സത്യം പറഞ്ഞാൽ അവനെ ഓർക്കാൻ വേണ്ടിമാത്രമായാണ് ദിവസവും ഒരുവട്ടമെങ്കിലും ആ ഗാനം അവൾ പ്ലേ ചെയ്യുന്നത്…

കർമ്മ ബന്ധം

എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

============

“നിന്റെ നൂപൂര മർമ്മരം ഒന്നു കേൾക്കാനായി വന്നു ഞാൻ…നിന്റെ സാന്ത്വന വേണുവിൽ രാഗലോലമായി ജീവിതം…

കാർ മെയിൻ റോഡിലേക്ക് കയറുമ്പോഴും നേർത്ത ശബ്ദത്തിൽ ദാസേട്ടനും, ജാനകിയമ്മയും പാടിക്കൊണ്ടിരുന്നു.

ജയ്മി എന്നത്തേയും പോലെ അനന്തുവിനെ ഓർത്തുകൊണ്ടിരുന്നു. സത്യം പറഞ്ഞാൽ അവനെ ഓർക്കാൻ വേണ്ടിമാത്രമായാണ് ദിവസവും ഒരുവട്ടമെങ്കിലും ആ ഗാനം അവൾ പ്ലേ ചെയ്യുന്നത്.

കാടിന്റെ നേർത്ത സംഗീതം കേട്ടുകൊണ്ട്, പ്രകൃതി കോറിയിട്ട മനോഹര ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിക്കഴിഞ്ഞാൽ, തന്റെ ചായക്കൂട്ടുകൾ പുറത്തെടുക്കുകയായി അനന്തു. ദ്രുതഗതിയിൽ ചലിക്കുന്ന വിരലുകൾ വർണ്ണ പ്രപഞ്ചമൊരുക്കുമ്പോൾ, ജയ്മിയുടെ മ്യൂസിക് പ്ലയെർ എത്ര കേട്ടാലും മതിവരാത്ത മെലഡീ സോങ്ങുകൾ മൂളികൊണ്ടേയിരിക്കും.

ആ പകലുകൾക്കും സന്ധ്യകൾക്കും എന്ത് ചാരുതയായിരുന്നു.

“ജയ്, അമ്മ അമ്പിനും വില്ലിനുമടുക്കുന്നില്ല. നിന്നെപ്പോലെ ഒരു നസ്രാണിപ്പെണ്ണിനെക്കെട്ടാൻ അവരുടെ കൊക്കിൽ ജീവനുള്ളിടത്തോളം അനുവദിക്കില്ലയെന്ന വാശി. ഞാൻ ഗൾഫിലേക്ക് പോകാൻതന്നെ തീരുമാനിച്ചു.

പോകുന്ന കാര്യം പറഞ്ഞപ്പോഴും, നീ എവിടെക്കാന്നുവെച്ചാ പോ. എന്നാലും ഈ കല്യാണത്തിന് ഞാൻ സമ്മതിക്കില്ല എന്നാ പറഞ്ഞത്.

എന്നെപ്പോലൊരു തൊഴിൽ രഹിതനെ സ്നേഹിച്ചു കൂടെ വരാനൊരുങ്ങുന്ന മരുമകൾ വലിയൊരു ബാങ്കുദ്യോഗസ്ഥയാണെന്നതൊന്നും അമ്മയെ ബാധിക്കുന്ന പ്രശ്നമേയല്ല എന്നാ നിലപാട്.

“നീ പോയാൽ ഞാനിവിടെ തനിച്ചാവില്ലേ അനന്ദു.

അമ്മയുടെ മനസ്സ് മാറാൻ ഞാൻ നോക്കിയിട്ട് വേറെവഴിയൊന്നും കാണുന്നില്ല ജയ്.

ഗീതാന്റിക്ക് കൊടുത്ത വാക്ക് പാലിക്കാൻ അമ്മയെന്നെ ബലിയാടാക്കുകയാ. അച്ഛൻ മരിച്ചപ്പോ ആരുമില്ലാതായിപ്പോയ എനിക്കും അമ്മയ്ക്കും തുണയായതും, ചെറുതെങ്കിലും ഒരു വീടുണ്ടാക്കാൻ സഹായിച്ചതും ഗീതാന്റിയാണല്ലോ. ആന്റിയുടെ മോൾ ആക്സിഡൻറ്റിനു ശേഷം വീൽചെയറിലായപ്പോ ചെയ്തു തന്ന സഹായങ്ങൾക്കും, കടപ്പാടുകൾക്കും പകരം ചോദിക്കുന്നത് എന്റെ ജീവനും ജീവിതവുമാണ്.

ആര്യ ഇനിയൊരിക്കലും എഴുന്നേറ്റ് നടക്കില്ല എന്നറിഞ്ഞോണ്ടാ അവളെ എന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നത്. പക്ഷേ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിന്നെ വേണ്ടെന്ന് വെക്കാൻ എനിക്കാവില്ല ജയ്. എന്റെ ജീവശ്വാസമാണ് നീ. നിന്നെ പിരിഞ്ഞാൽ മരണമാണ്.

ജയ്മി അതുകേൾക്കുമ്പോഴൊക്കെ അവനെ കെട്ടിപിടിച്ചു, അമ്മ കുഞ്ഞിനെയെന്നപോൽ നെഞ്ചോട്‌ ചേർക്കും. എനിക്കും അങ്ങനെ തന്നെയാ ടാ. നിന്നെ ആർക്കും വിട്ടുകൊടുക്കാൻ എനിക്കും ആവില്ലന്ന് മൗനമായി കേഴും.

എയർപോർട്ടിൽ അനന്ദുവിനെ യാത്രയാക്കാൻ ചെന്നപ്പോഴായിരുന്നു ജയ്മി അമ്മയെ ആദ്യമായി കാണുന്നത്.

“നീ ഒറ്റയൊരുത്തിയാ എന്റെ മോന്റെ ജീവിതം ഇത്തരത്തിലാക്കിയേ. പിടിച്ചു വെച്ചു രക്തം കുടിക്കുന്ന യ *ക്ഷി. എനിക്ക് അവനേയുള്ളു ഈ ലോകത്തിൽ എന്റെ സ്വന്തമെന്ന് പറയാൻ. അതവനോളം അറിയാവുന്ന മറ്റാരുമില്ല എന്നിട്ടും അവനെന്നെ ഇട്ടിട്ട് പോകുവാ. നീ കാരണം.

ജയ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തല താഴ്ത്തി നിൽക്കുന്ന അവളെ കണ്ടപ്പോൾ അനന്തു അമ്മയെ ശാസിച്ചു.

“ഇതൊരു പബ്ലിക് പ്ലേസാണെന്ന ബോധംപോലുമില്ലേ അമ്മക്ക്. എന്റെ സ്വന്തം തീരുമാനമാ ഇത്. അല്ലാതെ ആരും അടിച്ചേൽപ്പിച്ചതൊന്നുമല്ല.

അനന്തു പോയിട്ട് ഒരു വർഷമാകുന്നു. ഇത്രയും നാൾ എങ്ങനെ അവനെ കാണാതിരിക്കാൻ പറ്റി എന്നവൾ തന്നോട് തന്നെ അത്ഭുതം കൂറി.

ബാങ്കിലേക്ക് തിരിയുന്ന റോഡിലെത്തിയപ്പോഴാണ് റോഡരുകിലെ ആൾക്കൂട്ടം ശ്രദ്ധിച്ചത്.

പതിവുകാഴ്ചയായതുകൊണ്ട് , ഒരിക്കലും അതൊന്നും ശ്രദ്ധിക്കാറില്ല.

പക്ഷേ ഇന്നെന്തോ കാറ്‌ നിർത്തിയിറങ്ങാനും കാര്യമന്വേഷിക്കാനും ആരോ ഉള്ളിലിരുന്നു പ്രേരിപ്പിക്കുന്നറിഞ്ഞു അവൾ വണ്ടി സൈഡിലേക്കൊതുക്കി.

റോഡരുകിൽ, നെറ്റിയിലും, കാൽമുട്ടുകളിലും, കൈ കളിലും ചോരയൊലിപ്പിച്ച് ഒരു സ്ത്രീ കൂനിക്കൂടി ഇരിപ്പുണ്ട്. ഏതോ വാഹനം തട്ടിയിട്ടതാണെന്ന് അവൾക്ക് മനസ്സിലായി.

ആരും അവരെ പിടിച്ചെഴുന്നേൽപ്പിക്കാനോ, ആശുപത്രിയിലെത്തിക്കാനോ ശ്രമിക്കുന്നില്ല എന്ന് കണ്ടപ്പോൾ, അവൾ താഴെക്കിരുന്ന് അവരുടെ കൈ പിടിച്ചു. അവർ മുഖമുയർത്തിയപ്പോഴാണ് അവളവരെ ശരിക്കും കണ്ടത്. അനന്തുവിന്റെ അമ്മ.

അപ്പോഴത്തെ അവസ്ഥയിൽ അവർക്കവളെ മനസ്സിലായില്ല. അവർ അവളുടെ കൈപിടിച്ച് മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചു. പിന്നെയൊരു തളർച്ചയോടെ അവളുടെ കൈകളിലേക്ക് കുഴഞ്ഞു കിടന്നു.

കൂടിനിന്ന ചിലരുടെ സഹായത്തോടെ അവൾ വേഗം അവരെ തന്റെ കാറിലേക്ക് കയറ്റി.

ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും അവരുടെ ബോധം നഷ്ടപ്പെട്ടിരുന്നു.

ക്യാഷ്വാലിറ്റിയിൽ നിന്ന് മുറിവുകൾ ഡ്രസ്സ്‌ ചെയ്ത് റൂമിലേക്ക് മാറ്റും വരെ ജയ്മി അവരുടെ കൂടെ നിന്നു.

ഇടക്ക് അനന്തു വിളിച്ചപ്പോൾ, രാവിലെ മുതൽ അമ്മയെ വിളിച്ചിട്ട് കിട്ടുന്നില്ല എന്നവൻ ആവലാതിപ്പെട്ടു. രാവിലെ നടന്നതെല്ലാം അവൾ അവനെ പറഞ്ഞു കേൾപ്പിച്ചു.

“അമ്മ നിന്നെ തിരിച്ചറിഞ്ഞാ ഇതുവരെ ചെയ്തതൊക്കെ വെറുതെയാകും. ഹോസ്പിറ്റലിൽ ആണെന്നൊന്നും നോക്കില്ല. ചീത്ത വിളിച്ചു തുടങ്ങിയാ നീ നാണംകെടും.”

“സാരമില്ലടാ..അമ്മയുടെ സങ്കടം അങ്ങനെയെങ്കിലും പെയ്തു തോരട്ടെ.

നിന്നെ എനിക്ക് നഷ്ടപ്പെടുന്നെങ്കിൽ നഷ്ടപ്പെടട്ടെ. ഓർമ്മകളിൽ ജീവിക്കാനായിരിക്കും ഒരുപക്ഷേ എന്റെ വിധി. നീ എത്രയും പെട്ടന്ന് തിരിച്ചു വാ. അമ്മക്ക് നീയല്ലേയുള്ളൂ.

അവനതിനു മറുപടിയൊന്നും പറയാതെ പെട്ടന്ന് തന്നെ കാൾ കട്ട്‌ ചെയ്തു.

നിറഞ്ഞൊഴുകുന്ന കണ്ണുകൾ അമർത്തി തുടച്ച് കുറച്ചു നേരം കൂടി അവളാ ഫോണിലേക്കു നോക്കി നിന്നു. പിന്നെ ബാങ്കിലേക്ക് വിളിച്ച് ഹാഫ് ഡേ ലീവെടുത്തു.

സുമതി കണ്ണുതുറക്കുമ്പോൾ ജയ്മി കട്ടിലിനരുകിലിട്ട സ്ടൂളിൽ ഫോണും നോക്കിയിരിക്കുകയായിരുന്നു.

ജയ്മിയെ തിരിച്ചറിഞ്ഞതും അവരുടെ മുഖമിരുണ്ടു.

നീയാണോ എന്നെയിവിടെ എത്തിച്ചത്?

അവർ ധാർഷ്ട്യത്തോടെ ചോദിച്ചു.

“അതെ…ജയ്മി അവർക്കൊരു പുഞ്ചിരി  സമ്മാനിച്ചു.

“എന്തിന്.? ഞാനവിടെക്കിടന്നു മരിക്കുന്നതല്ലായിരുന്നോ നിനക്ക് സന്തോഷം. എന്റെ മോനെ നിനക്ക് സ്വന്തമാകുമല്ലോ. ആരെ കാണിക്കാനാ നീയെന്നെ ഇങ്ങോട്ടു കെട്ടിച്ചുമന്നെ.?

“അമ്മേ, ഞങ്ങൾ സ്നേഹിച്ചു പോയത് ഇത്രയും വലിയ അപരാധമായിരുന്നോ. രണ്ടു മതത്തിൽ പെട്ടുപോയത് ഞങ്ങളുടെ മാത്രം തെറ്റാണോ. ഞങ്ങൾ ഒന്നിച്ച് ഒരേ ക്ലാസ്സിൽ ഇരുന്ന് പഠിച്ചു പോയത് തെറ്റാണോ.

അവൾ കണ്ണീരോടെ ചോദിച്ചു.

ആരോരും തുണയില്ലാതിരുന്നൊരു സാഹചര്യത്തിൽ എന്റെ സങ്കടങ്ങൾക്കും, സന്തോഷങ്ങൾക്കും ചേർത്ത് പിടിച്ച് കൂടെ നിന്നത് ഗീതയാ. ഇപ്പോ അവൾക്കൊരു ബുദ്ധിമുട്ട് വന്നപ്പോൾ സഹായിക്കേണ്ട കടമ എനിക്കുമുണ്ട്. ആര്യമോൾക്ക് ഇനീയൊരു ജീവിതം കൊടുക്കാൻ ആരും തയ്യാറാകില്ല. ഗീതക്ക് എന്തെങ്കിലും സംഭവിച്ചു പോയാ ആ കുട്ടി അനാഥയാകും. അതും അച്ഛനില്ലാത്ത കുട്ടിയാ. അതിനിട വരുത്തരുത് എന്നേയുള്ളു എനിക്ക്.

സ്വന്തം മകന്റെ ജീവിതം കൊണ്ടാണോ കടപ്പാട് തീർക്കേണ്ടത്. അനന്തുവിന് അവളെ ഒരു ഭാര്യയുടെ സ്ഥാനത്ത്  കാണാൻ കൂടി കഴിയണ്ടേ അമ്മാ. ഞാൻ അവനെ വിട്ടു തന്നേക്കാം. പക്ഷേ ഒരിക്കലും അവൻ സന്തോഷത്തോടെ ജീവിക്കില്ല.

എന്തിനാ അറിഞ്ഞു കൊണ്ട് അവരുടെ രണ്ടുപേരുടെയും ജീവിതം നരകതുല്യമാക്കുന്നെ.

സുമതി അതിന് മറുപടി പറയാതെ കണ്ണുകളടച്ചു കിടന്നു.

“ഞാനിറങ്ങിത്തന്നേക്കാം അമ്മയുടെ മോന്റെ ജീവിതത്തിൽ നിന്നും. പക്ഷേ  അമ്മ ആഗ്രഹിക്കുന്നപോലെ ഒരിക്കലും അവനെ അമ്മക്ക് കിട്ടില്ല. അങ്ങനെയാകാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം. കടപ്പാടുകളെയോർത്ത് അമ്മ സ്വന്തം മകന്റെ ജീവിതം ബലി കൊടുക്കാൻ നിശ്ചയിച്ചു കഴിഞ്ഞു എന്നാണെങ്കിൽ ഇനി ഞാനൊന്നും പറയുന്നില്ല.

ജയ്മി ഇറങ്ങി പോയപ്പോൾ ബാക്കിയാക്കിയ ശൂന്യതയിലേക്ക് മിഴികൾനട്ടു കിടക്കുമ്പോൾ സുമതിയുടെ മനസ്സിൽ ഒരു വടംവലി നടക്കുകയായിരുന്നു. ജയ്മിയുടെ വാക്കുകൾ ഏൽപ്പിച്ച ഞെട്ടൽ. ചിരി വറ്റിപ്പോയ മനസ്സുമായി അനന്തു തന്റെ മുന്നിൽ ജീവിച്ചു തീർക്കുന്ന ജീവിതത്തെ അവർ മനസ്സിൽ കണ്ടു. ആ ഓർമ്മകളിൽ അവർ നടുങ്ങിപ്പോയി. അച്ഛനില്ലാത്ത ദുഃഖങ്ങളറിയിക്കാതെ ഇത്രയും കാലം അവനെ വളർത്തിക്കൊണ്ടു വന്നത് വെറുമൊരു വിധിക്കു വിട്ടു കൊടുക്കാനാണോ.

ഇല്ല…തനിക്കതിനാവില്ല…

കണ്ണീരോടെ, ഒരുപാട് നേരത്തെ ആലോചനകൾക്ക് ശേഷം അവർ ഫോണെടുത്ത് അനന്തുവിനെ വിളിച്ചു.

“മോനെ, നീ തിരിച്ചു വാ. അമ്മക്ക് നീയെ ഉള്ളു. നിന്റെ ഇഷ്ടം എന്താണോ അതിനമ്മ ഇനിയും എതിര് നിൽക്കില്ല. ജയ്മി മോൾ തന്നെയാണ് എന്റെ മോളായി ആ വീട്ടിൽ കയറി വരേണ്ടത്. എന്തോ ഒരു കർമ്മബന്ധം ഞാനാ കുട്ടിയിൽ കാണുന്നു. ഇപ്പോഴാ എന്റെ കണ്ണ് തുറന്നെ. ഇനിയും എന്റെ മോൻ അമ്മയെ വിട്ടു പോകരുത്. അമ്മക്ക് നിങ്ങളേയുള്ളു.

അതു കേൾക്കെ കാതങ്ങൾക്കപ്പുറം, നെരിപ്പോടണഞ്ഞഅനന്തുവിന്റെ മനസ്സൊരു കുളിർമഴയിലേക്കിറങ്ങി നനഞ്ഞു തുടങ്ങി.

~സിന്ധു