സിദ്ധചാരു ~ ഭാഗം 10, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

മുഖത്ത് നിന്ന് കണ്ണടയടർത്തിയെടുത്തുകൊണ്ട് ആ യുവതി ചാരുവിനെ നോക്കി പുഞ്ചിരിച്ചു …!!

അമ്പരപ്പോടെ ചാരുലത ഒന്നുകൂടി അവരെ നോക്കി …

നെയിം ബോർഡിലെ പേര് അപ്പോഴാണ് ശ്രദ്ധിച്ചത്

“ഡോക്ടർ അഞ്ജലി പ്രതാപ് …!!”

“ഞാൻ …ഞാൻ …ഡോക്ടർ ലാവണ്യയുടെ ട്രീട്മെന്റിനായിരുന്നു അപ്പോയ്ന്റ്മെന്റ് എടുത്തത് …!!”

“ഒരാഴ്ച മുൻപല്ലേ …!!

ലാവണ്യ എമർജൻസി ലീവെടുത്ത് നാട്ടിലേക്ക് പോയി …

ഇവിടുത്തെ ഇൻചാർജ് ഇപ്പോൾ ഞാനാണ് …

ചാരുലത പറഞ്ഞോളൂ …

എന്താണ് പ്രശ്‌നം …??”

തെല്ലൊരു ആശയക്കുഴപ്പത്തോടെ ചാരു ചിന്തിച്ചിരുന്നു ……!!

○○○○○○○○○○○○○○○

“എന്താ പറ്റിയത് സാർ വൈഫിന് …??”

തിരികെ ജീപ്പിൽ കയറ്റമിറങ്ങി വരുമ്പോഴായിരുന്നു ഡ്രൈവറിന്റെ ചോദ്യം…

” ബ്ലഡ് പ്രെഷർ ലോ ആയതാണ് …..!!

വേറെ പ്രശ്നമൊന്നുമില്ല ….!!”

സിദ്ധാർഥ് പറയാൻ താല്പര്യമില്ലാത്ത മട്ടിലെന്ന പോലെ പറഞ്ഞു …

ചാരുവിന്റെ അനുവാദത്തിന് കാത്തുനിൽക്കാതെ കട്ടിയുള്ള ഷാൾ കൊണ്ട് അവളെ മൂടിപുതപ്പിച്ചു തന്നോട് ചേർത്ത് പിടിച്ചു …

വാക്കുകൊണ്ട് പോലും തടുക്കാനാകാത്ത വിധം ചാരു അയാളുടെ വലയത്തിനുള്ളിൽ അനുസരണയോടെ കിടന്നു …

ഹോട്ടലിലെത്തിയിട്ടും അവളുടെ ക്ഷീണം മാറിയിരുന്നില്ല …

ഓരോനിമിഷവും ജയിക്കണമെന്ന എത്ര തീവ്രമായി ആഗ്രഹിക്കുന്നോ അതേ അളവിൽ തന്നെ സിദ്ധാർഥിനോട് തോറ്റുപോകുകയാണ് ചെയ്യുന്നതെന്ന് അവൾ വേദനയോടെ ഓർത്തു …!!

“ഭക്ഷണം കഴിക്ക് ചാരുവേ …!!”

ആവിപറക്കുന്ന കാസറോൾ ആവളുടെ മുൻപിലേക്ക് നീക്കിവച്ചുകൊണ്ട് സിദ്ധാർഥ് ആജ്ഞാസ്വരത്തിൽ പറഞ്ഞു …

ചാരു വിസമ്മതം പ്രകടിപ്പിച്ചു …

മുഖം വീർത്തുകെട്ടിയിരുന്ന ആവളുടെ ചുണ്ടുകൾക്കിടയിലൂടെ ചെറുചൂടോടെ ഭക്ഷണം കടന്നുകയറിയപ്പോഴേക്കും നിരസിക്കാൻ അവൾ വൈകിപ്പോയിരുന്നു …!!

ദേഷ്യഭാവത്തിൽ സിദ്ധാർത്ഥിന് നേരെ മുഖം തിരിക്കുമ്പോൾ അയാൾ അവൾക്കുവേണ്ടി അടുത്ത ഉരുള ഒരുക്കുകയായിരുന്നു ……!!!

രാവിലെ സിദ്ധാർഥ് ഉണർന്നിട്ട് ഏറെയായിട്ടും ചാരു ഉണർന്നിരുന്നില്ല …!!

തട്ടിയുണർത്തുന്നതിന് മുൻപേ കൈ നെറ്റിയിലായി തട്ടിയപ്പോഴായിരുന്നു ചെറിയ ചൂടനുഭവപ്പെട്ടത് …

തെർമോമീറ്ററിൽ പനിഅളന്നപ്പോൾ കൂടുതലാണ് ….!!

പിന്നീട് അയാൾ വിളിക്കാൻ നിന്നില്ല …

തുണി നനച്ചു നെറ്റിയിലിട്ടു കൊടുത്തുകൊണ്ട് അയാൾ അവൾക്ക് കാവലിരുന്നു …

റൂം ബോയ് കൊണ്ടുവച്ച ഭക്ഷണം കഴിക്കാൻ പോലും തോന്നിയില്ല സിദ്ധാർത്ഥിന് ….

ഇന്നലത്തെ യാത്രയും നടത്തവും മഞ്ഞും കാറ്റും തണുപ്പുമൊക്കെ ചാരുവിനെ ആകെത്തളർത്തിയിട്ടുണ്ട് ….!!

സിദ്ധാർഥ് അലിവോടെ അവളെത്തന്നെ നോക്കിയിരുന്നു …

“ഡോക്ടറും പേഷ്യന്റ്ഉം ഒരു മുറിയിൽ തന്നെയുണ്ടല്ലോ ….!!

അപ്പോൾചികിത്സ എളുപ്പമായില്ലേ …..!!”

ഫോൺ വിളിച്ചപ്പോൾ ചാരുവിന്റെ അസുഖകാര്യം പറയുന്നതിനിടക്കാണ് അർജുവിന്റെ തമാശ കൂട്ടത്തിലൊന്ന് പൊടിഞ്ഞത് …

“ഫോൺ വയ്ക്കുവാ അർജ്ജൂ …. !!

ചാരു ഉണർന്നെന്നു തോന്നുന്നു …”

ഫോൺ വച്ച് തിരിഞ്ഞുനോക്കിയപ്പോൾ ചാരു ബെഡിൽ ഉണർന്നിരിപ്പുണ്ടായിരുന്നു …

“എഴുന്നേറ്റോ …??

ക്ഷീണമുണ്ടെങ്കിൽ താനൽപ്പം കൂടി കിടന്നോളു …”

സിദ്ധാർഥ് അവളുടെ അരികിലേക്ക് നടന്നു …

പനിയുടെ കാഠിന്യവും തലയ്ക്കു കൂടിവരുന്ന ഭാരവും കൊണ്ട് മന്ദത തോന്നുന്നുണ്ടായിരുന്നു ചാരുവിന് …

കണ്ണുകളിലെ പുകച്ചിലും ചൂടും കൊണ്ട് കണ്ണീർ കുമിഞ്ഞുകൂടുന്നു ….

പുറത്തേക്കൊഴുകാതെ അവളതു പണിപ്പെട്ട് തടഞ്ഞുനിർത്തി …

“ഈ ടോണിക് കൂടി കഴിക്ക്….!!!

തനിക്കൊട്ടും ഇമ്മ്യൂണിറ്റി പവർ ഇല്ല …

ഒരു കാറ്റ് വീശിയാൽ തന്നെ കൊഴിഞ്ഞു താഴെകിടക്കും …!!”

അവളൊന്നും മിണ്ടിയില്ല …

തോറ്റു തോറ്റു ഇനിയും ഇയ്യാളുടെ കാലടിയിൽ കിടക്കാനാകില്ല…..

അവൾ ദേഷ്യത്തോടെ കിടക്ക വിട്ടെണീക്കാൻ ഭാവിച്ചു …

കാൽപാദം നിലത്തുറക്കുന്നില്ല വെച്ചുവീഴാൻ പോയ അവളെ വീണ്ടും താങ്ങിനിർത്തി സിദ്ധാർഥ് …

ഇരുവിരലുകളും കീഴ്താടിയിൽ കൂട്ടിപ്പിടിച്ചു ചുണ്ടുപിളർത്തി നിർബന്ധിച്ചു മരുന്ന് വായിലേക്കൊഴിച്ചുകൊടുത്തു……

അപ്രതീക്ഷതമായതിനാൽ ചാരുവിനത് തടയാൻ കഴിഞ്ഞില്ല …..

ആ ദേഷ്യം അവൾ തീർത്തത് പകുതിയോളം മരുന്ന് സിദ്ധാർത്ഥിന്റെ മുഖത്തിലും കയ്യിലും തുപ്പിയൊഴിച്ചുകൊണ്ടായിരുന്നു …!!

ചെറിയ ചിരിയോടെ അയാളത് തൂവാല കൊണ്ട് തുടച്ചു ….!!

“ഒരു ഔൺസ് എങ്കിലും അകത്തേക്കെത്തിയിട്ടുണ്ടാകും ….

എനിക്കതുമതി …!!”

കിതച്ചുകൊണ്ട് നിൽക്കുന്ന അവളെ നോക്കി വീണ്ടും നിഷ്കളങ്കമായി പുഞ്ചിരിച്ചു സിദ്ധു …

“പ്രിയതമ പോയി മുഖമൊക്കെ കഴുകി ഫ്രഷായി വായോ …!!

എനിക്ക് വിശക്കുന്നു …

നമുക്ക് ഒത്തിരുന്ന് കഴിക്കാം …!!”

കെട്ടിനിർത്തിയ കണ്ണീർ ധാരയായി പുറത്തേക്ക് വമിക്കുന്നത് അവളറിഞ്ഞു ….

അവശതയോടെ ബാത്റൂമിലേക്കവൾ നടക്കുമ്പോൾ സിദ്ധുവിന്റെ കണ്ണുകളിലും വേദന പടരുന്നുണ്ടായിരുന്നു …

“ചാരു….!!

നിനക്ക് സുഖമില്ലെങ്കിൽ യാത്ര ഇവിടെ വച്ചു നിർത്താം ….

എന്തുപറയുന്നു …??”

ഭക്ഷണം കഴിക്കുമ്പോഴായിരുന്നു സിദ്ധാർത്ഥിന്റെ ചോദ്യം …

മറുപടി പറഞ്ഞില്ല …

അല്ലെങ്കിലും അയാളുടെ ചോദ്യങ്ങൾക്കൊക്കെ മറുപടി നല്കുന്ന ശീലം മറന്നിരിക്കുന്നു …!!

ഒന്നോ രണ്ടു വാക്കുകളിലൂടെ മാത്രം സംസാരത്തെ ഒതുക്കി മൂന്ന് നാല് ദിവസങ്ങളായി താനെങ്ങനെ ജീവിക്കുന്നുവെന്നോർത്ത് ചാരുവിനു തന്നെ അത്ഭുദം തോന്നി …!!

അവളിൽ നിന്ന് മറുപടിയൊന്നും പ്രതീക്ഷിക്കാത്തതുകൊണ്ടാകാം അതിന് കാത്തുനിൽക്കാതെ സിദ്ധാർഥ് ഫോണുമായി വെളിയിലേക്ക് പോകുന്നത് ചാരു ശ്രദ്ധിച്ചു …

പത്തുമിനിട്ടിനകം തിരികെ വന്നുകൊണ്ട് അയാൾ പറഞ്ഞു …..

“അർജ്ജുനെ വിളിച്ചുപറയാൻ പോയതാണ് …

ടിക്കറ്റ് റെഡിയാവാൻ എന്തായാലും ഇനിയും സമയമെടുക്കും …

നിനക്ക് വയ്യാത്തതുകൊണ്ട് ബസ്സിലുള്ള തിരിച്ചുപോക്ക് പറ്റില്ലെന്ന് അവനോട് പറഞ്ഞിട്ടുണ്ട് …

എന്നെക്കൊണ്ട് ടിക്കറ്റെടുപ്പിക്കാൻ പുള്ളിക്കാരൻ സമ്മതിക്കുന്നുമില്ല …

ഇന്നൊരുരാത്രി ഇവിടെ തന്നെ തങ്ങാം ….

ഒരു ദിവസത്തേക്കല്ലേ പറഞ്ഞിരുന്നത് …

ഞാനതൊന്നു റിസപ്ഷനിൽ പറഞ്ഞിട്ടുവരാം …!!”

ശരം കണക്കേ സിദ്ധാർഥ് വാതിൽ തുറന്നു പുറത്തേക്ക് പോകുമ്പോഴും ചാരു നിർവികാരയായിരുന്നു …!!

ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളെല്ലന്ന് അവൾക്ക് തോന്നിപ്പോയി ….

തന്നേബാധിക്കുന്നത് കേവലം സ്വതിയേച്ചിയെക്കുറിച്ചുള്ള അറിവ് മാത്രമാണ് …!!

നേരെ ചോദിച്ചാൽ സിദ്ധാർഥ് അതുപറയുമെന്ന് തോന്നുന്നില്ല …

എങ്ങനെയും അതറിഞ്ഞുകൊണ്ട് തന്നെ ഇയാളിൽ നിന്നകലണം എനിക്ക്….!!

ചാരുലത മനസ്സിലുറപ്പിച്ചു …

“വൈകിട്ടിവിടെ ഒരു ഡിജെ പാർട്ടി ഉണ്ട് …

ഇത്രയിടം വരെ വന്നിട്ട് നമുക്ക് നേരെചൊവ്വേ വിചാരിച്ചയിടത്തെല്ലാംഒന്ന് പോകാൻ പോലും കഴിഞ്ഞില്ലല്ലോ …!!

നമുക്കിതിലൊന്നു പോയി നോക്കിയാലോ …”

സിദ്ധാർത്ഥിന്റെ സംസാരം ചാരുലതയെ ചോദിപ്പിക്കുന്നുണ്ടായിരുന്നു …

“താല്പര്യമില്ല …!!”

അവളൊറ്റ വാക്കിൽ പറഞ്ഞു നിർത്തി …

“ഞാനേതായാലും പോകാൻ തീരുമാനിച്ചു …!!

നീയേതായാലും മുറിയിൽ ഒറ്റക്കിരിക്കണ്ട ….!!”

അറുത്തുമുറിച്ചുപറഞ്ഞു കൊണ്ട് സിദ്ധാർഥ് പോകാൻ ഭാവിച്ചപ്പോഴേക്കും ചാരുവിന്റെ ക്ഷമ കെട്ടിരുന്നു …!!

“നിങ്ങളെന്റെ ആരാണ് അതിന് ….??

നിങ്ങൾ പോകുന്നിടത്തെല്ലാം ഞാനും പോകണം …!!

നിങ്ങൾ പറയുന്നതെല്ലാം പാവയെ പോലെ അനുസരിക്കണം ….!!

എന്നോടിത്രയും ദ്രോഹം ചെയ്തിട്ടും …ചതിച്ചെന്നെ നേടിയിട്ടും ഞാൻ നിശ്ശബ്ദയായിരിക്കുന്നത് എന്റെ ദൗർബല്യമാണെന്ന് വിചാരിക്കരുത് …!!

എന്റെ സ്വാതിയേച്ചി എവിടെയാണെന്ന് നിങ്ങളുടെ വായിൽ നിന്ന് തന്നെ അറിയുന്നത് വരെ മാത്രമേയുണ്ടാവൂ ഈ ഭാര്യ ഭർതൃ നാടകം ….!!”

അവളെക്കുറിച്ചൊന്നറിഞ്ഞാൽ ഈ വേഷം ഞാനഴിക്കും ….!!

കളമൊഴിഞ്ഞ തട്ടിലെ ഒറ്റയാൾ കഥാപാത്രമായി പിന്നെ നിങ്ങൾക്ക് കെട്ടിയാടാം ….!!”

അടക്കിപ്പിടിച്ച കോപത്തിന് നൂറുകണക്കിന് തീപ്പൊരി ചാർത്തി ചാരുലത സിദ്ധാർത്ഥിന്റെ നേർക്ക് പൊട്ടിത്തെറിച്ചു …

“അവളെവിടെയാണ് ….എന്തെങ്കിലും ആപത്ത് പിണഞ്ഞിട്ടുണ്ടാവുമോ ….എന്നൊക്കെയറിയാതെ നെഞ്ചുനീറി പിടയുമ്പോഴാണോ സിദ്ധു നിങ്ങളെന്നോട് ആഘോഷിക്കാൻ പറയുന്നത് ….??”

“നീയെന്താ പറഞ്ഞത് ചാരു …??”

അവിശ്വസനീയതയോടെ അയാൾ അവളെ നോക്കി …

അവൾ സംശയത്തോടെ അയാളെയും …

“നീയെന്താ എന്നെ വിളിച്ചതെന്നറിയോ ചാരു …??

സിദ്ധു ….!!

എത്ര നാളായി നീയങ്ങനെയൊന്ന് എന്നെ വിളിച്ചിട്ടെന്നറിയോ …??”

ചാരുവിന് പുച്ഛം തോന്നിപ്പോയി സ്വയം …

ഇത്രയൊക്കെഹൃദയം പൊട്ടി പറഞ്ഞിട്ടും ഒരു പേര് വിളിച്ചതിൽ അയാൾ ആനന്ദം കണ്ടെത്തുന്നു …

“മധുരം വാക്കിൽ ചാലിച്ച് ഇനിയും ഓരോന്ന് പറഞ്ഞ് എന്നെ മണ്ടിയാക്കാൻ നോക്കണ്ട സിദ്ധു …!!

എന്റെ സ്വാതിയേച്ചിയെവിടെയെന്നു പറയ് …!!

എത്രയും പെട്ടെന്ന് പോകണം എനിക്ക് നിങ്ങളിൽ നിന്ന് …!!

ഈ നശിച്ച ജീവിതത്തിൽ നിന്ന് ….!!!”

തിളച്ചുപൊന്തിയ ദേഷ്യം കണ്ണിൽ കൂടി ഒഴുകാതിരിക്കാൻ അവൾ സ്വയം കടിച്ചമർത്തി …!!

തനിക്കരികിലേക്ക് സിദ്ധാർഥ് നടന്നടുക്കുമ്പോഴേക്കും സ്വയം പതറിപോകുന്നത് അവൾ തിരിച്ചറിയുന്നുണ്ടായിരുന്നു …

“അപ്പോൾ സ്വാതി എവിടെയാണെന്നറിഞ്ഞാൽ ചാരു എന്നെ വിട്ടിട്ട് പോകും അല്ലെ …??”

തീക്ഷണതയുറ്റുന്ന കണ്ണുകളെ അയാൾ അവളുടെ കണ്ണുകളിൽ കോർത്തെടുക്കുന്നുണ്ടായിരുന്നു …

“ഉറപ്പായും പോകും …!!

അതുവരെ മാത്രമേ കാണുള്ളൂ എന്റെ കഴുത്തിൽ നിങ്ങൾ കെട്ടിയ ഈ താലിചരട് ….”

അതെ തീക്ഷ്‌ണത മിഴികളിലാവാഹിച്ചുകൊണ്ട് ചാരു തുറന്നടിച്ചു …

“അത് നീയറിഞ്ഞില്ലെങ്കിലോ …??

ഈ താലിച്ചരട് ജീവിതകാലം മുഴുവൻ നിന്റെ കൂടെ കാണില്ലേ ….

നീ എന്റെ കൂടെയും ….!!”

പിടയ്ക്കുന്ന ഹൃദയത്തോടെ ചാരു അയാളെ നോക്കുമ്പോഴേക്കും സിദ്ധാർഥ് മുറിവിട്ടുപോയിരുന്നു ….

○○○○○○○○○○○○○○

“ഇപ്പോൾ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണം ….??”

ഡോക്ടർ അഞ്ജലിയുടെ ചോദ്യം ചാരുവിനെ മൗനത്തിലാക്കി …

“മിസ്സ് ചാരുലത ….!!

തന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ ….

ആദ്യത്തെ ഒരാവേശത്തിന് ഇങ്ങനെയൊക്കെ തോന്നും …!!

തനിക്ക് ഒട്ടും നിവൃത്തിയില്ലാത്തൊരു അവസ്ഥയാണെന്ന് എനിക്ക് തോന്നുന്നില്ല …

തന്റെ നെറ്റിയിലെ മായാത്ത സിന്ദൂരവും കഴുത്തിലെ താലിയും അതിനുള്ള തെളിവെനിക്ക് തരുന്നുണ്ട് ….

ഒന്നുകൂടി ശരിക്കൊന്നാലോചിക്കു കുട്ടീ ….!!”

“ആലോചിക്കാനൊന്നുമില്ല ഡോക്ടർ …!!

ഞാൻ ഈ കുഞ്ഞിനെ ആഗ്രഹിക്കുന്നില്ല ….!!

ഇപ്പോൾ മാത്രമല്ല ഇനിയൊരിക്കലും …!!

ഈ ജീവൻ ഓരോ ദിവസവും എന്റെയുള്ളിൽ തുടിക്കുമ്പോഴും മറക്കാൻ ശ്രമിക്കുന്ന അയാളുടെ മുഖം തിരയടിക്കുന്ന ശക്തിയോടെ എന്റെ ഹൃദയത്തിൽ നൊമ്പരത്തിന്റെ മണൽത്തരികൾ കുത്തിയിറക്കി ഉൾവലിയുന്നതുപോലെ ….!!!

ഇനിയുമീ ഭാരം എന്റെ ഉദരത്തിൽ വേണ്ട…!!

മനസ്സിലും …!!!”

ഉറച്ച ശബ്ദത്തോടെ ഓരോ അക്ഷരങ്ങളും ഉതിർക്കുമ്പോഴും അവളുടെ കണ്ണുകൾ സജ്‌ജലങ്ങളായിരുന്നു …

തുടരും …