ഇതിപ്പോ നിങ്ങൾക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ബന്ധം ആണ്. വലിയ സ്ത്രീധനം കൊടുത്തു കെട്ടിക്കാൻ വേറെ…

എഴുത്ത്: മഹാ ദേവൻ

=================

“പൊന്ന് കൊതിച്ചു പെണ്ണിനെ കെട്ടാൻ ഈ വഴി ആരും വരണ്ട ” എന്ന് ബ്രോക്കറുടെ മുഖത്തു നോക്കി പറയുമ്പോൾ അച്ഛന്റെ മുഖം വിഷമത്തോടെ താഴുന്നത് ഞാൻ കണ്ടു. ബ്രോക്കറാണെൽ ഇവളെന്തൊരു അഹങ്കാരിയാ എന്ന മട്ടിൽ നോക്കുന്നുണ്ടായിരുന്നു.

“അതിപ്പോ മോളെ.. സ്ത്രീധനം ആയിട്ടല്ല.. ന്നാലും ഇച്ചിരി പൊന്നൊക്കെ വേണ്ടേ ഒരു കല്യാണം ആകുമ്പോൾ. കേറിചെല്ലുന്ന വീട്ടിൽ നമുക്കൊരു വില ഉണ്ടാവണേൽ ഇതൊക്കെ ആവശ്യം ആണ്. “

ബ്രോക്കർ സൗമ്യതയോടെ ആണ് പറഞ്ഞ് തുടങ്ങിയത്. ഈ കല്യാണം നടന്നാൽ അയാൾക്ക് കിട്ടാവുന്ന കമ്മീഷൻ എങ്ങനെ എങ്കിലും വാങ്ങിയെടുക്കുക എന്ന ലക്ഷ്യത്തോടെ അയാൾ പറയുമ്പോൾ എന്റെ ചുണ്ടിൽ പുഞ്ചിരി ആയിരുന്നു.

“എന്റെ ചേട്ടാ…പൊന്നിട്ട് കേറിചെന്നാൽ കിട്ടുന്ന ആ വിലയ്ക്ക് അതികം ആയുസ്സ് ഒന്നും ഉണ്ടാവില്ലല്ലോ. പൊന്നിന്റെ മാറ്റ് കുറയുന്ന പോലെ കുറയുന്ന ഒരു ആർട്ടിഫിഷ്യൽ സ്നേഹം… അങ്ങനെ ഇല്ലാത്ത കാശ് ഉണ്ടാക്കി ന്റെ അച്ഛന്റ സന്തോഷം കളഞ്ഞു അവരെ സന്തോഷിപ്പിച്ചു ഇച്ചിരി സ്നേഹം ഞാൻ എന്തിന് വാങ്ങണം. പൊന്നും പണവും കൊടുത്ത് വാങ്ങുന്ന സ്നേഹത്തേക്കാൾ എത്രയോ വലുതല്ലേ പൊന്നുപോലെ വളർത്തിയ ന്റെ അച്ഛന്റ സ്നേഹം. അതിനാരും വിലയിടത്തും ഇല്ല. അതുകൊണ്ട് ചേട്ടൻ ചെല്ല്… “

അത് കൂടെ കേട്ടപ്പോൾ ബ്രോക്കറുടെ മുഖം ഒന്നിരിണ്ടു. അയാൾ എന്റെ വാക്കുകളെ അവഗണിക്കുംപ്പോലെ പുച്ഛത്തോടെ മുഖം തിരിച് അച്ഛനെ നോക്കി.

“ഇതിപ്പോ കാർന്നോരായ നിങ്ങളുള്ളപ്പോൾ മോളിങ്ങനെ ഒക്കെ പറഞ്ഞാൽ എങ്ങനാ സത്യേട്ടാ ഈ കൊച്ചിനൊരു കല്യാണം ണ്ടാവാ.. കാലം മാറുന്നതിനനുസരിച്ചു കോലം കൂടെ മാറണ്ടേ. ഇതിപ്പോ നിങ്ങൾക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ബന്ധം ആണ്. വലിയ സ്ത്രീധനം കൊടുത്തു കെട്ടിക്കാൻ വേറെ പെണ്ണിനെ കിട്ടാഞ്ഞിട്ടല്ല, അന്നവര് വന്നപ്പോൾ ഈ കുട്ട്യേ ആ പയ്യന് ഇഷ്ടം ആയി. അല്ലാതെ….. മോൾടെ ഭാവി സുരക്ഷിതം ആവാനാണ് ഞാനീ പറയുന്നേ.. കുട്ടികൾ പലതും പറയും….”

ബ്രോക്കറുടെ പറച്ചിൽ കേട്ട് മുഖം ഉയർത്തിയ അച്ഛൻ എന്നെ നിസ്സഹായതയോടെ നോക്കുമ്പോൾ എന്റെ ഉള്ളൊന്ന് വിറച്ചു.

” ചേട്ടൻ എണീറ്റെ… “

ബ്രോക്കർക്ക് നേരെ തിരിഞ്ഞ എന്റെ പെട്ടന്നുള്ള വാക്ക് കേട്ട് അയാൾ സ്‌തംപ്പിച്ചു ഇരിക്കുമ്പോൾ ഞാൻ ഒന്നുടെ പറഞ്ഞു,

“ചേട്ടൻ എണീറ്റെ.. എന്നിട്ട് ചെല്ല്. അങ്ങനെ വാരിക്കോരി കെട്ടിക്കാൻ പെണ്ണുള്ള വീട്ടിൽ പോയി അയാൾക്ക് കെട്ടിച്ചു കൊടുത്തോ. ഇല്ലാത്ത കാശുണ്ടാക്കി ഇവിടെ നിന്ന് പെണ്ണായ ഞാൻ അങ്ങോട്ട് വരാൻ ഉദ്ദേശിക്കുന്നില്ല. ഒരു ജോലി ആയി സ്വന്തം കാലിൽ നിന്നിട്ട് എനിക്ക് ഒക്കെ എന്ന് തോന്നുന്ന ഒരുത്തനെ കണ്ടാൽ അന്ന് ആലോചിച്ചോളാം ഇനി ഒരു വിവാഹത്തെ കുറിച്ച്. കേട്ടല്ലോ… പിന്നെ എന്റെ ഭാവി സുരക്ഷിതമാക്കാൻ ചേട്ടനിങ്ങനെ ധൃതി പിടിക്കേണ്ട…അങ്ങനെ സുരക്ഷിതമാക്കാൻ പൊന്നിട്ട് കെട്ടിച്ച പലരും കരഞ്ഞുകൊണ്ട് ജീവിതം അവസാനിപ്പിച്ച നാടാണ് ഇത്. അതുകൊണ്ട് അങ്ങനെ ഒരു സുരക്ഷിതത്വം സ്വപ്നം കാണുന്നതിനേക്കാൾ നല്ലത് ഇവിടെ കിട്ടുന്ന സുരക്ഷിതത്വത്തിൽ സന്തോഷത്തോടെ ജീവിക്കുന്നതല്ലേ …

കാരണം… അവിടെ അങ്ങനെ ഒരു സുരക്ഷിതത്വം പ്രതീക്ഷ മാത്രം ആണ്…ഇവിടെ ഉള്ളത് യാഥാർഥ്യവും….”

ആ വാക്കുകൾക്ക് മുന്നിൽ ഉത്തരം കിട്ടാതെ ബ്രോക്കർ എഴുനേൽക്കുമ്പോൾ ഞാൻ അച്ഛനരികിൽ ചേർന്നിരുന്ന് ആ തോളിലേക്ക് ചാഞ്ഞിരുന്നു… നഷ്ടപ്പെടാത്ത സുരക്ഷിതത്വത്തിൽ സ്നേഹത്തോടെ ലയിച്ചുകൊണ്ട്…..!!

✍️ദേവൻ