അതെങ്ങനെ ശരിയാകും അമ്മേ..എന്റെ സ്വർണവും പണവുമെടുത്ത് ജയശ്രീയുടെ വിവാഹം നടത്തിയപ്പോൾ ഈ വീട് ജയേഷേട്ടന് കൊടുക്കുമെന്നാണല്ലോ….

തിരിച്ചറിവുകൾ

എഴുത്ത്: ദേവാംശി ദേവ

====================

“എനിക്ക് വീടൊന്നും വേണ്ട അച്ഛാ..അച്ഛനത് രമ്യക്കും നിത്യക്കും കൊടുത്തോളു. എനിക്ക് ജയേഷേട്ടന്റെ വീട് ഉണ്ടല്ലോ..”

സന്ധ്യയുടെ സംസാരം കേട്ട് ജയേഷ് അമ്പരന്ന് അവളെ നോക്കി..

അവളുടെ അച്ഛൻ അവരുടെ വീടും സ്ഥലവും തരാമെന്ന് പറഞ്ഞിട്ടും അവൾ വേണ്ടെന്ന് പറയുന്നു..അവളുടെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിക്കാനാണ് അവന് തോന്നിയത്..എത്രയോ വട്ടം അവളെ തല്ലിയിട്ടുണ്ട്. പക്ഷെ അവളുടെ വീട്ടുകാരുടെ മുന്നിൽ വെച്ച് ഇതുവരെ അവളെയൊന്ന് വഴക്കു പറഞ്ഞിട്ടുപോലും ഇല്ല..തല്ല് കൊണ്ടതൊന്നും അവളും പറഞ്ഞിട്ടില്ല..അതുകൊണ്ടു തന്നെ അവരുടെ മുന്നിൽ ഇന്നും നല്ല മരുമകനാണ് താൻ.

ജയേഷിന്റെയും സന്ധ്യയുടെയും വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷം കഴിഞ്ഞു..അവർക്ക് രണ്ട് പെൺകുഞ്ഞുങ്ങളും ഉണ്ട്.

ഒരു സാധാരണ കുടുംബത്തിലെ മൂന്ന് പെണ്മക്കളിൽ മൂത്തവളാണ് സന്ധ്യ. അച്ഛൻ കൃഷിക്കാരനാണ്..അതുകൊണ്ടുതന്നെ ഈ ആലോചന വന്നപ്പോൾ ജയേഷിന്റെ അമ്മക്ക് താൽപ്പര്യം ഇല്ലായിരുന്നു..

ജയേഷിന്റെ സഹോദരി ജയശ്രീയുടെ വിവാഹം നടത്താൻ വേറെ മാർഗം ഇല്ലാത്തതുകൊണ്ടാണ് അവർ സമ്മതിച്ചത്..മുപ്പത്‌ പവന്റെ സ്വർണവും രണ്ട് ലക്ഷം രൂപയും കൂലി പണിക്കരനായ ജയേഷിന് സന്ധ്യയുടെ അച്ഛൻ കൊടുത്തു..എന്തുകൊണ്ടാണ് ജയശ്രീയുടെ വിവാഹം നടത്തിയത്..എന്നിട്ടും സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് എന്നും ജയേഷിന്റെ അമ്മക്ക് പരാതിയാണ്.

“നീ എന്ത് തോന്നിവാസമാടി കാണിച്ചത്..നിന്റെ അച്ഛൻ വീട് തരാമെന്ന് പറഞ്ഞിട്ടും അത് വേണ്ടെന്ന് പറയാൻ നിനക്കെങ്ങനെ ധൈര്യം വന്നു.”

“എനിക്ക് എന്തിനാ അമ്മേ ആ വീട്. എനിക്ക് ഈ വീടുണ്ടല്ലോ..ഇതല്ലേ എന്റെ വീട്.”

“ഇതോ..ഇതെങ്ങനെയാ നിന്റെ വീടാകുന്നത്.”

“ഞാൻ കല്യാണം കഴിഞ്ഞ് ഇങ്ങോട്ട് വന്ന ശേഷം ഒരഞ്ചു ദിവസമെങ്കിലും എന്റെ വീട്ടിൽ പോയി നിന്നിട്ടുണ്ടോ..ചോദിക്കുമ്പോളൊക്കെ അമ്മ പറയുന്നത് കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീടാണ് ഭാര്യയുടെയും വീടെന്നല്ലേ..

രണ്ടു പ്രസവത്തിനും വീട്ടിൽ പോയി..റെസ്റ്റ് കഴിഞ്ഞതും അമ്മ എന്നെ ഇങ്ങോട്ട് കൂട്ടികൊണ്ടുവന്നു..അപ്പോഴും പറഞ്ഞു ഇതാണ് എന്റെ വീടെന്ന്.എന്റെ അച്ഛനും അമ്മയും സുഖമില്ലാതെ കിടന്നിട്ടും എന്നെ അങ്ങോട്ട് വിട്ടില്ല..ഇതാണ് എന്റെ വീട് ഇവിടുത്തെ കാര്യങ്ങളാണ് ഞാൻ നോക്കേണ്ടതെന്ന് പറഞ്ഞു..എന്റെ രണ്ട് അനിയത്തിമാരുടെയും കല്യാണത്തിന് തലേ ദിവസം മാത്രമല്ലേ എനിക്കങ്ങോട്ട് പോകാൻ പറ്റിയുള്ളു..അന്നും അമ്മ പറഞ്ഞത് ഇതാണ് എന്റെ വീട് ഞാൻ ജനിച്ചുവളർന്ന വീട്ടിൽ ഞാൻ അഥിതിയാണ് അതുകൊണ്ട് പതിയെ പോയാൽ മതിയെന്ന്..

അപ്പൊ പിന്നെ ഞാനും കരുതി ഇതല്ലേ എന്റെ സ്വന്തം വീട്..പിന്നെ എന്തിനാ അതെന്ന്. മാത്രവുമല്ല ഈ വീട് ജയേഷേട്ടന്റെ പേരിൽ എഴുതികൊടുക്കുമെന്ന് അമ്മ പറഞ്ഞിട്ടുണ്ടല്ലോ..”

“ങേ..എപ്പോ..ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ഞാൻ ഈ വീട് ജയശ്രീയുടെ പേരിൽ എഴുതി കൊടിത്തു.”

അതുകേട്ട് ജയേഷ് ഞെട്ടി.

“അതെങ്ങനെ ശരിയാകും അമ്മേ..എന്റെ സ്വർണവും പണവുമെടുത്ത് ജയശ്രീയുടെ വിവാഹം നടത്തിയപ്പോൾ ഈ വീട് ജയേഷേട്ടന് കൊടുക്കുമെന്നാണല്ലോ ഏട്ടൻ എന്നോട് പറഞ്ഞത്.”

“ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. പെങ്ങളുടെ വിവാഹം നടത്തേണ്ടത് ആങ്ങളയുടെ കടമയാണ്.” അമ്മ പറയുന്നത് കളളമാണെന്ന് അറിയാമെങ്കിലും അയാളൊന്നും മിണ്ടിയില്ല..

“കേട്ടല്ലോ ജയേഷട്ട അമ്മ പറഞ്ഞത്..എന്തായാലും നിങ്ങളുടെ പെങ്ങളുടെ പേരിലുള്ള വീട്ടിൽ താമസിക്കാൻ എനിക്ക് പറ്റില്ല..ഞാനും എന്റെ മക്കളും പോകുവാ..നിങ്ങളൊരു വാടക വീടെടുത്തിട്ട്  ഞങ്ങളെ വന്ന് കൂട്ടിയാൽ മതി.” സന്ധ്യ അവളുടെയും കുട്ടികളുടെയും സാധനങ്ങളുമെടുത്ത് കുട്ടികളെയും കൂട്ടി വീട്ടിൽ നിന്നും ഇറങ്ങി..

“പോടി പോ…ഇനി നീയും നിന്റെ അച്ഛനും വന്ന് എന്റെയും എന്റെ മോന്റെയും കാല് പിടിച്ചിട്ടേ നിന്നെ തിരികെ കേറ്റണോ എന്ന് ആലോചിക്കാം.”

അതിന് മറുപടിയൊന്നും പറയാതെ അവൾ കുഞ്ഞുങ്ങളെയും കൊണ്ട് വീട്ടിലേക്ക് പോയി…

ജയേഷും അമ്മയും പ്രതീക്ഷിച്ച പോലെ സന്ധ്യയുടെ വീട്ടിൽ നിന്നും ആരും അവരെ വിളിച്ചില്ല..സന്ധ്യ ജോലിക്ക് പോകുന്നു എന്ന് പരിചയകാർ പറഞ്ഞ് അവൻ അറിഞ്ഞു..

ഒരു മാസം കഴിഞ്ഞതും സന്ധ്യയുടെ വീട്ടിൽ ജയേഷ് എത്തി..

“ജയേഷോ..വാ മോനെ കയറി ഇരിക്ക്.”

ഒരു പരിഭവവും കാണിക്കാതെ അവളുടെ അച്ഛനും അമ്മയും അവനെ സ്വീകരിച്ചു…അവളുടെ അനിയത്തിമാരും അവിടെ ഉണ്ടായിരുന്നു.

ജയേഷ് അവരുമായി സംസാരിച്ചിരിക്കുമ്പോളാണ് കുട്ടികൾ സ്കൂളിൽ നിന്നും വന്നത്..അവരുടെ കാര്യങ്ങളൊക്കെ സന്ധ്യയുടെ അമ്മ വളരെ ഭംഗിയായി നോക്കുന്നത് കണ്ട ജയേഷ് സ്വന്തം അമ്മയെ ഓർത്തു..ഒരിക്കലും തന്റെ അമ്മ മക്കളെ ഇത്രയും നന്നായി നോക്കിയിട്ടില്ല. അല്പം കഴിഞ്ഞതും സന്ധ്യ ജോലി കഴിഞ്ഞ് എത്തി..

“ജയേഷേട്ടൻ എപ്പോ വന്നു..വാടക വീടെത്തിട്ട് എന്നെയും മക്കളെയും കൂട്ടാൻ വന്നതോ..അതോ ഡിവോഴ്‌സ് പേപ്പറിൽ ഒപ്പിടിയിക്കാൻ വന്നതോ..”

“ഞാനിപ്പോ വീട്ടിൽ അല്ല സന്ധ്യ..അമ്മ ജയശ്രീയുടെ പേരിൽ വീട് എഴുതിയിയെന്ന് അറിഞ്ഞപ്പോൾ തന്നെ അവളും അളിയനും അങ്ങോട്ടേക്ക് താമസം മാറ്റി..അവരുമായി അഡ്ജസ്റ് ചെയ്യാൻ പാടാണ്..അമ്മക്ക് അവരാണ് വലുത്. അതുകൊണ്ട് ഞാനൊരു ലോഡ്ജിലേക്ക് മാറി..നീ എനിക്ക് കുറച്ചു ദിവസത്തെ സമയം തരണം..ഞാനൊരു വാടക വീടെടുക്കാം.”

“അതൊന്നും വേണ്ട ഏട്ടാ..ഈ വീട് ചേച്ചിയുടെ പേരിൽ തന്നെയാണ് അച്ഛൻ എഴുതിയേക്കുന്നത്..അതും ഞങ്ങളുടെ പൂർണ സമ്മതത്തോടെ..ഏട്ടന് ഇവിടെ താമസിക്കാം.” രമ്യ പറഞ്ഞു.

“അച്ഛനും അമ്മയുമൊരു ബുദ്ധിമുട്ട് ആകുമെന്ന് തോന്നുന്നുണ്ടെങ്കിൽ ഞങ്ങൾ കൊണ്ടു പോകാം.” നിത്യയാണത് പറഞ്ഞത്.

“വേണ്ട..അച്ഛനും അമ്മയും ഇവിടെ തന്നെ നിൽക്കട്ടെ..നിങ്ങൾക്കൊക്കെ ഇപ്പോഴും എന്നോട് സ്നേഹമുണ്ടെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.”

“നീ ഞങ്ങളുടെ മൂത്ത മോനല്ലേ ജയേഷേ..മകളെ വിവാഹം ചെയ്ത് അയക്കുന്നത് അവൾക്കൊരു കുടുംബത്തിന് വേണ്ടിയാണ്..അല്ലാതെ അവളൊരു ഭാരമായതുകൊണ്ടല്ല..എന്തും സഹിച്ച് നിന്റെ വീട്ടിൽ നിൽക്കേണ്ട ആവശ്യം ഞങ്ങളുടെ മകൾക്കില്ല..അവൾക്ക് ഞങ്ങളുണ്ട്. അതുകൊണ്ടാ അവളെ ഞങ്ങൾ ചേർത്തു പിടിച്ചത്..അല്ലാതെ നിന്നെ തള്ളി കളഞ്ഞതല്ല” അവളുടെ അച്ഛൻ അവനെ ചേർത്തു പിടിച്ചുകൊണ്ട് തന്നെ പറഞ്ഞു..

ജീവിതത്തിന്റെ മറ്റൊരു മുഖം അറിയുകയായിരുന്നു ജയേഷ് അന്നുമുതൽ..

സന്ധ്യകൂടി ജോലിക്ക് പോകുന്നതുകൊണ്ട് പണത്തിനൊന്നും ബുദ്ധിമുട്ടില്ല..മാത്രവുമല്ല സന്ധ്യയുടെ അച്ഛൻ പറമ്പിൽ കൃഷി ചെയ്യത് കിട്ടുന്ന പണത്തിൽ ഒരു പങ്ക് സന്ധ്യയ്ക്ക് കൊടുക്കുമായിരുന്നു..

‘വീട്ടിലായിരുന്നപ്പോൾ എത്ര കിട്ടിയാലും തികയില്ല..വീട്ടുകാര്യങ്ങളും കുട്ടികളും നോക്കുന്നതിനുവേണ്ടി അമ്മ സന്ധ്യയെ ജോലിക്ക് പോകാൻ സമ്മതിച്ചിരുന്നില്ല..മാത്രവുമല്ല താൻ അധ്വാനിച്ചുകിട്ടുന്നതിൽ ഒരു പങ്ക് എന്തെങ്കിലും കാര്യം പറഞ്ഞ് അമ്മ ജയശ്രീക്ക് കൊടുക്കും.. ജയേഷ് ഓർത്തു..

മൂന്ന് മാസം കഴിഞ്ഞപ്പോൾ ജയേഷിന്റെ അമ്മയും അവരെ തേടി എത്തി.

“എനിക്ക് അവിടെ പറ്റില്ല മോനെ..ജയശ്രീ അവളുടെ ഭർത്താവിന്റെ വീട് വാടകക്ക് കൊടുത്തിട്ട് അവളുടെ അമ്മാവനെയും അമ്മായിയമ്മയെയും കൂടി വീട്ടിലേക്ക് കൊണ്ടു വന്നു..ഇപ്പൊ എല്ലാം അവരുടെ ഇഷ്ടത്തിനാ..എന്റെ ഇഷ്ടത്തിനൊരു ആഹാരം പോലും ജയശ്രീ ഉണ്ടാക്കി തരില്ല. ഞാനായി ഉണ്ടാക്കിയാൽ അവരുടെ മകൻ സമ്പാദിക്കുന്നതൊക്കെ തിന്നു തീർക്കുന്നു എന്ന് പറഞ്ഞ് ആ തള്ള ബഹളം വെയ്ക്കും..എനിക്ക് മടുത്തു..

നീയൊരു വാടക വീടെടുക്ക് മോനെ..എന്റെ പെൻഷൻ കാശിൽ നിന്ന് ഞാനും എന്തെങ്കിലുമൊക്കെ സഹായിക്കും.”

“ഞാനിവിടുന്ന് എങ്ങോട്ടും പോകുന്നില്ല. അമ്മക്ക് വേണമെങ്കിൽ ഇവിടെ നിൽക്കാം. പക്ഷെ ഇവിടെ എനിക്കൊരു അച്ഛനും അമ്മയും കൂടിയുണ്ട്. പിന്നെ രണ്ട് അനുജത്തിമാരും ഭർത്താക്കന്മാരും ഇടക്ക് വരും..അവരുമായൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമെങ്കിൽ മാത്രം നിൽക്കാം.” ജയേഷിന്റെ മറുപടിയിൽ എന്ത്  പറയണമെന്നറിയാതെ അവർ നിന്നു.

“അമ്മയെ നോക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്യമാണ്..അമ്മയുടെ പെൻഷൻ കാശൊന്നും ഞങ്ങൾക്ക് വേണ്ട..അമ്മയത് അമ്മയുടെ പേരിൽ ബാങ്കിൽ ഇട്. നോമിനിയായി ജയേഷേട്ടന്റെ പേര് വെച്ചാൽ മതി.” സന്ധ്യ പറഞ്ഞതും അവർ സന്ധ്യയെ ചുഴിഞ്ഞു നോക്കി.

“അതെങ്ങാനാ മോളെ..ജയശ്രീ അറിഞ്ഞാൽ പ്രശ്നം ഉണ്ടാക്കില്ലേ..”

“എങ്കിൽ അമ്മ നോമിനിയുടെ സ്ഥാനത്ത് അവളുടെ പേര് വെച്ചോളൂ..എന്നിട്ട് അവളോടൊപ്പം പോയി താമസിച്ചോളൂ..” സന്ധ്യ തറപ്പിച്ചു തന്നെ പറഞ്ഞു..ജയേഷ് അത് അനുകൂലിക്കുന്നത് പോലെ ഒന്നും മിണ്ടാതെ നിന്നു..

ജയശ്രീയുടെ അടുത്തേക്ക് പോകുന്നത് ഓർക്കാൻ കൂടി അവർക്ക് കഴിയുമായിരുന്നില്ല..അതുകൊണ്ട് തന്നെ സന്ധ്യ പറഞ്ഞത് അവർ അംഗീകരിച്ചു..

“ഇപ്പൊ എങ്ങനെയുണ്ട് ചേച്ചി..എല്ലാം ഓക്കെ ആയില്ലേ..”

രമ്യയും നിത്യയും ചോദിച്ചപ്പോൾ സന്തോഷത്തോടെ അവൾ തലയാട്ടി.

‘തന്റെ കഷ്ടപ്പാടുകളിൽ നിന്നും കരകയറാൻ അനിയത്തിമാർ ഉപദേശിച്ചു തന്ന വഴിയെയാണ് താൻ നടന്നത്. അതുകൊണ്ട് തന്നെ ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു..’ സന്ധ്യ ഓർത്തു.

ചിലർക്ക് തിരിച്ചറിവുകൾ കിട്ടാൻ തിരിച്ചടികൾ കിട്ടുക തന്നെ വേണം.