തൊട്ടടുത്ത് എത്തിയപ്പോഴാണ് അവർക്ക് മനസിലായത് അത് ഒരു പെൺകുട്ടി ആയിരുന്നു. അതി സുന്ദരിയായ ഒരു പെൺകുട്ടി….

എഴുത്ത്: ഫാരിസ് ബിൻ ഫൈസി

======================

“ന്റെ ഇക്ക വീട്ടുകാർ പറഞ്ഞ ആ പെണ്ണിനെ തന്നെ കല്യാണം കഴിക്കണം. ഒരിക്കലും നിങ്ങളുടെ ജീവിതത്തിലേക്ക് ഞാൻ വരില്ല. സത്യായിട്ടും വരില്ല”

ആസിഫിനെ നോക്കി അത്രയും പറഞ്ഞ് തീർന്നപ്പോൾ സഫ്നയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പക്ഷേ, മുഖത്ത് പുഞ്ചിരി വരുത്തി സഫ്ന അവനെ നോക്കി

“ഉപ്പ ഉണ്ടാക്കിയ കടങ്ങളൊക്കെ തീർക്കാൻ ഇതല്ലാതെ മറ്റൊരു വഴിയില്ല. എന്നെ കെട്ടിയാൽ ന്റെ ഇക്കാക്ക് ബാധ്യത കൂടേ ഒള്ളൂ. അവര് ഇക്കാന്റെ കടങ്ങളൊക്കെ തീർക്കാം എന്ന് പറഞ്ഞിട്ടില്ലേ പിന്നെന്തിനാ ന്റെ ഇക്ക വിഷമിക്കുന്നേ”

ആസിഫ് സഫ്നയുടെ കയ്യിൽ പിടിച്ചു

“ടീ…”

“ആ…”

“ഇങ്ങനെ പിരിയാനാണോ നമ്മൾ കുട്ടിക്കാലം തൊട്ടേ സ്നേഹിച്ചത്…?”

“ന്റെ ഇക്ക ഇപ്പൊ ഈ കല്യാണത്തിന് സമ്മതിച്ചില്ലേൽ ഇക്കയും വീട്ടുകാരും നടുറോഡിലേക്ക് ഇറങ്ങേണ്ടി വരും. ഇക്കാന്റെ അവസ്ഥ അറിഞ്ഞ് കൂടെ നിക്കല്ലേ ഞാൻ ചെയ്യേണ്ടത്…ഞാൻ ഞാൻ ഇക്കയെ ജീവനുതുല്യം സ്നേഹിച്ചതിന് എന്ത് അർഥമാണ് ഉള്ളത്…? ഒന്നിച്ച് ജീവിച്ചില്ലെങ്കിലും ഇക്ക തന്ന ഓർമകൾ മതി എനിക്കിനി മുന്നോട്ട് പോവാൻ”

ആസിഫ് എന്തോ പറയാൻ ശ്രമിച്ചപ്പോൾ സഫ്ന അത് തടഞ്ഞു

“എനിക്ക് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. ഞാൻ ഇക്കയെ ഓർത്ത് മറ്റൊരു വിവാഹം കഴിക്കാതെ നിരാശാ കാമുകിയായി ജീവിക്കില്ല. ഞാൻ അങ്ങനെ ജീവിച്ചാൽ എന്നേക്കാൾ വിഷമിക്കുക എന്റെ ഇക്കയായിരിക്കും എന്ന് എനിക്ക് നന്നായി അറിയാം. ഇക്കയുടെ ലൈഫിൽ ഇനി ഞാനോ എന്റെ ഓർമകളോ പാടില്ല. ഞാൻ എനിക്ക് പറ്റിയ ഒരാളെ കണ്ടെത്തി ജീവിക്കും. ഒരിക്കലും ന്റെ ഇക്കാക്ക് ഞാനൊരു വേദനിക്കുന്ന ഓർമയാകില്ല… ഉറപ്പ്”

ഇതും പറഞ്ഞ് തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളിക്ക് ഷാളിന്റെ അറ്റം കൊണ്ട് തുടച്ചുമാറ്റി സഫ്ന ആസിഫിന്റെ കണ്ണിലേക്ക് നോക്കി

“ഞാൻ ന്റെ ഇക്കയെ അവസാനമായി ഒന്ന് കെട്ടിപ്പിടിക്കട്ടെ”

സഫ്ന പറഞ്ഞ് തീർന്നതും ആസിഫ് അവളെ ചേർത്ത് പിടിച്ചതും ഒരുമിച്ചായിരുന്നു. രണ്ടുപേരും കൊച്ചു കുട്ടികളെപ്പോലെ തേങ്ങി കരഞ്ഞു…

സഫ്ന എന്നെന്നേക്കുമായി അവരുടെ പ്രണയത്തിനോട് യാത്ര പറഞ്ഞ് നടന്നുനീങ്ങി…

ആസിഫും കോടീശ്വരിയായ ഷംനയും തമ്മിലുള്ള വിവാഹം കഴിഞ്ഞു. ഷംന ഇതിന് മുന്നേ ഒരു വിവാഹം കഴിച്ചിരുന്നു. കല്യാണം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ ഭർത്താവ് ഒരു കാർ ആക്‌സിഡന്റിൽ മരണപ്പെട്ടു.

നല്ല വിദ്യാസമ്പന്നൻ ആയിരുന്നു ആസിഫ്. ആ നാട്ടിലെ പേരുകേട്ട തറവാട്ടുകാർ ആയിരുന്ന ആസിഫിന്റെ കുടുംബത്തിന് പണത്തിന്റെ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ…

വർഷങ്ങൾക്ക് ശേഷം…

മനോഹരമായ ഒരു ഗ്രാമം. ആ ഗ്രാമത്തിലാണ് സഫ്നയും കുടുംബവും താമസിക്കുന്നത്. അവളുടെ ഭർത്താവ് ചെറിയ ഒരു പലചരക്ക് കട നടത്തുകയാണ്. കുറച്ചു കാലം മുമ്പ്‌ വരെ ഒരു സൂപ്പര്‍ മാർക്കറ്റിന്റെ മുതലാളിയായിരുന്നു അയാൾ.‍ കൃത്യമായി പറഞ്ഞാല്‍ അയാളുടെ മകന്‍ ഫൈസി പഠിത്തമെല്ലാം കഴിഞ്ഞ് ചെയ്ത ജോലിയിലൊന്നും ഒരു ആത്മ സംതൃപ്തിയും കിട്ടാത്തത്കൊണ്ട് ജോലി എല്ലാം ഉപേക്ഷിച്ച് ബിസിനസ്സ് എന്ന ലോകത്തേക്ക് ഇറങ്ങാന്‍ തീരുമാനിച്ച ആ ദിവസം.

സൂപ്പര്‍ മാർക്കറ്റ് ലുലു മാളാക്കിത്തരാം എന്ന് പറഞ്ഞ് സന്തോഷത്തോടെ ബിസിനസുമായി മുന്നോട്ട് പോയിരുന്ന ഉപ്പാന്റെ മയ്യത്തിലേക്ക് ആദ്യപിടി മണ്ണുവാരിയിട്ടാണ് ഫൈസി ബിസിനസ്സിൽ ഹരിശ്രീ കുറിച്ചത്. ആദ്യത്തെ സംരംഭം പരാജയപ്പെട്ടങ്കിലും, തോറ്റു പിൻമാറാൻ ഫൈസി തയ്യാറായില്ല.

ജോലിചെയ്യാനുള്ള മനസ്സും പുതിയ ആശയങ്ങളും അവന്റെയുള്ളിൽ ആവോളം ഉണ്ടായിരുന്നു. പക്ഷെ ഭാഗ്യം എന്ന രണ്ടക്ഷരം ഫൈസിയെ കണ്ട ഭാവം നടിച്ചില്ല. അവൻ ചെയ്ത ബിസിനസ്സെല്ലാം എട്ട് നിലയില്‍ പൊട്ടി. ഒടുവില്‍ ഐസ്ക്രീം കമ്പനി തുടങ്ങിയപ്പോൾ അത് വരെ പെയ്യാതെയിരുന്ന മഴ കാലവർഷം തെറ്റി തകര്‍ത്തു പെയ്തു. മഴ വന്നപ്പോള്‍ ഐസ്ക്രീം ബിസിനസ്സ് അൺ സീസണായി. അങ്ങനെ അതും പൊട്ടി. ഒരുഭാഗത്ത് ബിസിനസ്സ് തകര്‍ന്നടിയുമ്പോൾ മറുവശത്ത് കടം എന്ന ഊരാക്കുടുക്ക് ഫൈസിക്ക് ചുറ്റും കുന്ന് കൂടുകയായിരുന്നു.

അപ്പോഴെല്ലാം അവനെ  ആശ്വസിപ്പിച്ചതും പുതിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ചതും അവളായിരുന്നു, ഫൈസിയുടെ മുഹ്സിന. വീട്ടുകാരുടെ എതിർപ്പെല്ലാം അവഗണിച്ച് മുഹ്സിന ഫൈസിയെ ജീവനുതുല്യം സ്നേഹിച്ചു. സാമ്പത്തികമായി അവള്‍ ഫൈസിയെ ഒരുപാട് സഹായിച്ചു. അവളുടെ വളയും മാലയുമെല്ലാം അവനുവേണ്ടി ഊരി കൊടുത്തു. ഫൈസിയുടെ പ്രശ്നങ്ങളെല്ലാം കഴിഞ്ഞ് തങ്ങൾ ഒന്നിച്ചുള്ള നല്ലൊരു കുടുംബ ജീവിതം അവള്‍ സ്വപ്നം കണ്ടു.

പക്ഷേ ഓരോ ദിവസം കഴിയും തോറും ഫൈസിയുടെ പ്രശ്നങ്ങള്‍ കൂടിക്കൊണ്ടിരുന്നു. കാശ് കൊടുക്കാനുള്ളവർ ഫൈസിയെ തേടിയെത്തി. ഒടുവില്‍ അവര്‍ അവന്റെ വീട്ടിലുമെത്തി. ഓരോരോ കള്ളങ്ങൾ പറഞ്ഞ് വീട്ടുകാരുടേയും കടക്കാരുടേയും മുന്നില്‍ കുറച്ചു നാൾ പിടിച്ചു നിന്നു. താത്കാലികമായി പിടിച്ചു നിൽക്കാൻ വേണ്ടി കള്ളം പറഞ്ഞു തുടങ്ങിയ ഫൈസി പിന്നീട് പറയുന്നതെല്ലാം കള്ളമായി. അവനെ ആരും വിശ്വസിക്കാതെയായി. കടക്കാർ ഫൈസിക്ക് അന്ത്യശാസനം നൽകി.

ഫൈസിയുടെ അടുത്ത കൂട്ടുകാരായിരുന്നു മനാഫും, കൃഷ്ണനും. മനാഫ് കുറേ കാലം ഗൾഫിലായിരുന്നു. പ്രവാസ ജീവിതം മടുത്തപ്പോൾ, അതുവരെ സ്വരുക്കൂട്ടിയ സമ്പാദ്യവും കൊണ്ട്‌ നാട്ടില്‍ ഒന്നു സെറ്റിൽഡ് ആകാന്‍ തീരുമാനിച്ചപ്പോൾ പുതിയ പ്രൊജക്റ്റിൽ ഫൈസി മനാഫിനേയും പാർട്ണറാക്കി. അതോടെ മനാഫ് ശരിക്കും നാട്ടില്‍ സെറ്റിൽഡായി. മനാഫിന്റെ പാസ്പോർട്ട് വരെ ഇപ്പോള്‍ കടക്കാരുടെ കയ്യിലാണ്.

തന്റെ കൂട്ടുകാരന്‍ കാരണം സ്വന്തം വീട്ടില്‍ വരെ കയറാന്‍ പറ്റാത്ത അവസ്ഥയിലാണ് കൃഷ്ണൻ. ഫൈസിയുടെ ഓരോ ബിസിനസ്‌ ഐഡിയകൾ കേട്ട് ഇപ്പോ തരാം, പിന്നെ തരാം എന്നൊക്കെ പറഞ്ഞ് കൃഷ്ണൻ അനിയത്തിയുടേയും, ചേട്ടത്തിയമ്മയുടേയും മാലയും വളയുമെല്ലാം പണയം വച്ചിരുന്നു. കൃഷ്ണനും ഇപ്പൊ വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയാണ്.

പലിശക്കാർ ഫൈസിക്ക് അന്ത്യശാസനം നൽകി. ഒരു മാസത്തിനകം മേടിച്ച കാശെല്ലാം തിരിച്ചേൽപ്പിക്കണം. ഒരു മാസത്തിനുള്ളിൽ ഫൈസിക്ക് കടങ്ങൾ തീർക്കാൻ സാധിച്ചില്ലെങ്കിൽ  തന്റെ പേരിലുള്ള വീടും സ്ഥലവും വിറ്റ് കടങ്ങൾ തീർക്കാമെന്ന് ഉപ്പ കടക്കാർക്ക് ഉറപ്പ് കൊടുത്തു. ഫൈസിയേക്കാൾ വലുതായിരുന്നില്ല ആ ഉപ്പക്കും ഉമ്മക്കും മറ്റൊന്നും…

തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ഉപ്പയും ഉമ്മയും താന്‍ കാരണം പെരുവഴിയിലാകുന്നത് ചിന്തിക്കാന്‍ പോലും വയ്യായിരുന്നു ഫൈസിക്ക്. വീടിനടുത്തുള്ള മൈതാനത്താണ് ഫൈസിയും, മനാഫും, കൃഷ്ണനും ഒത്തു കൂടാറുള്ളത്. അവരുടെ സങ്കടങ്ങളും, പ്രതീക്ഷകളുമെല്ലാം അവിടെവെച്ചായിരുന്നു പങ്കുവെച്ചിരുന്നത്. ചില ദിവസങ്ങളിൽ അർദ്ധരാത്രി വരെ അവിടെ ഇരിക്കാറുണ്ട്, ചിലപ്പോള്‍ അവിടെ കിടന്നുറങ്ങാറുമുണ്ട്. മൈതാനത്തിനോട് ചേർന്നുള്ള റെയില്‍വേ പാളത്തിലൂടെ ഇടയ്ക്കിടെ ചീറി പാഞ്ഞു പോകുന്ന തീവണ്ടിയുടെ ശബ്ദം അവര്‍ക്ക് കവിത പോലെ ആയിരുന്നു.

അന്നും അവര്‍ അവിടെ ഒത്തു കൂടി. ഒരു മാസത്തിനുള്ളിൽ പണം കൊടുക്കാന്‍ പറ്റിയില്ലെങ്കിൽ തനിക്കെല്ലാം നഷ്ടപ്പെടും എന്ന്‌ ഫൈസിക്ക് ഉറപ്പായിരുന്നു. സ്നേഹിച്ച പെണ്ണും, ഉമ്മയും, ഉപ്പയും ജനിച്ച് വളർന്ന വീടും, എല്ലാം. തന്റെ സങ്കടങ്ങളെല്ലാം പറഞ്ഞ് ഫൈസി വിതുമ്പി.

മനാഫിനും കൃഷ്ണനും എല്ലാം ദയനീയമായി കേട്ടിരിക്കാനേ കഴിഞ്ഞുള്ളൂ. സമയം ഒരുപാട് വൈകി. ദൂരെ നിന്നും തീവണ്ടിയുടെ ശബ്ദം അവരുടെ കാതുകളിൽ മുഴങ്ങി. അവരുടെ മുന്നിലൂടെ തീവണ്ടി കടന്നുപോയി. പെട്ടന്ന് തീവണ്ടിയിൽ നിന്നും എന്തോ ഒന്ന് പുറത്തേക്ക് വീഴുന്നത് കൃഷ്ണൻ ശ്രദ്ധിച്ചു. കൃഷ്ണൻ ഫൈസിയേയും മനാഫിനേയും കൂട്ടി അതിന്റെ അടുത്തേക്ക് പോയി. അപ്പോ മനാഫിനൊരു സംശയം തങ്ങളുടെ പ്രശ്നങ്ങള്‍ എല്ലാം കണ്ടിട്ട് ദൈവം തീവണ്ടിയിലൂടെ പണച്ചാക്കോ മറ്റോ എറിഞ്ഞ് തന്നതാണോ എന്ന്. പതിയെ നടന്ന് അവര്‍ അതിന്റെ അടുത്തെത്തി.

തൊട്ടടുത്ത് എത്തിയപ്പോഴാണ് അവർക്ക് മനസിലായത് അത് ഒരു പെൺകുട്ടി ആയിരുന്നു. അതി സുന്ദരിയായ ഒരു പെൺകുട്ടി….

ആരായിരിക്കും അത്…? ഇനി ഫൈസിയുടേയും കൂട്ടുകാരുടേയും പ്രശ്നങ്ങൾ ഒക്കെ പരിഹാരം ഉണ്ടാകുമോ…? അതോ ആ പെൺകുട്ടി അവർക്കൊരു പണി ആകുമോ…?

ബാക്കി ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…