സങ്കടം കൊണ്ട് ചുമന്നു കലങ്ങിയ കണ്ണുകളിൽ ഓമനിച്ച് ലാളിച്ചു വളർത്തി വലുതാക്കിയ മോളുടെ മരണം ഉണ്ടാക്കിയ…

താജ്മഹൽ

Story written by Navas Amandoor

====================

“കാമുകൻ പ്രണയത്തിൽ നിന്നും പിന്മാറിയതിൽ മനം നൊന്ത് പെൺകുട്ടി ആ ത്മഹത്യ ചെയ്തു.’

റിയ മോളുടെ മയ്യിത്ത് ആംബുലൻസിൽ കയറ്റുമ്പോൾ അവളുടെ വാപ്പയും അനിയൻ റിയാസും സ്റ്റെക്ച്ചറിൽ പിടിച്ചിരുന്നു. ഒരു കൈ കൊണ്ട് കണ്ണീര് തുടച്ചു കൊണ്ടാണ് മോളുടെ വെള്ളത്തുണിയിൽ പൊതിഞ്ഞ ശരീരം പൊക്കി വണ്ടിയിലേക്ക് കയറ്റിയത്.

ആ സമയത്തിനുള്ളിൽ റിയയുടെ മരണവാർത്ത എല്ലായിടത്തും എത്തിയിരുന്നു.കാമുകൻ പ്രണയത്തിൽ നിന്നും പിന്മാറിയതിൽ മനം നൊന്ത് ആ ത്മഹത്യ ചെയ്തത് അറിഞ്ഞു കുറച്ചു ആളുകൾ മോർച്ചറിയുടെ ഭാഗത്തു വന്നു നിന്നു. അതിൽ ഏതാനും മാധ്യമ പ്രവർത്തകരും ഉണ്ട്. അവർക്കിത് മനോഹരമായ അവസരമാണ്.

ചുറ്റും കൂടിയവരെ ശ്രദ്ധിക്കാതെ വാപ്പ മയ്യിത്ത് ആംബുലൻസിൽ കയറ്റി വഴി പറഞ്ഞു കൊടുക്കാൻ ഡ്രവറുടെ അടുത്തോട്ട് ചെന്നു.

സങ്കടം കൊണ്ട് ചുമന്നു കലങ്ങിയ കണ്ണുകളിൽ ഓമനിച്ച് ലാളിച്ചു വളർത്തി വലുതാക്കിയ മോളുടെ മരണം ഉണ്ടാക്കിയ വേദന പെയ്യാതെ കെട്ടി നിൽക്കുന്നുണ്ട്.

“എനിക്ക് അറിയാം… നിങ്ങളുടെ വീട്ടിലേക്കുള്ള വഴി.”

“ന്റെ മോളെയും കൊണ്ട് പോകുന്നത് എന്റെ വീട്ടിലേക്ക് അല്ല. അവന്റെ വീട്ടിലേക്ക്. എന്റെ മോൾക്കുള്ള ഖബർ വെട്ടണ്ടേത് അവന്റെ വീടിന്റെ മുറ്റത്താവണം.”

ഒന്നും പിടികിട്ടാത്ത പോലെ നിന്ന ഡ്രൈവറെ നോക്കി വണ്ടി എടുക്കാൻ പറഞ്ഞു. ആംബുലൻസിന്റെ പിന്നാലെ രണ്ടോ മൂന്നോ കാറും ഉണ്ടായിരുന്നു. കുറച്ചു നേരത്തിനു ശേഷം വണ്ടി സൽമാന്റെ വീടിന്റെ മുൻപിൽ വന്നു നിന്നു.

ആംബുലൻസ് വന്നു നിന്നപ്പോൾ അടുത്തുള്ള ആളുകൾ ഓടി വന്നു. അവരുടെ വരവ് ആംബുലൻസിനെ കാത്തു നിന്നത് പോലെ ഉണ്ടായിരുന്നു.സൽമാന്റെ വീടിന്റെ വാതിലുകൾ തുറക്കപ്പെട്ടു. അയൽവാസി പെണ്ണുങ്ങൾ അവിടേക്ക് എത്തി. ആംബുലൻസിന്റെ പിന്നാലെ വന്ന കാറുകളും അവിടെ എത്തിയപ്പോൾ ആംബുലൻസിന്റെ വാതിലുകൾ തുറന്ന് ആദ്യം റിയ മോളുടെ വാപ്പ പുറത്തിറങ്ങി.

ഓടി കൂടിയവരും കാത്ത് നിന്നവരും ആംബുലൻസിൽ നിന്നും പരിചയമില്ലാത്ത മുഖങ്ങൾ കണ്ടപ്പോൾ പരസ്പരം മുഖത്തോട് മുഖം നോക്കി.

“ഇതിനുള്ളിൽ വെള്ളത്തുണിയിൽ വെട്ടികീ റി പൊതിഞ്ഞു കെട്ടിയ ഒരു ശരീരം ഉണ്ട്… എന്റെ മോളാ..ഇവടത്തെ ചെക്കൻ കാരണമാണ് എന്റെ മോള് പോയത്… അവനെ അത്രക്ക് ഇഷ്ടായിരുന്നു എന്റെ മോൾക്ക്…. അപ്പൊ ഞാൻ അങ്ങ് ഉറപ്പിച്ചു ഈ വീടിന്റെ മുറ്റത്തന്നെ ആവണം എന്റെ മോൾക്കുള്ള ഖബർ.”

റിയയുടെ വാപ്പ കണ്ണീര് തുടച്ചു കൊണ്ട് വട്ടം കൂടിയ ആളുകളെ നോക്കി . കൂടെ ഉണ്ടായിരുന്നവർ അവളുടെ മയ്യിത്ത് എടുത്ത് സൽമാന്റെ വീടിന്റെ സിറ്റ് ഔട്ടിൽ കിടത്തി. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയ സൽമാന്റെ വാപ്പയും ഉമ്മയും വീടിന്റെ പുറത്തിറങ്ങി.

അയാൾ പതുക്കെ നടന്ന് റിയയുടെ വാപ്പയുടെ അരികിലേക്ക് ചെന്നു കൈയിൽ പിടിച്ചു.നോവ് നീറി രോഷം കൊണ്ട് പിടയുന്ന ആ വാപ്പ ,പിടിച്ച കൈകളെ തട്ടി മാറ്റി.

“ന്റെ മോനാ അവൻ..”

“ഞാൻ ന്റെ മോളോട് പറഞ്ഞതാണ് നമുക്ക് ഇതൊന്നും വേണ്ടെന്ന്… പക്ഷെ അവൾക്ക് അവനെ മറക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചു കൊടുത്തതാണ് ഞാൻ… എന്നിട്ടാ അവൻ കാരണം ന്റെ മോള് ….”

“എന്താ പറയ്യാന്ന് അറിയില്ല… റിയ മോളെയും എന്റെ മോന് ഇഷ്ടം തന്നെയാണ്… അവൻ അവളിൽ നിന്ന് തിരിഞ്ഞു നടന്നെങ്കിൽ അതിനൊരു കാരണം ഉണ്ട്.”

“എന്ത് കാരണം.. ന്റെ മോളെ ഇല്ലാതാക്കാൻ എന്താ കാരണം.”

“അവന്റെ ഇത്താത്തയുടെ കഴുത്തിലെ താലി പോകാതിരിക്കാൻ.. കൊടുക്കാമെന്നു പറഞ്ഞു ക്യാഷ് എന്നെ കൊണ്ട് കൊടുക്കാൻ കഴിയാതായപ്പോൾ ഞാൻ തന്നെയാ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി വയ്യാത്ത ഒരു പെണ്ണിനെ നല്ലൊരു ക്യാഷ് സ്ത്രീധനം വാങ്ങി അവനോട് കെട്ടാൻ പറഞ്ഞത്.റിയക്ക് വേണ്ടി കുറേ എതിർത്തെങ്കിലും അവസാനം ന്റെ മോൻ സമ്മതിച്ചു… അതിപ്പോ ഇങ്ങനെ ആവുമെന്ന് വിചാരിച്ചില്ല. “

ആ സമയം പുറത്ത് കിടത്തിയ റിയ മോളുടെ മുഖം രണ്ട് കൈക്കുള്ളിൽ ആക്കി സൽമാന്റെ ഉമ്മ പൊട്ടിക്കരഞ്ഞു.

“ന്റെ മോളെ… നിന്നെ ജീവനായിരുന്നു ഓന്.. ഞാൻ പറഞ്ഞു സമ്മതിപ്പിച്ചേനെ… എല്ലാം… എന്തിനാ ന്റെ മോൾ ഇങ്ങനെ ചെയ്തത്.”

കണ്ട് നിന്നവരുടെയും കണ്ണുകൾ നിറഞ്ഞു. ആരും ഒന്നും മിണ്ടുന്നില്ല. ആർക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ.അവരുടെയൊക്കെ കണ്ണ് നിറയുന്നുണ്ട്.അവരുടെ കണ്ണുകൾ കുറച്ചു മുൻപേ അറിഞ്ഞ സൽമാന്റെ മരണവർത്തയിൽ പകച്ചു നിൽക്കുമ്പോൾ ആണ് റിയയുടെ മയ്യിത്ത് അവിടെ എത്തിയത്.റിയയുടെ വാപ്പയെ സൽമാന്റെ വാപ്പ കൈ പിടിച്ചു കുറച്ചു ദൂരേക്ക് മാറ്റി കൊണ്ടുപോയി.

“അതേയ്..ആരും ഒന്നും അറിഞ്ഞിട്ടില്ല. ഓന്റെ ഉമ്മ ഇപ്പൊ ഇതറിഞ്ഞാൽ ഹൃദയം പൊട്ടി മരിക്കും… അതുകൊണ്ടാണ് പറയാതിരുന്നത്… ഇപ്പൊ കൊണ്ട് വരും ന്റെ മോനെയും… മോളെ ഇങ്ങോട്ടു കൊണ്ട് വന്നത് നന്നായി…കുറച്ചു നേരം രണ്ട് പേരെയും ഒരുമിച്ച് കിടത്താലോ…”

അത് വരെ പിടിച്ചു നിന്ന സൽമാന്റെ വാപ്പ അയാളെ കെട്ടിപിടിച്ചു കരഞ്ഞു. ആരെ ആര് സമാധാനപ്പെടുത്തും. രണ്ട് മരണങ്ങൾ. റിയ ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് സൽമാൻ കരുതിയില്ല. അവൻ നഷ്ടപ്പെടുമെന്ന് തോന്നിയപ്പോൾ അവൾ അവളുടെ ജീവനെ പറത്തി കളഞ്ഞു. അതറിഞ്ഞപ്പോൾ മനഃപൂർവ്വമാണ് വണ്ടി ബസിന്റെ മുൻപിലേക്ക് അവൻ ഓടിച്ചു കയറ്റിയത്.

പെട്ടെന്ന് കാറ്റ് വീശാൻ തുടങ്ങി. ആകാശത്ത് കാർമേഘങ്ങൾ നിറഞ്ഞു. ആദ്യം ഒരു മിന്നൽ പിണർ.. പിന്നാലെ കാതടപ്പിക്കുന്ന ഇടി ശബ്ദം. ഒരു തുള്ളിയിൽ നിന്നും പല തുള്ളിയായി മഴ പെയ്യാൻ തുടങ്ങി.

കാലം തെറ്റി പെയ്ത മഴയിൽ വേറെയൊരു ആംബുലൻസ് കൂടി ആ മുറ്റത്തെത്തി.അതിൽ നിന്നും സൽമാന്റെ ശരീരം സ്റ്റെക്ച്ചറിൽ എടുത്തു റിയയുടെ അരികിൽ കൊണ്ടു വന്നു കിടത്തി.

കണ്ടുനിന്ന കണ്ണുകളും പ്രകൃതിയും കരയുന്നു.വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയ റിയയുടെയും സൽമാന്റെയും റൂഹുകൾ ആ മഴ നനയുന്നുണ്ടാകും.പരാതി പറയുന്നുണ്ടാകും.. പരിഭവത്തോടെ അവൾ അവനെ ശാസിക്കുന്നുണ്ടാവും .നഷ്ടങ്ങളെ ഓർത്ത് കെട്ടിപിടിച്ചു കരയുന്നുണ്ടാവും.

ഒന്നും പറയാതെ കണ്ടുനിന്ന കണ്ണുകളിൽ മഴയ്ക്കൊപ്പം കണ്ണുനീര് ഒഴുകുന്ന കാഴ്ച. ഒരുമിക്കാൻ കഴിയാതെ ജീവിതം സ്വയം അവസാനിപ്പിച്ച രണ്ട് മയ്യിത്തിന്റെയും മുഖത്ത് അടർന്നു വീണ മഴ തുള്ളികൾ.

ആ മഴയത്തും പള്ളിക്കാട്ടിൽ അവർക്കായി അടുത്തടുത്തായി രണ്ടു ഖബർ ഒരുക്കി. ഖബറിന്റെ അറ്റങ്ങളിൽ കുത്തി വെക്കാൻ വെട്ടി വെച്ച മൈലാഞ്ചി ചെടികളെ മഴത്തുള്ളികൾ മുത്തമിട്ടുകൊണ്ടിരുന്നു….

✍️ നവാസ് ആമണ്ടൂർ.