പിന്നെ ദേ നിൽക്കുന്നവൻ. അവൻ ആകെ ചെയ്തത് ഒരു പെണ്ണിനെ കണ്ടെത്തി എന്നുള്ളതാ. പെണ്ണുകാണാൻ പോകുന്നതിനുള്ള….

ബന്ധുക്കൾ ശത്രുക്കൾ

എഴുത്ത്: ദേവാംശി ദേവ

===================

“അമ്മ എന്തൊക്കെയാ പറയുന്നത്..ഈ വയസാം കാലത്ത് ഏട്ടനിനി പെണ്ണുകെട്ടാത്തത് കൊണ്ടാ..വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ.” വിനീത സാവിത്രി അമ്മയുടെ മുൻപിൽ ഉറഞ്ഞു തുള്ളുമ്പോൾ കേൾവിക്കാരായി അവളുടെ രണ്ടാമത്തെ ഏട്ടൻ വരുണും ഭാര്യ രേണുവും ഉണ്ടായിരുന്നു..

“അവന് എന്ത് വയസ്സായെന്ന നീ പറയുന്നത്…നാല്പത്തിയഞ്ച് വയസൊക്കെ വിവാഹം കഴിക്കാനൊരു തടസമാണോ..”

“പിന്നെ നാല്പത്തഞ്ച് വയസ്സെന്നുപറയുന്നത് കൗമാരമാണോ..”

“അവന്റെ കൗമാരവും യൗവനവുമൊന്നും അവൻ അറിഞ്ഞിട്ടില്ല..അവൻ ജീവിച്ചത്‌ മുഴുവൻ നിങ്ങള് രണ്ട് കൂടപിറപ്പുകൾക്ക് വേണ്ടി മാത്രമാ..അച്ഛന്റെ മരണ ശേഷം നിങ്ങളെ രണ്ടുപേരെയും പഠിപ്പിച്ചു..നിന്റെ വിവാഹം.. രണ്ട് പ്രസവം..മൂത്ത കുഞ്ഞിനെ പ്രസവിക്കാനായി ഏഴാം മാസത്തിൽ വീട്ടിലേക്ക് വന്ന നീ പിന്നെ നിന്റെ ഭർത്താവിന്റെ വീട്ടിലേക്ക് പോയിട്ടുണ്ടോ..ഇപ്പൊ നിന്റെ ഇളയ കുഞ്ഞിന് വയസ്സ് അഞ്ചായി..അന്നുമുതൽ നിന്റെയും കുഞ്ഞുങ്ങളുടെയും ചിലവും നോക്കുന്നത് അവനല്ലേ..

പിന്നെ ദേ നിൽക്കുന്നവൻ..അവൻ ആകെ ചെയ്തത് ഒരു പെണ്ണിനെ കണ്ടെത്തി എന്നുള്ളതാ. പെണ്ണുകാണാൻ പോകുന്നതിനുള്ള വണ്ടിക്കൂലി മുതൽ ആദ്യരാത്രി മണിയറയിൽ ഇട്ട പൂവ് വരെ അവന്റെ കാശാണ്..

കണ്ട നാടുകളിൽ പോയി ജോലി ചെയ്താ എന്റെ കുഞ്ഞ് നിന്നെയൊക്കെ നോക്കിയത്..അഴ്ചയിലോ മാസത്തിലോ ഒരു ദിവസം ഓടി വരും എന്നെ കാണാൻ..
അപ്പോഴും നിനക്കൊക്കെ ഓരോരോ അവശ്യങ്ങളാ..

ഇവിടുത്തെ പറമ്പുവാങ്ങി അവൻ കൃഷിപ്പണി തുടങ്ങിയിട്ട് രണ്ടുവർഷമേ ആയുള്ളൂ..
ഈ രണ്ടുവർഷം കൊണ്ടാ ഞാനെന്റെ കുഞ്ഞിനെ കണ്ണുനിറയെ കാണുന്നത്.

ഇനിയെങ്കിലും അവനൊരു കുടുംബം വേണം..”

“ഏട്ടന് കുടുംബം വേണ്ടെന്ന് ആരും പറഞ്ഞില്ലല്ലോ..എന്റെ ചേച്ചിയുടെ ആലോചന ഇവിടെ ചിലകർക്ക് ഇഷ്ടപെടാത്തത് കൊണ്ടല്ലേ..” രേണു, വിനീതയെ നോക്കി കൊണ്ട് പറഞ്ഞു..

“ഏട്ടത്തി ഇങ്ങനെ ചുറ്റി വളച്ചു പറയേണ്ട..ഒരു രണ്ടാം കെട്ടുകാരിയെ കെട്ടേണ്ട ഗതികേടൊന്നും എന്റെ ഏട്ടനില്ല..അതും ഭർത്താവ് ഉപേക്ഷിച്ചവളെ..”

രേണു അതിന് മറുപടി പറയാൻ തുടങ്ങുമ്പോഴാണ് വിനോദ് അങ്ങോട്ടേക്ക് കയറി വന്നത്..

“അമ്മേ..” അവന്റെ വിളി കേട്ടതും എല്ലാവരും നിശബ്ദമായി..

“ചോറെടുത്ത് വെയ്‌ക്കമ്മെ..” അവൻ ഡയനിങ് ടേബിളിൽ ഇരുന്നതും ബാക്കിയുള്ളവരും ചുറ്റുമിരുന്നു..സാവിത്രി അവന് വിളമ്പി കൊടുത്തു..

“ഏട്ടാ നാളെയാ മോൾക്ക് ഫീസ് കൊടുക്കാനുള്ളത്..ഏട്ടന്റെ കൈയ്യിൽ കാശുണ്ടാവോ..രാജീവേട്ടന് ശമ്പളം കിട്ടിയില്ല..”

“മേശക്കകത്ത് കാണും..എടുത്തോ..” അവൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു..

“ഏട്ടാ..എനിക്കൊരു അയ്യായിരം രൂപ വേണമായിരുന്നു..അടുത്താഴ്ച തരാം…”

“വൈകിട്ട് തരാം..”

“മതിയേട്ട..” മക്കളുടെ സംസാരം കേട്ട് ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു..അനിയനും അനിയത്തിയും ചേർന്ന് ഓരോരോ കാരണങ്ങൾ പറഞ്ഞ് അവന്റെ സമ്പാദ്യങ്ങളൊക്കെ സ്വന്തമാക്കുന്നു..അതിന് വേണ്ടി അവനൊരു ജീവിതം ഉണ്ടാകാൻ പോലും സമ്മതിക്കുന്നില്ല.

എല്ലാം കാണുന്ന ഈശ്വരനോട് പരാതി പറയാനെ അവർക്ക് കഴിവുണ്ടായിരുന്നുള്ളൂ.

**********************

“അമ്മേ…വിനുവേട്ടൻ എങ്ങോട്ട് പോയി..”

“അറിയില്ല..രാവിലെ പോയതാ..അല്ല നിനക്കിപ്പോ അവനെ കണ്ടിട്ട് എന്തിനാ..”

“ഇന്ന് ഞായറാഴ്ച അല്ലെ അമ്മേ..കുട്ടികള് പുറത്തുപോകാണമെന്ന് പറഞ്ഞു..”

“അതിനെന്തിനാ വിനു.. നിന്റെ ഭർത്താവ് വന്നിട്ടുണ്ടല്ലോ..വിളിച്ചുകൊണ്ട് പൊയ്ക്കൂടെ..”

“ഞാനെൻെറ ഭർത്താവിന്റെ കൂടെ തന്നെയാ പോകുന്നത്..പക്ഷെ ഞങ്ങളുടെ കൂടെ ഏട്ടനും കാണും..ഏട്ടനെ കൂട്ടാതെ ഞാൻ പോകില്ല.”

“ഏട്ടാനുണ്ടെങ്കിൽ ചിലവൊക്കെ അവൻ നോക്കികോളുമല്ലോ..അല്ലെ” സാവിത്രി പറഞ്ഞതും അവള് അവരെയൊന്ന് പുച്ഛിച്ചു നോക്കി..

പുറത്തൊരു കാർ വന്നുനിൽക്കുന്ന ശബ്ദം കേട്ടതും എല്ലാവരും ഉമ്മറത്തേക്ക് ചെന്നു..അത്യാവശ്യം വിലയുള്ളൊരു കാറായിരുന്നു അത്..ഒരു ഡോക്ടറിന്റെ കാറാണെന്ന് അതിൽ ഒട്ടിച്ചിരുന്ന സ്റ്റിക്കർ അവർക്ക് മനസ്സിലാക്കി കൊടുത്തു..

ഡ്രൈവിങ് സീറ്റിൽ നിന്നും വിനോദും കോ ഡ്രൈവിംഗ് സീറ്റിൽ നിന്ന് സുന്ദരിയായൊരു സ്ത്രീയും ഇറങ്ങി..പുറകിലെ ഡോർ തുറന്ന് അഞ്ച് വയസ്സു തോന്നിക്കുന്നൊരു പെൺകുട്ടിയും.

“അമ്മേ..ഇത് അപർണ..എന്റെ ഭാര്യയാണ്..ഡോക്ടർ ആണ്..ഇത് ഐശ്വര്യ..എന്റെ മകൾ.വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷമായി..സമയമാകുമ്പോൾ ഇങ്ങോട്ടേക്ക് കൊണ്ടുവരാമെന്ന് കരുതി..”

വിനുവിന്റെ വാക്കുകൾ എല്ലാവരെയും ഞെട്ടിച്ചു..സന്തോഷം കൊണ്ട് സാവത്രിയമ്മയുടെ കണ്ണുകൾ നിറഞ്ഞു.അവർ കുഞ്ഞിനെ വാരിയെടുത്ത് ഉമ്മ വെച്ചു..വാത്സല്യത്തോടെ അപർണയുടെ മുടിയിൽ തലോടി.

“ഏട്ടൻ എന്തൊക്കെ അനാവശ്യങ്ങളാണ് വിളിച്ചു പറയുന്നത്..എവിടെയോ കിടന്നൊരുത്തിയെ കൂട്ടികൊണ്ടുവന്ന് നാടകം കളിക്കുന്നോ.” വിനീത പറഞ്ഞു നിർത്തിയതും വിനുവിന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു..

“ഏട്ടത്തിയാണ്..അമ്മയുടെ സ്ഥാനമാണ്..അത് മറക്കരുത്.” വിനീത പേടിയോടെ അവനെ നോക്കി..ആദ്യമായാണ് അവന്റെ ഇങ്ങനെയൊരു മുഖം കാണുന്നത്.

“എന്താ വിനുവേട്ടാ ഇത്..കുറച്ചു ദിവസം നിൽക്കാൻ വന്ന പെങ്ങളോട് ഇങ്ങനെയാണോ പെരുമാറുന്നത്.” അപർണ അവന്റെ അടുത്തേക്ക് വന്ന് ചോദിച്ചു..

“ഇവള് ഇവിടെ തന്നെയാ മോളെ സ്ഥിര താമസം.” സവത്രിയമ്മ മറുപടി പറഞ്ഞു.

“അത് അമ്മക്കൊരു കൂട്ടിന് വേണ്ടിയല്ലേ അമ്മേ..ഇനിയിപ്പോ ഞാൻ വന്നല്ലോ.. അതുകൊണ്ട് ഇന്നുതന്നെ അവര് പോകും…അല്ലെ വിനീതേ..” അപർണയുടെ ചോദ്യം കേട്ട് ദേഷ്യത്തോടെ വിനീത അവളെ നോക്കി.എന്നാൽ അത് ശ്രദ്ധിക്കാതെ അപർണ വരുണിനും രേണുവിനും നേരെ തിരിഞ്ഞു..

“നിങ്ങള് ഉടനെ പോകണ്ട..നിങ്ങളുടെ വീട്ടിൽ തമാസിക്കുന്ന വാടകക്കാരോട് മാറാൻ വിനുവേട്ടൻ പറഞ്ഞിട്ടുണ്ട്..അവര് മാറി കഴിഞ്ഞ് നിങ്ങളങ്ങോട്ട് പോയാൽ മതി..”

“ഞങ്ങളുടെ വീട്ടിൽ നിന്ന് ഞങ്ങളോട് ഇറങ്ങിപ്പോകാൻ പറയാൻ നിങ്ങൾക്കെന്താ അവകാശം.” വരുൺ ചോദിച്ചു.

“നിങ്ങളുടെ വീടോ..നിങ്ങൾക്കൊക്കെ വേണ്ടി ഒരുപാട് കാര്യങ്ങൾ വിനുവേട്ടൻ ചെയ്തിട്ടുണ്ട്..അതുകൊണ്ട് ഈ വീട് അമ്മ വിനുവേട്ടന് എഴുതി കൊടുത്തു.”

വരുണിനെയും വിനീതയേയും ഒരുപോലെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു അത്.

“സത്യമാണോ അമ്മേ അത്.”

“അതേ..” വരുണിന്റെ ചോദ്യത്തിന് സാവത്രിയമ്മ മറുപടി പറഞ്ഞു..

“ഞങ്ങക്കുകൂടി അവകാശപ്പെട്ടത് ഇയാൾക്ക് മാത്രം എഴുതികൊടുക്കാൻ അമ്മക്ക് എങ്ങനെ തോന്നി..” വരുൺ അടക്കാൻ കഴിയാത്തദേഷ്യത്തോടെ ചോദിച്ചു.

“നിർത്തടാ..” അവന്റെ ശബ്ദത്തിനു മേൽ അപർണയുടെ ശബ്ദം ഉയർന്നു..

“നിനക്ക് വീട് വെയ്ക്കാൻ സഹായിച്ചതും നിന്റെ വിവാഹം നടത്തിയതും പിന്നെ നീ പലപ്പോഴായ് വിനുവേട്ടൻെറ കൈയ്യിൽ നിന്ന് കടം വാങ്ങിയതുമൊക്കെ ഞാൻ എഴുതി വെച്ചിട്ടുണ്ട്…അതൊക്കെ പലിശയും ചേർത്ത് നീ എന്ന് തിരികെ തരുന്നോ അന്ന് നിന്റെ അവകാശം ഏട്ടൻ തിരികെ എഴുതിതരും..” വരുണിനോട് പറഞ്ഞിട്ട് അവൾ വിനീതയ്ക്ക് നേരെ തിരിഞ്ഞു..

“നിന്നോടും കൂടിയ പറഞ്ഞത്…

അതുകൊണ്ട് പറഞ്ഞ സമയത്തിനുള്ളിൽ എല്ലാം ഇവിടുന്ന് ഇറങ്ങിക്കോണം.”
പറഞ്ഞിട്ടവൾ വിനുവിനെ നോക്കി..അവനവളെ ചേർത്തു പിടിച്ച് അകത്തേക്ക് കയറുമ്പോൾ അപർണ സാവത്രിയമ്മയുടെയും സാവിത്രിയമ്മ ഐശ്വര്യമോളുടെയും കൈ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു…

ബാക്കിയെല്ലാവരും അവരെ നോക്കി തറഞ്ഞു നിന്നു.