്നെ സ്വതിയേച്ചിയും താനും കൂടി നതയ്ക്കക്കു വേണ്ടി തോടിലേക്കിറങ്ങും ….

അതാണ് ഉദ്ദേശം ….

ഇവിടെയിപ്പോൾ തങ്ങളുടെ സ്ഥാനം ആരോ കയ്യേറിയതോർത്ത് വിഷമവും അതിലേറെ ദേഷ്യവും തോന്നിപ്പോയി …!!

“ഏയ് ….എഴുന്നേൽക്ക് ….”

തിരിഞ്ഞു ഇരുന്ന് കടവിലെ വെള്ളാരംകല്ലുകൾ പെറുക്കി ഒഴുക്കിലേക്കെറിയുന്ന പയ്യനോടായി താൻ പറഞ്ഞു …

കേൾക്കാത്ത ഭാവത്തിൽ ഇരിക്കയാണ് …

“തന്നോടാ പറഞ്ഞത് എഴുന്നേൽക്കാൻ ….!!”

അയാൾ തിരിഞ്ഞു ……

അല്പം മുൻപ് കണ്ട മിഴികൾ…..!!

അതെ തീക്ഷ്ണത സ്വന്തം ദൃഷ്ടിയിൽ ഇത്ര അടുത്തുപതിഞ്ഞപ്പോൾ നോട്ടം തന്നെ താഴ്ന്നുപോയി ……..!!

“ഇല്ലെങ്കിൽ ….??”

പതിഞ്ഞ സ്വരത്തിലുള്ള മറുചോദ്യം കേട്ട് താൻ മിഴിച്ചുനിന്നുപോയി …..

“കുട്ടിക്ക് ചെവി കേൾക്കില്ലേ …??

ഇല്ലെങ്കിൽ ഇയാളെന്തുചെയ്യുമെന്ന് ….??”

“ഞാൻ…… ഞാൻ മുത്തശ്ശനോട് പറഞ്ഞുകൊടുക്കും ……

ഇത് ഞാൻ സ്ഥിരം വന്നിരിക്കുന്ന ഇടമാ …!!”

“ഓഹോ ….അതിന് …??”

വേറെയാർക്കും അവിടെയിരിക്കണ്ടേ …??”

“ഞാൻ ….ഞാൻ… ഇല്ലത്തുള്ളതാ …”

വിക്കി വിക്കി വീണ്ടും പറയാനാരംഭിച്ചു …

“ഞാനും ഇല്ലത്തുള്ളതാന്നു കൂട്ടിക്കോളൂ …!!”

മേൽചുണ്ടിനു മേൽ അങ്ങിങ്ങായി കറുപ്പടിച്ച പൊടിമീശയിൽ വിരൽ വളച്ചുകൊണ്ട് അയാൾ എഴുന്നേറ്റു തനിക്കഭിമുഖമായി നിന്നപ്പോൾ എന്തിനെന്നറിയാതെ താനും മൗനം പൂണ്ടു …

“നീയാരാണ് …..??

സ്വാതി ലക്ഷ്മിയോ……?? അതോ ചാരുലതയോ …??”

“ചാരുലത …”

വാക്കുകൾ ഓരോ അക്ഷരങ്ങളായി പുറത്തേക്ക് വന്നു ….

“ഓഹോ അപ്പോൾ ഇളയ പുത്രി …!!

നീ ഏതു സ്കൂളിലാണ് …..??”

മുഖം വീർപ്പിച്ചു നിൽക്കുന്ന തന്നെക്കണ്ട് അയാൾ ഒന്നുകൂടി പൊടിമീശ പിരിച്ചു …

“മിണ്ടിയാലെന്താ നിന്റെ നാവിൽ നിന്ന് മുത്ത് കൊഴിയോ …??

ചോദിച്ചതിന് മറുപടി പറയടി …!!”

“വേ ……വേദ വിലാസ …യൂ ..പി …സ്കൂൾ …!!”

“അങ്ങനെ വഴിക്കു വാ …!!

ഇപ്പോൾ എത്രാം ക്ലാസ്സിലായി …??”

“ആറില് …”

“ഉം …!!”

“നീയോ …??”

“നീയെന്നോ ….??

ചേട്ടനെന്നു വിളിക്കെടീ …”

“പിന്നെ ഒരു ചേട്ടൻ …..”

താൻ പിറുപിറുത്തതും അയാൾ കേൾക്കുന്നുണ്ടായിരുന്നു …

“നീ വല്ലതും പറഞ്ഞോ …??”

“ഇല്ല …!!”

“ആഹ്… ഞാൻപ്രീഡിഗ്രിക്ക്…..

നിന്റെ അതേ സ്കൂളിലാണ് ഇനി മുതൽ ….

ഇനിയും കാണേണ്ടി വരും ….

കേട്ടോടീ പൊടിഡപ്പി …!!”

അയാളൊന്നുകൂടി കൈവിരൽ ചുണ്ടുകൾക്ക് മേലമർത്തി …

ഇത്തവണ ദേഷ്യമടക്കാനായില്ല …!!

പൊടിഡപ്പി പോലും …

പൊക്കമില്ലായ്മയെണെന്റെ പൊക്കമെന്ന് ഘോരഘോരം പ്രസംഗിക്കുന്ന തന്നെനോക്കിയാണ് അവൻ പൊടി ഡപ്പീന്ന് വിളിച്ചത് ….

പതിനൊന്നുവയസുകാരിയുടെ അഭിമാനം കുതിച്ചുയർന്ന് താനവനെ തോട്ടിലേക്ക് തള്ളിയിട്ട് വിളിച്ചുകൂവി …

“നീ പോടാ പൊടിമീശേ ….!!

നിന്റെ അച്ഛന്റെ കൈ എന്റെ മുത്തശ്ശനെ കൊണ്ട് ഇനിയും ഞാൻ വെട്ടിക്കും നോക്കിക്കോ …!!”

പെട്ടെന്നൊരു ആവേശത്തിന് കയറി പറഞ്ഞതാണ് …

അകത്തുനിന്ന് കേട്ട വഴക്കുകളിൽ നിന്നറിഞ്ഞ ഒരു വിവരം …!!

ആ പൊടിമീശയെ ഒന്ന് ദേഷ്യം പിടിപ്പിക്കണമെന്നേ വിചാരിച്ചിരുന്നുള്ളൂ …….

പക്ഷെ പെട്ടെന്നയാളുടെ മുഖം മാറിമറിഞ്ഞു …

കുസൃതിയും ഗൗരവവും മുഖത്ത് നിന്നും മാഞ്ഞു…!!

പകരം വിഷാദം നിറഞ്ഞു…

തോട്ടുവക്കിലെ കരിങ്കൽപാളികളിൽ കായ്യമർത്തിപ്പിടിച്ച് മുകളിലേക്ക് കയറി അയാൾ തന്നെ തൊട്ടുതൊട്ടില്ലെന്ന ഭാവത്തിൽ നിന്നു …

“നിന്റെ മുത്തശ്ശനോട് ചെന്ന് പറഞ്ഞേക്ക്

അയാൾ എന്റെ അച്ഛനെ ഉപദ്രവിക്കാൻ ആളെ അയച്ചപ്പോൾ കണ്ട രണ്ടു വയസ്സുകാരൻ സിദ്ധാർഥ്അല്ല ഞാനെന്ന് …..!!

ഒരിക്കൽക്കൂടി ഉപദ്രവിക്കാൻ ശ്രമിച്ചാൽ തിരിച്ചു പ്രതികരിക്കാൻ മാത്രം എനിക്ക് കാര്യശേഷി വന്നിട്ടുണ്ടെന്നും…..

മാറിനിൽക്കെടീ …..!!”

തന്നെ തള്ളിമറിച്ചിട്ടുകൊണ്ട് കൊണ്ട് പോയ സിദ്ധാർത്ഥിന്റെ രൂപം പിന്നെയും ഓർത്തുകൊണ്ടേയിരുന്നു ചാരു …….!!!

തുടരും….

മൂന്ന് കാലഘട്ടത്തിലൂടെയാണ് ഈ കഥ പോകുന്നത് അതുമനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് തന്നെ വായിക്കുമല്ലോ …