എന്തായാലും ആസിഫ് വരുന്നതിന് മുന്നേ കാശ് കൊടുക്കാനുള്ള കടലാസിൽ പേരുള്ളവരെ കണ്ടുപിടിക്കാന്‍ തീരുമാനിച്ചു അവർ….

അവസാനഭാഗം, എഴുത്ത്: ഫാരിസ് ബിൻ ഫൈസി

മനാഫ് ധൈര്യം കൊടുത്തപ്പോൾ ഫൈസിക്ക് എന്തോ ഒരു ആത്മവിശ്വാസം തോന്നി. കിട്ടാനുള്ള മൊത്തം കാശും മേടിച്ചുകൊടുക്കാമെന്ന് അവര്‍ പെൺകുട്ടിക്ക് വാക്ക് കൊടുത്തു. അങ്ങനെ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച അവര്‍ മൂന്നുപേരും അവസാന കച്ചിതുരുമ്പും തേടി ആസിഫിന്റെ കൊട്ടാരം പോലുള്ള വീട്ടിലേക്ക്…

ആസിഫിന്റെ മകന്റെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു കൊട്ടാരം വീട്.  രാജകീയമായ ഒരുക്കങ്ങളായിരുന്നു അവിടെ നടന്നിരുന്നത്. കല്യാണം വീട്ടിൽ വെച്ചുതന്നെ നടത്തണം എന്ന് ആസിഫിന് നിർബന്ധം ഉണ്ടായിരുന്നു. പന്തലിടാനുള്ള ക്വട്ടേഷന്‍ കിട്ടിയിരിക്കുന്നത് ആശാനായിരുന്നു.

കൃഷ്ണന്റെ സുഹൃത്തിന്റെ അച്ഛനാണ് ആശാൻ. ആശാന്റെ കയ്യും കാലും പിടിച്ച് ഫൈസിയും കൂട്ടുകാരും പന്തല് പണിക്കാരായി കയറിപറ്റി. ആശാന്റെയും കൂട്ടരുടേയും കൂടെ അവര്‍ യാത്രയായി. കൊട്ടാരം വീട്ടിലെ രാജകീയ കല്യാണത്തിന് പന്തെലൊരുക്കാൻ.

അങ്ങനെ അവര്‍ കൊട്ടാരം വീട്ടിലെത്തി പണിതുടങ്ങി. ആർഭാടത്തിന്റെ അവസാന വാക്ക് എന്നൊക്കെ പറയുന്ന രീതിയിലുള്ള പന്തലാണ് അവര്‍ ഒരുക്കുന്നത്. ജോലിക്കിടയിൽ ഫൈസി ആസിഫിനെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ആ വലിയ വീട്ടിനകത്ത് അവരുടെ ശ്രമങ്ങളെല്ലാം പരാജയമായി. ആസിഫ് വിദേശത്താണന്നും കല്യാണത്തിന് രണ്ടു ദിവസം മുന്നേ മാത്രമേ എത്തുകയൊള്ളൂ എന്നും കൊട്ടാരം വീട്ടിലെ മാനേജര്‍ വഴി ഫൈസിയും കൂട്ടുകാരും അറിഞ്ഞു.

എന്തായാലും ആസിഫ് വരുന്നതിന് മുന്നേ കാശ് കൊടുക്കാനുള്ള കടലാസിൽ പേരുള്ളവരെ കണ്ടുപിടിക്കാന്‍ തീരുമാനിച്ചു അവർ. ഒരുവിധത്തിൽ പെൺകുട്ടിക്ക് കാശ് കൊടുക്കാനുള്ളവരെ അവർ മനസിലാക്കി. കാശ് കൊടുക്കാനുള്ള ആളുകളെ കണ്ടു പിടിച്ചപ്പോൾ മൂന്നു പേരും ഒരുമിച്ച് ഞെട്ടി..!!! അവിടുത്തെ പ്രമുഖരുടെ മക്കളായിരുന്നു എല്ലാവരും. അതില്‍ പ്രധാനി ആസിഫിന്റെ മകന്‍ റോഷനും.

ഈ കാര്യം ആസിഫിനോട് പറഞ്ഞാല്‍ അയാളുടെ ഗു* ണ്ടകൾ തങ്ങളെ ചവിട്ടിക്കൂട്ടും എന്നവർക്ക്  ഉറപ്പായിരുന്നു. ഇതൊന്നും ശരിയാകില്ല എങ്ങനെയെങ്കിലും കൊട്ടാരം വീടിന് പുറത്ത് കടക്കണം എന്നവർ തീരുമാനിച്ചു. പക്ഷേ, ആകാശം തന്നെ ഇടിഞ്ഞു വീണാലും ഏറ്റെടുത്ത ജോലി തീരാതെ ഒരുത്തനേയും വീട് വിട്ട്  പറഞ്ഞയക്കില്ലന്ന് ആശാന്റെ രോദനം. ഫൈസിയും കൂട്ടുകാരും ശരിക്കും പെട്ടു.

അടുത്ത ദിവസം ജോലി കഴിഞ്ഞ് ഫൈസിയും കൂട്ടുകാരും ഒരുപാട് മ *ദ്യപിച്ചു. മൂന്നുപേരും തങ്ങളുടെ സങ്കടങ്ങൾ പരസ്പരം പറഞ്ഞുകൊണ്ടിരുന്നു. കഴിച്ച മ* ദ്യത്തിന്റെ ധൈര്യത്തിൽ ആശാനും കൂട്ടരുമറിയാതെ അവര്‍ കൊട്ടാരം വീട്ടിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിച്ചു. പിറകിലത്തെ മതില് ചാടാൻ ഒരുങ്ങിയതും

“ഹലോ…എങ്ങോട്ടാ മൂന്നുപേരും കൂടെ…?”

അവർ തിരിഞ്ഞ് നോക്കിയപ്പോൾ ആസിഫിന്റെ മകൾ ആയിഷ കയ്യും കെട്ടി കണ്ണുരുട്ടി നിക്കുന്നു.

“ഞങ്ങൾ കൊട്ടാരം വീട്ടുകാരെ പറ്റിച്ച് അങ്ങനങ്ങു പോയാലോ…? നിങ്ങൾ ഇത്രേം നേരം സംസാരിച്ചത് മുഴുവൻ ഞാൻ കേട്ടു”

ഫൈസി ആയിഷയെ ദയനീയമായൊന്ന് നോക്കി

“ന്റെ പൊന്നു പെങ്ങളേ, ജീവിതത്തിൽ പെട്ടുപോയപ്പോൾ അറിയാതെ പറ്റിപോയതാ…ഞങ്ങളെ പോകാൻ അനുവദിക്കണം. ആളുകളെ വിളിച്ച് കൂട്ടി ഞങ്ങളെ ഉപദ്രവിക്കരുത്…പ്ലീസ്”

ഫൈസി അവളെ നോക്കി തന്റെ കൈകൾ കൂപ്പി അപേക്ഷിച്ചു. തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എല്ലാം ഫൈസി ആയിഷയോട് തുറന്ന് പറഞ്ഞു. വേറൊരു വഴിയും ഇല്ലാത്തത് കൊണ്ടാണ് കൊട്ടാരം വീട്ടിലേക്ക് ഈ വേഷവും കെട്ടി വന്നതെന്ന് നിറകണ്ണുകളോടെ ഫൈസി പറഞ്ഞു.

ഫൈസിയുടെ കഥകളെല്ലാം കേട്ടപ്പോള്‍ ആയിഷക്ക് അവനോട് എന്തോ ഒരു സഹതാപം തോന്നി. ആയിഷ അവരെ സഹായിക്കാമെന്നേറ്റു. ഇതുകേട്ടപ്പോൾ സന്തോഷം കൊണ്ട് മൂന്നുപേരുടേയും കണ്ണുകൾ നിറഞ്ഞു. ആസിഫ് വരുന്നത് വരെ അവരോട് അവിടെത്തന്നെ തുടരാൻ ആയിഷ ആവശ്യപ്പെട്ടു.

ആസിഫിന്റെ വരവും കാത്ത് ദിവസങ്ങള്‍ എണ്ണി കഴിഞ്ഞു അവര്‍. ഇതിനിടക്ക് ഫൈസിയും ആയിഷയും  നന്നായി അടുത്തു. ഫൈസിക്ക് അവള്‍ നല്ലൊരു കൂട്ടുകാരി മാത്രമായിരുന്നു. കടലിൽ മുങ്ങി താഴുമ്പോൾ ബോട്ടുമായി രക്ഷിക്കാനെത്തിയ രക്ഷക. പക്ഷെ ആയിഷയുടെ മനസ്സില്‍ പ്രണയം മൊട്ടിട്ട് തുടങ്ങിയിരുന്നു. ഫൈസിയുടെ തമാശകളും കളിയും ചിരിയും എല്ലാം അവളെ അവനിലേക്ക് കൂടുതൽ ആകർഷിച്ചു.

ആയിഷ ഫൈസിയോട് അടുത്ത് ഇടപഴകുന്നത് കൊട്ടാരം വീട്ടിലെ പലരേയും ചൊടിപ്പിച്ചു. പക്ഷെ ആസിഫിന്റെ മകളായത് കൊണ്ട് ആരും പ്രതികരിച്ചില്ല. പക്ഷെ ആസിഫിന്റെ അളിയൻ, ഫൈസിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആളെ ഏർപ്പാടാക്കി.

കൊട്ടാരം വീട്ടിലെ രാജകീയ കല്യാണത്തിന് ഇനി രണ്ടു ദിവസം മാത്രം. ഇന്നാണ് ആസിഫ് വരുന്നത്. ഇന്നത്തോടെ തങ്ങളുടെ എല്ലാ പ്രശ്നങ്ങളും തീരുമല്ലോ എന്നോർത്തപ്പോൾ മൂന്നുപേരുടെ മനസ്സിലും സന്തോഷം മാത്രം. ആസിഫിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് കൊട്ടാരം വീട്ടിലെ മുഴുവന്‍ ആളുകളും, കൂടെ ഫൈസിയും കൂട്ടുകാരും.

ആസിഫ് എത്തുന്നതിന് കുറച്ചു മുമ്പാണ് അളിയന്റെ ചാരൻ ആ വാർത്തയുമായി കൊട്ടാരം വീട്ടിലേക്ക് ഓടിയെത്തിയത്. ആസിഫിന്റെ പൂർവ കാമുകിയുടെ മകനാണ് ഫൈസി എന്നും, തന്റെ ഉമ്മയെ പണ്ട് ആസിഫ് ചതിച്ചതിന് പകരം ചോദിക്കാന്‍ വന്നതാണന്നും, അവന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവനാണന്നും, ഒരുപാട് പേരെ പറ്റിച്ച് മുങ്ങി നടക്കുകയാണന്നും ചാരൻ അളിയനോട് പറഞ്ഞു. ഇത് കേൾക്കേണ്ട താമസം അയാള്‍ ഫൈസിയെ തല്ലി ചതച്ചു.

ഫൈസിക്ക് പറയാനുള്ളത് കേൾക്കാൻ അയാള്‍ കൂട്ടാക്കിയില്ല. അപ്പോഴാണ് കാറിൽ നിന്നും ഇറങ്ങി ആസിഫ് കൊട്ടാരം വീട്ടിലേക്ക് കയറി വരുന്നത്. പണ്ടത്തെ ആസിഫ് അല്ല ഇപ്പോൾ രൂപം കൊണ്ടും ഭാവം കൊണ്ടും. കേരളം അറിയപ്പെടുന്ന ബിസിനസ്‌ സാമ്രാട്ട് ആസിഫ്. അടികൊണ്ട് ഫൈസി പോയി വീണത് ആസിഫിന്റെ കാൽകീഴിലാണ്. ആസിഫ് ഫൈസിയെ മെല്ലെ പിടിച്ചു എഴുന്നേൽപ്പിച്ചു.

ഫൈസിയെ അടിക്കാന്‍ വന്നവരെ ആസിഫ് തടഞ്ഞു. ഫൈസി ആകെ അവശനായിരുന്നു. ആസിഫ് അവനോട് കാര്യങ്ങള്‍ തിരക്കി. നിറകണ്ണുകളോടെ ഫൈസി സംഭവിച്ചതെല്ലാം ആസിഫിനോട് പറഞ്ഞു

“അല്ലാതെ ആരോടും പകരം വീട്ടാനോ പറ്റിക്കാനോ വന്നതല്ലാ ഞാൻ. എന്റെ നിവർത്തികേടോണ്ട് വന്നതാ. എന്റെ ഉമ്മയും ഉപ്പയും ഞാൻ കാരണം പെരുവഴിയിൽ ആവരുതെന്നേ ചിന്തിച്ചുള്ളൂ. എന്നോട് മാപ്പാക്കണം”

ഇതും പറഞ്ഞ് ഫൈസി തന്റെ കൂട്ടുകാരേയും വിളിച്ച് അവിടെ നിന്നും പോകാൻ ഒരുങ്ങി. പെട്ടന്ന് ആസിഫ് ഫൈസിയെ വിളിച്ചു

“നിക്ക്”

ഫൈസിയും കൂട്ടുകാരും തിരിഞ്ഞുനോക്കി

“ഈ വീട്ടിൽ ആരൊക്കെയാണ് കാശ് കൊടുക്കാനുള്ളത്…?”

ഫൈസി തന്റെ കയ്യിലുള്ള കടലാസ് ആസിഫിനെ കാണിച്ചു. അതിൽ തന്റെ മകന്റെ പേരും കണ്ട ആസിഫ് മകനേയും കാശ് കൊടുക്കാനുള്ള മറ്റുള്ളവരേയും വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. കാശ് കൊടുക്കാനുള്ള കാര്യം ആദ്യം അവര നിഷേധിച്ചെങ്കിലും ആസിഫിന്റെ മുന്നില്‍ കൂടുതല്‍ നേരം പിടിച്ചു നില്‍ക്കാന്‍ അവർക്ക് സാധിച്ചില്ല.

അവര്‍ എല്ലാം ഏറ്റു പറഞ്ഞു. കൂടെ പഠിച്ച ബാംഗ്ലൂരുള്ള കൂട്ടുകാരന്റെ കൂടെ ബിസിനസ്സ് ചെയ്തതും, അതിനുള്ള പണം ഒരു രേഖയുമില്ലാതെ ഒരു പലിശക്കാരന്റെ കയ്യില്‍ നിന്ന് കൊള്ള പലിശക്ക് കൂട്ടുകാരൻ തന്നെ വാങ്ങി കൊടുത്തതും, ഒടുവില്‍ ബിസിനസ്സ് പൊളിഞ്ഞപ്പോൾ കൂട്ടുകാരന്‍ കയ്യൊഴിഞ്ഞതും എല്ലാം അവർ ആസിഫിനോട് പറഞ്ഞു.

ഇതെല്ലാം കേട്ട് ആസിഫ് തന്റെ മകനോടോ മറ്റുള്ളവരോടോ ഒന്നും പറഞ്ഞില്ല. കാരണം ആസിഫ് തന്റെ മകനോട് ചെറുപ്പത്തിലേ കൊടുത്തിരുന്ന ഉപദേശം ഒരു കാരണവശാലും ബിസിനസ്സ് ചെയ്യാന്‍ കാശ് ചോദിച്ച് തന്റെ അടുത്തേക്ക് വരരുത് എന്നും, പഠിക്കാവുന്നത്ത്ര പഠിച്ച് നല്ല ജോലി നേടി അതുകൊണ്ടുള്ള വരുമാനം കൊണ്ട് ജീവിക്കണം എന്നുമാണ്. ആസിഫിനെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് അവന്റെ ഭൂതകാല അനുഭവങ്ങള്‍ തന്നെയായിരുന്നു. പക്ഷെ തന്റെ മകനോട് എന്തു പറഞ്ഞിട്ടും കാര്യമില്ല എന്ന് ആസിഫിന് ഇപ്പോഴാണ് മനസിലായത്, കാരണം മകന്റെ ശരീരത്തിലൂടെ ഒഴുകുന്നത് തന്റെ രക്തമാണല്ലോ. മത്തൻ കുത്തിയാൽ സ്റ്റൗബെറി മുളക്കില്ലല്ലോ…

ആസിഫ് ഫൈസിയേയും കൂട്ടുകാരേയും കൂട്ടി ആ പെൺകുട്ടിയുടെ അടുത്ത് പോയി കൊടുക്കാനുള്ള കാശെല്ലാം കൊടുത്തു തീർത്തു. ഇതിനിടയില്‍ സന്തോഷത്തോടെ മനാഫ്  കാശുകൊടുക്കാനുള്ളവരെയല്ലാം വിളിച്ച് നാളെ രാവിലെ കൃത്യം പത്ത് മണിക്ക് ഫൈസിയുടെ വീട്ടിലെത്താന്‍ പറഞ്ഞു.

കാശ് തിരികെ കിട്ടിയ പെൺകുട്ടി നിറകണ്ണുകളോടെ ഫൈസിയേയും കൂട്ടുകാരേയും നോക്കി കൈകൾ കൂപ്പി

“നിങ്ങളുടെ ദുഃഖം മാത്രം കേട്ടിട്ടുള്ള നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയ ആ മൈതാനം സാക്ഷിയായി തന്നെ ആകട്ടെ നിങ്ങളുടെ നല്ല കാലവും. ഇന്ന് രാത്രി നിങ്ങള്‍ക്ക് തരാമെന്നേറ്റ കാശുമായി ഞാന്‍ അവിടെ വരും, നമുക്ക്‌ ആ മൈതാനത്ത് വെച്ച് സന്തോഷത്തോടെ യാത്ര പറഞ്ഞ് പിരിയാം”

അവളുടെ വാക്ക് കേട്ട് മൂന്നുപേരും സന്തോഷം കൊണ്ട് നൃത്തം വെച്ചു. വൈകീട്ട് കാണാം എന്നും പറഞ്ഞ് പെൺകുട്ടിയും അവരും പിരിഞ്ഞു. അവര്‍ മൂന്നുപേരും തിരിച്ച് കൊട്ടാരം വീട്ടിലെത്തി എല്ലാവരോടും യാത്ര പറഞ്ഞു. അവിടെ നിന്നും തിരച്ച് വരും വഴി ഫൈസി ആയിഷയെ കണ്ടു

“ഞാന്‍ കാരണം കുട്ടിയുടെ മനസ്സ് വിഷമിച്ചിട്ടുണ്ടങ്കിൽ മാപ്പ്. പരിചയമില്ലാത്ത പല വേഷങ്ങളും ഒന്ന് മനസ്സമാധാനത്തോടെ ജീവിക്കാന വേണ്ടി കെട്ടിയാടിയവനാണ് ഞാന്‍. എന്റെ എല്ലാ പ്രശ്നങ്ങളും ഇന്നത്തോടെ അവസാനിക്കുകയാണ്. ഇനി എനിക്ക് എന്റെ ഉമ്മയുടെ മടിയില്‍ തലചായ്ച്ചുറങ്ങണം ഒരു ടെന്‍ഷനും കൂടാതെ, എന്റെ ഞങ്ങളുടെ സ്വന്തം മൈതാനത്ത് കൂട്ടുകാരുമൊത്ത് കടക്കാരെ പേടിക്കാതെ മതിവരുവോളം ഇരിക്കണം, പിന്നെ…”

ഒന്ന് നിറുത്തിയിട്ട് ഫൈസി തുടർന്നു

“പിന്നെ…എന്റെ കഷ്ടകാലത്തും എന്നെ പ്രാണനെപ്പോലെ സ്നേഹിച്ച, ചേർത്ത് പിടിച്ച എന്റെ മുഹ്‌സിനയെ എന്റേതാക്കണം”

ഫൈസി വല്ലാത്ത സന്തോഷത്തിൽ പറയുന്നത് കേട്ട് കുറച്ച് സമയം ആയിഷ ഒന്നും മിണ്ടിയില്ല. പിന്നെ ഒരു ചെറു പുഞ്ചിരിയോടെ അവൾ ഫൈസിയെ നോക്കി

“ആൾ ദി ബെസ്റ്റ് ഫൈസി. പിന്നേ…”

“പിന്നേ… “

“മിസ് യൂ ലോട്ട്”

ഇതും പറഞ്ഞ് ആയിഷ നിറകണ്ണുകളോടെ തിരിഞ്ഞ് നടന്നു. ഇതെല്ലാം ആസിഫ് തന്റെ മുറിയിലെ ജനൽ വഴി കാണുന്നുണ്ടായിരുന്നു. തന്റെ മകൾ നിറകണ്ണുകളോടെ പോകുന്നത് കണ്ടപ്പോൾ ആസിഫ് ഒരു നിമിഷം സഫ്നയെ ഓർത്തു…

അന്ന് വൈകുന്നേരം…

ഫൈസിയും കൂട്ടുകാരും മൈതാനത്ത് നേരത്തേയെത്തി. കാശുമായി വരാന്ന് പറഞ്ഞ പെൺകുട്ടിക്ക് വേണ്ടി കാത്തിരുന്നു. സമയം ഏഴായി എട്ടായി പക്ഷേ പെൺകുട്ടിയെ കുറിച്ച് ഒരു വിവരവുമില്ല. രാത്രി പന്ത്രണ്ട് മണിയായിട്ടും ഒരു വിവരവുമില്ല.

നേരം പുലർന്നു…

പക്ഷെ ആരും വന്നില്ല. പെൺകുട്ടി പണി തന്നതാണന്ന് അവര്‍ക്ക് മനസ്സിലായി. കാശ് കിട്ടും എന്ന ഉറപ്പിൻമേൽ കടക്കാരോട് രാവിലെ പത്തു മണിക്ക് ഫൈസിയുടെ വീട്ടിലേക്ക് വരാന്‍ പറഞ്ഞ കാര്യം മനാഫ് അപ്പോഴാണ് ഫൈസിയോട് പറയുന്നത്. എന്തു ചെയ്യണമെന്നറിയാതെ മൂന്നുപേരും പകച്ചു നിന്നു.

സമയം രാവിലെ പത്ത് മണി…

ഫൈസി രണ്ടും കൽപിച്ച് വീട്ടിലേക്ക് പോയി. വീടിന്റെ പുറത്ത് കടക്കാർ അവനേയും കാത്ത് നിൽപുണ്ടായിരുന്നു. ഫൈസിയെ കണ്ടതും അവര്‍ അവന്റെ അടുത്തേക്ക് പോയി. അവരോട് എന്ത് പറയണമെന്നറിയാതെ ഫൈസി പരുങ്ങി. അപ്പോള്‍ അതില്‍ ഒരാൾ വന്ന് അവനെ ചേര്‍ത്ത് പിടിച്ചു

“ഒരിക്കലും കിട്ടില്ലാന്ന് വിചാരിച്ച കാശാ, പക്ഷെ പലിശ സഹിതം കിറു കൃത്യമായി നീ തന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ”

അയാളുടെ വാക്കുകള്‍ കേട്ട് ഫൈസി വാ പൊളിച്ചു നിന്നു. അവന് ഒന്നും മനസ്സിലായില്ല. ബാക്കിയുള്ളവരും വന്ന് കാശ് തിരിച്ച് കിട്ടിയതിലുള്ള സന്തോഷം പ്രകടിപ്പിച്ചപ്പോഴാണ് അവന് കാര്യം മനസ്സിലായത്. താന്‍ കൊടുക്കാനുള്ള കാശ് വേറെ ആരോ കൊടുത്ത് വീട്ടിയിരിക്കുന്നു.

ആരായിരിക്കും അത്…? അവര്‍ മൂന്നുപേരും മൈതാനത്തിരുന്ന് തലപുകഞ്ഞാലോചിച്ചു. ഒടുവില്‍ മനാഫ് ആ നിഗമനത്തിൽ എത്തി. ആ പെൺകുട്ടി തന്നെയാണ് നമ്മളെ സഹായിച്ചെതെന്നും, അവൾ നമുക്കൊരു സർപ്രൈസ് തന്നതാകുമെന്നും മനാഫ് പറഞ്ഞു. അങ്ങനെ അവര്‍ മൂന്നുപേരും ആ പെൺകുട്ടിയെ തങ്ങളുടെ മനസ്സില്‍  ദൈവമായി പ്രതിഷ്ഠിച്ചു.

പക്ഷെ യഥാര്‍ത്ഥത്തില്‍ അവരെ സഹായിച്ചത് ആസിഫിന്റെ ഭാര്യ ഷംന ആയിരുന്നു. ഒരിക്കല്‍ തന്റെ പ്രാണനായ ആസിഫിനെ തനിക്ക് വിട്ട് തന്നതിനുള്ള സഫ്നയോടുള്ള ഷംനയുടെ കടപ്പാടായിരുന്നു അത്.

അപ്പോൾ ട്രെയിനിൽ നിന്നും കണ്ടെത്തിയ ആ പെൺകുട്ടി ആരായിരുന്നു…?

ബാംഗ്ലൂരിലുള്ള കൊ ള്ള പലിശക്കാരുടേയും ബ്ലേ ഡ് മാഫിയയുടേയും വിശ്വസ്ഥ…ഓരോ സ്ഥലത്തും അവൾക്ക് ഓരോ പേരും രൂപവുമാണ്. കൊട്ടാരം വീട്ടിലെ ആസിഫിന്റെ മകന്റെ കയ്യിൽ നിന്നും കാശ് വാങ്ങിക്കുന്നത് അത്ര നിസ്സാര കാര്യമല്ല എന്ന് മനസിലാക്കിയ അവൾ, ആസിഫിന്റെ സെന്റിമെന്റ്സ് എന്താണ് എന്ന് അന്വേഷിച്ചപ്പോഴാണ് പഴയ പ്രണയകഥ കിട്ടിയത്. ആസിഫിന്റെ മുൻകാമുകിയുടെ മകനെ വെച്ച് അവൾ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ തന്റെ ലക്ഷ്യം പൂർത്തീകരിച്ചു. ട്രെയിനിൽ നിന്ന് വീണതും അവരിലേക്ക് എത്തിയതും എല്ലാം അവളുടെ തിരക്കഥ ആയിരുന്നു. താന്‍ ഏറ്റെടുക്കുന്ന ക്വട്ടേഷന്‍ യാതൊരു ബഹളമോ, അക്രമമോ ഇല്ലാതെ പൂർത്തിയാക്കുന്ന അതീവ  കൗശലക്കാരിയായ ക്രിമിനൽ…

=============

~ഫൈസി എന്ന ഗന്ധർവ്വൻ