സിദ്ധചാരു ~ ഭാഗം 12, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

“എന്തുപറ്റി ചാരുമോളെ …??”

പിറകിലൊരു കൈ താങ്ങിയ്പ്പോഴാണ് രാച്ചിയമ്മയെ അവൾ ശ്രദ്ധിച്ചത് ..

“ഒന്നുമില്ല …രാച്ചിയമ്മേ …

നമുക്ക് വേഗം പോകാം …”

ധൃതിയിൽ അവരോടൊപ്പം അവിടെ നിന്ന് നടന്നു നീങ്ങുമ്പോഴും അവൾ പിന്തിരിഞ്ഞ് സിദ്ധാർത്ഥിനെ നോക്കാതിരുന്നില്ല …

വീട്ടിലെത്തിയപ്പോഴേക്കും അവൾ ആദ്യം വിളിച്ചത് മഹിമയെ ആയിരുന്നു ..

“മഹി …നിനക്ക് പറ്റുമെങ്കിൽ ഒരുപകാരം ചെയ്യാമോ ..??”

“പറയടി…. എന്തിനാ ഇത്ര മുഖവുര ….??”

“നീ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ ഒരു സിറ്റിഹോസ്പിറ്റലിൽ പുതുതായി ചാർജ്ടുക്കുന്ന ഡോക്ടറിന് വീടൊഴിഞ്ഞു കൊടുക്കണമെന്ന് …

എനിക്ക് സമ്മതമാണ് ….!!”

“നീയെന്താ ചാരു ഈ പറയണേ …??”

“കാര്യമായി പറഞ്ഞതാ മഹി …

ആ ഡോക്ടറിന്റെ ഡീറ്റെയിൽസ് എന്തെങ്കിലും അറിയ്യോ നിനക്ക് …??”

“ഇല്ല ..

വരുമ്പോൾ പരിചയപെടാല്ലോ എന്നാണ് വിചാരിച്ചേ ….”

“ഉം …
ഞാൻ സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തുവെക്കാം …

ഒരു ടാക്സി പറഞ്ഞയച്ചെക്കാമോ അതിനു വേണ്ടിയാണ് നിന്നെ വിളിച്ചത് …

ഏലൂരുള്ള വർക്കിംഗ് വിമെൻസ് ഹോസ്റ്റലിലേക്ക് തല്ക്കാലം ഷിഫ്റ്റ് ചെയ്യാം …..

അയാളെപ്പോഴാണ് ഇവിടേക്ക് വരുമെന്നത് നിനക്കറിയോ….??”

” ഇല്ല ചാരു ….

പക്ഷെ നീയെന്തിനാ ഇങ്ങനെ ധൃതി പിടിയ്ക്കണേ …

കുറഞ്ഞത് അയാളോട് സംസാരിക്കാനെങ്കിലും നീയെന്നെയൊന്നു സമ്മതിക്കു …”

“ഒന്നും വേണ്ട മഹി …

ഞാനെല്ലാം അറിഞ്ഞു കഴിഞ്ഞു …

കണ്ടത് ശരിയാണെങ്കിൽ ….

അറിഞ്ഞത് ശരിയാണെങ്കിൽ …

അത് അയാൾ തന്നെയായിരിക്കും …”

“എന്തറിഞ്ഞെന്ന് …??”

“ഒന്നുമില്ല …

ഇന്നുകൂടിയെ എന്റെ ശല്യം നിനക്ക് കാണുള്ളൂ ട്ടോ …

രാച്ചിയമ്മേയും ഇന്ന് നിന്റെ പക്കൽ ഞാൻ തിരിച്ചേൽപ്പിക്കും …!!”

അവളെത്തന്നെ നോക്കി സങ്കടത്തോടെ നിൽക്കുന്ന രാച്ചിയമ്മയെ നോക്കി ചാരു മൃദുവായൊന്നു പുഞ്ചിരിച്ചു …

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ഫോൺ വെച്ചതിനു ശേഷവും പാക്കിങ്ങിനായി മുറിയിലേക്ക് പോകുമ്പോഴും അവർ വീണ്ടും വീണ്ടും ചോദിക്കുന്നുണ്ടായിരുന്നു എന്തിനാ ഇങ്ങനെ ധൃതി പിടിച്ചൊരു പോക്കെന്ന് ….

മറുപടി കൊടുക്കാതെ ഒഴിഞ്ഞുമാറുന്നത് ഏതുനിമിഷവും പിടിക്കപ്പെടാം എന്ന് ഭയം ഏറിവരുന്നതുകൊണ്ടാണെന്നു അവർക്കറിയില്ലല്ലോ ….

ടാക്സി മുറ്റത്തേക്ക് വന്നിറങ്ങുന്നതിന് മുൻപേ തന്നെ ചാരു എല്ലാം പായ്ക്ക് ചെയ്തിരുന്നു …

പിന്നാലെ സ്കൂട്ടിയിൽ വന്നിറങ്ങിയ മഹിയും സാധനങ്ങൾ ഇറക്കി വയ്ക്കാൻ സഹായിച്ചു ….

“നീ അവിടെക്കൊന്നു വിളിച്ചു നോക്കു ചാരു …

റൂം ഒഴിവില്ലെങ്കിൽ പോകുന്നത് വെറുതെയാവില്ലേ …

മാത്രവുമല്ല വർക്കിംഗ് വിമൻസ് ഹോസ്റ്റലാണ് …

സ്വന്തമായിട്ട് ഒരു ജോലി കൂടിയില്ലാതെ നീ എന്ത് ഉറപ്പിന്റെ പുറത്താണ് അവിടേക്ക് മാറുന്നത് …??

ആ യുക്തി എത്ര ചിന്തിച്ചിട്ടും എനിക്ക് മനസിലാവുന്നില്ല …”

ചാരു മിണ്ടാതെ ഫോൺ ഡിറക്ടറി കയ്യിലെടുത്തു …

ഫോണുമായി അകത്തേക്ക് പോയ ചാരു വിവർണ്ണമായ മുഖത്തോടെയായിരുന്നു തിരികെ വന്നത് ..

“എന്തുപറ്റി …??

അവരെന്താ പറഞ്ഞത്…??”

മഹിമ ആരാഞ്ഞു …

“ഇന്നലെ ഞാൻ വിളിച്ചപ്പോൾ ഒരു മുറി അവർ എനിക്കായി ഉറപ്പ് പറഞ്ഞതാണ് ..

പക്ഷെ …

ഒരത്യാവിശ്യം വന്നപ്പോൾ വേറെ ആളിന് വിട്ടുകൊടുത്തെന്ന് മാത്രവുമല്ല ഞാൻ ഉറപ്പായും വരുമെന്ന് പറഞ്ഞിട്ടില്ലായിരുന്നുവെന്ന് …”

“നീ ഇന്നലെയെ അവിടെ വിളിച്ചുതിരക്കിയിരുന്നോ …??”

“ഉം….

അഥവാ ആ ഡോക്ടർ സമ്മതിച്ചില്ലെങ്കിലോയെന്ന് കരുതി ….”

“ഇപ്പോഴും അയാൾ സമ്മതിക്കുമോ ഇല്ലയോ എന്ന് അറിയില്ലല്ലോനമുക്ക്…..

നീയെന്തിനാ ഇങ്ങനെ തിടുക്കം കൂട്ടുന്നെ …

വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കയാണ് മുഖത്തെ പരിഭ്രമം …

എന്തെങ്കിലും പ്രശ്നം ഉണ്ടോ …??”

“ഇല്ല മഹി ….”

ചാരു വിളറിയ പുഞ്ചിരി നൽകി ….

“എന്തായാലും ഞാൻ ടാക്സി തിരികെ പറഞ്ഞുവിടാൻ പോകയാണ് …”

“അത് വേണ്ട …

അയാൾ താമസത്തിനായി ഇന്ന് സന്ധ്യക്ക് മുന്നേ എത്തുമെന്നല്ലേ പറഞ്ഞത് …

വേറെ എവിടെയെങ്കിലും അന്വേഷിക്കാം …”

അതുവരെ മിണ്ടാതെ ഒരറ്റത്തായി മാറി നിന്ന രാച്ചിയമ്മയോടായി മഹി പറഞ്ഞു …

“ഇവളെ പറഞ്ഞോന്നു മനസ്സിലാക്കു രാച്ചിയമ്മേ …

ഈയവസഥയിൽ അങ്ങനെ എവിടെയെങ്കിലും ഇവളെക്കൊണ്ട് ചെന്നാക്കാൻ കഴിയോ എനിക്ക് …

ഏതുസമയത്താണ് ഒരത്യാവിശ്യം വരികന്നെനിക്കറിയില്ല ….

ഇവിടാണെങ്കിൽ എപ്പോൾ വേണമെങ്കിലും എനിക്കോടി വരാം …”

രാച്ചിയമ്മ ചാരുവിന്റെ തോളിൽ കയ്യമർത്തി …

“മഹിമോൾ പറയുന്നത് ശരിയാണ് മോളെ …

മോളോട്ക്കായിരുന്നെങ്കിൽ രാച്ചിയമ്മക്ക് അത്രയും പേടിയില്ല പക്ഷെ …

വയറ്റിലൊരു കുഞ്ഞിനേയും പേറി നീ കുറച്ചുനാൾ മുൻപ് ഇവിടേക്ക് വന്ന രീതി ഞാൻ കണ്ടതാണ് അന്ന് നിന്റെ കൈത്താങ്ങാകാൻ മഹിമോളുണ്ടായിരുന്നു …!!

ചെല്ലുന്നിടത്തെല്ലാം അങ്ങനെയാവണമെന്നില്ല …”

“പക്ഷെ …”

“നീയൊന്നും പറയണ്ട …

വരുന്ന ആളോട് കാര്യം പറയാം …

അയാൾക്ക് മനസ്സിലാവുമെങ്കിൽ ആവട്ടെ …

അല്ലെങ്കിൽ ഞാൻ എന്തെങ്കിലും വഴി കാണാം …

അൽപനേരം ഒന്ന് ക്ഷമിക്കൂ …!!

“പറ്റില്ല മഹി …!!!”

ചാരു പൊട്ടിത്തെറിച്ചു …

“എന്റെ അവസ്ഥ നിങ്ങൾക്കാർക്കും മനസ്സിലാവില്ല …

എത്രയും പെട്ടെന്ന് എനിക്കിവിടെ നിന്ന് പോയെ പറ്റുള്ളൂ …

വരുന്ന ആളെ എനിക്ക് കാണുകയും വേണ്ട …

ബോധിപ്പിക്കയും വേണ്ട ഒന്നും …!!”

ദേഷ്യവും വിഷമവും മിഴികളിൽ നിന്ന് കണ്ണീരായി ഉതിരാൻ തുടങ്ങിയപ്പോഴേക്കും ചാരു ക്ഷീണിച്ചുപോയിരുന്നു …

“എന്താടി കാര്യം ….??”

തളർന്നവശയായി തലയിൽ കൈകൊടുത്തിരിക്കുന്ന ചാരുവിന്റെ ശിരസ്സിൽ തലോടിക്കൊണ്ട് മഹിമ സഹതാപപൂർവ്വം അവളെ നോക്കി …

ഗേറ്റ് കടന്ന് ഒരു കാർ വീട്ടുപടിക്കലേക്ക് മൺതരികളെ ഇരുവശത്തേക്കും വിതറിച്ചുകൊണ്ട് കടന്നുവന്നത് അപ്പോഴായിരുന്നു …

“ഡോക്ടർ ആണെന്ന് തോന്നുന്നു …!!”

മഹിമയുടെ വാക്കുകൾ ചാരുവിന്റെ മുഖത്ത് ഞെട്ടലുണ്ടാക്കി …

നിന്നനില്പിൽ താണുപോയിരുന്നെങ്കിൽ മതിയായിരുന്നു ഈശ്വരാ ….!!

അവൾ ആത്മാർഥമായി പ്രാർത്ഥിച്ചു …

കൈകൾക്കുള്ളിൽ മുഖം പൊത്തിക്കൊണ്ട് അവൾ ധൃതിയിൽ അകത്തേക്കോടി മഹിമയുടെ വിളികൾ പാടെ അവഗണിച്ചുകൊണ്ട് …

ഓരോ നിമിഷവും ഉരുകിത്തീർന്നുകൊണ്ട് അവൾ മുറിയുടെ കോണിൽ സംഭ്രമത്തോടെയിരുന്നു …

“ചാരു …ചാരു എവിടെയാ നീയ് …??”

മഹിമയുടെ വിളി കേൾക്കാം…

അവൾ വീണ്ടും അകത്തേക്ക് ചുരുണ്ടുകൂടി …

“ഇവിടെ വന്നിരിക്കയാണോ …..

നീയ് പേടിക്കണ്ട കേട്ടോ …

വന്നയാളോട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട് …

നമ്മൾ ഭയനപ്പോലെയൊന്നുമല്ല …

അയാൾക്ക് കാര്യം പറഞ്ഞപ്പോൾ മനസ്സിലായി …

നിനക്ക് താഴത്തെ നില വിട്ടുകൊടുക്കാൻ അയാൾക്ക് സമ്മതമാണ് ….

നീയിങ്ങനെ അകത്തുകയറി ഒളിച്ചിരിക്കാതെ ഒന്ന് പുറത്തേക്ക് വായോ …

മര്യാദകേടാ മോളെ ഒരാൾ വീട്ടിലേക്ക് വരുമ്പോൾ ഇങ്ങനെ ഉള്ളിലേക്ക് വലിയുന്നത് …”

“എനിക്ക് ..എനിക്ക് കാണണ്ട മഹി ..

നീ സംസാരിച്ചാൽ മതി …!!”

ചാരു വിക്കിവിക്കി പറഞ്ഞു …

എത്ര നിർബന്ധിച്ചിട്ടും ചാരു പുറത്തേക്ക് വരാൻ കൂട്ടാക്കിയില്ല …

ജനലഴികളിൽ കൂടി അവൾ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടു …

നീണ്ട ഇടവേളകൾക്ക് ശേഷം ഈ മുഖം കാണുന്നത് ശീലമായിരിക്കുന്നു …

ആദ്യമായി അയൽവാസിയെപ്പോലെ വന്നിറങ്ങിയപ്പോഴും ……!!

രണ്ടാമതായി സ്വാതിയേച്ചിയെ കാണാൻ വന്നിറങ്ങിയപ്പോഴും പോലെ എപ്പോഴത്തെയും കണക്കെ മന്ദസ്മിതം സ്ഫുരിക്കുന്ന ആ വിടർന്ന മിഴികൾ …!!

കണ്ണിലും കവിളിലും ഒരുപോലെ പുഞ്ചിരിപൊഴിക്കാൻ കഴിയുന്ന ആളാണ് ….!!

സിദ്ധു ….!!

ഉമ്മറപ്പടിയിലെ ചാരുബെഞ്ചിനോട് ചേർന്നിരുന്ന് അയാൾ മഹിയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് …..

കാതുകൊട്ടിയടക്കപ്പെട്ടവളേ പോലെ മഹിമയുടെ വിളികൾക്ക് ചെവികൊടുക്കാതെ അവൾ മുറിയടച്ചുപൂട്ടി …

അവൾക്കറിയില്ല ഇതായിരുന്നു തന്റെ കഥകളിലെ സിദ്ധുവെന്ന് …!!

പേരിലൂടെ മാത്രമുള്ള പരിചയമാണ് …

വിവാഹത്തിനും അവൾ വന്നിരുന്നില്ലല്ലോ ….

വിവാഹത്തിന് ശേഷം താൻ എന്തായിരുന്നു തനിക്കെന്തുസംഭവിച്ചു അതും അവളുടെ അറിവിൽ നിന്നും മറവിലാണ് …!!

തന്റെ പേര് അയാളുടെ മുൻപിൽ മുഴങ്ങികേൾക്കുമ്പോൾ അയാളുടെ മുഖത്തെ ഭാവമാറ്റം പ്രകടമാണ് ….!!

ചാരുവിനത് വ്യക്തമായിരുന്നു …!!

മഹിമ എത്ര വിളിച്ചിട്ടും പുറത്തേക്ക് വരാത്തതിനാലാവാം അവൾ പിന്നെ യാത്ര പറയാതെ തന്നെ പോകാനൊരുങ്ങിയത് …

സിദ്ധാർഥ് മുകളിലേക്ക് പോയെന്ന് ഉറപ്പു വന്നതിനു ശേഷം മാത്രം ചാരു വാതിൽ തുറന്നു ….

ഭക്ഷണം കഴിക്കുമ്പോഴും തന്റെ കണ്ണുകൾ മുകൾത്തട്ടിലേക്ക് അനുസരണയില്ലാത്ത ദൃഷ്ടിപായിക്കുന്നതു കൊണ്ടാകാം മഹിമ വിളിച്ചിട്ടും വന്നയാളെ കാണാൻ വരാഞ്ഞതിനു രാച്ചിയമ്മ സ്നേഹത്തോടെ ശകാരിച്ചത് …!!

മറുത്തൊന്നും പറയാതെ ഓരോ വറ്റും തൊണ്ടയിൽ നിന്നിറങ്ങാതെ ഞെരിഞ്ഞമരുന്നുണ്ടായിരുന്നു …

ആരിൽ നിന്ന് രക്ഷപെടാനായിരുന്നു തന്റെ സാഹസമെല്ലാം …!!

ആരിൽ നിന്നൊരു മോചനത്തിനായിരുന്നു ….!!

അയാളാണ് തന്റെ തൊട്ടരികിൽ …

ഒരേ വീട്ടിൽ പരസ്പരം കാണാതെ എത്ര നാൾ …

അറിയില്ല …

ഈ വീട്ടിൽ നിന്നൊരു മാറ്റം മഹിമയോടിനി പറയാനും കഴിയില്ല …

അവളുടെ ചോദ്യങ്ങൾക്ക് മറുപടിയായി വീണ്ടും തന്റെ ജീവിതം …!!

മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ…!!

എല്ലാം മറുപടിയായി കുടഞ്ഞിടേണ്ടി വരും …

രണ്ടുദിവസത്തേക്ക് കാക്കണ്ട …

നാളെത്തന്നെ പോണം തനിക്ക് ….

ഈ രഹസ്യം സിദ്ധു അറിഞ്ഞാൽ ….!!

അതിനെക്കുറിച്ച് ഓർക്കാൻ കൂടി തനിക്ക് വയ്യ ….

മുകളിലെ നിലയിലെ ലൈറ്റ് അണയുന്നതും കാത്തിരുന്ന് കൊണ്ട് അവൾ മുറ്റത്തേക്കിറങ്ങി ഡോക്ടർ അഞ്ജലിയെ ഫോൺ ചെയ്തു …!!

പിറ്റേന്നു രാച്ചിയമ്മയെ കൂട്ടാതെ തന്നെ അവൾ ഹോസ്പിറ്റലിലേക്ക് പോകാനൊരുങ്ങി …

വെളുപ്പിനേയുള്ള ബസ്സിൽ പോകണം ….

ഓരോ നിമിഷവും ചങ്കുപിടയുന്ന വേദനയിൽ അവൾ മുകളിലത്തെ നിലയിൽ കണ്ണുകളോടിച്ചുകൊണ്ടേയിരുന്നു. ….

അടക്കിവയ്ക്കാൻ ഇനിയും കഴിയാത്ത തന്റെ വികാരങ്ങളെ …വേദനകളെ …അവൾ പഴിച്ചു …

സിദ്ധുവിനോടുള്ള സ്നേഹത്തിനെ അയാളുടെ തെറ്റുകൾ കൊണ്ട് അടിച്ചമർത്താൻ ശ്രമിച്ചു …

ഇന്നത്തോടെ മതിയാകും തന്റെ ഒളിച്ചുകളി …

അയാളുടെ കണ്ണിൽ നിന്നൊരു രക്ഷപെടൽ തനിക്ക് സാധ്യമാവില്ല ഉറപ്പാണ് …

അതിനു മുൻപ് അയാളുടെ തന്റെ മേൽ ഉറപ്പിച്ച വിജയത്തിനെ തുടച്ചുമാറ്റും താൻ …!!

വിമെൻസ് ഹോസ്റ്റലിൽ ഒന്നുകൂടി ചെന്നന്വേഷിക്കുവാൻ പോകുവാണെന്ന കള്ളം രാച്ചിയമ്മയെ ധരിപ്പിച്ചുകൊണ്ട് അവൾ ഇറങ്ങി …

സാരിത്തലപ്പുകൊണ്ട് മുഖം മറച്ചുകൊണ്ട് അവൾ പിറകിലേക്ക് നോക്കി …

മുകളിലെ നിലയിൽ വെട്ടം വീണിരിക്കുന്നു …

കാലുകൾക്ക് വേഗത കൂട്ടിക്കൊണ്ട് അവൾ നടന്നു …

ഡോക്ടർ അഞ്ജലി വാക്കു തന്നിരിക്കുന്നു തനിക്ക് …!!

അവരുടെ നിബന്ധനയേൽക്കാതെ തന്നെ …

പക്ഷെ തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന രഹസ്യം അവർക്ക് അറിയണം …

അബോർഷന് ശേഷം എല്ലാം പറയാമെന്ന ഉറപ്പിന്മേൽ അവർ തന്റെ അവസ്ഥയെ കണക്കിലെടുത്ത് സമ്മതിച്ചതാകാം …!!

പക്ഷെ ആ രഹസ്യവും തന്നോടൊപ്പം അവിടെ നിന്ന് ഒളിച്ചോടും …

തന്റെ ലക്‌ഷ്യം നിറവേറ്റി കഴിഞ്ഞാലുടൻ ….!!

മൂന്നാമത്തെ കൂടിക്കഴ്ച ….

ഭിത്തിയിലോട്ടിച്ചിരിക്കുന്ന ഓരോ പുഞ്ചിരിപൊഴിക്കുന്ന മുഖങ്ങളും കൊഞ്ചലുകളും തന്നെ അമ്മേയെന്നു മാടിവിളിക്കുന്നത് പോലെ തോന്നി ചാരുവിന് …!!

ഒരുനിമിഷം തന്റെ മാറിലൊരു പുതിയ നീരുറവയുടെ തണുപ്പറിഞ്ഞു അവൾ …!!

ഉദരത്തിലൊരു പുതിയ ഹൃദയം തന്റെമരണത്തിന്റെ ഭീതിമൂലം ദ്രുതഗതിയിൽ മിടിക്കുന്നത് പോലെ തോന്നി ….!!

ചെവികളിൽ ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ കാഹളം പോലെ മുഴങ്ങുന്നതായി തോന്നി അവൾക്ക് ….

സമ്മിശ്രമായ ഒരുപാട് വികാരങ്ങൾ….
നൊമ്പരങ്ങൾ…!!

അവളുടെ മിഴികൾ നിറഞ്ഞുതുളുമ്പി …..!!

“തീർത്തും ഇല്ലീഗലായ ഒന്നിന് വേണ്ടി കൂട്ടുനിൽക്കുകയാണ് ഞാൻ …

ഒന്നിനും വേണ്ടിയല്ല …

അതിനും മാത്രം സഹികെട്ട അവസ്ഥയിലാണ് താനെന്ന് തോന്നി …

ഒരിക്കൽ കൂടി ചോദിച്ചോട്ടെ …

തനിക്ക് തീർത്തും വേണ്ടെടോ ഈ കുഞ്ഞിനെ …??”

ഡോക്ടർ അഞ്ജലിയുടെ വാക്കുകൾ ആയിരം കൂരമ്പുകളായി ചെവിയിൽ തറച്ചുകയറുമ്പോലെ തോന്നി ചാരുവിനു ….

“ഈ കുഞ്ഞിന്റെ അച്ഛൻ ……”

പൂർത്തിയാക്കുന്നതിനു മുൻപേ ചാരുവിന്റെ ഭാവം മാറി …

“ഡോക്ടർ എനിക്ക് പൂർണ്ണസമ്മതമാണ് …!!”

ഉറച്ച ശബ്ദത്തോടെ ചാരു പറഞ്ഞൊപ്പിച്ചു ….

“നിന്റെ സമ്മതം മാത്രം മതിയോ ചാരു …???”

വാക്കുകളിൽ തീർത്ത അഗ്നിഗോളം ചാരുവിനെജ്വലിപ്പിച്ചുകളഞ്ഞിരുന്നു ….!!

തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ….

കത്തുന്ന കണ്ണുകളുമായി തന്നെത്തന്നെ നോക്കി നിൽക്കുന്ന സിദ്ധാർത്ഥിനെ …!!

ഇരുന്ന ഇരുപ്പിൽ എരിഞ്ഞമർന്ന പോലെ തോന്നി അവൾക്ക് …..

“പറയടീ ….!!

എന്റ്റെ കുഞ്ഞിനെ കൊല്ലാൻ ആരാ നിനക്ക് അനുവാദം തന്നത് ….??”

അവളിലേക്ക് നടന്നടുക്കുംതോറും സിദ്ധാര്ഥിന്റെ ചോദ്യത്തിന് തീക്ഷണയേറുന്നുണ്ടായിരുന്നു ….

തുടരും…

*സിദ്ധചാരു കഴിയാറായിരിക്കുന്നു….

എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി വരും പാർട്സിൽ തരാം ….കാത്തിരിക്കണം …😊

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…