സിദ്ധചാരു ~ ഭാഗം 05, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

അഞ്ചുവർഷത്തിനു ശേഷമുള്ള കൂടിക്കാഴ്ച്ച …!!

എത്രമേൽ സ്നേഹിച്ചിരുന്നോ അതിലുമായിരമിരട്ടി വെറുക്കുന്നു താനിന്നയാളെ …!!

ചാരുലത ഒരിക്കൽക്കൂടി കണ്ണാടിയിലേക്ക് നോക്കി …

എന്നോ തന്റെ ജീവനും ജീവാത്മാവും എല്ലാമായിരുന്ന ഒരാൾ …

ഇന്നിവിടേക്ക് വരികയാണ് തന്നെക്കാണാനല്ല …!!

തന്റെ സ്വതിയേച്ചിയെ കാണാൻ …

ആ മുഖത്തേക്ക് നോക്കി ഇനിയും വിളിച്ചുപറയണമെന്നുണ്ട് ….

കാലമെത്രകഴിഞ്ഞാലും അയാളേൽപ്പിച്ച മുറിവ് കരിഞ്ഞുണങ്ങാത്ത ഒരു വ്രണമായി തന്റെ ഹൃദയത്തിൽ അള്ളിപിടിച്ചിരിക്കുന്നുവെന്ന് …

പക്ഷേ വയ്യ …!!

തനിക്കും അയാൾക്കും മാത്രമറിയാവുന്ന ആ സത്യം ഒന്നുകൂടി പുനസൃഷ്ടിച്ച് ഒരിക്കൽ കൂടി കോമാളിയാവാൻ വയ്യ …

പക്ഷെ …തന്റെ സ്വാതിയേച്ചി …!!

ആ പാവം എന്ത് തെറ്റാണ് ചെയ്തത് ….

പക പോക്കാൻ വേണ്ടിയുള്ള ഒരു വിവാഹമാണിതെങ്കിൽ സിദ്ദുവിന്റെ കൈകളിൽ ഞെരുങ്ങി അവളുടെ ജീവിതം ഇല്ലാതായിപ്പോകും എന്താണ് ഇപ്പോൾ ചെയ്യുക ….

ഒന്നിനും വയ്യാത്ത അവസ്ഥ ….

“ചാരു ….എന്താലോചിച്ചിരിക്ക്യാ നീയ് …??

എന്നെ ഒന്ന് ഹെല്പ് ചെയ്യൂ കുട്ടി …!!”

രണ്ടു ജുവല്ലറി ബോക്സും കയ്യിൽ പിടിച്ചുകൊണ്ട് ഉത്സാഹത്തോടെ മുറിയിലേക്ക് കയറിവന്ന സ്വാതിയുടെ മുഖത്തുനോക്കിയ മാത്രയിൽചാരുവിനു ജീവൻ പിടയുന്ന വേദന തോന്നി …

“ഏത് സ്വപ്നലോകത്താ ചാരുവേ …??

നീയ് ഇതുനോക്കിയൊന്നു പറയുന്നുണ്ടോ ഏതാ ഇന്നിടണ്ടെന്നു …!!

എനിക്ക് അച്ഛൻ മധുരയ്ക്ക് പോയപ്പോൾ കൊണ്ടുവന്ന ഈ പാലയ്ക്കാമാല തന്നെയാ ഇഷ്ടം …

അമ്മ പറയുന്നു നമ്മൾ മാധവിവല്യമ്മേടെ മോളുടെ വിവാഹത്തിനെടുത്ത ഈ നെക്‌ലേസ് ഇടാൻ …

എനിക്കെന്തോ ഒന്നിലും കണ്ണുറക്കുന്നില്ല …

എന്റെ മോളൊന്നു പറയ് ചേച്ചി ഏതാ ഇടേണ്ടെന്ന് …..!!”

ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ ഓരോ വാക്കും സ്വാതി പറയുന്നത് കേട്ട് ചാരു നിസ്സഹായതയോടെ ഇരുന്നു …..

“എന്റെ ചേച്ചിക്ക് എന്തിട്ടാലും ചേച്ചിയെ വച്ച് അതിനു മാറ്റൽപം കുറവായിരിക്കും കേട്ടോ …

അത്രക്ക് സുന്ദരിയാടീ ചേച്ചി നീയ് …!!”

പുഞ്ചിരിയോടെ അവളെയൊന്ന് നോക്കി പാലാക്കാമാലയെടുത്ത് കഴുത്തിനോട് ചേർത്തുവച്ചു ചാരു …

“ഇതുമതി ….”

അവളെ ആശ്വസിപ്പിക്കാനെന്നവണ്ണം അത് തിരഞ്ഞെടുത്തു നൽകിയപ്പോൾ സ്വാതിയിലുണ്ടായ സന്തോഷം വരാൻ പോകുന്ന വൈഷമ്യത്തിനു മുന്നോടിയാണല്ലോന്ന് ഓർത്തപ്പോൾ തന്നെ ചാരുവിന്റെ ഉള്ളിലൊരു ആന്തലുയർന്നു …

“ചേച്ചിയും അനുജത്തിയും കൂടി കഥ പറഞ്ഞു കളിക്കാതെ പുറത്തേയ്ക്ക് വാ …

എത്താറായീന്നു അവരുടെ ഫോൺ വന്നിരുന്നു …

സ്വാതി …..!!

മോള് മുറിയിൽ തന്നെ ഇരുന്നാൽ മതി …

ചാരു ഒന്നിങ്ങട് വരൂ …
അമ്മയെ ഒരു കൈ സഹായിക്ക് …

പലഹാരങ്ങളൊക്കെ അച്ഛൻ കൊണ്ടുവന്നത് മേശപ്പുറത്തിരുപ്പുണ്ട് …

അതൊന്നു താരാതരമാക്കണം …!!”

“ദാ വരുന്നു അമ്മേ …”

ചാരുലത വേഗം മുടികോതിക്കെട്ടി അമ്മയോടൊപ്പം ഇറങ്ങാൻ തുടങ്ങി …

“നീയ് ഒരുങ്ങുന്നില്ലേ ചാരുവേ …??”

സ്വാതിയുടെ ചോദ്യം കേട്ട് ചാരുവിന് വല്ലാതെതോന്നി ….

“ഞാൻഒരുങ്ങീട്ടെന്തിനാ ….??

അവർ നിന്നെയല്ലേ ചേച്ചി കാണാൻ വരണേ …”

കുസൃതിയോടെ അവളുടെ കവിളിൽ നുള്ളിയിട്ട് അമ്മയുടെ പിറകെ ഓടുമ്പോൾ
അവൾ മനസ്സിലുറപ്പിച്ചിരുന്നു സിദ്ധുവിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാവുകയാണെങ്കിൽ എല്ലാം സ്വാതിയേച്ചിയോട് തുറന്നു പറയണമെന്ന് ….

“കല്യാണീ ….!!

അവർ ദേ എത്തി ….
സ്വാതി മോൾ ഒരുങ്ങിക്കഴിഞ്ഞില്ലേ …!!”

അച്ഛന്റെ ശബ്ദം കേട്ട് ചായ കപ്പിലേക്ക് പകർത്തിക്കൊണ്ടിരുന്ന ചാരുവിന്റെ കൈകൾ ചെറുതായൊന്നു വിറച്ചു …

“സൂക്ഷിച്ച് ചെയ്യ് മോളെ …

ചായ തുളുമ്പി ഡ്രെസ്സിലൊക്കെ ആവും …”

സ്നേഹത്തോടെ ശകാരിച്ചുകൊണ്ട് അമ്മ ഉണ്ണിയപ്പം പ്ലേറ്റിലേക്കെടുത്തു വയ്ക്കുന്നുണ്ടായിരുന്നു …

യാത്രയൊക്കെ സുഖമായിരുന്നോ …??”

മുത്തശ്ശന്റെ ശബ്ദം …

അവർ ഉമ്മറപ്പടിയിലേക്ക് കയറിയെന്നു തോന്നുന്നു …..

ചാരുലതയുടെ ഉള്ളുലഞ്ഞു ….!!

അകാരണമായൊരു വികാരം ഭയമോ ഇഷ്ടമോ എന്തെന്നറിയാത്ത ഒന്ന് ഇപ്പോഴും അയാളിലേക്കൊരു കൊളുത്തായി വലിച്ചടിപ്പിക്കുന്നുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു അവൾ ….!!

“ഇടയ്ക്ക് വച്ച് വണ്ടി ബ്രേക്ഡൗൺ ആയി…

അതാണ് താമസിച്ചത് …!!”

സുധീരനമ്മാവനാണത് ….

“മോളെ നീയ് പോയി സ്വാതിയെ വിളിക്ക് …

ചായ അവളുടെ കയ്യിൽ കൊടുത്ത് ബാക്കിയുള്ള പലഹാരങ്ങളുമെടുത്ത് മോളും അപ്പുറത്തേക്ക് പോരണം …

രണ്ടു കുടംബങ്ങളുടെയും പിണക്കം തീർന്നിട്ട് പോലും എന്റെ കുട്ടിക്ക് അവരോടൊന്ന് ശരിക്ക് അടുത്തിടപെഴകാൻ പറ്റിയില്ലല്ലോ…

ഇനിയതുപോരാ …

അപ്പുറത്ത് നിന്ന് താമസം മാറിയ ശേഷം അച്ഛന് എന്തോ നല്ല ബുദ്ധി തോന്നിതന്നെയാ ഇങ്ങനെയൊരു ആലോചനയുടെ ജാനകിയേടത്തിയെയും കുടുംബത്തിനെയും വീണ്ടും ഇങ്ങോട്ടേക്ക് തിരികെ വിളിക്കാൻ തോന്നിയത് …

ഇതൊന്നു നടന്നുകിട്ടിയാൽ നമ്മുടെ സ്വാതിയ്ക്കൊരു നല്ല ജീവിതം മാത്രല്ല ഏട്ടത്തിക്ക് ജന്ച്ചുവളർന്ന തറവാടിലേക്കുള്ള ഒരു തിരിച്ചുവരവ് കൂടിയാകും അത് ….!!”

നെടുവീർപ്പോടെ പറഞ്ഞുനിർത്തി അമ്മ പലഹാരം കൊണ്ടുപോയപ്പോഴും ചാരുലതയുടെ മനസ്സിൽ ആശങ്കകളുടെ വിത്തുകൾ മുളപൊട്ടിയിരുന്നു …

സ്വാതിയെ ഉമ്മറത്തേക്ക് പറഞ്ഞു വിട്ട് ചാരു അടുക്കളപ്പടിയിൽ അലസമായി ഇരുന്നു …

ഇവിടുന്നൊരടി അനങ്ങാൻ വയ്യ …

തന്നെ കാണണമെന്ന് ജാനകിയപ്പയോ സുധീരനമ്മാവനോ പറഞ്ഞാൽ …!!

എങ്ങനെയാ അവരുടെ മുൻപിൽ ചെല്ലുന്നേ …!!

“ചാരുവേ ഒന്നിങ്ങോട്ട് വരൂ ….!!”

മുത്തശ്ശിയാണ് ….

ഒരു നിമിഷം പോകണോ വേണ്ടയോ എന്ന് ആലോചിച്ചിട്ടും പോകണ്ടാന്നു തന്നെ തീരുമാനിച്ചു അവൾ …

എങ്ങോട്ടേക്ക് പോകും …???

അധികസമയം ഇവിടെ നിന്നാൽ ചിലപ്പോൾ ജാനകിയപ്പ തിരക്കിവരാനും മതി …

ചാരുലത ചിന്തയോടെ ഇരുന്നു ….

അഞ്ചു വർഷങ്ങൾക്ക് മുൻപ് എങ്ങനെ കണ്മുൻപിൽ നിന്ന് മറഞ്ഞോ അതുപോലെ തന്നെയുണ്ട് അയാളിപ്പോഴും മുൻപിൽ …

പകയും പ്രണയവും ഒന്നായി കണ്ട മനുഷ്യൻ …!!

തന്റെ വികാരങ്ങൾക്കും നൊമ്പരങ്ങൾക്കും പുൽക്കൊടിയുടെ പോലും സ്ഥാനം സ്വന്തം മനസ്സിൽ നൽകാതെ തന്നെഹൃദയം കൊണ്ട് ചവിട്ടിയരച്ച അയാൾ …!!

അയാൾക്ക്‌ മുൻപിൽ കെട്ടുകാഴ്ചയെ പോലെ നിൽക്കെയാണ് സ്വാതിയേച്ചി …

അതിന്റെ കൂടെ താൻ കൂടി ചെന്നുനിന്നാൽ പഴയ സിദ്ധുവിൽ നിന്ന് ഒരു മാറ്റവും അയാൾക്ക് സംഭവിച്ചിട്ടില്ലെങ്കിൽ വീണ്ടും ഒരു തമാശ വസ്തുവായി പ്രദർശിക്കപ്പെടും താൻ ….

അതിനിനി ഈ ജന്മത്തിൽ ചാരുവിനു വയ്യ …

അയാളിൽ നിന്നൊരു രക്ഷപെടൽ തന്നെയായിരുന്നു നാടുവിട്ടുള്ള പഠനം പോലും …

ഇനിയൊരിക്കൽ കൂടി അയാളെ നേർക്കുനേർ കണ്ടാൽ ഒരുപക്ഷെ തന്റെ അടക്കിവച്ച വെറുപ്പും വിദ്വേഷവുമായിരിക്കും പൊട്ടിത്തെറിക്കുന്നത് …

അല്ലെങ്കിൽ….

ഉള്ളിന്റെയുള്ളിൽ ഒരു കുഞ്ഞുതട്ടലിനായി ഇപ്പോഴും മയങ്ങിക്കിടക്കുന്ന അയാളോടുള്ള കുഞ്ഞുപ്രണയം ….!!

ചിലപ്പോൾ അതാകാം പുറത്തേക്ക് വരുന്നത് …

ഇതുവരെ ആരുമറിയാത്ത ഒന്ന് …!!

രണ്ട് കുടുംബങ്ങൾ ഇത്രയും സന്തോഷത്തോടെ എത്രയോ നാൾ കൂടി വീണ്ടും ഒന്നുചേർന്നിട്ട്താനൊരാളുടെ തുറന്നുപറച്ചിലിലൂടെ അത് നശിപ്പിക്കാനാകില്ല …!!

അഥവാ സിദ്ധാർത്ഥിന്റെ മനസ്സിനൊരിളക്കം സംഭവിച്ചിട്ടുണ്ടെങ്കിൽ ചെയ്തതെറ്റിനെ പറ്റി ഒരംശമെങ്കിലും ബോധ്യം
അയാൾക്കുണ്ടെങ്കിൽ സ്വാതിയേച്ചിക്ക് കിട്ടാൻ പോകുന്ന നല്ലൊരു ജീവിതമായിരിക്കും അറിയാതെയെങ്കിലും താനായിട്ട് തട്ടിത്തെറിപ്പിക്കുന്നത് ….!!

അത് പാടില്ല …!!

ഒരുപാട് നാളുകൂടി അവളുടെ മിഴികളിൽ കണ്ട തിളക്കം …..!!

അതൊരിക്കലും തന്റെ എടുത്തുചാട്ടം മൂലം മങ്ങിക്കൂട …

പക്ഷേ …പക്ഷെ….!!

തനിക്കെങ്ങെനെയകഴിയും ചങ്കിൽ കൊണ്ടുനടന്നയാളാണ്…

വേണ്ട ചാരു ……..!!!

ഇനിയതൊന്നും ഓർക്കാൻ പാടില്ല ..

കഴിഞ്ഞു ….!!

ഇനിയനൊന്നു വേണ്ട നിനക്ക് ഓർമ്മകളിൽ പോലും …!!

ചാരു സ്വയം സമാധാനപിക്കാനെന്ന വണ്ണം നിറഞ്ഞ കണ്ണുകൾ പതിയെ തുടച്ചു …

മുത്തശ്ശിക്ക് മറുപടി കൊടുക്കാതെ അവൾ പതിയെ മുറിയിലേക്ക് കയറി ….

സ്വാതി ഓടിപ്പിടച്ചുവന്നതും അവൾ പെട്ടെന്ന് എഴുന്നേറ്റു ….

“എന്തുപറ്റി സ്വാതിയേച്ചി …??”

“ഒന്നും പറയേണ്ട ….സുധീരനമ്മാവൻ കലമിട്ടുടച്ചെന്നു പറഞ്ഞാൽ മതിയല്ലോ …

സിദ്ധുവേട്ടനുമായി എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആവാമെന്ന് ….!!”

“സിദ്ധു …..സിദ്ധു എങ്ങനെയിരിക്കുന്നു ചേച്ചി …??”

ചാരുവിന്റെ ആകാംഷ എടുത്തടിച്ചൊരു ചോദ്യമായിപ്പോയെന്ന് പിന്നീട് ആണവൾക്ക് തോന്നിയത് ….

എന്നാൽ സ്വാതിയ്ക്ക് അതിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല …

“എനിക്ക് വലിയ മാറ്റമൊന്നും തോന്നുന്നില്ല ചാരു …

പണ്ടത്തെപ്പോലെ തന്നെ …

പിന്നെ എന്നെക്കാളും നിങ്ങൾ രണ്ടാളുമായിരുന്നല്ലോ കൂട്ട് …..!!

മുത്തശ്ശി വിളിച്ചിട്ടും നീയെന്തേ വരാഞ്ഞേ …??”

അവളൊന്നും പറയാതെ നിശ്ശബ്ദം നിന്നു ..

“ഒരിത്തിരി ധൈര്യം താ മോളേ ….

നിന്റെ രണ്ടു വാക്കുകേൾക്കുമ്പോൾ തന്നെ മനസ്സിനൊരു തണുപ്പാണ് ….”

“ഞാൻ …ഞാനെന്തു പറയാനാണ് സ്വാതിയേച്ചി ….??”

അവളുടെ ശബ്ദം പതറി ….

“എന്തും …!!

സിദ്ധുവേട്ടന്റെ മുൻപിൽ ചെന്നുനിൽക്കുമ്പോൾ എന്തെങ്കിലും ഒന്ന് ചോദിക്കണ്ടേ …

മുമ്പത്തെപോലെയൊന്നുമല്ല …

എന്തോ വല്ലാത്തൊരു ഭയം …

ഇതുകൂടി നടന്നില്ലെങ്കിൽ ഇനിയൊരു കാഴ്ചവസ്തുവായിട്ട് ഒരുങ്ങിനിൽക്കാൻ ചേച്ചിക്ക് വയ്യെടാ …!!”

അതുപറയുമ്പോൾ അവളുടെ മുഖത്ത് നിഴലിച്ച നിരാശ ചാരുവിന്റെ ഉള്ളിൽ തട്ടി…

ഉള്ളിലൊരായിരം കാരമുള്ള് ദംശിക്കുന്ന വേദനയമർത്തി അവൾ സ്വാതിയെ പുണർന്നു …

“ഇത് നടക്കും ചേച്ചി ..!!

ഇതോടെ എന്റെ ചേച്ചിയുടെ എല്ലാ വിഷമങ്ങളും മാറും …”

അവളുടെ തോളിൽ പതിയെ തട്ടുമ്പോൾ ചാരുലത മനസ്സിൽ പറഞ്ഞു…..

” എന്റെയും …!!”

○○○○○○○○○○○○○○○○○○

എത്ര ഉള്ളിലേക്കൊതുങ്ങിയിരിക്കാൻ ശ്രമിച്ചിട്ടും ജാനകിയപ്പ അവളെ തിരക്കി മുറിയിലേക്ക് വരുക തന്നെ ചെയ്തു ….

“മോളെ …!!”

അവരുടെ കരസ്പർശം അറിഞ്ഞവൾ മുഖം കുനിച്ചുനിന്നു …

“മോളെന്താണ് അപ്പുറത്തേക്ക് വരാഞ്ഞതെന്നു അപ്പയ്ക്കറിയാം …!!

എന്തുകൊണ്ടാണ് മോൾ ഞങ്ങളെ കാണാൻ മടിയ്ക്കുന്നതെന്ന് അറിയാവുന്നത് ഇപ്പോൾ എനിയ്ക്കും സിദ്ധുവിന്റെ അച്ഛനും പിന്നെ നിങ്ങൾ രണ്ടാൾക്കും മാത്രമാണ് …

ഞാൻ പറഞ്ഞു വരുന്നതിന്റെ പൊരുൾ മോൾക്ക് മനസ്സിലായല്ലോ ….??”

ചാരുലത മിഴിച്ചുനോക്കി ….

“ഇനിയും അങ്ങനെയേ പാടുള്ളൂ….”

ഒരു നിമിഷത്തിനുശേഷം അവർ തുടർന്നു ….

“വര്ഷങ്ങള്ക്കു മുൻപ് ഞാൻ എന്റെ കുടുംബത്തിനോട് ചെയ്ത ചതി അതിനോടുള്ള പ്രതികാരമായി അദ്ദേഹത്തിന്റെയും എന്നെയും ഉപദ്രവിച്ചപ്പോൾ എല്ലാത്തിനും സാക്ഷിയാകേണ്ടി വന്ന സിദ്ധുവിന്റെ ഉള്ളിലെ പക അവനോടൊപ്പം തന്നെ വളർന്നു ….

പക്ഷെ അതിന്റെ പാരമ്യതയിൽ എത്തുന്നതിനു മുൻപേ തന്നെ ഒരു നീർക്കുമിള പൊട്ടുന്ന ലാഘവത്തോടെ ഓരോ ദിവസം കഴിയുന്തോറും അതിന്റെ ആക്കം കുറഞ്ഞു വരികയാണ് …

എന്തുകൊണ്ടാണെന്ന് അപ്പയ്ക്കറിയില്ല…

ഒന്നുമാത്രമറിയാം .. .

അതെന്റെ മോൾ കാരണമാണെന്ന്….. !!”

“ഞാൻ…. ഞാനോ …??”

“അതേ …

പക്ഷെ ഇനിയതിനെക്കുറിച്ചൊന്നും പറയാനുള്ള അവസരമല്ല ….

എല്ലാം കഴിഞ്ഞിരിക്കുന്നു…

ഏതോ മുജ്ജന്മസുകൃതം ….!!

അതാവാം അച്ഛന് ഇങ്ങനെയൊരാലോചനയിലൂടെ അടർന്നുപോയ എന്നെ എന്റെ കുടുംബത്തിലേക്ക് വീണ്ടും
വിളക്കിച്ചേർക്കാൻ
തോന്നിയത്…!!

ഞാൻ സ്വാർത്ഥയാവുന്നുണ്ടെന്നു മോൾക്ക് തോന്നുന്നുണ്ടോ….??”

“ഇല്ല…. അപ്പ പറഞ്ഞോളൂ …!!”

“അപ്പയ്ക്കൊന്നേ പറയാനുള്ളു മോളെ …

അപേക്ഷയാണ്…!!”

അവർ പറയാൻ തുടങ്ങിയതും ചാരുലത അവരുടെ കൈകളിൽ മുറുകെപ്പിടിച്ചു ….

“പേടിയ്‌ക്കേണ്ട…!!

ഞാനും സിദ്ധുവുമായി എന്തൊക്കെയുണ്ടായിരുന്നോ അതെല്ലാം മറക്കാൻ ശ്രമിക്കയാണ് ഞാൻ…

ഇപ്പോൾ…എല്ലതിനെക്കാൾ എനിക്ക് വലുത് എന്റെ സ്വാതിയേച്ചിയാണ് ….

അവൾക്ക് വേണ്ടി ഞാൻ എന്തും ചെയ്യും….

എന്റെ ജീവൻ വരെ കൊടുക്കും…!!

ജാനകിയപ്പ സമാധാനമായിട്ട് പൊയ്ക്കോളൂ ….!!!”

അവരുടെ കൈകൾ വിടുവിച്ചു പുറത്തേക്ക് നടക്കുമ്പോഴേക്കും ചരുവിന്റെ കണ്ണുകൾ
എന്തിനോവേണ്ടി ഈറനണിഞ്ഞിരുന്നു….

“എന്താണ് തനിയ്ക്ക് പറ്റിയത് ..

സിദ്ധാർഥ് മാറിയിട്ടുണ്ടാകാം…

അതായിരിക്കില്ലേ ജാനകിയപ്പയും തന്നോട് ഇത്രയും പറയാൻ തുനിഞ്ഞത് …

സന്തോഷിക്കയല്ലേ വേണ്ടത് …

പാവം സ്വാതിയേച്ചി …..!!

ഇത്രയും നാൾ കൂടി അവളുടെ മുഖംതെളിഞ്ഞു …

സിദ്ധുവിനെ അവൾക്ക് ഇഷ്ടമായി എന്നത് ഉറപ്പാണ് ….

വേണ്ട ….

വീണ്ടും പഴയതൊക്കെ ഓർത്ത് ….
ചാരുലത കണ്ണുകൾ തുടച്ചു…

തന്റെ ചേച്ചിയെ കല്യാണം കഴിക്കുന്ന ആൾ ….!!

അതുമാത്രമാണിനി സിദ്ധു തനിയ്ക്ക് അങ്ങനെ തന്നെ മതി…

പോകാൻ നേരവും അവർ അന്വേഷിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു അവൾക്ക് …

സിദ്ധാർത്ഥിന്റെ അഭിമുഖീകരിക്കാനുള്ള പ്രയാസം കൊണ്ട് അവൾ മുറിയിൽ തന്നെ ചടഞ്ഞുകൂടി… !!

സിദ്ധാർഥ് തന്നെ കാണാൻ വരില്ലെന്ന് ഉറപ്പായിരുന്നു…

പിന്നെ സുധീരനമ്മാവൻ …!!

എല്ലാം അറിയുന്നതുകൊണ്ട് അവർ മൂന്നാളും അധികം നിർബന്ധിയ്ക്കില്ല അതുമൊരാശ്വാസം…

വാതിലിൽ തട്ട് കേട്ട് അവൾ ബോൾട്ട്
തുറക്കാനായി ആഞ്ഞു …….!!

വിടർന്ന ചിരിയോടെ മുൻപിൽ നിൽക്കുന്ന ആളെ അവൾ ഒരു നിമിഷം കണ്ണിമകനാക്കാതെ ഉറ്റു നോക്കി …..

“സിദ്ധു …!!”

സ്വാതിയേച്ചി പറഞ്ഞത് ശരിയാണ് ….

അല്പം തടിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ വേറൊരു മാറ്റവുമില്ല…

ഒരു കണ്ണട മുഖത്തു സ്ഥാനം പിടിച്ചിട്ടുണ്ട്…

ശരിയ്ക്കും ഒരു ഡോക്ടറുടെ ഭാവംതന്നെയായി ആളിപ്പോൾ …!!

“ചേച്ചി അപ്പുറത്തേക്ക് വന്നിട്ടുണ്ട് …ഇവിടെയില്ല ….!!”

വാക്കുകൾ കൊത്തിപ്പെറുക്കുമ്പോഴും അയാളുടെ മുഖത്തോടെ നോക്കാൻ അവൾക്കാവുന്നുണ്ടായിരുന്നില്ല ….

“ചാരു ….!!”

ആർദ്രമായി സിദ്ധാർഥ് വിളിച്ചു …

“മറന്നോ നീയെന്നെ… ??”

ചാരുലതയുടെ ഉള്ളം വിങ്ങി …

“മറക്കാനോ…??

എന്നെ വഞ്ചിച്ച നിങ്ങളെയോ …!!

ഈ ജന്മം ചാരുവിനത് പറ്റില്ല…

ദയവു ചെയ്ത്
ഒന്ന് പോയിതരൂ …!!”

പതിഞ്ഞ ശബ്ദത്തിൽ അവൾ മുറുമുറുത്തു …

“നിന്നെ വഞ്ചിച്ച സിദ്ധാർത്ഥിനെയല്ല നിന്നെ സ്നേഹിച്ചിരുന്ന സിദ്ധാർത്ഥിന്റെ മറന്നോ എന്നാണ് എന്റെ ചോദ്യo…!!”

ഉത്തരം പറയാതെ അവൾ വാതിൽ വലിച്ചടക്കുമ്പോഴേക്കും പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ നിലത്തുവീണിരുന്നു…..

●●●●●●●●●●●

“ചിങ്ങം മുപ്പത് …..അതുമതി ജ്യോത്സരേ …!!”

അച്ഛൻ പറയുന്നത് കേട്ടുകൊണ്ട് ആണ് ചാരുലതയും സ്വാതിയും കുളക്കടവിൽ നിന്ന് വീട്ടിലേക്കുള്ള പടികൾ കയറിയത്…

കത്തിച്ചുവെച്ച തിരിയും നിരത്തിവെച്ച കവടിപ്പലകയും കണ്ടപ്പോഴേ കാര്യം മനസ്സിലായിരുന്നു …

“അപ്പോൾ അതങ്ങു ഉറപ്പിയ്ക്കാം ….!!”

എല്ലാവരുടെ മുഖത്തുംആലോചനയുറച്ചതിന്റെ സന്തോഷം അലയടിക്കുന്നുണ്ട് …

“ഇന്ന് പതിനൊന്നായി…….

ഇത്രയും കുറച്ചു ദിവസം കൊണ്ട് കൂട്ടിയാൽ കൂടോ അച്ഛാ ….??”

അച്ഛൻ മുത്തശ്ശനോട് ചോദിക്കുന്നത് കണ്ട് ചാരുലത അകത്തേക്ക് നടന്നു ….

മുറുക്കിചുവപ്പിച്ച ചുണ്ടു നനച്ചുകൊണ്ട് അദ്ദേഹം വെളുക്കെ ചിരിച്ചു …

“നിനക്കോർമ്മയില്ലേ ജാനകിയുടെ കല്യാണം …!!

എത്ര നാളുണ്ടായിരുന്നു ഒരുക്കങ്ങൾക്ക് …

വൃശ്ചികം അവസാനം തീരുമാനമായതാണ് ആലോചന …!!

ധനു ആദ്യവാരം പന്തൽ പൊങ്ങിയില്ലേ …

അതുപോലെ ഇതും നടക്കും ….!!”

പറയുമ്പോൾ മുത്തശ്ശന്റെ മുഖത്തുദിച്ച തീക്ഷ്ണഭാവം ചാരുലത ശ്രദ്ധിക്കാതിരുന്നില്ല …

“അത് നടക്കാതെ പോയി ….!!

തീരുമാനങ്ങളെല്ലാം തെറ്റി ..

പക്ഷേ …!!

ഇത്തവണ ഞാനാഗ്രഹിക്കുന്നതുപോലെയെ നടക്കൂ …

എല്ലാം ….!!”

വിഷാദത്തോടെ തലതാഴ്ത്തിയിരിക്കുന്ന മുത്തശ്ശിയുടെ കണ്ണുകളിലും ചാരുലതക്ക് അപകടം മണക്കുന്നുണ്ടായിരുന്നു ……

തുടരും ♡♡♡