ഒരു തവണ സൂസൻ വളരെ വേഗത്തിൽ പടിക്കെട്ടുകൾ ഇറങ്ങി വരുമ്പോൾ രജനീഷ് അവളുടെ കൈകളിൽ പിടിച്ചു നിർത്തി…

കവിയുടെ സൗഹൃദം…

Story written by Nisha Pillai

===============

വഴി പിഴ ച്ച മകൻ വിൻസെൻ്റ്, അയാളുടെ ഭാര്യ ഡെസ്റ്റിമോണ, അകാലത്തിൽ ജീവനൊടുക്കിയപ്പോൾ, അന്നമ്മച്ചി തളർന്നു പോയി.

മരിച്ചവളുടെ കൗമാരക്കാരായ ഇരട്ടക്കുട്ടികൾ, ഒരാണും ഒരു പെണ്ണും, ഡേവിഡും ക്ലാരയും. അമ്മയുടെ മരണത്തോടെ ദുഖക്കടലിലാണ്ടുപോയ കുഞ്ഞുങ്ങളെ കൂട്ടി കൊണ്ട് പോകാൻ അവരുടെ അമ്മ വീട്ടുകാർ വന്നിട്ടും കൊടുത്തില്ല അന്നമ്മച്ചി.

കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് അനാഥാലയത്തിൽ നിന്നും അന്നമ്മച്ചി കണ്ടെത്തിയതാണ് സൂസനെ. സൂസൻ, മൂന്നാം വയസ്സിൽ അനാഥയായവളാണ്, മഠത്തിലെ നാൻസി സിസ്റ്റർ ആണവളെ എടുത്ത് വളർത്തി സംരക്ഷിച്ചത്. ഈ വിവാഹത്തെ നാൻസി സിസ്റ്റർ എതിർത്തു. അന്നമ്മച്ചിയുടെ ബന്ധുവായ മദറിന്റെ നിർബന്ധം കാരണമാണ് സൂസന് പഠനം നിർത്തേണ്ടി വന്നതും വിൻസെൻ്റിൻ്റെ രണ്ടാം ഭാര്യ ആകേണ്ടി വന്നതും.

കൽക്കട്ടയിൽ ജോലി ചെയ്യുന്ന വിൻസൻ്റിനെക്കുറിച്ച് ആർക്കും നല്ല അഭിപ്രായമില്ല. അയാളുടെ പീ* ഡനം സഹിയ്ക്കാൻ കഴിയാതെയാണ് ആദ്യഭാര്യയായ ഡെസ്റ്റിമോണ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊ* ളുത്തിയത്.

അതൊരു രാത്രിയായിരുന്നു, അതേ കിടപ്പ് മുറിയിലാണ് മൂന്ന് വർഷമായി സൂസൻ കിടക്കുന്നത്. അവിടെയവൾ ഉറങ്ങാറില്ല, ബോധം കെട്ടുറങ്ങുന്ന ഭർത്താവിനെ ഉപേക്ഷിച്ച് അവൾ ബാൽക്കണിയിൽ വന്നിരിയ്ക്കും. പിന്നെ ഉറക്കം വരുമ്പോൾ അടുക്കളയിൽ പോയി കിടക്കും.

ഒരു രാത്രി ബാൽക്കണിയിൽ വച്ച് മ ദ്യപിച്ചിട്ടു വന്ന വിൻസെന്റ് സൂസന്നയെ മുടിയിൽ കുത്തിപ്പിടിച്ചു വലിച്ചിഴക്കുമ്പോഴാണ് എതിർവശത്തെ ഫ്ലാറ്റിന്റെ ബാൽക്കണിയിലിരുന്നു ഒരാൾ എഴുതുന്നത് അവൾ കാണുന്നത്. അവളെ തള്ളി മാറ്റി വിൻസെന്റ് അകത്തേയ്ക്ക് നടക്കുമ്പോൾ അവളുടെ കണ്ണുകൾ അയാളുടെ കണ്ണുകളുമായി ഇടഞ്ഞു. അവളുടെ ഉള്ളിലെ വേദന, മനസ്സിലൂടെ കടന്നു പോയ ഭാവങ്ങൾ ആ നിമിഷം അയാളുടെ മുഖത്തും പ്രതിഫലിച്ചു കണ്ടു. നിന്ന നിൽപ്പിൽ അവളുരുകിയൊലിച്ചു, ചെയ്യാത്ത കുറ്റത്തിന് അപമാനിതയായി അവൾ തല കുനിച്ചു നിന്നു.

വളരെ പാവപ്പെട്ട ഫാക്ടറി തൊഴിലാളികൾ താമസിക്കുന്ന, ഹൂഗ്ലി നദീ തീരത്തുള്ള ആ ഫ്ലാറ്റിൽ അമ്മയ്ക്കും മരിച്ചു പോയ സഹോദരിയുടെ മക്കൾക്കുമൊപ്പമായിരുന്നു അയാൾ താമസിച്ചിരുന്നത്. രജനീഷ്, യുവ ബംഗാളി എഴുത്തുകാരൻ, വിഷാദമാണ് അയാളുടെ കഥകളിലെ സ്ഥായിയായ വിഷയം. എതിർവശത്തുള്ള ഫ്ലാറ്റിലായിരുന്നു അയാളുടെ കുടുംബം താമസിച്ചിരുന്നത്. രണ്ടു കുടുംബങ്ങളിലും ദാരിദ്ര്യത്തിൻ്റെ കാര്യത്തിലും അമ്മ നഷ്ടപെട്ട കുട്ടികളുടെ അവസ്ഥയിലും സമാനതകൾ ഉണ്ടായിരുന്നു. അവിടെയും ഇരട്ടകുട്ടികളായിരുന്നു, പവനും പല്ലവിയും, ഒരാണും ഒരു പെണ്ണും.

സ്വന്തം മക്കളെ സംരക്ഷിക്കാത്ത വിൻസെന്റും, സഹോദരിയുടെ മക്കളെ പൊന്നുപോലെ സംരക്ഷിക്കുന്ന രജനീഷും തമ്മിൽ സ്വഭാവത്തിലും ശീലങ്ങളിലും രാപകൽ വ്യത്യാസമുണ്ടായിരുന്നു. ഒരേ സ്‌കൂളിലെ ഒരേ ക്ലാസ്സിൽ പഠിക്കുന്ന നാലു കുട്ടികൾ. അവർ കൂട്ടുകാരായിരുന്നു. രാവിലെ അവരെ സ്‌കൂൾ വാനിൽ യാത്രയാക്കാൻ സൂസനും രജനീഷും ഗേറ്റിനടുത്തേയ്ക്ക് വരും. അപ്പോൾ സൂസന്റെ മിഴികൾ അറിയാതെ രജനീഷിൽ പതിയും, അവർ പരസ്പരം ഓരോ പുഞ്ചിരി സമ്മാനിക്കും.

രാത്രിയിൽ ബാൽക്കണിയിലിരുന്നു വിൻസെന്റ് മ* ദ്യപിക്കുമ്പോൾ എതിർവശത്തെ ഫ്ലാറ്റിന്റെ ബാൽക്കണിയിലിരുന്നു രജനീഷ് തന്റെ ഭാവനയിലുള്ള വിചാര-വികാരങ്ങളെ പൊടിപ്പും തൊങ്ങലും വച്ച് മോടി പിടിപ്പിച്ചു പേപ്പറിലേയ്ക്ക് പകർത്തും. വിൻസെന്റിൻ്റെ ഫ്ലാറ്റിലേക്ക് നോക്കിയിരുന്നു രജനീഷ് തന്റെ ഭാവനയുടെ ചിറകുകൾ വിടർത്തി പറന്നു തുടങ്ങും.

രജനീഷിന്റെ അമ്മ ആശാലത അന്നമ്മച്ചിയുടെ പ്രിയ സുഹൃത്താണ്. ആശാലത പറഞ്ഞു രജനീഷിനു സൂസന്റെ അവസ്ഥ അറിയാം. പഴയ മരുമകളുടെ കഥയോടൊപ്പം പുതിയ മരുമകളുടെ യാതനകൾ കൂടി അവർ പങ്കു വച്ചിരുന്നു.

“അവനൊരു മൃ ഗ മാണ് ആശാലതേ. പാവം സൂസൻ !!! ഈ കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ്. അല്ലെങ്കിൽ ഒരു പെണ്ണിന്റെ കണ്ണീരു കൂടി വീഴാൻ ഞാൻ അനുവദിക്കില്ലായിരുന്നു. സഹിക്കാൻ വയ്യാതായാൽ ഞാനവനെ വി” ഷം കൊടുത്തു കൊ* ല്ലും. “

പിള്ളേരെ വിട്ടാൽ തുണിയലക്കി വിരിയ്ക്കാൻ അവൾ ഫ്ലാറ്റിന്റെ ടെറസിൽ പോകാറുണ്ട്. തുണി വെയിലത്ത് വിരിച്ചിട്ടിട്ട് അവൾ വാട്ടർ ടാങ്കിന്റെ തണലിത്തിരുന്നു കാറ്റു കൊള്ളും. കൽക്കത്തയിൽ അവൾക്കേറ്റവും ഇഷ്ടപെട്ട വ്യൂ പോയിന്റ് ആ ടെറസാണ്. ഹൂഗ്ലി നദിയിലെ തണുത്ത കാറ്റ് അവിടെ നിന്നാൽ ലഭിക്കും. ചില ദിവസങ്ങളിൽ രജനീഷ് കുട്ടികളുടെ യൂണിഫോം അലക്കി കൊണ്ട് ടെറസിൽ വരാറുണ്ട്.

ഒരു തവണ സൂസൻ വളരെ വേഗത്തിൽ പടിക്കെട്ടുകൾ ഇറങ്ങി വരുമ്പോൾ രജനീഷ് അവളുടെ കൈകളിൽ പിടിച്ചു നിർത്തി. ധിക്കാരമായി അവൾക്ക് തോന്നി. അയാളുടെ കൈയ്യിലിരുന്ന ബംഗാളി മാസിക അവൾക്കു നേരെ നീട്ടിയെങ്കിലും അവളതു വാങ്ങി വലിച്ചെറിഞ്ഞു. അയാളതെടുത്ത് അവളുടെ കയ്യിൽ ബലമായി പിടിപ്പിച്ചു. അയാളുടെ കണ്ണുകളിൽ കണ്ട ഭാവം ആജ്ഞയായിരുന്നുവെന്ന് അവൾക്കു തോന്നി.

ആരും കാണാതെ ബാൽക്കണിയിലിരുന്നു അവളാ മാഗസിൻ തുറന്നു നോക്കി. കഥാകൃത്തിന്റെ ഫോട്ടോയുടെ സ്ഥാനത്ത് രജനീഷിന്റെ പടമുണ്ടായിരുന്നു. അഞ്ചു പേജുകളിലായി ഒരു കഥ. അതിൽ മൂന്നു ചിത്രങ്ങൾ, ഭർത്താവു മുടിയിൽ പിടിച്ചു വലിക്കുന്നത്, സാരി ഇടുപ്പിൽ വലിച്ചു കുത്തി അലക്കിയ തുണികൾ ബക്കറ്റിലാക്കി പടിക്കെട്ടുകൾ കയറി പോകുന്നത്, സ്‌കൂൾ വാനിൽ കയറി പോകുന്ന മക്കളെ ഗേറ്റിങ്കൽ നിന്ന് യാത്രയാകുന്നത്. മൂന്ന് ചിത്രങ്ങളിലും അവളുടെ മുഖം, അവളുടെ ഭാവങ്ങൾ, അവളുടെ കഥ. അതിനാണയാൾക്കു സമ്മാനം കിട്ടിയിരിക്കുന്നത്.

വെള്ള പൈജാമയും കയ്യുള്ള വെള്ള ബനിയനുമാണ് അയാളുടെ വീട്ടിലെ വേഷം. ടെറസ്സിൽ വച്ചുള്ള അയാളുടെ ചോദ്യങ്ങൾക്കൊക്കെ അവൾ മനഃപൂർവം മൗനം പാലിക്കും. ചില ദിവസങ്ങളിൽ അയാൾ അവളുടെ അടുത്ത് വന്നിരുന്നു കാറ്റ് കൊള്ളാറുണ്ട്. അതൊരു പതിവായി. പിന്നെ പിന്നെ ഒരു ദിവസം പോലും അവർക്കു പരസ്പരം കാണാതെയിരിക്കാൻ വയ്യെന്നായി. അയാളും എല്ലാ ദിവസവും തുണികൾ നിറഞ്ഞ ബക്കറ്റുമായി ടെറസിൽ വരാൻ തുടങ്ങി. ചിലപ്പോൾ അവൾക്കു മുന്നേ തന്നെ അയാൾ ടെറസ്സിൽ കാത്തിരിക്കും.

“സൂസൻ, ഈ സ്നേഹത്തിന് ഒരു കുഴപ്പമുണ്ട്. സ്നേഹത്തിനെ കണ്ടില്ലെന്നു നടിച്ചു ഓടി പോകാൻ ശ്രമിച്ചാൽ അത് നമ്മളെ പിൻതുടർന്ന് പരാജയപ്പെടുത്തും. അത് കൊണ്ട് സ്നേഹത്തെ സധൈര്യം നേരിടുന്നതാണ് നമുക്ക് രണ്ടാൾക്കും നല്ലത്. “

അവൾ മറുപടിയൊന്നും പറയാതെ തുണികൾ കുടഞ്ഞു വിരിച്ചു കൊണ്ടേയിരുന്നു. അവൻ കാൺകെ അവളുടെ ചുവന്ന ബ്ലൗസെടുത്തു അവന്റെ വെള്ള ബനിയനോട് ചേർത്ത് വിരിച്ചു. പറന്നു പോകാതെയിരിക്കാൻ രണ്ടും ചേർത്തൊരു ക്ലിപ്പിനാൽ ബന്ധിച്ചു. എന്നിട്ടു അർത്ഥവത്തായി രജനീഷിനെ നോക്കി. അവനാകട്ടെ അവളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു കൊണ്ടിങ്ങനെ പറഞ്ഞു.

“ഒരു നോവലിസ്റ്റിനു ചേർന്ന കാമുകി തന്നെ, എല്ലാം കാവ്യാത്മകമായി അവതരിപ്പിക്കുന്നവൾ. “

അവരുടെ ഇഷ്ടം ദിനം തോറും വളർന്നു കൊണ്ടേയിരുന്നു. രാത്രിയിൽ ബാൽക്കണിയിലെ അരണ്ട വെളിച്ചത്തിലിരുന്നവൾ, എതിർവശത്തെ ബാൽക്കണിയിലിരുന്നു എഴുതുന്ന രജനീഷിന്റെ ആത്മാവിനെ പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നു. അയാളുടെ വിഷാദ ഛായയുള്ള കഥകൾക്ക് പകരം പ്രണയം കഥകളിൽ നിറഞ്ഞു. രാത്രിയിൽ അവൾ ഇരുന്നു ഉറക്കം തൂങ്ങുമ്പോൾ അയാൾ ബംഗാളി പാട്ടു പാടും. ആ പാട്ടിലൂടെ, അനുരാഗത്തോണിയിൽ അവർ അവരുടെ ലോകത്തേയ്ക്ക് ഒന്നിച്ചു സഞ്ചരിക്കും.

“ജോഡി ബോലോ നോഡി ഹോബോ, താര ഹോയെ ജോലെ ജാബോ
പാകി ഹോയെ ധോര ഡേബോ ബോശെ ആച്ചി. “

(നീ പറഞ്ഞാൽ ഞാനൊരു പുഴയാകാം, നീ പറഞ്ഞാൽ ഞാനൊരു താരകമായി തിളങ്ങാം ഞാനൊരു പക്ഷിയായി മാറി നിനക്ക് കീഴടങ്ങാം നീ പറയൂ ഞാൻ കാത്തിരിക്കുന്നു, )

വിൻസെന്റ് വന്നാൽ മദ്യപിക്കുക, ഭക്ഷണം കഴിക്കുക ഉറങ്ങുക മാത്രമായി, വഴക്കുണ്ടാക്കാറില്ല. നല്ല നടപ്പിലായെന്നു സൂസൻ കരുതി. അവൾ ആകെ സന്തോഷവതിയായിരുന്നു. അവളുടെ മനസ്സിൽ രജനീഷിനോടുള്ള പ്രണയത്താൽ നിറഞ്ഞിരുന്നു ഇടയ്ക്കു ആരുമറിയാതെ അവർ വാട്ടർ ടാങ്കിന്റെ കീഴിൽ കണ്ടു മുട്ടി.

പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിതം മുന്നോട്ടു പോയികൊണ്ടേയിരുന്നു.

ഒരു രാത്രി വിൻസെന്റ് പതിവിനു വിപരീതമായി വയലന്റ് ആയി. ബാൽക്കണിയിൽ വച്ച് അവളെ തല്ലി ചതച്ചു. അന്നമ്മച്ചിയും കുട്ടികളും ബഹളം കേട്ട് മുറിയിൽ അടച്ചിരുന്നു. എതിർവശത്തെ ബാല്ക്കണിയിലിരുന്നു രജനീഷ് ബഹളം വച്ചിട്ടും അയാൾ കേട്ടില്ല.

“ഞാൻ പോലീസിനെ വിളിക്കും “

ഇത് കേട്ട് വിൻസന്റ് സൂസനെ തളളി മാറ്റി അയാൾ കടന്നു പോയി. അവൾ വെറും നിലത്തു കരഞ്ഞു തളർന്നു കിടന്നു. അവൾക്കു കാവലായി രജനീഷ് കുറെ ദൂരെയുള്ള അയാളുടെ ബാൽക്കണിയിൽ ഇരുന്നു. വെളുപ്പാൻ കാലത്താണ് അന്നമ്മച്ചി മുറി തുറന്നു ഇറങ്ങി വന്നത്.

“കാ* ല മാടൻ !!! എടി മോളെ, അമ്മച്ചിയിന്നു മറന്നീടി, ഇത്ര ദിവസം കുഴപ്പമില്ലായിരുന്നല്ലോ. “

സൂസൻ തലയുയർത്തി. അന്നമ്മച്ചി ഒരു ഗുളികയുടെ സ്ട്രിപ്പ് അവളുടെ നേരെ നീട്ടി.

“എന്നതാ അമ്മച്ചി “

അവൾ തേങ്ങലിനിടയിൽ ചോദിച്ചു.

“ഉറക്ക ഗുളികയാ, ഞാനെന്നും അവനു വെള്ളത്തിൽ കലക്കി കൊടുക്കും. ശരിക്കും അവനു വി ഷമാണ് കൊടുക്കേണ്ടത്. പക്ഷെ പെറ്റ വയറല്ലേടി മോളെ, അതിന്റെ തുടിപ്പ് ഇപ്പോഴും നിന്നിട്ടില്ല. “

പിന്നെ കുറെ നാൾ കുഴപ്പമൊന്നുമുണ്ടായില്ല. അന്നമ്മച്ചി പെട്ടെന്നൊരു ദിവസം കുഴഞ്ഞു വീണു. കുറെ നാൾ കിടപ്പായി, കുടുംബ ഭരണം സൂസനെ ഏല്പിച്ചു, അമ്മച്ചി വിടപറഞ്ഞു. അമ്മയുടെ മരണം വിൻസെന്റിന്റെ മനസ്സിനെ നന്നായി ഉലച്ചു. അമ്മച്ചി കൈമാറിയ ഗുളിക രഹസ്യത്തിലൂടെ സൂസൻ അവനോടു പിടിച്ചു നിന്നു.

കുട്ടികളുടെ ആനുവൽ ഡേ ആഘോഷത്തിന് അവൾ രജനീഷുമായിട്ടാണ് പോയത്. ആദ്യമായി അവൾ പുറത്തു പോയി ഭക്ഷണം കഴിച്ചു. ട്രാമിലൂടെ സഞ്ചരിച്ചു. ഹൂഗ്ലി നദിയിലൂടെ അവർ ബോട്ടിൽ സഞ്ചരിച്ചു. അവൾ അന്നാദ്യമായി ഒരാണിന്റെ നിഷ്കളങ്കമായ സ്നേഹമെന്തെന്നു അറിഞ്ഞു. ആ ദിവസം അവൾ പ്രേമത്താൽ പൂത്തുലഞ്ഞു.

ഒരു ദിവസം ഉച്ചയ്ക്ക് ഫാക്ടറിയിൽ നിന്നും ഒരു ഫോൺ വിളി വന്നു. രക്തം ചർദ്ദിച്ച്, ഗുരുതരമായ നിലയിൽ വിൻസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ കൈ ഒഴിഞ്ഞു. അയാളുടെ അവസാന ആഗ്രഹം നാട്ടിൽ പോയി മരിയ്ക്കാനായിരുന്നു. എത്രയും പെട്ടെന്ന് അത് സാധ്യമാക്കാൻ സുഹൃത്തുക്കളുടെ ഇടപെടലുണ്ടായി. ഫാക്ടറിയിലെ ആനുകൂല്യങ്ങളും സുഹൃത്തുക്കളുടെ ചികിത്സ സഹായവും കുട്ടികളുടെ ടി സി യും ഒക്കെ പെട്ടെന്ന് സംഘടിപ്പിച്ചു.

ആശാലതയോടു യാത്ര പറഞ്ഞു. അവൾക്കു കാണേണ്ടയാളോട് അവസാനമായി യാത്ര ചോദിയ്ക്കാൻ അവൾക്കായില്ല. രജനീഷ് ഒരു പുസ്തക മേളയിൽ പങ്കെടുക്കാൻ ഒരാഴ്ചയായി ഭോപ്പാലിൽ ആയിരുന്നു. അയാളുടെ സാന്നിധ്യത്തിൽ അവൾക്ക് ആ നഗരം വിടാനും പറ്റില്ലായിരുന്നു. എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്നു വിൻസന്റ് ആഗ്രഹിക്കുന്നു. മരണം എഴുതപ്പെട്ട് കഴിഞ്ഞയാളുടെ അവസാനത്തെ ആഗ്രഹം. കൂടിപ്പോയാൽ ഒരാഴ്ച മാത്രമാണയാളുടെ ആയുസ്സ്.

അവസാനമായി രജനീഷിനെ കാണാത്ത വിഷമം അവൾ പേപ്പറിൽ വരികളായി കുറിച്ചു. അയാളുടെ ഫ്ലാറ്റ് അഡ്ഡ്രസ്സിൽ പോസ്റ്റ് ചെയ്തു.

“പ്രിയ രജനി,

അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം. നിന്നെ അവസാനമായി ഒന്ന് കാണാൻ എനിക്ക് കഴിഞ്ഞില്ല, കണ്ടാൽ മടങ്ങി പോകാൻ എനിക്ക് കഴിയില്ല. നീ മടങ്ങി എത്തുമ്പോഴേക്കും ഞാൻ എന്റെ നാട്ടിലെത്തും. പച്ചപ്പുകൾ നിറഞ്ഞ ഞങ്ങളുടെ ഗ്രാമത്തിലേക്ക്. ഈ ലോകത്തു എന്നെ സ്നേഹിക്കാൻ ഒരാളെയുണ്ടായിരുന്നുള്ളു, എന്റെ നാൻസി സിസ്റ്റർ, ഇപ്പോൾ നീയും. ഈ നിമിഷത്തിൽ ഞാൻ അറിയുന്നു നിന്നോടുള്ള എന്റെ സ്നേഹത്തിന്റെ ആഴം, ഞാൻ എത്ര കടലാഴത്തിൽ നിന്നെ സ്നേഹിച്ചിരുന്നുവെന്ന്.

എനിക്കാരുമില്ലെന്ന സത്യം ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ മനസിലാക്കിയിരുന്നു. ഞാനെന്നും ഒറ്റക്കാണെന്ന തിരിച്ചറിവ് നേടിക്കൊണ്ട് തന്നെയാണെന്ന് ഞാനെന്റെ കൽക്കത്താ ജീവിതം തുടങ്ങിയത്. ബാൽക്കണിയിലും അടുക്കളയിലുമായി ഞാൻ കഴിച്ചു കൂട്ടിയ രാവുകൾ, ഏങ്ങലടിച്ചു കരഞ്ഞു തീർത്ത നിമിഷങ്ങൾ, പലപ്പോഴും ഒന്ന് ഉച്ചത്തിൽ പൊട്ടിക്കരഞ്ഞെങ്കിൽ എന്ന് തോന്നും. അയാളെന്നെ തല്ലുമ്പോൾ ആരെങ്കിലും വന്നെന്നെ രക്ഷിച്ചെങ്കിലെന്ന്, ഒന്ന് ചേർത്ത് പിടിക്കാൻ ആരെങ്കിലുമുണ്ടായെങ്കിലെന്ന്, ഉള്ളിലെ സങ്കടം ആരെങ്കിലും പകുത്തെടുത്തെങ്കിലെന്ന്, ആഗ്രഹിക്കും. അങ്ങനെ ആശ്വസിപ്പിക്കാൻ ആരെങ്കിലും വന്നെങ്കിലെന്നു ഞാൻ ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിച്ചു. എന്നെ സ്നേഹിക്കാൻ, എന്നെ രക്ഷിക്കാൻ ഒരു കാവൽ മാലാഖയെ തരാൻ……

കരഞ്ഞു തളർന്നു ബാൽക്കണിയിലിരുന്ന ദിവസങ്ങളിൽ ഞാനാ മാലാഖയെ കണ്ടു. കണ്ണുകളിൽ ആർദ്രതയും സ്നേഹവും മാത്രമുള്ള എന്റെ ദേവനെ. ആരാധനാ ആയിരുന്നു ആദ്യം, പിന്നെ ഇഷ്ടം, പക്ഷെ നിന്നോട് ഞാനതൊന്നും പ്രകടിപ്പിച്ചില്ല. ചോദ്യങ്ങൾക്കു മൗനം പാലിച്ചു. എന്റെ മനസ്സിലെ കള്ളം വെളിപെടുമോയെന്ന ഭയം, ഉത്തമയായ വീട്ടമ്മയാകാനുള്ള പ്രയത്നത്തിലായിരുന്നു.

ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്താണെന്നറിയുമോ? നമ്മൾ ജീവന് തുല്യം സ്നേഹിക്കുന്നയാൾ നമ്മളെയും തിരികെ അതേപോലെ സ്നേഹിക്കുക. അക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. നിന്റെ സ്നേഹമില്ലായിരുന്നെങ്കിൽ ഞാനിവിടെ പിടിച്ചു നില്ക്കില്ലായിരുന്നു. ടെറസിൽ കാല് വഴുതി മരിച്ചു പോയ വീട്ടമ്മമാരിൽ ഒരാളായി ഞാനും മാറുമായിരുന്നു. അങ്ങനെ തീരുമാനിച്ച ഒരു ദിവസത്തിലാണ് നീ എന്നെ ബലമായി ആ മാഗസിൻ ഏല്പിച്ചത്. അതിൽ നീ വരച്ച എന്റെ പടത്തിലൂടെ, നിന്റെ കണ്ണുകളിൽ ഞാനെത്ര സുന്ദരിയാണെന്ന് എനിക്ക് മനസിലായി. ഞാൻ നിനക്കെത്ര പ്രിയങ്കരിയാണെന്നും…..

ഒരേ തീവ്രതയോടെ അങ്ങോട്ടും ഇങ്ങോട്ടും പ്രണയിക്കുന്ന രണ്ടുപേർ. സ്നേഹിക്കുന്നതിനേക്കാൾ സ്നേഹിക്കപെടാനാണ് ഭാഗ്യം വേണ്ടത്. വൈകിയാണെങ്കിലും നിന്നിലൂടെ എനിക്കാ ഭാഗ്യം ഉണ്ടായി. എത്ര ഓർക്കേണ്ട എന്ന് വിചാരിച്ചാലും നിന്റെ ഓർമ്മകൾ എൻ്റെ മനസ്സിലേയ്ക്ക് ഇരച്ചു കയറി വരും. അത്രമേൽ പ്രിയപ്പെട്ട ഓർമ്മകളായിരിക്കും അതൊക്കെ. ആത്മാവിൽ ആലേഖനം ചെയ്ത ഓർമ്മകൾ.

നിന്റെ സാമീപ്യം ഇല്ലാത്ത ഇനിയുള്ള രാത്രികളിൽ നിന്റെ ഓർമ്മകളുടെ ചൂടേറ്റു മയങ്ങാനെ എനിക്ക് കഴിയൂ. ഞാൻ എഴുതിയ വരികൾ വായിക്കുമ്പോൾ, എന്നെ ആത്മാവിൽ ആവാഹിച്ച എന്റെ പ്രണയ സൂര്യാ, നിന്റെ മനസ്സിൽ ആയിരമായിരം മഴവില്ലുകൾ വിരിയട്ടെ. എന്റെ ആകാശത്തിലെ നിലാവാണ് നീ. ഇനിയൊരു മടക്കമില്ലായെന്ന് തോന്നുന്നു. മൗനത്തിലൊരു യാത്രാമൊഴിക്കു പോലും ഭാഗ്യമുണ്ടായില്ല.

നിന്റെ ആലിംഗനത്തിന്റെ ഉഷ്മളതയിൽ, നിന്റെ ഉമ്മയുടെ ചൂടിൽ നിന്റെ ആത്മാവിനെ എന്നിലേയ്ക്ക് ആവാഹിച്ചു കൊണ്ട് വളരെ അകലേയ്ക്കുള്ള ജീവിതയാത്രയിലാണ്. ഒരിക്കലും പിരിയാത്ത രണ്ടു ഹൃദയങ്ങൾ….

ഈ കത്ത് കിട്ടുമ്പോഴേക്ക് ഞാൻ കുറെയേറെ ദൂരത്തായി കഴിയും. യാത്രപറയുന്നില്ല പ്രിയനേ.

എന്നും നിനക്ക് വേണ്ടി മാത്രം കാത്തിരിക്കുന്ന സൂസൻ. “

വളരെ സങ്കടത്തോടെയുള്ള തീവണ്ടിയാത്ര. യാത്രകൾ വിൻസെന്റിനെ കൂടുതൽ തളർത്തി. മൂന്നാം ദിവസം അന്ത്യകൂദാശ നൽകി. അത് കഴിഞ്ഞു സൂസനെ അയാൾ ഉപദേശിച്ചു. ഇതുവരെ ഡെസ്റ്റിമോണയുടെ വീട്ടുകാരെ കാണിക്കാതിരുന്ന കുട്ടികളെ അവർക്കു തിരികെ നല്കാൻ, കുട്ടികളെ പിരിയാൻ അവൾക്കും വിഷമം ആയിരുന്നു, കുട്ടികൾക്കും. വിൻസെന്റിന്റെ അന്ത്യം, കുട്ടികളുടെ വേർപാട്, അവൾ വീണ്ടും മഠത്തിലെത്തി.

നാൻസി സിസ്റ്റർ അവൾക്കു ഓഫീസിൽ ക്ലർക്കായി ജോലി നൽകി. വിൻസന്റ് പോയി രണ്ടാഴ്ച കഴിഞ്ഞു കാണും, അവളെ തേടി ഒരാളെത്തി. ഇനി ജീവിതത്തിൽ ഒരിക്കലും കാണില്ല എന്ന് പ്രതീക്ഷിച്ചൊരാൾ. അവളുടെ രജനീഷ്. അവൾക്കു കൽക്കട്ടയിലെ പുസ്തക കമ്പനിയിൽ ഒരു ജോലി ശരിയാക്കിയിരുന്നു. വീണ്ടും മഠത്തിൽ നിന്നും യാത്ര പറഞ്ഞു. ഒന്നിച്ച് ട്രെയിൻ യാത്ര ചെയ്യുമ്പോഴാണ് രജനീഷ് പറഞ്ഞത്.

“ഇനിയൊരിക്കലും നിന്നെ തിരിച്ചു വിടില്ല. നീ എന്റേത് മാത്രമാണെന്ന്. “

അവൾ മറുപടി പറഞ്ഞില്ല. അവൾക്കു സ്വപ്‌നങ്ങൾ ഒന്നുമില്ല ജീവിതത്തിൽ. അവന്റെ സാമീപ്യം മാത്രം മതി. അതിനുള്ള ഭാഗ്യം എന്നും ഉണ്ടാകണേയെന്നു അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു.

✍️നിശീഥിനി