ഇത്രയൊക്കെ പറഞ്ഞിട്ടും അവളിൽ ഭയത്തിന്റെ ചെറിയൊരു ലാഞ്ചന പോലും കാണുന്നില്ല. അവളെ ഒന്നുകൂടെ…

നിശ്ചലം

എഴുത്ത്: സോണിയ

==========

ണിം ണിം ണിം ഒരു മണിനാദം ഒരുപാട് അടുത്ത് വരുന്ന പോലെ….പാതിയുറക്കത്തിൽ ആണ്ടുപോയ അവൾ ഞെട്ടി മിഴികൾ തുറന്നു…മുറിയിൽ റാന്തലിന്റെ അരണ്ട വെട്ടം മാത്രം….മിഴികൾ തുറന്നപ്പോൾ ആ മണിനാദം നിശ്ചലമായ പോലെ…

പതിയെ എണീറ്റു…ജനാല തുറന്നു. രാത്രിയുടെ യാമത്തിൽ എങ്ങും പേടിപ്പിക്കുന്ന ഭയാനകമായ ഇരുട്ട് മാത്രം….നക്ഷത്രത്തിന്റെ കുഞ്ഞു തെളിച്ചം പോലും ഭൂമിയിൽ പതിക്കുന്നില്ല…ചീവീടുകളുടെ കരച്ചിൽ മുഴങ്ങുന്നു….എവിടെയോ നായകളുടെ ഘോരമായ കരച്ചിൽ കേൾക്കുന്നു…പിന്നെ പതിയെ അതൊരു തേങ്ങൽ പോലെ കേട്ടു….താമസിയാതെ അതും നിശ്ചലമായി….

ജനാല അടച്ചു വീണ്ടും വന്നു കട്ടിലിൽ കിടന്നു…റാന്തൽ അണക്കണോ വേണ്ടയോ എന്നൊരു സംശയം നിഴലിച്ചു..പിന്നെ അത് അണയ്‌ക്കേണ്ടെന്നു കരുതി മിഴികൾ അടച്ചു…ആ സമയം തന്നെ പുറത്തെവിടെയോ നായകളുടെ ഭയാനകമായ കുരച്ചിലുകൾ…മുരളലുകൾ….പിന്നെ അതൊരു പോലെ ആയി മാറി…..

അത് കേട്ടതും വീണ്ടും അവൾ മിഴികൾ തുറന്നു….എന്താവും പതിവില്ലാതെ ഇങ്ങനെ????? ഈ ചിന്ത അവളുടെ മനസ്സിൽ തളംകെട്ടി….

പെട്ടെന്ന് എല്ലാം നിശബ്ദതയിൽ ആണ്ടു…കുറച്ചു നേരം കൂടെ വെറുതെ കിടന്നു….എപ്പോഴോ ഉറക്കം അവളുടെ മിഴികളെ തഴുകി….ണിം ണിം ണിം ആ മണിനാദം പിന്നെയും അവളുടെ ഉറക്കത്തെ അലോസരപ്പെടുത്തി….

ഇപ്പോൾ കേട്ടത് ദൂരെയല്ല….. തന്റെ തൊട്ടടുത്ത്….തന്റെ കാതുകൾക്ക് അടുത്തായിട്ട് തന്നെ….മിഴികൾ വലിച്ചു തുറന്നു. മണിനാദം നിലച്ചു….റാന്തൽ വെട്ടം തീരെ മങ്ങിപോയിരിക്കുന്നു ചുറ്റും കനത്ത ഇരുട്ട്…..

അവളുടെ മിഴികൾ ഇരുട്ടുമായി അല്പം മൽപിടിത്തം നടത്തി…അവൾ ചുറ്റും നോക്കി….ഒരു നിഴൽ അടുത്തെവിടെയോ അനങ്ങുന്നത് പോലെ തോന്നി…എണീൽക്കാൻ നോക്കി…കഴിയുന്നില്ല….ഭാരമുള്ളത് എന്തോ കൊണ്ട് ആവരണം ചെയ്ത പോലെ….അവൾ വീണ്ടും ശ്രമിച്ചു….കഴിയുന്നില്ല….ഒരു സ്തംഭനാവസ്ഥ പോലെ…

അവൾ കിടന്നു കൊണ്ട് ചുറ്റും ഒന്നുകൂടെ നിഴൽ കണ്ട ഭാഗത്ത്‌  നോക്കി..അത് കണ്ട ഭാഗത്ത്‌ വെറും ശൂന്യത മാത്രം…തനിക്ക് തോന്നിയത് ആകുമോ??? ചിന്താഭാരത്തോടെ മിഴികൾ ഒന്നുകൂടെ മുറിയിൽ പരതി…

ജനലോരത്തായി ഒരുനിഴൽ……പക്ഷേ ഒന്നും വ്യക്തമല്ല….

ധൈര്യം കൈവിടാതെ അവൾ ചോദിച്ചു….

ആരാണ് നീ???

ഒരു മറുപടിയും വന്നില്ല…പതിയെ ആ നിഴൽ ചലിച്ചു..അവളുടെ കട്ടിലിന്റെ ഓരത്തായി ഇരുന്നു….

അവൾ ചോദ്യം ആവർത്തിച്ചു…

ആരാണ് നീ?????

നീ എന്തിനു വന്നു????

എന്താ നിന്റെ ഉദ്ദേശ്യം????

ഒരു ചിരി മുഴക്കം മാത്രം ആ മുറിയിൽ ധ്വനിച്ചു…പിന്നെ ഒരുമാത്ര നിശബ്ദത വിളയാടി…..

നിഴൽ ശബ്‌ദിച്ചു….

എനിക്ക് എവിടെയും എപ്പോൾ വേണമെങ്കിലും ആരുടേയും അനുവാദത്തിനു കാത്തുനിൽക്കാതെ കയറി ചെല്ലാം…അതിനു രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല…ഏത് താക്കോൽ ഇട്ടു ബന്ധിച്ചിരുന്നാലും  എനിക്ക് നിശേഷം കടന്നു ചെല്ലാം..എന്നെ അടുത്തറിയുന്നവർ ഭയപ്പാടോടെ എന്നെ ആട്ടിയകറ്റാൻ നോക്കും….എന്നാലും മടികൂടാതെ ഞാൻ അടുത്തേക്ക് ചെന്നുകൊണ്ടേ ഇരിക്കും….അവർ അരുതേ അരുതേന്നു നിലവിളിക്കും…അങ്ങനെ എത്രയോ നിലവിളികൾ ഞാൻ ചെവികൊള്ളാതെ പോയിരിക്കുന്നു….എന്നെ ആഗ്രഹിച്ചു വിളിച്ചവർ പോലും എന്റെ സാമീപ്യത്തെ പേടിക്കുന്നു…ഒരുമാത്ര പിന്തിരിഞ്ഞു ഓടാൻ പോലും ശ്രമിക്കുന്നു…ചിലർ എന്നിൽ നിന്നും വഴുതി പോകുന്നു…ചിലരെ ഞാൻ വിടാതെ പിടിച്ചമർത്തും….ഇതും പറഞ്ഞു നിഴൽ ചിരിച്ചു…ആ ചിരി ഇത്തിരി നേരം നീണ്ടു….

അവൾ ഭാവഭേദമെന്യേ ആ നിഴലിനെ തന്നെ നോക്കി കിടന്നു….നിഴൽ ചിരി നിർത്തി അവളെ നോക്കി..

ഇത്രയൊക്കെ പറഞ്ഞിട്ടും അവളിൽ ഭയത്തിന്റെ ചെറിയൊരു ലാഞ്ചന പോലും കാണുന്നില്ല….അവളെ ഒന്നുകൂടെ ഭയപ്പെടുത്താൻ എന്നവണ്ണം നിഴൽ ശബ്‌ദിച്ചു..അല്പം ഭയാനകമായ രീതിയിൽ തന്നെ….

“ഞാൻ മരണമാണ്…എന്റെ ഇന്നത്തെ ഇര നീയാണ്..ഇന്ന് നിന്നെയും കൊണ്ടേ ഞാൻ പോകൂ…ഈ സുന്ദരമായ ഭൂമിയിലെ നിന്റെ അവസാനത്തെ നിമിഷം ദാ ഇവിടെ തീരുന്നു…

ഇത് പറഞ്ഞിട്ടും അവളിൽ നിർവികാരത മാത്രേ മരണത്തിനു കാണാൻ കഴിഞ്ഞുള്ളു…മരണത്തിന് അത്ഭുതം തോന്നി…ഗൗരവം മാറ്റി അല്പം ശാന്തമായി സംസാരിച്ചു…

യൗവനക്കാരിയാണ് നീ….ജീവിതത്തിൽ ഒരുപാട് നവ സുഖങ്ങൾ അനുഭവിക്കേണ്ടവൾ…എന്നിട്ടും നിന്റെ ഈ ഭാവം എന്നെ അത്ഭുതപെടുത്തുന്നു..എന്നെ തൊട്ടടുത്തറിഞ്ഞിട്ടും ഇത്രയും നിസംഗതയിൽ കാണാനും കേൾക്കാനും നിനക്ക് എങ്ങനെ കഴിയുന്നു…

അവളുടെ മുഖത്ത് ഒരു ചെറു ചിരി വിടർന്നു…..

അവൾ പറഞ്ഞു..എനിക്ക് കിടന്നു കൊണ്ട് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്..ഒന്നെണീറ്റിരുന്നാൽ നന്നായിരുന്നു..

ആവരണം ചെയ്ത വലയം അല്പം അയഞ്ഞത് പോലെ അവൾക്ക് തോന്നി…

ഒരു ആശ്വാസത്തോടെ അവൾ എണീറ്റിരുന്നു…അപ്പോഴും അവളുടെ മുഖത്തെ ചിരിക്ക് മാറ്റമുണ്ടായിരുന്നില്ല…

മരണം പിന്നെയും
ചോദ്യശരങ്ങൾ അവളിലേക്ക് പായിച്ചു…

ഇരയെ വേട്ടയാടി പിടിക്കുന്നതാണ് സുഖം..അവളുടെ ഈ ഭാവത്തിനു മുന്നിൽ തോൽക്കാൻ വയ്യ…എങ്ങനെയും അവളിൽ ഭയം ജനിപ്പിക്കണം…അവളെ തളർത്തണം..ഇനിയും  ജീവിക്കാൻ മോഹിപ്പിക്കണം..എന്നിട്ട് ആ മോഹങ്ങളൊക്കെ കാറ്റിൽ പറത്തി അവളെ തൂക്കിയെടുത്തു കൊണ്ടു പോണം…അവൾ അലറി കരയണം…ഇരയുടെ കരച്ചിലാണ് തന്റെ ലഹരി…

നിനക്ക് ഇനിയും ജീവിക്കുവാൻ മോഹമില്ലേ.??? നിന്റെ മിഴികൾക്ക് പ്രിയമുള്ളത് കണ്ടു ഇനിയും ആനന്ദിക്കണ്ടേ??….നിന്റെ ഹൃദയം സ്വപ്‌നങ്ങൾ കൊണ്ടു കോട്ട കെട്ടാൻ തുടിക്കുന്നില്ലേ??….

വീണ്ടും ഇതുപോലെ അനേകം ചോദ്യമുനകൾ….

അവൾ പൊട്ടിചിരിച്ചു…നിന്റെ ഗന്ധം എന്റെ നാസികയിൽ തട്ടിയപ്പോൾ തന്നെ ഞാൻ അറിഞ്ഞതാ…നിന്റെ ഗന്ധം എനിക്കെന്നും ലഹരിയായിരുന്നു..നിന്റെ സാമീപ്യം എന്റെ സ്വപ്നമായിരുന്നു…നിന്നെ കാതോർത്തു കാത്തിരുന്ന ഞാൻ എന്തിനു നിന്റെ വരവിൽ പേടിക്കണം???….വെറും ചലിക്കുന്ന ശരീരത്തിന് വേണ്ടിയല്ലേ നിന്റെ ഈ വരവ്…ചലനം ഉണ്ടെന്നേയുള്ളു…എന്നാൽ എന്നിൽ പ്രാണനില്ല…ഉള്ളുകൊണ്ട് മരിച്ചു ജീവിക്കുന്നവൾക്ക് വെറും നശ്വരമായ ശരീരത്തിന്റെ മരണമണം എങ്ങനെ ഭയപെടാനാകും….???? നീ എന്റെ മിഴികളെ നോക്കൂ??… ജീവിക്കാൻ കൊതിക്കുന്ന ഇത്തിരി പ്രകാശം എങ്കിലും അതിൽ തങ്ങി നിൽക്കുന്നത് നീ കാണുന്നുണ്ടോ ????എന്റെ മിഴികൾ പ്രിയമുള്ളത് ഒക്കെയും ഓരോ അംശമായി ഒപ്പിയെടുത്തു താനെ അടഞ്ഞു പോയതാണ്…നീ എന്റെ ഹൃദയത്തിന്റെ തുടിപ്പ് ശ്രദ്ധിക്കൂ????…അതിനിയും തുടിക്കാൻ ആഗ്രഹിക്കുന്നോ എന്നു ചോദിച്ചു നോക്ക്..എന്റെ ഹൃദയം നീ ഊഹിക്കുന്നതിനേക്കാൾ സ്വപ്‌നങ്ങൾ നെയ്തെടുത്തതാണ്…എല്ലാം ചീട്ടുകൊട്ടാരം കണക്കെ നിലം പതിച്ചു… മരിച്ചു മരവിച്ച മനസിനെ കണ്ടോ നീ??? അത് ജീർണിച്ചു പോയത് നീ കാണുന്നില്ലേ??? നെയ്തെടുത്തതെല്ലാം തുന്നി കീറിയപ്പോൾ, സ്നേഹിച്ചവർ കാരണങ്ങൾ ഒന്നുമില്ലാതെ വലിച്ചെറിഞ്ഞപ്പോൾ, ശകാരവാക്കുകൾ കൊണ്ട് കുന്നുകൂട്ടിയപ്പോൾ….അവഹേളനങ്ങൾ കൊണ്ട് കുഴിച്ചു മൂടിയപ്പോൾ, തുറന്ന പുസ്തകം കണക്കെ വായിക്കാൻ ഇട്ടു കൊടുത്തിട്ട് പോലും ചവിട്ടിയരച്ചു
നൊമ്പരപെടുത്തിയപ്പോൾ…ഒക്കെ ഞാൻ ഇഞ്ചിഞ്ചായി മരിച്ചു കൊണ്ടിരുന്നു….

കണ്ടുറങ്ങാൻ സ്വപ്‌നങ്ങൾ ഇല്ല…..നെയ്തെടുക്കുവാൻ ജീവിതവുമില്ല..നീ നിന്റെ കർത്തവ്യം നിറവേറ്റി പോയിടുക…

മരണം അവളുടെ മുഖത്ത് നിന്നും നോട്ടം മാറ്റിയില്ല…അവളുടെ മിഴികളിൽ ലേശം പോലും നീർത്തിളക്കം ഇല്ല…വറ്റി വരണ്ട തടാകം പോലെ…ആരോ ഒരിക്കൽ കൊതിതീരെ ചുംബിച്ചിരുന്ന അധരങ്ങൾ ഇപ്പോൾ ചോരമയം ഇല്ലാതെ വിറങ്ങലിച്ച പോലുണ്ട്..തേജസ്‌ വറ്റിയ ഒരു പാഴ്ജന്മം കണക്കെ ഒരു ശരീരം…

മരണം എണീറ്റു…ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു

അവൾ ചോദിച്ചു…എന്തേ നീ മൗനം മൂടി പോയിടുന്നു  ??????

മരണം തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു…ഞാൻ ആദ്യമായി ലജ്ജിച്ചു പോയിരിക്കുന്നു നിന്റെ മുന്നിൽ മാത്രം…ജീവിച്ചിരിക്കെ തന്നെ ഒരായിരം വട്ടം മരിച്ചുപോയ നിന്നെ ഞാൻ എന്തിനു സ്വീകരിക്കണം??

അവൾ ചിരിച്ചു….

എന്നെ സ്വീകരിക്കാൻ മനസോടെ വന്നൊരാൾ നീ മാത്രമാ…നിനക്കും എന്നെ വേണ്ടാതായോ??? എന്നെ നീ കൂടെ നിരാശപെടുത്തരുതേ…

മരണം പതിയെ അവളുടെ നേരെ തിരിഞ്ഞു….ഒന്നും മിണ്ടാനാവാതെ മുഖം കുനിച്ചു….അവൾ ആ നിൽപ്പ് നോക്കിയശേഷം പറഞ്ഞു…..

പുറലോകത്തിന് എന്റെ ഉള്ളം മരിച്ചു മണ്ണിടിഞ്ഞു പോയത് അറിയില്ല….അവർക്കൊക്കെ ചലിക്കുന്ന ഈ ശരീരം മാത്രേ അറിയൂ…പുറലോകത്തെ തെളിയിക്കാനായി എങ്കിലും നീ ഈ ശരീരത്തെ നിശ്ചലമാക്കൂ..ഒരുപാട് മോഹിപ്പിച്ച ശേഷം നീ കൂടെ എന്നെ കൈ ഒഴിയരുതേ..ഒരു അപേക്ഷ മാത്രേ നിന്നോട് എനിക്കുള്ളൂ..ഒരുപാട് വേദനിച്ചു ജീർണിച്ചു പോയ എന്നെ ഇനിയും അധികം  വേദനിക്കാതെ നിന്നോടൊപ്പം കൂട്ടിയേക്ക്….മരണത്തിനു മുന്നിൽ കൂപ്പുകരങ്ങളോടെ അവൾ തേങ്ങി….

നേരം പുലർന്നു….ഉച്ചയായിട്ടും പുറത്തെങ്ങും കാണാത്ത അവളെ നോക്കി അയൽപക്കത്തെ ഒരു സ്ത്രീ വന്നു….വീടിനു ചുറ്റും അവളെ വിളിച്ചു നടന്നു….എങ്ങും അവളെ കണ്ടില്ല…വിളിച്ചിട്ട് വിളിയും കേട്ടില്ല….

വീട് തള്ളി തുറക്കാൻ നോക്കിയതും അത് യാതൊരു ബന്ധനത്തിനും അടിമപ്പെടാതെ എന്നോണം പാളികൾ അകന്നു മാറികൊടുത്തു..അടുക്കളയിലും മറ്റു മുറികളിലും കയറി ഇറങ്ങി നോക്കി….അവസാനം അവളുടെ മുറിയിൽ തട്ടി…അത് പൂട്ടിയിട്ടുണ്ടായിരുന്നില്ല…

അവർ അത് മലർക്കെ തുറന്നു….

അവർ അതിശയത്തോടെ ചോദിച്ചു നീ ഇതുവരെയും എണീറ്റില്ലേ??? രാത്രി ഒരുപാട് വൈകിയാണോ കിടന്നത്???ഞാൻ എവിടെയൊക്കെ നിന്നെ തിരഞ്ഞു…എത്രമാത്രം നിന്നെ വിളിച്ചു??? ഇത് എന്തൊരു ഉറക്കമാ പെണ്ണേ???? ഒന്നു എണീറ്റെ നീ??? വാതിലുകൾ ബന്ധിക്കാതെ ഉറങ്ങുന്നത് നല്ല ശീലം അല്ല കേട്ടോ???

എന്തൊക്കെ പറഞ്ഞിട്ടും അവളിൽ ഒരു ചലനവും കണ്ടില്ല…അവർ വിഹ്വലതയോടെ അവളെ ഒന്നു തൊട്ടു….ഞെട്ടി കൈ പിൻവലിച്ചു….

അവളുടെ ശരീരത്തിന് ഇതുവരെ ഇല്ലാത്തൊരു മരവിപ്പായിരുന്നു..മരണത്തിന്റെ മരവിപ്പ്….